Slider

അക്കിടി

0
അക്കിടി
*********
കുട്ടി ആദ്യമായി ആന്ധ്രാപ്രദേശിൽ വന്ന കാലം.നല്ല ജോലി ,നല്ല സഹപ്രവർത്തകർ, നല്ല താമസസ്ഥലം..എല്ലാം സൂപ്പർ. പക്ഷെ ഒരേയൊരു പ്രോബ്ലം ഫുഡ് ആണ്.
പച്ചരിച്ചോറും തേങ്ങ ഇടാത്ത , വെളിച്ചെണ്ണ തൊടീക്കാത്ത കറികളും ഒറ്റയാഴ്ച്ച കൊണ്ട് കുട്ടി വെറുത്തുപോയി.
ഭാഷ അറിയാതെ കടയിൽ
അവിൽ വാങ്ങാൻ പോയിട്ട് നെല്ല് കുത്തി മുറത്തിലിട്ട് പേറ്റുന്ന ആംഗ്യം കാണിച്ചിട്ടും
പരാജിത ആയ അനുഭവം ഓർത്തും..
പിന്നീടൊരിക്കൽ, കടുക് വാങ്ങിക്കാൻ പോയി കടക്കാരന് മനസിലാകാഞ്ഞിട്ടു അവിടുള്ള ഓയിൽ പാക്കറ്റ് എടുത്തു ചട്ടിയിൽ ഒഴിക്കുന്ന ആംഗ്യം കാണിച്ചു പിന്നെ കടുക് വാരിയിടുമ്പോലെ കാണിച്ചു
"ട്ടോ..ട്ടോ.."എന്ന ശബ്ദം ഉണ്ടാക്കി
അപ്പുറത്തെ കടക്കാരനെ കൊണ്ട്
"ആവാലു"
എന്ന് പറയിപ്പിച്ച ഭഗീരഥപ്രയത്നം
ഓർത്തുള്ള നടുക്കത്തിലും കുട്ടി
കടയിൽ പോകാനിഷ്ടപ്പെടാറില്ല.
അവിടുത്തെ ആയമ്മ ഉണ്ടാക്കുന്ന ചവറും കഴിച്ചു നാലുനേരം കെട്യോനെ വിളിച്ചു
പരാതി പറഞ്ഞു കുട്ടി ദിവസങ്ങൾ തള്ളിനീക്കിയ കാലം..
സ്‌കൂളിൽ ഒരു സാർ ഒഴികെ ബാക്കിയെല്ലാം ലേഡി സ്റ്റാഫ്‌ ആണ് .അറിയാവുന്ന ഇഗ്ളീഷ് വച്ചാണ് അവരുടെ മുന്നിൽ കുട്ടിയുടെ യുദ്ധം.
അതിലുണ്ടാവുന്ന ഗ്രാമർ മിസ്റ്റേക് കണ്ടുപിടിക്കാൻ മാത്രം അവരാരും വളരാത്തതുകൊണ്ട് അവരുടെ ഇടയിൽ മദാമ്മ ആയി വിലസിനടക്കുമ്പോൾ ആണ് സാറിന്റെ രംഗപ്രവേശം.സാറിന്റെ ഭാര്യ പ്രസവം കഴിഞ്ഞു വീട്ടിലെത്തിയതുകൊണ്ട് സ്ഥിരമായി ലഞ്ച് ബോക്സുമായി വരുന്ന സാർ അത് കഴിക്കാൻ സ്വാഭാവികമായും
ലേഡി സ്റ്റാഫുകളോടൊപ്പം ഉച്ചസമയത്തു ഓഫീസിൽ ഒത്തുചേർന്നു..
വളരെ നല്ലൊരു മനുഷ്യൻ ആയിരുന്നു അദ്ദേഹം.ഉച്ചയ്ക്ക് കൊണ്ടുവരുന്ന കറികൾ എല്ലാവരുമായും പങ്കുവച്ചെ കഴിക്കു.
വാ തുറന്നാൽ ഇഗ്ളീഷ്‌ മാത്രമേ പറയു എന്നതൊഴിച്ചാൽ ബാക്കിയെല്ലാം കൊണ്ടും കുട്ടിക്ക് അങ്ങേരെ വല്യ ഇഷ്ടമായിരുന്നു
ഭക്ഷണം കഴിക്കുമ്പോൾ എല്ലാവരും മാതൃഭാഷ ആയ തെലുഗിൽ ആണ് സംസാരിക്കുക.
ആദ്യത്തെ കുറച്ചു ദിവസം നോക്കിയിരുന്നെങ്കിലും പതുക്കെ കുട്ടിയും തെലുഗ് സംസാരിച്ചു തുടങ്ങി.
തെറ്റുകൾ തിരുത്തികൊണ്ട് പരമാവധി സഹകരണവുമായി ടീച്ചേഴ്സും കൂടി.
അങ്ങനെ ഒരു ഉച്ചസമയത്തു എല്ലാവരും
ലഞ്ച് ബോക്സ് തുറന്നു. കറികൾ പങ്കുവയ്ക്കാൻ തുടങ്ങുമ്പോൾ സാർ പറഞ്ഞു.
"ഇന്ന് ഞാൻ തേങ്ങ ഇട്ട കറി ആണ് കൊണ്ടുവന്നത്" കേട്ടുനിന്ന കുട്ടിയുടെ മനസ്സിൽ നൂറു ലഡു ഒന്നിച്ചു പൊട്ടി.
പെട്ടന്നാണ് ഫോൺ റിങ് ചെയ്തത്.
നോക്കിയപ്പോൾ കെട്ടിയോൻ വിളിക്കുകയാണ്.കുട്ടി ഒരുനിമിഷം ആലോചിച്ചു. പുറത്തിറങ്ങി ഫോൺ സംസാരിച്ചു തിരിച്ചുവരുമ്പോളേക്കും കറി തീർന്നുപോകാൻ ചാൻസുണ്ട്.
ഇച്ചിരി എനിക്കും മാറ്റിവെക്കണേ എന്ന് പറഞ്ഞിട്ട് പോകുന്നതാവും നല്ലത്.
ഫോൺ ഓൺ ചെയ്തു കയ്യിൽ പിടിച്ച ശേഷം വളരെ വിനയകുനിയ ആയി കുട്ടി സാറിന്റെ മുന്നിൽ ചെന്ന് നിന്ന് പറഞ്ഞു
"സർ..നന്നെ കൊഞ്ചം ഉഞ്ചുക്കുണ്ടാരാ?"
പറഞ്ഞുതീരും മുന്നേ സർ ചോറ് നെറുകയിൽ കേറി ചുമച്ചുകൊണ്ട് പാത്രവുമായി പുറത്തേക്കിറങ്ങിപോയി..ടീച്ചേർസ് എല്ലാവരും നിശബ്ദരായി ..
പാവം കുട്ടി മാത്രം
"ഹലോ ഏട്ടാ..പറ"
എന്നും പറഞ്ഞോണ്ട് പുറത്തിറങ്ങി.
ഫോണിന്റെ അങ്ങേത്തലയ്ക്കലും നിശബ്ദത ആയിരുന്നു. രണ്ടുനിമിഷം കഴിഞ്ഞു കെട്ടിയോൻ ചോയ്ച്ചു.
"നീ ആരോടാ ഇപ്പോ സംസാരിച്ചേ?"
കുട്ടി: സാറിനോട് കറി എനിക്കും കുറച്ചു വക്കണേ പറഞ്ഞതാ..
കെട്ടിയോൻ:അതിനു നീ അങ്ങനെ അല്ലാലോ പറഞ്ഞെ അങ്ങേരോട്
കുട്ടി:പിന്നെ..അങ്ങനെ തന്നെയാ പറഞ്ഞെ 😏😏
കെട്ടിയോൻ :അതിന് "നാക്കു കൊഞ്ചം ഉഞ്ചണ്ടീ"എന്നാ പറയേണ്ടത് ..
ഇതിപ്പോ നീ പറഞ്ഞതിന്റെ അർഥം എന്താണെന്ന് നിനക്ക് വല്ലതും അറിയാവോ 😈😈
കുട്ടി: ...😐😐എന്താ?
കെട്ടിയോൻ: ഒലക്ക..കെട്യോളും പിള്ളേരുമുള്ള സാറിനോട് "നിന്നേം കൂടെ ഏറ്റെടുക്കാവോ" എന്ന ചോദിച്ചത് നീ..
കുട്ടി: (ഞരങ്ങിക്കൊണ്ടു ) എന്തിനു...?😑
കെട്ടിയോൻ : പച്ചമലയാളത്തിൽ പറഞ്ഞാൽ
"എന്നെ ഇങ്ങടെ "സ്റ്റെപ്പിനി" ആയി വക്കാമോ"?
എന്നാണ് നീ താണു കേണു പറഞ്ഞത് ഇപ്പോ
അങ്ങേരോട് 😈😈
നിശബ്ദത...
ഫോൺ കട്ടാക്കുന്നതാവും ആരോഗ്യത്തിന് നല്ലതെന്ന് മനസിലായ കുട്ടി
മെല്ലെ ഫോൺ കട്ട് ചെയ്തു . പിന്നെ ഉള്ളിലേക്ക് ഒന്ന് പാളിനോക്കി.
സാറിനെ കാണാനില്ല.
ടീച്ചേർസ് എല്ലാവരും നിശബ്ദരായി
ഇരുന്നു കഴിക്കുന്നു.
ചോദ്യത്തിന്റെ കടുപ്പം കൊണ്ടാവാം
തേങ്ങയിട്ട കറി സാർ തൊടാതെ മൊത്തം കുട്ടിക്കായി മാറ്റിവച്ചിട്ടുണ്ട്.
അന്നാ വരാന്തയിൽ വച്ച് വെറുത്തതാണ് തെലുഗിനെ. ഇന്നും അത്യാവശ്യം പറയാം എന്നല്ലാതെ എഴുതാനോ വായിക്കാനോ അറിയില്ല കുട്ടിക്ക് .
6വർഷങ്ങൾക്ക് ശേഷം ട്രാൻസ്ഫർ ആയിപ്പോകും വരെയും അന്നത്തെ സംഭവത്തെ പറ്റി ഒരു വാക്ക് കൊണ്ടുപോലും കുട്ടിയെ ട്രോളാത്ത സയൻസ് സാറിനെ കുട്ടി ഇന്നും ഇടയ്ക്കിടെ നന്ദിയോടെ ഓർക്കാറുണ്ട്.
വിനീത അനിൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo