നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എട്ടാം വാർഡിലെ പെൺകുട്ടി.


ആദ്യമായിട്ട് ആ പെൺകുട്ടിയെ പറ്റി കേൾക്കുന്നത് വർഷങ്ങൾക്കു മുൻപേ ആണ്. ഈ ഹോസ്പിറ്റലിൽ ജോലി ചെയ്യാൻ തുടങ്ങിയ സമയത്തു്. ജോലിത്തിരക്ക് കുറഞ്ഞ രാത്രികളിൽ ഉറക്കം കളയാൻ ഒരുമിച്ചിരുന്നു സംസാരിക്കുമ്പോൾ കൂടെ ജോലിചെയ്യുന്നവർ പറഞ്ഞു തന്നതാണ് അവളെ പറ്റി.
വർഷങ്ങൾക്കു മുൻപ് ഇതൊരു ചെറിയ കമ്മ്യൂണിറ്റി ഹോസ്പിറ്റൽ ആയിരുന്നു. എട്ടാം വാർഡ് കുട്ടികളുടെ വാർഡും.അന്ന് ഈ മുറികളിലേതിലോ വച്ചു മരിച്ച പെൺകുട്ടിയാണ് സാറ. പക്ഷെ അവളുടെ ആത്മാവ് ഇപ്പോഴും ഇവിടെയുണ്ടെന്നാണ് വിശ്വാസം. ആരെയും ഉപദ്രവിക്കാനല്ല. ഈ വാർഡിൽ വച്ചു മരിക്കുന്നവരെ കൂട്ടികൊണ്ടു പോകാൻ സാറ വരും. ഇവിടെ ആരെങ്കിലും അവളെ കണ്ടാൽ മരണം സംഭവിക്കുമെന്ന് ഉറപ്പാണ്.
വർഷങ്ങൾ പലതു കഴിഞ്ഞു. ആശുപത്രിയെ ആരോഗ്യരംഗത്തെ വൻപൻമാർവിഴുങ്ങിയതിനു ശേഷം ഇവിടുത്തെ കുട്ടികളുടെ വിഭാഗം അവരുടെ ചിൽഡ്രൻസ് ഹോസ്പിറ്റലുമായി ലയിപ്പിച്ചു. എട്ടാം വാർഡ് റീഹാബിലിറ്റേഷൻ വാർഡായി മാറി.
ഈ വാർഡിലെ രോഗികൾ മിക്കവാറും ഡിസ്ചാർജിനു തയ്യാറായിക്കൊണ്ടിരിക്കുന്നവരാണ്. സ്വന്തം ജീവിത സാഹചര്യങ്ങളിലേക്കു മടങ്ങിയാലും ദിനചര്യകളെങ്കിലും സ്വയം ചെയ്യുവാൻ രോഗികളെ പ്രാപ്തരാക്കുന്ന ഫിസിക്കൽ ആൻഡ് ഒക്യുപേഷൽ വിഭാഗത്തിന്റെ കീഴിലാണിപ്പോൾ ഈ വാർഡ്.
ഇവിടത്തെ ഏതെങ്കിലും രോഗിയുടെ ആരോഗ്യനില മാറിയാൽ ഗുരുതരാവസ്ഥ അനുസരിച്ചു ഐ.സി.യു വിലക്കോ നിരീക്ഷണസൗകര്യം കൂടുതലുള്ള മറ്റു വാർഡുകളിലേക്കോ മാറ്റുകയാണ് പതിവ്. അതുകൊണ്ടു തന്നെ ഇപ്പോൾ എട്ടാം വാർഡിൽ ആരും മരിക്കാറില്ല. ആരും സാറയെ കണ്ടിട്ടുമില്ല.
സാറയുടെ കഥ ഒരു അർബൻ ലെജൻഡ് ആയി തുടരുകയായിരുന്നു.
രണ്ടു വർഷം മുൻപുള്ള ആ തണുത്ത ഡിസംബർ രാത്രി വരെ.
പകൽ മണിക്കൂറുകളോളം പെയ്ത മഞ്ഞു ഭൂമിയെ വെള്ള പുതപ്പാൽ മൂടിയിരിന്നു. മഞ്ഞിൽ തട്ടി പ്രതിഫലിച്ചു വരുന്ന നിലാവെട്ടത്തിനു ഒരു പ്രത്യേക ശോഭയുണ്ട്. വാർഡിലെ ഇടനാഴിയുടെ രണ്ടറ്റത്തുമുള്ള ജനാലയിലൂടെ നീലനിലാവ് അകത്തേക്കെത്തി നോക്കുന്നുണ്ടായിരുന്നു.
അന്ന് രാത്രി ജോലിക്കിടയിൽ ഉറക്കം കളയാനാണ് ഇടനാഴിയിലൂടെ നടക്കാൻ തുടങ്ങിയത്. ഒരു മുറിയുടെ മുൻപിൽ തണുപ്പ് കൂടുതൽ തോന്നിയത് കൊണ്ട് അകത്തെ സ്ഥിതി അറിയാൻ വാതിൽ തുറന്നു അകത്തു ചെന്നു.
മാർജി വാട്സൺ എന്നായിരുന്നു അവരുടെ പേര്. ബെഡിന്റെ മുകളിലുള്ള ചെറിയ ലൈറ്റിൽ സന്തതസഹചാരിയായ ബൈബിൾ വായിക്കുകയായിരുന്നു അവരപ്പോൾ. എപ്പോഴും എല്ലാവരോടും ചിരിച്ചുകൊണ്ട് മാത്രം സംസാരിക്കുന്ന ഒരു ആഫ്രിക്കൻ അമേരിക്കൻ സ്ത്രീ. ഒരു കറുത്ത വംശജൻ രാഷ്ട്രത്തലവൻ ആയിട്ട് പോലും ചെറുപ്പത്തിലേ അനുഭവിച്ച വിവേചനത്തിന്റെ നിഴലിൽ നിന്നും അവർ മോചിതയായിരുന്നില്ല
മിസ്സിസ് വാട്സൺ എന്ന് വിളിച്ചാൽ ഉടനെ തിരുത്തും. മാർജി അത് മതി. അല്ലെങ്കിൽ വല്ലാത്ത അകലം തോന്നുമെന്നാണ് പറയാറുള്ളത്.
"മാർജി ആർയു ഓക്കേ ? തണുപ്പ് കൂടുതലുണ്ടോ?"
"നോ ജെന്നി, ഐ ആം ഫൈൻ. ആരാ കൂടെയുള്ളത്? മകളാണോ?"
"എന്റെ കൂടെയോ? എന്റെ കൂടെ ആരുമില്ലല്ലോ?" വെള്ളം കഴിഞ്ഞല്ലോ? ഞാൻനിറച്ചിട്ടു വരം."
പുറത്തു കടന്നു ഒരു നിമിഷം കഴിഞ്ഞാണ് വാതിൽ ചാരിയില്ലല്ലോ എന്നോർത്ത് തിരിച്ചു ചെന്നത്. അകത്തു നിന്നും മാർജിയുടെ നേർത്ത സ്വരം കേൾക്കാമായിരുന്നു.
" ഹൈ സാറ. ഐ ആം മാർജി. നിങ്ങളുടെ ലോകത്തു കറുത്തവരുമുണ്ടോ?"
അവർ സംസാരിക്കുന്നതു എന്നോടാണെന്ന് കരുതി ഞാൻ വീണ്ടും അകത്തേക്ക് കടന്നു ചെന്നു.
" എന്തെങ്കിലും പറഞ്ഞോ മാർജി?"
"ഇല്ല ജെന്നി. ഞാൻ ഞാനൊരു സ്വപ്നം കണ്ടതാണ്. ജെന്നി പൊയ്ക്കൊള്ളൂ." മനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ച് അവർ പറഞ്ഞു.
"വെള്ളം കൊണ്ട് തന്നിട്ട് ഞാൻ പൊയ്ക്കൊള്ളാം. പിന്നെ ശല്യപെടുത്തില്ല."
ഡ്യൂട്ടി റൂമിൽ വെള്ളം നിറച്ചു കൊണ്ടിരുന്നപ്പോൾ സാറ എന്ന പേര് ഓർമ്മയിൽ തെളിഞ്ഞു.
ഇനി ഇതു ആ സാറ ആയിരിക്കുമോ?
തിരിച്ചു മുറിയിലേക്ക് ഓടുകയായിരുന്നു. അടുത്ത് ചെന്നപ്പോ ആ പുഞ്ചിരി അവരുടെ മുഖത്തുണ്ടായിരുന്നു. പക്ഷെ മാർജി സാറയോടൊപ്പം വർണവിവേചനകളില്ലാത്ത ലോകത്തേക്ക് യാത്രയായിരുന്നു.
സാറാ യുടെ കഥ വീണ്ടും പുനർജനിച്ചു. ആശുപത്രിയിലെ ഡൂട്ടി റൂമുകളിൽ സാറായുടെ പേര് പ്രതിധ്വനിക്കാൻ തുടങ്ങി. ഒപ്പം മാർജിയുടേയും എന്റേയും പേരുകളും.
ദിവസങ്ങൾക്കുള്ളിൽ പറഞ്ഞു കേൾക്കുന്ന കഥയ്ക്ക് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാതായി.
സാറായെ കണ്ട് മാർജി ഭയന്ന് നിലവിളിച്ചെന്നും ഹൃദയസ്തംഭനം വന്ന അവരെ രക്ഷപ്പെടുത്താൻ ശ്രമിച്ച നഴ്സിനേയും ഡോക്ടറേയും സാറ ഉപദ്രവിച്ചെന്നും കേട്ടപ്പോൾ ഏതോ പ്രേതസിനിമയുടെ കഥ കേൾക്കുന്ന പോലെയാണ് തോന്നിയത്.
പിന്നീടെപ്പൊഴോ എല്ലാം എല്ലാവരും വീണ്ടും മറന്നു.
സാറ വീണ്ടും എട്ടാം വാർഡിലെ മാത്രം താരമായി ഒതുങ്ങി.
അവിടെ ജോലി ചെയ്യുന്നവർ മാത്രം അവളേയും മാർജിയേയും മറന്നില്ല.
അതുകൊണ്ടാണ് ഇന്ന് ജോലി കഴിഞ്ഞിറങ്ങിയപ്പോൾ ഹോസ്പിറ്റലിന് മുൻഭാഗത്തേക്ക് തുറക്കുന്ന ജനാലപടിയിലിരുന്ന് കൈ കൊണ്ട് ബൈ പറഞ്ഞ പെൺകുട്ടിയെ തിരഞ്ഞ് ഇറങ്ങിയ പടിക്കെട്ട് തിരിച്ച് കയറിയത്.
ഹോളിവുഡ് സിനിമകളിൽ കാണുന്ന ഞൊറിവച്ച ഹോസ്പിറ്റൽ ഗൗൺ ധരിച്ച , തോളറ്റം മുറിച്ചിട്ട സ്വർണ്ണ തലമുടിയും നീലക്കണ്ണുകളും വിളറിയ മുഖവുമുളള ഏകദേശം പതിനഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടിയെ ഞാൻ അവിടെ കണ്ടിരുന്നു..
പക്ഷെ തിരിച്ച് കയറി വന്നപ്പോൾ അവിടെയാരും ഉണ്ടായിരുന്നില്ല.
സന്ദർശകസമയം തുടങ്ങിയിരുന്നില്ല.
എട്ടാം വാർഡിൽ ആ പ്രായത്തിൽ രോഗികളാരുമില്ല.
പിന്നെ അതാരായിരുന്നു?
അത് സാറായായിരുന്നോ?
ഇന്ന്...... ഞാൻ ....... ?

By: 
ഹൈഡി റോസ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot