നീലക്കടലിലേക്കു കണ്ണു നട്ടിരിക്കുന്ന ആറു വയസുകാരി അനുക്കുട്ടിയെ ചേർത്തുപിടിച്ചു ദേവൻ പറഞ്ഞു, മോളു വാ നമ്മുക്ക് വീട്ടിൽ പോകാം. ഒന്ന് ദേവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് അനുക്കുട്ടി, "അങ്കിൾ കുറച്ചു സമയം കൂടി.
സന്ധ്യ മയങ്ങി മഴ മേഘങ്ങൾ ദുഃഖങ്ങൾ കരഞ്ഞു തീർക്കാനായി തയ്യാറെടുത്തു നിൽക്കുന്നു. സൂര്യൻ കടലിലേക്ക് മറഞ്ഞിരിക്കുന്നു. കടലുകാണാൻ എത്തിയവരും, പ്രണയികളെയും കൊണ്ട് സൊറ പറഞ്ഞിരിക്കുവാൻ വന്നവരും അവരവരുടെ കൂരകൾ തേടി യാത്ര തുടങ്ങി. അനുക്കുട്ടി മാത്രം നീലക്കടലിലേക്കു നോക്കി കണ്ണുചിമ്മാതെ ഒരേ ഇരിപ്പ്.
നാഴികകൾ കുറെ ആയിരിക്കുന്നു അവളാ ഇരുപ്പ് തുടങ്ങിയിട്ട്. ഇടക്കൊക്കെ ദൂരേക്ക് ആകാംഷയോടെ നോക്കും. മീൻ പിടിത്തക്കാരുടെ ചെറുവഞ്ചികളും വലിയ ബോട്ടുകളും തീരത്തേക്ക് എത്തിക്കൊണ്ടിരുന്നു.
ദേവൻ വീണ്ടും വിളിച്ചു, മോളെ വാ പോകാം. ഒടുവിൽ മനസ്സില്ലാമനസ്സോടെ അനുക്കുട്ടി എഴുന്നേറ്റു. പോകും വഴി കുഞ്ഞിക്കാടെ ചായക്കടയിൽ കേറി. അത് പതിവാരുന്നതിനാൽ ചായയും പഴംപൊരിയും മുന്നിലേക്ക് വെച്ച് കൊണ്ട് കുഞ്ഞിക്ക അനുകുട്ടിയുടെ മുടിയിൽ തലോടി. ഇന്നും പതിവ് തെറ്റിച്ചില്ല അല്ലെ ദേവാ? എന്ന് പറഞ്ഞുകൊണ്ടു ചായക്കടയിൽ കൊച്ചുവർത്തമാനം പറയാൻ വരുന്ന സ്ഥിരം ആളുകളും. അനുക്കുട്ടി ഒന്നും സംസാരിക്കാതെ പകുതി പഴംപൊരി കഴിച്ചു. പോകാം അങ്കിൾ, “ഇന്നിനി വരില്ലായിരിക്കും" എന്നുപറഞ്ഞു ദേവന് മുൻപേ കടയിൽ നിന്നിറങ്ങി നടന്നു.
മോളുടെ വാശി കൊണ്ടാണ് എന്നും ഈ വരവ് കടൽതീരത്തേക്ക്. തിരികെ ചെല്ലുമ്പോൾ പതിവുപോലെ ശാലിനിയുടെ പരിഹാസം കാണാം. ദേവന്റെ ഭാര്യ ആണ് ശാലിനി. നിങ്ങൾ ഈ നശിച്ചതിനെയും കൊണ്ട് നടന്നോ. സ്വന്തം മക്കളെ പുന്നാരിക്കേണ്ട.
അവൾ പറയുന്നതും സത്യമാണ്. സ്വന്തം മക്കളെ സ്നേഹിക്കുന്നതിലും കൂടുതൽ സ്നേഹം അനുമോളോട് തന്നെ. അവളെ വിഷമിപ്പിക്കാൻ ദേവന് ആവില്ല. താൻ കാരണമാണ് അവളിങ്ങനെ എന്നും കടലിലേക്ക് നോക്കി ഇരിക്കുന്നത്. കുറ്റബോധം ദേവനെ വേട്ടയാടി.
അവൾ പറയുന്നതും സത്യമാണ്. സ്വന്തം മക്കളെ സ്നേഹിക്കുന്നതിലും കൂടുതൽ സ്നേഹം അനുമോളോട് തന്നെ. അവളെ വിഷമിപ്പിക്കാൻ ദേവന് ആവില്ല. താൻ കാരണമാണ് അവളിങ്ങനെ എന്നും കടലിലേക്ക് നോക്കി ഇരിക്കുന്നത്. കുറ്റബോധം ദേവനെ വേട്ടയാടി.
ഓരോന്ന് ആലോചിച്ചു നടന്നു നടന്നു വീട്ടിൽ എത്തി. അനുക്കുട്ടി ഒന്നും മിണ്ടാതെ അവളുടെ മുറിയിലേക്ക് പോയി. ശാലിനി എന്നും ഉള്ള പല്ലവി പാടി തുടങ്ങി. ഇന്നെങ്കിലും ഇവളോടു എല്ലാം തുറന്നു പറയണം മനസ്സിൽ ഉറപ്പിച്ചു വിചാരിച്ചാണ് കിടന്നതെങ്കിലും പറഞ്ഞില്ല. അവൾ എന്ത് വിചാരിക്കും. വേണ്ട പറയണ്ട..
പിറ്റേന്നും പതിവു പോലെ അനുക്കുട്ടിയെയും കൊണ്ട് കടൽ തീരത്തേക്ക്.ഇന്ന് പക്ഷെ ശാലിനിയെയും കൂടെ കൂട്ടി
അനുകുട്ടിയെ സ്ഥിരം സ്ഥലത്തിരുത്തി ദേവൻ പറഞ്ഞു തുടങ്ങി ശാലിനിയോട്. പ്രണയിച്ചുവിവാഹിതരായ തന്റെ കുഞ്ഞുപെങ്ങളെയും ഭർത്താവിനെയും കുറിച്ച്. താൻ ഏറെ സ്നേഹിച്ച കുഞ്ഞുപെങ്ങൾ മാളുവിന്റെ ഇഷ്ടത്തിന് എതിരു നിക്കാതെ മനുവിന് വിവാഹം ചെയ്തുകൊടുത്തു. വിവാഹത്തിന് ശേഷം മനുവിൽ വന്നമാറ്റങ്ങൾ ഒന്നും മാളു ദേവനെ അറിയിച്ചില്ല. അനുകുട്ടി ജനിക്കുന്നത് വരെ ഒന്നും അറിഞ്ഞിരുന്നില്ല ദേവൻ. ഒടുവിൽ കൂട്ടുകാരന് മുന്നിൽ തന്റെ മനുവേട്ടൻ മയക്കുമരുന്നിന്റെ ലഹരിയിൽ തന്നെ ഇട്ടുകൊടുത്തതു ദേവേട്ടനോട് പറയാതിരിക്കാൻ മാളുവിനായില്ല.
പൊന്നു പെങ്ങളുടെ കണ്ണുനീർ കണ്ട ദേവൻ കടൽപ്പാലത്തിൽ വെച്ചു നടന്നതെല്ലാം മനുവിനോട് ചോദിച്ചു .മനു ഒന്നും സമ്മതിക്കാൻ തയ്യാറായിരുന്നില്ല. ദേഷ്യത്തിൽ രണ്ടാളും അടിപിടിയായി.പാലത്തിന്റെ അരികിലേക്ക് ദേവന്റെ അടിയിൽ തെറിച്ച മനു കടലിലേക്ക് കാലുതെന്നി വീണു.പിന്നാലെ അനുക്കുട്ടി യെയും എടുത്തു എല്ലാം കണ്ടുനിന്ന കുഞ്ഞുപെങ്ങൾ മനുവിന് പിന്നാലെ ചാടാനായി പാഞ്ഞു. എങ്ങനെയോ അവളെ പിടിച്ചു എങ്കിലും അനുക്കുട്ടിയെ മാത്രം ദേവന്റെ കൈകളിൽ കിട്ടി. മാളുവും മനുവിന് പിന്നാലെ കടലിന്റെ അടിയിലേക്ക്.
സന്ധ്യ മയങ്ങിയ സമയവും ചാറ്റൽമഴയും ഉണ്ടാരുന്നു ആ ദിവസം ആ കർമ്മത്തിനു സാക്ഷിയായി കറുത്തിരുണ്ട ആകാശവും കടലമ്മയും മാത്രം.ആളുകൾ അതൊരു ആത്മഹത്യ ആണെന്ന് കരുതി.
മോളുടെ കാര്യം ഓർത്തപ്പോൾ ആരോടും സത്യം പറയാനും ആയില്ല ദേവന്. ദേവനല്ലാതെ വേറെ ആരും ഇല്ല അനുക്കുട്ടിയെ നോക്കാനും. അച്ഛനും അമ്മയും എവിടെ എന്നു അനുക്കുട്ടി ചോദിക്കുമ്പോളൊക്കെ മോൾക്ക് മുത്തും പവിഴവും കൊണ്ടുവരാൻ കടലിലേക്ക് പോയി എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു.
അച്ഛനും അമ്മയും മുത്തും പവിഴവും കൊണ്ട് വരുന്നതും നോക്കിയാണ് അനുക്കുട്ടിയുടെ ഈ കാത്തിരുപ്പ്. എന്നെങ്കിലും അനുക്കുട്ടി എല്ലാം അറിയുമോ എന്ന ഭയവും ദേവനുണ്ടാരുന്നു.
എല്ലാം ശാലിനിയോട് പറഞ്ഞു തീർന്നതും മാനം കറുത്തിരുണ്ടു മഴയ്ക്ക് കച്ചകെട്ടി.അതുവരെ ദേവന്റെ മനസ്സിൽ നിറഞ്ഞ മഴമേഘവും പെയ്‌യ്തൊഴിഞ്ഞു. ശാലിനി മെല്ലെ ചെന്ന് അനുകുട്ടിയെ ചേർത്തുപിടിച്ചു ദേവന്റെ അരികിലേക്ക് വന്നു. ഒന്നും അറിയാതെ നിന്ന അനുക്കുട്ടിയോട് അച്ഛനും അമ്മയും നാളെ ഉറപ്പായും വരും എന്ന പറഞ്ഞു ശാലിനിയും തന്റെ ദേഷ്യവും പരിഹാസവും ഒക്കെ കളഞ്ഞു ദേവനോടൊപ്പം അനുക്കുട്ടിയെ സ്നേഹിച്ചു. ശാലിനിയുടെയും ദേവന്റെയും സ്നേഹത്തിനു മുന്നിൽ അച്ഛന്റെയും അമ്മയുടെയും വരവും പതിയെ പതിയെ അനുക്കുട്ടിയും മറന്നുതുടങ്ങി. ദേവന്റെയും ശാലിനിയുടെയും മോളായി അനുക്കുട്ടി വളർന്നു.
മഞ്ജു അഭിനേഷ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക