അരീക്കോട് ബസ്‌സാറ്റാന്റ്.ഉച്ച സമയം.നിലമ്പൂരിലേക്കുള്ള ബസ് കാത്തുനില്‍ക്കാന്‍ തുടങ്ങിയിട്ട് കുറെ നേരമായി.കാത്തിരിപ്പിനൊടുവില്‍, എന്ന് നിന്റെ മൊയ്‌തീന്‍ മോഡലിലുള്ള ഒരു ബസ് വന്നു.
യുദ്ധഭൂമിയില്‍ ഭക്ഷണവുമായെത്തിയ വാഹനത്തിന്നരികിലേക്ക് പാഞ്ഞടുക്കുന്ന പട്ടിണിപ്പാവങ്ങളെപ്പോലെ ഒരുകൂട്ടമാളുകള്‍ ബസിനടുത്തേക്കെത്തി.ആണുംപെണ്ണും എല്ലാം കൂട്ടംകൂടി തിരക്കുകയാണ്.ഇതിനിടയില്‍ തട്ടുന്നതിഌം മുട്ടുന്നതിഌമൊന്നും ആർക്കുമൊരു പ്രശ്‌നവുമില്ലെന്ന് തോന്നുന്നു.എല്ലാവരും സീറ്റ് പിടിക്കാഌള്ള തത്രപ്പാടിലാണ്.
തങ്ങളുടെ കൈവശമുള്ള കെട്ടും പൊതിയും കുടയും വടിയുമൊക്കെ ഓരോരുത്തർ ഏന്തിവലിഞ്ഞ് ബസിനകത്തേക്കിടുമ്പോള്‍ മറ്റൊന്നും കൈയിലില്ലാത്തത് കൊണ്ട് ഒരിക്ക തന്റെ ഒക്കത്തുള്ള കൈക്കുഞ്ഞിനെയെടുത്ത് സീറ്റില്‍ വെക്കുന്നതും കണ്ടു.
എന്റെ കൈയില്‍ എടുത്തെറിയാന്‍ ഒരു ടവ്വലേ ഉണ്ടായിരുന്നുള്ളൂ.പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നും വലിച്ചൂരി അത് ഞാനൊരു സീറ്റിലക്കിട്ടു.പാവം ടവ്വല്‍.ഇത്രയും കാലം എന്റെ കൈയില്‍ നിന്ന് പാന്റ്‌സിന്റെ പോക്കറ്റിലേക്കും അവിടുന്ന് തിരിച്ചും മാത്രം ഷട്ടില്‍സർവ്വീസ് നടത്തിയിരുന്ന ആ ടവ്വല്‍ ആദ്യമായാണ് ഒരു പൊതുസഭയിലേക്കിറങ്ങുന്നത്.വാങ്ങുന്ന സമയത്ത് വെളുത്ത നിറമായിരുന്ന ടവ്വലിന്റെ ഇപ്പോഴത്തെ നിറം ക്രീം ആണെന്നതും അതില്‍ പഴക്കം കൊണ്ട് രണ്ടു മൂന്ന് തുളകള്‍ വീണിട്ടുള്ളതുമൊഴിച്ചാല്‍ സാധനം ഇപ്പാഴും പുത്തന്‍ തന്നെ.
സീറ്റുപിടിക്കാന്‍ കഴിയാത്തവർ വാതില്‍ക്കല്‍ നിന്ന് ഉന്തും തള്ളും കൂടുന്നത് കണ്ടപ്പോള്‍ സഹതാപം തോന്നി.ഏതായാലും എന്റെ സീറ്റവിടെ ഭദ്രമായല്ലോ എന്ന സമാധാനത്തില്‍ കാഴ്‌ചകള്‍കണ്ട് പുറത്ത്‌നിന്നിരുന്ന ഞാന്‍ തിരക്കൊഴിഞ്ഞ ശേഷം അകത്തേക്ക് കയറി.അപ്പോള്‍ കണ്ട കാഴ്‌ച എന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു.
ഞാന്‍ ടവ്വലിട്ട് ബുക്ക് ചെയ്‌ത സീറ്റില്‍ വേറൊരുത്തന്‍ കയറിയിരിക്കുന്നു.അലക്കിത്തരാം അലക്കിത്തരാം എന്ന് പെണ്ണുമ്പിള്ള തൊണ്ടകീറിചോദിച്ചിട്ടും രംഗത്തിറക്കാതിരുന്ന എന്റെ ടവ്വല്‍ തൊട്ടടുത്തൊരു സീറ്റിന്റെ കമ്പിയില്‍ തൂങ്ങിയാടുന്നു.
"ഇതെന്റെ സീറ്റാ....''
ഞാനല്‍പം ഗൗരവത്തില്‍ തന്നെ സീറ്റിലിരിക്കുന്നയാളോട് പറഞ്ഞു.എനിക്ക് ദേഷ്യം വരാന്‍ തുടങ്ങി.ബസിലുള്ളയാളുകള്‍ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്.
"നിന്റെ സീറ്റാണെന്നതിന് തെളിവെന്താ...ഇവിടെ നിന്റെ പേരുവല്ലതും എഴുതിവെച്ചിട്ടുണ്ടോ ഹല്ല പിന്നെ.''
ഇത് നല്ല തമാശ.പോക്രിത്തരം ചെയ്‌തതും പോരാ നിന്ന് ന്യായം പറയുന്നോ...
"ഈ സീറ്റില്‍ ഞനെന്റെ ടവ്വലിട്ടതാ..പിന്നെ നിങ്ങളെങ്ങനെയാ അതില്‍ക്കയറിയിരിക്കുന്നത്.''
ഞാഌം വിട്ടു കൊടുത്തില്ല.
കാഴ്‌ചയില്‍ ഇന്ദ്രന്‍സിനെപ്പോലെയാണെങ്കിലും കീരിക്കാടന്‍ ജോസിനെപ്പോലെയാണ് അതിയാന്റെ സംസാരം.
"ദാണ്ടെ കിടക്കുന്നു നിന്റെ ടവ്വല്‍.എനിക്കെന്തിനാത്...''.തൊട്ടുമുമ്പിലെ സീറ്റിന്റെ കമ്പിയില്‍ തൂങ്ങിയാടുന്ന എന്റെ ടവ്വല്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് അയാള്‍ പറഞ്ഞു.
"ഒരു സീറ്റില്‍ ഞാന്‍ ടവ്വലിട്ടാല്‍ അതെന്റെ സീറ്റല്ലേ....''
അതിഌം കൂളായി ഇന്ദ്രന്‍സിന്റെ മറുപടി വന്നു.
"അങ്ങിനെയാണെങ്കി ബസിന്റെ മോളിലൂടെ നീയൊരു പത്തുമീറ്റർ കോറത്തുണി വാങ്ങിയിട്.എന്നാപ്പിന്നെ ഞങ്ങളെ നിലമ്പുരിലിറക്കിയിട്ട് ബസ് നിനക്ക് വീട്ടീക്കൊണ്ടോകാലോ.എന്തേയ്....''
ആളുകള്‍ ഒരു കോമഡി സ്‌കിറ്റ് കാണുന്ന ആവേശത്തിലെന്നപോലെ ഞങ്ങളെ നോക്കി ചിരിക്കുകയാണ്.അയാളോട് ഇനിയെന്ത് മറുപടി പറയണമെന്നറിയാതെ എന്റെ ടവ്വലുമെടുത്ത് അടുത്ത വണ്ടിയില്‍കയറാമെന്ന തീരുമാനത്തില്‍ ഞാന്‍ ബസില്‍നിന്നും പുറത്തിറങ്ങി.
By Sakkeer Hussain
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക