"നിസ്സഹായവസ്ഥയിൽ കിടക്കുന്ന അമ്മയുടെ കണ്ണിൽ നിന്നുതിരുന്ന കണ്ണുനീരിന് ഒരു പാട് വേദനകൾ പറയാനുണ്ടാകും. ആറ്റു നോറ്റു വളർത്തി വലുതാക്കിയ മക്കൾ കാണിക്കുന്ന അവഗണന തളർന്ന ശരീരത്തെയല്ല വേദനിപ്പിച്ചത് തകർന്ന മനസ്സിനെയാണ്.
മണ്ണെണ്ണവിളക്കിന്റെ ഇത്തിരിപ്പോന്ന വെളിച്ചത്തിൽ മക്കൾ ഉറങ്ങും വരെ കാത്തിരുന്നതും, അവരുടെ വിശപ്പടക്കാൻ പൊരിവെയിലത്ത് വയലേലകളിൽ കതിര് കൊയ്തതും, അയൽ വീടുകളിൽ പാത്രം മോറിയതും അച്ഛൻ ഉപേക്ഷിച്ച മക്കൾക്ക് വേണ്ടിയായിരുന്നു. തന്നോളം വളർന്ന മക്കൾക്കിന്നു ഞാനൊരു കറിവേപ്പില. മരുന്നിന്റെ മണമിന്ന് മക്കൾക്ക് അലോസരമുണ്ടാക്കുന്നു പോലും. അന്ന് വിയർത്തൊഴുകി ക്ഷീണിച്ചു വന്ന എന്നെ ചേർത്ത് നിർത്തി സ്നേഹത്താൽ ഉമ്മവച്ച മക്കൾക്കിന്ന് ഞാനൊരു വിലയില്ലാത്തവൾ.
മാതൃത്വത്തിനും, പൊക്കിൽക്കൊടി ബന്ധത്തിനും വില കൽപ്പിക്കാതെ സ്വാർത്ഥതയുടെ മൂടുപടമണിഞ്ഞ വെറും ഈയാംപാറ്റകളായിത്തീർന്നിരിക്കുന്നു മക്കളിന്ന്. നാട്ടിൽ വൃദ്ധമന്ദിരങ്ങൾ കൂണുപോലെ വളർന്നു വരുകയാണ്. ഇനി എന്നാണോ അവരുടെ സന്തോഷത്തിനും, സ്റ്റാറ്റസിനും വേണ്ടി എന്റെ തകർന്ന സ്വപ്നങ്ങൾ ഉറങ്ങുന്ന കൊച്ചു വീട്ടിൽ നിന്നും അവിടേക്ക് ചേക്കേറിപ്പിക്കുന്നത്. "
അതെ... ഇത് മക്കൾക്ക് വേണ്ടി ജീവിച്ച് അവരാൽ ഉപേക്ഷിക്കപ്പെട്ട ഒരമ്മയുടെ നെടുവീർപ്പുകളാണ്.....
...............................
Manoj Kavutharayil
......................................
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക