
അറബിയുടെ കയ്യും കാലും പിടിച്ചിട്ടാണ് ഇരുപത് ദിവസത്തെ ലീവ് തരാന്ന് പറഞ്ഞത്.
അതാണെങ്കില്‍ കന്നി മാസത്തിലും....!
വീട്ടിലേക്ക് വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ കാരണവന്‍മാര് അമ്പിനും വില്ലിനും അടുത്തില്ല.
കന്നിമാസത്തിലാരും കല്ല്യാണം കഴിക്കില്ലാത്രേ....!
ഈ മുപ്പത്തൊന്നാം വയസ്സില് ആറ്റുനോറ്റിട്ടാണൊരു കല്ല്യാണം ശരിയായത്.
എന്‍റെ ലോല മനസ്സ് നൊമ്പരപ്പെട്ടു.
താടിക്ക് കയ്യും കൊടുത്ത് കുറച്ച് നേരം ഞാനവിടെ ഇരുന്നു.
ഒന്നൂടെ വീട്ടിലേക്ക് വിളിച്ച് നോക്കി.
കാരണവന്‍മാര് വീണ്ടും കൊസറാംക്കൊള്ളി വര്‍ത്താനം തന്നെ....!
സകലനിയന്ത്രണവും വിട്ടപ്പോള്‍ ഞാന്‍ പറഞ്ഞു , നിങ്ങളിതിന് സമ്മതിച്ചില്ലെങ്കില്‍ പിന്നെയെന്നെ ജീവനോടെ കാണില്ലെന്ന്.
അങ്ങേതലയ്ക്കല്‍ ശ്മശാന മൂകത.
ഇങ്ങേതലയ്ക്കല്‍ ഫോണില്‍ ചെവിചേര്‍ത്ത് ഞാന്‍.
സംഘര്‍ഷഭരിതമായ നിമിഷങ്ങള്‍.
ഒടുവില്‍ അവിടേന്നൊരു പച്ച കൊടി മെല്ലെ മെല്ലെ ഉയര്‍ന്ന് പൊങ്ങി.
ഇവിടേന്ന് പാല്‍പുഞ്ചിരിയും.
ഫോണ്‍ കട്ടാക്കി പ്രേമത്തിലെ മലരേന്നുള്ള പാട്ടൊന്ന് മൂളി ഞാന്‍.
പെണ്‍ വീട്ടുകാരുടെ കാര്യമോര്‍ത്തപ്പോള്‍ പാട്ടൊന്ന് വലിഞ്ഞ് മുറുകി.
അവിടേക്കൊന്ന് വിളിച്ചു.
പെണ്ണിന്‍റെ ആങ്ങള ചുംബനസമരത്തിലൊക്കെ പങ്കെടുത്ത് അറസ്റ്റ് വരിച്ച ധീരനായത് കൊണ്ട് അവര്‍ക്കീ കന്നിമാസത്തിലെ ഇടപാടിലൊന്നും അത്ര വിശ്വാസമില്ലത്രേ.....!
സമാധാനമായി.
കുറച്ചീസം കഴിഞ്ഞ് പെട്ടിയും കിടക്കയുമെടുത്ത് ഞാന്‍ നാട്ടിലേക്ക് തിരിച്ചു.
എയര്‍പോര്‍ട്ടില്‍ അനിയന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
പാതിരാത്രിയ്ക്കാണ് വീട്ടില്‍ ചെന്ന് കയറിയത്. മുറ്റത്തെത്തിയപ്പോള്‍ പറമ്പിന്‍റെ കന്നിമൂലയില്‍ നിന്ന് നായ്ക്കളുടെ ഓരിയിടലും ബഹളവും.
എന്‍റെ നോട്ടം കണ്ടപ്പോ ഓന്‍ പറഞ്ഞു , കന്നിമാസമല്ലേ , അയിന്‍റേയാന്ന്.....!
എല്ലാവരുടേയും കെട്ടിപ്പിടിക്കലും പൊട്ടി കരച്ചിലും കഴിഞ്ഞപ്പോള്‍ ഞാനെന്‍റെ മുറിയിലേക്ക് കയറി.
കട്ടിലിലതാ കല്ല്യാണ കുറി അടുക്കി വച്ചിരിക്കുന്നു. തുറന്ന് നോക്കിയത് വായിക്കുമ്പോള്‍ ദേഹം മുഴുവന്‍ വല്ലാത്തൊരു ഇത് തോന്നി...!
വേണ്ടപ്പെട്ടവരെയൊക്കെ ഞാന്‍ നേരിട്ട് പോയി തന്നെ കല്ല്യാണം വിളിച്ചു.കല്ല്യാണ കുറി വായിച്ച ചിലര് മൂക്കത്ത് വിരല്‍ വച്ച് ചോദിച്ചു , കന്നിമാസത്തിലും കല്ല്യാണമോന്ന്.
കന്നിമാസമായതോണ്ടാവും വിളിച്ചവരൊക്കെ നേരത്തെ കാലത്തെ എത്തിയിരുന്നു. അവസാന പന്തിക്ക് സാമ്പാറ് തികയില്ലെന്ന് കണ്ടപ്പോള്‍ രസമൊഴിച്ചിളക്കി സംഭവം സലാമത്താക്കി.
ആദ്യരാത്രിയാണെന്ന് കരുതി എനിക്കൊരു പേടിയുമില്ലായിരുന്നു.മനുഷ്യ മൃഗം സിനിമയിലെ ജയനാണോ നിങ്ങടെ ഫാനെന്ന് പിറ്റേന്ന് രാവിലെ ഓള് ചോദിക്കണത് കേട്ടു....!
രാവിലെ പന്തല് പൊളിക്കാന്‍ വന്ന രമേശനും ചോദിച്ചു , ഇങ്ങളെന്താന്ന് കന്നി മാസത്തിലെ നായ്ക്കളെ പോലെ ഭാര്യേന്‍റെ പുറകെയിങ്ങനെ മണത്ത് മണത്ത് നടക്കണേന്ന്.
പിടിച്ചാ കിട്ടാത്ത വെളിച്ചെണ്ണ പോലെ എത്ര പെട്ടെന്നാണെന്നില്‍ നിന്നാ ഇരുപത് ദിവസം വഴുതിയങ്ങ് പോയത്.
പോവുന്നതിന്‍റെ തലേന്ന് കിടന്നിട്ട് ഉറക്കം വന്നില്ല . അവളാണേല്‍ എന്‍റെ നെഞ്ചില് വിരലാല്‍ നക്ഷത്രം വരച്ച് പരിഭവം പറച്ചിലോട് പറച്ചില്.
രാവിലെ ഉറക്കമുണര്‍ന്നെണീറ്റപ്പോള്‍ വീട്ടിലാകെയൊരു ഒച്ചപ്പാടും ബഹളവും.
ഉണ്ണിയപ്പം ചുടുന്ന ഭാര്യ. കല്ലുമ്മുക്കായ പൊളിക്കുന്ന അമ്മ. അവലോസ് പൊടി പൊതിഞ്ഞ് കെട്ടുന്ന അച്ഛന്‍.
ചായയുമായി എന്നരികിലേക്ക് വന്ന അവളുടെ കണ്ണാകെ കരഞ്ഞ് കലങ്ങിയിരുന്നു.
ഞാനവളെ രഹസ്യമായി മുറിയിലേക്ക് വിളിച്ചു .
ചേര്‍ത്ത് നിര്‍ത്തി ആ നെറ്റിയില്‍ തുരുതുരെ ചുംബിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞവളെന്‍റെ നെഞ്ചിലേക്ക് വീണ് വിതുമ്പി.
ആ വിതുമ്പലില്‍ ഞാന്‍ ഉരുകിപോയി.
അവളെ ആശ്വസിപ്പിച്ച് ഞാന്‍ മുറ്റത്തേക്കിറങ്ങി . പത്തടി മുന്നോട്ട് നടന്ന് മാനം നോക്കി കുറച്ച് നേരം നിന്നു.
സ്വന്തമെന്ന് പറഞ്ഞ് സ്നേഹിക്കാന്‍ ഒരാളുണ്ടാവാന്‍ കൊതിച്ച ഭൂതകാലമായിരുന്നപ്പോഴെന്‍റെ മനസ്സിലേക്കോടി വന്നത്.
അന്നതിന് കഴിയാതെ പോയപ്പോള്‍ ഞാനനുഭവിച്ചിരുന്ന വേദനയും വിഷമവും മനസ്സിലേക്കോടി വന്നു.
ഇന്നതെല്ലാം സാധ്യമാക്കാന്‍ ജീവിതത്തിലേക്കൊരാള് വന്നപ്പോള്‍ അത്തിപ്പഴം പഴുത്തപ്പോള്‍ വായയില്‍ പുണ്ണ് വന്ന കാക്കയെ പോലെയായി എന്‍റെ അവസ്ഥ.
ഇനി ഒരു രണ്ട് വര്‍ഷമെങ്കിലും കഴിയാതെ നാട്ടിലേക്ക് വരാനാവില്ല....!
എന്‍റെ സ്വപ്നങ്ങളും മോഹങ്ങളും കാറ്റഴിച്ച് വിട്ട ബലൂണ്‍ മാതിരി ചുറ്റിക്കറങ്ങി നിലത്ത് വീണു.
തുലാമാസത്തിലെ ദീപാവലി നാളില്‍ അവളോടൊന്നിച്ച് ഭഗവതി കാവിലെ വിളക്ക് തൊഴാന്‍ ഞാനിനിയും കാത്തിരിക്കണം..... !
വൃശ്ചികത്തിലെ കുളിരുള്ള പ്രഭാതത്തില് അമ്പലകുളത്തില്‍ പോയി മുങ്ങി നിവര്‍ന്നിട്ട് അവളേക്കൊണ്ടെന്‍റെ തല തുവര്‍ത്തിക്കാന്‍ ഞാനിനിയും കാത്തിരിക്കണം..... !
ധനുമാസത്തിലെ തിരുവാതിര നോറ്റവള്‍ പുലര്‍കാലെ എനിക്കായ് ചാര്‍ത്തി തരും ചന്ദനക്കുറി ഇനി എന്നാണെന്‍ നെറ്റിയിലൊന്ന് തിളങ്ങുക....!
മകരത്തിലെ കുളിരുള്ള രാത്രികളില്‍ ഒരു പുതപ്പിനടിയില്‍ കിടന്ന് ഭാവിയെ കുറിച്ച് വര്‍ത്തമാനം പറയാന്‍ എന്നാണെനിക്കിനിയാവുക.....!
കുംഭത്തിലെ പൂരത്തിന് വളയും മാലയും വാങ്ങിക്കൊടുക്കുമ്പോള്‍ ആ കണ്ണില് വിരിയണ തിളക്കം കാണാന്‍ എന്‍റെ കണ്ണുകള്‍ക്കെന്നാണിനി യോഗമുണ്ടാവുക.....!
മീനത്തിലെ ഉരുകിയൊലിക്കണ ചൂടുള്ള രാത്രികളില്‍ അവളുടെ കയ്യൊരു വിശറിയായി മാറും നേരമാ കുളിര്‍ക്കാറ്റൊന്നേല്‍ക്കാന്‍ എന്നാണെന്‍റെ നെഞ്ചിനാവുക....!
മേടത്തിലെ വിഷു നാളില്‍ കണികണ്ടുണരും നേരം അവളുടെ ചുണ്ടില്‍ നിന്നുതിര്‍ന്ന് വീഴും ഗീതം കേള്‍ക്കാന്‍ എന്‍റെ കാതുകള്‍ ഇനിയും കാത്തിരിക്കണമെന്നോ....!
ഇടവത്തില് സെക്കന്‍റ് ഷോ സിനിമയും കണ്ട് കോരിച്ചൊരിയുന്ന മഴ നനഞ്ഞ് അവളോടൊപ്പം യാത്ര ചെയ്യാന്‍ എന്‍റെ ബൈക്കിന്‍റെ കാത്തിരിപ്പ് ഇനിയും നീളുമെന്നോ....!
മിഥുനത്തിലെ കാറ്റില് വളഞ്ഞ് കുത്തി വീഴുന്ന പറമ്പിലെ വാഴകള്‍ക്കൊരു കൈതാങ്ങാന്‍ അവളുടെ കൈകള്‍ എന്‍റെ കൈകള്‍ക്കൊപ്പം എന്നാണിനിയുണ്ടാവുക....!
കര്‍ക്കിടകത്തിലെ വറുതിക്കാലത്ത് ആ കണ്ണിലേക്കും നോക്കിയിരുന്ന് കഴിഞ്ഞ് പോയ കാലത്തിന്‍ നോവാര്‍ന്ന കഥ പറയാന്‍ എന്‍റെ നാവുകള്‍ ഇനിയും കാത്തിരിക്കണമെന്നോ ....!
ചിങ്ങത്തിലെ കൊയ്ത്തെല്ലാം കഴിഞ്ഞ് അടുക്കിയിട്ട മുറ്റത്തെ ചാണകം മെഴുകിയ തറയില് തിരുവോണത്തിന് പൂക്കളമിട്ട് അവളോടൊത്ത് തൃക്കാക്കരയപ്പനെ തൊട്ട് തൊഴല്‍ ഇനിയും താമസിക്കുമെന്നോ....!
സ്വയം ചോദിക്കാന്‍ ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നെനിക്ക്.
പക്ഷെ ഉത്തരം ശൂന്യമായിരുന്നു.
ദീര്‍ഘമായി ശ്വാസം വലിച്ചു വിട്ടു ഞാന്‍.
ചിലത് മനസ്സിലുറപ്പിച്ചിട്ട് തന്നെയാണ് കൊലായിലേക്ക് ഓടി കയറിയത്.
എല്ലാവരും കേള്‍ക്കെ ഞാന്‍ ഉറക്കെ വിളിച്ച് പറഞ്ഞു ,
' ഞാനിനി ഗള്‍ഫിലേക്ക് പോവുന്നില്ല '
ഒരു നിമിഷം നിശ്ചലമായി വീട്.
ഞെട്ടലോടെ എല്ലാവരും എന്നെ തന്നെ നോക്കി നിന്ന നിമിഷം.
ആത്മവിശ്വാസത്തോടെ ഞാനെല്ലാവരേയും മാറി മാറി നോക്കി.
പക്ഷെ എന്‍റെ ആത്മവിശ്വാസം കാണാന്‍ ആ കൂട്ടത്തില്‍ അവളെ മാത്രം കണ്ടില്ല.
അത് കാണിക്കാനായി എന്‍റെ കണ്ണുകള്‍ അവളെ തിരഞ്ഞു.....!
അവളാ സമയം മുറിയില്‍ കട്ടിലിന്‍റെ മൂലയ്ക്ക് തലയും താഴ്ത്തി ഇരിക്കുന്നുണ്ടായിരുന്നു.
ഒരു മൂളിപ്പാട്ടും പാടി ചെന്ന് ആ മടിയില്‍ തല വച്ച് കിടക്കാന്‍ നേരം പൊടുന്നനെ അവളെണീറ്റ് ജനവാതിലിനരികിലേക്ക് നടന്നു.
പുറകെ ചെന്ന് ഞാനാ പിന്‍കഴുത്തില്‍ ഉമ്മ വച്ച് മുഖത്തോട് മുഖം ചേര്‍ത്ത് നിര്‍ത്തി.
ഞാനാ കണ്ണുകളിലെ സന്തോഷം കാണാന്‍ മാറി മാറി തിരഞ്ഞു.
പക്ഷെ സന്തോഷം മാത്രം കണ്ടില്ല.
ഇവിടെ ഇനി എന്ത് ജോലിക്കാണ് ചേട്ടന്‍ പോവാന്‍ ഉദ്ദേശിക്കുന്നത് എന്ന ഒരൊറ്റ ചോദ്യമായിരുന്നു എന്‍റെ നേര്‍ക്ക്.
പഴയ പോലെ ഓട്ടോ ഓടിക്കാന്‍ എന്ന് എത്ര ആവേശത്തോടെയാണ് ഞാന്‍ പറഞ്ഞത്.....!
പക്ഷെ ആ ആവേശം എന്നില്‍ മാത്രമൊതുങ്ങി.
''ഗള്‍ഫില് ജോലിയാണെന്നും പറഞ്ഞല്ലെ നിങ്ങളെന്നെ കല്ല്യാണം കഴിച്ചത് , ഇനിയിപ്പോള്‍ നാട്ടില്‍ ഓട്ടോയും ഓടിച്ച് നടക്കുകയാണെന്ന് ഞാനെങ്ങനെ എന്‍റെ വീട്ടുകാരോട് പറയും , എങ്ങനെ ഞാനെന്‍റെ നാട്ടുകാരോടും പറയും''
ഇമ്മാതിരി കുറേ കുനുഷ്ടു ചോദ്യങ്ങള്‍ അവളുടെ വായയില്‍ നിന്ന് അനര്‍ഗളനിര്‍ഗളം ഒഴുകി.
മകരമാസത്തിലെ കുളിരും കുംഭത്തിലെ ചൂടും എല്ലാം കൂടി ആ നിമിഷം ഞാനനുഭവിച്ചു.
തൃപ്തിയായി.
ഒരു സദ്യ കഴിച്ച പോലെ വയറ് നിറഞ്ഞു.
ഞാന്‍ മെല്ലെ മുറി വിട്ട് പുറത്തേക്കിറങ്ങി.
അമ്മ ആരോടെന്നില്ലാതെ പറയുന്നുണ്ടായിരുന്നു, കന്നിമാസത്തില്‍ കല്ല്യാണം നടത്തിയാല്‍ ഇതല്ല ഇതിനപ്പുറവും ഉണ്ടാകുമെന്ന്......!
എന്നെ പറഞ്ഞാല്‍ ഞാന്‍ സഹിക്കുമായിരുന്നു. പക്ഷെ
എന്‍റെ ചിരകാല സ്വപ്നങ്ങള്‍ക്ക് സാക്ഷാത്ക്കാരം നല്‍കിയ കന്നിമാസത്തെ കുറിച്ച് കുറ്റം പറഞ്ഞത് എനിക്കൊട്ടും സഹിക്കാനായില്ല.
എന്‍റെ ചിരകാല സ്വപ്നങ്ങള്‍ക്ക് സാക്ഷാത്ക്കാരം നല്‍കിയ കന്നിമാസത്തെ കുറിച്ച് കുറ്റം പറഞ്ഞത് എനിക്കൊട്ടും സഹിക്കാനായില്ല.
അല്ലെങ്കിലും എന്നെ പോലുള്ള പ്രവാസികള്‍ക്കെന്നും കന്നിമാസമായിരുന്നല്ലോ....!
ഇവിടെ വിട്ടിട്ട് പോകുന്ന സ്വപ്നങ്ങളും മോഹങ്ങളും അവിടെയിരുന്നൊരു മനക്കോട്ട കെട്ടിയതിനുള്ളിലാക്കി അതിനെ മണത്ത് മണത്ത് നടക്കാനാണല്ലോ ഞങ്ങളുടെയൊക്കെ വിധി.....!
ചെറുതായി നിറഞ്ഞ കണ്ണൊന്ന് മുണ്ടിന്‍ തുമ്പാല്‍ തുടച്ചു . മുഖത്തൊരു വലിയ ചിരി വരുത്തി ഞാനകത്തേക്ക് തിരിച്ച് ചെന്നു.
അവലോസുണ്ടയും കല്ലുമ്മക്കായയും അച്ചാറും തുണിയും ഓരോന്നോരോന്നായി ആ വലിയ പെട്ടിയിലേക്ക് അടുക്കി പെറുക്കി വയ്ക്കുമ്പോള്‍ കൈ ചെറുതായി വിറച്ചോന്നൊരു സംശയം.
നിശ്ചലമായിരുന്ന എന്‍റെ വീട്ടില്‍ എത്ര പെട്ടെന്നാണ് ഒച്ചപ്പാടും ബഹളവും വന്ന് നിറഞ്ഞത്.....!
പെട്ടിയെല്ലാം കെട്ടി കാരണവന്‍മാരുടെ കാലില്‍ തൊട്ട് അനുഗ്രഹവും വാങ്ങി .
അവളുടെ മൂര്‍ദ്ധാവില്‍ ഒന്ന് തലോടി വീട്ടില്‍ നിന്നിറങ്ങി.
എല്ലാവരുടേയും കണ്ണുകള്‍ നിറഞ്ഞ് തുളുമ്പുന്നത് ഞാന്‍ കണ്ടു.
കാറിലേയ്ക്ക് കയറുന്നതിന് മുന്‍പ് ഒരു നിമിഷം ഞാന്‍ കണ്ണടച്ച് നിന്നു.
കാറിലേക്ക് കയറി.
കാറ് മുന്നോട്ടെടുത്തു.
എല്ലാവരും കൈ വീശി യാത്രയാക്കുന്നത് കണ്ണാടിയിലൂടെ ഞാന്‍ കാണുന്നുണ്ടായിരുന്നു.
പക്ഷെ തിരിഞ്ഞ് നോക്കാന്‍ എനിക്കാവുമായിരുന്നില്ല.
അല്ലെങ്കിലും തിരിഞ്ഞ് നോക്കിയിട്ടെന്തിനാ , സ്നേഹിക്കുന്നവരുടെ മുഖം കാണുമ്പോള്‍ ഞാനിനി പോവില്ലെന്നും പറഞ്ഞ് തിരിച്ചോടിച്ചെന്ന് കെട്ടിപ്പിടിച്ച് പൊട്ടികരയാന്‍ എനിക്കാവുമായിരുന്നില്ലല്ലോ......!
രചന - മഗേഷ് ബോജി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക