Showing posts with label Bobyjoby Padayattil. Show all posts
Showing posts with label Bobyjoby Padayattil. Show all posts

മീൻ കറിയും ചോറും


പാഠപുസ്തകം മറിച്ചു നോക്കുന്നുണ്ടെങ്കിലും കല്ലു വിന്റെ കണ്ണുകൾ വഴിയോരത്താണ്. എത്ര വാഹനങ്ങൾ അതിലൂടെ കടന്നു പോകുന്നുണ്ടെങ്കിലും അച്ചന്റെ ലൂണയുടെ ശബ്ദം ദൂരെ നിന്നേ അവൾക്കറിയാൻ പറ്റും. ആ ലൂണ മാറ്റി ഒരു ബൈക്ക് വാങ്ങാൻ പറഞ്ഞാൽ കേൾക്കില്ല വണ്ടി ഓടിക്കാൻ പഠിച്ചത് അതിലാ അതുപേക്ഷിക്കില്ലന്ന് അയാൾക്കു വാശി. അഛനൊരു ലൂണ ഫാൻ ആണെന്ന് കല്ലു കൂട്ടുകാരോടും പറയും.
ആ ചെറിയ വീടിന്റെ ഗേറ്റ് പട്ടിക കഷണങ്ങൾ കൊണ്ട് അയാൾ തന്നെ ഉണ്ടാക്കിയതാണ്.കല്ലു അതിനെ പെയിന്റ് അടിച്ചു മനോഹരമാക്കിയിട്ടുണ്ട്.അഛന്റെ ലൂണ ഗേറ്റ് കടന്ന് വരുമ്പോഴേക്കും കല്ലു ഓടിച്ചെന്നു.
ടി.വി.സീരിയൽ കണ്ടു കൊണ്ടിരുന്ന കല്ലു വിന്റെ അമ്മ വേഗം ചാനൽ മാറ്റി ന്യൂസ് ചാനൽ വച്ച് പതിവു പോലെ പറഞ്ഞു.
,"ഹോ ഈ പെണ്ണിന്റെ ഒരു ബഹളം കണ്ടാൽ അച്ചൻ ഗൾഫീന്ന് വരുന്ന പോലാ. രാവിലെയും കണ്ടിട്ടല്ലേ പോയേ.,!!...."
അയാൾക്ക് എന്നും കേട്ടാലും മടുക്കാത്ത സംസാരമാണത്.
"എന്റെ മോളു അവൾടഛൻ വരുമ്പോഴല്ലാതെ പിന്നെ അപ്പുറത്തെ രാജപ്പൻ വരുമ്പോൾ ഓടിച്ചെല്ലോ'' 'അല്ലേ മോളെ:
"അമ്മയ്ക്ക് കുശുമ്പാണഛാ... ഇതു പറഞ്ഞ് അഛൻ കൊണ്ടുവന്ന പലഹാരപ്പൊതിയുമായി കല്ലു അകത്തേക്കു പോയി.
"എന്റെ പുന്നാര അഛൻ..". ന്നു പറഞ്ഞ് ഓടി വന്ന് അയാളുടെ കവിളത്ത് ഉമ്മ കൊടുത്തു
ഈ സമയത്തെ അയാളുടെ മുഖത്തെ സംതൃപ്തി ഒന്ന് കാണേണ്ടതു തന്നെ..ലോകം കീഴടക്കിയ ഒരു ചക്രവർത്തിയേ പോലെ അയാൾ ഭാര്യയെ നോക്കി പറഞ്ഞു
"ചെല്ല് ഇന്നെന്താ സ്പെഷ്യൽ ന്നു നോക്ക്: "
"അമ്മേ ദിത് കണ്ടോ ഇതാണ് പിസ. ഞാനിന്നലെ പറഞ്ഞില്ലേ ദിയ മോൾ പിസ കഴിച്ച വിശേഷം പറഞ്ഞു കൊതിപ്പിച്ചത് ഞാനാശിച്ചപ്പോഴേക്കും എന്റഛൻ കൊണ്ട് തന്നു."..
"അഛാ വാ നമുക്ക് ഒരുമിച്ചു കഴിക്കാം."കല്ലു അഛന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.
"അയ്യോ വേണ്ടപ്പാ: എനിക്കിഷ്ടമല്ല ഈ സാധനം. വല്ലാത്തൊരു സ്വാദ്." അയാൾ ഇഷ്ടക്കേടോടെ മുഖം തിരിച്ചു.
"അതിനഛൻ മുൻപ് പിസ കഴിച്ചിട്ടുണ്ടോ." കല്ലു കെറുവിച്ച് ചോദിച്ചു
കുളിമുറിയിലേക്കു കടന്ന അയാൾ തിരിഞ്ഞു നോക്കാതെ പറഞ്ഞു.
"ഇന്ന് അവന്മാരുടെ കൂടെ ഈ കുന്ത്രാണ്ടമാ കഴിച്ചേ. എനിക്കു പിടിച്ചില്ല. നിങ്ങൾ കഴിച്ചോ "
അമ്മയും മകളും കുലുങ്ങിച്ചിരിച്ചു.
"നിന്റെ അഛന്റെ കാര്യം എല്ലാ നേരോം ചോറും മീൻ കറിയും മതി. ഒരു മടുപ്പും ഇല്ല. ഇങ്ങനൊരു മനുഷ്യൻ."
' ഒരു ഫർണിച്ചർ സ്ഥാപനത്തിലെ മരപ്പണിക്കാരനാണയാൾ. പുതിയ ഡിസൈനുകൾ വരച്ചുണ്ടാക്കാനും കൊത്തിയെടുക്കാനും ഒക്കെ മിടുക്കൻ.കല്ലു വിന്റെ ഭാഷയിൽ ക്രിയേറ്റീവ് ഡിസൈനർ
വൈകന്നേരം5 മണിയോടെ ജോലി കഴിഞ്ഞാലും ഒൻപതു മണിയാകുമ്പോഴേ അയാൾ വീട്ടിലേക്കു മടങ്ങൂ. അയാളുടെ കുറച്ചു കൂട്ടുകാരുണ്ട്. അവരുടെ വർക്ക് ഷോപ്പിൽ അയാൾ വണ്ടികൾ കഴുകാനും മറ്റും സഹായിക്കും മറ്റു ചിലപ്പോൾ ടൗണിലെ കടകളിലോ വീടുകളിലോ ടൈൽ വർക്കുകൾക്കു സഹായിയായി പോകും എങ്ങനെയും കാശുണ്ടാക്കി കല്ലുവിനും അമ്മയ്ക്കും ഇഷ്ടപ്പെടുന്ന എന്തെങ്കിലുമൊക്കെ കൈ നിറയെ വാങ്ങിച്ചിട്ടേ അയാൾ വീട്ടിലെത്തൂ.
ഉച്ച ഭക്ഷണം പോലും കഴിക്കാതെ ഉള്ള ഈ ഓവർടൈം ജോലികൾ അയാളെ തളർത്താറില്ല. ഇന്ന് എന്തു വാങ്ങണം വീട്ടിലേക്ക് എന്ന ആലോചന മാത്രമേ അയാളുടെ മനസ്സിൽ കാണൂ.
പുതുമ തോന്നുന്ന എല്ലാം തന്നെ അയാൾ വാങ്ങിക്കൊടുക്കും സ്കൂളിലെ കൂട്ടുകാർ വലിയ ജോലിക്കാരുടെ മക്കൾ ഒക്കെ ആണെങ്കിലും കല്ലു കഴിച്ചിട്ടുള്ള പല ഭക്ഷണ സാധനങ്ങളും അവർ രുചിച്ചിട്ടില്ല.
ജോലിയിൽ മാത്രമല്ല എന്റെയഛൻ ഫുഡിന്റെ കാര്യത്തിലും ക്രിയേറ്റീവ് ആണെന്ന് കല്ലു പറയും.
ഓവർടൈം ജോലികൾ അയാൾ വീട്ടിൽ പറഞ്ഞിട്ടില്ല അയാൾ കൂട്ടുകാർക്കൊപ്പം കുറച്ച സമയം ചെലവഴിച്ചേ വരൂ എന്നാണവർ കരുതുന്നത്
കയറി വരുമ്പോൾ സ്നേഹത്തോടെ ഓടി വരുന്ന മകളും അയാൾക്കിഷ്ടമുള്ള മീൻകറിയും ചോറുമായി കാത്തിരിക്കുന്ന ഭാര്യയും ഇതല്ലേ സ്വർഗ്ഗം .
""അഛന്റെ സ്ഥാനത്ത് ഞാനായിരുന്നേൽ ,കൂട്ടുകാരുടെ കൂടെ ദിവസോം ചൈനീസും ഇറ്റാലിയനും ഒക്കെ കഴിച്ചേനേം ..."കല്ലു പിസ വായിൽ വച്ചു കൊണ്ട് പറഞ്ഞു.
"നിന്റഛനു മീൻ കറിയിലാരോ കൈവിഷം കൊടുത്തേക്കുവാ ഇങ്ങനുണ്ടോ മനുഷ്യർ ഒരു മടുപ്പും ഇല്ല..". ഭാര്യ കൂട്ടിച്ചേർത്തു.
മുന്നിലിരുന്ന ചോറിലേക്ക് മീൻചാറ് ഒഴിച്ച് ഉരുള ഉരുട്ടിക്കൊണ്ട് അയാൾ ഓർത്തു എന്നാലും എന്തായിരിക്കും ഈ പിസയുടെ രുചി എരിവോ പുളിയോ മധുരമോ:
പുഞ്ചിരിച്ചു കൊണ്ടയാൾ കഴിച്ചു തുടങ്ങി ചോറും മീൻ കറിയും...

By: Bobyjoby Padayattil

അമ്മയും ഞാനും ആശുപത്രിയും


ഞാൻ ജീവിതത്തിൽ കണ്ടുമുട്ടിയ അറിഞ്ഞ സ്ത്രീകളിൽ ഏറ്റവും ആരാധന തോന്നിയ വ്യക്തി എന്റെ അമ്മയാണെന്ന് പലവട്ടം പറഞ്ഞിട്ടുണ്ടല്ലോ. അമ്മയും ഞാനും മാത്രമായി ഈ വലിയ കൂട്ടുകുടുംബത്തിൽ എനിക്ക് കുറെയേറെ ദിവസങ്ങൾ ലഭിച്ചിട്ടുണ്ട്. ആശുപത്രിയിലായിരുന്നു എനിക്ക് മാത്രമായി അമ്മയെ കിട്ടിയിരുന്നത്. ഞാനും അമ്മയും തമ്മിൽ 50 വയസ്സിന്റെ വ്യത്യാസം അതുകൊണ്ട് തന്നെ വീട്ടിലെ ഇളയ മരുമകളായ എന്നോട് അമ്മയ്ക്ക് അല്ലം സ്നേഹക്കൂടുതൽ ഉണ്ടായിരുന്നുവെന്ന് തോന്നുന്നു. ഇനി അതെന്റെ കെട്ട്യോൻ പറയുന്ന പോലെ ബുദ്ധിയുറയ്ക്കാത്ത ഒരു പെൺകുട്ടിയോടുള്ള സഹാനുഭൂതി ആയിരുന്നോ ആവോ എന്തായാലും ജീവിതത്തിൽ ഞാനൊരു നല്ല ഭാര്യയോ അമ്മയോ ആണെങ്കിൽ അതിന്റെ ക്രെഡിറ്റ് അമ്മയ്ക്കുള്ളതാണ്.
കല്യാണം കഴിഞ്ഞ് ഈ വീട്ടിലെത്തും വരെ തോന്നുമ്പോൾ എണിറ്റ് ഇഷ്ടമുള്ളതു മാത്രം കഴിച്ച് കൂട്ടുകാർക്കൊപ്പം പഠിച്ചും കറങ്ങിയും എറണാകുളം mg ,റോഡിലൂടെ യമഹ rx100 ൽ പാഞ്ഞു നടക്കുന്ന സ്വപ്നം കണ്ടിരുന്ന ഒരു പ്രത്യേക ജീവിയെ ഇന്നത്തെ പക്വതയിലേക്ക് മാറ്റിയത് അമ്മ പകർന്ന അറിവുകളാണ്. പക്ഷേ അതൊന്നും കാണാൻ അമ്മയില്ലാതെ പോയി.
ഞാൻ ഈ വീട്ടിൽ മരുമകളായി വരുമ്പോൾ ഇതൊരു വലിയ കൂട്ടു കുടുംബം മക്കളും പേരക്കിടാങ്ങളും മരുമക്കളുമായി ഇരുപത്തിരണ്ടു പേർ അവരെ ഒരു കുടക്കീഴിൽ ഒരുമിച്ചു നിർത്തുന്നത് അമ്മയുടെ കഴിവായിരുന്നു. എനിക്ക് ഇവിടെ ചേടത്തിമാർ ഉള്ളതു കൊണ്ട് എന്നും ഹെൽപർ പോസ്റ്റായിരുന്നു. ഉള്ളി നന്നാക്കുക മുറ്റമടിക്കുക തുടങ്ങിയവ ഒരിക്കലുമെന്നെ പാചകം ചെയ്യാൻ അനുവദിക്കാത്തതിൽ ആരെയും കുറ്റം പറയാനില്ല ഇത്രയും പേർക്ക് കഴിക്കേണ്ടതല്ലേ
മൂത്തവരെ ചേച്ചീ ചേട്ടാ ന്നൊക്കെ വിളിക്കാത്തതിനും കൈയിൽ വളകൾ ഇടാത്തതിനും നേരത്തെ എണീക്കാത്തതിനുമൊക്കെ അമ്മയെന്നെ ഇടയ്ക്കിടെ വഴക്കു പറഞ്ഞിരുന്നും ആരും കേൾക്കാതെ അതൊക്കെ ഞങ്ങൾ തമ്മിൽ അറിഞ്ഞുള്ളൂ.
അമ്മ ഞാൻ വരുമ്പോഴെ ഒരു രോഗി ആയിരുന്നു. ഇടയ്ക്കിടെ പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ അഡ്മിറ്റ് ആകും കുഞ്ഞുകുട്ടി പാരാധീനങ്ങൾ ഒന്നും ഇല്ലാത്തതിനാൽ bystander റോൾ എനിക്കാണ്.
അപ്പനും അമ്മയും ഞാനും കൂടിയാണ് പലപ്പോഴും ആശുപത്രിയിൽ പോവുക. പെരുമ്പാവൂർ സ്റ്റാൻഡിൽ ബസിറങ്ങിയാൽ അപ്പൻ ഒറ്റ നടപ്പാണ് സ്പീഡിൽ ...ഞാനും വയ്യാത്ത അമ്മയും പുറകേ..
.ഡോക്ടറെ കാണുന്ന പാടേ അമ്മയെ അഡ്മിറ്റ് ആക്കും. കുറച്ചു കാശും തന്ന് അപ്പൻ സ്ഥലം വിടും.
ഇത്രയും പ്രായമായെങ്കിലും അമ്മ വീട്ടുകാർക്ക് അമ്മയെ ജീവനാണ്. ഒക്കൽ താമസിക്കുന്ന അമ്മയുടെ ഏഴ് ആങ്ങളമാരും നാത്തൂൻമാരും മക്കളും മരുമക്കളും ഒക്കെയായി സന്ദർശകരുടെ നീണ്ട നിര ഞാനതിൽ ഒരു പാട് സന്തോഷിച്ചു.അമ്മ ആശുപത്രയിലാകുമ്പോൾ ഒരു പിക്നിക് മൂഡാണെന്നു പറഞ്ഞതിന് കെട്ടോൻ രണ്ടു ദിവസം മിണ്ടാതെ വഴക്കിട്ടു നടന്നത് ചരിത്രം.
അമ്മയെ കാണാൻ ആങ്ങളമാരുടെ മക്കൾ വരും സന്ധ്യയാകുമ്പോൾ അവർക്കൊപ്പം പെരുമ്പാവൂരിലെ തട്ടുകടകൾ സന്ദർശിച്ച് കപ്പയും ഇറച്ചിയും കഴിക്കുന്നത് അന്നത്തെ കലാപരിപാടികളിൽ പ്രധാന ഇനം.ബഹളങ്ങളൊക്കെ കഴിഞ്ഞ് രാത്രി അമ്മയും ഞാനും മാത്രമാകും അന്നും ഇന്നും അലർജിക്കാരിയായ ഞാൻ തുമ്മാൻ തുടങ്ങും ഇതിനിടെ അമ്മ പഴയ കാലത്തെ സംഭവ കഥകൾ ഓരോന്നായി വിവരിക്കും.
ഞാൻ അൽഭുതലോകത്തിലെ അലീസിനെ പോലെ ഒക്കെ കേട്ടിരുന്ന് ഉറങ്ങിപ്പോകും...
അമ്മയുടെ അസുഖങ്ങളെ പറ്റി എനിക്കു വലിയ ധാരണയുണ്ടായിരുന്നില്ല അന്ന് ആരും എന്നോട് ഒന്നും പറഞ്ഞതും ഇല്ല.
ചില പ്രഭാതങ്ങളിൽ ഞാൻ എഴുന്നേറ്റ് അമ്മയെ തിരക്കു സോൾ ആണ് അറിയുക രാത്രി അമ്മയ്ക്ക് നെഞ്ചുവേദന വന്ന് ആശുപത്രിയിൽ കൊണ് പോയി അഡ്മിറ്റ് ആണെന്ന്. എന്താ എന്നെ വിളിക്കാഞ്ഞേ എന്നു ചോദിക്കാറില്ല. എന്തായാലും രാത്രി കൂട്ടുകിടക്കാൻ ഞാൻ പോവേണ്ടി വരുമല്ലോ.
അങ്ങനെ ആശുപത്രിയിൽ ഒരു രാത്രി നല്ല ഉറക്കത്തിനിടെ എന്റെ കാലുകൾ ആരോ വലിക്കുന്ന പോലെ ഞാൻ ഞെട്ടിയുണർന്നപ്പോൾ മുറിയിൽ നിറയെ ആൾക്കാർ നേഴ്സുമാർ ഡോക്ടർ എനിക്ക് ഒന്നും മനസിലായില്ല എന്റെ കാൽ വിര ലുകൾ പിടിച്ചു വലിച്ച നേഴ്സ് എന്നോട് കാര്യം പറഞ്ഞു. അമ്മ ശ്വാസം മുട്ടും നെഞ്ചുവേദനയും കൂടിയിട്ട് റൂമിൽ നിന്നു ബെല്ലടിച്ചപ്പോഴാണ് അവരൊക്കെ എത്തിയത് ഇത്രയും ബഹളം ഒക്കെ നടന്നിട്ടും ഒന്നും അറിയാതെ പോത്തു പോലെ ഉറങ്ങുന്ന എന്നെ ഉണർത്താനാണ് അവർ എന്നെ കാലിൽ വലച്ചത്.
പക്ഷേ ആ വയ്യായ്കയിലും അമ്മ പറഞ്ഞ വാക്കുകൾ ഇന്നും എന്റെ കാതുകളിലുണ്ട്. ,,,"പാവം അതു തുമ്മി തുമ്മി തളർന്നു കിടന്നുറങ്ങുവാ കിടന്നോട്ടെ എണീപ്പിക്കണ്ട ആകെ തളർന്നു കാണും" എന്ന്
അമ്മയുടെ ആന്തരികാവയവങ്ങൾ എല്ലാം പണിമുടക്കിയിരുന്നെന്നും മനധൈര്യം ഒന്നു
കൊണ്ട് മാത്രമാണ് പിടിച്ചു നിന്നതെന്നും പിന്നീടാണ് ഞാൻ അറിഞ്ഞത്.
ആശുപത്രിയിൽ കൂടെ നിൽക്കുന്ന രാത്രകളിൽ ഉറങ്ങുന്ന എന്നെ ഉണർത്താതെ ടോയ് ലറ്റിൽ പോകുന്ന അമ്മ എനിക്ക് പനിയുണ്ടോ എന്ന് വിറയ്ക്കുന്ന കൈകൾ കൊണ്ട് നെറ്റിയിലും കഴുത്തിലും തൊട്ടു നോക്കുനത് ഇപ്പോഴും എനിക്ക് ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നു
എന്നമ്മയെ ഓർക്കുമ്പോൾ മാതാവേ നിന്നെ ഞാൻ ഓർക്കുന്നു മിഴി നീരോടെ

Boby

ചില ലേബർ ഓർമ്മകൾ


ചില ലേബർ ഓർമ്മകൾ
അമ്മയാവുക എന്നത് ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്. ആദ്യത്തെ കൺമണിയുടെ ജനനം ആണ് ഏറ്റവും കൂടുതൽ ആകാംക്ഷയോടെ അത്ഭുതത്തോടെ ഒരു സ്ത്രീ കിനാവുകൾ നെയ്തു കൂട്ടുന്ന സമയം.
അങ്ങനെ വർഷങ്ങൾക്കു മുൻപ് ...കല്യാണം കഴിഞ്ഞ് ഒൻപത് മാസങ്ങളായി. വിശേഷമൊന്നും ആയില്ലേ എന്ന ചോദ്യങ്ങൾ കേട്ടു മടുത്തു. രണ്ടു തവണ പ്രഗ്നൻസി ടെസ്റ്റിനു നെഗറ്റീവ് റിസൾട് കിട്ടി. അങ്ങനെ ഇരിക്കുമ്പോൾ ദാ - ഒരു പനി പിടിച്ചു. പനിയ്ക്ക് ഡോക്ടറെ കാണാൻ ചെന്നതാ തല ചുറ്റി ഡോക്ടറുടെ മേലേക്കു വീണു കണ്ണു തുറക്കുമ്പോൾ ഒരു കട്ടിലിൽ ഞാൻ ചുറ്റും കുറെയേറെ കട്ടിലുകൾ ... കാലൊടിഞ്ഞവർ കൈയൊടിഞ്ഞവർ പനി ശർദ്ദിൽ സംഗതി ജനറൽ വാർഡാണ്. ജീവിതത്തിൽ ആദ്യമായാണ് ആശുപത്രിക്കിടക്കയിൽ അതും ജനറൽ വാർഡിൽ..എനിക്കാകെ ചുറ്റുമുള്ള കാഴ്ചകൾ കണ്ട് ഭയമായി.ആ സമയത്താണ് ഒരു ബന്ധു കൂടിയായ നഴ്സ് വന്ന് ചോദിക്കുന്നത് വിശേഷമുണ്ടല്ലേ ഡോക്ടർ ഫോളിക് ആസിഡ് എഴുതിയിട്ടുണ്ട് ല്ലോ .... ഒറ്റക്കരച്ചിൽ ആയിരുന്നു മറുപടി ഈ വാർഡിൽ എനിക്കു വയ്യ ഈ കാഴ്ചകൾ.. വേഗം റൂം റെഡിയാക്കൂ പ്ലീസ്.
എന്റെ അലറിക്കരച്ചിൽ കേട്ട ആൾക്കാർ എന്നെ തുറിച്ചു നോക്കി .. എന്റെ കയ്യോ കാലോ ഒടിഞ്ഞിട്ടില്ല. ഒരു ' പരുക്കും ഇല്ലാത്ത ഞാൻ കീറിപ്പൊളിച്ചു കരയുന്നതെന്തിനാണെന്ന് അവർ ഓർത്തു കാണും. എന്തായാലും വൈകാതെ റൂം കിട്ടി റിസൾട്ടും വന്നു. ഞാനൊരു അമ്മയാകാൻ പോകുന്നു.
അങ്ങനെ മാസങ്ങൾ കടന്നു. പോയി. പ്രത്യേകിച്ചൊരു കൊതിയോ ശർദ്ദിലോ ഇല്ലാത്ത എന്നോട് നീയെന്തു ഗർഭിണിയാണ ടീ എന്നു കെട്ട്യോൻ ഇടയ്ക്ക് ചോദിക്കും .
അങ്ങനെ ഏഴാം മാസം കൂട്ടിക്കൊണ്ടു പോക്ക്.കരച്ചിൽ തന്നെ കെട്ട്യോനെ വിട്ടു പോകാൻ സങ്കടം. എന്തായാലും വീട്ടിലെത്തി
ഏഴുമാസം കഴിഞ്ഞില്ലേ. അമ്മ ചെറുതായി ആശങ്കകൾ പങ്കുവച്ചു തുടങ്ങി.ഒരു നഖം മുറിക്കുമ്പോൾ ഇത്തിരി കേറി പോയാൽ കീറി പൊളിച്ച് നാട്ടുകാരെ അറിയിക്കുന്ന മൊതലാ ഇവളീ പ്രസവവേദന താങ്ങോ ന്നു അമ്മയ്ക്ക് ആധി.
അന്നും ഇന്നും എന്നും അപ്പനാണ് എന്റെ ഹീറോ.അപ്പൻ പറഞ്ഞു പേടിക്കാൻ ഒന്നുമില്ല ബോബീ ഒരു ഉറുമ്പു കടിക്കുന്ന വേദനയേ ഉണ്ടാകൂ. ബുദ്ധ1മതിയായ ഞാൻ ചോദിച്ചു. അപ്പോൾ സിനിമയിൽ സ്ത്രീകൾ അലറി വിളിച്ചു പ്രസവ സമയത്തു കരയുന്നതോ ,,?
അതൊക്കെ ഓരോ ചടങ്ങാണ് മോളേ അത്രയ്ക്കുള്ള വേദനയേ ഉള്ളൂ. എന്ന് അപ്പൻ. ഞാനത് അപ്പാടെ വിശ്വസിച്ചു.
അമ്മ കരച്ചിൽ ആയി നിങ്ങൾ ഇങ്ങനെ ഓരോന്ന് പറഞ്ഞോ അവൾ അതൊക്കെ വിശ്വസിക്കും എന്ന്.
വിശ്വസിച്ചു എന്നു മാത്രമല്ല എനിക്ക് അതു വരെ ഇല്ലത്ത ഒരു ടെൻഷൻ തുടങ്ങി ഉറങ്ങിയാൽ ആന കുത്തിയാൽ അറിയാത്ത ടൈപ്പാ ആ ഞാൻ ഉറുമ്പു കടിച്ചാൽ എങ്ങനെ അറിയാനാ
അപ്പോൾ എന്റെ കുഞ്ഞിനെ ഞാൻ രാവിലെ ഉണരുമ്പോഴേക്കും നാട്ടുകാർ എല്ലാം കണ്ടു കഴിയുമല്ലോ അതു പറ്റില്ല എനിക്കാദ്യം കാണണം. അങ്ങനെ പല രാത്രികളും ഞാൻ സ്വപനം കണ്ടു.നല്ലയുറക്കത്തിൽ ഞാൻ പ്രസവിച്ചതറിഞ്ഞില്ല കണ്ണു തുറക്കുമ്പോൾ എല്ലാവരും കുഞ്ഞിനെ കളിപ്പിക്കുന്നു. അങ്ങനെയങ്ങറെ ആ ദിവസമെത്തി രാത്രി ഒരു പതിനൊന്നു മണി എന്റെ വയറിൽ ഒരു ചെറിയ വേദന പോലെ ഇതു പ്രസവവേദന തന്നെ പെട്ടന്നു ആശുപത്രിയിലെത്തി നേരെ
ലേബർ റൂമിലേക്ക് ഞാനവിടെ കരച്ചിൽ ബഹളം കരയുന്നത് പ്രസവ സമയത്തെ ചടങ്ങാണല്ലോ.എനിക്കാണേൽ ഒരു ഉറുമ്പു കടിക്കുന്ന വേദന ഒക്കെ തോന്നുന്നുണ്ട്. എന്റെ ചങ്കുപൊട്ടിയുള്ള നിലവിളി കേട്ട് ..അമ്മ പുറത്തു നിന്നു കരച്ചിൽ. ഇടയ്ക്കൂ പുറത്തേക്ക വന്ന ഡോക്ടറോട് അമ്മ "പറ്റുന്നില്ലെങ്കിൽ സിസേറിയൻ ചെയ്യൂ ഈ കരച്ചിൽ സഹിക്കാൻ വയ്യ." "ഡോക്ടർക്ക് അതു കേട്ടപ്പോൾ കട്ട കലിപ്പ് നിങ്ങൾക്കെന്താ ഭ്രാന്തുണ്ടോ അതിന് പ്രസവ വേദന തുടങ്ങിയ ട്ടില്ല വെറുതെ കിടന്ന് അലറിക്കരയുവാ
അങ്ങനെ ' പ്രസവം കഴിഞ്ഞ് കുഞ്ഞിനേം കണ്ട് ഒരു 12 മണിയോടെ സുഖമായി പഴയ പോലെ കമിഴ്ന്നു കിടന്നുറങ്ങാം എന്നു മോഹിച്ച് എത്തിയ ഞാൻ പിറ്റേന്നു വെളുപ്പിനാണ് ആ "ഉറുമ്പു കടിച്ചു വേദന" അറിഞ്ഞത്.ആദ്യത്തെ കൺമണിയെ കൺകളിർക്കേ കണ്ട് ഞാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സുമാരോടു ചെറിയ ചമ്മലോടെ ചോദിച്ചു ഇന്നലെ ഞാൻ വല്ലാതെ ബോറായല്ലേ ന്നു.അവർ പറഞ്ഞു ആദ്യമായിട്ടാ പ്രസവം കഴിഞ്ഞ ഒരാൾ ഇങ്ങനെ സീൻ ബേറാക്കിയോന്നു ചോദിക്കുന്നേന്ന്..
എന്തായാലും വീട്ടിലെത്തി ഒന്നു സ്വസ്ഥമായപ്പോൾ ഞാൻ അപ്പനോട് ചോദിച്ചു എന്തിനാ ഉറുമ്പു കടിക്കുന്ന വേദന ഉള്ളെന്ന് എന്നെ പറ്റിച്ചത് എന്ന്. അതിന് അപ്പൻ പറഞ്ഞ മറുപടി. ഒരാളെ തൂക്കിക്കൊല്ലാൻ വിധിയായാൽ വധശിക്ഷയ്ക്കുള തീയതി അറിയിക്കുന്ന നിമിഷം അയാളിലെ ആത്മാവ് മരിക്കും. പിന്നെ വരാനിരിക്കുന്ന വിധി ദിവസത്തെ ഓർത്ത് ബക്കിയുള്ള ദിനങ്ങൾ അയാൾ ജീവിക്കാതെ മരിക്കും. ഇത്തരം കാര്യങ്ങൾ ആ സമയത്തു മാത്രം അറിയുന്നതാണ് നല്ലതെന്ന്. എന്തായാലും. പിന്നീട് ' എത്ര വേദനകൾ ഉണ്ടായാലും കരയാതെ പിടിച്ചു നിൽക്കാൻ കൂടി ഞാൻ അതോടെ പഠിച്ചു.

Boby

പ്രണയദിനവും പൂവൻകോഴിയും


പ്രണയദിനവും പൂവൻകോഴിയും
കുറെ വർഷങ്ങൾ മുൻപ് ഒരു ഫെബ്രുവരി 14 ന് ....
എന്നും എപ്പോളും പ്രണയിച്ചു കൊണ്ടേയിരിക്കുന്ന നമുക്കെന്തിന് പ്രണയദിനം..നീ തന്നെയല്ലേ ഞാൻ ..ഞാൻ തന്നെയല്ലേ നീ..ഇങ്ങനെ ഓരോ ഉടായിപ്പു പറഞ്ഞു കെട്ടിയോൻ... മുറ്റത്തു തനിയെ മഴക്കാലത്ത് തളിർക്കുകയും അല്ലാത്തപ്പോൾ ആരും ഒരു ഇത്തിരി വെള്ളം പോലും കൊടുക്കാതെ ഉണങ്ങുകയും ചെയ്യുന്ന ഒരു നാടൻ റോസാപ്പൂ തന്നു എന്നെ പറ്റിച്ചു.. പിശുക്കൻ ...കലിപ്പായെങ്കിലും വൈകിട്ട് പുറത്ത് പോയി വല്ലതും ഭക്ഷിക്കാം എന്ന ആശ്വാസത്തിൽ ആയി ഞാനും ..സംഭവം ഞാൻ അത്യാവശ്യം നന്നായി പാചകം ചെയ്യുമെങ്കിലും ഉപ്പു എന്നെ സ്ഥിരമായി ചതിക്കുന്നു ഞാനും ഉപ്പും തമ്മിലുള്ള അന്തർധാര ഇപ്പോളും സജീവമായിട്ടില്ല..ചിലപ്പോൾ വല്ലാതെ കുറയും,,അല്ലാത്തപ്പോൾ ഉപ്പു മാത്രേ ഉണ്ടാകു..അത് കൊണ്ട് പുറത്തു പോയി കഴിക്കുക ഒരു സന്തോഷമുള്ള കലാപരിപാടിയാണ്
അങ്ങനെ ആ പ്രണയദിനം വൈകുന്നേരത്തോടു അടുക്കുന്നു..ഞാൻ ആണേൽ കാര്യമായി ഒന്നും ഉണ്ടാക്കിയിട്ടും ഇല്ല ..ഞങ്ങളുടെ ചേട്ടന്മാർ നാലുപേർ അധികം അകലെയല്ലാതെ ആണ് വീട് വച്ച് താമസിക്കുന്നത് ..ഇടയ്ക്കിടെ ഒരുമിച്ചു കൂടി ഒരുമിച്ചു ഭക്ഷിച്ച് അങ്ങനെ സന്തോഷമായി പോകുന്നു..സ്പെഷ്യൽ ആയി എന്തുണ്ടാക്കിയാലും ഓരോ പങ്കു എല്ലാ വീട്ടിലും എത്തും,,ഒരു വാഴക്കുല വെട്ടിയാലോ..ചേന ..കാച്ചിൽ...കുമ്പളങ്ങാ ..ചക്ക ..മാങ്ങാ ...എന്തിനു വളർത്തുന്ന കോഴിയെ കറിവച്ചാലോ അങ്ങനെ എല്ലാം ..ഇങ്ങനെ പങ്കു വയ്ക്കുന്നതിന്റെ സന്തോഷം അതൊന്നു വേറെ തന്നെയാ ..
അങ്ങനെ വൈകുന്നേരമായി ..അപ്പോൾ അതാ തൊട്ടടുത്ത് താമസിക്കുന്ന ചേട്ടൻ കയ്യിൽ ഒരു കാസെറോളും കൊണ്ട് വന്നു നിൽക്കുന്നു.. അസ്തമനത്തോടടുത്ത സൂര്യന്റെ മഞ്ഞവെളിച്ചത്തിൽ ചേട്ടന്റെ മുഖത്തിനു വല്ലാത്ത ശോഭ ..അതിനേക്കാൾ തിളക്കമുള്ള പുഞ്ചിരിയും ..
ഇത്ര സന്തോഷം എന്താണാവോ..?
നാടൻ കോഴിക്കറിയും കൊണ്ടാണ് വരവ്..വെച്ച കോയീന്റെ മണം..ഹോ വായിൽ കപ്പലോടിക്കാൻ വെള്ളം വന്നു..എന്നാലും "ഇതെന്താ വാലെന്റൈൻസ് ഡേ സ്പെഷ്യൽ ആണോ..? " കുശലം ചോദിച്ചു അല്ലാതെ ചാടിക്കേറി എടുത്ത് തിന്നാൻ പറ്റില്ലല്ലോ..ചേട്ടൻ പിന്നെയും ചിരിക്കുന്നു ഭയങ്കര സന്തോഷത്തോടെ..
ആകാംഷ കൂടി എനിക്ക്..അപ്പോളാണ് ആ കോഴിക്കറീടെ കഥ പറയുന്നത്..ചേട്ടന്റെ വീട്ടിൽ കുറച്ചു കോഴി ഒക്കെ ഉണ്ട്..കുറച്ചു നാളായി രാവിലെ ആകുമ്പോൾ എവിടെന്നോ ഒരു പൂവങ്കോഴി വന്നു ഈ കൂട്ടിൽ കയറുന്നു ഓടിച്ചാലും പോവില്ല ..എന്ന് മാത്രമല്ല കുഞ്ഞുകോഴികളെയും ഒക്കെ ഇത് ഉപദ്രവിക്കുന്നു..അതിന്റെ വരവ് കണ്ടാലേ പേടിയാകും ഒരു ആജാനബാഹു വരുന്ന പോലെയാണ് അടുത്ത വീടുകളിൽ ഒക്കെ തിരക്കി ആർക്കും അറിയില്ല അത് ആരുടെ കൊഴിയാണെന്നു
ഇന്ന് ..കൂട്ടിൽ വന്നു കേറിയ ആ കോഴിയെ ചേച്ചി ഡ്യൂട്ടിക്ക് പോയിക്കഴിഞ്ഞപ്പോൾ ചേട്ടൻ പിടിച്ചു കൊന്നു കറി വച്ച് അതിന്റെ പങ്കും കൊണ്ട് വന്നതാ,,സംഗതി ജോറായി ആ കാലൻ കോഴിടെ ശല്യവും തീർന്നു ചേച്ചിക്ക് ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ ഒരു വാലെന്റൈൻസ് ഡേ സർപ്രൈസ് ഉം ആയി..
കൊള്ളാം ഭാര്യയെ സ്നേഹിക്കുന്നെങ്കിൽ ഇങ്ങനെ വേണം
എന്തായാലും എന്റെ പുറത്തുന്നു ഓഫർ ചെയ്ത ഡിന്നർ ക്യാൻസൽ
ന്തായാലും ഇനി ചപ്പാത്തി ഒന്നും ഉണ്ടാക്കാൻ വയ്യ ..ബ്രഡ് ആവാം എന്നായി..ഇച്ചിരി സ്റ്റൈൽ ആയിക്കോട്ടേന്നു കരുതി ഞാൻ കുറച്ചു ബ്രഡ് ഒന്ന് ഹൃദയാകൃതിയിൽ മുറിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു കൊണ്ടിരിക്കുമ്പോൾ ദേ ലാൻഡ് ഫോൺ ബെല്ലടിക്കുന്നു..ചേച്ചിയാണ് ആദ്യമായിട്ടാണ് ചേട്ടൻ ഒരു സർപ്രൈസ് കൊടുത്തത്..ജോലി കഴിഞ്ഞു ഇനി അടുക്കളയിൽ യുദ്ധം തുടങ്ങണമല്ലോന്ന് ഓർത്തു ഓടിപിടച്ചു എത്തിയപ്പോൾ കോഴിക്കറി കണ്ടാൽ ഏതു ഭാര്യക്കാ സന്തോഷമാവത്തെ..അങ്ങനെ ആ പ്രണയദിനം ഞങ്ങളുടെ എല്ലാ വീട്ടിലും നാടൻകോഴി കറിയും കൂട്ടി ആഘോഷിച്ചു..
പിറ്റേന്ന് രാവിലെ ചേച്ചി കോഴിക്കൂട് തുറക്കാൻ ചെന്നപ്പോൾ ദെയ് പറമ്പിന്റെ അറ്റത്തുന്നു കുലുങ്ങി കുലുങ്ങി വരുന്നു നമ്മുടെ കാലൻ കോഴി..ഇതെന്തു മറിമായം അവിടേം കുമ്പിടി ഇവിടേം കുമ്പിടി ..
ചേച്ചിക്ക് കാര്യം പിടി കിട്ടി ..കഴിച്ച കോഴിക്കറിയെല്ലാം തികട്ടി വരുന്നു..പുണ്യാളന് നേര്ച്ച നേർന്നു നിർത്തിയ പൂവൻ കൊഴിയാ..മെയ് ആകുംപോളെക്കും ഒരു ഉരുപ്പടി ആകാൻ തീറ്റ വാരിക്കോരി കൊടുത്തു വളർത്തിയ ലക്ഷണമൊത്ത പൂവൻ ..അവനെയാ ഇന്നലെ ചേട്ടൻ ആളുമാറി അല്ല കോഴി മാറി കൊന്ന് കറി വച്ച് സർപ്രൈസ് കൊടുത്തെ..ജോഷി ചതിച്ചാശാനേ .
വാലെന്റൈൻസ് ഡേ യുടെ പിറ്റേന്ന് ആ വീട്ടിൽ ദുഃഖവെള്ളി പോലെ ആയി..അവർ തമ്മിൽ അന്ന് മുഴുവൻ മിണ്ടിയതേ ഇല്ല .പക്ഷെ ഞാൻ അന്നും ഇന്നും അതോർത്ത് ഒരുപാടു ചിരിക്കുന്നു....വർഷങ്ങൾ എത്രയോ കഴിഞ്ഞിട്ടും ആ പൂവൻ കോഴി ഞങ്ങളുടെ ഓർമകളിൽ നിറഞ്ഞു നിൽക്കുന്നു .

Boby

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo