Showing posts with label YasirErumappetty. Show all posts
Showing posts with label YasirErumappetty. Show all posts

പത്താംക്ലാസിലെ റിസള്‍ട്ട്

Image may contain: 1 person, eyeglasses

"പത്താംക്ലാസിലെ റിസള്‍ട്ട് വന്ന ദിവസം ധീരനായ ഒരു പിതാവ് പഠിപ്പിച്ചത്"
പത്താം ക്ലാസിലെ റിസല്‍ട്ട് വന്ന ദിവസമായിരുന്നല്ലോ ഇന്നലെ .റിസള്‍ട്ടിന് വേണ്ടി കാത്ത് നില്‍ക്കുന്നവരില്‍ എന്‍റെ അനിയനും (മേമാടെ മകന്‍ ഇര്‍ഫു) എന്‍റെ പെങ്ങളുട്ടിയും(മേമാടെ മകള്‍ തസ്നി)യും ഉണ്ടായിരുന്നു.അത്യാവിശ്യം നല്ല മാര്‍ക്കോടെ(80% ന് മുകളില്‍)അവര് പാസ്സാവുകയും ചെയ്തു.. അവര്‍ക്ക് വിളിച്ച് 'CONGRATS' പറഞ്ഞ് ഫോണ്‍ വെച്ചു. പതിവ് ഓഫീസ് ജോലികളുടെ തിരക്കില്‍ മുഴുകി.
നാല് ഡ്രൈവര്‍മാരുടെ ഗേറ്റ് പാസ് എടുക്കാനുള്ളത് കൊണ്ട് കസ്റ്റംസിലേക്ക് നടന്നു. ഗേറ്റ് പാസും എടുത്ത് തിരികെ ഓഫീസില്‍ എത്തിയപ്പോഴാണ് ഒരു മലയാളി ഡ്രൈവറുടെ ഫോണ്‍ സംസാരം കേള്‍ക്കാന്‍ ഇടയായത്. അയാള്‍ തന്‍റെ ഭാര്യയോടാണ് സംസാരിക്കുന്നത് എന്ന് ആദ്യമേ മനസ്സിലായി. ഞങ്ങളുടെ ഓഫീസില്‍ രാവിലത്തെ ഷിഫ്റ്റില്‍ അറബികള്‍ മാത്രമാണ് എന്നുള്ള ധാരണയിലാകാം ആ മനുഷ്യന്‍ അത്ര ഉച്ചത്തില്‍ സംസാരിക്കുന്നത്.
ആ മനുഷ്യന്‍റെ ചില വാക്കുകളാണ് എന്നെ ഇത് എഴുതാന്‍ പ്രേരിപ്പിച്ചത്. അയാളുടെ മകന്‍ കണക്ക് പരീക്ഷയില്‍ തോറ്റിരിക്കുകയാണ്. ബാക്കിയുള്ള വിഷയങ്ങളില്‍ തട്ടിമുട്ടി ജയിച്ചിട്ടുണ്ട്. കണക്ക് പരീക്ഷയില്‍ തോറ്റ ഒരു മകനോട്‌ ഇപ്പോഴത്തെ പല അച്ചന്മാരും സംസാരിക്കുന്ന രീതിയായിരുന്നില്ല അയാളുടെത്. അപ്പുറത്ത് നിന്നും അയാളുടെ ഭാര്യയുടെ സങ്കടവും നാണക്കേടും കലര്‍ന്ന സംസാരം തന്നെയാവാം അയാളുടെ സംസാരത്തിന്‍റെ തുടക്കം.
പക്ഷെ അതിനൊക്കെ അയാള് നല്‍കിയ മറുപടിയാണ് എന്നെ വല്ലാതെ അതിശയിപ്പിച്ചത്..
"സൌമ്യേ.... അവന് പരീക്ഷയൊക്കെ ഇനിയും എഴുതാം.... അവസാനത്തെ പരീക്ഷയൊന്നും അല്ലല്ലോ ഇത്.. പക്ഷെ നമുക്ക് നമ്മുടെ മോനെ നഷ്ടായാല്‍ പിന്നെ കിട്ടില്ല.. നീ അവനെ കുത്തുവാക്ക് പറഞ്ഞ് വിഷമിപ്പിക്കല്ലേ... നീ നോക്കിക്കോ എന്‍റെ മോനും ഒരിക്കല്‍ ജയിക്കും"
അത്രയും കേട്ടപ്പോള്‍ എനിക്കെന്തോ വല്ലാത്തൊരു സങ്കടം ഉള്ളില്‍ നീറി. ഇമ്മാതിരി വെയിലത്ത് ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് ട്രെയിലറും ഓടിച് ജീവിതത്തിന്‍റെ അറ്റം മുട്ടിക്കാന്‍ വിയര്‍പ്പ് ഒഴുക്കുന്ന ഈ മനുഷ്യന് തന്‍റെ മകന്‍ നിസാരമായ ഒരു പത്താംക്ലാസ് പരീക്ഷ തോറ്റുപോയി എന്ന് കേള്‍ക്കുമ്പോള്‍ എങ്ങനെയാണ് ഇത്രമേല്‍ സ്നേഹത്തില്‍,.. പ്രതീക്ഷയില്‍ സംസാരിക്കാന്‍ കഴിയുന്നത്... എന്‍റെ ചോദ്യങ്ങള്‍ അയാളെയും എന്നെയും തമ്മിലുള്ള അകലം കുറച്ചു. അയാളുടെ സംസാരത്തിന് ഞാന്‍ വീണ്ടും കാതോര്‍ത്തു. ഒളിച്ചു കേള്‍ക്കാനുള്ള മനോഭാവമായിരുന്നില്ല... ഒരു അച്ഛനെ കേള്‍ക്കാനുള്ള ധൃതിയായിരുന്നു കാരണം.
"നീ സന്തോഷിന് ഫോണ്‍ കൊടുക്ക്... ഞാന്‍ അവനോട് സംസാരിക്കട്ടെ"
അയാളുടെ ശബ്ദത്തിന് സ്നേഹത്തിന്‍റെ ചൂരുള്ള പോലെ തോന്നി. അയാള്‍ തുടര്‍ന്നു..
"മോനേ,... സാരില്ലെടാ ഒരൊറ്റ വിഷയത്തിലല്ലേ തോറ്റൊള്ളൂ.. അത് പ്രശ്നമില്ല... ബാക്കിയൊക്കെ എന്‍റെ മോന്‍ പാസായല്ലോ.. നമുക്ക് ഇനിയും സമയമുണ്ടല്ലോ.. ഇന്‍റെ കുട്ടി വിഷമിക്കണ്ടാട്ടോ... ഇതിലും വലിയ പരീക്ഷയില്‍ എന്‍റെ മോന്‍ ജയിച്ചിട്ടില്ലേ.. പിന്നെന്താ.. അമ്മ നിന്നോടുള്ള സ്നേഹം കൊണ്ടാ അങ്ങനെയൊക്കെ പറയുന്നത്... എന്നെക്കാളും ജീവനാ അമ്മക്ക് നിന്നെ... നീ അതൊന്നും കേട്ട് സങ്കടമായി ഇരിക്കണ്ടാ ട്ടോ.. അച്ഛന്‍ ഷറഫുക്കാടെ കയ്യില്‍ നിനക്കുള്ള ബൂട്ടും കിറ്റും കൊടുത്തയച്ചിട്ടുണ്ട്.. ഇയ്യ് പറഞ്ഞ കമ്പനിയുടെ നല്ല വില കൂടിയ ബൂട്ടാണ്.. ഓന്‍ നാളെയോ മറ്റന്നാളോ അവിടെ എത്തും... അടുത്ത മാസല്ലേ നിനക്ക് സെലക്ഷന്‍ അതിന് പ്രാക്ടീസ് മുടക്കണ്ട"
അങ്ങനെ അയാള്‍ ഒരുപാട് സംസാരിച്ചു അയാളുടെ മകനോട്‌.
പക്ഷെ ബാക്കിയൊന്നും ഞാന്‍ കേട്ടില്ല... ഇയാളെന്ത് മനുഷ്യനാണ്.. വട്ടാണോ ഇയാള്‍ക്ക്... സ്വന്തം മകന്‍ പത്താം ക്ലാസിലെ പരീക്ഷ തോറ്റ് നില്‍ക്കുന്നു. ആ നേരത്ത് അവന് ബൂട്ടും കിറ്റും വാങ്ങിക്കൊടുത്ത് അവനെ ഫുട്ബോള്‍ കളിക്കാന്‍ വിടുന്നു... ഭ്രാന്ത് തന്നെ അല്ലാതെന്താ പറയാ...
അയാളോടുള്ള പുച്ഛവും അയാളെ കളിയാക്കിയുള്ള ചിരിയും എന്‍റെ മുഖത്ത് ഞാന്‍ അറിയാതെത്തന്നെ നിഴലിട്ടിരുന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ തന്‍റെ ബയാന്‍(customs bill of entry)കഴിഞ്ഞോ എന്ന് എന്‍റെ കൂടെയുള്ള അറബിയോട് ചോദിച്ചു. തട്ടിമുട്ടിയുള്ള അങ്ങേരുടെ അറബി ഭാഷക്ക്
"റൂഹ് മിന്നാക്ക്" (അവിടേക്ക് പോകൂ) എന്ന ഭാഷയില്‍ എന്‍റെ കൂടെയുള്ള അറബി മറുപടി കൊടുത്തു. അപ്പോഴാണ്‌ അയാള്‍ എന്നെ ശ്രദ്ധിക്കുന്നത്.
"ആഹാ.. മലയാളി ഉണ്ടായിരുന്നോ...."
അയാളുടെ ചോദ്യം.
'ആഹ് ഉണ്ടായിരുന്നു.. ഞാന്‍ കസ്റ്റംസില്‍ പോയിരിക്ക്യാര്‍ന്നു'
എന്‍റെ മറുപടിയും കേട്ടപ്പോള്‍ അയാള്‍ ചോദിച്ചു
"എത്രയായി എന്‍റെ പൈസ"
'നിങ്ങടെ നാനൂറ്റി മുപ്പത് ദിര്‍ഹംസ്'
കാഷ് എടുത്ത് എനിക്ക് നേരെ നീട്ടുമ്പോള്‍ ഞാന്‍ അയാളോട് ചോദിച്ചു...
'കണക്കിലാണോ മോന്‍ തോറ്റത്... കണക്ക് ബുദ്ധിമുട്ടായിരുന്നു എന്ന് എല്ലാരും പറയുന്നുണ്ട്'..
"ആഹ്... കണക്കില് തോറ്റു... അതൊന്നും അത്ര പ്രശ്നമില്ല.. ഭാര്യയുടെ വഴക്ക് പറച്ചിലാ എനിക്ക് പേടി... ഓരോ ന്യൂസ് കേള്‍ക്കാറില്ലേ... മാര്‍ക്ക് കുറഞ്ഞതിന് കുട്ടികള്‍ ആത്മഹത്യ ചെയ്തു എന്നും ഞരമ്പ്‌ മുറിച്ചു എന്നൊക്കെ പറഞ്ഞ്... അതൊക്കെ ഓര്‍ക്കുമ്പോള്‍ നെഞ്ചില് തീയാ... "
അയാള്‍ അത്രയും പറഞ്ഞപ്പോള്‍ എനിക്കത് വരെ തോന്നാത്ത ഒരു കൗതുകമായി അയാള്‍ പറയുന്ന കാര്യങ്ങളോട്.... ഞങ്ങള്‍ വീണ്ടും സംസാരിച്ചു... ചെറിയ രീതിയില്‍ ഞങ്ങള്‍ കമ്പനിയായി..
അന്നേരം അയാള്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഞാനറിയാതെ എന്‍റെ കണ്ണ് നിറക്കുന്നുണ്ടായിരുന്നു.
അങ്ങേര്‍ക്കും അങ്ങേരുടെ ഭാര്യക്കും പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയതാണ് സന്തോഷിനെ.... അവനെ അവന്‍റെ അമ്മ പ്രസവിക്കുമ്പോള്‍ ചെറിയ ബുദ്ധിമാന്ദ്യവും അംഗവൈകല്യവുമുള്ള ഒരു കുഞ്ഞായിരുന്നു അവന്‍. അവന്‍റെ കാലുകള്‍ക്ക് നടക്കാനുള്ള ശേഷി ഇല്ലായിരുന്നു... ബുദ്ധി വികാസവും കുറവായിരുന്നു. അന്ന് ഡോക്ടര്‍മാര്‍ അതിനൊരു ഇംഗ്ലീഷ് പേരും കൊടുത്തിരുന്നു.
സാധാരണ ജീവിതത്തിലേക്ക് അത്ര പെട്ടന്നൊന്നും മടങ്ങി വരാന്‍ സാധ്യതയില്ലാത്ത ഒരു അസുഖത്തെ അഞ്ച് വര്‍ഷം കൊണ്ടാണ് ആ കുഞ്ഞ് അതിജീവനത്തിന്‍റെ യാഥാര്‍ത്ഥ്യത്തിലേക്ക് വഴി തിരിച്ചത്.
അയാള്‍ തന്‍റെ മകനെക്കുറിച്ച്‌ പറഞ്ഞൊകാര്യമുണ്ട്.... വല്ലാത്ത മൂര്‍ച്ചയുള്ള വാക്കുകള്‍... സ്നേഹവും അഭിമാനവും ചേര്‍ത്ത് വെച്ച വാക്കുകള്‍....
"കണക്കില് മാത്രമേ അവന്‍ തോറ്റുള്ളൂ എന്ന് കേട്ടപ്പോള്‍ ഏറ്റവും സന്തോഷിച്ചത് ഞാനാണ്.. കാരണം ബാക്കിയുള്ള വിഷയങ്ങളിലൊക്കെ അവന്‍ ജയിച്ചല്ലോ.... ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികള്‍ പഠിക്കേണ്ടിയിരുന്ന സ്കൂളില്‍ നിന്നും സാധാരണ കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ പഠിച്ച്... കാല് കൊണ്ട് അനക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ നിന്നും നടന്നും.. ഓടിയും നന്നായി ഫുട്ബോള്‍ കളിച്ചും ഇന്നിപ്പോള്‍ പത്താംക്ലാസ് പരീക്ഷയില്‍ കണക്കിനൊഴികെ ബാക്കിയെല്ലാ വിഷയങ്ങളിലും ജയിച്ചു എന്നുകൂടി കേട്ടപ്പോള്‍ പത്ത് A+ കിട്ടിയ ഒരു മകന്‍റെ അച്ഛന് ഉണ്ടാകുന്ന സന്തോഷമാണ് എനിക്കിപ്പോള്‍... അവന്‍ ഇനിയും ഉയരങ്ങളില്‍ എത്തും... എനിക്കുറപ്പാ... ഐ.എം വിജയനെപ്പോലെ നല്ലൊരു ഫുട്ബോള്‍ കളിക്കാരനാകും എന്‍റെ മോന്‍..."
അത്രയും കേട്ടപ്പോള്‍ ആ മനുഷ്യനോട് എന്തെന്നില്ലാത്ത ബഹുമാനവും സ്നേഹവും കൂടി എന്‍റെ കണ്ണ് നനവറിഞ്ഞു... കണ്ണടയുടെ ഫ്രെയിമിനിടയില്‍ കയ്യിട്ട് ഞാനത് തുടച്ചു...
അതുവരെ ലഭിക്കാത്ത ഒരു പോസിറ്റീവ് വൈബ്രേഷന്‍ അയാളുടെ വാക്കുകളില്‍ നിന്നും എനിക്ക് കിട്ടി. സ്വന്തം മകന്‍റെ തോല്‍വി മറ്റൊരുപാട് വിജയങ്ങളിലൂടെ ആഘോഷിക്കുന്ന ധീരമായ നിലപാടുകളുള്ള അച്ഛന്‍... ചങ്ക് പൊളിയുന്ന ശകാരങ്ങള്‍ കൊണ്ട് മകന്‍റെ കണ്ണ് നിറക്കുന്നതിന് പകരം,.. ഉള്ള് തൊടുന്ന വാക്കുകള്‍ കൊണ്ട് മകനെ സ്നേഹം കൊണ്ട് പൊതിയുന്ന അച്ഛന്‍...
സ്വന്തം കുഞ്ഞിന് ഒരു A+ കുറഞ്ഞതിന്‍റെ പേരില്‍ അവനെ/അവളെ ടോര്‍ച്ചര്‍ ചെയ്ത് ഒരു മുഴം കയറിലേക്ക് അവരെ എത്തിക്കുന്ന ഒരുപാട് മാതാ-പിതാക്കള്‍ക്ക് ഒരു പാഠശാലയാണ് ആ മനുഷ്യന്‍....
മകന്‍റെ അഭിരുചി ഫുട്ബോള്‍ കളിയിലാണ് എന്ന് മനസ്സിലാക്കി കണക്കില്‍ തോറ്റ് നില്‍ക്കുന്നവന്‍റെ കാലില്‍ ബൂട്ടും പന്തും വെച്ച് കൊടുക്കുന്ന ധീരനായ അച്ഛന്‍....
എനിക്കയാളോട് തോന്നിയ ബഹുമാനമാകാം എന്‍റെ രണ്ടുതുള്ളി കണ്ണുനീര്‍...
തന്ന അഞ്ഞൂറ് ദിര്‍ഹംസിന് ബാക്കി എഴുപത് തിരിച്ച് കൊടുക്കുമ്പോള്‍ ഞാന്‍ അയാളുടെ മുല്‍ക്കിയയില്‍(RC ബുക്കില്‍) അയാളുടെ പേര് നോക്കി...
"രാജന്‍ അബ്രഹാം"....
ആ പേരിന് "ധീരനായ അച്ഛന്‍" എന്നുകൂടി അര്‍ത്ഥമുണ്ട് എന്ന് ഞാനറിഞ്ഞു.
ബാക്കി വാങ്ങി ഗേറ്റ്പാസ്സും ബയാനും കൊണ്ട് അയാള്‍ ഒഫീസില്‍ നിന്നും പോകുമ്പോള്‍ എനിക്കയാളെ ഒന്ന് സല്യൂട്ട് ചെയ്യണമെന്ന് തോന്നി.... എന്തൊരു വലിയ പാഠമാണ് ആ മനുഷ്യന്‍ പഠിപ്പിച്ചത്... എത്ര വലിയ സഹനത്തിന്‍റെ,ധീരതയുടെ ആശയമാണ് ആ മനുഷ്യന്‍ പകര്‍ന്നത്....
അച്ഛനാവുക എന്നത് ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ കാരണക്കാരനാകുന്നവനല്ല....!
ആ കുഞ്ഞിനെ ജീവിതം കൊണ്ട് ചങ്കില്‍ ഏറ്റി,.. ഹൃദയത്തില്‍ താലോലിച്ച് അവരുടെ ഓരോ വളര്‍ച്ചയിലും സന്തോഷവും ആഹ്ലാദവും ചേര്‍ത്ത് വളര്‍ത്തി വലുതാക്കുന്ന ഉത്തമനായ മനുഷ്യന്‍റെ പേരാണ് "അച്ഛന്‍".......!!
സന്തോഷ്‌ എന്ന ആ മകനെ ഞാന്‍ കണ്ടിട്ടുപോലുമില്ല.... പക്ഷെ ഒന്നുറപ്പാണ്.. നാളെ ഒരു നാള്‍ കേരളത്തില്‍ നിന്ന് അങ്ങനെയൊരു ഫുട്ബോള്‍ കളിക്കാരന്‍ നമ്മെ ഐ.എം വിജയനെപ്പോലെ അത്ഭുതപ്പെടുത്തും.. അവന്‍റെ ജേര്‍സിക്ക് പിറകില്‍ "സന്തോഷ്‌ രാജന്‍" എന്ന പേരും കാണാന്‍ കഴിയും....
കാരണം അവന്‍റെ വിജയങ്ങളുടെ ഘോഷയാത്ര ഞാനാ അച്ഛന്‍റെ കണ്ണിലും വാക്കിലും കണ്ടിരുന്നു....!!
അവനെക്കുറിച്ച് പറയുമ്പോള്‍ ആ അച്ഛന്‍റെ കണ്ണിലെ പ്രകാശം എനിക്ക് കാണാമായിരുന്നു....!!
Yasir Erumapetty
യാസിര്‍.എരുമപ്പെട്ടി

അനിയത്തി


മണവാട്ടിയായി ഞങ്ങളുടെ വീടിന്‍റെ പടികളിറങ്ങുമ്പോള്‍ ഉണ്ടക്കണ്ണ്‍ നിറഞ്ഞൊഴുകി ഒരു തിരിഞ്ഞ് നോട്ടമുണ്ടായിരുന്നു...അന്നാണ് ശെരിക്കും 'അനിമോള്‍' ചങ്കിലൊരു തീക്കനല്‍ കോരിയിട്ടത്..
അവള് പോയതില്‍ പിന്നെയാണ് മിട്ടായിക്ക് മധുരം കുറഞ്ഞത്..
ഉണക്കമീന്‍ പൊരിച്ചതിനും പപ്പടത്തിനും രുചി കുറഞ്ഞത്...
പകുത്ത് നല്‍കാന്‍ ആ രണ്ട് കൈകളുടെ വിടവ് അന്ന്‍ മുതലാണ്‌ ഞാനും അജുവും തിരിച്ചറിഞ്ഞത്.
ചോദിച്ചതും,ചോദിക്കാതെയും എന്തും വാങ്ങിക്കൊടുക്കുന്ന അളിയനുള്ളപ്പോള്‍ അവള്‍ക്ക് ആഗ്രഹിച്ചതൊക്കെ കിട്ടിയിരുന്നു..
ചോക്ലേറ്റ് എന്ന് കേട്ടാലെ നാവില്‍ വെള്ളം ഊറുന്ന അവളാണ് ഇടക്ക് വീട്ടിലേക്ക് വരുമ്പോള്‍ അളിയന്‍ വാങ്ങി കൊടുക്കാറുള്ള ചോക്ലേറ്റും മിട്ടായിയും പൊതിഞ്ഞ് കൊണ്ടുവന്നിരുന്നത്.. അപ്പൊ അജു(അനിയന്‍) ചോദിക്കും
"അനക്ക് ചോക്ലേറ്റ് കിട്ടിയാല്‍ പിന്നൊന്നും വേണ്ടല്ലോ.. ഇപ്പൊ എന്താ ഒന്നും വേണ്ടേ" എന്ന്..... അപ്പോള്‍ ഉണ്ടക്കണ്ണ്‍ നിറച്ച് അനിമോള് പറയുന്നത് കേട്ടിട്ടുണ്ട്..
"ഇക്കാകയും ഇയ്യും ഉണ്ടെങ്കിലാടാ അതൊക്കെ രസൊള്ളൂ... ഒറ്റക്ക് തിന്നുമ്പോള്‍ ഒന്നിനും ഒരു രസുല്ലാ... തട്ടിപ്പറിക്കാന്‍ അജുവും പങ്കുവെക്കാന്‍ ഇക്കാകയും ഉണ്ടാവണം അപ്പോളെ അയിനൊക്കെ ടേസ്റ്റ് ഉള്ളൂ"
അത് കേട്ടപ്പോള്‍ ഓള്‍ടെ കണ്ണിലെ നനവ്‌ അതേപടി ഞങ്ങളുടെ കണ്ണും പകര്‍ത്തിയിരുന്നു..!!
രണ്ട് ആങ്ങളമാര്‍ക്ക് ആകെയുള്ള ഒരൊറ്റ അനിയത്തി... എത്ര കൂടുതല്‍ കിട്ടിയാലും അനിമോളുടെ പ്ലയ്റ്റും നോക്കി വെള്ളമിറക്കുന്ന അജൂന് തന്‍റെ ഓഹരിയും കൊടുക്കുന്നവള്‍.. വാല് പോലെ എന്‍റെ കൂടെ എപ്പോളും ഉള്ളവള്‍... അനിമോള്‍...! ഞങ്ങളുടെ പ്രിയ്യപ്പെട്ട പെങ്ങളുട്ടി. ഉപ്പാടെ താടി പിടിച്ച് വലിക്കാനും ഉപ്പാടെ പുറത്ത് കയറിക്കളിക്കാനും ഞങ്ങളുടെ വീട്ടില്‍ ചങ്കുള്ളവള്‍ അവളാണ്.. ഒരൊറ്റ പെണ്‍കുട്ടിയല്ലേ ഉള്ളൂ.. അതോണ്ട് ഉപ്പയും ഉമ്മയും വല്ലാതെ സ്നേഹം കൊടുത്ത് വളര്‍ത്തിയ ഒരേ ഒരു മകള്‍.. വീട്ടില്‍ പാദസരം കിലുക്കുന്ന രണ്ട് കുഞ്ഞിക്കാലുകള്‍ ഉണ്ടാവുക എന്നത് വല്ലാത്ത ഭാഗ്യമാണ്. അവള് ഞങ്ങളുടെ വീടിന്‍റെ വെളിച്ചം തന്നെയായിരുന്നു...
കല്യാണം കഴിഞ്ഞ് അളിയന്‍റെ വീട്ടിലേക്ക് ഞങ്ങള്‍ അവളെ കാണാന്‍ പോയ ദിവസം മനസ്സിലിപ്പോഴുമുണ്ട്...
എന്‍റെ ഉമ്മ അളിയന്‍റെ ഉമ്മയോട് സംസാരിച്ച് കൊണ്ടിരിക്കെ എന്നെയും അജൂനേയും അകത്തേക്ക് വിളിച്ച് എന്‍റെ പെങ്ങളുട്ടി ഞങ്ങളെ കെട്ടിപ്പിടിച്ചു... അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു...
"ഇക്കാകാ ഇന്ന് എന്‍റെ കൂടെ ചോറ് കഴിക്കാന്‍ വരോ".... "അജൂ... ഇന്നോടോന്നു തല്ലുകൂടോ" രണ്ടും മാറി മാറി പറഞ്ഞത് അവളാണ്.... ഞങ്ങളുടെ ചങ്കും പൊട്ടിയിരുന്നു... കൂടപ്പിറപ്പിനെ പിരിയുമ്പോള്‍ ഉണ്ടാകുന്ന വേദനക്ക് വല്ലാത്ത നീറ്റലാണെന്ന് ഞങ്ങളറിഞ്ഞു.... അന്ന് ഓള്‍ടെ കൂടെ ഇരുന്ന്‍ ഓള്‍ടെ ഇക്കാകയായ ഞാന്‍ ചോറ് കഴിച്ചു.... വല്ലാത്ത സ്റ്റാന്‍ഡേര്‍ഡില്‍ ചോറ് കഴിക്കുന്ന എന്നോട് ദേഷ്യത്തോടെ അവള് ചോദിച്ചു
"എന്താടാ പന്നീ.... കല്യാണം കഴിഞ്ഞ് പോന്നോണ്ട് ഇന്‍റെ പ്ലയ്റ്റില്‍ നിന്ന് കയ്യിട്ടു വാരാനൊന്നും അനക്ക് പറ്റാതായോ" എന്ന്.... ദേഷ്യം കൊണ്ട് അവളങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ കുറേ ചിരിച്ചു.. എന്നിട്ട് ഓള്‍ടെ പ്ലയ്റ്റില്‍ നിന്നും ചിക്കന്‍റെ വല്യ രണ്ട് കഷ്ണം ഞാനെടുത്തു കഴിച്ചു.... പെട്ടന്നാണ് ഓള്‍ടെ ഉണ്ടക്കണ്ണ്‍ പ്രകാശം കൊണ്ട് വിടര്‍ന്നത്.. നന്നായി ചിരിച്ചത്... അത്കണ്ട് അജുവും കൂടെ ചിരിച്ചു... ഞങ്ങളെപ്പോലെ ഓള്‍ക്കും ഈ വേര്‍പാട് വല്ലാതെ മിസ്സിംഗ്‌ ആവുന്നുണ്ട്‌ എന്ന് ഞാനപ്പോള്‍ അറിഞ്ഞു.

അന്നത്തെ വിരുന്ന് കഴിഞ്ഞ് അവിടന്ന് പോകുമ്പോള്‍ ജനാലയുടെ ഉള്ളിലൂടെ രണ്ട് ഉണ്ട കണ്ണുകള്‍ ഞങ്ങളെ തിരയുന്നുണ്ടായിരുന്നു.... ആ കണ്ണുകളില്‍ നനവുണ്ടായിരുന്നു... അത് നിറഞ്ഞിരുന്നു... അതെന്‍റെ അനിമോളായിരുന്നു... !!
പെങ്ങളുണ്ടാവുക എന്നത് മഹാ ഭാഗ്യം തന്നെയാണ്.. അവള് വീടിന്‍റെ പടിയിറങ്ങുക എന്നത് അനിവാര്യതയാകുമ്പോള്‍ നൊന്ത് പ്രസവിച്ച ഉമ്മയുടേയും വളര്‍ത്തി വലുതാക്കിയ ഉപ്പയുടെയും നെഞ്ച് മാത്രമല്ല കലങ്ങുക.... അവള് പിച്ച വെച്ചത് മുതല്‍ കല്യാണ പ്രായം ആകും വരെയും കൂടെക്കളിച്ച,.. വഴക്കിട്ട... കൂടപ്പിറപ്പായ ഞങ്ങള്‍ ആങ്ങളമാരുടെ ചങ്ക് കൂടിയാണ്......!
പെങ്ങളുള്ളവര്‍ക്ക് അവളെ ചങ്കിലെ ചോര പോലെ സ്നേഹിക്കാന്‍ കഴിയട്ടെ....
പെങ്ങളില്ലായ്മ എന്ന ദാരിദ്ര്യം ഉള്ളവര്‍ക്ക് നാഥന്‍ മറ്റു പലതിലും സമ്പന്നനാക്കട്ടെ,.......
സ്നേഹം കൊണ്ട് അത്ഭുതം കാണിക്കാന്‍ അറിയുന്ന ചുരുക്കം ചില ജന്മങ്ങളില്‍ ഒന്നാണ് അനിയത്തി.......
ശെരിക്കും കാമുകി ഉപേക്ഷിക്കുമ്പോളൊന്നുമല്ല ഒറ്റപ്പെടല്‍ എന്ന അവസ്ഥ ശെരിക്കും മനസ്സിലാകുക... നിഴലുപോലെ,.. വാല് പോലെ കൂടെയുള്ള അനിയത്തിയെ പിരിയുമ്പോള്‍ തന്നെയാണ്...... വിവാഹം കഴിഞ്ഞ പെങ്ങളുള്ള ഒരു ജേഷ്ടന് അത് നന്നായി മനസ്സിലാകും <3
---------------------------------
യാസിർ എരുമപ്പെട്ടി
--------------------------------

മരണ വീട് മറ്റൊരു ലോകമാണ്


മരണം കഴിഞ്ഞ വീട്ടിലേക്ക് പോയിട്ടുണ്ടോ നിങ്ങള്‍....?
ഇല്ലെങ്കില്‍ പോകണം.... 
അവിടെ മാത്രം കാണുന്ന ചില കാഴ്ചകളുണ്ട്‌.....!!
പുകഞ്ഞ് നീറിയ കുന്തിരിക്കത്തിന്‍റെ മടുപ്പിക്കുന്ന മണം തങ്ങി നില്‍ക്കുന്ന മുറ്റം....!
വരിഞ്ഞുകെട്ടിയ നീലട്ടാര്‍പ്പയയിലൂടെ ഉമ്മറത്തേക്ക് എത്തിച്ച് നോക്കുന്ന വെയില്...!
മഴച്ചാറല്‍ കൊണ്ട് നനഞ്ഞ് കിടക്കുന്ന വാടകക്ക് കൊണ്ടുവന്ന കസേരകള്‍....!
മയ്യിത്ത് കുളിപ്പിക്കുമ്പോള്‍ അഴുക്ക് നീക്കാന്‍ പൊളിച്ച് മാറ്റിയ റൂമിന്‍റെ കണ്ണീര്....!
കര്‍പ്പൂരം പുകഞ്ഞ റൂമില്‍ തളം കെട്ടിയ മൗനം....!
രണ്ടു ദിവസമായി പുകയാത്ത അടുപ്പിലെ വേവാത്ത പച്ച ച്ചോറിന്‍റെ മണം....!
കരഞ്ഞ് കരഞ്ഞ് ശബ്ദവും കണ്ണീരും വറ്റിയ ഉമ്മാടെ തട്ടം നനഞ്ഞ ചൂര്,......!
പരുക്കനായ ഉപ്പയുടെ ചങ്ക് തകര്‍ക്കുന്ന നിസ്സഹായ നോട്ടം.......!
കരഞ്ഞ് കലങ്ങിയ കുഞ്ഞോളുടെ കണ്ണില്‍ പെയ്ത് മരിച്ച മഴക്കാലത്തിന്‍റെ ബാക്കി....!
ഉമ്മറത്ത് ചാരുകസേരയില്‍ ക്ഷീണിച്ച് ഉറങ്ങുന്ന മരിച്ചയാളുടെ
വേണ്ടപ്പെട്ട വയസ്സായൊരു മനുഷ്യന്‍....!
മയ്യിത്തിന്‍റെ പേരിലുള്ള മഹര്‍മാല കഴുത്തിലണിഞ്ഞവളുടെ
ചോര വറ്റിയ കണ്ണും കണ്ണീര് കുടിച്ച് വീര്‍ത്ത കവിളും,....!
"ഉപ്പ പാപ്പു കൊണ്ടുവരുന്നതും"കാത്ത് ക്ഷീണിച്ച് ഉറങ്ങിപ്പോയ
കുഞ്ഞുങ്ങളുടെ കളങ്കമില്ലാത്ത പരിഭവപ്പറച്ചില്‍,.....!
നിറയേ മൗനം......... തളം കെട്ടിയ മൂകത.... ഇന്നലെ പെയ്ത മഴയിലെ മണ്ണിന്‍റെ മണം.....!
ആളുകളുടെ തിക്കിലും തിരക്കിലും ചളി പറ്റിപ്പിടിച്ച ടൈലിന്‍റെ വൃത്തിയില്ലാത്ത പ്രതലം......!
അവസാനം പൊതിയാന്‍ കൊണ്ടുവന്ന മൂന്ന് കഷ്ണം തുണിയില്‍ നിന്നും
ബാക്കിയായ ചെറിയ കഷ്ണം വെള്ളത്തുണി,...!
അതേ,... ഇതെല്ലാം അവിടെ മാത്രം കാണുന്ന ചില കാഴ്ചകളാണ്.....!!
എല്ലാം കണ്ട് തിരിച്ച് പോരാന്‍ നേരം കണ്ട കാഴ്ചകളെ മൊത്തം
ഉള്ളിലേക്കെടുത്ത് മൂക്കുകൊണ്ടല്ലാതെ,.. മനസ്സുകൊണ്ട് മണത്ത് നോക്കണം.... !!
മരണത്തിന്‍റെ മണം കിട്ടുന്നില്ലേ.... ഉണ്ട്... കിട്ടുന്നുണ്ട്...!!
(ജീവിച്ച് തുടങ്ങുന്നത് മുതല്‍ പ്രതീക്ഷിക്കേണ്ടത് മരണത്തെയാണ്‌...)

അനിയന്‍


ഒരു അനിയനുണ്ട്... അജു... അവനെക്കുറിച്ച് പറഞ്ഞാലും തീരാത്ത ഓര്‍മ്മകളുണ്ട്..ബാല്യവും യൗവ്വനവും ചേര്‍ത്ത് വെച്ച ഒരുപാട് ഓര്‍മ്മകള്‍... എങ്കിലും ചിലത് ആദ്യം മനസ്സില്‍ ഓടിയെത്തും... അത്തരത്തില്‍ ഒരു ബാല്യ കാല ഓര്‍മ്മയുണ്ട്...
വികൃതി എന്ന വാക്കും അജു എന്ന പേരും തമ്മില്‍ തീരെ വെത്യാസമില്ലാതിരുന്ന കാലം. ഉമ്മാടേയും ഉപ്പാടെയും ചെണ്ട ശെരിക്കും അവനായിരുന്നു. മുഴുവന്‍ അവന്‍ ചെയ്ത കുസൃതികളും ഉടായിപ്പുകളും കൊണ്ടല്ല അടിവാങ്ങിയിരുന്നത്... ഒട്ടു മിക്കതും ഞാനും അനിമോളും(പെങ്ങളുട്ടി) ചെയ്ത് കൂട്ടിയ ഉടായിപ്പുകള്‍ക്കും അവന്‍ പ്രതിക്കൂട്ടില്‍ കയറി ഉമ്മാടെല്‍ന്നും ഉപ്പാടെല്‍ന്നും നല്ല തല്ല് വാങ്ങാറുണ്ട്. ഞങ്ങള്‍ക്ക് വേണ്ടി അടി വാങ്ങുമ്പോള്‍ ഒരിക്കല്‍പോലും 'അത് ഞാനല്ല ഇക്കാക്കയാണ് ചെയ്തത് ' എന്നോ 'അത് അനിമോള്‍ ചെയ്തതാ' എന്നോ പറയാന്‍ അവന്‍ മുതിര്‍ന്നിട്ടില്ല. അത് അവനത്ര വലിയ പുണ്യാളന്‍ ആയോണ്ടോന്നുമല്ല... ഞങ്ങളുടെ തെറ്റ് സ്വയം ഏറ്റെടുത്ത് അടി വാങ്ങിയാല്‍ പിന്നെ ഞങ്ങളവനെ നന്നായി ട്രീറ്റ് ചെയ്യും എന്ന്അവന് നന്നായി അറിയാം. അതുകൊണ്ടാണ്... അങ്ങനെ ബാല്യം വല്ലാത്ത ഓര്‍മകളുടെ മധുരവും നല്‍കി കുതിച്ചുകൊണ്ടേയിരുന്നു.
അന്ന് ഞാന്‍ ആറാം ക്ലാസ്സിലും അജു ഒന്നിലും പഠിക്കുന്ന സമയം. സിപ്പ്-അപ്പ് വാങ്ങി തിന്നുക എന്നത് മാസത്തില്‍ ഒന്നോ രണ്ടോ വട്ടം മാത്രം നടക്കുന്ന സംഭവം മാത്രമായിരുന്നു... എനിക്കും അനിമോള്‍ക്കും സിപ്പ്-അപ്പ് വല്ലാത്ത വെറിയായിരുന്നു.. അജൂന് പിന്നെ എന്തും വെറിയായോണ്ട് എടുത്ത് പറയേണ്ട ആവിശ്യമില്ലല്ലോ.. അങ്ങനെയിരിക്കെ എങ്ങനെയെങ്കിലും കാശ് കൂട്ടിണ്ടാക്കി സിപ്പ്-അപ്പ് വാങ്ങാന്‍ ഞങ്ങള്‍ പ്ലാനിട്ടു. ആദ്യം ഉപ്പ കാണാതെ ഉപ്പാടെ പോക്കറ്റില്‍ നിന്നും അടിച്ചുമാറ്റിയ തുട്ടുകള്‍ പിടിക്കപ്പെട്ടപ്പോഴാണ് കുലങ്കശമായ ആലോചനയിലേക്ക് ഞങ്ങള്‍ മൂന്ന് പേരും ഇറങ്ങിത്തിരിച്ചത്. അങ്ങനെ ഒടുവില്‍ ആ 'ഐഡിയ' പറഞ്ഞതും അജുവാണ്. കശുവണ്ടി പറുക്കുക.. അത് കൂട്ടി വെച്ച് വിറ്റ് കാശാക്കി സിപ്പ്-അപ്പ് വാങ്ങി കഴിക്കുക... അങ്ങനെ അവന്‍റെ ഐഡിയ കയ്യടിച്ച് ഞാനും അനിമോളും പാസ്സാക്കി.
തൊട്ടടുത്ത പറമ്പില്‍ നിന്നും കശുമാങ്ങ എറിഞ്ഞു വീഴ്ത്തി കശുമാങ്ങയെ ശ്വാസം മുട്ടിച്ച് കൊന്ന്, കശുവണ്ടി പിഴുതെടുത്ത് ഞങ്ങള്‍ കശുവണ്ടി ശേഖരണം തുടങ്ങി... കശുവണ്ടി മാത്രം കവറിലിട്ട് കശുമാങ്ങ വലിച്ചെറിയുമ്പോള്‍ അജു പറയും..
"അതെന്താ കശുമാങ്ങ കളയുന്നേ... ഇക്ക് തന്നാളെ ഞാന്‍ തിന്നോണ്ട്" എന്ന്. അതും തിന്ന് കശുമാങ്ങയുടെ നീര് ഷര്‍ട്ടിലും പാന്റ്റിലും ആക്കി ഉമ്മാടെല്‍ന്നും കണക്കിന് കിഴുക്ക്‌ വാങ്ങി വയറ് നിറക്കും. അങ്ങനെ ഞങ്ങളുടെ ശേഖരണം കുറച്ചൊക്കെ ഉഷാറായി നടന്നു. ഒരു ചെറിയ കവര്‍ മുഴുവനായപ്പോള്‍ അജു പറഞ്ഞു. "ഇക്കാക്കാ.. അയില് കൊറേ കശുവണ്ടി ഉണ്ടല്ലോ.... മ്മക്ക് ഇന്ന് കൊണ്ടോയി വിറ്റാലോ" ഞാന്‍ എപ്പോഴേ ഓക്കെയായിരുന്നു. അനിമോളും പച്ചക്കൊടി വീശി.അങ്ങനെ അത് സംഭവിക്കുകയായി.
അന്ന് സ്കൂള്‍ ഇല്ലാത്ത ദിവസമായിരുന്നതിനാല്‍ ഞങ്ങള്‍ രണ്ടാളും കൂടി അനിമോളോട് ഉമ്മാനോട് പറയേണ്ട നുണകളൊക്കെ പറഞ്ഞ് പഠിപ്പിച്ച് കശുവണ്ടിയും എടുത്ത് നൈസായിട്ട് അങ്ങ് മുങ്ങി. അസര്‍ നിസ്കാരം കഴിഞ്ഞ ഉടനെ വെച്ച് പിടിച്ചു. എരുമപ്പെട്ടി സ്കൂളിന്‍റെ അടുത്താണ് ഔസേപ്പേട്ടന്‍റെ കട.. 'അവിടെ കൊടുത്താല്‍ കൊറേ കാശ് കിട്ടും' എന്ന് സൂത്രധാരന്‍ അജു തന്നെയാണ് പറഞ്ഞതും. അങ്ങനെ ഞങ്ങള് നടന്നു. പോകും വഴി കണ്ട മാവിലോക്കെ എറിഞ്ഞു.മാങ്ങയുടെ ചുണ കല്ലില്‍ തേച്ച് എറിഞ്ഞു വീഴ്ത്തിയ പുളി മാങ്ങ കടിച്ച് തിന്നു. അജൂന് നുണക്കുഴി ഉള്ളോണ്ട് അവന്‍ പുളിയുള്ളത് കടിച്ചാല്‍ ആ നുണക്കുഴി കാണാന്‍ നല്ല രസാണ്. കയ്യില്‍ മൊത്തം ഉടായിപ്പുകളാണെങ്കിലും .. മുഖത്ത് പക്കാ നിഷ്കളങ്കതയാണ് മൂപ്പര്‍ക്ക്. അങ്ങനെ കണ്ട മാവിലും ഞാവല്‍ മരത്തിനും കല്ലെറിഞ്ഞ് സമയം പോയത് ഞങ്ങള്‍ രണ്ടാളും അറിഞ്ഞില്ല.. തിരിച്ചെത്തും എന്ന് അനിമോളോട് പറഞ്ഞ സമയമൊക്കെ കഴിഞ്ഞിട്ടാണ് ഞങ്ങള്‍ ഔസേപ്പേട്ടന്‍റെ കടയുടെ അടുത്തെത്തിയതുതന്നെ....
അടച്ച് കിടക്കുന്ന കട കണ്ടപ്പോള്‍ എനിക്കാണോ അജൂനാണോ ആദ്യം സങ്കടം വന്നതെന്ന് അറിയൂല... പക്ഷെ അജു ഒസേപ്പേട്ടനേ നന്നായി പ്രാകുന്നുണ്ടായിരുന്നു. അപ്പോഴാണ്‌ ഞങ്ങള്‍ ഒരു വലിയ "ആഖോള"സത്യം മനസ്സിലാക്കിയത്. ഞായറാഴ്ചകളില്‍ എരുമപ്പെട്ടിയില്‍ കടകള്‍ തുറക്കാറില്ല... പ്രത്യേകിച്ച് ഔസേപ്പേട്ടന്‍റെ കട... അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കി...ചീത്ത പറഞ്ഞ് പിറുപിറുത്ത് ഞങ്ങള്‍ വീട് ലക്ഷ്യമാക്കി തിരിച്ച് നടന്നു. ചില യാത്രകള്‍ക്ക് തിരിച്ച് നടത്തം അനിവാര്യതയാണല്ലോ... തിരിച്ച് നടന്നത് റോഡിന്‍റെ അരികിലൂടെ വീട്ടിലേക്കുള്ള മറ്റൊരു വഴിക്കാണ്. സമയം അപ്പോള്‍ രാത്രി ഏഴുമണി കഴിഞ്ഞുകാണും. ഇരുട്ട് വെളിച്ചത്തെ കീറിമുറിച്ച് സ്ഥാനം ഉറപ്പിച്ചിരിക്കുന്നു.ഞാന്‍ നടത്തത്തിന് സ്പീഡ് കൂട്ടി. "അജോ...വേഗം നടക്ക്,.. ഉമ്മ ഞമ്മളെ തിരയിണ്ടാവും" ഞാന്‍ അജൂനോടായി പറഞ്ഞു.
"ഇന്ന്... ഞായറാഴ്ചയല്ലേ ... ഉപ്പ വെള്ളിയാഴ്ചയാ വരാ.. മെല്ലെ നടന്നാ മതി" മൂപ്പര് എന്നെ തിരുത്തി.
അതിനിടക്ക് വീട്ടില്‍ അപ്രതീക്ഷിതമായ പലതും നടക്കുന്നുണ്ടായിരുന്നു.... അനിമോളോട് പറഞ്ഞ സമയായിട്ടും അവള് ഞങ്ങളെ കണാത്തോണ്ട് ഉമ്മാട് കുറ്റ സമ്മതം നടത്തിയിരിക്കുന്നു. എല്ലാം തുറന്നുപറഞ്ഞിരുന്നു.അത്കേട്ട ഉമ്മ
"ഇങ്ങട്ട് വരട്ടെ രണ്ടിനും നല്ല പെട ഞാന്‍ കൊടുക്കുന്നുണ്ട്" എന്ന് പറഞ്ഞ് ഞങ്ങളെ കാത്തിരുന്നു, കുറെ ആയിട്ടും ഞങ്ങളെ കാണാതായപ്പോള്‍ ഉമ്മാക്ക് പേടികൂടി. രാത്രി എട്ടാവാനായി സമയം.... ഉമ്മാക്ക് ബേജാര്‍ കൂടിക്കൂടി വന്നു... "ഇന്‍റെ കുട്ട്യോളെ കാണാനില്ലല്ലോ പടച്ചോനെ" എന്നും പറഞ്ഞ് ഉമ്മ ടോര്‍ച്ചും എടുത്ത് അനിമോളെയും കൂട്ടി അയല്‍വാസിയായ സുഹൈലിന്‍റെ ഉമ്മാനെയും ഉപ്പാനെയും കൂട്ടി ഞങ്ങള്‍ പോയ വഴിക്കൊക്കെ തിരച്ചില് നടത്തി. അവിടെയൊന്നും ഞങ്ങളെ കാണാതായപ്പോള്‍ സുഹൈലിന്‍റെ ഉമ്മയാണ് പറഞ്ഞത് "ഇയ്യ് പേടിക്കണ്ട സുലൂ... നമ്മക്ക് സെണ്ടറിലൂടെ ഒന്ന് പോയി നോക്കിയോക്കാം" എന്ന്. അങ്ങനെ അവര് ഞങ്ങളുടെ ജുമുഅ പള്ളിയുടെ ഇറക്കം ഇറങ്ങി വരുന്ന കാഴ്ച അതെ ഇറക്കം കയറ്റമായി കയറുന്ന അജൂന്‍റെ കണ്ണില്‍ തന്നെ ആദ്യം പതിഞ്ഞു....
"ഇക്കാക്കാ.... അനി ചതിച്ചു..... ഉമ്മയും കൊറേ ആളുകളും കൂടി ഞമ്മളെ തെരഞ്ഞ് വരുന്നുണ്ട്" ഓന്‍ അത്രയും പറഞ്ഞപ്പോള്‍ ഉള്ളിലൂടെ ഒരു ആന്തളായിരുന്നു... എന്‍റെ കയ്യും കാലും വിറക്കാന്‍ തുടങ്ങി.... "പടച്ചോനെ.. എന്താ ഇനി ചെയ്യാ... നമ്മക്ക് തിരിച്ച് ഓടിയാലോ" എന്ന് ഞാന്‍ പറഞ്ഞ് തീരും മുന്നേ എതിരെ വന്നവരില്‍ നിന്നും അനിമോള്‍ ഞങ്ങളെ കണ്ടെത്തി ഉറക്കെ വിളിച്ച് പറയുന്നത് കേട്ടു. "ഉമ്മാ,.. അതാ ഇക്കാകയും അജുവും"... തീര്‍ന്നു... അവിടെ തീര്‍ന്നു സംഭരിച്ച് വെച്ച ഉള്ള ധൈര്യമെല്ലാം... !!
കശുവണ്ടിയുടെ കവര്‍ എന്‍റെ കയ്യിലായിരുന്നു. ഞാനത് വേഗം ഐശ്വര്യാ കല്യാണ മണ്ഡപത്തിന്‍റെ തൊട്ട് മുന്നിലുള്ള പറമ്പിലേക്ക് ഒറ്റ ഏറായിരുന്നു. അതുവരെ സങ്കടം മുഖത്ത് കാണിക്കാത്ത അജൂന്‍റെ മുഖം ദേഷ്യം കൊണ്ടും സങ്കടംകൊണ്ടും ചോന്നു.
"ഇയ്യെന്ത് പണിയാ കാണിച്ചത് ഇക്കാകാ.. എന്തിനാ അത് കളഞ്ഞേ" അവനെന്നോട് നല്ല അസ്സല് കെലിപ്പുണ്ടായിരുന്നു. ഉമ്മാടെ കെലിപ്പിലുള്ള നടന്നുവരവില്‍ ഞാന്‍ അവന്‍റെ കെലിപ്പ് താഴ്ത്തിക്കളഞ്ഞു. അവന്‍റെ കയ്യും പിടിച്ച് വേഗം നടക്കുമ്പോള്‍ അജു തിരിഞ്ഞ് ഒരു നോട്ടം നോക്കുന്നുണ്ടായിരുന്നു...
മതില് കെട്ടിയ ആ പറമ്പിലേക്ക് യാത്രയായ ഞങ്ങളുടെ കശുവണ്ടിയുടെ ആത്മാവിനെനോക്കി അവനെന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു... അവന്‍റെ ആ നോട്ടം ചിരിയാണോ... സങ്കടമാണോ ,.. അതോ പേടിയാണോ എന്നില്‍ നിറച്ചത് എന്ന് ഇപ്പോഴും എനിക്കറിയില്ല..... പക്ഷെ അന്ന് ഉമ്മ പൊതിരെ തല്ലിയിട്ടും ഞാനൊക്കെ കിടന്ന് മോങ്ങുമ്പോള്‍ അജു വന്ന്‍ പറഞ്ഞത് എന്നില്‍ ഇപ്പോള്‍ വല്ലാത്ത പൊട്ടിച്ചിരി നിറക്കുന്നുണ്ട്.... "അന്നോട്‌ പടച്ചോന്‍ പൊറുക്കൂലെടാ ഇക്കാകാ... എത്ര സിപ്പ്-അപ്പ് വാങ്ങാനുള്ള കാഷാ ഇയ്യ് കളഞ്ഞത്" എന്നാണ്....!
അന്ന് പേടിച്ചും,... കരഞ്ഞും ചെയ്ത കള്ളത്തരങ്ങളും ഉടായിപ്പുകളും ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ കണ്ണ് നിറക്കുന്നുണ്ട്... അജു വല്യ ചെക്കനായിരിക്കുന്നു... തൃശൂര്‍ ഗവണ്മണ്ട് ലോ-കോളേജില്‍ വല്യ വക്കീലാവാന്‍ പഠിക്കുകയാണവന്‍. കഴിഞ്ഞ ലീവിന് നാട്ടില്‍ പോയപ്പോളും എന്‍റെ ഉമ്മാടേയും അനിമോളുടെയും ഉപ്പാടെയും ഭാര്യയുടേയും മുന്നില്‍ വെച്ച് ആ പഴയ വല്ലാത്ത ഓര്‍മ പുതുക്കിയപ്പോള്‍ നുണക്കുഴികാട്ടി അവനൊന്ന് ചിരിച്ചു... ആ ചിരിയിലങ്ങനെ ഒരു ഒന്നാം ക്ലാസ്സുകാരന്‍റെയും ഒരു ആറാം ക്ലാസുകാരന്‍റെയും കുസൃതി തെളിഞ്ഞ് കാണാമായിരുന്നു....
സങ്കടം ഇപ്പോളത്തെ കുട്ടികളോടാണ്... അവര്‍ക്ക് കയ്യില്‍ കിട്ടിയ ഗെയിമുകളുടെ സീഡികളില്‍ എത്രയെത്ര ഓര്‍മകളാണ് നഷ്ടമാകുന്നത്.... ഫ്രിഡ്ജില്‍ ഇരിക്കുന്ന കടയില്‍ നിന്നും വാങ്ങിയ മാങ്ങയുടെ തണുത്ത രുചിയില്‍ കല്ലേറ് ഏറ്റ് നിലത്ത് മൂക്ക് കുത്തി വീണ എത്രയെത്ര മൂവാണ്ടന്‍ മാങ്ങയാണ്‌ നഷ്ടമാകുന്നത്....
അജു.... അനിയനാണ്...... ചില കാര്യങ്ങളിലൊക്കെ എന്‍റെ ഇക്കാക്കയാവാനുള്ള അറിവും പക്വതയുമുള്ളവന്‍.... സ്നേഹം കൊണ്ട് അത്ഭുതം കാണിക്കാന്‍ അവന് നന്നായി അറിയാം... ജേഷ്ടനും അനിയനും തമ്മിലുള്ള ഉദാത്തമായ ബന്ധം എന്നും നിലനില്‍ക്കട്ടെ എന്ന പ്രാര്‍ത്ഥന എന്നും ചങ്കില്‍ കോറി ഇടാറുണ്ട്.....
ഒന്ന് പറയാം... പെങ്ങളില്ലായ്മ മാത്രമല്ല .... ഒരു അനിയനില്ലായ്മയും ദാരിദ്ര്യം തന്നെയാണ്.....!
--------------------------------
യാസിർ എരുമപ്പെട്ടി

ഒരു ബാക്ക് ബെഞ്ചറുടെ കഥ.... ഒരു ടീച്ചറുടേയും



(നിങ്ങള്‍ക്ക് സമയക്കുറവുണ്ട് എന്നറിയാം... എങ്കിലും കഴിയുമെങ്കില്‍ ഇത് വായിച്ച് തുടങ്ങുക.... കണ്ണ് നിറഞ്ഞില്ലേലും നിങ്ങളുടെ മനസ്സ് നിറയുമെന്ന്‍ എനിക്ക് ഉറപ്പ് തരാന്‍ കഴിയും)
"സുഷമ ടീച്ചറുടെ വീടല്ലേ ഇത്"
ചെറിയ വീടിന്‍റെ ഇടുങ്ങിയ മുറ്റത്ത് തന്‍റെ പുതിയ വിലകൂടിയ കാറ് പാര്‍ക്ക് ചെയ്ത് മുറ്റത്ത് കണ്ട കുട്ടിയോട് അയാള്‍ ചോദിച്ചു.
"അതേലോ,... ചെറ്യമ്മേ,.. ഇതാ ആരോ വന്നിരിക്കുന്നു"
എന്ന് ആ കുട്ടി അടുക്കളയിലോട്ട്‌ മുഖം തിരിച്ച് വിളിച്ചു പറഞ്ഞു. മണ്ണില്‍ ഏതു നിമിഷവും മുഖം കുത്തി വീഴാം എന്ന നിലയില്‍ നില്‍ക്കുന്ന ആ ചെറിയ കൂരയുടെ അടുക്കളയില്‍ നിന്നും കരിപിടിച്ചൊരു മുഖം ഉമ്മറത്തേക്ക് നടന്നടുത്തു. മുഷിഞ്ഞ സാരിത്തുമ്പ്‌ കൊണ്ട് ആ സ്ത്രീ തന്‍റെ മുഖം തുടച്ചു.
"ആരാ മനസ്സിലായില്ല"
എന്ന് പറഞ്ഞ് അവര് വന്നയാളെ സൂക്ഷിച്ച് നോക്കി.
"പേരൊക്കെ പിന്നെപ്പറയാ ടീച്ചറെ.. ഞാന്‍ കൊലായത്ത്ക്ക് കേറി ഇരുന്നോട്ടെ"
അയാളുടെ മുഖത്ത് യാത്ര ചെയ്ത് ക്ഷീണിച്ച നിഴല്‍പാടുകള്‍ കാണാമായിരുന്നു.
"അയിനെന്താ കുട്ടീ,.. കേറി ഇരുന്നോളൂ" എന്നും പറഞ്ഞ് ടീച്ചര്‍ അടുക്കളയിലോട്ട്‌ നടന്നു. അടുക്കള വാതില്‍ക്കല്‍ എത്തിയപ്പോള്‍ അവര് ആ കുഞ്ഞിനെ വിളിച്ചു
"അരുണേ.. നീ പോയിട്ട് ത്രേസ്യ ചേച്ചിയോട് കുറച്ച് ടാങ്കിന്‍റെ പൊടി വാങ്ങി വാ.. ഏതോ വല്യ വീട്ടിലെ കുട്ട്യാ.. ഒരു ഗ്ലാസ് വെള്ളം കൊടുക്കാതിരുന്നാ മോശല്ലേ"
"ഇപ്പൊ കൊണ്ടോരാ ചെറ്യമ്മേ" എന്നും പറഞ്ഞ് അവര് നീട്ടിയ ഉരിക്ലാസുമായി അരുണ്‍ ത്രേസ്യേടത്തിയുടെ വീട് ലക്ഷ്യമാക്കി ഓടി.
ടീച്ചര്‍ കലക്കിയ വെള്ളവുമായി മെല്ലെ കോലായിലേക്ക് നടന്നു. എത്ര ശ്രമിച്ചിട്ടും ഓര്‍മയില്‍ തെളിയാത്ത ഈ മുഖം ആരുടെയാണ്?..എന്തിനാണ് ഈ കുട്ടി തന്നെ തിരഞ്ഞ് വന്നത്?,.. ഇനി വീട് വല്ലതും മാറി വന്നതായിരിക്ക്യോ? ചോദ്യങ്ങളൊക്കെ ആ മുഖത്ത് മറവിയുടെ മാറാലപറ്റിപ്പിടിച്ച് പല്ലിളിച്ച് കാണിച്ചു. അയാള്‍ കോലായിലെ പൊട്ടിയ കസാരയില്‍ ഇരിക്കുന്നുണ്ട്‌.നല്ല ഗള്‍ഫുകാരന്‍റെ അത്തറിന്‍റെ മണം കോലായില്‍ അലയടിക്കുന്നുണ്ട്.മുഷിഞ്ഞ ഈ കൂരയില്‍ ഇന്നുവരെ ഇങ്ങനെയൊരു വല്യ വീട്ടിലെ കുട്ടി വന്നിട്ടില്ല. എന്തായാലും ചോദിക്കുക തന്നെ. ടീച്ചര്‍ കോലായില്‍ എത്തിയ ഉടനെ അയാള്‍ ബഹുമാനപൂര്‍വ്വം ഇരുന്നിടത്ത് നിന്ന് എണീറ്റു.
"ഇരിക്ക് കുട്ട്യേ... ദാ അല്‍പം വെള്ളം കുടിക്കൂ"
എന്നും പറഞ്ഞ് സുഷമ ടീച്ചര്‍ വെള്ളം അയാളുടെ കയ്യില്‍ കൊടുത്തു.
ഒറ്റവെലിക്ക് മുഴുവനും കുടിച്ച്. അയാള്‍ ഒന്ന് കിതച്ചു. എന്നിട്ട് അമ്പരപ്പ് വിട്ടുമാറാതെ നില്‍കുന്ന ടീച്ചറുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
"ടീച്ചര്‍ക്ക് ഇന്നേ മനസ്സിലായില്ലാലേ ഇപ്പോഴും... ഇങ്ങടെ പഴേ ഒരു വിദ്യാര്‍ഥിയാണ്... ടീച്ചര്‍ടെ കയ്യില്‍ നിന്ന് പൊതിരെ തല്ലും വാങ്ങിയിട്ടുണ്ട്.. ഒന്ന് ഓര്‍ത്ത് നോക്ക്യേ...ഞാങ്ങാട്ടിരി ഇസ്കൂളില് ഏഴ് വരെ ടീച്ചര്‍ ഇന്നേ പഠിപ്പിച്ചിട്ടുണ്ട്...."
അത്രയും പറഞ്ഞ് നിര്‍ത്തിയപ്പോള്‍ ടീച്ചറുടെ മുഖത്ത് അമ്പരപ്പ് മാറി ചെറിയൊരു ചിരി വിടര്‍ന്നു.
"ആഹാ... ഞാങ്ങട്ടിരി ഇസ്കൂളിലോക്കെ പഠിപ്പിച്ചിട്ട് കൊറെ കാലയില്ലേ കുട്ട്യേ,.. ഒന്നും ഒര്മയില്ലാതായിരിക്കുണൂ... വയസ്സായില്ലേ..."
"ആഹ് ശെരിയാ,.. ഞാന്‍ ടീച്ചറെ ഓരോ ലീവിന് വരുമ്പോഴും അന്വേഷിക്കാറുണ്ട്‌.. ഇന്നലെയാണ് ടീച്ചറുടെ ഇവിടത്തെ അഡ്രസ്സ് കിട്ടിയത്.. അപ്പൂനേ ഓര്‍മ്മയുണ്ടോ ടീച്ഛര്‍ക്ക്.. ഓനാണ്‌ വീട് പറഞ്ഞ് തന്നത്"
അത്രയും പറഞ്ഞപ്പോള്‍ ചുളിവുകള്‍ പ്രായം തീര്‍ത്ത ആ മുഖത്ത് ആശ്ച്ചര്യത്തിന്‍റെ നിഴലാട്ടം അയാള്‍ക്ക് കാണാമായിരുന്നു.
"അപ്പുവോ,.. അവനെ അറിയാതെപിന്നെ... ഞാങ്ങട്ടിരി ഇസ്കൂളില് നിന്ന് എനിക്ക് കിട്ടിയ ഒരേ ഒരു കുട്ട്യാ ഓന്‍.. ഇടക്കിടക്ക് ഇവിടെ വരാറുണ്ട്...കാര്യങ്ങളൊക്കെ അന്വേഷിക്കാന്‍.. ബാക്കി ആര്‍ക്കും ഒരു ഓര്‍മില്യാ ഇന്നേ"
അത് പറയുമ്പോള്‍ ആ മുഖത്ത് നനവ്‌ വീഴുന്നുണ്ടായിരുന്നു . അത് കേട്ട് അയാള്‍ തല താഴ്ത്തി ഇരുന്നു. "അല്ല,.. കുട്ടീടെ പേര് പറഞ്ഞില്ലല്ലോ ഇത് വരെ,... ഏഴാം ക്ലാസ്സില് ഏതാ ഡിവിഷന്‍"
"ഏഴ് .ബീയാണ് ടീച്ചറെ,.. ഇങ്ങള് ക്ലാസ് ടീച്ചറായിരുന്ന ഏഴ്-ബി"
"ആഹാ... അതിലാണോ നീ പഠിച്ചത്... അപ്പൊ പേര് പറഞ്ഞാ ഓര്‍മ കിട്ടും.. ഇന്‍റെ അവസാനത്തെ ക്ലാസ്സ്‌ അതായിരുന്നു. അയിന് ശേഷാ ബാലുവേട്ടന്‍ മരിച്ചത്.ഞാന്‍ പഠിപ്പിക്കല് നിര്‍ത്തീതും. അത്രയും പറഞ്ഞ് ടീച്ചര്‍ ഓര്‍മയുടെ ഇടവഴിയിലേക്ക് കുഴിഞ്ഞ കണ്ണുകളെ യാത്രയാക്കി നിശ്ചലയായ് നിന്നു. പെട്ടന്ന് ഓര്‍മകളില്‍ നിന്ന് മുഖം തിരിച്ച് അയാളോട് ചോദിച്ചു.
"ഫസ്റ്റ് ബെഞ്ചിലെ അനിലാണോ.. അതോ റാഫിയോ"
"ആഹാ.. ടീച്ചര്‍ക്ക് ഇപ്പോഴും ക്ലാസില്‍ ഉണ്ടായിരുന്ന കുട്ട്യോള്‍ടെ പേരൊക്കെ ഓര്‍മ്മയുണ്ടാ..."
"പിന്നല്ലാതെ... ഞങ്ങള് ടീച്ചര്‍മാര്‍ക്ക് കുട്ട്യോളെ അങ്ങനെ മറക്കാന്‍ പറ്റോ"
"ആഹ് അതും ശെരിയാ... പക്ഷെ ഇന്നേ ടീച്ചര്‍ക്ക് ഓര്‍മയുണ്ടാവാന്‍ വഴിയില്ല..."
അത്രയും അയാള്‍ പറഞ്ഞപ്പോള്‍ ടീച്ചര്‍ അവരുടെ ഓര്‍മകളില്‍ നിന്നും ഏഴ്.ബി-യിലേ പൈതങ്ങളുടെ പേരിലേക്ക് ഒരുപാട് പേരുകള്‍ ചേര്‍ത്ത് വെച്ചു. അതൊന്നുമല്ല എന്ന മട്ടില്‍ അയാള്‍ തല ആട്ടികൊണ്ടേ ഇരുന്നു. ഒടുവില്‍ പരാചയം സമ്മതിച്ച് ടീച്ചര്‍ അയാളുടെ മുന്നില്‍ പിന്നെയാര് എന്ന മട്ടില്‍ നിന്നു.
"ടീച്ചറെ,.. ഇങ്ങക്ക് ഒന്നാം ബെഞ്ച് മുതല്‍ നടൂലെ ബെഞ്ച്‌ വരെയുള്ളവരുടെ പേരേ അറിയൂലേ... ലാസ്റ്റു ബെഞ്ചിലും കുറച്ച് കുട്ട്യോള്‍ ഉണ്ടായിരുന്നൂട്ടാ"
അതൊരു ഒന്നൊന്നര ചോദ്യവും മറുപടിയുമായിരുന്നു... അത് കേട്ട് ടീച്ചറൊന്ന്‍ ചിരിച്ചു.
"ഇനി പറയാ,... ഇന്‍റെ പേര് അന്‍വര്‍ എന്നാ... അന്ന് ക്ലാസിലെ നിഖിലയുടെ ബാഗില്‍ നിന്ന് അവളുടെ അച്ഛന്‍ വാങ്ങിക്കൊടുത്ത പുതിയ ഹീറോ പെന്‍ കട്ടെടുത്തതിന് ടീച്ചര്‍ പൊതിരെ തല്ലിയ ഒരു ഏഴാം ക്ലാസുകാരനെ ഓര്‍കുന്നുണ്ടോ... അപ്പൂന്‍റെ തൊട്ടടുത്ത ബെഞ്ചില്‍ ഇരിക്കാറുള്ള ഒരു വികൃതി ചെക്കനെ ഓര്‍മയില്ലേ... അന്ന് എല്ലാരുടെയും മുന്നില് വെച്ച് ടീച്ചര്‍ എന്നെ വല്ലാതെ നാണം കെടുത്തിയ ദിവസം ഓര്‍കുന്നുണ്ടോ,... അന്ന് ക്ലാസ് കഴിഞ്ഞ് പോകുമ്പോള്‍ ടീച്ചര്‍ എനിക്ക് തന്ന സര്‍പ്രൈസ് ഗിഫ്റ്റ് ഓര്‍ക്കുന്നുണ്ടോ... എവിടെ... ടീച്ചര്‍ക്ക് മുന്നിലുള്ലോരേ മാത്രല്ലേ ഓര്മൊള്ളൂ"
അത്രയും പറഞ്ഞ് അയാള്‍ ടീച്ചറുടെ മുഖത്തേക്ക് നോക്കി. ആ മുഖം വല്ലാത്തൊരു നിസ്സഹായതയോടെ അയാളിലേക്ക് നോക്കി.
അന്‍വറോ,.... ഇവന്‍ ഇത്ര വല്യ ചെക്കനായോ ദൈവേ... ടീച്ചറുടെ ഓര്‍മകള്‍ പഴയ ഏഴാം ക്ലാസിലെ ചുവരുകളിലേക്ക് മെല്ലെ നടന്നടുത്തു.
അന്ന് നിഖില വന്ന് തന്‍റെ പുതിയ ഹീറോ പെന്‍ ആരോ എടുത്തു എന്ന് പരാതി പറഞ്ഞപ്പോളാണ് സുഷമ ടീച്ചര്‍ ക്ലാസിലെ ലീഡറായ നിതിനോട് എല്ലാവരുടെയും ബാഗ്‌ പരിശോദിക്കാന്‍ പറഞ്ഞത്. അങ്ങിനെ അന്‍വറിന്‍റെ ബാഗില്‍ നിന്നും തൊണ്ടി മുതല് കണ്ടെടുക്കുകയായിരുന്നു. അന്ന് കള്ളന്‍ എന്ന പേരും വിളിച്ച് അന്‍വറിനേ എല്ലാവരും കളിയാക്കിയിരുന്നു. സുഷമ ടീച്ചറുടെ ചൂരലിന്‍റെ പാട് അന്‍വറിന്‍റെ ചന്തിയില്‍ ചിത്രം വരച്ചിരുന്നു.' എന്തിനാണ് നീ ഇങ്ങനെ മറ്റുള്ളവരുടെ സാധനങ്ങള്‍ കട്ടെടുക്കുന്നത്' എന്ന് ചോദിച്ച സുഷമ ടീച്ഛറോട് കണ്ണ് നിറച്ച് തല താഴ്ത്തി അവന്‍ പറഞ്ഞത് കേട്ടിട്ടാണ് ടീച്ചറുടെ കണ്ണും അറിയാതെ നനഞ്ഞത്...
"കൊത്യായിട്ടാ ടീച്ചറെ ,.. ഓള്‍ക്ക് ഇഞ്ഞും കിട്ടൂലോ ഹീറോ പെന്‍.. ഓള്‍ടെ അച്ഛന്‍ ഗള്‍ഫിലല്ലേ... ഇന്‍റെ ഉപ്പാക്ക് ക്ഷയരോഗാണ്...പണിക്ക് കൂടി പോകാനൊക്കൂലാ...ഉമ്മച്ചിക്ക് ഹീറോ പെന്‍ വാങ്ങിതരാനുള്ള കാഷുല്ലാ... അതാ ഞാന്‍...."
വാക്കുകള്‍ പൂര്‍ണ്ണമാവാതെ അന്‍വര്‍ തേങ്ങി.കണ്ണിലെ നനവ്‌ മറച്ച് ടീച്ചര്‍ അവനെ ഉപദേശിച്ചു.
'ആഗ്രഹായാ ഇങ്ങനെ കട്ടെടുക്കാ ചെയ്യാ,.. നല്ല കുട്ടികള്‍ അങ്ങനെ ചെയ്യാന്‍ പാടുണ്ടോ'...
അതിനും അവന്ക്ക് മറുപടി ഉണ്ടായിരുന്നു.
"അയിന് ഞാന്‍ നല്ല കുട്ട്യല്ലല്ലോ,... അതോണ്ടല്ലേ ടീച്ചര്‍ ഇന്നേ ബാക്ക് ബെഞ്ചില്‍ ഇരുത്തിയത്" അവന്‍റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
"അങ്ങനെ ആരാ പറഞ്ഞെ ഇന്‍റെ കുട്ട്യേ,.. എന്‍റെ ക്ലാസിലെ എല്ലാരും നല്ല കുട്ട്യോളാ... അന്‍വര്‍ മോനും അങ്ങനെതന്നെയാട്ടോ... മുന്നില് സ്ഥലം ഇല്ലാതോണ്ടാല്ലേ ടീച്ചര്‍ പുറകില് ഇരുത്തിയത്.... പുറകില് ഇരുന്ന് പഠിച്ചോരാ ഒടുവില് വല്യ ആളുകളാവാ.. അബ്ദുല്‍ കലാം പറഞ്ഞത് അങ്ങനല്ലേ.. പിന്നെന്താ"
അതൊരു ഉപദേഷമായിരുന്നില്ല അന്‍വറിന്,.. മറിച്ച് അവനതൊരു പ്രചോദനമായിരുന്നു.
അന്ന് കുട്ടികളോട് അന്‍വറിനേ ഇനി കള്ളന്‍ എന്നൊന്നും വിളിക്കരുത് എന്നും പറഞ്ഞ് ക്ലാസ് കഴിഞ്ഞ് പിരിഞ്ഞ് പോകവേ... ഞാങ്ങട്ടിരി ഇസ്കൂളിന്‍റെ മൂവാണ്ടന്‍ മാവിന്‍റെ ചോട്ടിലേക്ക് സുഷമ ടീച്ചര്‍ അന്‍വറിനെ വിളിപ്പിച്ചു. കണ്ണടക്കെടാ കുറുമ്പാ എന്നും പറഞ്ഞ് അന്‍വറിന്‍റെ കൈകളിലേക്ക് അന്ന് സുഷമ ടീച്ചര്‍ നല്‍കിയ ഹീറോ പെന്നിന്‍റെ മഷിക്ക് സ്നേഹത്തിന്‍റെ നിറമായിരുന്നു. അതേ,... ആ പഴയ വികൃതി അന്‍വര്‍ തന്നെയാണ് ഈ ഇരിക്കുന്നത്. അവനിപ്പോള്‍ പഴയ വികൃതിയല്ല,.. ദുബായില്‍ നാല് പ്രൊഡക്ഷന്‍ കമ്പനികളുടെ ഉടമയാണ്..മാസത്തില്‍ ഒരിക്കല്‍ നാട്ടില്‍ വരുന്ന നല്ല അസ്സല് മുതലാളി കൂടിയാണ്. അവന്‍ അവന്‍റെ പ്രിയ്യപ്പെട്ട ടീച്ചറെ കാണാന്‍ വന്നിരിക്കുകയാണ്. ടീച്ചര്‍ കണ്ണ് നിറച്ച് അവന്‍റെ അരികിലേക്ക് നടന്നു. ചുളിവ് വീണ ആ കൈകള്‍ കൊണ്ട് അവനെ മെല്ലെ തൊട്ടു.മെല്ലെ പുണര്‍ന്നു. അവന്‍റെ കണ്ണില്‍ പഴയ കുറുമ്പനായ അന്‍വര്‍ മിന്നി മറയുന്നത് ടീച്ചര്‍ കണ്ടു.

പ്രിയ്യപ്പെട്ട ടീച്ചര്‍ക്കായ് കരുതിവെച്ച അഞ്ച് പവനോളം വരുന്ന ഒരു സ്വര്‍ണ്ണ മാലയും കുറച്ച് കാശും അവന്‍ ടീച്ചറുടെ കൈകളില്‍ ഏല്‍പിച്ചപ്പോള്‍ വാങ്ങാന്‍ കൂട്ടാക്കാതെ കണ്ണ് നിറഞ്ഞ് ടീച്ചര്‍ പറഞ്ഞു
"എനിക്കെന്തിനാ കുട്ട്യേ ഇനി കൊറേ കാഷ്,... അന്‍വറെ,.. നീ വന്നല്ലോ എന്നെ കാണാന്‍... എത്രയോ പേരേ പഠിപ്പിച്ചു,.. ആരും എന്നെ തിരിച്ചറിയാറില്ല... ഇത്ര വല്യ നിലയിലായിട്ടും എന്‍റെ ഈ കൂര തേടി വന്നല്ലോ നീ,.. അത് മതി കുട്ട്യേ... സന്തോഷായി... മനസ്സ് നിറഞ്ഞു ഈ ടീച്ചര്‍ക്ക്".
ഒടുവില്‍ അന്‍വറിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി അവന്‍ കൊണ്ടുവന്നതെല്ലാം വാങ്ങേണ്ടി വന്നു ടീച്ചര്‍ക്ക്...
"ഇങ്ങടെ മോനാണ് ടീച്ചറെ,... അന്യനൊന്നുമല്ല... അന്ന് തന്ന ഹീറോ പേനക്ക് പകരവുമല്ല ഇതൊന്നും... അതിന് പകരമാവുകയുമില്ല..ഇതല്ല മറ്റൊന്നും ... ടീച്ചര്‍ക്കറിയോ ആ പേന ഇന്നും എന്‍റെല് ഉണ്ട്... നിറം പോയെങ്കിലും അയിന് ഇപ്പോഴും ടീച്ചര്‍ടെ സ്നേഹത്തിന്‍റെ ചൂരാ.. ഇന്‍റെ കെട്ട്യോള്‍ ഇടുത്ത് വെച്ചിട്ടുണ്ട്... ഇടക്കൊകെ എന്‍റെ ചെറിയ മക്കളെ കാണിക്കാറുണ്ട്.... അവര്‍ക്ക് അത് വെറും പേനയാ... പക്ഷേങ്കില് ഇക്ക് അങ്ങനെയല്ലല്ലോ"
ഇത്രയും പറഞ്ഞ് 'ഇനി ഭാര്യയേയും മക്കളേയും കൂട്ടി വരണ്ട് ട്ടോ ടീച്ചറെ ' എന്നും പറഞ്ഞ് അവന്‍ പടികള്‍ ഇറങ്ങുമ്പോള്‍ കണ്ണില്‍ ഒരു ഏഴ്.ബി തെളിയുന്നുണ്ടായിരുന്നു ടീച്ഛര്‍ക്ക്... കണ്ണിലെ നനവ്‌ കാരണം കാഴ്ചകള്‍ അവ്യകത്മായ ചുവരുകള്‍ക്കുള്ളില്‍ ഒരു ഹീറോ പെന്‍ ഒരു കുറുമ്പന്‍റെ ബാഗില്‍ ചൂരലിന്‍റെ പാടും കാത്ത് കിടക്കുന്നുണ്ടായിരുന്നു...!

അന്‍വര്‍ പോയിരിക്കുന്നു... പക്ഷെ അവന്‍റെ സ്നേഹവാക്കുകളും അവന്‍റെ സമ്മാനങ്ങളും സുഷമ ടീച്ചറുടെ കണ്ണും മനസ്സും ഒരുപോലെ നിറച്ചു. ടീച്ചറ് മനസ്സില്‍ പറയാതെ പറയുന്നുണ്ടായിരുന്നു.... ലാസ്റ്റ് ബെഞ്ചില്‍ കുറുമ്പ് മാത്രമല്ല,.. കുസൃതി മാത്രമല്ല,.. അളവില്ലാത്ത സ്നേഹവും കൂടെയുണ്ട് എന്ന്.
ഇത് സ്നഹേം കൊണ്ട് അതിശയിപ്പിച്ച ലാസ്റ്റ് ബെഞ്ചിലേ അന്‍വറുമാര്‍ക്ക് സമര്‍പ്പിക്കുന്നു.!
ചെന്ന്കാണുക,.... ഗുരുനാഥന്മാരെ.... നല്ലവാക്ക് പറഞ്ഞ്തന്നവരെ... രണ്ട് സ്നേഹവാക്ക് അവരില്‍ ചേര്‍ത്ത് വെക്കുക.... അവരുടെപ്രാര്‍ത്ഥനകള്‍ഉണ്ടാവും..... എന്നും!
ആള്‍കൂട്ടത്തില് നിന്നും ടീച്ചറേ,... അല്ലെങ്കില്‍ മാഷേ എന്നുള്ള വിളി അവരും കൊതിക്കുന്നുണ്ടാവാം... അല്ലെങ്കില് കുറച്ച് സ്നേഹവാക്കുകള്‍ കാലങ്ങള്‍ക്കപ്പുറം കാണുമ്പോള്‍ അവര്‍ക്ക് നല്‍കുക.... അവരുടെ പോലിവ് നിങ്ങള്‍ക്ക് കിട്ടുന്ന അനുഗ്രഹമാണ്....!!
---------------------------------
യാസിർ എരുമപ്പെട്ടി
---------------------------------

ആയിഷാടെ കഥ,... നജീബിന്‍റെയും



( മുഴുവന്‍ വായിക്കുക... കണ്ണും മനസ്സും നിറക്കുന്ന കുറച്ച് ജീവിതങ്ങളുണ്ട്‌.. യാഥാര്‍ത്ഥ്യങ്ങളും )
വിവാഹ ജീവിതം തുടങ്ങിയിട്ട് ഇരുപത് വര്‍ഷങ്ങള്‍.... ഒരുപാട് പരിഹാസച്ചിരികള്‍.... അര്‍ത്ഥം വെച്ച മൂളലുകള്‍... കണ്‍മുന്നില്‍ വെച്ച് തന്‍റെ പ്രിയതമയെ 'മച്ചി' എന്ന് പറയാതെ പറഞ്ഞവര്‍. ആരുടെ പ്രശ്നമാണ് എന്ന് രഹസ്യമായി രണ്ട് പേരോടും മാറി മാറി ചോദിച്ചവര്‍.
ഒരു മാതാവിന്‍റെ മനസ്സ് അവള്‍ക്ക് പടച്ചോന്‍ എന്നേ കൊടുത്തിരുന്നു... മാതാവാകാനുള്ള ഭാഗ്യമാണ് കൊടുക്കാതെ പോയത്.... ഒരു പിതാവായി അയാളും മനസ്സുകൊണ്ട് കനവ്‌ കണ്ടിരുന്നു... പിതാവായ യാഥാര്‍ത്ഥ്യമാണ് നടക്കാതെ പോയത്. പടച്ചോന്‍റെ ചില കൈവിട്ട കളികളില്‍ ബലിയാടുകളായ രണ്ട് ജന്മങ്ങള്‍... നജീബും ആയിഷയും..!!
നജീബ് ജീവിതത്തില്‍ നിന്നും വല്ലാതെ ഒളിച്ചോടുകയാണ്.ആള്‍ക്കൂട്ടത്തിലേക്ക്‌ സലാം പറഞ്ഞ് ചെല്ലാന്‍ അയാള്‍ക്കിപ്പോള്‍ വല്ലാത്ത ഭയമാണ്. ഒരാളെങ്കിലും 'എന്തായി ഭാര്യക്ക് വിശേഷം വല്ലതും ആയോ' എന്ന് ചോദിക്കാത്ത സന്ദര്‍ഭം വളരെ കുറവാണ്. അതുകൊണ്ടുതന്നെ ഒളിച്ചോട്ടമാണ് ഏറ്റവും നല്ല ആയുധം എന്ന് നജീബ് ധരിച്ചുവെച്ചു. ആയിഷ പുറത്തിറങ്ങാറേയില്ല... അവള്‍ക്ക് എല്ലാവരെയും ഭയമാണ്... ഒന്നുകില്‍ സഹതാപത്തോടെയുള്ള നോട്ടം,.. അല്ലെങ്കില്‍ കുത്തുവാക്ക്,.. അതുമല്ലെങ്കില്‍ ഉപദേശം... ഇതില്‍ ഏതായാലും 20 വര്‍ഷത്തോളം പഴക്കമുള്ള കേട്ട് മടുത്ത വേദന തന്നെയാണ് അത് എന്ന് ഉറപ്പുള്ളത്കൊണ്ട് അവള്‍ എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ട് ജീവിച്ച് തുടങ്ങി. വീട്ടിലെ കോളിങ്ങ് ബെല്ലിനെ ഇത്രത്തോളം ഭയക്കുന്ന പെണ്ണ് വേറെ ഉണ്ടാവില്ല. അതറിയാവുന്ന ഒരേ ഒരാള്‍ നജീബ് തന്നെയാണ്.അതുകൊണ്ടുതന്നെ അയാള്‍ തന്‍റെ വീടിന്‍റെ കോളിംഗ്ബെല്ലില്‍ ഇന്നേവരെ കൈകള്‍ അമര്‍ത്തിയിട്ടില്ല.
മരിച്ച വീട് പോലെ "ആയിഷ മന്‍സില്‍" എന്നും ഉറങ്ങിക്കിടന്നു. മാവിന്‍റെ ഇല കൊഴിഞ്ഞ് മുറ്റം ആകെ നിറഞ്ഞ്,തെങ്ങിന്‍റെ പട്ടയും തേങ്ങയും വഴിയില്‍ കിടന്ന് ചിതലരിച്ച്,.. ആ വീട് ശെരിക്കും ഒരു മരിച്ച വീട് പോലെ സന്ദര്‍ശകര്‍ ഇല്ലാതെ ഒറ്റപെട്ടങ്ങനെ നിന്നു. അന്നാദ്യമായി ഡോക്ടര്‍ രണ്ട് പേരുടേയും മുഖത്ത് നോക്കി "അത്രപെട്ടന്ന്‍ നിങ്ങള്‍ക്ക് സന്താന ഭാഗ്യം ഉണ്ടായി എന്ന് വരില്ല,... വളരെ റയര്‍ ആണ് ഇങ്ങനത്തെ പ്രശ്നം ഉണ്ടാവാറ്,.. രണ്ട് പേര്‍ക്കുമാണ് പ്രശ്നം... നമുക്ക് ദൈവത്തോട് പറയാം.. അത്ഭുതങ്ങള്‍ സംഭവിക്കാന്‍" എന്ന് പറഞ്ഞ് നിര്‍ത്തിയപ്പോള്‍ നജീബാണോ ആയിഷയാണോ ആദ്യം കരഞ്ഞത് എന്നറിയില്ല... പക്ഷെ ഒന്നറിയാം അന്ന് മുതല്‍ പിന്നീടങ്ങോട്ട് ആയിഷ മനസ്സറിഞ്ഞ് ചിരിക്കുന്നത് നജീബ് കണ്ടിട്ടില്ല. എന്തൊരു ചൊറുക്കുള്ള പെണ്ണായിരുന്നു തന്‍റെ ആയിഷ... എന്ത് ഭംഗിയുള്ള കണ്ണുകളായിരുന്നു അവളുടെ.. എന്ത് രസായിരുന്നു ആ ചിരി കാണാന്‍... ഇന്നിപ്പോ,.. ഓള്‍ടെ മുഖം കണ്ടാലേ ചങ്ക് പൊട്ടും... കരഞ്ഞ് കരഞ്ഞ് കണ്ണിന് താഴെ കണ്ണീര്‍തുള്ളികള്‍ കറുത്ത പാടുകള്‍ തീര്‍ത്തിരിക്കുന്നു. കണ്ണ് വല്ലാതെ കുഴിയിലായപോലെ... ചിരി മാഞ്ഞ് വിഷാദഭാവം അവളുടെ മുഖത്ത് സ്ഥാനം ഉറപ്പിച്ചിരിക്കുന്നു.
എന്തൊക്കെയോ ആലോചിച്ച് ഓഫീസിലെ ചെയറില്‍ മൌനമായ് ഇരിക്കുമ്പോള്‍ നജീബിന്‍റെ ഉറ്റ ചെങ്ങാതി അരുണാണ് അവനോട് ഒരു കാര്യം പറഞ്ഞത്..
"ഡാ,.. എത്രകാലം എന്നുവെച്ചാഡാ നീയിങ്ങനെ കാത്തിരിക്ക്യാ,... നീ ചൂടാവില്ലാച്ചാ ഞാന്‍ ഒരു കാര്യം പറയട്ടെ" ചിന്തയില്‍ നിന്നും തലതിരിച്ച് നജീബ് ഒന്ന് മൂളി... "ഉം.. പറ"
"എന്‍റെ അറിവില്‍ ഒരു യത്തീംഖാനയുണ്ട്... അവിടെ നിന്നും ദത്തെടുക്കാന്‍ പറ്റും.. നമുക്ക് ഒരു പൈതലിനെ ദത്തെടുത്തലോടാ" അരുണ്‍ അത്രയും പറഞ്ഞ് നിര്‍ത്തി.
"ഞാന്‍ അതൊക്കെ എന്നോ ആലോചിച്ച് ഒഴിവാക്കിയതാടാ,.. ദത്ത് പുത്രന്‍ സ്വന്തം ചോരയാവില്ലല്ലോടാ"
"അങ്ങനെയൊന്നും ഇല്ല അളിയാ,... എന്‍റെ അറിവില്‍ തന്നെ സ്വന്തം ചോരപോലെ അങ്ങോട്ടും ഇങ്ങോട്ടും സ്നേഹിക്കുന്ന കുട്ടികളും വീട്ടുകാരുമുണ്ട്..നീ ഇന്ന് ഡ്യൂട്ടി കഴിഞ്ഞ് എന്‍റെ കൂടെ വാ.. ബാക്കി ഞാന്‍ നോക്കിക്കോളാം"
അവസാനത്തെ പിടിവള്ളി എന്നോണം നജീബ് പകുതി മനസ്സോടെ ഒന്ന് മൂളി. ഫോണ്‍ എടുത്ത് ആയിഷാക്ക് വിളിച്ചു കാര്യം പറഞ്ഞു. ഒരു നനഞ്ഞ മൂളലില്‍ അവളെല്ലാം ഒതുക്കിക്കളഞ്ഞു.!!
നജീബും അരുണും യത്തീംഖാനയില്‍ എത്തി കാര്യങ്ങളൊക്കെ അന്വേഷിച്ചു. കുറച്ച് പേപ്പര്‍ ശെരിയാക്കാനുണ്ട്...
"കുട്ടിയെ അവന്‍ക്കൊന്ന് കാണിച്ച് കൊടുക്കാന്‍ പറ്റുമോ" എന്ന് അരുണ്‍ അവിടുത്തെ ആളോട് തിരക്കി. നിങ്ങള്‍ക്ക് ആണ്‍ കുഞ്ഞിനെയല്ലേ ദത്തെടുക്കേണ്ടത് എന്ന ചോദ്യത്തിന് അരുണ്‍ തലയാട്ടിയപ്പോള്‍ നജീബ് തിരുത്തി.. "അല്ല എനിക്ക് ഒരു മോളെ മതി" മരുഭൂമിയില്‍ മഴ പെയ്തപോലെ ചോദിച്ച ആളുടെ മുഖം പ്രകാശിതമായി. കാരണം ദത്തെടുപ്പിലും പെണ്‍കുഞ്ഞിനെ ഏറ്റെടുക്കുന്നവര്‍ വളരെ വിരളമാണത്രേ... നജീബ് മനസ്സ് കൊണ്ട് എല്ലാറ്റിനും തയ്യാറായിരുന്നു. പെട്ടന്ന് നജീബിന് വന്ന ഫോണ്‍ കോള്‍ അയാളുടെ മുഖത്തെ ചിരി വീണ്ടും മായ്ച്ചു... ആയിഷക്ക് ഒരു തലകറക്കം കണ്ട് വീട്ടിലേക്ക് പണിക്ക് വരുന്ന ഇത്തയാണ് വിളിച്ച് ഹോസ്പിറ്റലില്‍ എത്തിച്ചത്. ഹോസ്പിറ്റലില്‍ നിന്നും ഇത്തയാണ് വിളിച്ചതും. ഡോക്ടര്‍ക്ക് നജീബിനേ ഒന്ന് കാണണം എന്ന്. പെട്ടന്ന് പേപ്പറൊക്കെ റെഡിയാക്കി കുഞ്ഞിനെ കൊണ്ടോവാന്‍ പിന്നീട് വരാം എന്ന് പറഞ്ഞ് നജീബ് തിരക്കിട്ട് അരുണിനേയും കൂട്ടി ആശുപത്രിയിലേക്ക് തിരിച്ചു.
മരുന്ന് മണക്കുന്ന വരാന്തയിലൂടെ അയാളുടെ പാദങ്ങള്‍ വേഗത്തില്‍ ചലിച്ചു. ഡോക്ടറുടെ വാതില്‍ തള്ളിത്തുറന്ന് കിതച്ച് അയാള്‍ ഡോക്ടറോട് ചോദിച്ചു "ഡോക്ടറെ ഞാനാണ് ആയിഷാടെ ഭര്‍ത്താവ്,.. ഒള്ക്കെന്താ പറ്റിയത്"
'നിങ്ങള്‍ ഇരിക്കൂ നജീബ്.... ഞാന്‍ പറയട്ടെ'
"എന്ത് പറ്റി ഡോക്ടര്‍,... പറയ്‌"
'നിങ്ങളൊരു ഉപ്പയാവാന്‍ പോകുന്നു.... കണ്ഗ്രാട്സ്.....'
പറഞ്ഞത് ഡോക്ടറാണോ പടച്ചോനാണോ എന്ന് നജീബിന് ഉറപ്പില്ലായിരുന്നു... ഡോക്ടറുടെ ചുറ്റിലും തൂ വെള്ള ചിറകുള്ള പോലെ,....... യാ റബ്ബ് ... എന്താണ് ഞാനീ കേള്‍ക്കുന്നത്.... മച്ചി എന്ന് പേരെടുത്ത് പറഞ്ഞവരുടെ നാവിനെ നിശ്ചലമാക്കി കാത്തിരിപ്പിന്‍റെ ഇരുപത് വര്‍ഷങ്ങള്‍ക്കപ്പുറം ഞാന്‍ ഉപ്പയാവാന്‍ പോകുന്നുവോ... എനിക്ക് വിശ്വസിക്കാനാവുന്നില്ല.... എന്‍റെ ആയിഷ,... ഡോക്ടര്‍.... എവിടെ എന്‍റെ ആയിഷ...??
'റൂം നമ്പര്‍ 786-ലുണ്ട് നിങ്ങളുടെ ആയിഷ'
റൂം നമ്പര്‍ 786,.... അതേ ഇത് പടച്ചോന്‍റെ അത്ഭുതം തന്നെയാണ്... വരാന്തയില്‍ തന്നെയും കാത്ത് നില്‍ക്കുന്ന കൂട്ടുകാരന്‍ അരുണിനേ കണ്ടതും,... ഓടിച്ചെന്ന്‍ പൊട്ടിക്കരഞ്,.. വല്ലാത്തൊരു ലോകം തോല്‍ക്കുന്ന ചിരി ചിരിച്ച് നജീബ് അരുണിനെ കെട്ടിപ്പിടിച്ചു....
"എന്‍റെ ആയിഷ ഉമ്മയാവാന്‍ പോകുന്നൂടാ,... ഞാന്‍ ഉപ്പയാവാന്‍ പോകുന്നു"
കേട്ട് നിന്ന അരുണും കണ്ണ് നിറച്ച് ചിരിച്ചു. നജീബ് റൂം നമ്പര്‍ 786 ലക്ഷ്യമാക്കി നടന്നു. മെല്ലെ വാതില്‍ തുറന്ന് അകത്ത് കയറി,... ഒരു മാലാഖപെണ്ണ് കട്ടിലില്‍ ഇരിക്കുന്നു.... അവളുടെ കണ്ണിന് നഷ്ടപെട്ടുപോയ പഴയ പ്രകാശം തിരിച്ച് കിട്ടിയിരിക്കുന്നു... മനസ്സറിഞ്ഞ് അവളുടെ ചിരി വിടരുന്നുണ്ട്.... അവളുടെ ഇക്കാനെ കണ്ടതും എണീറ്റുനിന്ന് തന്‍റെ പ്രിയതമനെ കെട്ടിപ്പിടിച്ചു. ഒന്നും പറയാതെ ആ നാല് കണ്ണുകള്‍ പരസ്പരം എന്തൊക്കെയോ പറഞ്ഞു... അന്നേരം പുറത്ത് ഒരു ചാറ്റല്‍ മഴ പെയ്യുന്നുണ്ടായിരുന്നു... നജീബിന്‍റെയും ആയിഷയുടെയും മനസ്സിലും ആ ചാറ്റല്‍ മഴ പെയ്ത്കൊണ്ടേയിരുന്നു....!!
മാസങ്ങള്‍ പെട്ടന്നാണ് കുതിച്ചോടിയത്.... ഇന്നാണ് ആയിഷാക്ക് പ്രസവത്തിന് പറഞ്ഞ ദിവസം,.... രണ്ട് ദിവസം മുന്നേ ആശുപത്രിയില്‍ അഡ്മിറ്റാക്കിയിരുന്നു. പെട്ടന്ന് ആയിഷാട് 'ഇക്ക വേഗം വരാട്ടോ' എന്നും പറഞ്ഞ് നജീബ് ആശുപത്രി വിട്ട് ഇറങ്ങിപ്പോയി. നേരെ ചെന്നത് ഉറ്റചെങ്ങായി അരുണിന്‍റെ വീട്ടിലേക്കാണ്. വാടാ നമുക്കൊരിടം വരെ പോകാനുണ്ട് എന്നും പറഞ്ഞ് നജീബ് അരുണുമായി എത്തിയത് പഴയ ആ ദത്ത് മോഹം ജനിപ്പിച്ച യത്തീംഖാനയുടെ മുന്നിലാണ്. "ഡാ,.. അപ്പൊ നീ ഇത് മറന്നില്ലേ" എന്ന അരുണിന്‍റെ ചോദ്യത്തിന് നജീബ് കൊടുത്ത മറുപടി അരുണിന്‍റെ കണ്ണ് നനച്ചു...
"മറക്കേ,.... ഇതോ,... അവളെ ദത്തെടുക്കാന്‍ മനസ്സ് പറഞ്ഞപ്പോളല്ലേടാ എന്‍റെ ആയിഷ ഉമ്മയായത്,.. അന്ന് മുതല്‍ ഇതിന്റെ ഓരോ ബാക്കി പേപ്പറുകള്‍ ശെരിയാക്കാന്‍ ഞാന്‍ ഓടി നടക്കായിരുന്നു.. നിന്നെ ഒക്കെ കഴിഞ്ഞ് അറിയിക്കാന്ന് കരുതി,... അന്ന് മുതലേ ഞാന്‍ ഓള്‍ടെ വാപ്പയാടാ" എന്ന്. കണ്ണും മനസ്സും നിറഞ്ഞ് അവര് രണ്ട് പേരും തിരികേ നടക്കുമ്പോള്‍ കൂടെ ഒരു വല്ലാത്ത ചിരിയും നിഷ്കളങ്കതയും ചേര്‍ന്ന പതിഞ്ഞ കൊലുസിന്‍റെ കിലുക്കവും കൂടെ ഉണ്ടായിരുന്നു. അതേ,.... ഭാര്യയുടെ പ്രസവ ദിവസം കുഞ്ഞിനെ ദത്തെടുത്ത ആദ്യത്തേ പിതാവ് ഒരുപക്ഷെ നജീബായിരിക്കാം.... ആ പൈതലിനെ മുറുകേ പുണര്‍ന്ന് നജീബ് പിറുപിറുത്തുകൊണ്ടേയിരുന്നു... എന്‍റെ സൗഭാഗ്യങ്ങളുടെ തുടക്കം നീയാണ് മോളേ.......!
അരണ്ട വെളിച്ചം അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ലേബര്‍ റൂമിന്‍റെ മുന്നിലെ വരാന്തയില്‍ നജീബ് നിന്നു മനസ്സില്‍ പ്രാര്‍ഥനയുടെ കെട്ടുകള്‍ ഒന്നിന് മീതെ ഒന്നായി അടിഞ്ഞ് കൂടി... കൂടെ അയാളുടെ വിരലില്‍ കുഞ്ഞു കൈകള്‍ ചേര്‍ത്ത് ഒരു വല്ലാത്ത മാലാഖക്കുഞ്ഞും.... നേഴ്സ് ആയിഷാടെ പേര് വിളിച്ച് പുറത്ത് വന്നു... "ആയിഷാടെ ആരാ ഉള്ളത്"...
"ഞാനാ ഓള്‍ടെ ഭര്‍ത്താവ്"
"ആഹ്,... ആയിഷ പ്രസവിച്ചു.... ഇരട്ടക്കുട്ടികളാണ്... രണ്ടും ആണ്‍കുട്ടികള്‍"
നജീബ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്മാരുടെ പട്ടികയിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു.... ഇരുപത് വര്‍ഷത്തെ കണ്ണീരിന് ഒരൊറ്റ ദിവസത്തിന്‍റെ പുഞ്ചിരിയുടെ, അധിരില്ലാത്ത സന്തോഷത്തിന്‍റെ മറുപുറം നല്‍കി പടച്ചോന്‍ അനുഗ്രഹിച്ചിരിക്കുന്നു. ഒരൊറ്റ ദിവസത്തില്‍ മൂന്ന് കുട്ടികളുടെ പിതാവായ നജീബ്.... അയാള്‍ മെല്ലെ കണ്ണീര് തുടച്ച് തന്‍റെ മകളെ കോരിയെടുത്ത് പറഞ്ഞു... "മോളൂ,.... നിനക്ക് രണ്ട് കുഞ്ഞനിയന്മാര്‍ ഉണ്ടായിരിക്കുന്നു..." അയാള്‍ അവളെ കോരിയെടുത്ത് തുരുതുരാ ഉമ്മവെച്ചു.

ആയിഷയെ റൂമിലേക്ക് മാറ്റിയ ദിവസം തന്നെ അയാള്‍ ആ കുഞ്ഞു മോളെയും കൊണ്ട് അവളുടെ അരികിലേക്ക് നടന്നു. ഒരൊറ്റ ദിവസം കൊണ്ട് ഉപ്പാടെ പുറകില്‍ നിന്ന് മാറാന്‍ കഴിയാത്ത മകളായി മാറിയിരിക്കുന്നു അവള്‍. നജീബ് മെല്ലെ ആ കുഞ്ഞിനെ അവളിലേക്ക് ചേര്‍ത്ത് എന്തോ പറയാന്‍ തുടങ്ങിയപ്പോളെക്കും അവള്‍ ഇടക്ക് കയറിപ്പറഞ്ഞു...
"നമ്മുടെ മൂത്ത മോള്‍,.. അല്ലെ ... ഇക്കാ"
വാക്കുകള്‍ പകരം കൊടുക്കാന്‍ തികയാതെ അയാള്‍ തലയാട്ടി.. തന്‍റെ ചോരക്കുഞ്ഞുങ്ങളെ കാണാന്‍ മെല്ലെ നടന്നടുത്തു...വിറയാര്‍ന്ന പാദങ്ങളും പൊലിവേറിയ മനസ്സുമായ്......!
വര്‍ഷങ്ങള്‍ വല്ലാതെ തിരക്കിട്ട് ഓടിക്കിതച്ചു നജീബിന്‍റെ മൂത്ത മകളുടെ വിവാഹ ദിവസത്തില്‍ വന്നെത്തി. ആ വല്ലാത്ത ദിവസം മുതല്‍ ഇന്നുവരെ ആ വീട് ഉറങ്ങിയിട്ടില്ല.... ചിരിയും കളിയും ഒക്കെയായി അതൊരു സ്വര്‍ഗ്ഗം തന്നെയായിരുന്നു. രണ്ട് കുഞ്ഞനിയന്മാരെയും അവള് നല്ലപോലെ നോക്കി,.. കുഞ്ഞനിയന്മാര്‍ അവളെയും മത്സരിച്ച് സ്നേഹിച്ചു. ആയിഷാക്ക് വയസ്സായിരിക്കുന്നു .. നജീബിനും ... പക്ഷെ അവരുടെ ചിരിക്ക് ഇന്നും ആ പഴയ മൊഞ്ചാണ്... ! പടച്ചോന്‍ അങ്ങിനെയാണ്... ഒരുപാട് കരയിപ്പിക്കുന്നത് മനസ്സ് തുറന്ന് ചിരിപ്പിക്കാന്‍ വേണ്ടിയാകും... അതേ,...... ഒരു കയറ്റം കഴിഞ്ഞാല്‍ കിതച്ച് നിന്നേക്കരുത്,... കുറച്ച് കൂടി നടന്നടുത്താല്‍ ഒരു നല്ല ഇറക്കമുണ്ട്....!!
ഇത് നജീബിനെപ്പോലെയുള്ള ഉപ്പമാര്‍ക്കും ആയിഷയെപ്പോലെ സഹനം ജീവിതമാക്കിയ ഉമ്മമാര്‍ക്കും സമര്‍പ്പിക്കുന്നു....!
(ഒരു യഥാര്‍ത്ത സംഭവം ചില കൂട്ടിചേര്‍ക്കലിലൂടെ കഥയായി എഴുതിയതാണ്.. അതിലെ പേരുകള്‍ നമുക്ക് ചുറ്റുമുള്ള ആരിലേക്കും ചേര്‍ത്ത് വായിക്കാം...
ഒന്ന് മാത്രം പറയാന്‍ ആഗ്രഹിക്കുന്നു... വര്‍ഷങ്ങള്‍ കുറേ ആയിട്ടും മക്കളില്ലാത്ത ദമ്പതികളോട് 'വിശേഷം വല്ലതും ആയോ' എന്നുള്ള ചങ്കില്‍ തറക്കുന്ന ചോദ്യം ചോദിക്കാതിരിക്കുക... അങ്ങനെ വിശേഷം ഉണ്ടേല്‍ അവര് നിങ്ങളെ അറിയിക്കാതിരിക്കില്ല.. നിങ്ങള്‍ ചോദിക്കുന്നത് ഏത് അര്‍ത്തത്തിലായാലും അതിലൂടെ നിങ്ങള്‍ക്കൊന്നും നേടാനില്ല,.. പക്ഷെ ആ ഒരു ചോദ്യത്തില്‍ ഉറക്കം നഷ്ടപ്പെട്ട എത്രയോ ദമ്പതികള്‍ ചുറ്റിലുമുണ്ട്... അവരെ ഓര്‍ത്തെങ്കിലും .........!!)
സ്നേഹത്തോടെ ,
-------------------------------
യാസിർ എരുമപ്പെട്ടി
------------------------------

പ്രിയപ്പെട്ട ഭര്‍ത്താവിന്



എന്തിനാണ് ഇങ്ങനെ ഒരു എഴുത്ത് എന്ന് മിനിഞ്ഞാന്ന് വരെ നേരില്‍ കണ്ടത് കൊണ്ട് 'നിങ്ങളില്‍' ചോദ്യം ഉയര്‍ത്തിയേക്കാം.... ഇന്നലേ വരെ ഇക്കാ എന്ന് സ്നേഹത്തോടെ വിളിച്ച എന്‍റെ വിളി നമുക്കിടയില്‍ അകല്‍ച്ചയുടെ 'നിങ്ങള്‍' എന്ന വാക്ക് എങ്ങനെ രൂപപ്പെട്ടു എന്നും നിങ്ങള്‍ ചിന്തിച്ചേക്കാം..... ഇത് മുഴുവന്‍ വായിക്കാതെ നിങ്ങളെനിക്ക് കോള്‍ ബട്ടണ്‍ അമര്‍ത്തില്ല എന്ന് വിശ്വസിക്കുന്നു....!
മിനിഞ്ഞാന്ന് എന്‍റെ വീട്ടിലേക്ക് രണ്ട് ദിവസം നില്‍ക്കാന്‍ പോകണം എന്ന് ഞാന്‍ പറയുമ്പോള്‍ മറുത്ത് ഒന്നും പറയാതെ 'അതിനെന്താ ഞാന്‍ കൊണ്ടാക്കിത്തരാലോ' എന്ന് മാത്രം പറഞ്ഞ് എന്നെ എന്‍റെ വീട്ടിലാക്കി പോകുമ്പോള്‍ നിങ്ങളുടെ കണ്ണിലെ പ്രകാശം എനിക്ക് കാണാമായിരുന്നു.... അന്നേരം എന്‍റെ കണ്ണിലെ നനവ്‌ നിങ്ങള്‍ കണ്ടിരിക്കാന്‍ ഇടയില്ല... എന്‍റെ ചങ്കിന്‍റെ പിടച്ചില് നിങ്ങള്‍ കേള്‍ക്കാന്‍ വഴിയില്ല.എന്‍റെ നെഞ്ചിലെ തീ അണക്കാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നു എത്രയോ വട്ടം.... പക്ഷെ നിങ്ങളതിന് ശ്രമിച്ചില്ല.... നിങ്ങളോട് മുഖത്ത് നോക്കി ഇതെല്ലാം പറയാന്‍ ഭയം ഉള്ളത് കൊണ്ടല്ല ഇങ്ങനെ ഒരു എഴുത്ത്... മറിച്ച് ഭര്‍ത്താവിനെ ജീവന് തുല്യം സ്നേഹിച്ച ഒരു ഭാര്യക്കും ഇത്തരത്തിലുള്ള കാര്യങ്ങള്‍ മുഖത്ത് നോക്കി ചോദിക്കാന്‍ മനസ്സനുവദിക്കില്ല. എന്നതുകൊണ്ടാണ്....അതികം നീട്ടി വലിച്ച് എഴുതുന്നില്ല.......
ഇക്കാ,.... അങ്ങനെത്തന്നെ വിളിച്ചോട്ടെ ഈ പൊട്ടത്തിപെണ്ണ്‍.... 'നിങ്ങള്‍' എന്ന് എഴുതുമ്പോള്‍ ചങ്കിലൊരു മുള്ള് തറക്കുന്നപോലെ,.... നാല് മാസം പ്രായമായ നിങ്ങളുടെ ബീജം എന്‍റെ വയറില്‍ വേദന തീര്‍ക്കുന്നത് പോലെ... അതുകൊണ്ട്.... അതുകൊണ്ട് മാത്രം ഞാന്‍... ഇക്കാ എന്ന് തന്നെ വിളിക്കുന്നു.....
അവിചാരിതമായിട്ടാണ് ഇക്കാടെ ഫോണിലേക്ക് വന്ന ആ മെസ്സേജ് ഞാന്‍ വായിച്ചത്.... ഇന്നുവരെ ഇക്കാടെ സ്വകാര്യതയിലേക്ക് ഞാനൊരിക്കലും കണ്ണും കാഴ്ചയും നല്‍കിയിട്ടില്ല... അതിനുള്ള കാരണം ഇക്കാനോടുള്ള അമിതമായ വിശ്വാസമായിരുന്നു.... കല്യാണം കഴിഞ്ഞ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ഗര്‍ഭിണിയാകുന്നത്....നമ്മളെത്ര കനവ്‌ കണ്ടിരിക്കുന്നു ഇക്കാ,... നമുക്കൊരു മാലാഖപോലോത്ത പെണ്‍കുഞ്ഞിനേ വേണമെന്ന്... രണ്ട് തവണ അബോര്‍ഷനായി നമുക്ക് കിട്ടാതെപോയ രണ്ട് ചോരക്കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ നടുവില്‍ നില്‍ക്കാന്‍ ഒരു മോളെ വേണമെന്ന്,...
പ്രാര്‍ഥനകളുടെയും കാത്തിരിപ്പിന്‍റെയും നീണ്ട നാല് വര്‍ഷങ്ങള്‍ക്കപ്പുറം ഇക്കാടെ ചോരയാണ് എന്‍റെ വയറ്റില്‍ കുരുക്കുന്നത്... എന്നിട്ടും എങ്ങനെ കഴിയുന്നു ഇക്കാ.. ഇങ്ങനെയൊന്ന് എന്നോട് ചെയ്യാന്‍.... ?
പലവട്ടം അതേ നമ്പറില്‍ നിന്നും മിസ്സ്കോള്‍ വന്നപ്പോളും മെസ്സേജ് വന്നപ്പോളും കൂട്ടുകാരിയാണ്‌ എന്ന് പറഞ്ഞ് ഈ പൊട്ടത്തിപെണ്ണിനെ ഇക്ക എത്ര പറ്റിച്ചിരിക്കുന്നു...... രാത്രിയില്‍ ഏറെ നേരം നമ്മുടെ ടറസിന്‍റെ മുകളില്‍ കയറി കമ്പനിയുടെ ആവിശ്യത്തിനുള്ള കോളാണ് എന്ന് പറഞ്ഞ് എത്രയോ വട്ടം ഞാനറിയാതെ ആ നമ്പറിലേക്ക് വിളിച്ച് സല്ലപിച്ചിരിക്കുന്നു.....
അന്ന് ആ മെസ്സേജ് വായിച്ചപ്പോള്‍ എന്‍റെ റൂഹ് എന്ത് വേദനയിലാണെന്നോ പിടഞ്ഞത്.... എന്‍റെ ചങ്കില്‍ നിന്നും ഉമിനീര് ഇറങ്ങാതെ ഞാനെത്ര നേരമാണെന്നോ നിര്‍വികാരതയില്‍ കണ്ണ് നനയിച്ച് നിന്നത്..... നമ്മുടെ ബാത്ത്റൂമിലേ ഷവറ് തുറന്നിട്ട്‌ എത്ര വട്ടമാണെന്നോ ഞാന്‍ പൊട്ടിക്കരഞ്ഞത്.... ഇത് വായിക്കുമ്പോള്‍ ഇക്കാടെ പൊട്ടത്തിയായ ഭാര്യയുടെ നിറഞ്ഞ കണ്ണ് ഇക്കാക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്നുണ്ടോ.....
എത്ര വൃത്തികെട്ട വരികളും കാര്യങ്ങളുമാണ് വര്‍ഷങ്ങളായി ഇക്കയും ആ പെണ്‍കുട്ടിയും തമ്മില്‍ സംസാരിച്ചിരുന്നത്..... അന്ന് വായിച്ച ആ ഒരു മെസ്സേജില്‍ നിന്നാണ് ബാക്കിയുള്ള ചാറ്റ് ഹിസ്റ്ററി മുഴുവന്‍ എന്‍റെ കൂട്ടുകാരിയുടെ സഹായത്തോടെ ഞെനെടുത്ത് വായിച്ചത്... അവളോട്‌ ഇതെങ്ങനെ എടുക്കും എന്ന് ചോദിക്കുമ്പോള്‍പോലും ആര്‍ക്കാണ് എന്ന ചോദ്യത്തിന് എന്‍റെ കുടുംബത്തിലെ ഒരു പാവം പെണ്ണിനാണ് എന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ... എന്‍റെ ഇക്കാനെക്കുറിച്ച് ഞാനെങ്ങനെയാ മോശമായി അവളോട്‌ പറയാ.... ?
ഇക്കാടെ ഗുണങ്ങള്‍ പറഞ്ഞ് പറഞ്ഞ് അവളെത്രയോ വട്ടം പറഞ്ഞിരിക്കുന്നു 'നിന്‍റെ ഭാഗ്യം ഇങ്ങനെ സ്നേഹമുള്ള ഒരു ഭര്‍ത്താവിനെ കിട്ടിയതില്‍' എന്ന്...!! പക്ഷെ ഇങ്ങനെയൊരു നിമിഷത്തിലേക്കാണ് എന്‍റെ ഭാഗ്യം എന്നെകൊണ്ടെത്തിക്കുക എന്ന് ഞാനറിഞ്ഞിരുന്നില്ല... ഇപ്പോള്‍ ഞാന്‍ ആഗ്രഹിച്ചു പോകുന്നു ഇക്കാ...... അതികം സ്നേഹമില്ലെങ്കിലും കര്‍ക്കശക്കാരനാണെങ്കിലും സ്വന്തം ഇണയെ വഞ്ചിക്കാത്ത ഒരു ഭര്‍ത്താവിനെ മതിയായിരുന്നു എന്ന്....!!
എനിക്കിപ്പോള്‍ നിങ്ങളോട് ഒന്ന് ചോദിക്കാന്‍ തോന്നുന്നു... നിങ്ങള്‍ നല്‍കിയ ഓരോ ചുംബനങ്ങള്‍ക്കും അവളുടെ ഓര്‍മകള്‍ക്ക് മുകളിലുള്ള നിങ്ങളുടെ ചേര്‍ത്ത് വേക്കലായിരുന്നോ ഉണ്ടായിരുന്നത്... എന്‍റെ കൂടെ കിടക്കുമ്പോളും അവളായിരുന്നോ ഇക്കാടെ മനസ്സില്..... !!
ആ പെണ്‍കുട്ടിയോട് എത്ര മോശമായിട്ടാണ് ഇക്ക എന്നെ പരിചയപ്പെടുത്തിയത്...
"കിടക്ക വിരിക്കാനും ഭക്ഷണം പാചകം ചെയ്ത് ഒരുക്കിവെക്കാനും... പ്രായമായ ഉമ്മയേയും ഉപ്പയേയും സ്വന്തം മാതാപിതാക്കളെപ്പോലെ സ്നേഹിക്കാനും അഞ്ച് പവന്‍ കൊടുത്ത് വാങ്ങിയ വേലക്കാരി എന്നതില്‍ അപ്പുറം ഒരു സ്നേഹവും ഞങ്ങള്‍ക്കിടയില്‍ ഇല്ല" എന്ന് എത്ര നിസ്സാരമായാണ് അവളെ സന്തോഷിപ്പിക്കാന്‍ ഇക്ക എന്നെക്കുറിച്ച് എഴുതി അയച്ചത്... ആ നാല് വരികളിപ്പോഴും എന്‍റെ തൊണ്ടയില്‍ കുരുങ്ങിക്കിടക്കുന്നു ഇക്കാ,............ ആത്മഹത്യ നമ്മുടെ മതത്തില്‍ നിഷിദ്ധമാക്കിയില്ലെങ്കില്‍ ഞാന്‍ അന്ന് തന്നെ സ്വയം തീര്‍ക്കുമായിരുന്നു... ഇക്കാക്ക് എനിക്ക് പകരം എന്‍റെ സ്ഥാനത്ത്,.. എന്‍റെ ഈ അവസ്ഥയില്,.. ഇക്കാനെ ചിന്തിക്കാന്‍ കഴിയുമോ.... ഞാനാണ് ഇങ്ങനെ ഓരോ മെസ്സേജും വാക്കുകളും മറ്റൊരു പുരുഷന് അയച്ചിരുന്നെങ്കില്‍ എന്ന് ,... ഇക്കയാണ്‌ അത് വായിക്കുന്നത് എങ്കില്‍...... ഇല്ല ഇക്കാ,.... നിങ്ങള്‍ക്കതിന് കഴിയില്ല..... ഈ പൊട്ടത്തിപെണ്ണിന് മാത്രമേ അങ്ങനെയുള്ള വരികളൊക്കെ വായിച്ചിട്ടും നിങ്ങളുടെ പെണ്ണായി തുടരാനുള്ള തീരുമാനമെടുക്കാന്‍ കഴിയൂ.....
കല്യാണം കഴിഞ്ഞ ഉടനെ കൂട്ടുകാരികളേയും കൂട്ടുകരന്മാരേയും ഒഴിവാക്കണം എന്ന നെറികെട്ട നീതി ഒരിക്കലും ഈ പൊട്ടത്തിപെണ്ണ്‍ ഇക്കാട് പറഞ്ഞിട്ടില്ല... അവരോടൊക്കെ നല്ലപോലെ പഴയ സൗഹൃദവും സ്നേഹവും ഉണ്ടാവണം എന്ന് തന്നെയായിരുന്നു ഭാര്യയായ എന്‍റെ അഭിപ്രായം... വെറും പ്ലസ്.ടൂ മാത്രം വിദ്യാഭ്യാസമുള്ള എനിക്ക് ഡിഗ്രിയൊക്കെ കഴിഞ്ഞ ഇക്കാടെ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ ഇഷ്ടമില്ലായിരുന്നു... പക്ഷെ ഇത് സൗഹൃദമായിരുന്നില്ലല്ലോ ഇക്കാ.... വെറും കാമവും വികാര പൂര്‍ത്തീകരണവുമായിരുന്നല്ലോ.... ഭാര്യയുള്ളപ്പോള്‍ തന്നെ മറ്റൊരു പെണ്ണുമായി ഇതെല്ലാം പങ്കുവെക്കുന്ന ഇക്കാനെ ഞാനെന്ത് പറഞ്ഞാണ് വിളിക്കുക....... ഇന്നുവരെ മറ്റൊരു പുരുഷനോടും എനിക്ക് ആഗ്രഹവും സ്നേഹവും തോന്നിയിട്ടില്ല... തോന്നുകയുമില്ല... പക്ഷെ നിങ്ങളുടെ ഈ "നീതി"ക്ക് നെറികേട് എന്ന് മാത്രം പറഞ്ഞാല്‍ അത് കുറഞ്ഞ് പോകുകയല്ലേ ഉള്ളൂ......
പൊരുത്തപ്പെടുമായിരുന്നു കോളേജ് സമയത്ത് എന്‍റെ ഇക്കാക്ക് പറ്റിയ കാര്യങ്ങളാണ് ഇതൊക്കെ എങ്കില്‍,... കല്യാണത്തിന് മുന്പ് ഉണ്ടായ കാര്യങ്ങളാണ് അതൊക്കെയെങ്കില്‍,...
പക്ഷെ ഇതങ്ങനെയാണോ ഇക്കാ.... ?
എന്നെ വീട്ടിലാക്കി തിരിച്ച് പോകുമ്പോള്‍ എനിക്കറിയാം അവളുമായി സംസാരിക്കാനുള്ള ഇക്കാടെ ധൃതി.... എന്‍റെ ലോകം ഇക്കയും ഇക്കാടെ വീടും നമ്മുടെ പൈതലും ഇക്കാടെയും എന്‍റെയും വീട്ടുകാരും മാത്രമായിരുന്നു... പക്ഷെ ഇക്കാടെ ലോകത്തില്‍ ഞാനില്ലാ എന്ന് തിരിച്ചറിയാന്‍ ഞാനൊരുപാട് വൈകി.......... എന്‍റെ ഉമ്മാട് ഇതൊക്കെ പറഞ്ഞ് ഒന്ന്കെട്ടിപ്പിടിച്ച് കരയണമെന്നുണ്ട്... പക്ഷെ ചെയ്യുന്നില്ല ഞാന്‍... ഇത് എന്നില്‍ തീരട്ടെ,.... മറ്റൊരു പെണ്ണും ഇങ്ങനെ ചങ്ക് പൊട്ടാതിരിക്കട്ടെ....
നാളെ നമുക്കൊരു കുഞ്ഞുണ്ടാകുമ്പോള്‍ ആ ചോരക്കുഞ്ഞിനെ ആദ്യം തൊടുന്നത് 'നിങ്ങളാവരുത്' എന്ന് ഞാനിപ്പോള്‍ ആഗ്രഹിക്കുന്നു.....
കഴിയുമെങ്കില്‍ ഈ എഴുത്ത് വായിച്ച് എനിക്ക് വിളിക്കുന്നതിന് മുന്നേ നിങ്ങളാ കാമുകിക്ക് വിളിക്കുക.. എന്നിട്ട് അവളോട്‌ ഒന്ന് മാത്രം ചോദിക്കുക... എനിക്ക് പകരം അവള്‍ക്കാണ് ഇങ്ങനെ ഒരു അവസ്ഥ വരുക എങ്കില്‍ എന്ത് ചെയ്യുമെന്ന്..... അവള്‍ക്കുമുണ്ടല്ലോ എന്നെപോലെ പറ്റിക്കപ്പെടുന്ന ഒരു ഭര്‍ത്താവും,.. ഇതൊന്നുമറിയാത്ത അവളുടെ കുഞ്ഞുങ്ങളും.... അവരോടെന്താണ് ഈ അവസ്ഥയില്‍ പറയുക എന്ന്.... !!
അവളുടെ മറുപടി എന്തുമാവട്ടെ... അത് കേട്ട്കൊണ്ട് ഇക്കാക്ക് എന്നോട് അടുത്ത നുണ പറയാന്‍ കഴിയുമെങ്കില്‍ നിസ്സംശയം എനിക്ക് വിളിക്കാം..... നിങ്ങളുടെ പറയാന്‍ പോകുന്ന അടുത്ത നുണയും ഞാന്‍ വിശ്വസിച്ചു എന്ന് നിങ്ങള്‍ കരുതുക....!!!
അതല്ല അവളുടെ മറുപടികേട്ട് ഇക്കാക്ക് മനസ്സ് പിടയുന്നുവെങ്കില്‍ എനിക്ക് വിളിക്കാതിരിക്കുക... ഇനിയാതെറ്റ് എന്‍റെ ഇക്ക ആവര്‍ത്തിക്കില്ലാ എന്ന വിശ്വാസത്തില്‍ പഴയ നിങ്ങളുടെ പൊട്ടത്തിയായ ഭാര്യയായി ഞാന്‍ തിരിച്ച് വരും........!!
എന്ന്,.....
'നിങ്ങളെ മാത്രം വിശ്വസിച്ച് വഞ്ചിക്കപ്പെട്ട നിങ്ങളുടെ മാത്രം പൊട്ടത്തിയായ ഭാര്യ'
(ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും ചേര്‍ത്ത് വായിച്ച എഴുത്താണ് ഇത്... എല്ലാ ഭര്‍ത്താക്കന്മാരും ഇങ്ങനെയല്ല.. എല്ലാ ഭാര്യമാരും ഇങ്ങനെയല്ല...
പക്ഷെ ഇങ്ങനെ ഉള്ളവര്‍ ഉണ്ടുതാനും... ഇത് അവര്‍ക്ക് വേണ്ടിയാണ്...
മഹര്‍ നല്‍കി ജീവിതത്തിലേക്ക് കൊണ്ടുവന്നവളെക്കാളും വലുതായി ഒരു കൂട്ടുകാരിയുമില്ല...ഉമ്മയെന്ന കൂട്ടുകാരിയല്ലാതെ... !!
മഹര്‍ സ്വീകരിച്ച് ഭര്‍ത്താവിനെ ഇണയാക്കിയ ഒരു ഭാര്യക്കും തന്‍റെ ഭര്‍ത്താവിനെക്കാളും സ്നേഹമുള്ള ഒരു കൂട്ടുകാരനും ഉണ്ടാവാതിരിക്കട്ടെ,.. അവളുടെ ഉപ്പയെന്ന കൂട്ടുകാരനല്ലാതെ... !!
അവിഹിതമാല്ലാത്ത എല്ലാ സൗഹൃദവും എല്ലാ കാലത്തും നിലനില്‍ക്കട്ടെ... ഒരു ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും കണ്ണും ജീവിതവും ഇങ്ങനെ നനയാതിരിക്കട്ടേ...)

അമ്മിഞ്ഞപ്പാലിന്‍റെ പോരിശ



കുറച്ച് ഖബറുകളുണ്ട് പള്ളിക്കാട്ടില്...
മുലകുടിപ്രായം പോലും എത്താത്തവ,...!
കുഞ്ഞു മീസാൻകല്ലുകൾക്കിടയിൽ-
പേരുപോലും എഴുതപ്പെടാത്തവ,...!
ജനിച്ച ഉടനേ ജീവിക്കാതെ പൊലിഞ്ഞവ,..!
'ഉമ്മാ' എന്ന് വിളിക്കാൻ തുടങ്ങും മുന്നേ-
മണ്ണിൽ "ഉമ്മ"വെക്കാൻ വിധിക്കപ്പെട്ടവ,...!
ഉദരത്തിൽവെച്ച് തുടിപ്പ് ഇല്ലതായവ,...!
സിസേറിയനില്‍ കൈപിഴവ് പറ്റിയവ,... !
മുന്‍കറും-നകീറും ചിരിച്ച് കാണുന്നത്-
അവര്‍ക്കിടയില്‍ ചോദ്യം ചോദിക്കാന്‍ പോകുമ്പോളത്രേ......
കുഞ്ഞേ,.. സ്വര്‍ഗ്ഗത്തിലെ അലങ്കാരങ്ങള്‍ നിങ്ങളെ-
കാത്തിരിപ്പുണ്ട് എന്ന് മുന്‍കറും-നകീറും പറഞ്ഞ നേരം,....
തിളക്കമുള്ള കണ്ണുകളില്‍ നനവ് പടര്‍ത്തി-
ആ പൈതലുകള്‍ പറഞ്ഞുവത്രേ,...
"ഉമ്മാന്‍റെ അമ്മിഞ്ഞപ്പാല് കുടിക്കണം"എന്ന്...!
അന്ന് ആ പൈതലുകളുടെ ആഗ്രഹം കേട്ടിട്ടാണത്രേ-
മുന്‍കറും-നകീറും ആദ്യമായി പൊട്ടി കരഞ്ഞതും,... !
*****************************
മധുരം കുറവാണെന്ന് പറഞ്ഞ് തുപ്പിക്കളഞ്ഞിട്ടില്ല...
കയ്പ്പുണ്ടെന്ന് പറഞ്ഞ് ഇറക്കാതിരുന്നിട്ടുമില്ല...
ഉമ്മ ചുണ്ടില്‍ ചേര്‍ത്തത് അമൃതം തന്നെയായിരുന്നു...
അമ്മിഞ്ഞപ്പാലിനോളം രുചിയുള്ള ഒന്നുമില്ല.....
ഇനിയുണ്ടാകുകയുമില്ല.....!!
ഒരുപാട് ഇഷ്ടം തോന്നി ഈ എഴുത്തിനോട് അതുകൊണ്ട് ഇവിടെ കുറിക്കുന്നു
നന്ദി
യാസിർ എരുമപ്പെട്ടി

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo