നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇരുപതാം നൂറ്റാണ്ടു തീരുന്നതിനു ഒന്നു രണ്ടു വർഷം മുൻപ്.


ഈ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികമല്ല..ഇതിനു ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും സാമ്യം തോന്നിയാൽ... അതു യാദൃശ്ചികം അല്ല.. മനപൂർവ്വമാണ്.
കഥ നടക്കുന്നത് ഇരുപതാം നൂറ്റാണ്ടു തീരുന്നതിനു ഒന്നു രണ്ടു വർഷം മുൻപ്.. ഒരു 98 - 99 കാലം.. ഫേസ്ബുക്, ഓർക്കുട്ട് , ഇൻസ്റ്റാഗ്രാം , സോഷ്യൽ മീഡിയ തുടങ്ങിയ വാക്കുകൾ ഒന്നും ജനിച്ചിട്ട് പോലും ഇല്ല.. ഇന്റെർനെറ് , ഈ-മെയ്ൽ എന്നൊക്കെ കേട്ടു തുടങ്ങിയിട്ടേ ഒള്ളു.. ആർക്കും അതിനെ കുറിച്ചൊന്നും വലിയ അറിവില്ല.
നമ്മുടെ കഥയിലെ നായകന് ഒരു 17 വയസു പ്രായം .എല്ലാ ഫ്രണ്ട്ഷിപ് ഗാങ്ങിലും കാണും അമേരിക്ക സ്വപനം കണ്ടു നടക്കുന്ന ഒരാൾ.. നമ്മുടെ നായകൻ ശ്രീമാൻ സുമേഷും അങ്ങനെ ഉള്ള ഒരാളാണ് .. പുള്ളിക്ക് അമേരിക്ക എന്നു പറഞ്ഞാൽ ജീവനാണ്.. ഇംഗ്ലീഷ് പാട്ടുകൾ മാത്രമേ കേൾക്കു..ഹോളിവുഡ് സിനിമകൾ മാത്രമേ കാണൂ.. നമ്മുടെ നാടും നാട്ടാരും ഒന്നും പുള്ളിയുടെ കണ്ണിൽ അത്ര പോരാ... ആകെ ഒരു പുച്ച്ചം ആണ്.. കൈലി യും ഉടുത്തു ടീ ഷർട്ടും ഇട്ടു പുറത്തിറങ്ങി നടക്കുന്ന അച്ഛനെയും.. മലയാളം സീരിയൽ മാത്രം കാണുന്ന അമ്മയെയും ഹോളിവുഡിനെ കുറിച്ചും ഇഗ്ലീഷ് പാട്ടുകാരെ കുറിച്ചൊന്നും അധികം അറിവില്ലാത്ത കൂട്ടുകാരെയും എല്ലാരേം പുച്ച്ചം.. അറിയാതെ വല്ല മലയാള സിനിമയും കാണാൻ വിളിച്ചാൽ പുള്ളി തല്ലാൻ വരും.. മലയാളം സിനിമയൊക്കെ വേസ്റ്റ് ആണ്.. കാണുന്നെകിൽ ഇംഗ്ലീഷ് സിനിമ കാണണം. എന്നാലേ അറിവ് വയ്ക്കു. കാര്യം വീട്ടിലെ ബൾബ് ഫ്യൂസ് ആയാൽ മാറ്റിയിടാൻ പോലും പുള്ളിക്ക് അറിയില്ലെങ്കിലും.. വേണ്ടി വന്നാൽ ഒരു മിസൈൽ ഡിഫ്യൂസ് ചെയ്യാനും , റോക്കറ്റ് വിടാനും , അല്ലെങ്കിൽ അന്യഗ്രഹജീവികൾ വല്ലതും ഭൂമിയിൽ വന്നാൽ ഓടിച്ചു വിടാനും ഒക്കെ ഉള്ള ടെക്നിക് പുള്ളിക്ക് അറിയാം എന്നാണ് ആൾ സ്വയം അവകാശപ്പെടുന്നത്... എല്ലാം ഇംഗ്ലീഷ് സിനിമ കണ്ടു കിട്ടിയ ജ്ഞാനം.. ബൾബ് ഫ്യൂസ് ആയാൽ എങ്ങനെ മാറ്റും എന്നൊന്നും ഇഗ്ലീഷ് സിനിമയിൽ കാണിക്കില്ലലോ .. അതു കൊണ്ടു അതു പോലത്തെ സിംപിൾ കാര്യം ഒന്നും പുള്ളിക്കറിയില്ല.
അങ്ങനെ ഇരിക്കുമ്പോഴാണ് ഇന്റർനെറ്റും ഇ- മെയ്ലും പോലെ പുതിയൊരു സംഭവത്തെ പറ്റി കേൾക്കുന്നത്... ചാറ്റിങ്ങ്... നമ്മൾക്ക് ഒരു പരിചയവും ഇല്ലാത്ത... കണ്ടിട്ടു കൂടെ ഇല്ലാത്ത ആൾക്കാരുമായി പരിചയപ്പെടാം.. സംസാരിക്കാം കൂട്ടുകൂടാം...പെൺകുട്ടികളുമായി പഞ്ചാരയടിക്കാം. വേണെമെങ്കിൽ അമേരിക്കയിൽ ഉള്ള പെൺകുട്ടികളുമായി വരെ സംസാരിക്കാം . ഒരു പ്രശ്നവും ഇല്ല.. സംഗതി നല്ല കിടിലൻ. സുമേഷിനും കൂട്ടുകാർക്കും എല്ലാം ചാറ്റ് ചെയ്യാൻ ഉള്ള ആഗ്രഹം മൊട്ടിട്ടു. പക്ഷെ ഇത്തിരി കാശു മുടക്കണം. ഏതെങ്കിലും ഇന്റർനെറ്റ് കഫെ യിൽ പോയി വേണം ചെയ്യാൻ.. മണിക്കൂറിനു 50 രൂപയൊക്കെ ആണ് ചാർജ്. കാശാണ് പ്രശ്നം.. പക്ഷെ കാശു നോക്കിയിട്ടു കാര്യം ഇല്ല. സംഗതി അമേരിക്കകാരുമായി സംസാരിക്കാൻ ഉള്ള അവസരമാണ്.. ഒടുവിൽ വീട്ടിൽ ഇരുന്ന പഴയ കുറച്ചു പുസ്തകങ്ങളും.. പറമ്പിൽ നിന്നിരുന്ന ഒരു വാഴക്കൊലയും വെട്ടി വിറ്റു ചാറ്റ് ചെയ്യാൻ ഉള്ള കാശു സുമേഷ് ഒപ്പിച്ചു.
ഇനി സ്വന്തമായി ഒരു ഇ മെയ്ൽ ഐഡി ഉണ്ടാക്കണം. പക്ഷെ സുമേഷ് എന്ന പേരിൽ ഉണ്ടാക്കിയാൽ അമേരിക്കക്കാർക്ക് ഒരു താൽപ്പര്യം തോന്നാൻ വഴിയില്ല... വേറൊരു കിടിലൻ പേര് വേണം... ഒടുക്കം ഒരു ഉഗ്രൻ പേര് കണ്ടുപിടിച്ചു...ടോം...അതുമതി.. ഒരു അമേരിക്കൻ സ്റ്റൈൽ ഒക്കെ ഉണ്ട്... അങ്ങനെ ഒരു ഇമെയിൽ ഐഡി ആയി.. ടോം2000@യാഹൂ.കോം
നെറ്റ് കഫെയിൽ ഇരുന്നു ടോം കുറെ കിണഞ്ഞു ശ്രമിച്ചിട്ടും ഒരു അമേരിക്കകാരിയെ പോലും ഓൺലൈൻ ഇൽ കാണാൻ കഴിഞ്ഞില്ല... ഒരു പാട് നേരത്തെ പരിശ്രമത്തിനു ശേഷം ടോം മിന്റെ മെസ്സേജിന് ഒരു മറുപടി വന്നു... ഗ്ലെൻ.. ക്യൂട്ട്ഗേൾ ഗ്ലെൻ @ യാഹൂ.കോം. സുമേഷിന്റെ ആഗ്രഹം പോലെ ഒരു അമേരിക്കകാരി.
ഗ്ലെൻ സ്റ്റേറ്റ്സിലെ ഏതോ ഒരു യൂണിവേസിറ്റിയിലെ വിദ്യാർത്ഥിനി ആണ്. അവൾ സുമേഷിനെ കുറിച്ചു തിരിച്ചു ചോദിച്ചപ്പോൾ അവൻ പറഞ്ഞു... എന്റെ പേര് ടോം... ലണ്ടനിൽ ആണ് ജനിച്ചതും വളർന്നതും. അച്ഛനും അമ്മയ്ക്കും ബിസിനെസ്സ് ലണ്ടനിൽ. ഫാഷൻ ഡിസെയ്നർ ആയ സഹോദരി. നട്ട കുരുക്കാത്ത നുണ വച്ചു കാച്ചുന്നതു കണ്ടു കൂട്ടുകാരൊക്കെ വായും പൊളിച്ചിരുന്നു. കൂട്ടുകാർക്കു അന്ന് ഒരു കാര്യം മനസിലായി, സുമേഷ് അവർ വിചാരിച്ച പോലത്തെ ആളല്ല... എല്ലാവർക്കും മനസിൽ അവനോടു ആരാധന തോന്നിത്തുടങ്ങി.. അന്ന് ചാറ്റിങ് നിർത്തുമ്പോൾ ഗ്ലെൻ ചോദിച്ചു ഇനി ഇപ്പോൾ ഓൺലൈൻ വരും എന്ന്.
അവർ തമ്മിൽ അടുത്ത് പിന്നെ വളരെ പെട്ടന്ന് ആയിരുന്നു. സുമേഷ് കൂടുതൽ സമയവും നെറ്റ് കഫെയിൽ ചിലവഴിച്ചു .. കൂട്ടുകാർ ഒക്കെ വിചാരിച്ചു ഇന്നല്ലെങ്കിൽ നാളെ ഗ്ലെൻ അവന്റെ കള്ളത്തരങ്ങൾ കണ്ടുപിടിക്കും എന്ന്.. പക്ഷെ സുമേഷ് വളരെ സൂക്ഷിച്ചാണ് ചാറ്റ് ചെയ്തോണ്ടിരുന്നത്.. ഗംഗ തെക്കിനിയിൽ കയറുമ്പോൾ നാഗവല്ലി ആയി മാറുന്നത് പോലെ കഫെയിൽ കയറുമ്പോൾ സുമേഷ് ടോം ആയി മാറുമായിരുന്നു..
പിന്നെ ഒരു ദിവസം സുമേഷിന് ഒരു ചെറിയ പണി കിട്ടി.. ഗ്ലെൻ അവനോടു അവന്റെ ഒരു ഫോട്ടോ ചോദിച്ചു. അന്നത്തെ സുമേഷിന്റെ ഒരു ഗ്ലാമർ വച്ചു നോക്കിയാൽ ഒരു കാര്യം ഉറപ്പാണ്..ഫോട്ടോ കണ്ടാൽ പിന്നെ ഈ ജീവിതത്തിൽ അവൾ ഓൺലൈൻ വരില്ല.. അത്രക്ക് മാരക ലുക്ക് ആണ്.. പോരാത്തതിന് ഫോട്ടോ ലണ്ടനിൽ വച്ചു ഉള്ളതെയിരിക്കണമല്ലോ. അതോടെ സുമേഷിന്റെ ചാറ്റിങ് തീർന്നു കിട്ടും എന്ന് എല്ലാരും കരുതി. പക്ഷെ സുമേഷ് അങ്ങനെ ഒന്നും പിടികൊടുക്കാൻ തയ്യാറായിരുന്നില്ല. ഫോട്ടോ അയച്ചു കൊടുക്കാം എന്ന് സുമേഷ് ഏറ്റു.. പകരം ഗ്ലെൻ അവളുടെ ഒരു ഫോട്ടോ അവനും അയച്ചു കൊടുക്കണം . അവളും സമ്മതിച്ചു
അടുത്ത ദിവസം സുമേഷ് അവന്റെ ഏതു ഫോട്ടോ അയച്ചു കൊടുക്കാൻ പോകുന്നത് എന്നറിയാൻ സുമേഷ് എത്തുന്നതിനു മുൻപ് തന്നെ കൂട്ടുകാർ നെറ്റ് കഫെ യിൽ എത്തി.. സുമേഷ് വന്നു ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് അയച്ചു കൊടുക്കാൻ ഉള്ള ഫോട്ടോ ഓപ്പൺ ചെയ്തു കൂട്ടുകാരെ കാണിച്ചു.. പഴയ സൽമാൻഖാന്റെ ഒരു ഫോട്ടോ.. അതോടെ കൂട്ടുകാർക്കു അവനോടുള്ള ആരാധന ഇരട്ടിയായി.. അവന്റെ ബുദ്ധിയിൽ അവർക്കു അസൂയ തോന്നി.
ഫോട്ടോ അയക്കാൻ മെയ്ൽ തുറന്നപ്പോൾ അതിൽ ഗ്ലെന്നിന്റെ മെയ്ൽ ഉണ്ടായിരുന്നു. അവൾ വാക്കു പാലിച്ചിരിക്കുന്നു. സുമേഷ് ആ മെയ്ൽ ഓപ്പൺചെയ്തു.. ഫോട്ടോ ഓപ്പൺ ചെയ്തു. ഫോട്ടോയിൽ നല്ല സുന്ദരിയായി ചിരിച്ചു കൊണ്ടു ദാ നിൽക്കുന്നു നമ്മുടെ ബോളിവുഡ് നടി പ്രീതി സിന്റ. പിന്നെ സുമേഷ് ചാറ്റ് ചെയ്തതായി ആർക്കും അറിവില്ല...
ശ്രീറാം എസ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot