നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കാടിന്റെ മകന് വിശന്നാൽ, അത്‌ കുറ്റമാണ്

കാടിന്റെ മകന് വിശന്നാൽ, അത്‌ കുറ്റമാണ്
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
അവന്റെ വസ്ത്രങ്ങൾ,
മിന്നുന്നവയായിരുന്നില്ല 
പഴകി തുള വീണവയായിരുന്നു.
അവന്റെ കാലിൽ
തുകൽ പാദ രക്ഷകൾ ഉണ്ടായിരുന്നില്ല,
അവൻ നഗ്ന പാദനായിരുന്നു.
അവന്റെ മുഖം സുന്ദരമായിരുന്നില്ല.
വെയിൽ കൊണ്ടു കരിഞ്ഞു
താടിരോമങ്ങൾ നിറഞ്ഞ,
അസുന്ദര ഭാവമായിരുന്നു
അവനെന്നും .
നവമാധ്യമങ്ങളിൽ
ദിനം തോറും, നാലു നേരം
വെളിപാടുകൾ എഴുതാൻ,
അവന്റെ കീശയിൽ
വില കൂടിയ ഫോൺ ഉണ്ടായിരുന്നില്ല.
എഴുത്തറിയാത്ത അവനു
വിളിക്കുവാനും
ആരും ഉണ്ടായിരുന്നില്ല.
അവനു വേണ്ടി ചാനലുകളിൽ ശബ്ദമുയർത്താനും
ആരുമില്ലായിരുന്നു.
അവനു ചങ്ങാതികളോ
ആരാധകരോ ഉണ്ടായിരുന്നില്ല
അവനൊരു
സെലിബ്രിറ്റി അല്ലായിരുന്നല്ലോ.
ചൂണ്ടു വിരലിൽ
മഷിയടയാളം
പുരട്ടുവാൻ കാലമാകുമ്പോൾ,
മാത്രം
അവന്റെ അസ്തിത്വം തേടി
അനേകർ വന്നിരുന്നു.
അന്ന് മാത്രം
അവൻ വയർ നിറച്ചു ഉണ്ടിട്ടുണ്ടാകണം
ഒരു നേരമെങ്കിലും...
അവന്റെ വീട് മണിമന്ദിരമായിരുന്നില്ല
അതിനു പഞ്ചായത്തിന്റെ
നമ്പറും ഉണ്ടായിരുന്നില്ല,
എന്തെന്നാൽ
അവന്റെ വീട്, കാടായിരുന്നു.
അവൻ
കാടിന്റെ മകനായിരുന്നു.
ഒരു പിടി അരി അവൻ മോഷ്ടിച്ചു,
കാരണം
അവനു എന്നും പട്ടിണിയായിരുന്നു,
അവനു വിശക്കുന്നുണ്ടയിരുന്നു.
ശരീരത്തിൽ
സുഗന്ധ ദ്രവ്യങ്ങൾ പൂശിയ
മേലാളൻമാർ
അവനെ കെട്ടിയിട്ടു മർദ്ദിച്ചു,
വായിലൂടെ രക്തമൊഴുകുന്ന
അവനെയും ചേർത്ത് സെൽഫിയെടുത്തു.
പിന്നെ
അവനെ തല്ലിക്കൊന്നു,
ഒരു പട്ടിയേ പോലെ.
ആരും ആ കണ്ണുകളിലേക്കൊന്നു നോക്കിയില്ല,
അതിലെ ദൈന്യവും യാചനയും
കാണുവാൻ,
ഒരുവനും കണ്ണുണ്ടായില്ല,
കണ്ടാൽ അലിയുവാൻ
അവർക്ക് ഹൃദയവും ഉണ്ടായിരുന്നില്ലല്ലോ..
••••••••••••••••••••••••••••••••••••
സായ് ശങ്കർ
°°°°°°°°°°°°°°°°°°°°

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot