നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇവൾ നിള


നീണ്ടുമെലിഞ്ഞ തരുണി നീ സുന്ദരീ
സൂര്യബിംബത്തിൻ കളിത്തോഴിയായവൾ
ആരുനിനക്കേകിയീ കുഞ്ഞുകാൽത്തള
കുസൃതിച്ചിരിയാലൊഴുകിക്കളിയ്ക്കുവാൻ...
ചുറ്റും പരിമളംവീശുന്ന കാറ്റിന്റെ
ഒക്കത്തിരുന്നു ചിലയ്ക്കുന്ന പൂങ്കുയിൽ
ചിത്തത്തിലെത്ര മധുരിയ്ക്കുമോർമ്മകൾ
നിന്നെക്കുറിച്ചു ചൊല്ലുവാനുണ്ടാകാം..
കുണുങ്ങിക്കുണുങ്ങിയൊഴുകിപ്പരക്കുന്ന
തരുണീ നീയെത്ര മനോഹരി സുന്ദരി
കപോലതടങ്ങളിൽ ചുംബിയ്ക്കുമർക്കന്റെ-
യധരം ചുവന്നുതുടുത്തതറിയു നീ..
ഇളകിയാടും നിന്റെ പൂമേനി തന്നിലായ്
പരൽമീനുകൾ പാടി നൃത്തമാടുന്നതും
അതിദ്രുതം മേൽപ്പോട്ടു പൊന്തിക്കളിച്ചവ
ആനന്ദമോടെ വസിച്ചോരു കാലവും..
നിന്റെ കണ്ണീരലിഞ്ഞുപ്പുകനക്കുന്നു
നിറവിന്റെ മൺതിട്ട വീണു പൊലിയുന്നു
നിളയിവൾ ഗർഭത്തിൽപേറും ശിശുക്കളെ
ചാപിള്ളയാക്കിക്കുരുതികൊടുത്തവർ..
അറിവുകേടും അൽപധനമോഹവുംകൊണ്ട്
മാനംകെടുത്തി ഭോഗിയ്ക്കുന്നു മാനുഷൻ.
നിളയിന്ന് അവശയായ് ഭോഗക്കെടുതിയാൽ
ഒഴുക്കുന്നവൾ കണ്ണീരുമുച്ഛിഷ്ടവും മാത്രം..
ജൻമജൻമാന്തര സുകൃതമായ് മാറുവാൻ
ഇന്നവൾക്കാഗ്രഹമുണ്ടെന്നിരിയ്ക്കിലും
കണ്ണടച്ചിന്നവൾ മൗനം തുടരുന്നു
കാത്തിരിയ്ക്കുന്നീ നിള' പാപമോക്ഷത്തിനായ് ..

by: Uthra soman

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot