Showing posts with label Albertlal. Show all posts
Showing posts with label Albertlal. Show all posts

അച്ഛന്റെ മകൾ


Image may contain: 1 person, beard and outdoor
"അച്ഛനാണ് എന്റെ ജീവിതത്തിലെ സൂപ്പർ ഹീറോ"
മീനുക്കുട്ടി ഇത് പറഞ്ഞു നിർത്തിയപ്പോൾ സദസ്സിൽ കൈയ്യടി ശബ്ദം മുഴങ്ങി.അപ്പോഴും ആ കണ്ണുകൾ തേടിയത് സദസ്സിലെ അച്ഛന്റെ പുഞ്ചിരിക്കുന്ന മുഖമാണ്.
"മീനുമോൾടെ അമ്മ ഇനി അച്ഛനാണ്,അച്ഛൻ അടുത്തുള്ളപ്പോൾ മോളൂട്ടി കരായണ്ടാട്ടോ"
ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ചപ്പോൾ വിതുമ്പികരഞ്ഞിരുന്ന മീനുക്കുട്ടിക്ക് അച്ഛൻ കൊടുത്ത വാക്കാണിത്.
പിന്നീട് അവളുടെ ജീവിതത്തിൽ അച്ഛനായിരുന്നു എല്ലാം.ചെറുപ്പത്തിൽ എന്നും രാവിലെ ചൂടുള്ള ചോറുപാത്രവുമായി അടുക്കളയിൽ നിന്ന് ഓടിവരുന്ന അച്ഛനെയാണ് അതിനുശേഷമുള്ള അവളുടെ ഓർമകളിൽ നിറഞ്ഞുനിന്നത്.
കവിളിലെ പതിവുമുത്തം കൊടുത്തിട്ട് അവളെ സ്കൂൾബസിൽ കയറ്റിവിട്ട ശേഷം ബസ് മറയുന്നതുവരെ ചിരിച്ചുകൊണ്ട് കൈ വീശിനിൽക്കുന്ന അച്ഛനെ ചെറിയ വിഷമത്തോടെ എന്നും ബസ്സിൽനിന്നും അവൾ തലയിട്ടുനോക്കുമായിരുന്നു.
വൈകിട്ട് സ്കൂൾ വിട്ട് കോലായിൽ മുഖം വീർപ്പിച്ചിരിക്കുന്ന മീനുക്കുട്ടി ഓഫീസിൽ നിന്ന് വരുമ്പോൾ അയാൾക്ക് പതിവുകാഴ്ചയായിരുന്നു.എന്നാൽ,അച്ഛന്റെ കീശയിലെ നാരങ്ങാമിട്ടായികൾക്കപ്പുറം അത് പോയിരുന്നില്ല.
മീനുക്കുട്ടിയുടെ നിരന്തരമായ ശല്യപ്പെടുത്തലുകളാണ് അയാളെ വീണ്ടും ഒരു വിവാഹത്തിലേക്ക് നയിച്ചത്.കാരണം,അമ്മയുടെ സ്നേഹം അച്ഛനിൽ നിന്നല്ലാതെ അവളുടെ ഓർമകളിൽ ഇല്ലായിരുന്നു.എന്നാൽ എല്ലാവരെയും പോലെ അവൾ അവർക്കിടയിൽ ഭാരമായപ്പോൾ വിവാഹമോചനത്തെപ്പറ്റി അയാൾക്ക് ഏറെയൊന്നും ചിന്തിക്കേണ്ടിവന്നില്ല.
"നിങ്ങൾ പുന്നരമോളേയും കെട്ടിപിടിച്ചിരുന്നോ,പ്രായമാകുമ്പോൾ കാണാം"
അച്ഛന്റെ പുറകിൽ ഭയന്ന് മറഞ്ഞു നിന്നാണ് മീനുക്കുട്ടി ഇത് കേട്ടത്.ഇത്രയും പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ രണ്ടാനമ്മയുടെ മുഖം ഒരു നോവായാണ് ആ കൊച്ചുമനസ്സിൽ കിടന്നിരുന്നത്.
പക്ഷെ കാലം അച്ഛനും മോൾക്കും കരുതിവെച്ചത് മറ്റൊരു സമ്മാനമായിരുന്നു.വലുതായപ്പോൾ മീനുക്കുട്ടിയുടെ ആരോഗ്യനില മോശമായി വരികയായിരുന്നു.
"നിങ്ങളുടെ മകളുടെ രണ്ടു കിഡ്‌നികളും പ്രവർത്തനരഹിതമായിക്കൊണ്ടിരിക്കുകയാണ് കിഡ്നി മാറ്റിവെക്കുകയാണ് ഇതിന് ആകെയുള്ള ഒരു പരിഹാരം"
"ബ്ലഡ് ഗ്രൂപ്പ് ഒന്നായതുകൊണ്ട് എന്റെ കിഡ്നി എത്രയും വേഗം അവൾക്ക് മാറ്റിവെയ്ക്കാം ഡോക്ടർ"
ഡോക്ടർക്ക് ഈ മറുപടി കൊടുക്കാൻ അയാൾക്ക് ഒട്ടും ആലോചിക്കേണ്ടിവന്നില്ല.
"എന്നെ എന്തിനാ അച്ഛാ ഡോക്ടറങ്കിൾ ആ ഉന്തുവണ്ടിയിൽ മുറിയിലോട്ട് കൊണ്ടുപോയത്"
ഓപറേഷൻ തീയേറ്ററിൽ നിന്ന് വന്നപ്പോളുള്ള അവളുടെ കുഞ്ഞ് ചോദ്യത്തിന്റെ ഉത്തരം അയാളുടെ മനസ്സിൽ നേരത്തെ കുറിച്ചിട്ടിരുന്നു.
"അതേ മോൾടെ ഉള്ളിൽ ഒരു കുഞ്ഞ് മുറിവ് ഉണ്ടായിരുന്നു.ഡോക്ടറങ്കിൾ അത് എടുത്തുകളഞ്ഞുട്ടോ, ഇനി മോള് പേടിക്കേണ്ട"
ഇത് കേട്ടതും അവൾ കട്ടിലിൽ നിന്ന് എണീറ്റ്‌ അച്ഛന്റെ തോളിലോട്ട് ചാഞ്ഞുകിടന്നു.
"അച്ഛൻ മോൾടെ അടുത്തുണ്ടേൽ മീനുക്കുട്ടിക്ക് ആരെയും പേടിയില്ല"
അവൾ ഇത് പറഞ്ഞുകഴിഞ്ഞതും അയാൾ അവൾ കാണാതെയൊന്ന് വിതുമ്പി.
കാലങ്ങൾ ഒരുപാട് കടന്നുപോയത് പെട്ടന്നാണ്.ഇന്നവൾ ആ വേദിയിൽ നിൽക്കുന്നത് നാടിന്റെ അഭിമാനമായ ഡോക്ടറായിട്ടാണ് .കൈയടികൾക്കിടയിലൂടെ അവളുടെ മനസ്സിൽ മിന്നിമറഞ്ഞ ഈ ഓർമകൾ ആ ചെറുപുഞ്ചിരിയിലെ കണ്ണുനീരായി ഒഴുകി.
എല്ലാം പറഞ്ഞുതീർന്നതും കൊച്ചുകുട്ടിയെപ്പോലെ വേദിയിൽ നിന്ന് അവൾ ഇറങ്ങിയോടി.സദസ്സിൽ വീൽചെയറിൽ ഇരിക്കുന്ന അച്ഛന്റെ മടിയിൽ കിടന്ന് അവൾ തേങ്ങികരഞ്ഞു.
"അച്ഛന്റെ ഈ കുഞ്ഞ് ആഗ്രഹം മോളൂട്ടി സാധിച്ചുതന്നില്ലേ,നീ ഇന്ന് അച്ഛന്റെ ഡോക്ടർകുട്ടിയല്ലേ"
ഇത്രയും പറഞ്ഞ് അയാൾ പൊട്ടിക്കരയുന്ന അവളുടെ മുഖം ഇരുകൈകളും കൊണ്ട് പതിയെ ഉയർത്തി.അയാളുടെ കണ്ണുകളും അപ്പോൾ നിറഞ്ഞിരുന്നു.
പക്ഷേ, അപ്പോഴും അസ്തമിക്കാത്ത ആ സ്നേഹത്തിന് മുന്നിൽ അവൾ തോറ്റുപോയിരുന്നു.
-ആൽബർട്ട് ലാൽ

ബിയർ ബോട്ടിൽ

Image may contain: 1 person, beard and outdoor

"അവള് പോണേൽ പോട്ടെടാ എന്നുവെച്ച് കള്ളിന്റെ പുറകെ പോകാൻ ഒന്നും എന്നെ കിട്ടില്ല"
കൂട്ടുകാരനോട് ഇത്രയും പറഞ്ഞ് ഫോൺ കട്ട് ചെയ്ത ശേഷം കൈയ്യിൽ ഇരുന്ന ബിയർ ബോട്ടിൽ അവൻ പൊട്ടിച്ചു.
ഫേസ്ബുക്കിൽ 'Addicted to Life, ജീവിതമാണ് ലഹരി' എന്ന് കവർഫോട്ടോ ആക്കിയശേഷമാണ് അവൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചത്.ഇതേ പ്രേമനൈരാശ്യം തന്നെയായിരുന്നു കാരണം.
'maturity is when you accept failures and rejections'
ഇതായിരുന്നു അവന്റെ വാട്ട്സാപ്പ് സ്റ്റാറ്റസ്.എങ്കിലും അവൻ അപ്പോഴും അവൾക്ക് മെസ്സേജുകൾ അയച്ചുകൊണ്ടിരുന്നു.അവൻ ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു എന്ന് നേരത്തെ അറിയാമായിരുന്നെങ്കിലും ഒരു മറുപടിയെങ്കിലും അവന്റെ ഉപബോധമനസ്സ് പ്രതീക്ഷിച്ചിരുന്നു.
ഫോണിലെ അവളുടെ കോൺടാക്ട്ടിൽ lover എന്ന് മാറ്റി അതിനു മുന്നിൽ ഒരു ex കൂടി ചേർത്തു.എങ്കിലും ആ നമ്പർ ഡിലീറ്റ് ചെയ്യാൻ അവന്റെ മനസ്സ് അനുവദിച്ചില്ല.
ഫേസ്ബുക്കിൽ in a relationship എന്ന സ്റ്റാറ്റസ് മാറ്റി single എന്നാക്കി.അതിനു താഴെ വന്നുകൊണ്ടിരിക്കുന്ന കമന്റുകളിൽകൂടി അവൻ ഒന്ന് കണ്ണോടിച്ചുനോക്കി.കമന്റുകളിൽ ആശ്വാസവാക്കുകളും സപ്പോർട്ടുകളും ഇട്ട ഒരാളെപ്പോലും അവന് അറിയില്ലായിരുന്നു.എങ്കിലും അതിനെല്ലാം ഓരോ ലൈക്ക് ഇട്ട ശേഷം അവൻ ഇപ്പോഴും നോർമൽ ആണെന്ന് കാണിച്ച് ഓരോ കമന്റുകളും കാച്ചി.
ലാപ്‌ടോപ്പിൽ അവരുടെ പ്രണയനിമിഷങ്ങളിലെ ഫോട്ടോസുകൾ ഓരോന്നായി അവൻ എടുത്തുനോക്കി.അവ ഓരോന്നും ഡിലീറ്റ് ബട്ടൺ ക്ലിക്ക് ചെയ്ത് റീസൈക്കിൾ ബിന്നിലോട്ട് മാറ്റിക്കൊണ്ടിരുന്നു.എങ്കിലും അവ ഓരോന്നും അവൻ റീസൈക്കിൾ ബിന്നിൽ നിന്ന് വീണ്ടും റീക്കവർ ചെയ്തെടുക്കുന്നുണ്ടായിരുന്നു.
അവൻ നോർമൽ ആണെന്ന് കാണിക്കാൻ സൈബർ ലോകത്ത് എല്ലാം ചെയ്തുകൊണ്ടേയിരുന്നു.എങ്കിലും യഥാർത്ഥത്തിൽ അവൻ അല്ലായിരുന്നു,കാരണം അവിടെ അവന്റെ വിഷമം ആരും അറിഞ്ഞിരുന്നില്ല.
മദ്യകുപ്പികൾക്ക് ഇടയിൽ അബോധാവസ്ഥയിൽ കിടക്കുമ്പോഴും ഇടയ്ക്ക് വരുന്ന നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട് അവൻ എഴുന്നേൽകുന്നുണ്ടായിരുന്നു.
-ആൽബർട്ട് ലാൽ

തണൽ മരം

Image may contain: 1 person, beard and outdoor
"എന്താ അമ്മേ നമ്മുക്കിപ്പോ വണ്ടിയിൽ വെള്ളം തരുന്നത്"
നേരം പരപരാന്ന് വെളുക്കാൻ തുടങ്ങിയ സമയമായിരുന്നു അത്.അമ്മയുടെ കൂടെ കുടത്തിൽ വണ്ടിയിൽ നിന്ന് നിറച്ചുവെച്ച വെള്ളം എടുക്കുകയായിരുന്നു മാളുക്കുട്ടി.
"അത് പിന്നെ നമ്മുക്ക് മഴ പെയുന്നില്ലല്ലോ മാളൂട്ടിയെ"
"അതെന്താ മഴ പെയ്യാത്തെ"
സംശയങ്ങളുടെ താഴ്‌വര തുറന്ന് മാളൂട്ടിയുടെ അടുത്ത ചോദ്യം.അവളുടെ കൊച്ചുസംശങ്ങൾ ഓരോന്നായി വരുന്നതിന് മുമ്പ് അമ്മ വേഗത്തിൽ നടന്നു.
റോഡിൽ നിന്ന് വീട്ടിൽ എത്തുന്നതുവരെ കൈയിലുള്ള കുഞ്ഞികുടവും പിടിച്ച്‌ മാളൂട്ടിയുടെ ചിന്ത മൊത്തം അതായിരുന്നു.
പത്രം വായിച്ചുകൊണ്ടിരുന്ന മുത്തശ്ശിയുടെ എടുത്തായി പിന്നത്തെ കുശലം പറച്ചിൽ.
"മുത്തശ്ശിയമ്മേ എന്താ നമ്മുക്ക് മഴ പെയ്യാത്തേ"
നിസ്സാരമായ ആ ചോദ്യം കേട്ട് മുത്തശ്ശി ഒന്ന് ചിരിച്ചു.പിന്നെ മാളൂട്ടിയെയും മടിയിലിരുത്തി കഥാരൂപത്തിൽ മരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുകൊടുത്തു.
കഥ തീർന്നതും മാളൂട്ടി വീണ്ടും ആലോചനയിൽ മുഴുകി.
"അപ്പോൾ മരങ്ങൾ നട്ടാൽ നമ്മുടെ വീട്ടിലും മഴ പെയ്യുലെ,എന്നാൽ നമ്മുക്ക് മരങ്ങൾ നട്ടാലോ മുത്തശ്ശിയെ"
നിഷ്കളങ്കമായ ആ ചോദ്യം മുത്തശ്ശി ഒരിക്കലും പ്രതിക്ഷിച്ചിരുന്നില്ല.
"മുത്തശ്ശിക്ക് പ്രായം ആയില്ലേ,മക്കൾക്ക് ഇപ്പോൾ അവധിയല്ലേ നിങ്ങൾ കൂട്ടുകാർ ഉത്സാഹിച്ച് നട്ടാൽ മതിലോ"
തമാശരൂപേണ ഇത്രയും പറഞ്ഞ് പല്ലില്ലാത്ത മോണയും കാട്ടി ഒരു ചിരിയും പാസ്സാക്കി മുത്തശ്ശി പാത്രവായന തുടർന്നു.
പക്ഷെ ആ കുഞ്ഞുമനസ്സിൽ അത് ഒരു ചിന്തയായി മാറി.അതുകൊണ്ടുതന്നെ അവിടുള്ള കുട്ടിപട്ടാളത്തെ മുഴുവൻ വിളിച്ചുകൂട്ടി നേതാവിനെപോലെ മാളൂട്ടി മുത്തശ്ശിയുടെ ഈ കഥ പറഞ്ഞു.കുഞ്ഞുങ്ങളുടെ മനസ്സല്ലേ അവർ മറിച്ച് ഒന്നും തന്നെ ചിന്തിച്ചില്ല എല്ലാവരും അത് ശരിവെച്ചു പിരിഞ്ഞു.
പിന്നീട് അവർ ഒഴിവുസമയങ്ങളിൽ മരം നടാൻ സ്ഥലങ്ങൾ തേടി നടന്നു.വെക്കേഷനായി അവർ സ്വരൂപിച്ച പൈസ എടുത്ത് എല്ലാവരും മരതൈകൾ വാങ്ങിച്ചു. ഇത്രയും സംഭവിച്ചെങ്കിലും അവിടുത്തെ അന്തേവാസികളായ ആർക്കും അതൊന്നും ഒരു അത്ഭുതമായി തോന്നിയില്ല.
എന്നാൽ പിറ്റേന്ന് മുതലാണ് കളി മാറിയത് ചെറിയ തുമ്പയും കത്തിയുമായി ഉത്സാഹിച്ച് റോഡുവക്കിലും പരിസരത്തും മരങ്ങൾ നടുന്ന കുട്ടിപട്ടാളത്തെ എല്ലാവരും അത്ഭുതത്തോടെ നോക്കി നിന്നു.
"ഈ പിള്ളേർക്ക് എന്താ പ്രാന്ത് പിടിച്ചോ"
ഈ പല്ലവിയിൽ തന്നായി ആ പ്രദേശത്തെ പിന്നീടുള്ള ചർച്ചകൾ.എന്നാൽ കുട്ടികൾ അതൊന്നും ശ്രദ്ധിച്ചേയില്ല. അവർ മരതൈകൾ എന്നും പരിപാലിച്ചു.അതിന് ചുറ്റും വേലി കെട്ടി.എന്നും വൈകിട്ട് അവരുടെ മരതൈകൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തിയ ശേഷമേ ഉറക്കം പോലും ഉള്ളു.
എന്നാൽ പതിയെ അവിടുത്തെ അന്തേവാസികളും അതേറ്റെടുത്തു.മരതൈകളുടെ പരിചരണം എല്ലാവരുടെയും ഹോബിയായി മാറി.പതിയെ ആ പ്രദേശത്തിന്റെ പല ഭാഗങ്ങളും പച്ചപ്പ് നിറഞ്ഞു.അങ്ങനെ കുട്ടിപ്പട്ടാളത്തിന്റെ ആ അവധിക്കാലത്തെ കൂട്ടുകാർ മരങ്ങളായിരുന്നു.
കേൾക്കുമ്പോൾ നിസ്സാരം എന്ന് തോന്നുന്ന ഈ സംഭവം മാളുക്കുട്ടിക്കുപോലും ഇന്നാണ് അതിശയമായി തോന്നിയത്.ഇന്ന് അവൾ രണ്ട് കുട്ടികളുടെ അമ്മയാണ്.വിദേശത്തെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ നാട്ടിൽ എത്തിയതാണ് അവരുടെ കുടുംബം.അന്ന് അവർ നട്ട മരത്തിന്റെ തണലിൽ നിന്നാണ് കുട്ടിക്കാലത്തെ ഈ ഓർമ്മകളിലൂടെ അവൾ കടന്നുപോയത്.
അന്നത്തെ കുട്ടിപട്ടാളത്തിലെ പലരും ഇന്ന് പല സ്ഥലങ്ങളിലാണ്.അവിടെ ശേഷിച്ചിരുന്ന കുറച്ച് തണൽമരങ്ങൾ അന്ന് അവർക്ക് എത്രത്തോളം ജീവനായിരുന്നു എന്ന് അവൾ ഓർത്തു. എങ്കിലും ഇന്ന് നഗരമായി മാറാൻ തുടങ്ങിയ ആ പ്രദേശത്തിന്റെ ഇന്നും മരിക്കാത്ത ഓർമ്മകൾ കൂടിയാണവ.
-ആൽബർട്ട് ലാൽ

അവൾ

Image may contain: 1 person, beard and outdoor

അവൾ ഇടയ്ക്കിടക്ക് പുറകിലേക്ക് തിരിഞ്ഞുനോക്കി.ഇല്ല അയാൾ പോയിട്ടില്ല, എന്തുചെയ്യണം എന്നറിയാതെ അവൾ വെപ്രാളത്തിൽ നടത്തത്തിന്റെ വേഗത കൂട്ടി.ദൂരെ കവല എത്താനായപ്പോൾ അവൾ ഒന്ന് ആശ്വസിച്ചു, ആരെങ്കിലും ഉണ്ടാകുമെന്ന് കരുതി.പക്ഷെ,അവൾക്ക് തെറ്റി തീർത്തും വിജനമാണ് അവിടം.തെളിയാൻ മടിക്കുന്ന തെരുവുവിളക്കിന്റെ ചുവട്ടിൽ ആശ്രയത്തിനായി അവൾ കാത്തുനിന്നു.ഫോണിലെ ചാർജ് തീരാൻ ആയിരുന്നു.
വീട്ടിലേക്ക് വിളിച്ചപ്പോൾ അച്ഛൻ പുറപ്പെട്ട വിവരം തന്നെയാണ് അമ്മക്കും പറയാൻ ഉള്ളത്.നേരത്തെ പുറപ്പെട്ട് റോഡിലെ ട്രാഫിക്കിൽ കുടുങ്ങിക്കിടക്കുന്ന അച്ഛനും,ഫോണിൽ മകളോട് എന്തുപറയണം എന്നറിയാത്ത അമ്മയ്ക്കും, വിജനമായ സ്ഥലത്തു ഒറ്റക്ക് ഇറങ്ങേണ്ടിവന്ന അവൾക്കും ഉണ്ടായിരുന്നത് ഒരേ ടെൻഷനാണ്.
ദൂരെ നിന്നയാൾ എന്തൊക്കെയോ ഫോൺവിളികൾ ചെയ്യുന്നുണ്ടായിരുന്നു.പെട്ടന്നാണ് ഒരു വണ്ടി അവിടെ വന്നു നിറുത്തിയതും, അയാളുടെ ക്രൂരമായ മുഖത്തിന്റെ ഇരയായി അവൾ തീർന്നതും.മനുഷ്യർ പോലും പറയാൻ അറപ്പുള്ള രീതിയിലാണ് പിന്നീട് അവിടെ നടന്ന സംഭവങ്ങൾ.ജീവന്റെ ചെറിയ കണിക അവളിൽ ബാക്കി നിന്നത് അവർ ശ്രദ്ധിച്ചില്ല.ചിലപ്പോൾ രക്ഷപെടാനുള്ള തത്രപ്പാടിൽ ഒരു പക്ഷെ മറന്നുപോയതാകാം.
പിറ്റേ ദിവസത്തെ പത്രങ്ങളുടെപ്രമുഖ കോളങ്ങൾ അവൾക്കുള്ളതായിരുന്നു.ജീവന്റെ തുടിപ്പിനായി പത്രക്കാർ കഴുകന്മാരെ പോലെ കാത്തുനിന്നു.കരയുന്ന മുഖങ്ങൾ വേറെയും.ഹാഷ്ടാഗുകൾ കൊണ്ട് അരങ്ങ് വാഴുകയായിരുന്നു സോഷ്യൽമീഡിയ,വിവരങ്ങൾ ലൈവായിത്തന്നെ എത്തിക്കാൻ മുൻനിരയിൽ ടീവി ചാനലുകളും,മൊത്തത്തിൽ ആശുപത്രിയാകെ ഉത്സവമേളം
ഡോക്ടറുമാരുടെ നിരന്തരപരിശ്രമത്തിൽ അവൾ മാനസികനില വീണ്ടെടുത്തു. അവൾ ഒരിക്കലും തളർന്നില്ല,നടന്നതെല്ലാം തുറന്നുപറഞ്ഞു.പ്രതികളെ ചൂണ്ടികാട്ടാനും ഒട്ടും ശങ്കിച്ചില്ല.തനിക്ക് തിരികെ കിട്ടിയ ഈ ജീവൻ അവൾക്ക് ഭാവിതലമുറക്ക് നൽകാനുള്ള പ്രചോദനമായിരുന്നു.
ദിവസങ്ങൾ കടന്നുപോയി,എല്ലാം ശാന്തം.പതുക്കെ മാന്യന്മാരുടെ മുഖമൂടി ഓരോന്നായി അഴിഞ്ഞുതുടങ്ങി.അവൾക്കെതിരെ കൈകൾ ചൂണ്ടാൻ തുടങ്ങി.ഒളിഞ്ഞും തെളിഞ്ഞും പല സംസാരങ്ങളും.അത്മഹത്യ അതാണ് അതിന് പരിഹാരം,അതും സമൂഹത്തിനുവേണ്ടി,കാരണം അവളുടേതല്ലാത്ത തെറ്റിന് സമൂഹത്തിന്റെ ഇരയാണവൽ.
"ഇല്ല,ഞാനതു ചെയ്യില്ല.ഞാൻ ജീവിക്കും."
ഈ വാക്കുകൾ അവളിൽ മുഴങ്ങി.അവൾ പ്രമുഖയല്ല, പക്ഷേ അവൾ ഇന്നും ജീവിക്കുന്നു, ബന്ധങ്ങൾക്ക് പോലും സ്ഥാനം കൊടുക്കാത്ത കഴുകന്മാരുടെ നാട്ടിൽത്തന്നെ. പക്ഷെ,ഇന്ന് അവളെപറ്റി സെൻസേഷണൽ വാർത്തകൾ ഇല്ല.കാരണം,അവൾ ജീവിച്ചവളാണ്.
-ആൽബർട്ട് ലാൽ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo