നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

,,,,,,,,,,,,,പ്ലാവിലത്തൊപ്പി,,,,,,,,,,,,,,


,,,,,,,,,,,,,പ്ലാവിലത്തൊപ്പി,,,,,,,,,,,,,,
അമ്മ അമ്മേടെ സുന്ദുവിനെ കുളത്തിൽ നിർത്തി കുളിപ്പിക്കുകയാണ്. തലയിൽ ഒരു കൈ കൊണ്ട് സോപ്പ് പുരട്ടി മറ്റേ കൈ കൊണ്ട് വെള്ളം കോരി തലയിൽ ഒഴിച്ചു കൊണ്ടിരുന്നപ്പോൾ അമ്മ സുന്ദിനോട് പറഞ്ഞു.
മുത്തേ കണ്ണടച്ചോ അല്ലെങ്കിൽ കണ്ണിൽ സോപ്പു പോയിട്ട് കണ്ണുനീറുമേ.
രണ്ടു വയസ്സുകാരന് അങ്ങിനെ പറഞ്ഞാൽ എന്തു മനസ്സിലാകാനാണ് അവൻ കൃത്യമായി കണ്ണു തുറക്കുകയും കണ്ണുനീറിയപ്പോൾ എന്നത്തേയും പോലെ ഉച്ചത്തിൽ കരയുകയും ചെയ്തു. പക്ഷെ വെള്ളത്തിൽ മുങ്ങുന്നത് അവനിഷ്ടമാണ്. അതറിയാവുന്ന അമ്മ അവനെ രണ്ടു മൂന്നു പ്രാവശ്യം മുക്കി പൊക്കി എടുത്തപ്പോൾ അവന്റെ കരച്ചിൽ മാറി കുടു കുടു ചിരിയായി. അമ്മ അവന്റെ തല എല്ലാം നന്നായി തോർത്തി മേലും നന്നായി തുടപ്പിച്ച് തലയിൽ അല്പം രാസ്നാദി പൊടിയും തേച്ച് അവനേയും എടുത്ത് പ്ലാവിന്റെ ചോട്ടിലേക്ക് വന്നു. കൊച്ചിന് മാമ്മം കൊടുക്കുന്നതിന്നു മുമ്പ് കുറച്ച് തുണികൾ ഉള്ളത് കഴുകി ഇടണം. അലക്കു കല്ല് പ്ലാവിന്റെ താഴെയാണ് ഇട്ടിരിക്കുന്നത്.
ഉണ്ണിയെ താഴെ നിർത്തി അമ്മ തുണികൾ അലക്കു കല്ലിൽ ഇട്ട് കഴുകി തുടങ്ങി. പ്ലാവിന്റെ താഴെ നല്ല പഴുത്ത പ്ലാവിലകൾ ധാരാളം വീണുകിടക്കുന്നുണ്ട്. ഉണ്ണി ആ പഴുത്ത പ്ലാവിലകൾ പെറുക്കി എടുത്ത് അമ്മയെ കാണിച്ച്
അമ്മേ ഉണ്ണിക്ക് തൊപ്പി വേണം.
അമ്മ ഇതു കഴുകി കഴിഞ്ഞ് മോനു തൊപ്പി ഉണ്ടാക്കി തരാട്ടോ
ഇല്ല എനിച്ചിപ്പം വേണം എന്നും പറഞ്ഞ് കിണുങ്ങി തുടങ്ങി.
അമ്മ പകുതി കഴുകിയ തുണി അലക്കു കല്ലിൽ വച്ചിട്ട് ചെന്ന് പച്ചീർക്കലി ഒടിച്ച് കൊണ്ടുവന്ന് പ്ലാവില കൊണ്ട് തൊപ്പി ഉണ്ടാക്കി ഉണ്ണിക്ക് കൊടുത്തു. ഉണ്ണിക്ക് അത് വളരെ ഇഷ്ടപ്പെട്ടു. അമ്മ ബാക്കി പ്ലാവില കൊണ്ട് ഒരു ബെൽട്ടും ഉണ്ടാക്കി കൊടുത്തു. അതും കൂടെ കിട്ടിയപ്പോൾ ഉണ്ണീടെ സന്തോഷം ഇരട്ടിച്ചു.
അപ്പോൾ നാലു കാലിൽ ചാടി ചാടി വന്ന ആട്ടുമ്പ ഉണ്ണിയെ മുട്ടി മുട്ടി ചാരി നിന്നു. ഉണ്ണി ആട്ടുമ്പയുടെ തല പിടിച്ച് പുറകോട്ട് തള്ളുമ്പോൾ ആട്ടുമ്പ മുന്നോട്ടു തള്ളും . പിന്നെ രണ്ടു പേരും കൂടെ മണ്ണിലേക്ക് ഉരുണ്ടു വീഴും പിന്നേം ഓടും ചാടും വീഴും ഇതു തന്നെ കുറേ നേരം കളി.
ഇപ്പോൾ കുളിപ്പിച്ച് നിർത്തിയതേ ഉള്ളൂട്ടാ മണ്ണിൽ കിടന്നുരുണ്ടാൽ ഉണ്ണിക്ക് അടി ഉണ്ടേ.
അതൊക്കെ കേൾക്കാൻ ഉണ്ണിക്കെവിടെ നേരം. പ്ലാവിന്റെ കൊമ്പിൽ നിന്ന് പുളിങ്കൊമ്പിലേക്ക് ചാടുന്ന അണ്ണാറക്കണ്ണന്റെ ച്ഛിൽ ച്ഛിൽ ശബ്ദത്തിനൊപ്പം ചിൽ ചിൽ ശബ്ദം ഉണ്ടാക്കി പുറകെ ഓടുന്ന തിരക്കിൽ അല്ലെ.
അപ്പോഴാണ് പ്ലാവിൽ ഇരുന്ന് ചക്ക കൊത്തുന്ന കാക്കച്ചിയെ കണ്ടത് . പിന്നീട് കാക്കച്ചിയിൽ ആയി ശ്രദ്ധ.
അമ്മേ അമ്മേ ചാച്ചത്തി ചച്ച ചൊത്തുന്നു. എനിച്ചും ചച്ച വേണം.
അതു പറഞ്ഞില്ലല്ലോ ഉണ്ണിക്ക് ക എന്ന് പറയാൻ അറിയില്ല. പുള്ളി ക എന്നതിനു ച എന്നാണ് പറയുന്നത്.
അമ്മേടെ ചുന്തിന് ചഞ്ഞി വേണ്ട എന്ന് എപ്പോഴും പറയും ഉണ്ണിക്ക് കഞ്ഞി ഇഷ്ടമില്ല എന്നാണ്.
പിന്നിടും ആട്ടുമ്പയുടെ കൂടെ പ്ലാവിനു ചുറ്റും ഓടി കളിച്ച് മണ്ണിൽ കുഴഞ്ഞ് കുത്തി മറിഞ്ഞ് ഉണ്ണി തളർന്നു.
തള്ള ആടിന്റെ കരച്ചിൽ കേട്ട് അമ്മ അങ്ങോട്ട് നോക്കി ആട്ടിൻകുട്ടിയെ കാണാതെ ആയിരിക്കും തള്ള ആട് കരയുന്നത് എന്നോർത്ത് അമ്മ ചുറ്റും തിരിഞ്ഞു നോക്കി . ആട്ടിൻകുട്ടി കുളത്തിനു ചുറ്റും ഓടി കളിക്കുന്നു പക്ഷെ ഉണ്ണിക്കുട്ടനെ കാണുന്നില്ല. അമ്മ ഉണ്ണിക്കുട്ടാ എന്നു നീട്ടി വിളിച്ചിട്ടും കാണുന്നില്ല.
വീണ്ടും വീണ്ടും വിളിച്ചിട്ട് കാണാഞ്ഞപ്പോൾ അമ്മ ഓടി കുളത്തിന്റെ അടുത്തേയ്ക്ക് വന്നു. അമ്മ ഞെട്ടിപ്പോയി കുളത്തിൽ ആ പ്ലാവിലത്തൊപ്പി ഒഴുകിയൊഴുകി നടക്കുന്നു . ഒരാർത്തനാദത്തോടെ അമ്മ കുളത്തിലേക്ക് ആഞ്ഞു കുതിച്ചു.
കുറച്ചു നേരത്തെ തിരച്ചിലിനു ശേഷം അമ്മയക്ക് വെള്ളത്തിന്റെ അടിയിൽ നിന്ന് ഉണ്ണിക്കുട്ടനെ കിട്ടി . നിശ്ചലമായ ആ കുഞ്ഞു ശരീരത്തിന്റെ ചുണ്ടിൽ അപ്പോഴും ഉണ്ടായിരുന്നു ഒളിമങ്ങാത്ത തിളങ്ങുന്ന ഒരു ചെറുപുഞ്ചിരി. അമ്മയുടെ ഹൃദയഭേദകമായ കരച്ചിൽ കേട്ട് അടുത്ത വീട്ടുകാരും നാട്ടുകാരും എല്ലാവരും എത്തിചേർന്നു . ആ ദു:ഖ സാന്ദ്രമായ നിമിഷങ്ങളിൽ വിങ്ങിപൊട്ടുന്ന ഹൃദയവും ആയി എല്ലാവരും തകർന്നു നിന്നു. ആർക്കും ഒന്നും മിണ്ടുവാനോ ചെയ്യുവാനോ ആകാത്ത അവസ്ഥ. എല്ലാ കണ്ണുകളും ആ കുഞ്ഞു ശരീരത്തിൽ തന്നെ നോക്കിനിൽക്കെ അടുത്ത വീട്ടിലെ ഒരമ്മയ്ക്ക് തോന്നി ഉണ്ണീടെ കുഞ്ഞു കുരുവി കൂടുപോലുള്ള നെഞ്ചകം പയ്യെ ഒന്ന് ഉയർന്നു താഴുന്നുവോ, അവർ പിന്നൊന്നും നോക്കിയില്ല ആ കുഞ്ഞു ശരീരവും എടുത്ത് തലയിൽ കമഴ്ത്തി കിടത്തി അകലെയുള്ള ആശുപത്രിയിലേക്ക് പാഞ്ഞു. അന്നൊന്നും ഇത്ര യാത്രാ സൗകര്യങ്ങൾ ഇല്ലല്ലോ ഇന്നത്തെ പോലെ ഓട്ടോറിക്ഷകൾ മുക്കിലും മൂലയിലും ഒന്നും ഓടിത്തുടങ്ങിയിട്ടില്ല. അവർ കൊച്ചിനേയും തലയിൽ വച്ച് ദേശീയപാതയുടെ മദ്ധ്യഭാഗത്ത് കേറി നിന്നു. ചീറി പാഞ്ഞു വന്ന ഒരു കാർ അവരുടെ അടുത്തായി വന്ന് സഡൻ ബ്രേക്കിട്ട് നിർത്തി. വണ്ടിയിൽ ഉള്ളവർ അവരേയും കയറ്റി കൊണ്ട് അകലെയുള്ള ആശുപത്രിയിലേക്ക് യാത്ര ആയി.
പരിശോധനക്ക് ശേഷം ഡോക്ടർ ഉണ്ണിക്കുട്ടന്റെ ഉള്ളിൽ ഉള്ള വെള്ളമെല്ലാം നീക്കം ചെയ്തു. കുഞ്ഞിളം ശരീരമല്ലെ അപകടനില തരണം ചെയ്തു എന്ന് പറയാറായിട്ടില്ല. പന്ത്രണ്ടു മണിക്കൂർ ഒബ്സർവേഷനിൽ ആണ്. അതിനു ശേഷം പറയാം.
അഞ്ചാറു മണിക്കൂറുകൾ ഒച്ചിഴയുന്ന പോലെ കടന്നു പോയി. അല്പനേരം കൂടി കഴിഞ്ഞപ്പോൾ ആ കുന്നിക്കുരു മണി കണ്ണുകൾ ചിമ്മി ചിമ്മി തുറന്ന് അമ്മയുടെ മുഖത്തു നോക്കി ചിരിച്ച് ചിരിച്ച് ഉണ്ണിക്കുട്ടൻ ജീവിതത്തിലേക്ക് തിരിച്ചു വന്നു.

Anilkumar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot