Slider

ആയിഷാടെ കഥ,... നജീബിന്‍റെയും

0


( മുഴുവന്‍ വായിക്കുക... കണ്ണും മനസ്സും നിറക്കുന്ന കുറച്ച് ജീവിതങ്ങളുണ്ട്‌.. യാഥാര്‍ത്ഥ്യങ്ങളും )
വിവാഹ ജീവിതം തുടങ്ങിയിട്ട് ഇരുപത് വര്‍ഷങ്ങള്‍.... ഒരുപാട് പരിഹാസച്ചിരികള്‍.... അര്‍ത്ഥം വെച്ച മൂളലുകള്‍... കണ്‍മുന്നില്‍ വെച്ച് തന്‍റെ പ്രിയതമയെ 'മച്ചി' എന്ന് പറയാതെ പറഞ്ഞവര്‍. ആരുടെ പ്രശ്നമാണ് എന്ന് രഹസ്യമായി രണ്ട് പേരോടും മാറി മാറി ചോദിച്ചവര്‍.
ഒരു മാതാവിന്‍റെ മനസ്സ് അവള്‍ക്ക് പടച്ചോന്‍ എന്നേ കൊടുത്തിരുന്നു... മാതാവാകാനുള്ള ഭാഗ്യമാണ് കൊടുക്കാതെ പോയത്.... ഒരു പിതാവായി അയാളും മനസ്സുകൊണ്ട് കനവ്‌ കണ്ടിരുന്നു... പിതാവായ യാഥാര്‍ത്ഥ്യമാണ് നടക്കാതെ പോയത്. പടച്ചോന്‍റെ ചില കൈവിട്ട കളികളില്‍ ബലിയാടുകളായ രണ്ട് ജന്മങ്ങള്‍... നജീബും ആയിഷയും..!!
നജീബ് ജീവിതത്തില്‍ നിന്നും വല്ലാതെ ഒളിച്ചോടുകയാണ്.ആള്‍ക്കൂട്ടത്തിലേക്ക്‌ സലാം പറഞ്ഞ് ചെല്ലാന്‍ അയാള്‍ക്കിപ്പോള്‍ വല്ലാത്ത ഭയമാണ്. ഒരാളെങ്കിലും 'എന്തായി ഭാര്യക്ക് വിശേഷം വല്ലതും ആയോ' എന്ന് ചോദിക്കാത്ത സന്ദര്‍ഭം വളരെ കുറവാണ്. അതുകൊണ്ടുതന്നെ ഒളിച്ചോട്ടമാണ് ഏറ്റവും നല്ല ആയുധം എന്ന് നജീബ് ധരിച്ചുവെച്ചു. ആയിഷ പുറത്തിറങ്ങാറേയില്ല... അവള്‍ക്ക് എല്ലാവരെയും ഭയമാണ്... ഒന്നുകില്‍ സഹതാപത്തോടെയുള്ള നോട്ടം,.. അല്ലെങ്കില്‍ കുത്തുവാക്ക്,.. അതുമല്ലെങ്കില്‍ ഉപദേശം... ഇതില്‍ ഏതായാലും 20 വര്‍ഷത്തോളം പഴക്കമുള്ള കേട്ട് മടുത്ത വേദന തന്നെയാണ് അത് എന്ന് ഉറപ്പുള്ളത്കൊണ്ട് അവള്‍ എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ട് ജീവിച്ച് തുടങ്ങി. വീട്ടിലെ കോളിങ്ങ് ബെല്ലിനെ ഇത്രത്തോളം ഭയക്കുന്ന പെണ്ണ് വേറെ ഉണ്ടാവില്ല. അതറിയാവുന്ന ഒരേ ഒരാള്‍ നജീബ് തന്നെയാണ്.അതുകൊണ്ടുതന്നെ അയാള്‍ തന്‍റെ വീടിന്‍റെ കോളിംഗ്ബെല്ലില്‍ ഇന്നേവരെ കൈകള്‍ അമര്‍ത്തിയിട്ടില്ല.
മരിച്ച വീട് പോലെ "ആയിഷ മന്‍സില്‍" എന്നും ഉറങ്ങിക്കിടന്നു. മാവിന്‍റെ ഇല കൊഴിഞ്ഞ് മുറ്റം ആകെ നിറഞ്ഞ്,തെങ്ങിന്‍റെ പട്ടയും തേങ്ങയും വഴിയില്‍ കിടന്ന് ചിതലരിച്ച്,.. ആ വീട് ശെരിക്കും ഒരു മരിച്ച വീട് പോലെ സന്ദര്‍ശകര്‍ ഇല്ലാതെ ഒറ്റപെട്ടങ്ങനെ നിന്നു. അന്നാദ്യമായി ഡോക്ടര്‍ രണ്ട് പേരുടേയും മുഖത്ത് നോക്കി "അത്രപെട്ടന്ന്‍ നിങ്ങള്‍ക്ക് സന്താന ഭാഗ്യം ഉണ്ടായി എന്ന് വരില്ല,... വളരെ റയര്‍ ആണ് ഇങ്ങനത്തെ പ്രശ്നം ഉണ്ടാവാറ്,.. രണ്ട് പേര്‍ക്കുമാണ് പ്രശ്നം... നമുക്ക് ദൈവത്തോട് പറയാം.. അത്ഭുതങ്ങള്‍ സംഭവിക്കാന്‍" എന്ന് പറഞ്ഞ് നിര്‍ത്തിയപ്പോള്‍ നജീബാണോ ആയിഷയാണോ ആദ്യം കരഞ്ഞത് എന്നറിയില്ല... പക്ഷെ ഒന്നറിയാം അന്ന് മുതല്‍ പിന്നീടങ്ങോട്ട് ആയിഷ മനസ്സറിഞ്ഞ് ചിരിക്കുന്നത് നജീബ് കണ്ടിട്ടില്ല. എന്തൊരു ചൊറുക്കുള്ള പെണ്ണായിരുന്നു തന്‍റെ ആയിഷ... എന്ത് ഭംഗിയുള്ള കണ്ണുകളായിരുന്നു അവളുടെ.. എന്ത് രസായിരുന്നു ആ ചിരി കാണാന്‍... ഇന്നിപ്പോ,.. ഓള്‍ടെ മുഖം കണ്ടാലേ ചങ്ക് പൊട്ടും... കരഞ്ഞ് കരഞ്ഞ് കണ്ണിന് താഴെ കണ്ണീര്‍തുള്ളികള്‍ കറുത്ത പാടുകള്‍ തീര്‍ത്തിരിക്കുന്നു. കണ്ണ് വല്ലാതെ കുഴിയിലായപോലെ... ചിരി മാഞ്ഞ് വിഷാദഭാവം അവളുടെ മുഖത്ത് സ്ഥാനം ഉറപ്പിച്ചിരിക്കുന്നു.
എന്തൊക്കെയോ ആലോചിച്ച് ഓഫീസിലെ ചെയറില്‍ മൌനമായ് ഇരിക്കുമ്പോള്‍ നജീബിന്‍റെ ഉറ്റ ചെങ്ങാതി അരുണാണ് അവനോട് ഒരു കാര്യം പറഞ്ഞത്..
"ഡാ,.. എത്രകാലം എന്നുവെച്ചാഡാ നീയിങ്ങനെ കാത്തിരിക്ക്യാ,... നീ ചൂടാവില്ലാച്ചാ ഞാന്‍ ഒരു കാര്യം പറയട്ടെ" ചിന്തയില്‍ നിന്നും തലതിരിച്ച് നജീബ് ഒന്ന് മൂളി... "ഉം.. പറ"
"എന്‍റെ അറിവില്‍ ഒരു യത്തീംഖാനയുണ്ട്... അവിടെ നിന്നും ദത്തെടുക്കാന്‍ പറ്റും.. നമുക്ക് ഒരു പൈതലിനെ ദത്തെടുത്തലോടാ" അരുണ്‍ അത്രയും പറഞ്ഞ് നിര്‍ത്തി.
"ഞാന്‍ അതൊക്കെ എന്നോ ആലോചിച്ച് ഒഴിവാക്കിയതാടാ,.. ദത്ത് പുത്രന്‍ സ്വന്തം ചോരയാവില്ലല്ലോടാ"
"അങ്ങനെയൊന്നും ഇല്ല അളിയാ,... എന്‍റെ അറിവില്‍ തന്നെ സ്വന്തം ചോരപോലെ അങ്ങോട്ടും ഇങ്ങോട്ടും സ്നേഹിക്കുന്ന കുട്ടികളും വീട്ടുകാരുമുണ്ട്..നീ ഇന്ന് ഡ്യൂട്ടി കഴിഞ്ഞ് എന്‍റെ കൂടെ വാ.. ബാക്കി ഞാന്‍ നോക്കിക്കോളാം"
അവസാനത്തെ പിടിവള്ളി എന്നോണം നജീബ് പകുതി മനസ്സോടെ ഒന്ന് മൂളി. ഫോണ്‍ എടുത്ത് ആയിഷാക്ക് വിളിച്ചു കാര്യം പറഞ്ഞു. ഒരു നനഞ്ഞ മൂളലില്‍ അവളെല്ലാം ഒതുക്കിക്കളഞ്ഞു.!!
നജീബും അരുണും യത്തീംഖാനയില്‍ എത്തി കാര്യങ്ങളൊക്കെ അന്വേഷിച്ചു. കുറച്ച് പേപ്പര്‍ ശെരിയാക്കാനുണ്ട്...
"കുട്ടിയെ അവന്‍ക്കൊന്ന് കാണിച്ച് കൊടുക്കാന്‍ പറ്റുമോ" എന്ന് അരുണ്‍ അവിടുത്തെ ആളോട് തിരക്കി. നിങ്ങള്‍ക്ക് ആണ്‍ കുഞ്ഞിനെയല്ലേ ദത്തെടുക്കേണ്ടത് എന്ന ചോദ്യത്തിന് അരുണ്‍ തലയാട്ടിയപ്പോള്‍ നജീബ് തിരുത്തി.. "അല്ല എനിക്ക് ഒരു മോളെ മതി" മരുഭൂമിയില്‍ മഴ പെയ്തപോലെ ചോദിച്ച ആളുടെ മുഖം പ്രകാശിതമായി. കാരണം ദത്തെടുപ്പിലും പെണ്‍കുഞ്ഞിനെ ഏറ്റെടുക്കുന്നവര്‍ വളരെ വിരളമാണത്രേ... നജീബ് മനസ്സ് കൊണ്ട് എല്ലാറ്റിനും തയ്യാറായിരുന്നു. പെട്ടന്ന് നജീബിന് വന്ന ഫോണ്‍ കോള്‍ അയാളുടെ മുഖത്തെ ചിരി വീണ്ടും മായ്ച്ചു... ആയിഷക്ക് ഒരു തലകറക്കം കണ്ട് വീട്ടിലേക്ക് പണിക്ക് വരുന്ന ഇത്തയാണ് വിളിച്ച് ഹോസ്പിറ്റലില്‍ എത്തിച്ചത്. ഹോസ്പിറ്റലില്‍ നിന്നും ഇത്തയാണ് വിളിച്ചതും. ഡോക്ടര്‍ക്ക് നജീബിനേ ഒന്ന് കാണണം എന്ന്. പെട്ടന്ന് പേപ്പറൊക്കെ റെഡിയാക്കി കുഞ്ഞിനെ കൊണ്ടോവാന്‍ പിന്നീട് വരാം എന്ന് പറഞ്ഞ് നജീബ് തിരക്കിട്ട് അരുണിനേയും കൂട്ടി ആശുപത്രിയിലേക്ക് തിരിച്ചു.
മരുന്ന് മണക്കുന്ന വരാന്തയിലൂടെ അയാളുടെ പാദങ്ങള്‍ വേഗത്തില്‍ ചലിച്ചു. ഡോക്ടറുടെ വാതില്‍ തള്ളിത്തുറന്ന് കിതച്ച് അയാള്‍ ഡോക്ടറോട് ചോദിച്ചു "ഡോക്ടറെ ഞാനാണ് ആയിഷാടെ ഭര്‍ത്താവ്,.. ഒള്ക്കെന്താ പറ്റിയത്"
'നിങ്ങള്‍ ഇരിക്കൂ നജീബ്.... ഞാന്‍ പറയട്ടെ'
"എന്ത് പറ്റി ഡോക്ടര്‍,... പറയ്‌"
'നിങ്ങളൊരു ഉപ്പയാവാന്‍ പോകുന്നു.... കണ്ഗ്രാട്സ്.....'
പറഞ്ഞത് ഡോക്ടറാണോ പടച്ചോനാണോ എന്ന് നജീബിന് ഉറപ്പില്ലായിരുന്നു... ഡോക്ടറുടെ ചുറ്റിലും തൂ വെള്ള ചിറകുള്ള പോലെ,....... യാ റബ്ബ് ... എന്താണ് ഞാനീ കേള്‍ക്കുന്നത്.... മച്ചി എന്ന് പേരെടുത്ത് പറഞ്ഞവരുടെ നാവിനെ നിശ്ചലമാക്കി കാത്തിരിപ്പിന്‍റെ ഇരുപത് വര്‍ഷങ്ങള്‍ക്കപ്പുറം ഞാന്‍ ഉപ്പയാവാന്‍ പോകുന്നുവോ... എനിക്ക് വിശ്വസിക്കാനാവുന്നില്ല.... എന്‍റെ ആയിഷ,... ഡോക്ടര്‍.... എവിടെ എന്‍റെ ആയിഷ...??
'റൂം നമ്പര്‍ 786-ലുണ്ട് നിങ്ങളുടെ ആയിഷ'
റൂം നമ്പര്‍ 786,.... അതേ ഇത് പടച്ചോന്‍റെ അത്ഭുതം തന്നെയാണ്... വരാന്തയില്‍ തന്നെയും കാത്ത് നില്‍ക്കുന്ന കൂട്ടുകാരന്‍ അരുണിനേ കണ്ടതും,... ഓടിച്ചെന്ന്‍ പൊട്ടിക്കരഞ്,.. വല്ലാത്തൊരു ലോകം തോല്‍ക്കുന്ന ചിരി ചിരിച്ച് നജീബ് അരുണിനെ കെട്ടിപ്പിടിച്ചു....
"എന്‍റെ ആയിഷ ഉമ്മയാവാന്‍ പോകുന്നൂടാ,... ഞാന്‍ ഉപ്പയാവാന്‍ പോകുന്നു"
കേട്ട് നിന്ന അരുണും കണ്ണ് നിറച്ച് ചിരിച്ചു. നജീബ് റൂം നമ്പര്‍ 786 ലക്ഷ്യമാക്കി നടന്നു. മെല്ലെ വാതില്‍ തുറന്ന് അകത്ത് കയറി,... ഒരു മാലാഖപെണ്ണ് കട്ടിലില്‍ ഇരിക്കുന്നു.... അവളുടെ കണ്ണിന് നഷ്ടപെട്ടുപോയ പഴയ പ്രകാശം തിരിച്ച് കിട്ടിയിരിക്കുന്നു... മനസ്സറിഞ്ഞ് അവളുടെ ചിരി വിടരുന്നുണ്ട്.... അവളുടെ ഇക്കാനെ കണ്ടതും എണീറ്റുനിന്ന് തന്‍റെ പ്രിയതമനെ കെട്ടിപ്പിടിച്ചു. ഒന്നും പറയാതെ ആ നാല് കണ്ണുകള്‍ പരസ്പരം എന്തൊക്കെയോ പറഞ്ഞു... അന്നേരം പുറത്ത് ഒരു ചാറ്റല്‍ മഴ പെയ്യുന്നുണ്ടായിരുന്നു... നജീബിന്‍റെയും ആയിഷയുടെയും മനസ്സിലും ആ ചാറ്റല്‍ മഴ പെയ്ത്കൊണ്ടേയിരുന്നു....!!
മാസങ്ങള്‍ പെട്ടന്നാണ് കുതിച്ചോടിയത്.... ഇന്നാണ് ആയിഷാക്ക് പ്രസവത്തിന് പറഞ്ഞ ദിവസം,.... രണ്ട് ദിവസം മുന്നേ ആശുപത്രിയില്‍ അഡ്മിറ്റാക്കിയിരുന്നു. പെട്ടന്ന് ആയിഷാട് 'ഇക്ക വേഗം വരാട്ടോ' എന്നും പറഞ്ഞ് നജീബ് ആശുപത്രി വിട്ട് ഇറങ്ങിപ്പോയി. നേരെ ചെന്നത് ഉറ്റചെങ്ങായി അരുണിന്‍റെ വീട്ടിലേക്കാണ്. വാടാ നമുക്കൊരിടം വരെ പോകാനുണ്ട് എന്നും പറഞ്ഞ് നജീബ് അരുണുമായി എത്തിയത് പഴയ ആ ദത്ത് മോഹം ജനിപ്പിച്ച യത്തീംഖാനയുടെ മുന്നിലാണ്. "ഡാ,.. അപ്പൊ നീ ഇത് മറന്നില്ലേ" എന്ന അരുണിന്‍റെ ചോദ്യത്തിന് നജീബ് കൊടുത്ത മറുപടി അരുണിന്‍റെ കണ്ണ് നനച്ചു...
"മറക്കേ,.... ഇതോ,... അവളെ ദത്തെടുക്കാന്‍ മനസ്സ് പറഞ്ഞപ്പോളല്ലേടാ എന്‍റെ ആയിഷ ഉമ്മയായത്,.. അന്ന് മുതല്‍ ഇതിന്റെ ഓരോ ബാക്കി പേപ്പറുകള്‍ ശെരിയാക്കാന്‍ ഞാന്‍ ഓടി നടക്കായിരുന്നു.. നിന്നെ ഒക്കെ കഴിഞ്ഞ് അറിയിക്കാന്ന് കരുതി,... അന്ന് മുതലേ ഞാന്‍ ഓള്‍ടെ വാപ്പയാടാ" എന്ന്. കണ്ണും മനസ്സും നിറഞ്ഞ് അവര് രണ്ട് പേരും തിരികേ നടക്കുമ്പോള്‍ കൂടെ ഒരു വല്ലാത്ത ചിരിയും നിഷ്കളങ്കതയും ചേര്‍ന്ന പതിഞ്ഞ കൊലുസിന്‍റെ കിലുക്കവും കൂടെ ഉണ്ടായിരുന്നു. അതേ,.... ഭാര്യയുടെ പ്രസവ ദിവസം കുഞ്ഞിനെ ദത്തെടുത്ത ആദ്യത്തേ പിതാവ് ഒരുപക്ഷെ നജീബായിരിക്കാം.... ആ പൈതലിനെ മുറുകേ പുണര്‍ന്ന് നജീബ് പിറുപിറുത്തുകൊണ്ടേയിരുന്നു... എന്‍റെ സൗഭാഗ്യങ്ങളുടെ തുടക്കം നീയാണ് മോളേ.......!
അരണ്ട വെളിച്ചം അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ലേബര്‍ റൂമിന്‍റെ മുന്നിലെ വരാന്തയില്‍ നജീബ് നിന്നു മനസ്സില്‍ പ്രാര്‍ഥനയുടെ കെട്ടുകള്‍ ഒന്നിന് മീതെ ഒന്നായി അടിഞ്ഞ് കൂടി... കൂടെ അയാളുടെ വിരലില്‍ കുഞ്ഞു കൈകള്‍ ചേര്‍ത്ത് ഒരു വല്ലാത്ത മാലാഖക്കുഞ്ഞും.... നേഴ്സ് ആയിഷാടെ പേര് വിളിച്ച് പുറത്ത് വന്നു... "ആയിഷാടെ ആരാ ഉള്ളത്"...
"ഞാനാ ഓള്‍ടെ ഭര്‍ത്താവ്"
"ആഹ്,... ആയിഷ പ്രസവിച്ചു.... ഇരട്ടക്കുട്ടികളാണ്... രണ്ടും ആണ്‍കുട്ടികള്‍"
നജീബ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്മാരുടെ പട്ടികയിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു.... ഇരുപത് വര്‍ഷത്തെ കണ്ണീരിന് ഒരൊറ്റ ദിവസത്തിന്‍റെ പുഞ്ചിരിയുടെ, അധിരില്ലാത്ത സന്തോഷത്തിന്‍റെ മറുപുറം നല്‍കി പടച്ചോന്‍ അനുഗ്രഹിച്ചിരിക്കുന്നു. ഒരൊറ്റ ദിവസത്തില്‍ മൂന്ന് കുട്ടികളുടെ പിതാവായ നജീബ്.... അയാള്‍ മെല്ലെ കണ്ണീര് തുടച്ച് തന്‍റെ മകളെ കോരിയെടുത്ത് പറഞ്ഞു... "മോളൂ,.... നിനക്ക് രണ്ട് കുഞ്ഞനിയന്മാര്‍ ഉണ്ടായിരിക്കുന്നു..." അയാള്‍ അവളെ കോരിയെടുത്ത് തുരുതുരാ ഉമ്മവെച്ചു.

ആയിഷയെ റൂമിലേക്ക് മാറ്റിയ ദിവസം തന്നെ അയാള്‍ ആ കുഞ്ഞു മോളെയും കൊണ്ട് അവളുടെ അരികിലേക്ക് നടന്നു. ഒരൊറ്റ ദിവസം കൊണ്ട് ഉപ്പാടെ പുറകില്‍ നിന്ന് മാറാന്‍ കഴിയാത്ത മകളായി മാറിയിരിക്കുന്നു അവള്‍. നജീബ് മെല്ലെ ആ കുഞ്ഞിനെ അവളിലേക്ക് ചേര്‍ത്ത് എന്തോ പറയാന്‍ തുടങ്ങിയപ്പോളെക്കും അവള്‍ ഇടക്ക് കയറിപ്പറഞ്ഞു...
"നമ്മുടെ മൂത്ത മോള്‍,.. അല്ലെ ... ഇക്കാ"
വാക്കുകള്‍ പകരം കൊടുക്കാന്‍ തികയാതെ അയാള്‍ തലയാട്ടി.. തന്‍റെ ചോരക്കുഞ്ഞുങ്ങളെ കാണാന്‍ മെല്ലെ നടന്നടുത്തു...വിറയാര്‍ന്ന പാദങ്ങളും പൊലിവേറിയ മനസ്സുമായ്......!
വര്‍ഷങ്ങള്‍ വല്ലാതെ തിരക്കിട്ട് ഓടിക്കിതച്ചു നജീബിന്‍റെ മൂത്ത മകളുടെ വിവാഹ ദിവസത്തില്‍ വന്നെത്തി. ആ വല്ലാത്ത ദിവസം മുതല്‍ ഇന്നുവരെ ആ വീട് ഉറങ്ങിയിട്ടില്ല.... ചിരിയും കളിയും ഒക്കെയായി അതൊരു സ്വര്‍ഗ്ഗം തന്നെയായിരുന്നു. രണ്ട് കുഞ്ഞനിയന്മാരെയും അവള് നല്ലപോലെ നോക്കി,.. കുഞ്ഞനിയന്മാര്‍ അവളെയും മത്സരിച്ച് സ്നേഹിച്ചു. ആയിഷാക്ക് വയസ്സായിരിക്കുന്നു .. നജീബിനും ... പക്ഷെ അവരുടെ ചിരിക്ക് ഇന്നും ആ പഴയ മൊഞ്ചാണ്... ! പടച്ചോന്‍ അങ്ങിനെയാണ്... ഒരുപാട് കരയിപ്പിക്കുന്നത് മനസ്സ് തുറന്ന് ചിരിപ്പിക്കാന്‍ വേണ്ടിയാകും... അതേ,...... ഒരു കയറ്റം കഴിഞ്ഞാല്‍ കിതച്ച് നിന്നേക്കരുത്,... കുറച്ച് കൂടി നടന്നടുത്താല്‍ ഒരു നല്ല ഇറക്കമുണ്ട്....!!
ഇത് നജീബിനെപ്പോലെയുള്ള ഉപ്പമാര്‍ക്കും ആയിഷയെപ്പോലെ സഹനം ജീവിതമാക്കിയ ഉമ്മമാര്‍ക്കും സമര്‍പ്പിക്കുന്നു....!
(ഒരു യഥാര്‍ത്ത സംഭവം ചില കൂട്ടിചേര്‍ക്കലിലൂടെ കഥയായി എഴുതിയതാണ്.. അതിലെ പേരുകള്‍ നമുക്ക് ചുറ്റുമുള്ള ആരിലേക്കും ചേര്‍ത്ത് വായിക്കാം...
ഒന്ന് മാത്രം പറയാന്‍ ആഗ്രഹിക്കുന്നു... വര്‍ഷങ്ങള്‍ കുറേ ആയിട്ടും മക്കളില്ലാത്ത ദമ്പതികളോട് 'വിശേഷം വല്ലതും ആയോ' എന്നുള്ള ചങ്കില്‍ തറക്കുന്ന ചോദ്യം ചോദിക്കാതിരിക്കുക... അങ്ങനെ വിശേഷം ഉണ്ടേല്‍ അവര് നിങ്ങളെ അറിയിക്കാതിരിക്കില്ല.. നിങ്ങള്‍ ചോദിക്കുന്നത് ഏത് അര്‍ത്തത്തിലായാലും അതിലൂടെ നിങ്ങള്‍ക്കൊന്നും നേടാനില്ല,.. പക്ഷെ ആ ഒരു ചോദ്യത്തില്‍ ഉറക്കം നഷ്ടപ്പെട്ട എത്രയോ ദമ്പതികള്‍ ചുറ്റിലുമുണ്ട്... അവരെ ഓര്‍ത്തെങ്കിലും .........!!)
സ്നേഹത്തോടെ ,
-------------------------------
യാസിർ എരുമപ്പെട്ടി
------------------------------
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo