Showing posts with label Shahul. Show all posts
Showing posts with label Shahul. Show all posts

ഒരു പ്രവാസി ഡ്രൈവറുടെ ഓണം

Image may contain: 2 people

രണ്ട് വർഷങ്ങൾക്ക് മുമ്പൊരു തിരുവോണനാൾ. ഷാർജയിൽ നിന്ന് ട്രക്ക് റോഡ് വഴി തിരിച്ച് വരുമ്പോഴാണ് ഞാനവനെ ആദ്യമായ് കാണുന്നത്.വിജനമായ സ്ഥലത്ത് ഒരു വാഹനത്തെ ചാരി നിന്ന് എന്റെ കാറിന് കൈ നീട്ടിയ അങ്ങേയറ്റം അവശനായ ഒരു യുവാവ്.
കാർ ഒരുഭാഗത്തേക്ക് ഒതുക്കി നിർത്തിയതും അവനെന്റെ അടുത്തേക്ക് ഓടി വന്നു.
മലയാളി അല്ലേ ? കുറച്ച് വെള്ളം തരോ ? ഞാനെന്തെങ്കിലും ചോദിക്കും മുമ്പേ കണ്ണ് നിറഞ്ഞുള്ള ആ ചോദ്യം മനസ്സിൽ വല്ലാത്ത നീറ്റലുണ്ടാക്കി . കാറിലുണ്ടായിരുന്ന പകുതി തീർന്ന ഒരു വെള്ളത്തിന്റെ ബോട്ടിൽ ഞാനവന് നേരെ നീട്ടി. നിന്ന നിൽപ്പിൽ ശ്വാസം പോലും വിടാതെ ആ വെള്ളം മുഴുവൻ കുടിച്ച് ബോട്ടിൽ എനിക്ക് നേരെ നീട്ടി അയാൾ ചോദിച്ചു ."നിങ്ങളുടെ പേരെന്താ ?" .
ഞാൻ കാറിൽ നിന്നിറങ്ങി സ്വയം പരിചയപ്പെടുത്തി. എന്ത് പറ്റി എന്ന എന്റെ ചോദ്യത്തിന്. അറബിയുടെ വണ്ടി ബ്രേക്ക് ഡൗൺ ആയപ്പോൾ വരാൻ പറഞ്ഞതാണെന്നും ഇവിടെ എത്തിയപ്പോൾ ഞാൻ വന്ന വണ്ടിയിൽ കയറി ഇത് വർക്ക് ഷോപ്പിൽ എത്തിക്കാൻ പറഞ്ഞ് അയാൾ സ്ഥലം വിട്ടെന്നും പറഞ്ഞു .
മൂന്ന് മണിക്കൂറായി പച്ച വെള്ളം പോലും കിട്ടാതെ പൊരിവെയിലത്ത് ഒരു റിക്കവറി വാഹനം കാത്ത് സകല വണ്ടികൾക്കും കൈ കാണിച്ച് നിൽക്കുകയായിന്നു ആ പാവം.
ഇന്ന് ഓണമായത് കൊണ്ട് ചില സുഹൃത്തുക്കളെ റൂമിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും എന്ത് വേണമെന്ന് ഒരു പിടിയുമില്ലെന്നും പറയുമ്പോൾ അവന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.
ഓരോന്ന് സംസാരിച്ച് നിൽക്കുന്നതിനിടയിൽ ഒരു വാഹനം വന്നു. കാർ അതിലേക്ക് കയറ്റിയ ശേഷം തിരിച്ച് പോരാനൊരുങ്ങുമ്പോൾ, എന്തോ അവനെ അവിടെ വിട്ട് വരാൻ മനസ്സനുവദിച്ചില്ല . റൂമെവിടെയാണേലും അവിടെവിടാമെന്ന് പറഞ്ഞ് ഞാനവനെ കൂടെ കൂട്ടി.
കാറിൽ അവൻ സ്വയം പരിചയപ്പെടുത്തി . പേര് പ്രസാദ്. പാലക്കാട് ജില്ലയിലാണ് . ബി എഡ് വരെ പഠനം .അച്ഛന്റെ മരണത്തോടെ ബാധ്യത ചുമലിലായി . അയൽവാസിയായ ദരിദ്ര കുടുംബത്തിലെ ഗൗരി എന്ന കുട്ടിയെ സ്നേഹിച്ചിരുന്നു . ഇരു കുടുംബവും അവരുടെ സ്നേഹത്തിൽ ഒപ്പം നിന്നു . പക്ഷെ വെറുമൊരു ട്യൂഷൻ മാഷായ അയാൾക്ക് ബാധ്യതകൾ തലയിലേറ്റാവുന്നതിനുമപ്പുറമായിരുന്നു .വിവാഹം കഴിക്കാൻ അവൾ ആവശ്യപ്പെട്ടപ്പോഴും അവനവളോട് പറഞ്ഞത് രണ്ട് കുടുംബത്തെയും പോറ്റാനാവുന്നതു വരെ നീ കാത്തിരിക്കണം എന്നാണ് . അവൾ അതിന് തയ്യാറായിരുന്നു .ഒരു പ്രൈവറ്റ് ഡ്രൈവറായി അന്ന് തുടങ്ങിയ പ്രവാസം .
"ഓണമായതോണ്ട് നീ ലീവൊന്നും ചോദിച്ചില്ലേ ?"
"ലീവെടുക്കാൻ പറഞ്ഞിരുന്നു . അപ്പോഴാണ് വണ്ടി കേടുവന്നത് . അല്ലെങ്കിലും നമ്മൾ പ്രവാസികളൊക്കെ മനസ്സിലല്ലേ ഓണമാഘോഷിക്കുന്നത് "
ഒരു ചെറു ചിരിയോടെ അവൻ ഓണത്തെ കുറിച്ച് വാ തോരാതെ പറഞ്ഞ് കൊണ്ടിരുന്നു.ആ ചിരിയിലും ഇടയ്ക്കിടെ അവന്റെ മിഴികൾ നിറയുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
സംസാരത്തിനിടയിൽ അവന്റെ റൂമെത്തിയത് പോലും ഞങ്ങളറിഞ്ഞില്ല. അത്രമേൽ ഒരാത്മബന്ധം ഞങ്ങൾക്കിടയിൽ വന്ന പോലെ..
ഞാനിറങ്ങുന്നില്ലെന്ന് പറഞ്ഞെങ്കിലും അവനെന്നെ വിട്ടില്ല. ഗേറ്റ് തുറന്ന് അകത്തേക്ക് കേറുമ്പോൾ മുറ്റമെന്ന് തോന്നിക്കുന്ന ചെറിയ സ്ഥലത്തു ഭംഗിയായി ഇട്ട ഒരു കുഞ്ഞുപ്പൂക്കളമുണ്ടായിരുന്നു . റൂമിലേക്ക് കയറിയപ്പോൾ അവനെന്റെ കയ്യിൽ മുറുകെ പിടിച്ചു . കൂടെ താമസിക്കുന്ന രണ്ട്മൂന്ന് ചെറുപ്പക്കാർക്കെന്നെ പരിചയപ്പെടുത്തി. അവരോട് വൈകിയതിൽ ക്ഷമയും ചോദിച്ചു. ക്ഷണിച്ചവരെല്ലാം ഭക്ഷണം കഴിച്ചു പോയെന്നവർ പറഞ്ഞു. എന്നെ റൂമിൽ കൊണ്ട് പോയി പായ എടുത്ത് വിരിച്ചു തന്ന ശേഷം നിസ്കരിച്ചോളൂ അപ്പോഴേക്കും ഞാൻ കഴിക്കാനെടുക്കാമെന്ന് പറഞ്ഞപ്പോൾ എനിക്കെന്തോ അത്ഭുതം തോന്നി.മനസ്സറിഞ്ഞ കൂട്ടുകാരൻ...
നിസ്ക്കാരം കഴിഞ്ഞപ്പോഴേക്കും ഭക്ഷണം റെഡിയാക്കി വെച്ചിരുന്നു. ഞാനും അവനും ഒരുമിച്ചിരുന്നു .
വീട്ടിൽ നിന്നും തുടരെ വരുന്ന മിസ്കാളിനെ പറ്റി വേവലാതി പറഞ്ഞ്, നെറ്റുമായി കണക്ട് ചെയ്ത് അവനപ്പോൾ തന്നെ നാട്ടിലേക്ക് വിളിച്ചു.
" അമ്മേ .. അമ്മന്തിനാ കരയുന്നേ? . ഇവിടെ ആളുകൾ വന്ന് തിരക്കായതോണ്ടല്ലേ വിളിക്കാത്തെ.
അമ്മ ഊണ് കഴിച്ചോ ? ഞാൻ കഴിച്ചിട്ട് കുറച്ച് നേരായി 'അമ്മ വേഗം കഴിക്ക്‌ "
അവൻ പറയുന്നതെല്ലാം എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു.
"അവരുടെ സന്തോഷത്തിന് ഒരു നുണയൊക്കെ പറയാമല്ലേ " എന്നവൻ ചോദിച്ചപ്പോൾ മുഖത്ത് ചിരി വരുത്താൻ ശ്രമിച്ചു.
" കുടുംബത്തോടൊപ്പം ഓണമാഘോഷിക്കാൻ വല്ലാത്ത ആഗ്രഹമുണ്ട് .അമ്മയുടെ കൈകൊണ്ടുണ്ടാക്കിയ സദ്യ കഴിക്കണം
അനിയത്തിമാരും ന്റെ ഗൗരിയും അരികിലുണ്ടാവണം ..
എന്നിട്ട് അച്ഛന്റെ ചാരുകസേരയിൽ പോയിരുന്ന് ചുമരിലുള്ള അച്ഛന്റെ ഫോട്ടോയിൽ നോക്കി പറയണം എല്ലാ ബാധ്യതയും ഈ മകൻ തീർത്തെന്ന്. ഒടുക്കം അമ്മയുടെ മടിയിൽ തലവെച്ച് എല്ലാം മറന്നൊന്നുറങ്ങണം. എന്നാണിനി ഇതൊക്കൊ നടക്കുന്നത്?"
ഇടറിയ ശബ്ദത്തോടെ അവനിത് പറഞ്ഞ് നിർത്തുമ്പോൾ എന്റെ ഉള്ളും നീറുന്നുണ്ടായിരുന്നു.
എണീറ്റ് കൈ കഴുകി എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ അവനെന്നെ ചേർത്ത് പിടിച്ചു പറഞ്ഞു. "ഞാൻ ഇപ്പൊ കഴിച്ച ഈ ഭക്ഷണം ഉണ്ടല്ലോ ... അതിനേക്കാൾ രുചിയുണ്ടായിരുന്നെടാ നീ എനിക്ക് നൽകിയ ആ വെള്ളത്തിന് ". എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല . പരസ്പരം കെട്ടിപ്പിടിച്ചു .
തിരിച്ചു കാറിൽ കയറി വീട്ടിലേക്ക് തിരിച്ചപ്പോഴും മനസ്സ് അവൻ്റെ കൂടെയായിരുന്നു .
ആ ഓണം എനിക്ക് തന്നത് ഒരു കൂട്ടുകാരനെ മാത്രമല്ല. സ്നേഹനിധിയായ ഒരമ്മയെയും കുടുംബത്തെയുമായിരുന്നു.

മഴയിൽ കുതിർന്നൊരു പ്രണയം

Image may contain: 2 people

ഒമ്പത് ബി ക്‌ളാസ്സിലിരുന്ന് ആയിരം വട്ടം എമ്പോസിഷൻ എഴുതുമ്പോഴാ നസീറിന്റൊരു ചോദ്യം .
"ടാ അന്റെ കൈയ്യക്ഷരം ന്ത് ഭംഗിയാ.. എനിക്കൊരു ലൗ ലെറ്റർ എഴുതിത്താടാ.."
മേരിക്കുട്ടി ടീച്ചർ മലയാളം വാക്കുകൾ തന്നിട്ട് അതിന്റെ ഇംഗ്ലീഷ് എഴുതാൻ പറഞ്ഞതാ. 'കഥാപാത്രം' അതിന്റെ ഇംഗ്ലീഷ് എത്ര ആലോചിച്ചിട്ടും കിട്ടിയില്ല. വെറുതെ സ്പേസ് വിടണ്ടാന്ന് കരുതി ഞാനങ്ങാട്ടെഴുതി "Storry plate ". ഇതുകാരണം ഞാനാ സ്കൂളിൽ തന്നെ കഥാപാത്രായി . ആയിരം ഇമ്പോസിഷനും കിട്ടി.
ഞാൻ ചോദിച്ചു " ആർക്കാണ്ടാ ലെറ്റർ ? "
"ഒമ്പത് സിയിലെ സമീറാക്ക് " നാണത്തോടെ അവൻ പറഞ്ഞു.
"ന്നാ പോയി നാല് തേൻമുട്ടായി വാങ്ങി വാ " എന്നും പറഞ് ഞാൻ ജോലി തുടങ്ങി.. അവൻ എത്തിയപ്പോഴേക്കും ലെറ്റർ റെഡി. ആത്മാർഥതയില്ലാത്തവൻ എന്ന പഴി വീട്ടുകാരിൽ നിന്നും ടീച്ചർ മാരിൽനിന്നും കേൾക്കുന്നത് ഇതൊന്നും അവരറിയാതെ പോയത് കൊണ്ടാണ്.
"ടാ നീയും വാ കൂട്ടിന്.. ഇക്കൊറ്റക്ക് പേടിയാ "
തേൻമിട്ടായി കയ്യിൽ കിട്ടാത്തോണ്ട് പോവാൻ നിർബന്ധിതനായി. കൂട്ടുകാരിയോട് ചിരിച്ച് ഗോവണിപ്പടി ഇറങ്ങിവരുന്ന അവളെ ഞാൻ ആദ്യമായി കണ്ടു.. സുന്ദരിയാണ്. അല്ലേലും സുന്ദരികളോടൊപ്പം രണ്ട് വാലിനെ ദൈവം കൊടുക്കും. അത് പ്രകൃതി നിയമമാണ്. ചെറിയ വിടവുകളുള്ള പല്ലുകൾ അവളുടെ ചിരിയെ കൂടുതൽ ഭംഗിയുള്ളതാക്കി. നസീറാണേൽ നിന്ന് വിറക്കാണ് . പ്രേം നസീറിന്റെ മാനം കളയാനുണ്ടായ ചങ്ങായിന്ന് മനസ്സിൽ കരുതി.
അവളടുത്തെത്തിയതും ലെറ്ററും കൊടുത്തോരോട്ടമായിരുന്നു അവൻ. അതോടെ അവളുടെ വായിലിരിക്കുന്നതൊക്കെ ഞാൻ കേട്ടു. ശേഷം ടീച്ചറും അവളുടെ ആങ്ങളയും എന്നേ സന്ദർശിക്കാൻ വന്നിരുന്നു. ലെറ്റെറിൽ കൃത്യമായി നസീറിന്റെ പേരും ക്ലാസും എഴുതിയത് കൊണ്ട് ഉപഹാരങ്ങൾ അവൻ ഏറ്റുവാങ്ങി.
ഇതോടെ അവളെന്റെ മനസ്സിൽ ഒരു കൂട് കൂട്ടിയിരുന്നു. അവളെ എങ്ങനെയെങ്കിലും വളക്കാൻ ഞാൻ തീരുമാനിച്ചു. ഉമ്മ നട്ടുനനച്ചുണ്ടാക്കിയ ചാമ്പക്ക, പേരക്ക, പുളി, ഞാവൽപ്പഴം ഇതൊക്കെ ഞാൻ അവളുടെ ക്‌ളാസ്സിലെ എന്റെ അയൽവാസിപ്പെണ്ണ് വഴി എക്സ്പോർട്ട് ചെയ്‌തു. ആദ്യം കൊടുക്കുന്നത് ഞാനാണെന്നറിയാതെയും പിന്നെ അറിഞ്ഞും. അന്ന് ചീത്തപറഞ്ഞതിൽ ക്ഷമ ചോദിച്ച് ഒരു തുണ്ട് പേപ്പർ അയൽവാസി വഴി എന്നിലെത്തിയപ്പോൾ ലോകം കയ്യടക്കിയ സന്തോഷായിരുന്നു.
അവൾക്കെന്നോട് ചെറിയ ഇഷ്ട്ടമുണ്ടെന്നറിഞ്ഞതോടെ അടുത്ത ലെറ്റർ വിക്ഷേപണത്തിന് ഞാൻ തയ്യാറെടുത്തു.
അന്നൊരു മഴയുള്ള ദിവസം..
സ്കൂളിൽനിന്ന് വീട്ടിലേക്കെത്താൻ ഒരു വീടിന്റെ മുന്നിലൂടെയുള്ള കുറുക്കുവഴിയിലൂടെയായിരുന്നു അവൾ പോയിരുന്നത് . സ്ക്കൂൾ വിട്ടയുടനെ ഞാൻ ഓടി അവിടെ അവളെയും കാത്ത് നിന്നു. വെള്ളമുണ്ടും പുതിയൊരു ഷർട്ടും വേഷം . ആ സുന്ദര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ചെറിയ ചാറ്റൽ മഴ യുടെ സാന്നിധ്യവുമുണ്ടായിരുന്നു.
എന്നെ കണ്ടതും അവളിൽ ഒരു പുഞ്ചിരി വിടർന്നു. അതൊരു സിഗ്നലാക്കി കണക്കിലെടുത്ത് ഞാൻ വേഗം അവളടുത്തേക്ക് നീങ്ങിയതും കാൽ വഴുതി ചക്ക വീണപോലെ ചളിയിൽ വീണതും ഒരുമിച്ചായിരുന്നു.
ആ വീട്ടുകാരുടെ പൊട്ടിച്ചിരിയും മറ്റുകുട്ടികളുടെ കളിയാക്കിച്ചിരിയും എനിക്ക് സഹിക്കാവുന്നതായിരുന്നു. പക്ഷേ ഓളെ ആ കൊലച്ചിരി......
ആ പല്ലിന്റെ വിടവിലൂടെ ഒരോട്ടോറിക്ഷക്ക് കയറിപ്പോകാം എന്നൊക്കെ അപ്പോ തോന്നി. പിന്നെ എന്നെ കാണുമ്പോഴുള്ള അവളുടെ ആക്കിയ ചിരി കാരണം ചളിയിൽ അലിഞ്ഞു പോയ ആ പ്രണയ ലേഖനത്തോടൊപ്പം എന്റെ (ആ ) പ്രണയവും ഞാൻ കുഴിച്ചു മൂടി..
അന്നാണെനിക്കൊരു കാര്യം മനസ്സിലായത്. ഈ മഴയും പ്രണയവും തമ്മിൽ വലിയ ബന്ധമൊന്നുമില്ല. കുറച്ചെങ്കിലും പ്രണയത്തിന് ബന്ധള്ളത് പുളിയോടും പുളിയച്ചാറിനോടുമൊക്കെയാണ്.

ഷ'ഫ്രീക്കി'ന്റെ കത്ത്


ഷ'ഫ്രീക്കി'ന്റെ കത്ത്
എന്റെ CHUNK വാപ്പ വായിച്ചറിയാൻ മകൻ ഷഫീക് എഴുതുന്നത്‌.... എനിക്കിവിടെ വല്യേ സുഖൊന്നും ഇല്ല.
വാപ്പ ഇങ്ങള് എന്ത് പേരാ ഞമ്മക്ക് ഇട്ടത്‌.. ഇന്നത്തെ കാലത്ത് ആരെങ്കിലും ഇടണ പേരാ ഇതൊക്കെ . ഏതായാലും ഞാൻ തന്നെ ഇന്റെ പേരൊക്കെ ഒന്ന് മാറ്റീട്ടുണ്ട്... ഫേസ് ബുക്കിൽ ഇപ്പൊ നുമ്മ പേര് 'ഷാ ഫ്രീക് 'ന്നാ വാപ്പാക്ക് ഇഷ്ടായാ വന്നൊന്ന് ലൈക്‌ അടിച്ച്‌ പൊയ്ക്കൊളിം.
പിന്നെ ഇങ്ങക്കറിയോ.. വല്ലിമ്മാന്റെ ഊന്നുവടിയാ മ്മളെ സെൽഫി സ്റ്റിക്ക്. എത്ര ദിവസായി ഒന്ന് വാങ്ങിത്തരാൻ ഉമ്മാനോട് പറീണ്. അപ്പൊ ഉമ്മച്ചി പറയാ ഇജ്ജു് ആ പത്തേമാരി ഒന്ന് സി ഡി ഇട്ട്‌ കണ്ടോക്കെ. അപ്പൊ അറിയാ വാപ്പ എങ്ങനെയാ കാശ് ഉണ്ടാക്ക്ണ്ന്ന്‌.
ഖബറിന് മുകളിലെ മീസാൻ കല്ല്‌ സ്റ്റെമ്പാക്കി ക്രിക്കെറ്റ് കളിക്കണ കുട്ട്യാളെ കാലാ ഇത്. പ്രവാസിയാളെ വിഷമൊന്നും ആർക്കും കേൾക്കണ്ട. പോരാത്തീന് മാപ്പിള ആൽബം പാട്ടുകാർ ഇങ്ങളെ ഒക്കെ പറ്റി പാടി ഇല്ല വിലകൂടി കളഞ്ഞിട്ടുണ്ട്.
CHUNKI വല്ലിമ്മ എപ്പളും പറയും പണ്ടൊക്കെ ഒരു പ്രവാസഗാനം കെട്ടാൽ പ്രയാസം കണ്ട് കണ്ണ് നിറയും. ഇപ്പൊ കേട്ടാ ചിരിച്ച് ചിരിച്ച് കണ്ണ് നിറയുംന്ന്‌.
അവിടുത്തെ ചൂടൊക്കെ ഇവിടേം വന്നതോണ്ട് ഇപ്പൊ ഇങ്ങളും ഞമ്മളും വല്യ വ്യത്യാസൊന്നും ഇല്ല.. ഞാൻ വീടിന്റെ പിറകിൽ കുഴിച്ചിട്ട ഈത്തപ്പഴക്കുരു മുളച്ചിട്ടുണ്ട്. അതൊന്ന് വലുതാവട്ടെ. പിന്നെ ഇടയ്ക്കു റിലയൻസ് കമ്പനി വന്ന് കൊച്ചിയിൽ
പെട്രോളുണ്ടോന്നു കുഴിച്ച് നോക്കാറുണ്ട്. അതീന്നെങ്ങാനും പെട്രോളിന്റെ മണം വന്നാ പിന്നെ ഇങ്ങൾ അവിടെ നിക്കരുത്‌...വേഗം ഇങ്ങട്ട് പോരണം. പിന്നെ അന്ന് ഇങ്ങളെ തല്ലിയ അറബിച്ചി ഒക്കെ ഞമ്മളെ വീട്ടിലെ ഗദ്ദാമേണ് ഗദ്ദാമ ....അറബി ഗദ്ദാപ്പീം..
പിന്നെ വാപ്പ വ്യത്യസ്ഥ കളറുള്ള ഒരു ഡസൻ ജെട്ടി കൊടുത്തയക്കണം. ഇപ്പൊ എല്ലാരും ജെട്ടിക്ക് താഴെ പാന്റ് എടുക്കുന്നത് കൊണ്ട് കളറൊക്കെ ശ്രദ്ധിക്കും.
അന്ന് ഇങ്ങള് എസ് എസ് എൽ സി പാസ്സായാ സ്കൂട്ടി വാങ്ങിത്തരാന്ന്‌ പറഞ്ഞത് ഞാൻ മറന്നിട്ടില്ല... അതൊന്ന് മാറ്റി സ്കൂട്ടി വാങ്ങി തന്നിട്ട് എസ് എസ് എൽ സി പാസ്സായാ മതി എന്നാക്കാൻ പറ്റോ ? ഭരണം മാറിയതോണ്ട് എനിക്ക് വല്ല്യ പ്രതീക്ഷന്നും ഇല്ല.
ഏതായാലും ഇന്നീം ഇങ്ങളെ ബി പി ഞമ്മള് കൂട്ടണില്ല. നിർത്താണ്.
എന്ന് സ്വന്തം ഷ ഫ്രീക്..

ഒമ്പത്‌ ബി ബാക്ക് ബെഞ്ചേഴ്സ്


ഒമ്പത്‌ ബി യിൽ, ബാക്‌ബെഞ്ചേഴ്സിലെ ഏറ്റവും നല്ലകുട്ട്യേനു ഈ ഞ്യാൻ.. വർത്താനം പറീണോലെ ലിസ്റ്റിലും എന്നും ഞമ്മക്കെന്നെ ഒന്നാം സ്ഥാനം.
അർദ്ധവാർഷികപരീക്ഷ നടക്കണ സമയം.വിഷയം മാത്‍സ് .. തുണ്ടുപേപ്പറൊന്നും ഇല്ലേലും ഉള്ളപോലെ ഒരഭിനയണ്ട്.മാഷ് വന്നോക്കി ചെക്ക്‌ചെയ്ത് നിരപരാധിത്വം ബോധ്യമായാ കിട്ടണ ഒരാത്മനിർവൃതി.... ഹോ!!അതൊന്ന് വേറെതന്നേണ്. അതിനുംവേണ്ടി ഓസ്കർ അവാർഡിനുള്ള അഭിനയം കാഴ്ചവെക്ക്‌ണ എടീലാണ് ബാക്കികൂടെ വന്ന് മാഷ് പോക്കറ്റിൽ കയ്യിട്ടത്. പോക്കറ്റിൽ ഉണ്ടായിരുന്ന കോമ്പസ് കയ്യിൽ കുത്തികേറി ആ അവാർഡ് മാഷങ്ങ്ട് സ്വന്തമാക്കി. മ്മൾ ബാക്ക്ബെഞ്ചേഴ്‌സ് ഇൻസ്ട്രുമെന്റ് ബോക്സ് കൊണ്ടുവരുന്നത് അന്നും ഇന്നും ഷെയിം കേടല്ലേ?
എന്തായാലും ആ സംഭവത്തോടെ,ഇന്റെ സ്റ്റാറ്റസ് "അദ്ധ്യാപകനെ കോമ്പസോണ്ട് കുത്തിയോൻ" എന്നായി .
പരൂഷയിലെ അതിഭീകര മാർക്കുചോർച്ചയും ഈ സംഭവവും ഒക്കെക്കൂടെ മ്മളെ ഒമ്പത് ജിയിലേക്ക് പറിച്ച് നാട്ടി.
അവിട്ന്നാണ് തുരപ്പൻ നാസറിനെ പരിചയപ്പെടുന്നത്..ക്‌ളാസ്സിലെ രണ്ടാംവർഷ 'വിരുത'വിദ്യാർത്ഥി.
ദിവസവും വെള്ളതുണീം ഏതെങ്കിലും കള്ളിഷർട്ടും വേഷം.(യൂണി ഫോമിലൊന്നും ബല്യേ കാര്യല്ല)ക്ലാസ്സ് കട്ട് ചെയ്ത് സിനിമക്ക് പോയ അന്നുമുതലാണ് ഞങ്ങ ആൽമാത്ര സൂർത്തുക്കൾ ആയത്.
അവനില്ലാത്ത ഒരീസം ഉച്ചക്ക്,അതി കഠിനമായ സങ്കടത്തോടെ ഭക്ഷണം കഴിക്കുവായിരുന്ന ഞാൻ .. പെട്ടെന്നാണ് മതിലിന് മോളീൽ രണ്ട് കണ്ണുകൾ കണ്ടത് . തൊരപ്പനാണെന്ന് മനസ്സിലാക്കി ഞാൻ ചെന്നു.
" എടാ ഇന്ന് ലാസ്‌റ്റ് പിരീഡ് പി റ്റി യല്ലേ.. അതിന് മുമ്പുള്ള ആശ ടീച്ചർ ലീവിലും.. ഇജ്ജ് വാ മ്മക്ക് സിനിമക്കോക"
ഇല്ലാന്ന് 'പലവട്ടം' പറഞ്ഞിട്ടും അവൻ സമ്മയ്ച്ചില്ല.. തീയേറ്ററിൽ എത്തീപ്പോഴാണ് ഓന്റെ അമിത സ്നേഹത്തിന്റെ ഗുട്ടൻസ് പിടികിട്ടിയത്.. ഓന്റെട്ത്ത് ഒരുറുപ്പിയെന്റെ കൊറവുണ്ട്..
കീശീൽണ്ടായ്‌ന പത്തുറുപ്പ്യ കൊട്ത്ത് ടിക്കറ്റെടുത്ത് വരാൻ പറഞ്ഞു,. ഞാൻ തീയേറ്ററിന്റ വാതില്‌ക്കെ പോയി നിന്നു. ഉമ്മ സഞ്ചയ്കയിൽ അടക്കാൻ തര്ണ കാശ് കൃത്യമായി ഞാൻ ഇവിടെയാണ് നിക്ഷേപിച്ചിരുന്നത്. അവിടുണ്ടായിരുന്ന സെക്യൂരിറ്റിക്കാരനോട് സംസാരിച്ചു കൊണ്ട് നിക്കുമ്പോ..പോക്കറ്റിൽ ടിക്കറ്റും രണ്ടുകയ്യിൽ ഐസ് ക്രീമുമായി അതാ വരുന്നു തൊരപ്പൻ ..
"ഐസ്ക്രീം വാങ്ങാൻ അനക്കെവിടുന്നാടാ പൈസ?" ദേഷ്യത്തോടെ ഞാൻ.
32 പല്ലും കാട്ടി അവൻ
" അന്റെ പൈസീം കൊണ്ട് വാങ്ങി "
അതെനിക്ക് തീരെ പുട്ചിലാ. അപ്പൊത്തന്നെ ഇന്റെ രണ്ട്‌ കൈകൊണ്ടു അവൻ്റെ കഴുത്തിന്റെ അളവെടുത്തു . അതവനുണ്ടോ പുടിക്കണ്? ഐസ് ക്രീം അവിടെയിട്ട് ഓനെന്റെ കോളറിന്റെ ലെവലങ്ങട്‌ ശരിയാക്കി.സെക്യൂരിറ്റിക്കാരന് ഇതുരണ്ടും പുട്ച്ചില്ല. കാഴ്ചക്കാരെ നിരാശപ്പെടുത്തി അടിക്ക് സുല്ലിട്ടു.രണ്ടാളും രണ്ടു ഭാഗത്തിരുന്ന് സിനിമ കണ്ടു.
അടുത്തദിവസം ക്ലാസ്സ്‌ടീച്ചർ വന്നതേ ഒരുചൂരലും കൊണ്ട് .. കണ്ണുരുട്ടി ഇന്നോട്,
"നീ ഇവിടെവാ ... ഇന്നലെ ഉച്ചക്ക് ശേഷം ഞാൻ വന്നപ്പോ നീ എവിടെയായിരുന്നു ?"
"ടീച്ചറെ..അത് "..... എന്നു പറഞ്ഞപ്പോഴേക്കും ബാക്കിൽ നിന്ന് തൊരപ്പൻ,
" ഓൻ സിന്മക്കു പോയതാ .. ഇന്നലെ ആസ്പത്രീ പോയപ്പോ ഓൻ അവിടെ കയറണത് ഞാൻ കണ്ടു ."
പറഞ്ഞു തീർന്നപ്പോഴേക്കും ചൂരൽ തൊടമ്മേക്കൂടെ പാഞ്ഞു . നിമിഷങ്ങൾക്കകം രണ്ടു മെട്രോ പാതന്റെ നിർമ്മാണം ഇന്റെ തൊടമ്മേൽ പൂർത്തിയായി ..
തൊരപ്പനെ അങ്ങനെ വിട്ടാ പറ്റോ?? "ടീച്ചറെ.. ഞാൻ മാത്രല്ല ഓനും ണ്ടായ്ന്നു ഇന്റൊപ്പം "
"കള്ളി വെളിച്ചത്തായപ്പോ അവനെയും തല്ലുവാങ്ങിക്കുന്നോടാ" എന്നും പറഞ് ആ അടിയും ഞമ്മക്കെന്നെ . ഇതുകണ്ട് ക്ലാസ്സിൽ കൂട്ടച്ചിരി ഉയർന്നു.(കൊലച്ചിരി) നമ്മ നാണം കെട്ടു(അത്ണ്ടായിട്ടല്ല.ന്നാലും) ...
ഈ സംഭവത്തോടെ ഇന്നിലെ പ്രതികാരദാഹി ഉറക്കമുണർന്നു.
ഉറങ്ങുമ്പഴും,ഉണ്ണുമ്പഴുംഒക്കെ എങ്ങനേലും ക്ലാസ്സിൽ
അവനീം നാണം കെടുത്തണം എന്ന ചിന്തയായിരുന്നു. നാല് ദിവസത്തിന് ശേഷം അതിനൊരു അവസരം ഒത്ത് വന്നു.
ക്ലാസ്സിന്റെ ബാക്കിൽ, ഒരു ഭാഗത്തെ രണ്ട് കാലുപോയ ഒരു ഡെസ്‌കിന്റെ
മുകളിൽ കയറി താഴേക്ക് ഉതിർന്നിറങ്ങുന്നത് ഓന്റെ ഹോബ്യാണ്.
അന്ന് ക്ലാസ്സിൽ ആളില്ലാത്ത ലാസ്റ്റ് പിരിയഡ്. ഓനും ഓന്റെ ശിങ്കിടികളും ബാക്കിൽ ഉതിർന്നു കൊണ്ടിരിക്കണ്. ഞാനിന്റെ ഒരുസുഹൃത്തിനേം കൂട്ടി ഡെസ്കിന്റെ ഉതിരാൻ തുടങ്ങുന്ന ഭാഗത്ത് ചെന്ന് സംസാരിക്കാൻ തുടങ്ങി. തൊരപ്പൻ ഉതിരാനായി ഡെസ്കിന്റെ മുകളിൽ കേറിയപ്പോ ഓന്റെ മുണ്ടിന്റെ കോന്തല ഭാഗം ഡെസ്കിന്റെ രണ്ട് പലകകൾക്കേടിൽ ക്കൊളുത്തിയിട്ടു. ഇതറിയാതെ താഴെക്കുതിർന്നതും ഉടുതുണി പിന്തുണ പിൻവലിച്ചതും ഒപ്പായ്ര്ന്നു..
പണ്ടേ 'അടിസ്ഥാന' പരമായകാര്യങ്ങളിൽ 'നഗ്‌ന'മായ നിലപാടെടുത്തീന ആളേനു പുള്ളി.
ഒണങ്ങാനിട്ടിരുന്ന കൊടയെട്ക്കാൻ വന്ന സുമയ്യയാണ് ആ ഭീകര കാഴ്ച്ച ആദ്യം കണ്ടത്. ഓൾ അലറിച്ചിരിച്ചത് എല്ലാർടേം ശ്രദ്ധ ക്ഷണിക്കലിന് കാരണായി .
ആൺകുട്ട്യോൾ ആദ്യായി കാണ്ന്ന പോലേം പെൺകുട്ട്യോൾ കണ്ടിട്ടും കാണാത്തപോലേം നിന്നു .
പലരും യാഥാർഥ്യങ്ങൾക്ക്‌ നേരെ മുഖം തിരിച്ചു.
പൂരപ്പറമ്പായ ക്‌ളാസ്സിലേക്ക് അട്ത്ത
ക്ലാസ്സിലെ സത്യൻ മാഷ് വടിയും കൊണ്ട് കയറിവന്ന് അലറി..
"എന്താ ഇവിടെയൊരു ബഹളം ?"
ഡീസെന്റായി ഞമ്മ കാര്യം അവതരിപ്പിക്കുകയും ഇൻക്ക് കിട്ടിയ അതേ പോലോത്തെ മെട്രോ പാത മാഷ് ഓനും പകർന്ന് കൊടുക്കേം ചെയ്തു.
ഇതോടെ സ്കൂളിൽ ഓന്റെ സ്റ്റാറ്റസ് മ്മളേം മുകളിലായി. " പെൺകുട്ടികൾക്ക് ഉമ്മറം കാണിച്ചവൻ".

ഗൾഫുകാരന്റെ ഭാര്യ


നാളെ ഒരു ക്യാൻസൽ ഉണ്ട്. ഗൂഡല്ലൂര്കാരൻ മുരുകൻ . കാൽമുട്ടു വേദന കാരണം ജോലിക്കിറങ്ങാൻ പറ്റുന്നില്ലെന്ന് ".
ഒരു വർഷം മുമ്പ് കൺസ്ട്രക്ഷൻ കമ്പനിയിലെ എഞ്ചിനീയർ വന്നിതു പറഞ്ഞപ്പോൾ ഞാനയാളുടെ ഫയലെടുത്ത് പരിശോധിച്ചു. പതിനാലു വർഷം മുമ്പ് യുവത്വമെന്ന വസന്തകാലം വേണ്ടെന്നുവെച്ച് മണ്ണിനെയും പെണ്ണിനേയും കുടുംബത്തെയും വിട്ട് ജീവിതഭാരം പേറാൻ വിധിക്കപ്പെട്ടവൻ. തന്റെ ആരോഗ്യം കമ്പനിക്ക് വേണ്ടി തീറെഴുതി കൊടുത്തവൻ . ആരോഗ്യം ശയിച്ചെന്ന് കണ്ടപ്പോ കമ്പനിക്കവൻ ഭാരമായി.
അടുത്ത ദിവസം പേപ്പർ വർക്കെല്ലാം ശരിയാക്കി അവനെയും കൂട്ടി ഇമ്മിഗ്രേഷനിലേക്ക്. യാത്രയിൽ വിശേഷങ്ങളും മറ്റും ചോദിച്ചു.
"നിങ്ങൾ എന്തിനു ക്യാൻസൽ ചെയ്യണം ? ലീവിൽ പോയി അസുഖം മാറിയിട്ട് വന്നാപോരെ ? ഞാൻ വേണേൽ കമ്പനിയിൽ റിക്വസ്റ്റ് ചെയ്യാം ."
"അയ്യോ .. വയ്യാ തമ്പി . ഞാൻ ആദ്യേ പോകണന്ന് കരുതിയതാ . ആറ് വർഷായി നാട്ടിൽ പോയിട്ട്. എഞ്ചിനീറിങ്ങിന് പഠിക്കുന്ന മകന്റെ വിദ്യാഭ്യാസം കരുതിയാ ഈ നാല്പത്തിനാല് ഡിഗ്രി ചൂടിൽ വേദനയെല്ലാം സഹിച്ച് ജോലി ചെയ്തത് .ഭാര്യക്കാണേൽ കാശ് കാശ് എന്നൊരു ചിന്തയെ ഉള്ളൂ . കിട്ടുന്ന സാലറിയിൽ നിന്ന് ഇരുന്നൂറ് ദിർഹമൊഴിച്ച് ബാക്കിയെല്ലാം അയച്ചുകൊടുക്കണം . വീട്ടിലേക്കുള്ള വിളിപോലും ആഴ്ചയിൽ ഒരുദിവസം മതിയെന്നവൾ നിബന്ധന വെച്ചിട്ടുണ്ട് . എനിക്കിവിടെ നിൽക്കാൻ മനസുറക്കുന്നില്ല". മുരുകൻ പറഞ്ഞു .
മകന്റെ പഠനമൊക്കെ കഴിഞ്ഞോ എന്നായി ഞാൻ .
" ഇല്ല .. കുറച്ച് മാസം കൂടിയുണ്ട് . കമ്പനി തരുന്ന ഗ്രാറ്റിവിറ്റിയിൽ നിന്ന് അതിനുള്ള പണം കണ്ടെത്തണം . പിന്നെ ഒരു മോളും ഉണ്ട് ".
കാർ എമിഗ്രേഷൻ ഓഫീസിന് മുന്നിലെത്തി . വേച്ച് വേച്ച് ആ പടികൾ കയറുന്നത് കണ്ടപ്പോൾ മനസ്സൊന്ന് പിടച്ചു. പതിനാലു വർഷത്തെ.പ്രവാസ ജീവതത്തിനുമേൽ ചുവന്ന സീൽ വീണു .
തിരിച്ചുവരുമ്പോൾ അയാളെന്നോട് പറഞ്ഞു . " ഇനി എൻ്റെ മുന്നോട്ടുള്ള വഴി ഇരുൾ നിറഞ്ഞതാവാം .ഭാര്യയുടെ സ്വഭാവത്തിൽ വന്ന മാറ്റവും അവഗണയും എന്നെ ഭയപ്പെടുത്തുന്നുണ്ട് . എന്തോ ദുരൂഹത നാട്ടിലെന്നെ കാത്തിരിക്കുന്നതു പോലൊരു തോന്നൽ . ഞാനെന്റെ നാട്ടിലെ നമ്പർ സാറിന് തരട്ടെ .? അറബിയുടെ ഫ്‌ളാറ്റുകളിൽ വല്ല സെക്യൂരിറ്റി ജീവനക്കാരന്റെ ഒഴിവും വന്നാൽ എന്നോട് പറയാൻ മറക്കരുത് ".
ഞങ്ങൾ പരസ്പരം നമ്പർ കൈമാറി . നാലുദിവസത്തിന് ശേഷം മുരുകൻ നാട്ടിലേക്ക് തിരിച്ചു .
ഒരു വർഷത്തിന് ശേഷം ഇന്നലെ എൻ്റെ വാട്ട് സ് അപ്പിൽ മുരുകന്റെ ഒരു മെസ്സേജ് കണ്ടു . " തമ്പീ സുഖാണോ ..? ഒരു ജോലി വേണാരുന്നു ".
കമ്പനിയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനാൽ ഞാൻ അയാളെ വിളിച്ചു .
" അണ്ണാ.. കമ്പനിയിലേക്ക് വീണ്ടും വരാൻ തീരുമാനിച്ചതിൽ സന്തോഷം . ഭാര്യ അവിടെ നിൽക്കാൻ സമ്മതിക്കുന്നുണ്ടാവില്ല അല്ലേ .?
" അയ്യോ അവൾ പഞ്ച പാവം. എനിക്ക് അസുഖം വന്നു തുടങ്ങിയപ്പോഴേ അവൾ മുൻകരുതലെടുത്തതാ . പൊതുവെ ധൂർത്തനായ എന്നിൽനിന്ന് പലതും അവൾക്ക് മറച്ചുവെക്കേണ്ടി വന്നു . ക്യാൻസൽ ചെയ്ത് വീടിനു മുന്നിലെത്തിയ ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി. വീടിനുമുന്നിൽ ചെറിയ ഒരു കെട്ടിടം അവൾ പണികഴിപ്പിച്ചിരിക്കുന്നു . കമ്പനിയിൽ നിന്ന് കിട്ടിയ കാശ് കൊണ്ട് ഞങ്ങളതിൽ ഒരു തുണിക്കട ഇട്ടു . കുറച്ച് ടൈലറിംഗ് മെഷീൻ വാങ്ങി . അയൽവാസികളൊടൊപ്പം അവളും ജോലി ചെയ്തു . ഞാനത് ടൗണിൽ വലിയ ഷോറൂമുകളിൽ കൊണ്ടുപോയി വിറ്റു . ഇപ്പൊ ജീവിതം നല്ല നിലയിൽ പോകുന്നു തമ്പീ ".
അയാളുടെ ഭാര്യയെ കുറിച്ചോർത്തു വല്ലാത്തൊരു സന്തോഷവും അഭിമാനവും തോന്നി എനിക്ക് . ശരിക്കും ഇവളല്ലേ ഭാര്യ . ഭർത്താവിന്റെ കഷ്ടപ്പാട് തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവൾ . ഭർത്താവ് എന്നും കുടുംബത്തിന്റെ കറവപ്പശു ആവേണ്ടവനല്ല എന്നാഗ്രഹിച്ചവൾ. പിന്നെന്തിനാണയാൾ വീണ്ടും ജോലി വേണമെന്ന് പറഞ്ഞത് .? ഈ സംശയം ഞാനയാളോട് ചോദിച്ചു .
" തമ്പി .. അതെനിക്കല്ല ..മോന്‌ എഞ്ചിനീയറിംഗ് കഴിഞ്ഞു. അവന് വേണ്ടിയാ "
പതിനാല് വർഷം അനുഭവിച്ച വേദനകളിൽ നിന്നും കരകയറിയവന്റെ സന്തോഷം മുരുകന്റെ ഈ വാക്കുകളിൽ ഉണ്ടായിരുന്നു .
പ്രവാസിയുടെ ഭാര്യ എന്ന് കേട്ടപ്പോഴേക്കും അവിഹിതം പ്രതീക്ഷിച്ചവർ എന്നോട് ക്ഷമിക്കണം. പ്രവാസത്തിന്റെ നോവുന്ന നൊമ്പരങ്ങളോടൊപ്പം ചേർന്ന് നിൽക്കുന്നവരാ അധിക ഭാര്യമാരും. ആരും തിരിച്ചറിയുന്നില്ലെന്ന് മാത്രം.

ന്റെ "കാലൻ" കുട .......!!!!


നാട്ടില്‍ കുട്ടികള്‍ക്കിടയില്‍ കാലന്‍കുട ഫാഷന്‍ ആയ കാലം . ഒരെണ്ണം സ്വന്തമാക്കണമെന്ന ആഗ്രഹം എനിക്കും ഉണ്ടായി. സ്വിച്ച് ഇട്ടാല്‍ നിവരുന്ന കുട ആയിരുന്നു ലക്‌ഷ്യം . കടയില്‍ പോയി വില ചോദിച്ചപ്പോള്‍ നൂറ്റി നാല്‍പ്പത് രൂപ . എന്റെ കയ്യിലാനെന്കില്‍ ഇരുപതു രൂപ മാത്രം .ചേട്ടനോട് ഒരു നൂറ്റിഇരുപതു രൂപ കടം ചോദിച്ചു .
" എന്റെ അടുത്ത് കാശില്ല .... നീ ആ കാശ്‌ ഇങ്ങുതാ കുട പിന്നെ വാങ്ങാം ...."എന്നായി അവന്‍ . ഇതവന്റെ സ്ഥിരം നമ്പര്‍ ആണെന്ന് അറിയാവുന്നത് കൊണ്ട് മറുത്തൊന്നും പറഞ്ഞില്ല . ഇനി ചോദിക്കാനുള്ളത് ബാപ്പയോടാണ് " ഉള്ള കുടക്കെന്തു പറ്റി " എന്ന് ചോദിച്ചാല്‍ എന്ത് പറയും ???. അതുകൊണ്ട് എന്റെ കുടയെ വകവരുത്താന്‍ ഞാന്‍ നിര്‍ബന്ധിതന്‍ ആയി.
"രണ്ടു വില്ല് ഒടിച്ചാലോ " എന്നായി ആദ്യ ചിന്ത . ആഴ്ച തോറും കുടനന്നാക്കുന്നവര്‍ വീടുകയറി ഇറങ്ങുന്നത് കൊണ്ട് അതിനു സ്കോപ്‌ കണ്ടില്ല . ചേട്ടനോട് വിവരം പറഞ്ഞ സ്ഥിതിക്ക് ശീലക്കു ബ്ലേഡ് വെക്കാനും നിവര്‍ത്തിയില്ല .ഇങ്ങനെ തല
പുകഞ്ഞിരിക്കുംബോഴാണ് പെരുന്നാള് പോലെ ( കൊല്ലത്തില്‍ രണ്ടു പ്രാവശ്യം ) എന്റെ ഗൂടല്ലുരിലെ അമ്മായിയുടെ മഴയും കൊണ്ടുള്ള വരവ് . അവിടെ മഴ ഇല്ലാത്തതിനാല്‍ അമ്മായി കുട എടുത്തിരുന്നില്ല . ആ വരവ് കണ്ടപ്പോഴേ എന്റെ തലയിലെ ബള്‍ബ്‌ കത്തി. എന്ത് വിലകൊടുത്തും ഈ കുട അമ്മായിയെ താങ്ങണം എന്ന് ഞാന്‍ വിചാരിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു .
രണ്ടു ദിവസം കഴിഞ്ഞു അമ്മായി പോകാന്‍ ഒരുങ്ങിയപ്പോള്‍ ഞാന്‍ അമ്മായിയുടെ അടുത്ത് ചെന്ന് പറഞ്ഞു" മഴ വരുന്നുണ്ട് അമ്മായി ഈ കുട എടുത്തോ ...!!!" (എന്റെ ഈ സ്നേഹം അമ്മായി ഇപ്പോഴും എടുത്തു പറയാറുണ്ട്‌ ....)
ഞാന്‍ കുടകൊടുക്കുന്നത് കണ്ട വാപ്പയും ഉമ്മയും അമ്മായിയോട് എനിക്കുള്ള സ്നേഹം കണ്ടു സന്തോഷിച്ചു .അടുത്ത ദിവസം സ്കൂളില്‍ പോകാന്‍ എനിക്ക് കുട വേണം എന്ന് വാശി പിടിച്ചപ്പോഴാണ്ആ സ്നേഹത്തിന്റെ ആഴം അവര്‍ക്ക് മനസ്സിലായത്‌ .
"നീ എന്റെ കുട എടുത്തോ നിനക്ക് ഇനി അടുത്ത വര്‍ഷമേ കുട വാങ്ങുകയുള്ളു " എന്ന ഉമ്മയുടെ വാക്കുകള്‍ എന്റെ സമനില തെറ്റിച്ചു . എന്റെ അടുത്ത് ഇരുപതു രൂപയുണ്ട് ബാക്കി തന്നാല്‍ മതി എന്നായി ഞാന്‍ . മൂന്ന് ദിവസത്തോളം നടത്തിയ സത്യാഗ്രഹത്തിന്റെയും പ്രതിഷേധ മാര്‍ച്ചിന്റെയും ഫലമായി ഉമ്മയില്‍ നിന്ന് ഇരുപതു രൂപയും ബാപ്പയില്‍ നിന്ന് നൂറു രൂപയും സംഘടിപ്പിച്ചു . അന്ന് തന്നെ കടയില്‍ പോയി സ്വിച്ച് ഇട്ടാല്‍ നിവരുന്ന കുട ഞാന്‍ വാങ്ങി .
കുട കിട്ടിയതിനു ശേഷം എന്റെ ഗമ ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു . എന്റെ ഗമയില്‍ എനിക്ക് തന്നെ അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു അത് . കുറച്ചു സമയം തോളില്‍ വെക്കും പിന്നെ എടുത്തു കുത്തിപ്പിടിക്കും . മുന്നിലെ ഇലകളും കടലാസുമെല്ലാം തോണ്ടി ഇടും ... വല്ല കടത്തിണ്ണയിലും കയറുമ്പോള്‍ എല്ലാവരും കാണാന്‍ വേണ്ടി മുകളില്‍ എവിടെ എങ്കിലും തൂക്കി ഇടും . അതില്‍ നിന്ന് ഇറ്റു വീഴുന്ന വെള്ളം കൊണ്ട് കൈകഴുകുന്ന പോലെ കാണിക്കും . ഇത് ചിലത് മാത്രം ..
ഇനി സംഭവത്തിലേക്ക് ......
കുട വാങ്ങി ഒരാഴ്ച്ചയെ ആയിട്ടുള്ളൂ ....സ്കൂള്‍ വിട്ടു ഞാന്‍ ബസ്സില്‍ വീട്ടിലേക്കു വരുകയായിരുന്നു .നല്ല മഴയുണ്ട് . ഇരിക്കാന്‍ സീറ്റ്‌ കിട്ടാത്തത് കൊണ്ട് കുടയും കുത്തിപ്പിടിച്ചു നിന്നു . മുകളിലെ കമ്പിയില്‍ പിടിക്കാന്‍ എത്തുമെങ്കിലും അതിനു തുനിഞ്ഞില്ല. പെട്ടന്നായിരുന്നു ഡ്രൈവറുടെ ഒടുക്കത്തെ സഡന്‍ ബ്രേക്ക്‌ . വീഴാതിരിക്കാന്‍ വേണ്ടി ഞാന്‍ എന്റെ ശക്തി മുഴുവന്‍ കുടയിലേക്ക്‌ ആവാഹിച്ചു .എന്റെ കുട ചെറുതായി പോകുന്നതായി എനിക്ക് തോന്നി . ഉയര്‍ത്തി നോക്കിയപ്പോള്‍ അറ്റത്തെ കമ്പി വളഞ്ഞു കുട മൈക്ക് പോലെ ആയിരിക്കുന്നു .
ദൈവമേ ...എന്ത് ചെയ്യും ..........?????
അടുത്ത സ്റ്റോപ്പില്‍ എത്തിയപ്പോഴേക്കും സീറ്റ്‌ കിട്ടി . അവിടിരുന്നു ആരും കാണാതെ കമ്പി നിവര്‍ത്താന്‍ ആയി എന്റെ അടുത്ത ശ്രമം . ഫലം കമ്പി കയ്യില്‍ പോന്നു . എന്റെ മനസ്സില്‍ ഒരു സ്ഫോടനം തന്നെ നടന്നു . ബസ്സില്‍ നിന്ന് ഇറങ്ങിയാല്‍ഒരു കിലോമീറ്റെർ നടക്കാനുണ്ട് . അതിനെക്കാളേറെ വീട്ടില്‍ അറിഞ്ഞാല്‍ ഉണ്ടാകാന്‍ പോകുന്ന ട്വന്റി ട്വന്റി . എന്ത് ചെയ്യും ? ആലോചിച്ചപ്പോഴേക്കും ബസ്‌ എന്റെ സ്റ്റോപ്പില്‍ എത്തി .
എന്റെ മനസ്സുപോലെ മഴയും കനത്തു പെയ്യുന്നു ."വേഗം ഇറങ്ങടാ ..." എന്ന ചെക്കരുടെ ആക്രോശം കേട്ട് വിയറ്റ്നാം കോളനിയില്‍ ഇന്നസന്‍റ് "ഇതല്ല ഇതിനപ്പുറവും ചാടിക്കടന്നവനാണ് കെ കെ ജോസഫ്‌"എന്നും പറഞ്ഞു കോണി ഇറങ്ങുന്നത് പോലെ ആണ് ഇറങ്ങിയത്‌ . എന്ത് വന്നാലും വേണ്ടില്ല കുട നിവര്‍ത്തുക തന്നെ എന്ന തീരുമാനത്തില്‍ സ്വിച്ചില്‍ വിരല്‍ അമര്‍ത്തിയതും കുടയുടെ മുകള്‍ഭാഗം മുകളിലേക്ക് പാറിപോയതും ഒരുമിച്ചായിരുന്നു.
കുടയുടെ കാലും പിടിച്ചു മഴയും കൊണ്ട് ഞാന്‍ റോഡില്‍ അന്തം ( ഉള്ളത് ) വിട്ടു നിന്നു. കടത്തിണ്ണയില്‍ മഴകാരണം കയറി നിന്നവരെല്ലാം എന്നെ നോക്കി ചിരിക്കുന്നു .
പിന്നെ ഞാന്‍ അവിടെ നിന്നില്ല ഗിയര്‍ ഫോര്‍ത്ത് ലേക്കിട്ട് കുടയുടെ കാല്‍ റോഡിലേക്ക്‌ വലിച്ചെറിഞ്ഞു ഒരോട്ടമായിരുന്നു. വീട്ടിലേക്കു മഴ നനഞ്ഞു ഓടി വരുന്നത് കണ്ട ഉമ്മ ഓടക്കുഴല്‍ അടുപ്പില്‍ ഊതാന്‍ മാത്രമല്ല പറ്റുക എന്നെനിക്കു മനസ്സിലാക്കിത്തന്നു .
അടി കിട്ടിതുടങ്ങിയപ്പോഴേ കഴിയുന്നത്ര ഉച്ചത്തില്‍ ഞാന്‍ കരയാന്‍ തുടങ്ങി .അടിയുടെ എണ്ണവും ശക്തിയും കുറക്കാന്‍ ഞാന്‍ സ്വീകരിച്ചു പോന്നിരുന്ന ഒരു തന്ത്രമായിരുന്നു അത് . ഇരുപതിന്റെ അടിയെ കഴിഞ്ഞുള്ളൂ നൂറിന്റെത് വരാന്‍ കിടക്കുന്നെ ഉള്ളു എന്നറിയാവുന്നതു കൊണ്ട് കൂടുതല്‍ കരഞ്ഞില്ല .
എനിക്ക് കൂടുതല്‍ കാത്തിരിക്കേണ്ടി വന്നില്ല . ബാപ്പയും വന്നു . ഉമ്മയില്‍ നിന്ന് വിവരങ്ങള്‍ എല്ലാം ശേഖരിച്ച ശേഷം എന്നെ തല്ലാനുള്ള വരവാണ് . ഞാന്‍ ഉണ്ടോ വിട്ടുകൊടുക്കുന്നു ....!! അതും വാങ്ങി .......!! വീടിന്റെ ഒരു മൂലയില്‍ പോയിരുന്നു മാന്യമായി കരഞ്ഞു .
അടികൊള്ളാന്‍ എന്റെ ജീവിതം ഇനിയും ബാക്കിയാണെന്ന് ഒരിക്കല്‍ കൂടി എന്നെ മനസ്സിലാക്കി തന്ന സംഭവമായിരുന്നു ഇത്.

ഗുരുശിഷ്യ ബന്ധങ്ങൾ

നല്ലെഴുത്തുകളെല്ലാം  വായിക്കാൻ -  http://www.nallezhuth.com ====

"മാഷേ.. അവനിന്നും വയറുവേദന ആണെന്ന്"
ക്ലാസ് തുടങ്ങി രണ്ടാഴ്ച്ചയെ ആയുള്ളൂ. ഇത്‌ മൂന്നാമത്തെ വയറുവേദനയാ.. ഞാൻ അവനെ ഒന്ന് നോക്കി. കണ്ണുകൾ നിറഞ്ഞിട്ടുണ്ട്. അൽപ്പം മുഷിഞ്ഞ വേഷമാണവന്. ഒന്നുരണ്ടിടത്തു ചെറിയ കീറൽ.. മുടി എണ്ണയിട്ട് ഒതുക്കി വെച്ചിരിക്കുന്നു.ബാക്ക് ബെഞ്ചിൽ ഒരു സൈഡിൽ ആർക്കും ശല്യമാകാതിരിക്കുന്നു. എന്ത് ചോദ്യം ചോദിച്ചാലും ഒരു പുഞ്ചിരി..
"ആശുപത്രീൽ പോണോടാ ?"
"വേണ്ട മാഷേ.. "
പുറത്തേക്ക് അലക്ഷ്യമായി നോക്കി അവൻ പറഞ്ഞു.
"എന്നാൽ അവിടെ ഇരിക്ക്.. വേദന കുറവില്ലേൽ പറയണം"
ഞാൻ വീണ്ടും ക്ലാസ്സ് എടുക്കാൻ തുടങ്ങി..
സ്റ്റാഫ്‌ റൂമിൽ ഇരിക്കുമ്പോഴും എന്റെ ചിന്ത മുഴുവൻ അവനെ ചുറ്റിപ്പറ്റിയായിരുന്നു. അവനെയും അവന്റെ കുടുംബ പാശ്ചാത്തലവും മനസ്സിലാക്കണമെന്നുറച്ച് ഓഫീസിലേക്ക് വിളിപ്പിച്ചു.
"വീട്ടിൽ ആരൊക്കെയുണ്ട് ?"
ചോദിച്ചപ്പോഴേക്കും അവന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു.
"വല്ലുമ്മ മാത്രം"
"അപ്പൊ ഉമ്മയും വാപ്പയും ?"
"വാപ്പ കുറച്ച് ദൂരെ ടാപ്പിംഗ് തൊഴിലാളിയാണ്. ഉമ്മയും, ഒരനിയത്തിയും അവിടെയാണ് "
"നിനക്ക് ഇടക്കിങ്ങനെ വയറുവേദന വരുന്ന കാര്യം അവർക്കറിയാമോ ?"
"എനിക്ക് വയറുവേദന അല്ല മാഷേ.."വാക്കുകൾ മുഴുവിപ്പിക്കാതെ അവനെന്റെ കണ്ണിലേക്ക് നോക്കി.
"വിശന്നിട്ടാ... രാവിലെ മദ്രസ്സയിൽ പോകാൻ ഞാൻ എണീക്കുമ്പോഴും മരുന്നിന്റെ ക്ഷീണം കാരണം വല്ലുമ്മ നല്ല ഉറക്കത്തിലായിരിക്കും.. രണ്ട് ഗ്ലാസ്സ് വെള്ളം മാത്രാ ഞാൻ കുടിക്കാർ. പിന്നെ സ്കൂളിലേക്ക്. ഉച്ചക്ക് വിട്ടാൽ ഞാൻ ഓടലാ. വല്ലുമ്മ കഞ്ഞിയും പപ്പടവും ഉണ്ടാക്കി വെക്കും "
പറഞ്ഞു നിർത്തിയപ്പോഴേക്കും നെഞ്ചിൽ ഒരു ഭാരം കേറ്റി വെച്ചപ്പോലെ തോന്നി .. എൻ്റെ കണ്ണ് നിറയുന്നത് അവനറിയാതിരിക്കാൻ ഞാൻ മുഖം തിരിച്ചു കളഞ്ഞു.
ദൈവമേ ഇപ്പോഴും ഇങ്ങനെയുള്ള രക്ഷിതാക്കളോ ? വിദ്യാഭാസം വഴിപാട് പോലെ കാണുന്ന, മകന്റെ വിശപ്പ് പോലും തിരിച്ചറിയാൻ കഴിയാത്ത. വിശ്വസിക്കാൻ പ്രയാസമാണ്.
ഞാൻ അപ്പോൾ തന്നെ മറ്റൊരു കുട്ടിയെവിളിച്ച് കാശ് കൊടുത്ത് ഹോട്ടെലിൽ കൊണ്ടുപോയി ഭക്ഷണം വാങ്ങിക്കൊടുക്കാൻ പറഞ്ഞു .
അവൻ്റെ സ്കൂൾ ഫയലിൽനിന്ന് രക്ഷിതാവിന്റെ മൊബൈൽ നമ്പർ തപ്പിയെടുത്തു വിളിച്ചു.അൽപ്പം ദേഷ്യത്തോടെ തന്നെ മകന്റെ അവസ്ഥ അയാളോട് പറഞ്ഞപ്പോൾ കിട്ടിയ മറുപടി ഇങ്ങനെയായിരുന്നു..
" മാഷേ.. അവനെ പഠിപ്പിക്കാൻ എനിക്കാഗ്രഹം ഇല്ലാഞ്ഞിട്ടല്ല. എന്റെ അവസ്ഥ നിങ്ങളെങ്കിലും മനസ്സിലാക്കണം . ഞാനും ഭാര്യയും ഒരു റബ്ബർ എസ്റ്റേറ്റിലെ ജോലിക്കാരാണ് . ഞങ്ങൾക്ക് കിട്ടുന്ന മാസശമ്പളം നിത്യ രോഗിയായ മോളുടെയും എന്റുമ്മയുടെയും ചികിത്സക്ക് പോലും തികയുന്നില്ല . അവനെ ഇവിടെ പഠിപ്പിക്കണമെന്ന് വലിയ ആഗ്രഹമുണ്ടെനിക്ക് . പക്ഷെ അടുത്തൊന്നും സ്കൂളില്ല .അതുകൊണ്ടാ ഞാൻ എന്റെ ഉമ്മയുടെ അടുത്താക്കിയത് .അവിടെ പോകുമ്പോ ഒരു സംഖ്യ ഏൽപ്പിക്കാറുണ്ട്. അവൻ പട്ടിണിയാണെന്ന് എനിക്കറിയില്ല . എന്റെ കുട്ടി ഇതുവരെ എന്നോട് പറഞ്ഞിട്ടില്ല മാഷേ.. " പിന്നീട് ഫോണിലൂടെ ഒരു പൊട്ടിക്കരച്ചിലെ ഞാൻ കേട്ടുള്ളൂ .. മറുത്തൊന്നും പറയാൻ കഴിയാതെ ഞാൻ ഫോൺ കട്ട് ചെയ്തു .
വാഷ് ബേസിനടുത്ത് ചെന്ന് മുഖമൊന്ന് കഴുകി.എന്തോ തിരിഞ്ഞ് നടക്കുമ്പോൾ വല്ലാത്തൊരു നിരാശയായിരുന്നു മനസ്സ് നിറയെ.
നേരെ ഹെഡ് മാസ്റ്ററുടെ അടുത്ത് ചെന്ന് കാര്യങ്ങൾ അവതരിപ്പിച്ചു. "
"അവന്റെ മുഖത്തുനോക്കി ഇനിയൊരു ക്ലാസ്സെടുക്കാൻ എനിക്ക് കഴിയില്ല മാഷേ.. നമുക്കൊരു അസ്സംബ്ലി വിളിക്കണം . കുട്ടികൾ അവർക്ക് കഴിയുന്ന സംഖ്യ കൊണ്ട് വരട്ടെ ... അദ്ധ്യാപകർ ഒരു ദിവസത്തെ ശമ്പളവും ... അതുമതിയാവും അവൻ്റെ ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി"
ഹെഡ് മാസ്റ്ററും അത് ശെരിവെച്ചു.
അതൊരു നല്ല തുടക്കമായിരുന്നു . അടുത്തൊരു വീട്ടിൽ അവനടക്കം.നാലുപേർക്ക് പ്രാതലിനുള്ള സൗകര്യം ഉണ്ടാക്കി . വീണ്ടും അസംബ്ലി വിളിച്ചു . വീട്ടിൽ ഉപയോഗിക്കാത്തതോ വലുപ്പം കുറഞ്ഞ കാരണത്താൽ ഒഴിവാക്കിയ വസ്ത്രങ്ങളോ ഉണ്ടേൽ കഴുകി ഇസ്തിരിയിട്ട് കൊണ്ടുവരാൻ പറഞ്ഞു . കുട്ടികൾ അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു . വീട്ടിലില്ലാത്തവർ അടുത്ത വീടുകളിൽ അന്വേഷിച്ചു വരെ വസ്ത്രങ്ങൾ കണ്ടെത്തി . അർഹരായവർക്ക്‌ വിതരണം ചെയ്യപ്പെട്ടു .
ഇതോടെ അവന്റെ പഠനത്തിലും മാറ്റം വന്നുതുടങ്ങി . എപ്പോഴും കളിയും ചിരിയുമായുള്ള അവന്റെ മുഖം എന്റെ മനസ്സിൽ വല്ലാത്ത ആത്മ നിർവൃതിയാണുണ്ടാക്കിയിരുന്നത്.
മാനേജുമെന്റുമായുണ്ടായ ഒരു പ്രശ്നത്തിന്റെ പേരിൽ സ്കൂളിൽ നിന്ന് പടിയിറങ്ങേണ്ടി വന്നപ്പോൾ ആദ്യം എന്റെ മുന്നിൽ വന്ന് കയ്യിൽ പിടിച്ച് "പോവരുത് മാഷേ.."എന്ന് പറഞ്ഞ് കരഞ്ഞതും അവനായിരുന്നു.
ഒന്നും പറയാനില്ലാതെ അവന്റെ തോളിൽ തട്ടി തിരിഞ്ഞ് നടക്കുമ്പോൾ എന്റെ കണ്ണും അറിയാതെ നിറയുന്നുണ്ടായിരുന്നു.
(അവകാശപെടാന്‍ മാത്രം കഴിയുന്ന , രക്ത ബന്ധത്തേക്കാള്‍ എത്രയോ വലുതാണ്‌ സ്നേഹിക്കാന്‍ മാത്രം കഴിയുന്ന പല ഗുരുശിഷ്യ ബന്ധങ്ങളും...)

By: shahul

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo