നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഞാൻ കാതോർത്തിരുന്നു



കാറിലെ ഫ്രണ്ട് സീറ്റിൽ ഇരുന്ന്, പുറത്തുള്ള കാഴ്ച്ചകളെ തന്റെ ഒാർമകളിലേക്ക് ആവാഹിച്ച് കൊണ്ടിരിക്കുകയാണ് ഞാൻ.... ഡ്രൈവ് ചെയ്ത് കൊണ്ടിരിക്കുന്ന ഏട്ടൻ ഇടയ്ക്കിടക്ക് നിർവികാരത നിഴലിച്ച എന്റെ മുഖത്തേക്കെത്തി നോക്കുന്നുണ്ട്.... ആ നോട്ടം കണ്ടില്ലെന്ന് നടിച്ച് കൊണ്ട് പിന്നേയും കാഴ്ച്ചകളാൽ മറഞ്ഞ് നീങ്ങുന്ന ഒാർമകളിലേക്ക് നോക്കി കൊണ്ട് സീറ്റിലങ്ങനെ ചാരി ഇരുന്നു...
കാറിലെ സ്റ്റീരിയോവിലൂടെ ഒഴുകി വരുന്ന പാട്ടിന് ഞാൻ കാതോർത്തിരുന്നു...
'നിന്റെ കാലടിയിൽ,
ജപ തുളസി മലർ പോലെ,
സ്നേഹ മന്ത്രവുമായ്
ഞാൻ പൂത്ത് നിന്നീടാം....'
കർണ്ണപടത്തിലൂടെ തുളച്ച് കയറിയ ആ വരികൾ ഒാർമകളിലെവിടേയോ എത്തി നിന്നു. അവനേറ്റവും പ്രിയമുള്ള പാട്ട്....ഉറക്കം വരാത്ത രാത്രികളിൽ പിണങ്ങുമ്പോൾ അവനു മറുപടി കൊടുക്കാതെ മൗനം നടിച്ചു നിന്ന ഫോൺകോളുകളിൽ, പലപ്പോഴും അതിന്റെയൊക്കെ അവസാനം അവന്റെ ഈ പാട്ടായിരുന്നു..
'താമരപ്പൂവിൽ വാഴും
ദേവിയല്ലോ നീ...
പൂനിലാ കടവിൽ പൂക്കും
പുണ്യമല്ലോ നീ....'
അവന്റെ ശബ്ദത്തിലൂടെ പകരുന്ന ആ വരികൾക്ക് കാതോർത്തിരുന്ന എത്ര രാത്രികൾ ....ഒാർമകളുടെ ഭാരം താങ്ങാനാകാതെ,ആ പാട്ട് ഒാഫ് ആക്കുമ്പോൾ ഏട്ടൻ പിന്നേയും നോക്കി... വീണ്ടും, ആ നോട്ടത്തെ അവഗണിച്ച് കൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു...
ഒരു ഗ്രൂപ്പിൽ ഞാൻ പോസ്റ്റു ചെയ്ത ഏതോ ഒരു കഥയുടെ കമന്റിൽ നിന്നാണവനെ ആദ്യമായി കാണുന്നത്... പിന്നീടുള്ള എന്റെ എല്ലാ എഴുത്തുകളിലും അവന്റെ ആ നീളമുള്ള കമന്റ് പതിവായി... ഒരിക്കൽ അവനെഴുതിയ അമ്മയെ കുറിച്ചുള്ള പോസ്റ്റ് വായിച്ചതിനു ശേഷമാണ്, കമന്റുകളിലൂടെ മാത്രം അറിയുന്ന ആ സുഹൃത്തിനെ പരിചയപ്പെടണമെന്ന് തോന്നിയത്... അന്ന് വൈകീട്ട്, റിക്വസ്റ്റ് ആക്സപ്റ്റ് ചെയ്ത അവന്റെ നോട്ടിഫിക്കേഷൻ വന്നപ്പോൾ ആണ്, 'അമ്മയെ കുറിച്ചെഴുതിയത് മനോഹരമായിട്ടുണ്ട്' എന്ന ആദ്യ മെസേജ് ഞാനയച്ചത്...
അങ്ങനെ പിന്നീടങ്ങോട്ട് ഒരുപാട് സംസാരിച്ച് തുടങ്ങി... എപ്പോഴാണത് പ്രണയത്തിലേക്ക് വഴിമാറിയതെന്നോർമയില്ല... പരസ്പരം കാണാതെ, ഒരിക്കൽ പോലും ശബ്ദം കേൾക്കാതെ അക്ഷരങ്ങളിലൂടെ അങ്ങനെ പ്രണയിച്ച് തുടങ്ങി.... ഫേസ്ബുക്ക് പ്രണയത്തിന്റെ ഭവിഷ്യത്തുകളെ കുറിച്ച് നല്ല ബോധമുണ്ടായിരുന്നിട്ടും, പിന്മാറാൻ തോന്നിയില്ല...
പരിചയപ്പെട്ട രണ്ടാം പക്കം ഫോൺ നമ്പറും ഫോട്ടോയും ചോദിക്കുന്ന മുഖപുസ്തക കാമുകന്മാരെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്, പക്ഷേ ഒരിക്കൽ പോലും അവനെന്നോടിതൊന്നും ആവിശ്യപ്പെട്ടില്ലായ്രുന്നു.. പ്രണയം തലയ്ക്ക് പിടിച്ച ഏതോ ഒരു നിമിഷത്തിൽ ഫോട്ടോ അയച്ച് തരട്ടേന്ന് ചോദിച്ചത് ഞാനായിരുന്നു..
''വേണ്ട, ഫേസ്ബുക്കിലൂടെ ഫോട്ടോ അയക്കുന്നത് അത്ര സെയ്ഫൊന്നുമല്ലാ..''
അവന്റെ മറുപടി കേട്ടന്ന് ഞാൻ ആശ്ചര്യപ്പെട്ടു...''നമുക്കൊരിക്കൽ നേരിട്ട് കാണാം'' എന്ന മറുപടിയിൽ ആ ഫോട്ടോയെ അവനവിടെ തളച്ചിട്ടു...
ഒരിക്കൽ എന്റെ പിറന്നാളിന്റെ തലേന്നവൻ, കൈയ്യിൽ ഒരു കൊച്ചു സമ്മാനവുമായ് ആദ്യമായ് എന്നെ കാണാനെത്തി.. അന്ന് ഉച്ചയ്ക്കുള്ള ഇടവേളയിൽ , കോളേജിലെ വാകമര ചോട്ടിൽ ഞങ്ങളൊരുമിച്ച് നിന്ന് കുറച്ച് നേരം സംസാരിച്ചു... അവൻ കൈയ്യിലേക്ക് വെച്ച് തന്ന സമ്മാനപ്പൊതി തുറന്ന് നോക്കിയപ്പോൾ, ഒരു പുസ്തകം.. കെ.ആർ മീരയുടെ ആരാച്ചാർ... മറിച്ചു നോക്കിയപ്പോൾ, ആദ്യപേജിൽ അവന്റെ വടിവൊത്ത അക്ഷരങ്ങൾ കൊണ്ട്,
''പ്രിയപ്പെട്ട ലച്ചുവിന്, സ്നേഹപൂർവ്വം ശ്യാം...'' എന്ന് എഴുതിയിരിക്കുന്നു..
ബാക്കിലെ സീറ്റിൽ നിന്ന് ബാഗ് എത്തിച്ചെടുത്ത് കൊണ്ട് ,അതിൽ നിന്ന് ആ പുസ്തകം പുറത്തേക്കെടുത്തു....ആദ്യ പേജിൽ കോറിയിട്ട അവന്റെ അക്ഷരങ്ങളെ പതിയെ തലോടി... ഒാർമകൾക്കെന്തൊരു വേദനയാണല്ലേ..!!
വീട്ടിൽ കല്ല്യാണാലോചന നടക്കുന്നു, എന്ന് ഞാനവന് കരഞ്ഞ് പറഞ്ഞ് കൊണ്ട് വിളിച്ച ആ ദിവസത്തെ പറ്റി പിന്നേയും ഒാർത്തു... ഞങ്ങൾ തമ്മിൽ അവസാനമായി സംസാരിച്ച ദിവസം.. പിറ്റേന്ന് അമ്മയും മാമനുമൊത്ത് വീട്ടിലേക്ക് വന്ന് നമ്മുടെ കല്ല്യാണക്കാര്യം സംസ്ക്കാരിക്കാമെന്നവൻ വാക്കു തന്ന ദിവസം... മാമനെ പോയി കണ്ട്, എല്ലാം പറഞ്ഞിട്ട് വരാമെന്നും പറഞ്ഞ് പോയതാണ്...
പിന്നീടന്ന് തൊട്ട് നിശ്ചലമായ അവന്റെ ഫേസ്ബുക്ക് എെഡിയും, സ്വിച്ച് ഒാഫായ ഫോണും..ബന്ധപ്പെടാൻ വേറൊരു നമ്പറോ അഡ്രസോ ഒന്നുമില്ല....എങ്കിലും, തിരിച്ച് വരുമെന്ന പ്രതീക്ഷ കൈവിടാതെ, കാത്തിരുന്നു... കാത്തിരിപ്പിലാണല്ലോ ചില പ്രണയങ്ങളുടെ ഭാവി...
മറവിയുടെ മഷിത്തണ്ട് കൊണ്ട് അവന്റെ ഒാർമകളെ മായ്ക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഇനിയൊരു വിവാഹം വേണ്ടന്ന് വീട്ടുകാരോട് പറഞ്ഞത്..
പക്ഷേ,
''നിനക്കൊരു ജീവിതമില്ലെങ്കിൽ ,എനിക്കും വേണ്ടൊരു ജീവിതം''
എന്ന ഏട്ടന്റെ വാശിയ്ക്ക് മുമ്പിൽ,
''മരിക്കുന്നതിന് മുമ്പ്, നിന്നെ നല്ലൊരാൾടെ കൈയ്യിൽ ഏൽപ്പിക്കണം '' എന്ന തളർന്ന് കിടക്കുന്ന അച്ഛന്റെ ആഗ്രഹങ്ങൾക്കൊടുവിലെ തീരുമാനമായിരുന്നു ഇങ്ങനെയൊരു യാത്ര...
''ചതിച്ചതാകുമെടി അവൻ'' എന്ന് വീട്ടുകാരും കൂട്ടുകാരും ഒരേ താളത്തിൽ പറഞ്ഞിട്ടും വിശ്വസിക്കാൻ സാധിക്കാത്തത് കൊണ്ടാണ് ഏട്ടനൊപ്പം ഈ യാത്രയ്ക്ക് പുറപ്പെട്ടത്... അവനെ തേടിയുള്ള യാത്ര..
''മോളേ'' ആ വിളിയിൽ, ഒാർമകളിൽ നിന്ന് ഞെട്ടിയുണർന്ന് കൊണ്ട് ഏട്ടനെ നോക്കി...
''മോളേ, തിരൂരെത്തി...''
ഏട്ടന്റെ വാക്കിനൊടുവിൽ ഞാൻ പിന്നേയും പുറത്തേക്ക് നോക്കി...
ഏതോ കടയുടെ ബോർഡിനു താഴെയുള്ള ആ സ്ഥല പേര് തിരൂർ തന്നെയല്ലേന്ന് ഉറപ്പ് വരുത്തി..
അതെ... ചില സംസാരങ്ങൾക്കിടയിൽ അവൻ പറയാറുള്ള സ്ഥലം.... ''ഞങ്ങടെ തിരൂർ മാർക്കറ്റിൽ കിട്ടാത്തൊരു സാധനൂല്ല്യാ'' എന്ന് അവനിടയ്ക്കൊക്കെ പറയാറുള്ളത് ഒാർത്തു... എവിടെ ആയിരിക്കും, അവൻ ക്ലാസ് കട്ട് ചെയ്ത് സിനിമ കാണാൻ പോകാറുള്ള ആ ' ചിത്ര സാഗർ'എന്ന തീയേറ്റർ...? നല്ല മൊരിഞ്ഞ ചൂടുള്ള മസാല ദോശ കിട്ടുന്ന ആ ഹോട്ടലേതായിരിക്കും... കഴിഞ്ഞോണത്തിനു അമ്മയേയും കൂട്ടി പോയി, ചുവപ്പിൽ കറുത്ത പൂക്കളുള്ള ആ കോട്ടൻ സാരി വാങ്ങിച്ച് കൊടുത്ത ചെട്ട്യാരുടെ കട ഏതായിരിക്കും...?
സ്റ്റാന്റിലെ നിർത്തിയിട്ട ബസിനിടയിലേക്ക് ഞാനെത്തി വലിഞ്ഞു നോക്കി, അവനെപ്പോഴും പറയാറുള്ള ആ അന്ധനായ യാചകനെ അവിടെ എവിടെയെങ്കിലും കാണാനുണ്ടോന്ന് നോക്കി... നിർത്തിയിട്ട എല്ലാ ബസിലും പരസഹായമില്ലാതെ കയറി ചെല്ലുന്ന, തിരൂർ സ്റ്റാന്റിലെ ഒാരോ മുക്കും മൂലയും അത്രയ്ക്കും കാണാപാഠമായ ആ അന്ധനായ യാചകൻ അവിടെയുണ്ടോ ആവോ?
അവനെപ്പോഴും പറയാറുള്ള, മുഷിച്ച കറുത്ത ഷർട്ടും മുട്ടോളം എത്തുന്ന കീറിയ പാന്റും ഇട്ട്, തോളിൽ വലിയൊരു മാറാപ്പും ഏറ്റി കൊണ്ട് റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ആ ഭ്രാന്തനെവിടെ..?
തന്റെ ഒാർമകളെ തന്റെ കാഴ്ച്ചകളിലേക്ക് കൂട്ടി ചേർത്ത് കൊണ്ട് വരുമ്പോഴാണ് ഏട്ടൻ പിന്നേയും വിളിച്ചത്..
'' മോളേ, ആ അമ്പലത്തിന്റെ പേരെന്താണ്?''
''തൃക്കണ്ടിയൂർ ശിവ ക്ഷേത്രം '' ഒാർമകളിലെവിടെ നിന്നോ ഒരേട് പറിച്ച് ചീന്തിയേടുത്ത് കൊണ്ട് ഞാൻ മറുപടി പറഞ്ഞു...
അവന്റെ എഴുത്തുകളിലും സംസാരത്തിലും പലപ്പോഴും കേറി വരുന്ന അവന്റെ നാട്ടമ്പലം... അവിടുത്തെ ശിവരാത്രി ആഘോഷത്തിനിടയിൽ എന്നോട് സംസാരിക്കാൻ നേരം കിട്ടാതിരുന്നതിന്റെ പിറ്റേന്ന് ഞാൻ പരിഭവ കടലൊഴുക്കി അവനോട് പിണങ്ങി നിന്നതോർത്തു....അവന്റെ ലച്ചൂന്നുള്ള വിളിയിൽ ആ കടൽ ഒഴുകി പോയതും ഒാർത്തു...
തൃക്കണ്ടിയൂർ അമ്പത്തിലേക്കുളള വഴി പുറത്ത്‌ നിന്നൊരു ചെറുപ്പക്കാരനോട് ചോദിച്ചറിഞ്ഞ ശേഷം ഏട്ടൻ കാറെടുത്തു.. 'തൃക്കണ്ടിയൂർ മഹാ ശിവക്ഷേത്രം 'എന്ന ബോർഡിലെ ഇടത്തോട്ട് കാണിച്ച ആരോമാർക്കിനനുസരിച്ച് ഏട്ടൻ വണ്ടി തിരിച്ചു...
ഞാനപ്പോഴും പുറത്തുള്ള കാഴ്ച്ചകളിലേക്ക് തന്നെ നോക്കിക്കൊണ്ട് ഇരിപ്പായിരുന്നു... ഒാരോ വീടും കണ്ണിൽ നിന്ന് മാഞ്ഞു പോയി കൊണ്ടേയിരുന്നു... അവന്റെ കഥയിൽ ഒരിക്കൽ പറഞ്ഞ, നിറയെ ചെണ്ടുമല്ലി പൂക്കളുള്ള നാണിയമ്മയുടെ കൊച്ച് വീട് കാണുന്നുണ്ടോന്ന് നോക്കുമ്പോഴാണ് ഒരു ചായക്കടയ്ക്ക് മുമ്പിൽ എട്ടൻ വണ്ടി നിർത്തിയത്...
പോക്കറ്റിൽ നിന്ന് ഫോണെടുത്ത്, ഡോറിന്റെ ഗ്ലാസ് താഴ്ത്തി കൊണ്ട് ചായ കടയിൽ നിൽക്കുന്ന ഒരാളെ കൈമാടി വിളിച്ച് കൊണ്ടേട്ടൻ ചോദിച്ചു ''ഈ ഫോട്ടോയിൽ കാണുന്നാൾടെ, വീടറിയ്യോ''
ഫോട്ടോയിലേക്ക് സൂക്ഷിച്ച് നോക്കി കൊണ്ട് അയാൾ
''ഇത് നമ്മുടെ ശ്യാമൂട്ടനല്ലേ... ദാണ്ടേ ആ വളവ് കഴിഞ്ഞാൽ രണ്ടാമത്തെ വീടാണ് ''
എന്ന് പറഞ്ഞ് കൊണ്ട്, അയാളെന്നെ എത്തി പാളി നോക്കി..
ഏട്ടൻ വീണ്ടും കാറെടുത്ത്, ആ വളവ് തിരിയുന്നത് വരെ ഞാൻ ആ ചായക്കട തന്നെ എത്തി നോക്കി.. അത് രാമേട്ടന്റെ കടയാകും.. ചായയിൽ പഞ്ചസാരയ്ക്ക് പകരം ഉപ്പിട്ട അരണ രാമേട്ടന്റെ ചായക്കട.. രാമേട്ടന്റെ മറവി കഥ പറഞ്ഞവൻ ഉറക്കെ പൊട്ടി ചിരിക്കാറുള്ളതോർത്തു..
വളവ് തിരിഞ്ഞ് രണ്ടാമത്തെ വീടിന് മുമ്പിൽ കാർ നിർത്തിയിട്ട് ഞങ്ങൾ ഗേറ്റു തുറന്ന് ആ വീട്ടിലേക്ക് കടന്നു...
അവൻ പറയാത്ത ഒരു ചെടി പോലും, ആ വീട്ടുമുറ്റത്തില്ലെന്ന് തോന്നി... എവിടെ ആ കൊന്ന മരം..?ഒരു വിഷുക്കാലത്ത് നിറഞ്ഞു കായ്ച്ച് നിൽക്കുന്ന ആ കൊന്ന മരത്തിന്റെ ചോട്ടിൽ നിന്നെടുത്തയച്ച അവന്റെ ആ ഫോട്ടോ ഒാർത്തു.... മതിലിനോട് ചാരി നിൽക്കുന്ന ആ കൊന്ന മരത്തിലേക്ക് നോക്കിയപ്പോൾ, ഇലകളൊക്കെ കൊഴിഞ്ഞിപ്പോൾ ശൂന്യമായിരിക്കുന്നു.... മോഹങ്ങൾ കൊഴിഞ്ഞ് പോയ ഞങ്ങളുടെ പ്രണയം പോലെ..
കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് വാതിൽ തുറന്ന് പുറത്തേക്ക് വന്നത് മെലിഞ്ഞു വെളുത്തൊരു സ്ത്രിയാണ്... ശ്യാമിന്റെ എഴുത്തുകൾ വായിച്ച ഏതൊരാൾക്കും മറുത്ത് ചിന്തിക്കാതെ പറയാൻ പറ്റും അതവന്റെ അമ്മയാണെന്ന്..
''ഞങ്ങൾ എറണാക്കുളത്ത്ന്ന് വരികയാണ്... ശ്യാമിനെ ഒന്ന് കാണണം.. ''വാക്കുകളിൽ അൽപ്പം ഗൗരവം ഒളിപ്പിച്ച് ഏട്ടൻ പറഞ്ഞു..
ഏട്ടന്റെ ചോദ്യത്തിന് തലയാട്ടുന്നതോടൊപ്പം ആ അമ്മയെന്നെ നോക്കി കൊണ്ട് ചോദിച്ചു '' ലച്ചുവാണോ..?''
മറുപടിയായി ഒരു മൂളലിനപ്പുറം മറ്റൊരു
വാക്കെന്നിൽ നിന്ന് പുറത്തേക്ക് വന്നില്ല..
മൗനത്തിനെക്കാൾ വേദന, തൊണ്ടക്കുഴിയിൽ നിന്ന് പുറത്തേക്ക് വരാൻ കൂട്ടാക്കാത്ത വാക്കുകളിൽ നിന്നുയരുന്ന ഇത്തരം ഗദ്ഗദങ്ങൾക്കാണെന്ന് ശ്യാം പറയാറുള്ളത് ഒാർത്തു..
''ശ്യാമിനെയൊന്ന് കാണണം... എന്റെ പെങ്ങളെ ചതിച്ചതായിരുന്നെന്ന് അവന്റെ വായിൽ നിന്ന് തന്നെ കേൾക്കണം...''
നേരത്തെ ഒളിപ്പിച്ചു വെച്ച ഗൗരവം, വാക്കിലും മുഖത്തും തിരുകി കയറ്റിക്കൊണ്ട് ഏട്ടൻ പറഞ്ഞു..
ആ നിമിഷം, ആ അമ്മയിൽ നിഴലിച്ച ഭാവത്തിനു പിന്നിലെ വികാരമെന്തെന്ന് മനസിലാകാഞ്ഞത് കൊണ്ട് ഞാനും ഏട്ടനും പരസ്പരം നോക്കി..
''അകത്തേക്ക് വരൂ... ശ്യാമൂട്ടൻ ഉള്ളിലുണ്ട് '' എന്ന് പറഞ്ഞ് കൊണ്ട് ആ അമ്മ നടന്നു.. അവർക്കു പിന്നാലെ ആ അകത്തേക്ക് ഞാനും ഏട്ടനും കയറി ചെന്നു...
നീണ്ട ഇടനാഴിയിലെ അവസാനത്തെ റൂമിന്റെ മുമ്പിൽ ആ അമ്മ നിന്നു... പാതി ചാരിയ വാതിൽ തുറന്ന് കൊണ്ട് പറഞ്ഞു...
''അതാ കെടക്കുന്നവൻ , എത്ര വേണേലും കണ്ടോളൂ ... എന്ത് വേണേലും പറഞ്ഞോളൂ..''
എന്ന് ചൂണ്ടി കാണിച്ച് പറഞ്ഞ് കൊണ്ടവർ വിങ്ങിപ്പൊട്ടി...
അവർ വിരൽ ചൂണ്ടിയിടത്തേക്ക് നോക്കിയപ്പോൾ, മെലിഞ്ഞ് ശോഷിച്ച് കിടക്കുന്നൊരു രൂപം... ഇരുട്ടിൽ അവ്യക്തമാണ് ആ മുഖം... എന്റെ നോട്ടത്തിലുള്ള സൂക്ഷ്മത കണ്ടിട്ടാകണം അവർ ലൈറ്റിട്ട് തന്നത്... റൂം മുഴുവൻ പടർന്ന് പിടിക്കുന്ന ബൾബിന്റെ പ്രകാശത്തിൽ ഞാൻ ആ മുഖം കാണാൻ കഴിയാതെ പൊത്തി പിടിച്ചു...
മൂക്കിലിട്ട ട്യൂബുകൾക്കിടയിലൂടെ കിടക്കുന്ന ശ്യാമിന്റെ മുഖം ഒരിക്കൽ കൂടി കാണാൻ കഴിയാതെ ഞാനുറക്കെ നിലവിളിച്ചു...
ഏട്ടന്റെ നെഞ്ചിൽ ചേർന്ന് കിടന്ന് തേങ്ങി കരഞ്ഞതിനൊടുവിൽ ശ്യാമിന്റെ അടുത്ത് പോയി, അവന്റെ തളർന്ന് കിടക്കുന്ന കൈയ്യിൽ മുറുകെ പിടിച്ചിരുന്നു...
''അന്ന് മോൾടെ വീട്ടിൽ വരുന്നതിന്റെ തലേന്ന്, മാമനെ കാണാൻ പോകുന്നതിനിടയിൽ......''
വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ ആ അമ്മ കരഞ്ഞു...ഒലിച്ചിറങ്ങുന്ന കണ്ണീർ തുടച്ച് കൊണ്ട് ലൈറ്റ് ഒാഫ് ആക്കുന്നതിനിടയ്ക്ക് അവർ പിന്നേയും പറഞ്ഞു
''അവന് ഇരുട്ടിനോടാ പണ്ട് തൊട്ടേ ഇഷ്ടം..''
ആ വാക്കുകൾ ഒാർമയിലെവിടേയോ ചെന്ന് തറച്ചു.. ഒരിക്കൽ രാത്രിയിലെ ഫോൺ കോളിങ്ങിനിടയിൽ ശ്യാം പറഞ്ഞതോർത്തു...
''ഈ റൂമിലെ ഇരുട്ടിലിങ്ങനെ കിടക്കാൻ വല്ലാത്തൊരു സുഖമാണ് ലച്ചൂ... ഒരിക്കൽ നിന്നെ ചേർത്ത് പിടിച്ച് ഈ ഇരുട്ടിലിങ്ങനെ കിടക്കണം.. ഇരുട്ടിന്റെ കറുപ്പിനുള്ളിൽ ഒരുമിച്ച് കിടന്ന് വർണ്ണങ്ങളുടെ സ്വപ്നം തീർക്കണം നമുക്ക്....''
പുസ്തകത്തിലേക്ക് ഇറ്റി വീണ കണ്ണീർത്തുളളി തുടയ്ക്കുന്നതിനിടയ്ക്ക്, വീൽച്ചെയറിന്റെ ചക്രം നിലത്ത് കറങ്ങുന്ന ശബ്ദം കേട്ടാണ് തിരിഞ്ഞ് നോക്കിയത്...
''ലച്ചൂ....നീയിവിടെ എന്തെടുക്കാണ്..?''
ആ പുസ്തകം ശ്യാമിന് നേരെ നീട്ടികൊണ്ട്, വീൽച്ചെയറിനു താഴെ ഇരുന്ന് അവന്റെ മടിയിൽ തലവെച്ച് കൊണ്ട് പറഞ്ഞു ''ഞാൻ ആ യാത്രയെ കുറിച്ചോർക്കായ്രുന്നു.... ഏട്ടനോടൊപ്പം നിന്നെ തേടി വന്ന ആ ദിവസത്തെ പറ്റി''
അവൻ ചിരിച്ചു കൊണ്ട് എന്റെ മുടിയിഴകളിൽ പതിയെ തലോടി... അവന്റെ വിരൽ, എന്റെ മുടിയിഴകളെ തലോടുന്നതിനൊപ്പം അവൻ പിന്നേയും പാടി
'നിന്റെ തിരുനടയിൽ,
നറു നെയ്ത്തിരി കതിരായ്
ആരുമറിയാതെ,എന്നും
വീണെരിഞ്ഞീടാം.....'
By: jaisha Jayan

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot