നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അന്തിഗ്രാമം



കിണറ്റിൻ കര അന്തിചർച്ചയിൽ ഇപ്പോഴത്തെ ശബ്ദസാന്നിധ്യം ജാനുവമ്മയുടേതാണ് .. റേഷൻകടക്കാരൻ സുകു വല്ലാത്ത അക്രമം തന്നെയാണ് കാണിച്ചതെന്നതിന് തെളിവുകൾ നിരത്തുകയാണ് ജാനുവമ്മ.
"മ്മളൊക്കെ അഷ്ടിക്ക് വകയില്ലാത്തോരാന്ന് ഓന്ക്ക് നല്ല പകല് പോലെ അറിയാ.. കുട്യോളൊക്കെ ഒന്ന് വെൽതായി., പേർഷ്യയിലൊക്കെ പോയീന്ന് വെച്ചു കുടുമ്മത്തെ ദാരിദ്ര്യം മാറീന്ന് ഓനെന്നങ്ങോട്ട് തീരുമാനിക്യാ.."
മറ്റു മഹിളാ മണികളായ സുബൈദാത്ത, അമ്മുവമ്മ, പ്രേമ, സുധ, റംല തുടങ്ങിയവർ പ്രഭാഷണം സാകൂതം ശ്രവിക്കുകയാണ്..
"അയിന് സുകൂനെപ്പറഞ്ഞിട്ടെന്താ.. ഓനല്ലല്ലോ റേഷൻകാർഡിൽ അച്ചടിച്ചത്.. അതൊക്കെ സിവിൽസപ്ളൈക്കാരല്ലേ.. "
കൂട്ടത്തില് ഇച്ചിരി 'നെഗളിപ്പ്‌ള്ള ' സുധ ഇടക്ക് കയറി.
"ഇയ്യ്‌ മിണ്ടാണ്ടിരിയെടി.. എത്രങ്ങാണ്ട് ഷീറ്റ് പേപ്പറാ നുമ്മ തെറ്റാണ്ടേ പൂരിപ്പിച്ച് കൊടുത്തത്.. ചുളുങ്ങരുത്‌ മടങ്ങരുത്.. എന്തൊക്കെ ആയിര്ന്ന്.. "
സുബൈദാത്ത ഒന്നുകൂടി ഞെളിഞ്ഞിരുന്നു..
"ഇഞ്ഞി പ്പ ഇദ് നേരാക്കാൻ നടക്കണം.. ന്തെല്ലാം എടങ്ങാറാണ് ന്റെ പടച്ചോനെ "...
അതിന്റെടേല് പ്രേമേടേം റംലാടേം കുശുകുശുപ്പിന് വീര്യം കൂടി കയ്യാങ്കളിടെ വക്കിലെത്തിയിരുന്നു.
"ഓള് പോയേല് പ്പെന്താ തെറ്റ്.. വേറെ ഒരാളെ മനസില് വെച്ചിട്ട് ഓന്റെ കൂടെ ജീവിക്കണേലും നല്ലതല്ലേ "
പ്രേമ പ്രസ്താവിച്ചു..
"അ അ ആ ദാപ്പ നന്നായെ.. ഓൾക്ക് എന്തിന്റെ കൊറവാ ഓന്റോടെ.. നല്ല പൂവ് പോലത്തെ ഒര് കൊച്ചിനേം ഇബടെ ഇട്ടേച്ച് പോവാൻ തോന്ന്യേലോ പഹച്ചിക്ക്."
റംല മൂക്കിൻ തുമ്പത്ത് ചൂണ്ടുവിരൽ സ്ഥാപിച്ചു.
റേഷൻകാർഡ് വിട്ട് മഹതികൾ രണ്ട് ചേരികളിലായി അണിനിരന്നു..
"അല്ലെങ്കിലും ആ പെണ്ണിനിത്തിരി എളക്കം കൂടുതലാ.. പണ്ടത്തെ കഥ ഓർമയില്ലേ.. തെങ്ങേറ്റക്കാരൻ ചന്ദ്രുന്റൊപ്പം ബീച്ചില് കറങ്ങാൻ പോയത്.. എത്രേള്ളൂ പെണ്ണപ്പൊ.. " സ്ഥലത്തെ പ്രധാന ന്യൂസ് റിപ്പോർട്ടർ അമ്മുവമ്മ ഉണർത്തിച്ചു..
"ചന്ദ്രുന്റെ ഇപ്ലത്തെ അവസ്ഥ ങ്ങക്ക് കേക്കണോ കൂട്ടരേ " സുബൈദാത്ത അപ്പോഴാണതോർത്തത്.
"എന്തേ "
മഹതികൾ ഒന്നടങ്കം ആശ്ചര്യം കൊണ്ടു..
കൂട്ടത്തോടെയുള്ള ആ അട്ടഹാസം കേട്ട് കിണറ്റിൻവക്കിലിരുന്ന കാക്ക ജീവനും കൊണ്ട് പറന്നകന്നു.. തൊട്ടപ്പുറത്തെ മാവിൻ കൊമ്പിൽ ലാൻഡ് ചെയ്ത് രംഗം വീക്ഷിച്ചു..
"ഒന്നും പറയണ്ട ന്റെ ജാനുവമ്മേ .. അരക്ക് കീപ്പോട്ട് തളർന്നു കിടക്കുവല്ലേ.. ഒര് കുട്ടി പോലും തിരിഞ്ഞ് നോക്കാൻ ല്ല്യാതെ.. "
"അതിപ്പോ ന്താണ്ടായേ " ജാനുവമ്മ ശോകഭാവം മായാതിരിക്കാൻ പണിപ്പെട്ടു.
"കുമാരന്റെ പറമ്പില് തേങ്ങ ഇടുമ്പോ തെങ്ങീന്ന് വീണതല്ലേ.. വല്ലാത്തൊരു കഷ്ടമായിപ്പോയി അയിന്റെ കാര്യം "
" ഇത്രേള്ളൂ മനുഷ്യന്മാരുടെ കാര്യം.. ഏതു കൊമ്പിലും വലിഞ്ഞ് കേറാനൊരുത്തനുള്ളതാ ഇപ്പ്രദേശത്ത്.. ഇനിയിപ്പോ എല്ലാരും യന്ത്രത്തിക്കേറാന് പഠിക്കേണ്ടി വരും.. "
പ്രേമ നെടുവീർപ്പിട്ടു..
"ത്രേസ്സ്യാമ്മചേടത്തീടെ മോള് പെറ്റൂട്ടാ.. പെൺകുട്ടിയാ.. "
ശോകമൂകമായ അന്തരീക്ഷത്തെ തടുപെടേന്ന് ആഹ്ലാദ പ്രകടനങ്ങളിലേക്ക് തള്ളിവിടുകയായിരുന്നു റംലയുടെ ആ വാക്കുകൾ..
എല്ലാവരും സന്തോഷം കൊണ്ട് മതിമറക്കുന്നതായി രേഖപ്പെടുത്തി.
"എത്രനാളുകൊണ്ട് ദൈവത്തെ വിളിച്ച് പ്രാർത്ഥിക്കുന്നതാ.. അവനാന്റെയെന്ന് പറയാൻ തമ്പുരാൻ ഒന്നിനെ തരിക തന്നെ വേണം.."
അമ്മുവമ്മയുടെ അഭിപ്രായത്തെ എല്ലാവരും ശരിവെച്ചു..
"എടിയേ സുബൈദാ.. മോന്തിയാവാറായി.. ഇജ്ജ് ഇപ്പളും കൂട്ടില് മൊളഞ്ഞില്ല്യേടിയെ "
സുബൈദാത്താടെ കെട്ടിയോൻ പതിവ് പല്ലവി പാടിയപ്പോളാണ് മഹിളാരത്നങ്ങൾ സ്ഥലകാല സമയ ബോധം വീണ്ടെടുത്തത്..
വിടചൊല്ലേണ്ടി വന്നതിന്റെ തീരാവേദന ഉള്ളിലൊതുക്കി സംഘങ്ങങ്ങൾ ഓരോരുത്തരായി രംഗമൊഴിഞ്ഞു..
അമ്പലത്തിലെ ഉച്ചഭാഷിണിയിൽനിന്ന് കർണാനന്ദകരമായ ഭക്തിഗാനങ്ങൾ ഒഴുകിക്കൊണ്ടേയിരുന്നു..
പള്ളിയിൽ മുക്രിക്ക ബാങ്ക് കൊടുത്തു..
ഗ്രാമം അടുത്ത പുലരിയെ വരവേൽക്കാൻ ഇരുട്ടിനെ നിലാവ് കൊണ്ടലങ്കരിച്ചു... !

By: 
Naseeha Shameel

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot