Slider

പ്രണയദിനവും പൂവൻകോഴിയും

0

പ്രണയദിനവും പൂവൻകോഴിയും
കുറെ വർഷങ്ങൾ മുൻപ് ഒരു ഫെബ്രുവരി 14 ന് ....
എന്നും എപ്പോളും പ്രണയിച്ചു കൊണ്ടേയിരിക്കുന്ന നമുക്കെന്തിന് പ്രണയദിനം..നീ തന്നെയല്ലേ ഞാൻ ..ഞാൻ തന്നെയല്ലേ നീ..ഇങ്ങനെ ഓരോ ഉടായിപ്പു പറഞ്ഞു കെട്ടിയോൻ... മുറ്റത്തു തനിയെ മഴക്കാലത്ത് തളിർക്കുകയും അല്ലാത്തപ്പോൾ ആരും ഒരു ഇത്തിരി വെള്ളം പോലും കൊടുക്കാതെ ഉണങ്ങുകയും ചെയ്യുന്ന ഒരു നാടൻ റോസാപ്പൂ തന്നു എന്നെ പറ്റിച്ചു.. പിശുക്കൻ ...കലിപ്പായെങ്കിലും വൈകിട്ട് പുറത്ത് പോയി വല്ലതും ഭക്ഷിക്കാം എന്ന ആശ്വാസത്തിൽ ആയി ഞാനും ..സംഭവം ഞാൻ അത്യാവശ്യം നന്നായി പാചകം ചെയ്യുമെങ്കിലും ഉപ്പു എന്നെ സ്ഥിരമായി ചതിക്കുന്നു ഞാനും ഉപ്പും തമ്മിലുള്ള അന്തർധാര ഇപ്പോളും സജീവമായിട്ടില്ല..ചിലപ്പോൾ വല്ലാതെ കുറയും,,അല്ലാത്തപ്പോൾ ഉപ്പു മാത്രേ ഉണ്ടാകു..അത് കൊണ്ട് പുറത്തു പോയി കഴിക്കുക ഒരു സന്തോഷമുള്ള കലാപരിപാടിയാണ്
അങ്ങനെ ആ പ്രണയദിനം വൈകുന്നേരത്തോടു അടുക്കുന്നു..ഞാൻ ആണേൽ കാര്യമായി ഒന്നും ഉണ്ടാക്കിയിട്ടും ഇല്ല ..ഞങ്ങളുടെ ചേട്ടന്മാർ നാലുപേർ അധികം അകലെയല്ലാതെ ആണ് വീട് വച്ച് താമസിക്കുന്നത് ..ഇടയ്ക്കിടെ ഒരുമിച്ചു കൂടി ഒരുമിച്ചു ഭക്ഷിച്ച് അങ്ങനെ സന്തോഷമായി പോകുന്നു..സ്പെഷ്യൽ ആയി എന്തുണ്ടാക്കിയാലും ഓരോ പങ്കു എല്ലാ വീട്ടിലും എത്തും,,ഒരു വാഴക്കുല വെട്ടിയാലോ..ചേന ..കാച്ചിൽ...കുമ്പളങ്ങാ ..ചക്ക ..മാങ്ങാ ...എന്തിനു വളർത്തുന്ന കോഴിയെ കറിവച്ചാലോ അങ്ങനെ എല്ലാം ..ഇങ്ങനെ പങ്കു വയ്ക്കുന്നതിന്റെ സന്തോഷം അതൊന്നു വേറെ തന്നെയാ ..
അങ്ങനെ വൈകുന്നേരമായി ..അപ്പോൾ അതാ തൊട്ടടുത്ത് താമസിക്കുന്ന ചേട്ടൻ കയ്യിൽ ഒരു കാസെറോളും കൊണ്ട് വന്നു നിൽക്കുന്നു.. അസ്തമനത്തോടടുത്ത സൂര്യന്റെ മഞ്ഞവെളിച്ചത്തിൽ ചേട്ടന്റെ മുഖത്തിനു വല്ലാത്ത ശോഭ ..അതിനേക്കാൾ തിളക്കമുള്ള പുഞ്ചിരിയും ..
ഇത്ര സന്തോഷം എന്താണാവോ..?
നാടൻ കോഴിക്കറിയും കൊണ്ടാണ് വരവ്..വെച്ച കോയീന്റെ മണം..ഹോ വായിൽ കപ്പലോടിക്കാൻ വെള്ളം വന്നു..എന്നാലും "ഇതെന്താ വാലെന്റൈൻസ് ഡേ സ്പെഷ്യൽ ആണോ..? " കുശലം ചോദിച്ചു അല്ലാതെ ചാടിക്കേറി എടുത്ത് തിന്നാൻ പറ്റില്ലല്ലോ..ചേട്ടൻ പിന്നെയും ചിരിക്കുന്നു ഭയങ്കര സന്തോഷത്തോടെ..
ആകാംഷ കൂടി എനിക്ക്..അപ്പോളാണ് ആ കോഴിക്കറീടെ കഥ പറയുന്നത്..ചേട്ടന്റെ വീട്ടിൽ കുറച്ചു കോഴി ഒക്കെ ഉണ്ട്..കുറച്ചു നാളായി രാവിലെ ആകുമ്പോൾ എവിടെന്നോ ഒരു പൂവങ്കോഴി വന്നു ഈ കൂട്ടിൽ കയറുന്നു ഓടിച്ചാലും പോവില്ല ..എന്ന് മാത്രമല്ല കുഞ്ഞുകോഴികളെയും ഒക്കെ ഇത് ഉപദ്രവിക്കുന്നു..അതിന്റെ വരവ് കണ്ടാലേ പേടിയാകും ഒരു ആജാനബാഹു വരുന്ന പോലെയാണ് അടുത്ത വീടുകളിൽ ഒക്കെ തിരക്കി ആർക്കും അറിയില്ല അത് ആരുടെ കൊഴിയാണെന്നു
ഇന്ന് ..കൂട്ടിൽ വന്നു കേറിയ ആ കോഴിയെ ചേച്ചി ഡ്യൂട്ടിക്ക് പോയിക്കഴിഞ്ഞപ്പോൾ ചേട്ടൻ പിടിച്ചു കൊന്നു കറി വച്ച് അതിന്റെ പങ്കും കൊണ്ട് വന്നതാ,,സംഗതി ജോറായി ആ കാലൻ കോഴിടെ ശല്യവും തീർന്നു ചേച്ചിക്ക് ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ ഒരു വാലെന്റൈൻസ് ഡേ സർപ്രൈസ് ഉം ആയി..
കൊള്ളാം ഭാര്യയെ സ്നേഹിക്കുന്നെങ്കിൽ ഇങ്ങനെ വേണം
എന്തായാലും എന്റെ പുറത്തുന്നു ഓഫർ ചെയ്ത ഡിന്നർ ക്യാൻസൽ
ന്തായാലും ഇനി ചപ്പാത്തി ഒന്നും ഉണ്ടാക്കാൻ വയ്യ ..ബ്രഡ് ആവാം എന്നായി..ഇച്ചിരി സ്റ്റൈൽ ആയിക്കോട്ടേന്നു കരുതി ഞാൻ കുറച്ചു ബ്രഡ് ഒന്ന് ഹൃദയാകൃതിയിൽ മുറിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു കൊണ്ടിരിക്കുമ്പോൾ ദേ ലാൻഡ് ഫോൺ ബെല്ലടിക്കുന്നു..ചേച്ചിയാണ് ആദ്യമായിട്ടാണ് ചേട്ടൻ ഒരു സർപ്രൈസ് കൊടുത്തത്..ജോലി കഴിഞ്ഞു ഇനി അടുക്കളയിൽ യുദ്ധം തുടങ്ങണമല്ലോന്ന് ഓർത്തു ഓടിപിടച്ചു എത്തിയപ്പോൾ കോഴിക്കറി കണ്ടാൽ ഏതു ഭാര്യക്കാ സന്തോഷമാവത്തെ..അങ്ങനെ ആ പ്രണയദിനം ഞങ്ങളുടെ എല്ലാ വീട്ടിലും നാടൻകോഴി കറിയും കൂട്ടി ആഘോഷിച്ചു..
പിറ്റേന്ന് രാവിലെ ചേച്ചി കോഴിക്കൂട് തുറക്കാൻ ചെന്നപ്പോൾ ദെയ് പറമ്പിന്റെ അറ്റത്തുന്നു കുലുങ്ങി കുലുങ്ങി വരുന്നു നമ്മുടെ കാലൻ കോഴി..ഇതെന്തു മറിമായം അവിടേം കുമ്പിടി ഇവിടേം കുമ്പിടി ..
ചേച്ചിക്ക് കാര്യം പിടി കിട്ടി ..കഴിച്ച കോഴിക്കറിയെല്ലാം തികട്ടി വരുന്നു..പുണ്യാളന് നേര്ച്ച നേർന്നു നിർത്തിയ പൂവൻ കൊഴിയാ..മെയ് ആകുംപോളെക്കും ഒരു ഉരുപ്പടി ആകാൻ തീറ്റ വാരിക്കോരി കൊടുത്തു വളർത്തിയ ലക്ഷണമൊത്ത പൂവൻ ..അവനെയാ ഇന്നലെ ചേട്ടൻ ആളുമാറി അല്ല കോഴി മാറി കൊന്ന് കറി വച്ച് സർപ്രൈസ് കൊടുത്തെ..ജോഷി ചതിച്ചാശാനേ .
വാലെന്റൈൻസ് ഡേ യുടെ പിറ്റേന്ന് ആ വീട്ടിൽ ദുഃഖവെള്ളി പോലെ ആയി..അവർ തമ്മിൽ അന്ന് മുഴുവൻ മിണ്ടിയതേ ഇല്ല .പക്ഷെ ഞാൻ അന്നും ഇന്നും അതോർത്ത് ഒരുപാടു ചിരിക്കുന്നു....വർഷങ്ങൾ എത്രയോ കഴിഞ്ഞിട്ടും ആ പൂവൻ കോഴി ഞങ്ങളുടെ ഓർമകളിൽ നിറഞ്ഞു നിൽക്കുന്നു .

Boby
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo