Slider

ഒരു വർക്കിങ് ഡേ

0

പതിവ് പോലെ 5 മണിയ്ക്ക് തന്നെ അലാറം ക്ലോക്ക് ഉണർത്തി. ഉറക്കച്ചടവോടെ ചായ പാത്രത്തിൽ നിന്ന് ആവിപറക്കുന്ന ചായ ഗ്ലാസ്സിലേയ്ക്ക് പകർന്നു. മുന്നിലെ മുറിയിൽ അദ്ദേഹം യോഗപരിശീലനം ആരംഭിച്ചിരിക്കുന്നു... തലേദിവസം ഹോം വർക്ക് ചെയ്‌ത പുസ്‌തകങ്ങൾ അങ്ങിങ്ങായി ചിതറിക്കിടക്കുന്നു.... ചായഗ്ലാസ് മകളുടെ നേർക്ക് നീട്ടി..... "ഗുഡ് മോർണിങ്"
6നും 7നും ഇടയിലുള്ള നിമിഷ- നേരംകൊണ്ട് പ്രാതലും പ്രധാന വാർത്തകളും ഒരുമിച്ചകത്താക്കി ഓഫീസിലേക്ക് പായാൻ അദ്ദേഹം തയ്യാറെടുത്തിരിക്കുന്നു.... അച്ഛന്റെ കൃത്യനിഷ്ഠയുള്ള മകളാണ് അമ്മു. സ്കൂൾ ബസിന്റെ ഹോൺ അവൾക്കും ആരോചകമായിരിക്കുന്നു.... " എന്തിനാ അമ്മേ ഗേറ്റിനുവെളിയിൽ എന്നെ കണ്ടാലും ഡ്രൈവർ അങ്കിൾ ഇങ്ങനെ ഹോണടിക്കുന്നത്?" സ്കൂൾ വിശേഷങ്ങൾക്കിടയിലെ പതിവ് ചോദ്യമാണത്.
സമയം 9.00. ഒറ്റയ്ക്കിരുന്നുള്ള പ്രാതൽ അസ്സഹനീയം!! അമ്മുവിന്റെ ധൃതിപിടിച്ച ഓട്ടത്തിനിടയിൽ അവൾക്ക് നൽകാറുള്ള ഉരുളകളിൽ ബാക്കിയുള്ളതെന്തെങ്കിലും അകത്താക്കിയാൽ പ്രതാലിന്റെ മുഷിപ്പ് ഒഴിവാക്കാം.... ഒഴിഞ്ഞുകിടക്കുന്ന ലോൺഡ്രി ബാസ്കറ്റിനുചുറ്റും കഴുകാനുള്ള വസ്ത്രങ്ങൾ ചിതറിക്കിടക്കുന്നു. എല്ലാം പെറുക്കിയെടുത്ത് വാഷിംഗ്‌മെഷീനിൽ തള്ളി.
സമയം 10.30... 4.30 ആകാൻ ഇനിയും മണിക്കൂറുകൾ അവശേഷിക്കുന്നു. ഡ്രോയിംഗ് റൂമിൽ ടി.വി ഉച്ചത്തിൽ പാടുന്നു... ആർക്കും കേൾക്കാൻവേണ്ടിയല്ല; പേടിപ്പെടുത്തുന്ന കനത്ത നിശബ്ദത ഒഴിവാക്കാൻ വേണ്ടി മാത്രം!!! മൊബൈൽ ഫോണിലെ ഓരോ മെസ്സേജും ഈരണ്ട് പ്രാവശ്യം വായിച്ചു... എഫ്.ബിയിൽ പലതവണ ചികഞ്ഞു..... പുതുതായി ഒന്നുമില്ല. ഇടയ്ക്ക് രൂപേഷ് കുമാറിന്റെ ചിത്രം കണ്ണിലുടക്കി. 'പുരുഷനായതുകൊണ്ടും, നിനക്ക് ഈ ജോലി വേണ്ടാന്ന്' പറയാൻ ആരുമില്ലാത്തതുകൊണ്ടും അവനിന്ന് വലിയ വക്കീലായിരിക്കുന്നു.... താനോ??? പഴയ മാസികകൾ വീണ്ടും വീണ്ടും മറിച്ചുനോക്കി. എല്ലാ പേജുകളും മനഃപാഠമായിരിക്കുന്നു....
ഇടയ്ക്ക് മൂന്ന് പ്രാവശ്യം അദ്ദേഹത്തെ വിളിക്കുന്ന പതിവുണ്ട്. ഓഫീസിലെ കഴുത്തോളം പൊക്കം പോന്ന ഫയൽ കൂനകൾക്കുള്ളിലിരുന്ന് ജോലി തീർക്കുന്നതിനിടയിൽ, "ബിസിയാണ്, പിന്നെ വിളിക്കാം" എന്ന സ്ഥിരം പല്ലവിമാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ എങ്കിലും ശബ്ദം കേൾക്കുമ്പോൾ ഒരു ആശ്വാസം....
ഉച്ചയൂണിനുശേഷം അല്പം മയങ്ങാമെന്നുകരുതി കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം വരുന്നില്ല.... ഹാളിലെ അപ്പൂപ്പൻ ക്ലോക്ക് മൂന്നുപ്രാവശ്യം ശബ്‌ദിച്ചു... ആശ്വാസം!!! അമ്മു ഉടനെ എത്തും. അവൾക്കിഷ്ടമുള്ള വെജിറ്റബിൾ കട്‌ലറ്റിന്റെ മണം മുറ്റത്തെത്തിയതും ബാഗും ബോട്ടിലും വലിച്ചെറിഞ്ഞ് അവൾ അടുക്കളയിലേക്ക് പാഞ്ഞുവന്നു.... ചായഗ്ലാസ് കാലിയാകുന്നതോടൊപ്പം അവളുടെ വിശേഷങ്ങളും തീർന്നു.... ടി.വിയിലെ ചാനൽ മാറി 'കൊച്ചു ടി.വി' വന്നു.
6.30ആയപ്പോഴേയ്ക്കും കുളിയും പ്രാർത്ഥനയും കഴിഞ്ഞ് അവൾ പഠനമുറിയിൽ കയറി..... ഹാളിലേക്ക് ചായയുമായി വരുമ്പോഴേയ്ക്കും റിമോർട്ട് കൈക്കലാക്കിയിരുന്നു അദ്ദേഹം. വാർത്തകൾ, എങ്ങുമെത്താതെപോകുന്ന ചാനൽ ചർച്ചകൾ, രാവിലെ ഓടിച്ചുനോക്കിയ പത്രം മനഃപാഠമാക്കാനുള്ള വ്യഗ്രത.... വീട്ടിലേയ്ക്ക് കയറിയപ്പോമുതൽ കേൾക്കുന്ന മെസ്സേജുകളുടെയും നോട്ടിഫിക്കേഷനുകളുടെയും ആരവം..... ടി.വിയ്ക്ക് അല്പം റസ്റ്റുകൊടുത്ത് അദ്ദേഹം ഫോണിലേക്ക് തിരിഞ്ഞു....
സമയം 9.00 . ചപ്പാത്തിയും കറിയും ഊണുമേശയിൽ നിരന്നു.... ഇടത്തുകയ്യിലെ ഫോണിൽനിന്ന് കണ്ണെടുക്കാതെ അതകത്താക്കി..... "കിടക്കവിരിച്ചിരിക്കുന്നു, കിടക്കുന്നില്ലേ??" ങ്ഹും.... കട്ടിലിന്റെ ഓരം ചേർന്നുകിടക്കുമ്പോളവൾ ചിന്തിച്ചു.... 'സമയം എല്ലാവർക്കും വിലപ്പെട്ടതാണ്. തന്നോട് സംസാരികനെടുക്കുന്ന 10 മിനിറ്റുപോലും അദ്ദേഹത്തിന് വിലപിടിച്ചതാണ്!!' ആരോടും പരിഭവമില്ല, പരാതിയും........

By: ജ്യോതിസത്രേജ്‌ 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo