Slider

മാതൃത്വത്തിന്റെ കാണാപ്പുറങ്ങൾ.

0

ഒാഫീസിലെ സ്റ്റാഫ് മീറ്റിംഗും കഴിഞ്ഞ് , മാനേജറുടെ കാബിനിൽ നിന്ന് പുറത്തിറങ്ങുമ്പോഴാണ് സുഹൃത്തും അയൽക്കാരനുമായ രാമകൃഷ്ണന്റെ ഫോൺ വന്നത്...പെട്ടെന്ന് സിറ്റി ഹോസ്പിറ്റലിൽ എത്താൻ ആവശ്യപ്പെട്ടപ്പോൾ നെഞ്ചിനുള്ളിൽ വല്ലാത്തൊരു നീറ്റലായിരുന്നു...
ആരാണാവോ ഹോസ്പ്പിറ്റലിൽ...??? ഉണ്ണിയെങ്ങാനും കള്ളുകുടിച്ച് എവിടേലും ചെന്ന് വീണോ...?അതോ ഇനി
അവൾക്കെന്തേലും...?അങ്ങനെ ഒരുപാട് ചോദ്യങ്ങൾ എന്നോട് തന്നെ ചോദിച്ച് കൊണ്ട്, ഒരു ഒാട്ടോയും പിടിച്ച് പെട്ടെന്ന് തന്നെ ഹോസ്പ്പിറ്റലിൽ എത്തി.
ആശുപത്രി കിടക്കയിൽ പാതി തളർന്ന് കിടക്കുന്ന അവളെ കണ്ടപ്പോൾ നെഞ്ചിനുളളിലെ നീറ്റൽ പിന്നേയും കൂടി...എന്നെ കണ്ടപ്പോൾ അവൾ തേങ്ങിതേങ്ങി കരഞ്ഞു,വാക്കുകൾ പുറത്തേക്ക് വരാൻ കഴിയാതെ...
''പേടിക്കാനൊന്നൂല്ല്യ...കാലൊന്നൊടിഞ്ഞിട്ടുണ്ടേ...''രാമകൃഷ്ണനാണ് പറഞ്ഞത്...
''അല്ലെങ്കിലും എത്ര ശ്രദ്ധിച്ച് നടക്കാൻ പറഞ്ഞാലും കേൾക്കൂലല്ലോ...എല്ലാത്തിനും ഒരു തിരക്കല്ലേ...''എന്ന് ഞാൻ , വാക്കുകളിൽ എന്റെ വേദന ഒളിപ്പിച്ചു കൊണ്ട് അവളെ കുറ്റപ്പെടുത്തിയപ്പോൾ , രാമകൃഷ്ണൻ എന്റെ തോളിൽ പിടിച്ച് കൊണ്ടെന്നെ പുറത്തേക്ക് കൊണ്ട് പോയി...
അപ്പോഴാണ് അയാളിൽ നിന്ന് ഞാൻ അറിയുന്നത് , അത് അവളുടെ അശ്രദ്ധ മൂലമുണ്ടായ വെറുമൊരു വീഴ്ച്ചയല്ലാന്ന്...ഇന്ന് രാവിലെ തന്നെ ഞങ്ങളുടെ മകൻ ഉണ്ണി, പതിവ് പോലെ കള്ളു കുടിച്ച് വന്നു , വയറ്റിൽ കടന്നു കൂടിയ കള്ളെന്ന വെറും വെള്ളം, അവന്റെയുള്ളിലെ കാമത്തെ പുറത്തെടുത്തപ്പോൾ, അമ്മയവനു വെറും പെണ്ണെന്ന മാംസപിണ്ഡം...അവൾ അവനു വഴങ്ങാതെ വന്നപ്പോൾ അടുക്കളയിലിരിക്കുന്ന കത്തിയുമായി അവളെ ഇല്ലാതാക്കാൻ മാത്രം വളർന്നു അവനിലെ ആണത്തം.. മകനിൽ നിന്ന് രക്ഷപ്പെടാൻ അവൾ കതകടച്ചു മുറിയിൽ കയറി...ശബ്ദം കേട്ട് ഒാടിക്കൂടിയ അയൽക്കാർ പോലീസിനെ അറിയിക്കുകയും പോലീസവനെ കൊണ്ട് പോകുകയും ചെയ്തുവെന്ന്...രക്ഷാപ്പെടാനുള്ള ഒാട്ടത്തിനിടയിൽ അവളുടെ കാലും മുറിഞ്ഞു....എന്നെ കണ്ടപ്പോൾ, അവൾ കരഞ്ഞത് ശരീരത്തിന്റെ വേദനകൊണ്ടല്ലെന്ന് അപ്പോഴാണ് മനസിലായത്...ആ വേദന ലോകത്തൊരമ്മയും അനുഭവിച്ച പേറ്റ് നോവിനേക്കാൾ കാഠിന്യമുളളതാണെന്ന് ഞാനറിയുന്നുണ്ട്...
അവളുടെ ഈ കണ്ണുനീർ, വർഷങ്ങൾക്ക് മുമ്പ് ഞങ്ങളിൽ കുഴിച്ച് മൂടിയ സത്യത്തെ വീണ്ടും ഒാർമിപ്പിച്ചു....ഇന്നിപ്പോൾ, അവളീ വേദന അനുഭവിക്കേണ്ടി വന്നത്, അങ്ങനെയൊരു കുഴിച്ച് മൂടലിൽ നിന്നായിരുന്നല്ലോ ...
കോളേജിൽ പഠിക്കുമ്പോൾ, പറയാതെ മനസിൽ സൂക്ഷിച്ചൊരു പ്രണയമുണ്ടായിരുന്നെനിക്ക്...
അവൾ ദേവൂ....അവളോട് വല്ലാത്തൊരു ആരാധനയായിരുന്നു...പക്ഷേ ആ ആരാധന വെറും മനസിൽ മാത്രം ഒതുക്കി നടന്നത് കൊണ്ട്, അവൾ കല്ല്യാണം കഴിഞ്ഞ് മറ്റൊരാളുടേതായി, ഞാനും...
പിന്നീടൊരിക്കൽ, ബസ് സ്റ്റാന്റിലെ ആൾ കൂട്ടത്തിൽ വെച്ച് ദേവുവിനെ കണ്ടു...കയ്യിൽ ഒരു കൊച്ചു കുഞ്ഞുണ്ട് , മുഷിഞ്ഞ വസ്ത്രവും കൈയ്യിൽ മാറാപ്പുമായി കുറേ ഭിക്ഷക്കാരുടെ കൂട്ടത്തിൽ എന്റെ ദേവൂ....തെരഞ്ഞ് പിടിച്ച് അടുത്തെത്തിയപ്പോഴേക്കും ദേവൂ വേറെ എവിടേക്കോ മറഞ്ഞിരുന്നു...ആ കാഴ്ച്ച , എന്നെ വല്ലാതെ വേദനിപ്പിച്ചു...അന്ന് രാത്രി അത് ഞാനെന്റെ ഭാര്യയോട് പറയുകയും ചെയ്തു.., നമുക്ക് ദേവൂനെ കണ്ട് പിടിക്കാം എന്ന് പറഞ്ഞവളെന്നെ ആശ്വസിപ്പിച്ചു...മറ്റൊരിക്കൽ, ഒരു ഞായറാഴ്ച്ച ഞാനും അവളും പുറത്ത് പോയി വരുമ്പോഴാണ്, ഒരു ആൾക്കൂട്ടം കണ്ടത്, പോയി നോക്കിയപ്പോൾ വണ്ടിയിച്ച്
മരിച്ച് കിടക്കുന്ന ഒരു
സ്‌ത്രി...ചോരയൊലിച്ച വികൃതമായ
മുഖത്തിൽ നിന്ന് ഞാൻ ആ പേര് വായിച്ചെടുത്തു, അതെ എന്റെ ദേവു തന്നെ ...അപ്പുറത്ത് അമ്മ മരിച്ചതറിയാതെ നഗ്നമായ മുല കണ്ണ്, കടിച്ച് പറിക്കുന്നൊരു കുഞ്ഞുണ്ട്,മുലപ്പാലിനു പകരം ഒഴുകുന്ന രക്തം നുകർന്ന് കുടിക്കുന്ന ഒരു പിഞ്ച് കുഞ്ഞ്...
ആ കാഴ്ച്ച കാണാൻ കഴിയാതെ ഞാൻ അന്ന് തിരിഞ്ഞ് നടന്നപ്പോൾ, അനാഥനായ ആ കുഞ്ഞിനെ എടുത്ത് എന്നോടൊപ്പം വന്നൊരാളുണ്ട്, പിന്നീട് സ്വന്തം കുഞ്ഞായി തന്നെ അവനെ നോക്കി വളർത്തുകയും, തന്റെ സ്നേഹം പകുത്ത് നൽകി പോകുമോ എന്ന പേടികൊണ്ട് , ഇനി കുഞ്ഞുങ്ങളേ വേണ്ടെന്ന് വെച്ചൊരമ്മയുണ്ട്...അവളാണ്, ആ കട്ടിലിൽ മകന്റെ കാമവെറിക്കിരയായി കിടക്കുന്നത്....
കോടതി മുറിയിലേക്ക് ഞങ്ങളുടെ ഉണ്ണിയെ പോലീസകമ്പടിയോടെ കൊണ്ട് വരുന്ന കാഴ്ച്ച, കാണാൻ പറ്റാതെ അവളെന്റെ കൈയ്യ് മുറുകെ പിടിച്ചു...അപ്പോൾ, അവളുടെയുള്ളിൽ ഒരു മഴപെയ്യുന്നതെനിക്ക് കേൾക്കാമായിരുന്നു...ചിലപ്പോഴൊക്കെ , ആ മഴത്തുള്ളികളിൽ ചിലത് കണ്ണീരായി പുറത്തേക്കൊഴുകുന്നുണ്ടായിരുന്നു....വിചാരണയിൽ എല്ലാ ദൃക്സാക്ഷികളും അവനെതിരാണ് മൊഴി കൊടുത്തത്, ചെയ്ത തെറ്റിന്റെ ശിക്ഷ അവനു നിയമത്തിലൂടെ കിട്ടുമെന്ന് കരുതിയപ്പോഴാണ്, അവൾ ആ വിധിക്കൂട്ടിൽ നിന്ന് അവനു വേണ്ടി വാദിച്ചത്...തന്നെ അവൻ ഒന്നും ചെയ്തിട്ടില്ലെന്നും, ഒരു അപകടത്തിലാണ് കാലു മുറിഞ്ഞതെന്നും അവൾ വെളിപ്പെടുത്തിയപ്പോ, ഞാനടക്കമുള്ള കേട്ട് നിന്ന പലരും ഞെട്ടി..''എന്റെ ഉണ്ണിയെ, വിട്ട് തരണേ, അവനെ ഒന്നും ചെയ്യരുതേ..'' എന്നവൾ കരഞ്ഞ് പറയുമ്പോൾ അത് കേട്ട പല കണ്ണുകളും നിറയുന്നുണ്ടായിരുന്നു, കൂടെ അവന്റേയും...അങ്ങനെ ഒരമ്മയുടെ കണ്ണീരിനു മുമ്പിൽ നിയമങ്ങൾ തോറ്റ് പോയി...അവളുടെ വാക്കുകൾക്കിടയിൽ കിടന്ന് , ഉണ്ണി കുറ്റ ബോധം കൊണ്ട് പിടയുന്നുണ്ടായിരുന്നു...ഇൗ സ്നേഹത്തിനേക്കാൾ വലിയൊരു ശിക്ഷ അവനിനി കിട്ടാനില്ല...
എല്ലാവരിലും ഒരു കല്ല് വെച്ച നുണ പടുത്തുയർത്തിയ വേദനയുടെ ഭാരം കൊണ്ടാണോ , ക്ഷീണം കൊണ്ടാണോന്നറില്ല, വീട്ടിലെത്തിയ ഉടനെ തന്നെ അവൾ കിടന്നുറങ്ങി...മിഴികളടച്ചു കിടക്കുന്ന അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ, എനിക്ക് അഭിമാനമായിരുന്നു..പത്ത് മാസം നൊന്ത് പെറ്റിട്ടും, മക്കളെ ഉപേക്ഷിച്ച് പോകുന്ന അമ്മമാർ ഇവളെ കണ്ട് പഠിക്കട്ടെ ...എല്ലാവരും ശരീരത്തിന്റെ പകുതി മുറിച്ച് നൽകി അമ്മയായപ്പോൾ, മനസ് പകുത്ത് കൊടുത്ത് അമ്മയായവളാണിവൾ....മാതൃത്വം എന്നത് അനുഭവിച്ച് കഴിഞ്ഞ വേദനയേക്കാൾ അപ്പുറം മനസിൽ സൂക്ഷിക്കേണ്ട വികാരമാണെന്നെന്നെ പഠിപ്പിച്ചവൾ...അത് കൊണ്ടാകണം, ഉറക്കത്തിനിടയിലും അവൾ പിറുപിറുക്കുന്നുണ്ടായിരുന്നു..
''ന്റെ ഉണ്ണിയെ വിട്ട് തരണേ, അവനെ ഒന്നും ചെയ്യരുതേ ' എന്ന് പറഞ്ഞ് കൊണ്ട്.....

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo