Showing posts with label ജയ്‌ഷ ജയൻ. Show all posts
Showing posts with label ജയ്‌ഷ ജയൻ. Show all posts

കഥ: പിഴച്ചവൾ


സ്ക്കൂളിനടുത്ത് ബസിറക്കണമെന്ന് പറഞ്ഞിട്ട്, ആ ഡ്രൈവർ പിന്നേയും കുറേ മുൻപോട്ട് പോയി...ആളിറങ്ങാനുണ്ടെന്ന് ഞാൻ വിളിച്ച് പറഞ്ഞില്ലേൽ, ഇവിടേയും നിർത്തില്ലായിരുന്നു...ഉള്ളിൽ ദേഷ്യമുണ്ടായിരുന്നേലും അതൊരു നോട്ടത്തിൽ മാത്രം ഒതുക്കി , ഞാൻ മോളുടെ കൈയ്യും പിടിച്ച് ബസിറങ്ങി...
വർഷങ്ങൾക്ക് മുമ്പ്, ഏറെ പരിചിതമായിരുന്ന വഴിയിലൂടെ അപരിചിതത്തോടെ നടക്കുകയാണ്..പക്ഷേ ഈ വഴികൾ സമ്മാനിച്ച ഒാർമകൾക്കിപ്പോഴും ആദ്യ മഴ പെയ്ത് നനഞ്ഞ പൊടി മണ്ണിന്റെ ഗന്ധമാണ്...
എല്ലാം മാറിയിരിക്കുന്നു...സ്ക്കൂളും പരിസരങ്ങളും എല്ലാം...അപ്പോൾ, മാറ്റമില്ലാത്തത് എനിക്ക് മാത്രമാണോ? അല്ല, ഞാനും മാറിയല്ലോല്ലേ ...?
സ്കൂളിന്റെ ഗേറ്റിലത്തിയപ്പോൾ, പണ്ട് പതിവായി അവിടെ കപ്പലണ്ടി വിൽക്കാൻ ഇരിക്കാറുള്ള വാസൂട്ടനെ കാണാനില്ല..''കടല വാസു '' എന്നാണ് പിള്ളേരു വിളിച്ചിരുന്നത്...വാസൂട്ടന്റെ കാവലില്ലാത്ത സ്കൂളിൽക്ക് കയറുമ്പോൾ,ഉള്ളിൽ ഒരു ശൂന്യത പോലെ ..പഠിച്ചിറങ്ങിയ സ്ക്കൂളിലേക്ക്, ഒരു അധ്യാപികയായി കയറി ചെല്ലുമ്പോൾ തോന്നുന്ന അഭിമാനം...പക്ഷേ അങ്ങനെയൊരു വികാരം എനിക്കിന്നില്ല..
സ്ക്കൂളിന്റെ മുമ്പിലെ വടവൃക്ഷത്തിന്റെ ഒരില എന്റെ മുമ്പിൽ വന്ന് വീണു...തണൽ മരത്തിന്റെ ഇലകളില്ലാത്ത മുഖത്തേക്ക് നോക്കിയപ്പോൾ, അത് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു, മുമ്പെങ്ങോ കണ്ട പരിചിത ഭാവത്തോടെ...പൊടി മൈതാനം മലർന്ന് കിടക്കുകയാണ്...അതിലൂടെ കരഞ്ഞോടുന്ന ഒരു 13 വയസ്സ്ക്കാരിയുടെ മുഖം എന്റെ ഒാർമകളിൽ നിന്നുണർന്നു...ആ കരച്ചിലിന്റെ ശബ്ദം എന്റെ ചെവിയിലൂടെ തുളഞ്ഞ് കയറി, എന്റെ ഒാർമകളെ ഉണർത്തി...
ഒട്ടിയ കാലി വയറുമായ് , എത്രയോ ദിവസങ്ങളിൽ, ഇവിടെ വന്നിട്ടുണ്ട്....അന്നൊന്നും ആരും ഒന്നും ചോദിച്ചിട്ടില്ല....ആരോ ചെയ്ത തെറ്റിന്റെ ഫലം , ഒരു കുഞ്ഞ് ജീവനായ് ആ13 ക്കാരിക്ക് ചുമക്കേണ്ടി വന്നപ്പോൾ, വീർത്ത വയറിനെ ചോദ്യം ചെയ്യാൻ എത്രയോ പേരുണ്ടായിരുന്നു....പിഴച്ചവളെ ഇനി ഈ സ്ക്കൂളിൽ പഠിപ്പിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ഇറക്കി വിട്ടപ്പോൾ, പിഴച്ചവളെന്ന് വിളിച്ച് എല്ലാരും പരിഹസിച്ചപ്പോൾ നിഷ്കളങ്കതയോടെ അവൾ അമ്മയോട് ചോദിച്ചിട്ടുണ്ട് '' എന്താണമ്മേ പിഴച്ചവളെന്ന് പറഞ്ഞാൽ?എന്നിൽ എന്താണ് പിഴച്ചത്? എനിക്കിനി പഠിക്കാൻ പറ്റില്ലേ ??''' ആ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാൻ കഴിയാതെ നിന്ന ആ അമ്മയുടെ നോട്ടം , അതാണിപ്പോൾ , ആ 13ക്കാരിയെ ഇന്നിവിടെ എത്തിച്ചത്...
അന്നെല്ലാരും പിഴച്ചവളെന്ന് വിളിച്ച് പരിഹസിച്ചപ്പോൾ, ആരും ചോദിക്കാതെ പോയൊരു കാര്യമുണ്ട്....പിഴപ്പിച്ചവനെ പറ്റി...ഈ മണ്ണിലേക്ക് വീണ്ടും തിരിച്ച് വന്നതും, ചോദിക്കാതെ പോയ ചോദ്യങ്ങൾക്ക് മറുപടി നൽകാനാണ്..
ഒാഫീസിലേക്ക് കയറി...കൂടെയുള്ള സഹപ്രവർത്തകരെയൊക്കെ പരിചയപ്പെട്ടു.. ഭിത്തിയിൽ മൺമറഞ്ഞ് പോയ മുൻ അധ്യാപകരുടെ ഫോട്ടോ നോക്കുന്നതിനിടയിൽന്നാണ്, ആ മുഖം ഞാൻ കണ്ടത്...നാരായണൻ മാഷ്...ആ വാക്ക് എന്നിൽ നിന്ന് പുറത്തേക്ക് വന്നപ്പോൾ, കൂടെയുള്ള ടീച്ചറാണ് പറഞ്ഞത് '' അതെ നാരായണൻ മാഷ്, മരിച്ചിട്ട്, 1വർഷം ആകുന്നു, അതിന്റെ പരിപാടിയാണ് അപ്പുറത്ത് നടക്കുന്നത്, മാതൃകാധ്യാപകനായിരുന്നു...അറിയ്യോ?''
ആ ചോദ്യം എന്നിേലക്ക് വന്ന് തറച്ചപ്പോൾ, ഉള്ളിൽ ഒാർമകളിൽ നിന്ന് പകയുടെ ചോര പൊടിയുന്നുണ്ടായിരുന്നു..,''കേട്ടിട്ടുണ്ട്''എന്ന മറുപടിയിൽ ഞാൻ ആ ഉത്തരത്തെ എന്നിൽ തന്നെ തളച്ചിട്ടു...
പരിപാടി നടക്കുന്നിടത്തേക്ക് ടീച്ചർ എന്നേയും കൂട്ടി കൊണ്ട് പോയി...കൂടെ എന്റെ മകളുമുണ്ട്...വേദിയിൽ എന്നെ കൊണ്ടിരുത്തി...കാണികളുടെ കൂട്ടത്തിൽ മോളേയും ഇരുത്തി...വേദിയിൽ അനുസ്മരണ പ്രഭാഷണം നടക്കുകയാണ്....നാരായണൻ മാഷിനെ പറ്റി , വാക്കുകൾ കൊണ്ട് അർച്ചന നടത്തുന്ന ഒാരോരുത്തരും...മാതൃകാധ്യാപകൻ, നാടിന്റെ ഭാഗ്യം, ....അതൊക്കെ കേൾക്കുമ്പോൾ, എന്റെ ഉള്ളിൽ എന്തോ ആർത്തിരമ്പുന്നുണ്ടായിരുന്നു, ഒരു കടൽ കണക്കെ...മൈക്ക് എന്നിലേക്കെത്തുന്ന നിമിഷത്തിനായ് ഞാൻ എന്നെ തന്നെ നിയന്ത്രിച്ചിരുന്നു...
ഈ കടൽ എല്ലാവരിലേക്കും ഒഴുകണം..പിഴച്ചവളെന്ന് വിളിച്ച് പരിഹസിച്ച ഈ മണ്ണിൽ നിന്ന് കൊണ്ട് തന്നെ, ഉറക്കെ വിളിച്ച് പറയണം...ഞാൻ പിഴച്ചവളല്ല...എന്നെ പിഴപ്പിച്ചതാണ്, അറിവ് പകർന്ന് തരേണ്ടവൻ ,ശരീരം കൂടി പകർന്ന് തന്ന് എന്നെ ചതിച്ചതാണെന്ന്....എല്ലാം പറയണം...എല്ലാവരും അറിയട്ടെ മാതൃകാധ്യാപകന്റെ നന്മകൾ....
സംസാരിക്കാൻ ക്ഷണിച്ച് കൊണ്ട് മൈക്ക് തന്നപ്പോൾ, ഒാർമകളുടെ ഭാരം കൊണ്ട് ഞാൻ തളരുന്നത് പോലെ തോന്നി...എല്ലാ ഭാരവും ഇറക്കി വെക്കാൻ പോകുകയാണ്...
മൈക്ക് വാങ്ങിച്ച്, സംസാരിക്കാൻ തുടങ്ങുമ്പോഴാണ് .. കാണികളുടെ കൂട്ടത്തിൽ രണ്ട് കണ്ണുകൾ എന്നെ തന്നെ നോക്കുന്നത് കണ്ടത്...എന്റെ മോളു...അവളുടെ നോട്ടം എന്നിലെ പകയെ ഉരുക്കുന്നത് പോലെ..വാക്കുകൾ പുറത്ത് വരാതെ , ഉള്ളിൽ കിടന്ന് അലിയുകയാണ്..താൻ പിഴച്ച് പെറ്റതാണെന്ന് അവളറിയുമ്പോൾ, ...കുന്തീദേവി പിഴച്ച് പെറ്റിട്ടും, അതിന്റെ ശാപവും ഭാരവും പേറേണ്ടി വന്നത് കർണ്ണനായിരുന്നല്ലോ എന്നോർത്തപ്പോൾ, നാളെ അവളും പിഴച്ചത് എന്നതിന്റെ അർത്ഥം ചോദിക്കുമല്ലോന്ന് ഒാർത്തപ്പോൾ, ഒന്നും വേണ്ടന്ന് തോന്നി.അവൾടെ ചിരിയോടൊപ്പം എന്നിലെ പകയും ഉരുകിയുരുകി ഒരു കണ്ണീരായ് ഒഴുകുകയാണ്...ആ ഇടറുന്ന ശബ്ദത്തിൽ ഞാൻ കുട്ടികൾക്ക് വേണ്ടി ഒരു കവിത ചൊല്ലി കൊടുത്തു...എല്ലാവരും അത് എന്നോടൊപ്പം ഏറ്റ് ചൊല്ലി....
'' കണ്ണ് വേണം ഇരുപ്പുറമെപ്പോഴും,
കണ്ണ് വേണം മുകളിലും താഴേയും
കണ്ണിനുള്ളിൽ കത്തി ജ്വലിക്കുന്ന
ഉൾകണ്ണ് വേണം , അണയാത്ത കണ്ണ് ''
ഈ വരികൾ എപ്പോഴും മനസിൽ ഉണ്ടാകണമെന്ന് പറഞ്ഞ് കൊണ്ട് ഞാൻ മൈക്ക് താഴെ വെച്ചു...അപ്പോഴും എന്റെ മോൾ ചിരിക്കുന്നുണ്ടായിരുന്നു....കാണികൾക്കിടയിൽ നിന്ന് ഉറക്കെ കൈ കൊട്ടുന്നുണ്ടായിരുന്നു....
ജൈഷ ജയൻ

ഒരു പെൺമനസ്സിലൂടെ....


അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും തിരൂർ ബസ് സ്റ്റാന്റിൽ വെച്ച് അവളെ കണ്ടപ്പോൾ, തോളിൽ ഒരു പെൺക്കുഞ്ഞുറങ്ങുന്നുണ്ട്...കൂടെ അവളുടെ ഉമ്മയും....കറുത്ത അപായക്കുള്ളിൽ അവളുടെ മെലിഞ്ഞ ശരീരം കിടന്നാടുന്നത്, ദയനീയമായി നോക്കി കൊണ്ട്, ഞാനവളുടെ നീണ്ട വിരലിലമർത്തി കൊണ്ട് ചോദിച്ചു '' എന്തൊരു കോലാണെടി ഇത്''
ആ ചോദ്യത്തിന് ഒരു പുഞ്ചിരി കൊണ്ടവൾ മറുപടി നൽകാൻ ശ്രമിച്ചു...ഞാൻ പിന്നേയും ചോദിച്ച് കൊണ്ടേയിരുന്നു, മോള്ടെ പേരും വീട്ടിലെ വിശേഷങ്ങളും എവടേക്കാ പോകുന്നതെന്നുമൊക്കെ...എല്ലാത്തിനും ഉത്തരം തന്നത് ഉമ്മയാണ്...
എനിക്കതിശയം തോന്നി, ഇവൾക്കിതെങ്ങനെ സാധിക്കുന്നു....വർഷങ്ങൾക്കിപ്പുറം തമ്മിൽ പിന്നേയും കണ്ടപ്പോൾ, എന്റെ മുമ്പിലിങ്ങനെ മൗനം നടിച്ച് നിൽക്കാൻ...ആൾക്കാർക്ക് ഇങ്ങനെ മാറാൻ പറ്റോ?
''നിന്റെ ഭർത്താവ് നാട്ടിലുണ്ടോടീ..,''
അതിനും ഉത്തരം പറഞ്ഞത് ഉമ്മ തന്നെയാണ്...
''അതൊക്കെ ഒഴിവായിട്ട്, കൊറച്ചായി മോളെ..ഇവളിപ്പോ ഞങ്ങള്ടെ കൂടെയാ..''
ഇത്തവണ മൗനം നടിച്ചത് ഞാനായ്രുന്നു...വലിയെന്തോ,തെറ്റ് ചെയ്ത കുറ്റവാളിയെ പോലെ , ആ ഉത്തരത്തിന് മുമ്പിൽ ഞാൻ തല താഴ്ത്തി നിന്നു...മൂന്ന് പേർക്കുമിടയിൽ കനത്ത നിശബ്ദത....ആ നിശബ്ദതയ്ക്ക് പോലും കഠിനമായ വേദന...
ഒന്നും പറയാൻ കിട്ടാതെ, ഞാനാ കുഞ്ഞിന്റെ കവിളിൽ തലോടി നിൽക്കുമ്പോൾ, അവളുടെ ഉമ്മ എന്റെ വീടിനെ പറ്റിയും ജോലിയെ പറ്റിയും മൊക്കെ അന്വേഷിച്ചു...
കൂട്ടത്തിൽ ഞാൻ അടുത്ത മാസം എന്റെ കല്ല്യാണമാണെന്ന് പറഞ്ഞവളെ നോക്കി..
''കല്ല്യാണം'' ആ വാക്ക്, അവളിലേക്ക് ചെന്ന് തറച്ചപ്പോൾ, കണ്ണീർ വീണുണങ്ങിയ ഒട്ടിയ മുഖത്തെ , രണ്ട് കണ്ണുകൾ എന്നെ ഭീതിയോടെ നോക്കുന്നത് ഞാൻ കാണുന്നുണ്ടായ്രുന്നു...മൗനം അവളുടെ വാക്കുകളെ വിഴുങ്ങിയില്ലായ്ര്ന്നെങ്കിൽ, അവൾ ലോകത്തോട് ഉറക്കെ വിളിച്ച് പറയുമായിരുന്നു,
''വിവാഹം ശിക്ഷയാണ്, ജീവിതം നൽകുന്ന കൊടും ശിക്ഷ''
കുറ്റിപ്പുറത്തേക്കുള്ള ബസ് വന്ന് നിന്നപ്പോൾ,ഉമ്മ പോവ്വാന്ന് പറഞ്ഞ് നടന്ന് നീങ്ങി..., കണ്ണ് കൊണ്ടവളെന്നോട് യാത്ര പറഞ്ഞ് തിരിഞ്ഞ് നടക്കുമ്പോഴും അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു, കരച്ചിലിനെ ചുണ്ട് കൊണ്ട് കടിച്ചമർത്തി അവൾ നടന്ന് നീങ്ങുന്നത് ഞാൻ നോക്കി കൊണ്ട് നിന്നു...
അന്ന് +1-ലെ വെൽക്കം പാർട്ടിക്കിടയിൽ നിന്നാണ് അവളെ ആദ്യായി കാണുന്നത്...സീനിയേഴ്സ് ആരോടേലും ഒരു പാട്ട് പാടാൻ ആവശ്യപ്പെട്ടപ്പോൾ, ഞങ്ങൾ 360 പേർക്കിടയിൽ നിന്ന് ധൈര്യത്തോടെ നടന്ന് വന്ന് അവൾ മൈക്ക് വാങ്ങി പാടി...
''ഉണ്ടോ സഖീ, ഒരു കുല മുന്തിരി
വാങ്ങിടുവാനായ്‌ നാലണ കൈയ്യില്‍..?
ഉണ്ട്‌ പ്രിയേ, ഖല്ബിലൊരാശ മുന്തിരി തിന്നിടുവാന്‍...''
അന്ന് ആ മിടുക്കി കുട്ടിയോട് വല്ലാത്തൊരു ആരാധന തോന്നി...പിന്നീട് ഒരേ ക്ലാസിൽ , അവളോടൊപ്പം ഒന്നര വർഷം...ഉച്ചയ്ക്കുള്ള ഇടവേളകളിൽ, പലപ്പോഴും അവളുടെ മാപ്പിളപ്പാട്ടിന് കാതോർത്തിരുന്നു.., മൂന്ന് പെൺക്കുട്ടികൾക്ക് ശേഷമുണ്ടായ , അവളുടെ കുറുമ്പനായ അനിയനെ പറ്റി വാ തോരാതെ സംസാരിച്ച് , ഉറക്കെ പൊട്ടി ചിരിക്കും...ഭംഗിയുള്ള അവളുടെ കൈയക്ഷരം കൊണ്ട്,ആൺക്കുട്ടികൾക്ക് ലൗ ലെറ്ററെഴുതി കൊടുക്കും, പകരം മേടിച്ച് തരാമെന്ന് പറഞ്ഞ മിഠായിക്ക് വേണ്ടി ചെക്കന്മാരോട് വഴക്കുണ്ടാക്കും...+1 ന്റെ റിസൽറ്റ് വന്നപ്പോൾ, 90%മുകളിൽ കിട്ടിയ വിരലിലെണ്ണാവുന്നവരിൽ ഒരാളും അവൾ തന്നെ..അങ്ങനെ എല്ലാവരുടെ മനസിലും നിറഞ്ഞ് നിന്നവളാണ്,ഇന്ന് മൗനം കൊണ്ടെന്നെ അകറ്റി നിർത്തിയത്...
പ്ലസ് ടു പകുതിയായപ്പോൾ, കുറെ ദിവസത്തെ അവധിയ്ക്ക് ശേഷം ക്ലാസിൽ വന്നവൾ..അന്ന് ഇടത് കൈ തണ്ടയിൽ ഒരു മുറിപ്പാടുണ്ടായ്രുന്നു...പിന്നീടറിഞ്ഞു, താൽപ്പര്യമില്ലാത്ത കല്ല്യാണം, നിശ്ചയച്ചതിന് വീട്ടുക്കാരോടുള്ള പ്രതികാരം...
അന്ന് ഞങ്ങൾ കൂടിയിരിക്കുമ്പോൾ, തമാശയ്ക്ക് ചോദിച്ചു''നിന്റെ മനസില് വേറാരേലും ഉണ്ടോടി..''
''എനിക്ക് പഠിക്കണം,പഠിച്ച് ജോലി വാങ്ങണം''എന്ന് പറഞ്ഞവൾ ഡെസ്കിൽ തലവെച്ച് കൊറേ കരഞ്ഞു...പിറ്റേന്ന് ക്ലാസിൽ വന്നപ്പോൾ, അവൾ പറഞ്ഞു...പഠിത്തം നിർത്താന്നും, കല്ല്യാണത്തിന് സമ്മതിച്ചൂന്നൊക്കെ....മൂന്ന് പെൺക്കുട്ടികളിൽ മൂത്തവളായ ഇവളെ കെട്ടിച്ചാലല്ലേ, ഉപ്പാന്റെ ബാധ്യതകളോരാന്നായ് ഒഴിയൂന്ന് അവൾ പറഞ്ഞപ്പോൾ,മറുത്ത് പറയാനുള്ള അറിവന്നുണ്ടായിരുന്നില്ല...നല്ല പൈസക്കാരനാത്ര ചെക്കൻ, വല്ല്യേ വീടാന്നൊക്കെ പറയുമ്പോഴും അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു...
പിന്നീട് ഒരു ഞായറാഴ്ച്ച, പുതിയങ്ങാടിയിലെ KR ഒാഡിറ്റോറിയത്തിലെ അവളുടെ കല്ല്യാണത്തിന്റന്നാണ്, ഇതിന് മുമ്പ് അവസാനമായി കണ്ടത്..പതിനാറാമത്തെ വയസ്സിൽ , എല്ലാ സ്വപ്നവും ഉപേക്ഷിച്ച് വീട്ടുക്കാർക്ക് വേണ്ടി മാത്രം ,ഒരു മെറൂൺ കളർ സാരിയിൽ അവളങ്ങനെ ചിരിച്ച് നിൽക്കുന്നത്, ഇന്നും എന്റെ കണ്ണിൽ നിന്ന് മാഞ്ഞിട്ടില്ല..
ചെക്കന്റെ വീടിന്റെ വലുപ്പവും പൈസയുടെ എണ്ണവും നോക്കുന്ന പല രക്ഷിതാക്കളും മറന്ന് പോകുന്നു,പെണ്ണിന്റെ മനസിന്റെ വലുപ്പം കാണാൻ, അവൾ കൂട്ടിവെച്ച സ്വപ്നങ്ങൾ കാണാൻ..
ഇവൾ വെറുമൊരു ഇരമാത്രം...എത്രയൊക്കെ പുരോഗമിച്ചു എന്ന് പറഞ്ഞാലും , ഇവളെ പോലെ ഒരായിരം പെൺക്കുട്ടികൾ ഇന്നും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് , നിയമ ലംഘിതമായ ഇത്തരം വിവാഹത്തിനിരകളാകുന്നുണ്ട് എന്നത് പലരും അറിയാതെ പോകുന്ന വലിയൊരു സത്യം...
നമ്മുടെ പെൺക്കുട്ടികൾക്ക് ആദ്യം വേണ്ടത് വിവാഹമല്ല സുഹൃത്തുക്കളെ...വിദ്യാഭ്യാസമാണ്...അവർ പഠിക്കട്ടെ, അതിരുകളില്ലാതെ കണ്ട സ്വപ്നങ്ങൾ നിറവേറ്റട്ടെ...
ജൈഷ ജയൻ..

ഞാൻ കാതോർത്തിരുന്നു



കാറിലെ ഫ്രണ്ട് സീറ്റിൽ ഇരുന്ന്, പുറത്തുള്ള കാഴ്ച്ചകളെ തന്റെ ഒാർമകളിലേക്ക് ആവാഹിച്ച് കൊണ്ടിരിക്കുകയാണ് ഞാൻ.... ഡ്രൈവ് ചെയ്ത് കൊണ്ടിരിക്കുന്ന ഏട്ടൻ ഇടയ്ക്കിടക്ക് നിർവികാരത നിഴലിച്ച എന്റെ മുഖത്തേക്കെത്തി നോക്കുന്നുണ്ട്.... ആ നോട്ടം കണ്ടില്ലെന്ന് നടിച്ച് കൊണ്ട് പിന്നേയും കാഴ്ച്ചകളാൽ മറഞ്ഞ് നീങ്ങുന്ന ഒാർമകളിലേക്ക് നോക്കി കൊണ്ട് സീറ്റിലങ്ങനെ ചാരി ഇരുന്നു...
കാറിലെ സ്റ്റീരിയോവിലൂടെ ഒഴുകി വരുന്ന പാട്ടിന് ഞാൻ കാതോർത്തിരുന്നു...
'നിന്റെ കാലടിയിൽ,
ജപ തുളസി മലർ പോലെ,
സ്നേഹ മന്ത്രവുമായ്
ഞാൻ പൂത്ത് നിന്നീടാം....'
കർണ്ണപടത്തിലൂടെ തുളച്ച് കയറിയ ആ വരികൾ ഒാർമകളിലെവിടേയോ എത്തി നിന്നു. അവനേറ്റവും പ്രിയമുള്ള പാട്ട്....ഉറക്കം വരാത്ത രാത്രികളിൽ പിണങ്ങുമ്പോൾ അവനു മറുപടി കൊടുക്കാതെ മൗനം നടിച്ചു നിന്ന ഫോൺകോളുകളിൽ, പലപ്പോഴും അതിന്റെയൊക്കെ അവസാനം അവന്റെ ഈ പാട്ടായിരുന്നു..
'താമരപ്പൂവിൽ വാഴും
ദേവിയല്ലോ നീ...
പൂനിലാ കടവിൽ പൂക്കും
പുണ്യമല്ലോ നീ....'
അവന്റെ ശബ്ദത്തിലൂടെ പകരുന്ന ആ വരികൾക്ക് കാതോർത്തിരുന്ന എത്ര രാത്രികൾ ....ഒാർമകളുടെ ഭാരം താങ്ങാനാകാതെ,ആ പാട്ട് ഒാഫ് ആക്കുമ്പോൾ ഏട്ടൻ പിന്നേയും നോക്കി... വീണ്ടും, ആ നോട്ടത്തെ അവഗണിച്ച് കൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു...
ഒരു ഗ്രൂപ്പിൽ ഞാൻ പോസ്റ്റു ചെയ്ത ഏതോ ഒരു കഥയുടെ കമന്റിൽ നിന്നാണവനെ ആദ്യമായി കാണുന്നത്... പിന്നീടുള്ള എന്റെ എല്ലാ എഴുത്തുകളിലും അവന്റെ ആ നീളമുള്ള കമന്റ് പതിവായി... ഒരിക്കൽ അവനെഴുതിയ അമ്മയെ കുറിച്ചുള്ള പോസ്റ്റ് വായിച്ചതിനു ശേഷമാണ്, കമന്റുകളിലൂടെ മാത്രം അറിയുന്ന ആ സുഹൃത്തിനെ പരിചയപ്പെടണമെന്ന് തോന്നിയത്... അന്ന് വൈകീട്ട്, റിക്വസ്റ്റ് ആക്സപ്റ്റ് ചെയ്ത അവന്റെ നോട്ടിഫിക്കേഷൻ വന്നപ്പോൾ ആണ്, 'അമ്മയെ കുറിച്ചെഴുതിയത് മനോഹരമായിട്ടുണ്ട്' എന്ന ആദ്യ മെസേജ് ഞാനയച്ചത്...
അങ്ങനെ പിന്നീടങ്ങോട്ട് ഒരുപാട് സംസാരിച്ച് തുടങ്ങി... എപ്പോഴാണത് പ്രണയത്തിലേക്ക് വഴിമാറിയതെന്നോർമയില്ല... പരസ്പരം കാണാതെ, ഒരിക്കൽ പോലും ശബ്ദം കേൾക്കാതെ അക്ഷരങ്ങളിലൂടെ അങ്ങനെ പ്രണയിച്ച് തുടങ്ങി.... ഫേസ്ബുക്ക് പ്രണയത്തിന്റെ ഭവിഷ്യത്തുകളെ കുറിച്ച് നല്ല ബോധമുണ്ടായിരുന്നിട്ടും, പിന്മാറാൻ തോന്നിയില്ല...
പരിചയപ്പെട്ട രണ്ടാം പക്കം ഫോൺ നമ്പറും ഫോട്ടോയും ചോദിക്കുന്ന മുഖപുസ്തക കാമുകന്മാരെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്, പക്ഷേ ഒരിക്കൽ പോലും അവനെന്നോടിതൊന്നും ആവിശ്യപ്പെട്ടില്ലായ്രുന്നു.. പ്രണയം തലയ്ക്ക് പിടിച്ച ഏതോ ഒരു നിമിഷത്തിൽ ഫോട്ടോ അയച്ച് തരട്ടേന്ന് ചോദിച്ചത് ഞാനായിരുന്നു..
''വേണ്ട, ഫേസ്ബുക്കിലൂടെ ഫോട്ടോ അയക്കുന്നത് അത്ര സെയ്ഫൊന്നുമല്ലാ..''
അവന്റെ മറുപടി കേട്ടന്ന് ഞാൻ ആശ്ചര്യപ്പെട്ടു...''നമുക്കൊരിക്കൽ നേരിട്ട് കാണാം'' എന്ന മറുപടിയിൽ ആ ഫോട്ടോയെ അവനവിടെ തളച്ചിട്ടു...
ഒരിക്കൽ എന്റെ പിറന്നാളിന്റെ തലേന്നവൻ, കൈയ്യിൽ ഒരു കൊച്ചു സമ്മാനവുമായ് ആദ്യമായ് എന്നെ കാണാനെത്തി.. അന്ന് ഉച്ചയ്ക്കുള്ള ഇടവേളയിൽ , കോളേജിലെ വാകമര ചോട്ടിൽ ഞങ്ങളൊരുമിച്ച് നിന്ന് കുറച്ച് നേരം സംസാരിച്ചു... അവൻ കൈയ്യിലേക്ക് വെച്ച് തന്ന സമ്മാനപ്പൊതി തുറന്ന് നോക്കിയപ്പോൾ, ഒരു പുസ്തകം.. കെ.ആർ മീരയുടെ ആരാച്ചാർ... മറിച്ചു നോക്കിയപ്പോൾ, ആദ്യപേജിൽ അവന്റെ വടിവൊത്ത അക്ഷരങ്ങൾ കൊണ്ട്,
''പ്രിയപ്പെട്ട ലച്ചുവിന്, സ്നേഹപൂർവ്വം ശ്യാം...'' എന്ന് എഴുതിയിരിക്കുന്നു..
ബാക്കിലെ സീറ്റിൽ നിന്ന് ബാഗ് എത്തിച്ചെടുത്ത് കൊണ്ട് ,അതിൽ നിന്ന് ആ പുസ്തകം പുറത്തേക്കെടുത്തു....ആദ്യ പേജിൽ കോറിയിട്ട അവന്റെ അക്ഷരങ്ങളെ പതിയെ തലോടി... ഒാർമകൾക്കെന്തൊരു വേദനയാണല്ലേ..!!
വീട്ടിൽ കല്ല്യാണാലോചന നടക്കുന്നു, എന്ന് ഞാനവന് കരഞ്ഞ് പറഞ്ഞ് കൊണ്ട് വിളിച്ച ആ ദിവസത്തെ പറ്റി പിന്നേയും ഒാർത്തു... ഞങ്ങൾ തമ്മിൽ അവസാനമായി സംസാരിച്ച ദിവസം.. പിറ്റേന്ന് അമ്മയും മാമനുമൊത്ത് വീട്ടിലേക്ക് വന്ന് നമ്മുടെ കല്ല്യാണക്കാര്യം സംസ്ക്കാരിക്കാമെന്നവൻ വാക്കു തന്ന ദിവസം... മാമനെ പോയി കണ്ട്, എല്ലാം പറഞ്ഞിട്ട് വരാമെന്നും പറഞ്ഞ് പോയതാണ്...
പിന്നീടന്ന് തൊട്ട് നിശ്ചലമായ അവന്റെ ഫേസ്ബുക്ക് എെഡിയും, സ്വിച്ച് ഒാഫായ ഫോണും..ബന്ധപ്പെടാൻ വേറൊരു നമ്പറോ അഡ്രസോ ഒന്നുമില്ല....എങ്കിലും, തിരിച്ച് വരുമെന്ന പ്രതീക്ഷ കൈവിടാതെ, കാത്തിരുന്നു... കാത്തിരിപ്പിലാണല്ലോ ചില പ്രണയങ്ങളുടെ ഭാവി...
മറവിയുടെ മഷിത്തണ്ട് കൊണ്ട് അവന്റെ ഒാർമകളെ മായ്ക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഇനിയൊരു വിവാഹം വേണ്ടന്ന് വീട്ടുകാരോട് പറഞ്ഞത്..
പക്ഷേ,
''നിനക്കൊരു ജീവിതമില്ലെങ്കിൽ ,എനിക്കും വേണ്ടൊരു ജീവിതം''
എന്ന ഏട്ടന്റെ വാശിയ്ക്ക് മുമ്പിൽ,
''മരിക്കുന്നതിന് മുമ്പ്, നിന്നെ നല്ലൊരാൾടെ കൈയ്യിൽ ഏൽപ്പിക്കണം '' എന്ന തളർന്ന് കിടക്കുന്ന അച്ഛന്റെ ആഗ്രഹങ്ങൾക്കൊടുവിലെ തീരുമാനമായിരുന്നു ഇങ്ങനെയൊരു യാത്ര...
''ചതിച്ചതാകുമെടി അവൻ'' എന്ന് വീട്ടുകാരും കൂട്ടുകാരും ഒരേ താളത്തിൽ പറഞ്ഞിട്ടും വിശ്വസിക്കാൻ സാധിക്കാത്തത് കൊണ്ടാണ് ഏട്ടനൊപ്പം ഈ യാത്രയ്ക്ക് പുറപ്പെട്ടത്... അവനെ തേടിയുള്ള യാത്ര..
''മോളേ'' ആ വിളിയിൽ, ഒാർമകളിൽ നിന്ന് ഞെട്ടിയുണർന്ന് കൊണ്ട് ഏട്ടനെ നോക്കി...
''മോളേ, തിരൂരെത്തി...''
ഏട്ടന്റെ വാക്കിനൊടുവിൽ ഞാൻ പിന്നേയും പുറത്തേക്ക് നോക്കി...
ഏതോ കടയുടെ ബോർഡിനു താഴെയുള്ള ആ സ്ഥല പേര് തിരൂർ തന്നെയല്ലേന്ന് ഉറപ്പ് വരുത്തി..
അതെ... ചില സംസാരങ്ങൾക്കിടയിൽ അവൻ പറയാറുള്ള സ്ഥലം.... ''ഞങ്ങടെ തിരൂർ മാർക്കറ്റിൽ കിട്ടാത്തൊരു സാധനൂല്ല്യാ'' എന്ന് അവനിടയ്ക്കൊക്കെ പറയാറുള്ളത് ഒാർത്തു... എവിടെ ആയിരിക്കും, അവൻ ക്ലാസ് കട്ട് ചെയ്ത് സിനിമ കാണാൻ പോകാറുള്ള ആ ' ചിത്ര സാഗർ'എന്ന തീയേറ്റർ...? നല്ല മൊരിഞ്ഞ ചൂടുള്ള മസാല ദോശ കിട്ടുന്ന ആ ഹോട്ടലേതായിരിക്കും... കഴിഞ്ഞോണത്തിനു അമ്മയേയും കൂട്ടി പോയി, ചുവപ്പിൽ കറുത്ത പൂക്കളുള്ള ആ കോട്ടൻ സാരി വാങ്ങിച്ച് കൊടുത്ത ചെട്ട്യാരുടെ കട ഏതായിരിക്കും...?
സ്റ്റാന്റിലെ നിർത്തിയിട്ട ബസിനിടയിലേക്ക് ഞാനെത്തി വലിഞ്ഞു നോക്കി, അവനെപ്പോഴും പറയാറുള്ള ആ അന്ധനായ യാചകനെ അവിടെ എവിടെയെങ്കിലും കാണാനുണ്ടോന്ന് നോക്കി... നിർത്തിയിട്ട എല്ലാ ബസിലും പരസഹായമില്ലാതെ കയറി ചെല്ലുന്ന, തിരൂർ സ്റ്റാന്റിലെ ഒാരോ മുക്കും മൂലയും അത്രയ്ക്കും കാണാപാഠമായ ആ അന്ധനായ യാചകൻ അവിടെയുണ്ടോ ആവോ?
അവനെപ്പോഴും പറയാറുള്ള, മുഷിച്ച കറുത്ത ഷർട്ടും മുട്ടോളം എത്തുന്ന കീറിയ പാന്റും ഇട്ട്, തോളിൽ വലിയൊരു മാറാപ്പും ഏറ്റി കൊണ്ട് റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ആ ഭ്രാന്തനെവിടെ..?
തന്റെ ഒാർമകളെ തന്റെ കാഴ്ച്ചകളിലേക്ക് കൂട്ടി ചേർത്ത് കൊണ്ട് വരുമ്പോഴാണ് ഏട്ടൻ പിന്നേയും വിളിച്ചത്..
'' മോളേ, ആ അമ്പലത്തിന്റെ പേരെന്താണ്?''
''തൃക്കണ്ടിയൂർ ശിവ ക്ഷേത്രം '' ഒാർമകളിലെവിടെ നിന്നോ ഒരേട് പറിച്ച് ചീന്തിയേടുത്ത് കൊണ്ട് ഞാൻ മറുപടി പറഞ്ഞു...
അവന്റെ എഴുത്തുകളിലും സംസാരത്തിലും പലപ്പോഴും കേറി വരുന്ന അവന്റെ നാട്ടമ്പലം... അവിടുത്തെ ശിവരാത്രി ആഘോഷത്തിനിടയിൽ എന്നോട് സംസാരിക്കാൻ നേരം കിട്ടാതിരുന്നതിന്റെ പിറ്റേന്ന് ഞാൻ പരിഭവ കടലൊഴുക്കി അവനോട് പിണങ്ങി നിന്നതോർത്തു....അവന്റെ ലച്ചൂന്നുള്ള വിളിയിൽ ആ കടൽ ഒഴുകി പോയതും ഒാർത്തു...
തൃക്കണ്ടിയൂർ അമ്പത്തിലേക്കുളള വഴി പുറത്ത്‌ നിന്നൊരു ചെറുപ്പക്കാരനോട് ചോദിച്ചറിഞ്ഞ ശേഷം ഏട്ടൻ കാറെടുത്തു.. 'തൃക്കണ്ടിയൂർ മഹാ ശിവക്ഷേത്രം 'എന്ന ബോർഡിലെ ഇടത്തോട്ട് കാണിച്ച ആരോമാർക്കിനനുസരിച്ച് ഏട്ടൻ വണ്ടി തിരിച്ചു...
ഞാനപ്പോഴും പുറത്തുള്ള കാഴ്ച്ചകളിലേക്ക് തന്നെ നോക്കിക്കൊണ്ട് ഇരിപ്പായിരുന്നു... ഒാരോ വീടും കണ്ണിൽ നിന്ന് മാഞ്ഞു പോയി കൊണ്ടേയിരുന്നു... അവന്റെ കഥയിൽ ഒരിക്കൽ പറഞ്ഞ, നിറയെ ചെണ്ടുമല്ലി പൂക്കളുള്ള നാണിയമ്മയുടെ കൊച്ച് വീട് കാണുന്നുണ്ടോന്ന് നോക്കുമ്പോഴാണ് ഒരു ചായക്കടയ്ക്ക് മുമ്പിൽ എട്ടൻ വണ്ടി നിർത്തിയത്...
പോക്കറ്റിൽ നിന്ന് ഫോണെടുത്ത്, ഡോറിന്റെ ഗ്ലാസ് താഴ്ത്തി കൊണ്ട് ചായ കടയിൽ നിൽക്കുന്ന ഒരാളെ കൈമാടി വിളിച്ച് കൊണ്ടേട്ടൻ ചോദിച്ചു ''ഈ ഫോട്ടോയിൽ കാണുന്നാൾടെ, വീടറിയ്യോ''
ഫോട്ടോയിലേക്ക് സൂക്ഷിച്ച് നോക്കി കൊണ്ട് അയാൾ
''ഇത് നമ്മുടെ ശ്യാമൂട്ടനല്ലേ... ദാണ്ടേ ആ വളവ് കഴിഞ്ഞാൽ രണ്ടാമത്തെ വീടാണ് ''
എന്ന് പറഞ്ഞ് കൊണ്ട്, അയാളെന്നെ എത്തി പാളി നോക്കി..
ഏട്ടൻ വീണ്ടും കാറെടുത്ത്, ആ വളവ് തിരിയുന്നത് വരെ ഞാൻ ആ ചായക്കട തന്നെ എത്തി നോക്കി.. അത് രാമേട്ടന്റെ കടയാകും.. ചായയിൽ പഞ്ചസാരയ്ക്ക് പകരം ഉപ്പിട്ട അരണ രാമേട്ടന്റെ ചായക്കട.. രാമേട്ടന്റെ മറവി കഥ പറഞ്ഞവൻ ഉറക്കെ പൊട്ടി ചിരിക്കാറുള്ളതോർത്തു..
വളവ് തിരിഞ്ഞ് രണ്ടാമത്തെ വീടിന് മുമ്പിൽ കാർ നിർത്തിയിട്ട് ഞങ്ങൾ ഗേറ്റു തുറന്ന് ആ വീട്ടിലേക്ക് കടന്നു...
അവൻ പറയാത്ത ഒരു ചെടി പോലും, ആ വീട്ടുമുറ്റത്തില്ലെന്ന് തോന്നി... എവിടെ ആ കൊന്ന മരം..?ഒരു വിഷുക്കാലത്ത് നിറഞ്ഞു കായ്ച്ച് നിൽക്കുന്ന ആ കൊന്ന മരത്തിന്റെ ചോട്ടിൽ നിന്നെടുത്തയച്ച അവന്റെ ആ ഫോട്ടോ ഒാർത്തു.... മതിലിനോട് ചാരി നിൽക്കുന്ന ആ കൊന്ന മരത്തിലേക്ക് നോക്കിയപ്പോൾ, ഇലകളൊക്കെ കൊഴിഞ്ഞിപ്പോൾ ശൂന്യമായിരിക്കുന്നു.... മോഹങ്ങൾ കൊഴിഞ്ഞ് പോയ ഞങ്ങളുടെ പ്രണയം പോലെ..
കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് വാതിൽ തുറന്ന് പുറത്തേക്ക് വന്നത് മെലിഞ്ഞു വെളുത്തൊരു സ്ത്രിയാണ്... ശ്യാമിന്റെ എഴുത്തുകൾ വായിച്ച ഏതൊരാൾക്കും മറുത്ത് ചിന്തിക്കാതെ പറയാൻ പറ്റും അതവന്റെ അമ്മയാണെന്ന്..
''ഞങ്ങൾ എറണാക്കുളത്ത്ന്ന് വരികയാണ്... ശ്യാമിനെ ഒന്ന് കാണണം.. ''വാക്കുകളിൽ അൽപ്പം ഗൗരവം ഒളിപ്പിച്ച് ഏട്ടൻ പറഞ്ഞു..
ഏട്ടന്റെ ചോദ്യത്തിന് തലയാട്ടുന്നതോടൊപ്പം ആ അമ്മയെന്നെ നോക്കി കൊണ്ട് ചോദിച്ചു '' ലച്ചുവാണോ..?''
മറുപടിയായി ഒരു മൂളലിനപ്പുറം മറ്റൊരു
വാക്കെന്നിൽ നിന്ന് പുറത്തേക്ക് വന്നില്ല..
മൗനത്തിനെക്കാൾ വേദന, തൊണ്ടക്കുഴിയിൽ നിന്ന് പുറത്തേക്ക് വരാൻ കൂട്ടാക്കാത്ത വാക്കുകളിൽ നിന്നുയരുന്ന ഇത്തരം ഗദ്ഗദങ്ങൾക്കാണെന്ന് ശ്യാം പറയാറുള്ളത് ഒാർത്തു..
''ശ്യാമിനെയൊന്ന് കാണണം... എന്റെ പെങ്ങളെ ചതിച്ചതായിരുന്നെന്ന് അവന്റെ വായിൽ നിന്ന് തന്നെ കേൾക്കണം...''
നേരത്തെ ഒളിപ്പിച്ചു വെച്ച ഗൗരവം, വാക്കിലും മുഖത്തും തിരുകി കയറ്റിക്കൊണ്ട് ഏട്ടൻ പറഞ്ഞു..
ആ നിമിഷം, ആ അമ്മയിൽ നിഴലിച്ച ഭാവത്തിനു പിന്നിലെ വികാരമെന്തെന്ന് മനസിലാകാഞ്ഞത് കൊണ്ട് ഞാനും ഏട്ടനും പരസ്പരം നോക്കി..
''അകത്തേക്ക് വരൂ... ശ്യാമൂട്ടൻ ഉള്ളിലുണ്ട് '' എന്ന് പറഞ്ഞ് കൊണ്ട് ആ അമ്മ നടന്നു.. അവർക്കു പിന്നാലെ ആ അകത്തേക്ക് ഞാനും ഏട്ടനും കയറി ചെന്നു...
നീണ്ട ഇടനാഴിയിലെ അവസാനത്തെ റൂമിന്റെ മുമ്പിൽ ആ അമ്മ നിന്നു... പാതി ചാരിയ വാതിൽ തുറന്ന് കൊണ്ട് പറഞ്ഞു...
''അതാ കെടക്കുന്നവൻ , എത്ര വേണേലും കണ്ടോളൂ ... എന്ത് വേണേലും പറഞ്ഞോളൂ..''
എന്ന് ചൂണ്ടി കാണിച്ച് പറഞ്ഞ് കൊണ്ടവർ വിങ്ങിപ്പൊട്ടി...
അവർ വിരൽ ചൂണ്ടിയിടത്തേക്ക് നോക്കിയപ്പോൾ, മെലിഞ്ഞ് ശോഷിച്ച് കിടക്കുന്നൊരു രൂപം... ഇരുട്ടിൽ അവ്യക്തമാണ് ആ മുഖം... എന്റെ നോട്ടത്തിലുള്ള സൂക്ഷ്മത കണ്ടിട്ടാകണം അവർ ലൈറ്റിട്ട് തന്നത്... റൂം മുഴുവൻ പടർന്ന് പിടിക്കുന്ന ബൾബിന്റെ പ്രകാശത്തിൽ ഞാൻ ആ മുഖം കാണാൻ കഴിയാതെ പൊത്തി പിടിച്ചു...
മൂക്കിലിട്ട ട്യൂബുകൾക്കിടയിലൂടെ കിടക്കുന്ന ശ്യാമിന്റെ മുഖം ഒരിക്കൽ കൂടി കാണാൻ കഴിയാതെ ഞാനുറക്കെ നിലവിളിച്ചു...
ഏട്ടന്റെ നെഞ്ചിൽ ചേർന്ന് കിടന്ന് തേങ്ങി കരഞ്ഞതിനൊടുവിൽ ശ്യാമിന്റെ അടുത്ത് പോയി, അവന്റെ തളർന്ന് കിടക്കുന്ന കൈയ്യിൽ മുറുകെ പിടിച്ചിരുന്നു...
''അന്ന് മോൾടെ വീട്ടിൽ വരുന്നതിന്റെ തലേന്ന്, മാമനെ കാണാൻ പോകുന്നതിനിടയിൽ......''
വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ ആ അമ്മ കരഞ്ഞു...ഒലിച്ചിറങ്ങുന്ന കണ്ണീർ തുടച്ച് കൊണ്ട് ലൈറ്റ് ഒാഫ് ആക്കുന്നതിനിടയ്ക്ക് അവർ പിന്നേയും പറഞ്ഞു
''അവന് ഇരുട്ടിനോടാ പണ്ട് തൊട്ടേ ഇഷ്ടം..''
ആ വാക്കുകൾ ഒാർമയിലെവിടേയോ ചെന്ന് തറച്ചു.. ഒരിക്കൽ രാത്രിയിലെ ഫോൺ കോളിങ്ങിനിടയിൽ ശ്യാം പറഞ്ഞതോർത്തു...
''ഈ റൂമിലെ ഇരുട്ടിലിങ്ങനെ കിടക്കാൻ വല്ലാത്തൊരു സുഖമാണ് ലച്ചൂ... ഒരിക്കൽ നിന്നെ ചേർത്ത് പിടിച്ച് ഈ ഇരുട്ടിലിങ്ങനെ കിടക്കണം.. ഇരുട്ടിന്റെ കറുപ്പിനുള്ളിൽ ഒരുമിച്ച് കിടന്ന് വർണ്ണങ്ങളുടെ സ്വപ്നം തീർക്കണം നമുക്ക്....''
പുസ്തകത്തിലേക്ക് ഇറ്റി വീണ കണ്ണീർത്തുളളി തുടയ്ക്കുന്നതിനിടയ്ക്ക്, വീൽച്ചെയറിന്റെ ചക്രം നിലത്ത് കറങ്ങുന്ന ശബ്ദം കേട്ടാണ് തിരിഞ്ഞ് നോക്കിയത്...
''ലച്ചൂ....നീയിവിടെ എന്തെടുക്കാണ്..?''
ആ പുസ്തകം ശ്യാമിന് നേരെ നീട്ടികൊണ്ട്, വീൽച്ചെയറിനു താഴെ ഇരുന്ന് അവന്റെ മടിയിൽ തലവെച്ച് കൊണ്ട് പറഞ്ഞു ''ഞാൻ ആ യാത്രയെ കുറിച്ചോർക്കായ്രുന്നു.... ഏട്ടനോടൊപ്പം നിന്നെ തേടി വന്ന ആ ദിവസത്തെ പറ്റി''
അവൻ ചിരിച്ചു കൊണ്ട് എന്റെ മുടിയിഴകളിൽ പതിയെ തലോടി... അവന്റെ വിരൽ, എന്റെ മുടിയിഴകളെ തലോടുന്നതിനൊപ്പം അവൻ പിന്നേയും പാടി
'നിന്റെ തിരുനടയിൽ,
നറു നെയ്ത്തിരി കതിരായ്
ആരുമറിയാതെ,എന്നും
വീണെരിഞ്ഞീടാം.....'
By: jaisha Jayan

എന്റെ മോൾ ചിരിക്കുന്നുണ്ടായിരുന്നു



സ്ക്കൂളിനടുത്ത് ബസിറക്കണമെന്ന് പറഞ്ഞിട്ട്, ആ ഡ്രൈവർ പിന്നേയും കുറേ മുൻപോട്ട് പോയി...ആളിറങ്ങാനുണ്ടെന്ന് ഞാൻ വിളിച്ച് പറഞ്ഞില്ലേൽ, ഇവിടേയും നിർത്തില്ലായിരുന്നു...ഉള്ളിൽ ദേഷ്യമുണ്ടായിരുന്നേലും അതൊരു നോട്ടത്തിൽ മാത്രം ഒതുക്കി , ഞാൻ മോളുടെ കൈയ്യും പിടിച്ച് ബസിറങ്ങി...
വർഷങ്ങൾക്ക് മുമ്പ്, ഏറെ പരിചിതമായിരുന്ന വഴിയിലൂടെ അപരിചിതത്തോടെ നടക്കുകയാണ്..പക്ഷേ ഈ വഴികൾ സമ്മാനിച്ച ഒാർമകൾക്കിപ്പോഴും ആദ്യ മഴ പെയ്ത് നനഞ്ഞ പൊടി മണ്ണിന്റെ ഗന്ധമാണ്...
എല്ലാം മാറിയിരിക്കുന്നു...സ്ക്കൂളും പരിസരങ്ങളും എല്ലാം...അപ്പോൾ, മാറ്റമില്ലാത്തത് എനിക്ക് മാത്രമാണോ? അല്ല, ഞാനും മാറിയല്ലോല്ലേ ...?
സ്കൂളിന്റെ ഗേറ്റിലത്തിയപ്പോൾ, പണ്ട് പതിവായി അവിടെ കപ്പലണ്ടി വിൽക്കാൻ ഇരിക്കാറുള്ള വാസൂട്ടനെ കാണാനില്ല..''കടല വാസു '' എന്നാണ് പിള്ളേരു വിളിച്ചിരുന്നത്...വാസൂട്ടന്റെ കാവലില്ലാത്ത സ്കൂളിൽക്ക് കയറുമ്പോൾ,ഉള്ളിൽ ഒരു ശൂന്യത പോലെ ..പഠിച്ചിറങ്ങിയ സ്ക്കൂളിലേക്ക്, ഒരു അധ്യാപികയായി കയറി ചെല്ലുമ്പോൾ തോന്നുന്ന അഭിമാനം...പക്ഷേ അങ്ങനെയൊരു വികാരം എനിക്കിന്നില്ല..
സ്ക്കൂളിന്റെ മുമ്പിലെ വടവൃക്ഷത്തിന്റെ ഒരില എന്റെ മുമ്പിൽ വന്ന് വീണു...തണൽ മരത്തിന്റെ ഇലകളില്ലാത്ത മുഖത്തേക്ക് നോക്കിയപ്പോൾ, അത് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു, മുമ്പെങ്ങോ കണ്ട പരിചിത ഭാവത്തോടെ...പൊടി മൈതാനം മലർന്ന് കിടക്കുകയാണ്...അതിലൂടെ കരഞ്ഞോടുന്ന ഒരു 13 വയസ്സ്ക്കാരിയുടെ മുഖം എന്റെ ഒാർമകളിൽ നിന്നുണർന്നു...ആ കരച്ചിലിന്റെ ശബ്ദം എന്റെ ചെവിയിലൂടെ തുളഞ്ഞ് കയറി, എന്റെ ഒാർമകളെ ഉണർത്തി...
ഒട്ടിയ കാലി വയറുമായ് , എത്രയോ ദിവസങ്ങളിൽ, ഇവിടെ വന്നിട്ടുണ്ട്....അന്നൊന്നും ആരും ഒന്നും ചോദിച്ചിട്ടില്ല....ആരോ ചെയ്ത തെറ്റിന്റെ ഫലം , ഒരു കുഞ്ഞ് ജീവനായ് ആ13 ക്കാരിക്ക് ചുമക്കേണ്ടി വന്നപ്പോൾ, വീർത്ത വയറിനെ ചോദ്യം ചെയ്യാൻ എത്രയോ പേരുണ്ടായിരുന്നു....പിഴച്ചവളെ ഇനി ഈ സ്ക്കൂളിൽ പഠിപ്പിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ഇറക്കി വിട്ടപ്പോൾ, പിഴച്ചവളെന്ന് വിളിച്ച് എല്ലാരും പരിഹസിച്ചപ്പോൾ നിഷ്കളങ്കതയോടെ അവൾ അമ്മയോട് ചോദിച്ചിട്ടുണ്ട് '' എന്താണമ്മേ പിഴച്ചവളെന്ന് പറഞ്ഞാൽ?എന്നിൽ എന്താണ് പിഴച്ചത്? എനിക്കിനി പഠിക്കാൻ പറ്റില്ലേ ??''' ആ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാൻ കഴിയാതെ നിന്ന ആ അമ്മയുടെ നോട്ടം , അതാണിപ്പോൾ , ആ 13ക്കാരിയെ ഇന്നിവിടെ എത്തിച്ചത്...
അന്നെല്ലാരും പിഴച്ചവളെന്ന് വിളിച്ച് പരിഹസിച്ചപ്പോൾ, ആരും ചോദിക്കാതെ പോയൊരു കാര്യമുണ്ട്....പിഴപ്പിച്ചവനെ പറ്റി...ഈ മണ്ണിലേക്ക് വീണ്ടും തിരിച്ച് വന്നതും, ചോദിക്കാതെ പോയ ചോദ്യങ്ങൾക്ക് മറുപടി നൽകാനാണ്..
ഒാഫീസിലേക്ക് കയറി...കൂടെയുള്ള സഹപ്രവർത്തകരെയൊക്കെ പരിചയപ്പെട്ടു.. ഭിത്തിയിൽ മൺമറഞ്ഞ് പോയ മുൻ അധ്യാപകരുടെ ഫോട്ടോ നോക്കുന്നതിനിടയിൽന്നാണ്, ആ മുഖം ഞാൻ കണ്ടത്...നാരായണൻ മാഷ്...ആ വാക്ക് എന്നിൽ നിന്ന് പുറത്തേക്ക് വന്നപ്പോൾ, കൂടെയുള്ള ടീച്ചറാണ് പറഞ്ഞത് '' അതെ നാരായണൻ മാഷ്, മരിച്ചിട്ട്, 1വർഷം ആകുന്നു, അതിന്റെ പരിപാടിയാണ് അപ്പുറത്ത് നടക്കുന്നത്, മാതൃകാധ്യാപകനായിരുന്നു...അറിയ്യോ?''
ആ ചോദ്യം എന്നിേലക്ക് വന്ന് തറച്ചപ്പോൾ, ഉള്ളിൽ ഒാർമകളിൽ നിന്ന് പകയുടെ ചോര പൊടിയുന്നുണ്ടായിരുന്നു..,''കേട്ടിട്ടുണ്ട്''എന്ന മറുപടിയിൽ ഞാൻ ആ ഉത്തരത്തെ എന്നിൽ തന്നെ തളച്ചിട്ടു...
പരിപാടി നടക്കുന്നിടത്തേക്ക് ടീച്ചർ എന്നേയും കൂട്ടി കൊണ്ട് പോയി...കൂടെ എന്റെ മകളുമുണ്ട്...വേദിയിൽ എന്നെ കൊണ്ടിരുത്തി...കാണികളുടെ കൂട്ടത്തിൽ മോളേയും ഇരുത്തി...വേദിയിൽ അനുസ്മരണ പ്രഭാഷണം നടക്കുകയാണ്....നാരായണൻ മാഷിനെ പറ്റി , വാക്കുകൾ കൊണ്ട് അർച്ചന നടത്തുന്ന ഒാരോരുത്തരും...മാതൃകാധ്യാപകൻ, നാടിന്റെ ഭാഗ്യം, ....അതൊക്കെ കേൾക്കുമ്പോൾ, എന്റെ ഉള്ളിൽ എന്തോ ആർത്തിരമ്പുന്നുണ്ടായിരുന്നു, ഒരു കടൽ കണക്കെ...മൈക്ക് എന്നിലേക്കെത്തുന്ന നിമിഷത്തിനായ് ഞാൻ എന്നെ തന്നെ നിയന്ത്രിച്ചിരുന്നു...ഈ കടൽ എല്ലാവരിലേക്കും ഒഴുകണം..പിഴച്ചവളെന്ന് വിളിച്ച് പരിഹസിച്ച ഈ മണ്ണിൽ നിന്ന് കൊണ്ട് തന്നെ, ഉറക്കെ വിളിച്ച് പറയണം...ഞാൻ പിഴച്ചവളല്ല...എന്നെ പിഴപ്പിച്ചതാണ്, അറിവ് പകർന്ന് തരേണ്ടവൻ ,ശരീരം കൂടി പകർന്ന് തന്ന് എന്നെ ചതിച്ചതാണെന്ന്....എല്ലാം പറയണം...എല്ലാവരും അറിയട്ടെ മാതൃകാധ്യാപകന്റെ നന്മകൾ....
സംസാരിക്കാൻ ക്ഷണിച്ച് കൊണ്ട് മൈക്ക് തന്നപ്പോൾ, ഒാർമകളുടെ ഭാരം കൊണ്ട് ഞാൻ തളരുന്നത് പോലെ തോന്നി...എല്ലാ ഭാരവും ഇറക്കി വെക്കാൻ പോകുകയാണ്...
മൈക്ക് വാങ്ങിച്ച്, സംസാരിക്കാൻ തുടങ്ങുമ്പോഴാണ് .. കാണികളുടെ കൂട്ടത്തിൽ രണ്ട് കണ്ണുകൾ എന്നെ തന്നെ നോക്കുന്നത് കണ്ടത്...എന്റെ മോളു...അവളുടെ നോട്ടം എന്നിലെ പകയെ ഉരുക്കുന്നത് പോലെ..വാക്കുകൾ പുറത്ത് വരാതെ , ഉള്ളിൽ കിടന്ന് അലിയുകയാണ്..താൻ പിഴച്ച് പെറ്റതാണെന്ന് അവളറിയുമ്പോൾ, ...കുന്തീദേവി പിഴച്ച് പെറ്റിട്ടും, അതിന്റെ ശാപവും ഭാരവും പേറേണ്ടി വന്നത് കർണ്ണനായിരുന്നല്ലോ എന്നോർത്തപ്പോൾ, നാളെ അവളും പിഴച്ചത് എന്നതിന്റെ അർത്ഥം ചോദിക്കുമല്ലോന്ന് ഒാർത്തപ്പോൾ, ഒന്നും വേണ്ടന്ന് തോന്നി.അവൾടെ ചിരിയോടൊപ്പം എന്നിലെ പകയും ഉരുകിയുരുകി ഒരു കണ്ണീരായ് ഒഴുകുകയാണ്...ആ ഇടറുന്ന ശബ്ദത്തിൽ ഞാൻ കുട്ടികൾക്ക് വേണ്ടി ഒരു കവിത ചൊല്ലി കൊടുത്തു...എല്ലാവരും അത് എന്നോടൊപ്പം ഏറ്റ് ചൊല്ലി....
'' കണ്ണ് വേണം ഇരുപ്പുറമെപ്പോഴും,
കണ്ണ് വേണം മുകളിലും താഴേയും
കണ്ണിനുള്ളിൽ കത്തി ജ്വലിക്കുന്ന
ഉൾകണ്ണ് വേണം , അണയാത്ത കണ്ണ് ''
ഈ വരികൾ എപ്പോഴും മനസിൽ ഉണ്ടാകണമെന്ന് പറഞ്ഞ് കൊണ്ട് ഞാൻ മൈക്ക് താഴെ വെച്ചു...അപ്പോഴും എന്റെ മോൾ ചിരിക്കുന്നുണ്ടായിരുന്നു....കാണികൾക്കിടയിൽ നിന്ന് ഉറക്കെ കൈ കൊട്ടുന്നുണ്ടായിരുന്നു....

മാതൃത്വത്തിന്റെ കാണാപ്പുറങ്ങൾ.


ഒാഫീസിലെ സ്റ്റാഫ് മീറ്റിംഗും കഴിഞ്ഞ് , മാനേജറുടെ കാബിനിൽ നിന്ന് പുറത്തിറങ്ങുമ്പോഴാണ് സുഹൃത്തും അയൽക്കാരനുമായ രാമകൃഷ്ണന്റെ ഫോൺ വന്നത്...പെട്ടെന്ന് സിറ്റി ഹോസ്പിറ്റലിൽ എത്താൻ ആവശ്യപ്പെട്ടപ്പോൾ നെഞ്ചിനുള്ളിൽ വല്ലാത്തൊരു നീറ്റലായിരുന്നു...
ആരാണാവോ ഹോസ്പ്പിറ്റലിൽ...??? ഉണ്ണിയെങ്ങാനും കള്ളുകുടിച്ച് എവിടേലും ചെന്ന് വീണോ...?അതോ ഇനി
അവൾക്കെന്തേലും...?അങ്ങനെ ഒരുപാട് ചോദ്യങ്ങൾ എന്നോട് തന്നെ ചോദിച്ച് കൊണ്ട്, ഒരു ഒാട്ടോയും പിടിച്ച് പെട്ടെന്ന് തന്നെ ഹോസ്പ്പിറ്റലിൽ എത്തി.
ആശുപത്രി കിടക്കയിൽ പാതി തളർന്ന് കിടക്കുന്ന അവളെ കണ്ടപ്പോൾ നെഞ്ചിനുളളിലെ നീറ്റൽ പിന്നേയും കൂടി...എന്നെ കണ്ടപ്പോൾ അവൾ തേങ്ങിതേങ്ങി കരഞ്ഞു,വാക്കുകൾ പുറത്തേക്ക് വരാൻ കഴിയാതെ...
''പേടിക്കാനൊന്നൂല്ല്യ...കാലൊന്നൊടിഞ്ഞിട്ടുണ്ടേ...''രാമകൃഷ്ണനാണ് പറഞ്ഞത്...
''അല്ലെങ്കിലും എത്ര ശ്രദ്ധിച്ച് നടക്കാൻ പറഞ്ഞാലും കേൾക്കൂലല്ലോ...എല്ലാത്തിനും ഒരു തിരക്കല്ലേ...''എന്ന് ഞാൻ , വാക്കുകളിൽ എന്റെ വേദന ഒളിപ്പിച്ചു കൊണ്ട് അവളെ കുറ്റപ്പെടുത്തിയപ്പോൾ , രാമകൃഷ്ണൻ എന്റെ തോളിൽ പിടിച്ച് കൊണ്ടെന്നെ പുറത്തേക്ക് കൊണ്ട് പോയി...
അപ്പോഴാണ് അയാളിൽ നിന്ന് ഞാൻ അറിയുന്നത് , അത് അവളുടെ അശ്രദ്ധ മൂലമുണ്ടായ വെറുമൊരു വീഴ്ച്ചയല്ലാന്ന്...ഇന്ന് രാവിലെ തന്നെ ഞങ്ങളുടെ മകൻ ഉണ്ണി, പതിവ് പോലെ കള്ളു കുടിച്ച് വന്നു , വയറ്റിൽ കടന്നു കൂടിയ കള്ളെന്ന വെറും വെള്ളം, അവന്റെയുള്ളിലെ കാമത്തെ പുറത്തെടുത്തപ്പോൾ, അമ്മയവനു വെറും പെണ്ണെന്ന മാംസപിണ്ഡം...അവൾ അവനു വഴങ്ങാതെ വന്നപ്പോൾ അടുക്കളയിലിരിക്കുന്ന കത്തിയുമായി അവളെ ഇല്ലാതാക്കാൻ മാത്രം വളർന്നു അവനിലെ ആണത്തം.. മകനിൽ നിന്ന് രക്ഷപ്പെടാൻ അവൾ കതകടച്ചു മുറിയിൽ കയറി...ശബ്ദം കേട്ട് ഒാടിക്കൂടിയ അയൽക്കാർ പോലീസിനെ അറിയിക്കുകയും പോലീസവനെ കൊണ്ട് പോകുകയും ചെയ്തുവെന്ന്...രക്ഷാപ്പെടാനുള്ള ഒാട്ടത്തിനിടയിൽ അവളുടെ കാലും മുറിഞ്ഞു....എന്നെ കണ്ടപ്പോൾ, അവൾ കരഞ്ഞത് ശരീരത്തിന്റെ വേദനകൊണ്ടല്ലെന്ന് അപ്പോഴാണ് മനസിലായത്...ആ വേദന ലോകത്തൊരമ്മയും അനുഭവിച്ച പേറ്റ് നോവിനേക്കാൾ കാഠിന്യമുളളതാണെന്ന് ഞാനറിയുന്നുണ്ട്...
അവളുടെ ഈ കണ്ണുനീർ, വർഷങ്ങൾക്ക് മുമ്പ് ഞങ്ങളിൽ കുഴിച്ച് മൂടിയ സത്യത്തെ വീണ്ടും ഒാർമിപ്പിച്ചു....ഇന്നിപ്പോൾ, അവളീ വേദന അനുഭവിക്കേണ്ടി വന്നത്, അങ്ങനെയൊരു കുഴിച്ച് മൂടലിൽ നിന്നായിരുന്നല്ലോ ...
കോളേജിൽ പഠിക്കുമ്പോൾ, പറയാതെ മനസിൽ സൂക്ഷിച്ചൊരു പ്രണയമുണ്ടായിരുന്നെനിക്ക്...
അവൾ ദേവൂ....അവളോട് വല്ലാത്തൊരു ആരാധനയായിരുന്നു...പക്ഷേ ആ ആരാധന വെറും മനസിൽ മാത്രം ഒതുക്കി നടന്നത് കൊണ്ട്, അവൾ കല്ല്യാണം കഴിഞ്ഞ് മറ്റൊരാളുടേതായി, ഞാനും...
പിന്നീടൊരിക്കൽ, ബസ് സ്റ്റാന്റിലെ ആൾ കൂട്ടത്തിൽ വെച്ച് ദേവുവിനെ കണ്ടു...കയ്യിൽ ഒരു കൊച്ചു കുഞ്ഞുണ്ട് , മുഷിഞ്ഞ വസ്ത്രവും കൈയ്യിൽ മാറാപ്പുമായി കുറേ ഭിക്ഷക്കാരുടെ കൂട്ടത്തിൽ എന്റെ ദേവൂ....തെരഞ്ഞ് പിടിച്ച് അടുത്തെത്തിയപ്പോഴേക്കും ദേവൂ വേറെ എവിടേക്കോ മറഞ്ഞിരുന്നു...ആ കാഴ്ച്ച , എന്നെ വല്ലാതെ വേദനിപ്പിച്ചു...അന്ന് രാത്രി അത് ഞാനെന്റെ ഭാര്യയോട് പറയുകയും ചെയ്തു.., നമുക്ക് ദേവൂനെ കണ്ട് പിടിക്കാം എന്ന് പറഞ്ഞവളെന്നെ ആശ്വസിപ്പിച്ചു...മറ്റൊരിക്കൽ, ഒരു ഞായറാഴ്ച്ച ഞാനും അവളും പുറത്ത് പോയി വരുമ്പോഴാണ്, ഒരു ആൾക്കൂട്ടം കണ്ടത്, പോയി നോക്കിയപ്പോൾ വണ്ടിയിച്ച്
മരിച്ച് കിടക്കുന്ന ഒരു
സ്‌ത്രി...ചോരയൊലിച്ച വികൃതമായ
മുഖത്തിൽ നിന്ന് ഞാൻ ആ പേര് വായിച്ചെടുത്തു, അതെ എന്റെ ദേവു തന്നെ ...അപ്പുറത്ത് അമ്മ മരിച്ചതറിയാതെ നഗ്നമായ മുല കണ്ണ്, കടിച്ച് പറിക്കുന്നൊരു കുഞ്ഞുണ്ട്,മുലപ്പാലിനു പകരം ഒഴുകുന്ന രക്തം നുകർന്ന് കുടിക്കുന്ന ഒരു പിഞ്ച് കുഞ്ഞ്...
ആ കാഴ്ച്ച കാണാൻ കഴിയാതെ ഞാൻ അന്ന് തിരിഞ്ഞ് നടന്നപ്പോൾ, അനാഥനായ ആ കുഞ്ഞിനെ എടുത്ത് എന്നോടൊപ്പം വന്നൊരാളുണ്ട്, പിന്നീട് സ്വന്തം കുഞ്ഞായി തന്നെ അവനെ നോക്കി വളർത്തുകയും, തന്റെ സ്നേഹം പകുത്ത് നൽകി പോകുമോ എന്ന പേടികൊണ്ട് , ഇനി കുഞ്ഞുങ്ങളേ വേണ്ടെന്ന് വെച്ചൊരമ്മയുണ്ട്...അവളാണ്, ആ കട്ടിലിൽ മകന്റെ കാമവെറിക്കിരയായി കിടക്കുന്നത്....
കോടതി മുറിയിലേക്ക് ഞങ്ങളുടെ ഉണ്ണിയെ പോലീസകമ്പടിയോടെ കൊണ്ട് വരുന്ന കാഴ്ച്ച, കാണാൻ പറ്റാതെ അവളെന്റെ കൈയ്യ് മുറുകെ പിടിച്ചു...അപ്പോൾ, അവളുടെയുള്ളിൽ ഒരു മഴപെയ്യുന്നതെനിക്ക് കേൾക്കാമായിരുന്നു...ചിലപ്പോഴൊക്കെ , ആ മഴത്തുള്ളികളിൽ ചിലത് കണ്ണീരായി പുറത്തേക്കൊഴുകുന്നുണ്ടായിരുന്നു....വിചാരണയിൽ എല്ലാ ദൃക്സാക്ഷികളും അവനെതിരാണ് മൊഴി കൊടുത്തത്, ചെയ്ത തെറ്റിന്റെ ശിക്ഷ അവനു നിയമത്തിലൂടെ കിട്ടുമെന്ന് കരുതിയപ്പോഴാണ്, അവൾ ആ വിധിക്കൂട്ടിൽ നിന്ന് അവനു വേണ്ടി വാദിച്ചത്...തന്നെ അവൻ ഒന്നും ചെയ്തിട്ടില്ലെന്നും, ഒരു അപകടത്തിലാണ് കാലു മുറിഞ്ഞതെന്നും അവൾ വെളിപ്പെടുത്തിയപ്പോ, ഞാനടക്കമുള്ള കേട്ട് നിന്ന പലരും ഞെട്ടി..''എന്റെ ഉണ്ണിയെ, വിട്ട് തരണേ, അവനെ ഒന്നും ചെയ്യരുതേ..'' എന്നവൾ കരഞ്ഞ് പറയുമ്പോൾ അത് കേട്ട പല കണ്ണുകളും നിറയുന്നുണ്ടായിരുന്നു, കൂടെ അവന്റേയും...അങ്ങനെ ഒരമ്മയുടെ കണ്ണീരിനു മുമ്പിൽ നിയമങ്ങൾ തോറ്റ് പോയി...അവളുടെ വാക്കുകൾക്കിടയിൽ കിടന്ന് , ഉണ്ണി കുറ്റ ബോധം കൊണ്ട് പിടയുന്നുണ്ടായിരുന്നു...ഇൗ സ്നേഹത്തിനേക്കാൾ വലിയൊരു ശിക്ഷ അവനിനി കിട്ടാനില്ല...
എല്ലാവരിലും ഒരു കല്ല് വെച്ച നുണ പടുത്തുയർത്തിയ വേദനയുടെ ഭാരം കൊണ്ടാണോ , ക്ഷീണം കൊണ്ടാണോന്നറില്ല, വീട്ടിലെത്തിയ ഉടനെ തന്നെ അവൾ കിടന്നുറങ്ങി...മിഴികളടച്ചു കിടക്കുന്ന അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ, എനിക്ക് അഭിമാനമായിരുന്നു..പത്ത് മാസം നൊന്ത് പെറ്റിട്ടും, മക്കളെ ഉപേക്ഷിച്ച് പോകുന്ന അമ്മമാർ ഇവളെ കണ്ട് പഠിക്കട്ടെ ...എല്ലാവരും ശരീരത്തിന്റെ പകുതി മുറിച്ച് നൽകി അമ്മയായപ്പോൾ, മനസ് പകുത്ത് കൊടുത്ത് അമ്മയായവളാണിവൾ....മാതൃത്വം എന്നത് അനുഭവിച്ച് കഴിഞ്ഞ വേദനയേക്കാൾ അപ്പുറം മനസിൽ സൂക്ഷിക്കേണ്ട വികാരമാണെന്നെന്നെ പഠിപ്പിച്ചവൾ...അത് കൊണ്ടാകണം, ഉറക്കത്തിനിടയിലും അവൾ പിറുപിറുക്കുന്നുണ്ടായിരുന്നു..
''ന്റെ ഉണ്ണിയെ വിട്ട് തരണേ, അവനെ ഒന്നും ചെയ്യരുതേ ' എന്ന് പറഞ്ഞ് കൊണ്ട്.....

ഭ്രാന്ത്



എട്ടാം മാസത്തിൽ വളർച്ച പൂർണ്ണമാകാത്ത എന്നെ, പ്രസവിച്ച് അമ്മ കണ്ണടയ്ക്കുമ്പോൾ ഏട്ടന് പതിനഞ്ച് വയസാണ് പ്രായം...
ലേബർ റൂമിൽ നിന്ന്, അമ്മയുടെ ചേതനയറ്റ
ശരീരം കണ്ടാ നിമിഷം താളതെറ്റിയതാണത്രേ അച്ഛന്റെ മനസ്...
ഒരു കർക്കിടക വാവിന്റെ തലേന്ന് ഭ്രാന്ത് മൂത്ത്, തൊടിയിലെ മാവിൻ കൊമ്പിൽ അച്ഛൻ ജീവിതം അവസാനിപ്പിക്കുമ്പോൾ ഞാൻ നടക്കാൻ പഠിച്ചു തുടങ്ങുന്നതേയുള്ളുവത്രേ...
പിന്നീടങ്ങോട്ട് അമ്മയുടെ വാത്സല്യവും പരിചരണവും വേണ്ടിടത്ത് ഏട്ടനെനിക്ക് അമ്മയായി, അച്ഛന്റെ തണൽ ആഗ്രഹിച്ചിടത്ത് അച്ഛനായി... ഒരനിയത്തീടെ കുറുമ്പും വാശിയും കാണിച്ച് തുടങ്ങിയപ്പോൾ എന്റെ പ്രിയപ്പെട്ട ഏട്ടനായി..
അമ്മയുടെ അകന്ന കുടുംബത്തിൽപ്പെട്ടൊരു ചെറിയമ്മയാണ് അന്ന് തൊട്ട് വീട്ടിൽ സഹായത്തിന് നിന്നിരുന്നത്.... ചെറുപ്പം തൊട്ടേ, ഏട്ടന്റെ നെഞ്ചിൽ കെടത്തിയാണ് ഏട്ടനെന്നെ ഉറക്കിയിരുന്നത്, വലുതായപ്പോഴും ആ ശീലം മാറ്റിയില്ല, ഏട്ടന്റെ നെഞ്ചിൽ തലവെച്ചുറക്കി...
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ, ഒരു ഞായറാഴ്ച്ച അടുത്ത വീട്ടിലെ കുട്ടികളോടൊത്ത് കളിച്ച് വീട്ടിലെത്തുമ്പോൾ സന്ധ്യയായി.. വിളക്ക് വെച്ച് , നാമം ജപിച്ച് കഴിഞ്ഞ് വന്നപ്പോൾ തീരെ വയ്യ, കാലു കടച്ചിലും വയറു വേദനയും....
''രാവിലെ തൊട്ടുള്ള ഒാടി കളിയല്ലേ, എങ്ങനാ വേദനിക്കാണ്ടിരിക്ക്യാ''എന്ന് പറഞ്ഞ് ചെറിയമ്മ കൊറേ ശകാരിച്ച്...
അന്നും ഏട്ടനെന്നെ നെഞ്ചിൽ തലവെച്ചുറക്കി... ഏത് വേദനയും ഒഴുക്കി കളയുന്ന ഒരു മാസ്മരികത എന്നും ആ നെഞ്ചിനുണ്ടായിരുന്നു...
പിറ്റേന്ന് എന്റെ കാലിലൂടെ ഒലിച്ചിറങ്ങിയ ചോരതുള്ളിയിൽ നിന്നാണ്, തലേന്നത്തെ വേദനയുടെ കാര്യം എന്താന്ന് ചെറിയമ്മയ്ക്ക് മനസിലായത്...ഞാൻ വല്ല്യ കുട്ടി ആയത്രേ !!
അന്ന് രാത്രി, ഏട്ടന്റെ കൂടെ കെടക്കാൻ റൂമിലേക്ക് തിരിയുമ്പോഴാണ്, ചെറിയമ്മ പുറകിൽ നിന്ന് വിളിച്ചത്... എന്നെ അടുത്തേക്ക് വിളിച്ചിട്ട് ചെറിയമ്മ പറഞ്ഞു
''ഇനി മോള് ചെറിയമ്മേന്റെ കൂടെ കെടന്നാൽ മതി , പ്രായം തെകഞ്ഞ പിള്ളേര് അങ്ങനെ ആണുങ്ങളെ കൂടെയിങ്ങനെ കെടക്കാൻ പാടില്ല''
''അതെന്താ കെടന്നാല്, ന്റെ ഏട്ടന്റെ കൂടെയല്ലേ''
ഏട്ടന്റെ ഉപ്പ് മണമുള്ള നെഞ്ചിടം, എനിക്ക് നഷ്ടപ്പെട്ട് പോകുമോന്നുള്ള പേടികൊണ്ട് ഞാൻ മറു ചോദ്യം ചോദിച്ചു...
''ഇയ്യ് കുട്ടിയാണ് ഇപ്പതൊന്നും അറിയേണ്ട, പറഞ്ഞതനുസരിച്ചാൽ മതി'' എന്ന ചെറിയമ്മേടെ ശാസനയ്ക്ക് മറുപടി കൊടുത്തത് ഏട്ടനാണ്...
'' എത്ര വലുതായാലും ഒാളെനിക്കെന്നും ചെറിയ കുട്ട്യാണ് ചെറിയമ്മേ.... എന്റെ നെഞ്ചിലൊന്ന് തലവെച്ചെന്ന് വെച്ച് ഒാള് പെഴക്ക്യാണേൽ പെഴക്കട്ടേന്ന് വെക്കും, അല്ല പിന്നെ''
എന്ന് പറഞ്ഞ്, ഏട്ടനെന്നേം കൂട്ടി റൂമിൽക്ക് പോയി.... അന്നും ആ നെഞ്ചിൽ തലവെച്ചുറങ്ങി...
രാത്രി എത്ര നേരം വൈകിയാലും, ഏട്ടൻ വരണത് വരെ കാത്തിരിക്കും... ''ഏട്ടൻ വൈകും മോളൊറങ്ങിക്കോന്ന് '' വിളിച്ച് പറഞ്ഞാലും ''ഏട്ടൻ വന്നിട്ടേ ഒറങ്ങൂന്ന്'' കൊഞ്ചി പറയും..... ഇതൊക്കെ കേൾക്കുന്ന ചെറിയമ്മ , വല്ലാത്തൊരേട്ടനും മോളെന്നും പറഞ്ഞ് പിറുപിറുത്തോണ്ട് പോകും...
കോളേജിൽ രണ്ടാം വർഷം പഠിക്കുമ്പോഴാണ് എന്നിൽ പ്രണയത്തിന്റെ വിത്തുകൾ
ആദ്യമായി മുളപൊട്ടി തുടങ്ങിയത്.... കോളേജിലെ സീനിയർ, അരുണേട്ടൻ... ആദ്യമാദ്യം നല്ല സൗഹൃദം, പിന്നീടെപ്പോഴോ പ്രണയത്തിലേക്ക് വഴിമാറി...
ഇങ്ങനെയൊരിഷ്ടം ഏട്ടനോട് തുറന്ന് പറഞ്ഞപ്പോൾ, എതിർത്തില്ല... അല്ലെങ്കിലും എന്റെ സന്തോഷത്തിനേക്കാൾ വലുതായ് ഏട്ടന് മറ്റൊന്നുമില്ലായിരുന്നല്ലോ..
കല്ല്യാണത്തിന്റെ അന്ന് പടിയിറങ്ങുന്ന നേരം, ഏട്ടന്റെ നെഞ്ചിൽ തല ചേർത്ത് വെച്ച് പൊട്ടി കരഞ്ഞു...
അന്നാദ്യമായി, ആ കണ്ണ് നിറയുന്നത് കണ്ടു... ആരും കാണാതിരിക്കാൻ പാടുപെട്ട് തുടയ്ക്കുന്നതും കണ്ടു...
ഇന്നലെ വരെ ഏട്ടന്റെ നെഞ്ചിലെ ഉപ്പ്മണമറിഞ്ഞ് കിടന്നു.. ഇനി മറ്റൊരു പുരുഷന്റെ തണലിലേക്ക്...
കല്ല്യാണം കഴിഞ്ഞ് മൂന്നാം ദിവസം ഒരു വിരുന്ന് കഴിഞ്ഞ് തിരിച്ച് വരുമ്പോഴാണ്, വിധിയുടെ വെളുപ്പ് നിറമുള്ള ഒരു കാർ എനിക്ക് നേരെ പാഞ്ഞടുത്തത്....
പിന്നീട് ബോധം വീഴാൻ എത്രയോ ദിവസങ്ങളെടുത്തു... ഒാർമ വന്ന് കണ്ണ് തുറന്നപ്പോളാണറിഞ്ഞത്, അരയ്ക്ക് കീഴ്പ്പോട്ടെന്റെ ശരീരം അനങ്ങുന്നില്ലാന്ന്... ''ഇതിലും ഭേദം എന്റെ ജീവനെടുക്കുന്നതായിരുന്നില്ലേ'' ന്ന് പറഞ്ഞ് ഉറക്കെ പറഞ്ഞ് കരഞ്ഞു...
ഹോസ്പറ്റലിൽ നിന്ന് ഡിസ്ചാർജായി എന്നെ കൊണ്ടുവന്നത് അരുണേട്ടന്റെ വീട്ടിലേക്കാണ്... രണ്ട് മൂന്നാല് മാസം കഴിഞ്ഞിട്ടും എന്റെ അവസ്ഥയിൽ മാറ്റമില്ലന്ന് കണ്ടപ്പോൾ, അരുണേട്ടന്റെ അമ്മയാണെന്നോട് വിവാഹ മോചനത്തെ പറ്റി പറഞ്ഞത്. ഞാനെതിർത്തൊന്നും പറഞ്ഞില്ല.. ''അരുണേട്ടനു സമ്മതമാണേൽ ഞാനൊപ്പിട്ട് തന്നോളാം'' എന്ന് മാത്രം പറഞ്ഞു... അരുണേട്ടനു പ്രണയം, തളർന്ന് പോയ എന്റെ ശരീരത്തോടായ്രുന്നെന്ന് മനസിലാക്കാൻ അത് മാത്രം മതിയായിരുന്നു...
ഇനിയിപ്പോ ഈ വീട്ടിൽ ഞാനാരുമല്ല... ഏട്ടനോട് വിളിക്കാൻ വരാൻ പറയാൻ, അമ്മയോടാവശ്യപ്പെടുമ്പോൾ മനസിലൊന്നുറപ്പിച്ചിരുന്നു... ഒരിക്കലും, എന്റെ തളർന്ന ശരീരം ഏട്ടനൊരു ബാധ്യതയാകരുതെന്ന്..., എന്റെ കാരണം ഏട്ടന്റെ ജീവിതം കൂടി ഇല്ലാണ്ടാകരുതെന്ന്... ആ നിമിഷം ഏട്ടന്റെ ജീവിതം ഞാനാണെന്ന സത്യം പോലും മറന്ന് പോയി... അത് കൊണ്ടാണ്, നഖം മുറിക്കാനെന്ന പേരും പറഞ്ഞ് അമ്മയുടെ കൈയ്യിൽ നിന്ന് ബ്ലേഡ് വാങ്ങിയത്..
ഇടത് കൈത്തണ്ടയിലെ ഞെരമ്പിന് മുകളിൽ ബ്ലേഡ് വെച്ച് ആഴത്തിൽ മുറിച്ച്, ഒലിച്ചിറങ്ങുന്ന ചോരയിൽ നിന്ന് ഒാർമയുടെ ശീലുകൾ അവസാനിക്കുമ്പോൾ അവസാനം കണ്ട മുഖം ഏട്ടന്റേതായ്രുന്നു.., മൂക്കിലേക്ക് അരിച്ച് കേറിയ അവസാന ഗന്ധം ഏട്ടന്റെ നെഞ്ചിന്റെ ഉപ്പ് മണമായിരുന്നു...
പിന്നീട് കണ്ണ് തുറന്നപ്പോൾ ഹോസ്പ്പിറ്റലിലാണ്.. മരണത്തിന്പോലും എന്നെ വേണ്ടാതായോന്ന് വിചാരിച്ചപ്പോഴാണ്, തൊട്ടടുത്ത് ഏട്ടൻ ഇരിയ്ക്കുന്നത് കണ്ടത്....
''എന്തിനായ്രുന്നു മോളെ, ഏട്ടനുള്ളപ്പോ....''
എന്ന് ചോദിച്ച് കൊണ്ടെന്നെ കെട്ടി പിടിച്ചു കരഞ്ഞു... പിന്നീട് ഏട്ടന്റെ നെഞ്ചിൽ തലവെച്ച് കൊറേ നേരം കിടന്നു... എന്തോ ഒരാശ്വാസം...
അതെ, ഇന്നും എന്റെയേത് വേദനയും ഒഴുക്കി കളയുന്ന എന്തോ ഒരു മാസ്മരികത ഏട്ടന്റെ നെഞ്ചിനുണ്ട്....
എന്റെ ഏട്ടന്റെ നെഞ്ചിനു മാത്രം....

By: 
Jaisha Jayan

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo