നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

രജനികാന്ത്


കബാലി സിനിമയുടെ ആദ്യ ഷോയ്ക്കു തന്നെ ടിക്കറ്റ് ഒപ്പിച്ച ആവേശത്തിൽ ഞാൻ മതി മറന്നു സന്തോഷിക്കുബോഴാണ് ഭാര്യ ചോദിച്ചത്.. എന്തു കണ്ടിട്ടാണ് ഇങ്ങേരുടെ സിനിമ കാണാൻ ആൾക്കാരിങ്ങനെ പ്രാന്ത് കാണിക്കുന്നത് എന്നാണ് എനിക്കു മനസിലാകാത്തത് എന്ന്... അതു കേട്ടപ്പോൾ എനിക്കൊരു പഴയ സംഭവം ഓർമ്മ വന്നു.
ഈ ഫൈനൽ പരീക്ഷ കഴിഞ്ഞു റിസൾട്ട് വരുന്നത് വരെ ഉള്ള ഒരു സമയം പൊതുവെ നല്ല ബോറടി ആണ്... ദിവസവും രാവിലെ എണീറ്റു ഇന്നിനി എന്തു ചെയ്യും എന്നു ആലോചിച്ചു തന്നെ ദിവസം തള്ളി നീക്കുന്ന ഒരു സമയം. അങ്ങനെ ഉള്ള ഒരു ദിവസം രാവിലെ പത്രം മറിച്ചു നോക്കുമ്പോൾ ആണ് ഒരു കുഞ്ഞു വാർത്ത അകത്തേതോ ഒരു പേജിന്റെ കോണിൽ കണ്ടത്... “രജനികാന്ത് ആലപ്പുഴയിൽ ..” കുസേലൻ എന്ന സിനിമയുടെ ഷൂട്ടിങ്ങിനു ആണ് പുള്ളി എത്തിയിരിക്കുന്നത്. എന്ന പിന്നെ പതുക്കെ ആലപ്പുഴയ്ക്ക് വിട്ടാലോ... സ്റ്റൈൽ മന്നനെ ഒന്നു കാണാൻ പറ്റിയാലോ.. പക്ഷെ ഷൂട്ടിങ് ആലപ്പുഴയിൽ ആണെന്നെ അറിയൂ.. ആലപ്പുഴയിൽ എവിടെയാണ് ഷൂട്ടിങ്.. അവിടെ ചെന്നാൽ ഷൂട്ടിങ് കാണാൻ ആളുകളെ സമ്മതിക്കുമോ എന്നൊന്നും അറിയില്ല.
ഏതായാലും ഒന്നു ശ്രമിച്ചു നോക്കാൻ തീരുമാനിച്ചു..
ഒറ്റക്കു പോയാൽ മടുപ്പു ആകും.. ആരെങ്കിലും കൂട്ടിനു ഉണ്ടെങ്കിൽ നല്ലതു ആയിരുന്നു.. പക്ഷെ ആരും വരാൻ സാധ്യതയില്ല... "പിന്നെ രജനികാന്ത് .. വേറെ പണിയില്ല..." എന്നു പറയും .. അഥവാ ഇനി ആരെങ്കിലും വരാം എന്നു സമ്മതിച്ചാൽ തന്നെ.. അവിടെ പോയി രജനികാന്തിനെ കാണാൻ പറ്റിയില്ലെങ്കിൽ പിന്നെ നല്ല തെറിയും കേൾക്കും.. പിന്നെ ഒരാളെ ബാക്കി ഒള്ളു.. പ്രശാന്ത്.. പുള്ളിയും എന്നെ പോലെ തന്നെ പണിയൊന്നും ഇല്ലാതെ വീട്ടിൽ ഇരിക്കുകയാണ്..രജനികാന്തിനെ വലിയ ഇഷ്ടവും ആണ്..ബൈക്കും ഉണ്ട്... പ്രശാന്തിനെ വിളിക്കാമെന്ന് തീരുമാനിച്ചു തീരുന്നതിനു മുൻപ് തന്നെ എനിക്കു പ്രശാന്തിന്റെ ഫോൺ വന്നു... എനിക്കു 100% ഉറപ്പായിരുന്നു അവൻ എന്തിനാണ് ഫോൺ ചെയ്തത് എന്നു.. ഫോൺ എടുത്തിട്ടു ഞാൻ ഹലോ പോലും പറഞ്ഞില്ല... ഇത്രേ പറഞ്ഞൊള്ളു..
"അപ്പോൾ പിന്നെ ആലപ്പുഴയ്ക്ക് വിട്ടേക്കാം അല്ലെ?"
അങ്ങേ തലയ്ക്കു നിന്നു മറുപടി.. " അളിയാ ഒരു 15 മിനുറ്റ് .. ഞാൻ നിന്നെ വന്നു പിക്ക് ചെയ്തോളാം "
പ്രശാന്തിന്റെ കൂടെ അവന്റെ അയൽവാസികളായ കാർത്തിയും ചേട്ടൻ രാജ യും ഉണ്ട്.. അങ്ങനെ ഞങ്ങൾ നാലുപേർ 2 ബൈക്കിലായി ആലപ്പുഴയ്ക്ക് തിരിച്ചു.. പോകുന്ന വഴിക്കു ഒരു സന്തോഷ വാർത്ത കൂടി പ്രശാന്ത് പറഞ്ഞു.. കാർത്തിയും അവന്റെ ചേട്ടനും കൂടി അവരുടെ തമിഴ്നാട്ടിൽ ഒള്ള ഒരു ബന്ധുവിന്റെ കോൺടാക്ട് വച്ചു ഷൂട്ടിങ് നടക്കുന്ന സ്ഥലം കണ്ടുപിടിച്ചിട്ടുണ്ട്.. സ്ഥലത്തിന്റെ പേര് മാത്രമേ അറിയൂ... എവിടെ ആണ് എന്നറിയില്ല.. അതു കൊണ്ടു നമുക്ക് ചോദിച്ചു ചോദിച്ചു പോകാം എന്ന തീരുമാനത്തിൽ ഞങ്ങൾ മുന്നോട്ടു പോയി..
അങ്ങനെ പലരോടും വഴിയൊക്കെ ചോദിച്ചു കുറച്ചു ബുദ്ധിമുട്ടിയിട്ടു ഒക്കെ ആണെങ്കിലും ഞങ്ങൾ കാർത്തി പറഞ്ഞ സ്ഥലത്തെത്തി.. പക്ഷെ അവിടെ ഷൂട്ടിങ് നടക്കുന്നതിന്റെ ഒരു ലക്ഷണവും കാണാനില്ല .. കാർത്തി പക്ഷെ ഉറപ്പിച്ചു പറഞ്ഞു.. ഈ സ്ഥലത്തു തന്നെയാണ് ഷൂട്ടിങ് എന്നു.. എന്ന പിന്നെ ആരോടേലും ചോദിക്കാം എന്നു കരുതി .. പക്ഷെ ആർകും ഒരു എത്തും പിടിയും ഇല്ല..അവസാനം സോഡാ കുടിക്കാൻ കയറിയ മാടക്കടയിലെ ചേട്ടൻ പറഞ്ഞു.. ഷൂട്ടിങ് ഏതാണ്ട് നടക്കുന്നുണ്ട് പക്ഷെ അതിവിടെ അല്ല.. അതു ആ കാണുന്ന കായലിന്റെ നടുക്കാണ്... ഒരു ബോട്ടിൽ ... അതൊന്നും കാണാൻ പറ്റും എന്നു തോന്നുന്നില്ല.. അല്ലങ്കിൽ പിന്നെ നിങ്ങള് വല്ല ബോട്ടും വാടകക്ക് എടുത്തു അവിടെ പോയി ശ്രമിച്ചു നോക്കണം... വാടകക്ക് ബോട്ടു കിട്ടുന്ന ഒരു കടവിലേക്കുള്ള വഴിയും പുള്ളി പറഞ്ഞു തന്നു.
ഞങ്ങൾ ബോട്ട് വാടകയ്ക്കു കിട്ടുന്ന സ്ഥലത്തു എത്തി. അവിടുന്നു നോക്കിയാൽ ദൂരെ കായലിൽ ഷൂട്ടിങ് നടക്കുന്ന ബോട്ട് കാണാം .. ഒരു അരയന്നതിനെ പോലെ അലങ്കരിച്ച ബോട്ട്. ഞങ്ങൾ ബോട്ടു വാടകയ്ക്കു കൊടുക്കുന്ന കടയിൽ എത്തി.. 20 - 25പേർക്ക് ഇരിക്കാവുന്ന ടുറിസ്റ് ബോട്ട് ആണ്.. 2 മണിക്കൂറാണ് ഏറ്റവും കുറഞ്ഞ സമയം.. 2 മണിക്കൂറിനും 2000 രൂപ ..നാലുപേരുടെയും കൂടെ കയ്യിൽ പെട്രോൾ അടിച്ച ക്യാഷ് കഴിഞ്ഞിട്ടു ബാക്കി ഒരു പത്തിരുന്നൂറു രൂപയെ ഒള്ളു.. ഞങ്ങൾ ബോട്ടിന്റെ ആളോട് കാര്യം പറഞ്ഞു.. ഞങ്ങൾക്ക് 2 മണിക്കൂർ ഒന്നും വേണ്ട.. കൂടിവന്നാൽ ഒരു പത്തിരുപതു മിനുറ്റ്.. ഒന്നു ആ ഷൂട്ടിങ് നടക്കുന്ന ബോട്ടിന്റെ അടുത്തു വരെ പോണം പിന്നെ തിരിച്ചു വരണം അത്രേ ഒള്ളു. ബോട്ടുകാരൻ അവസാനം ഒരു ഡീല് വച്ചു.. 750 രൂപ തരാമെങ്കിൽ ഈ പറഞ്ഞ പോലെ ഷൂട്ടിങ് നടക്കുന്ന ബോട്ടിന്റെ അടുത്തു കൊണ്ടുപോയിട്ട് തിരിച്ചു കൊണ്ടുവരാം.. പക്ഷെ അതിന്റ അടുത്തു നിർത്തുകയൊന്നും ഇല്ല.. അടുത്തു കൂടെ കറക്കി കൊണ്ടുപോയി തിരിച്ചു കൊണ്ടുവരും..
എന്തു ചെയ്യും എന്നറിയാതെ ഇരിക്കുമ്പോഴാണ് പ്രശാന്ത് ഒരു ഐഡിയ പറഞ്ഞത് 20- 25 പേർക്ക് ഇരിക്കാവുന്ന ബോട്ട് അല്ലെ.. നമ്മൾ കുറച്ചു ആൾക്കാരെ കൂടെ പിടിച്ചാൽ നമുക്ക് 750 ഷെയർ ചെയ്തു എടുക്കാം. പക്ഷെ ആളെ കിട്ടണ്ടേ.. അവിടെ ആകെ കണ്ടത് അഞ്ചാറു സായിപ്പിനേയും മദാമ്മയേയും മാത്രമാണ്.. പിന്നെ ഒരു അഞ്ചാറു പേര് കായലിന്റെ കരയിൽ നിന്നു ഷൂട്ടിങ് നടക്കുന്ന ബോട്ടിലേക്ക് നോക്കി നിൽക്കുന്നതും കണ്ടു..അവരോടു ചോദിച്ചു.. അവർക്കു രജനികാന്തിനെയൊന്നും കാണണ്ട.. പക്ഷെ ബോട്ടിൽ നയൻ താരയും ഉണ്ട്.. നയൻതാരയെ ഒന്നു കണ്ടാൽ കൊള്ളാം എന്നുണ്ട്.. പക്ഷെ അതിനു വേണ്ടി കൂടി പോയാൽ ഒരു 20 രൂപ മുടക്കാനേ അവർ തയ്യാറുള്ളൂ.. 20 എങ്കിൽ ഇരുപത്.. അവർ 6 പേരുണ്ട്... അങ്ങനെ 120 രൂപയായി.. ഞങ്ങളുടെ കയ്യിൽ 200 രൂപയുണ്ട്.. ഇനീം ആളെ പിടിക്കണം..
അപ്പോഴാണ് കുറച്ചു മാറി കുറച്ചാളുകൾ പന്തു കളിച്ചുകൊണ്ടിരിക്കുന്നതു കണ്ടത്.. ഞങ്ങൾ ഒന്നു രണ്ടു പേർ പോയി അവരോടു കാര്യം പറഞ്ഞു...അവർക്കു താത്പര്യമില്ല എന്നു പറഞ്ഞു.. അപ്പോഴാണ് ആ നയൻതാര ആരാധകരിൽ ഒരുത്തൻ നയൻതാരയും ഉണ്ടെന്നു അവരോടു പറഞ്ഞു.. അപ്പോൾ അതിൽ ഒരു അഞ്ചാറു പേര് വരാമെന്നു പറഞ്ഞു.. അവർക്കു കമ്പനി ആയി കൂടെ കളിച്ചുകൊണ്ടിരുന്ന ഒന്നുരണ്ടു പേരും മനസില്ല മനസോടെ ഞങ്ങളുടെ കൂടെ കൂടി.. പിന്നെ കുപ്പിയും സോഡയും ആയി കായലോരത്തെ അടിച്ചു പൊളിക്കാൻ വന്ന കുറച്ചു ചേട്ടന്മാരെയും ചുമ്മാ ബീഡിയും വലിച്ചു ചായയും കുടിച്ചു അവിടെ ഇരുന്ന മറ്റുചിലരെയും എല്ലാം ഞങ്ങൾ ക്യാൻവാസ് ചെയ്തു കൊണ്ടുവന്നു... എന്തു പറഞ്ഞു ആണെന്ന് അറിയില്ല.. ഒരുത്തൻ ഒരു സായിപ്പിനേയും മദാമ്മേനയും വരെ ക്യാൻവാസ് ചെയ്തു ബോട്ടിൽ എത്തിച്ചു.. അങ്ങനെ പത്തേഴുന്നൂറു രൂപയൊത്തു.. ബാക്കി ബോട്ടിന്റെ ചേട്ടൻ ഡിസ്കൗണ്ട് തന്നു..അങ്ങിനെ ഞങ്ങൾ നാലു രജനി ഫാൻസും പത്തു പതിനഞ്ചു നയൻതാര ഫാൻസും പിന്നെ ചുമ്മാ കുറച്ചു നിക്ഷ്പക്ഷരും ആയി ബോട്ട് കടവ് വിട്ടു..
ബോട്ട് ഷൂട്ടിങ് നടക്കുന്ന ബോട്ടിന്റെ അടുത്തെത്തി.. അകത്തു നയൻതാര , മമത മോഹൻദാസ് പടത്തിന്റെ സംവിധായകൻ പി. വാസു . കുറച്ചു ഡാൻസർസ് ഒക്കെ ഉണ്ട് ... പിന്നെ ഇത്തിരി മാറി ഒരു കസേരയിൽ കാലിന്മേൽ കാലൊക്കെ ഇട്ടു സാക്ഷാൽ രജനികാന്തും.പുള്ളിയെ കണ്ടപ്പോൾ തന്നെ ആളുകളുടെ മട്ടും ഭാവവും ഒക്കെ മാറി.. ഓ ആ പാണ്ടിയെ ആർക്കു കാണണം .. നയൻതാരയെ കണ്ടാൽ മതി എന്നൊക്കെ പറഞ്ഞു കൊണ്ടിരുന്ന പലരും അണ്ണാ.. തലൈവാ എന്നൊക്കെ വിളിച്ചു തുടങ്ങി.. പുള്ളി ഒന്നു തിരിഞ്ഞു നോക്കാൻ.. പിന്നെ പറ്റിയാൽ ഒന്നു കൈ വീശി കാണിക്കുന്നത് കാണാൻ..പക്ഷെ ആ മനുഷ്യൻ ഞങ്ങളെ ഞെട്ടിച്ചു .ഞങ്ങളുടെ ബോട്ടും ആൾക്കൂട്ടവും കണ്ടപ്പോൾ ഇരുന്നിരുന്ന കസേരയിൽ നിന്നും എന്നേറ്റു അദ്ദേഹം നടന്നു ബോട്ടിന്റെ അറ്റത്തു വന്നു നിന്നു.. എല്ലാരേം ഒന്നു നോക്കി സ്റ്റൈൽ ആയി ചിരിച്ചുകൊണ്ട്.. കൈകൾ രണ്ടും കൂപ്പികൊണ്ട്.. പിന്നെ എല്ലാവർക്കും ഹിസ്റ്റീരിയറ്റിയ പിടിച്ചപോലെ ആയി... ആകെ ആവേശവും ആർപ്പു വിളികളും ഒരു ഉത്സാവാന്തരീക്ഷം.. വല്ലാത്ത ഒരു തരം പോസിറ്റീവ് എനർജി പുള്ളി എല്ലാർക്കും നൽകിയത് പോലെ തോന്നി എനിക്ക്. .. എല്ലാവർക്കും രജനി അണ്ണനെ മതി.. വേറൊരു താരത്തെയും ആരും നോക്കുന്നതുപോലും ഇല്ലായിരുന്നു.. ആ ബോട്ടിൽ അപ്പോൾ ആവേശം കൊണ്ടു ഭ്രാന്ത് പിടിച്ച 23 പേരും .. എന്താണ് സംഭവിക്കുന്നത് എന്നു മനസിലാകാതെ വായും പൊളിച്ചു നിന്നിരുന്ന ഒരു സായിപ്പും മദാമ്മയും മാത്രം.
എന്തുകൊണ്ടാണ് അദ്ദേഹം ഈ നിലയിൽ നില്ക്കുന്നത് എന്നു എനിക്കു അന്ന് മനസിലായി.. ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർതാരത്തിന്റെ വിനയവും പെരുമാറ്റവും കണ്ടു അദ്ഭുതപ്പെട്ട് പോയി ഞാനടക്കം ആ ബോട്ടിൽ ഉണ്ടായിന്ന എല്ലാവരും... അന്ന് രജനികാന്ത് എന്ന താരത്തോട് തോന്നിയിരുന്ന ആരാധനയുടെ ഇരട്ടി ആരാധനയും ബഹുമാനവും തോന്നി രജനികാന്ത് എന്ന മനുഷ്യനോട്.. സിനിമയിൽ ഒരുപാട് സൂപ്പർ താരങ്ങൾ ഉണ്ടായേക്കാം . പക്ഷെ രജനികാന്ത് ഒന്നേയുള്ളു...
ശ്രീറാം.എസ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot