നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

"ഒരു ആത്‍മഹത്യക്കുറിപ്പിന്റെ കഥ" പുതുവത്സര രചന മത്സരം 2017 (കഥ വിഭാഗം)


ഒരുപാട് നാളുകൾക്കു ശേഷമാണ് അനു അമ്മയുടെ മടിയിൽ തലവെച്ചു അങ്ങനെ കിടന്നത് .ഭൂമിയിലെ മറ്റൊന്നിനും നൽകാൻ കഴിയാത്തൊരു സുഖം അമ്മയുടെ വിരലുകൾ തന്റെ നെറ്റിയിലൂടെ തലോടിയപ്പോൾ അവൾക്ക് അനുഭവപെട്ടു .അവളെ എന്തോ അലട്ടുന്നതായി ആ അമ്മക്ക് തോന്നിയെങ്കിലും അവർ അത് തുറന്നു ചോദിച്ചില്ല. അച്ഛനും അമ്മയ്ക്കും അനിയത്തിക്കുമൊപ്പമിരുന്നാണ് അനു അന്ന് ഭക്ഷണം കഴിച്ചതു .സന്തോഷം മാത്രം തിങ്ങി നിറഞ്ഞ ഒരു രാത്രി .തന്റെ റൂമിൽ കയറി വാതിൽ അടച്ചതും, അത് വരെ ഉള്ളിൽ ഒതുക്കി പിടിച്ചത് മുഴുവൻ ഒരു തേങ്ങലായി പുറത്തോട്ടൊഴുകി .അവൾക്കു അവളെ തന്നെ നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല .അവസാനമായി ഒരിക്കൽ കൂടി അഭിയെ വിളിക്കാൻ തോന്നി .ഫോൺ എടുത്ത് അഭിയുടെ നമ്പർ ഡയൽ ചെയ്തു .സ്വിച്ച് ഓഫ് എന്ന് മറുപുറക്കലുള്ള ശബ്ദം അവളെ അറിയിച്ചു.സ്വിച്ച് ഓഫ് അല്ലെങ്കിലും അവൻ കാൾ എടുക്കില്ലെന്ന് അവൾക്ക് അറിയാമായിരുന്നു .എന്നാലും വെറുതെ വിളിച്ചു എന്നെ ഉള്ളൂ .അവനോടുള്ള അവളുടെ സ്നേഹം അത്രമാത്രം തീവ്രമായിരുന്നു .അതുകൊണ്ടു മാത്രമാണ് താൻ വഞ്ചിക്കപ്പെട്ടു എന്നറിഞ്ഞിട്ടു പോലും അവൾക്കിപ്പോഴും അവനെ വിളിക്കാൻ തോന്നിയത് .അവൻ തന്റെ പഴയ അഭിയായി തിരിച്ചു വരും എന്ന വിശ്വാസത്തിലാണ് അവൾ ഇത്ര നാളും ജീവിച്ചത് .അവനെ പറ്റി ഒരുപാട് കഥകൾ കേട്ടെങ്കിലും അതൊന്നും വിശ്വസിക്കാൻ അവളുടെ സ്നേഹം അവളെ അനുവദിച്ചില്ല .പക്ഷെ ഇനി പ്രതീക്ഷകൾക്ക് സ്‌ഥാനമില്ല .അഭിയുടെ വിവാഹം നിശ്ചയിക്കപ്പെട്ടിരിക്കുന്നു . അവൻ ഇനി ഒരിക്കലും തന്റെ ജീവിതത്തിന്റെ ഭാഗമാകില്ലെന്ന സത്യം അവൾക്ക് ഉൾകൊള്ളാൻ ആവുന്നതായിരുന്നില്ല .സ്വന്തം എന്ന് കരുതി നല്കിയതെല്ലാം അവൾക്ക് നഷ്ടപ്പെട്ട് കഴിഞ്ഞിരിക്കുന്നു .എല്ലാം നഷ്ടപെട്ടവളെ പോലെ അവൾ വിതുമ്പി .ഇനി എന്തിനു വേണ്ടി ജീവിക്കണം ,ആർക്കു വേണ്ടി ജീവിക്കണം .അവളുടെ ചിന്താമണ്ഡലങ്ങളിൽ ഒരായിരം ചോദ്യങ്ങൾ ഉയർന്നു വന്നു .ഒന്നിനുപോലും ഉത്തരം കണ്ടെത്താൻ അവൾക്കായില്ല .എന്തോ ഒരു തീരുമാനം എടുത്തവളെ പോലെ അവൾ കട്ടിലിൽ നിന്ന് പതുക്കെ എഴുന്നേറ്റു .കുറച്ചു നേരം രാത്രിയുടെ പേടിപ്പിക്കുന്ന ഭീകരതയിലേക്ക് നോക്കി നിന്നു .മേശയിൽ നിന്ന് ഒരു നോട്ടുപുസ്തകമെടുത്തു .വിറയ്ക്കുന്ന കൈകളോടെ അവൾ എഴുതാൻ തുടങ്ങി."എന്റെ ഏറ്റവും പ്രിയപ്പെട്ട അച്ഛനും അമ്മയ്ക്കും പിന്നെ എന്റെ അനിയത്തികുട്ടിക്കും ".അത്ര എഴുതി തുടങ്ങിയപ്പോഴേക്കും അടർന്നു വീണ കണ്ണീരിൽ മഷി പരന്നു .പിന്നെയും എന്തൊക്കെയോ അവൾ എഴുതി.അവൾക്ക് അവരോടുള്ള സ്നേഹത്തെപറ്റി ,ചിലഏറ്റുപറച്ചിലുകൾ , ക്ഷമാപണങ്ങൾ എല്ലാം ഉണ്ടായിരുന്നു ആ കുറിപ്പിൽ .പക്ഷെ അപ്പോഴും അവൾ അഭിയെ കുറിച്ചൊന്നും എഴുതിയില്ല .കാരണം അവളുടെ സ്നേഹത്തിനു അത്ര മാത്രം തീവ്രതയുണ്ടായിരുന്നു .അവൾക്കു ദേഷ്യം അഭിയോടായിരുന്നില്ല ,അവനെ സ്നേഹിച്ച തന്നോട് തന്നെയായിരുന്നു .അവൾ തന്റെ ആത്‍മഹത്യ കുറിപ്പ് വീണ്ടും വീണ്ടും വായിച്ചു .എട്ടു മണിയുടെ പാസഞ്ചർ നാളെ ചൂളം വിളിച്ചുകൊണ്ട് വരും ,തന്റെ ഈ വേദനകളിൽ നിന്ന് മുക്‌തയാക്കാനായിരുക്കും നാളെ അതിന്റെ വരവ് .അവൾ അത് മനസ്സിലുറപ്പിച്ചു കഴിഞ്ഞിരുന്നു .അതെ പാസഞ്ചറിൽ വച്ചാണ് രണ്ടു വര്ഷം മുൻപ് അഭിയെ കാണുന്നതും പരിചയപ്പെടുന്നതും .പിന്നീടങ്ങോട്ട് ഒരുമിച്ചുള്ള എത്രയോ യാത്രകൾ ,അവൻ നിറമേകിയ ഒരു പാട് സ്വപ്‌നങ്ങൾ ,ഒരു പാട് സുന്ദരമായ നിമിഷങ്ങൾ .എല്ലാം വെറും അഭിനയം മാത്രമായിരുന്നു എന്ന് അവൾക്കിപ്പോഴും വിശ്വസിക്കാൻ ആവുന്നില്ല .തന്റെ ആത്മഹത്യാ കുറിപ്പിൽ മുഖമമർത്തി കരഞ്ഞു കരഞ്ഞു തളർന്നവൾ ഉറക്കത്തിലേക്കു വഴുതി വീണു ..
പിറ്റേ ദിവസം എട്ടുമണിയുടെ പാസ്സഞ്ചർ സ്റ്റേഷനിലേക്കി കുതിച്ചു കൊണ്ട് വന്നു .അതിന്റെ ചൂളം വിളി അവളൂടെ കാതുകളിലേക്കു തുളച്ചു കയറിയതവൾ ഓർക്കുന്നു .പിന്നീട് ഒരു ഇരുട്ടായിരുന്നു പേടിപ്പെടുത്തുന്ന ഒരു ഇരുട്ട് .ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും പരക്കം പായുന്നു .അറ്റു പോയ കൈ കാലുകളിൽ അപ്പോഴും ജീവന്റെ സ്പന്ദനം തുടിക്കുന്നുണ്ടായിരുന്നു .പിന്നീട് കണ്ണ് തുറന്നപ്പോൾ അവൾ ഒരു മാലാഖയോടൊപ്പം നടക്കുകയായിരുന്നു .സുന്ദരിയായ മാലാഖയുടെ കയ്യും പിടിച്ചു ഒരു കൊച്ചു കുട്ടിയെ പോലെ അവൾ മേഘങ്ങൾക്കിടയിലൂടെ നടന്നു .അങ്ങ് ദൂരെ അവൾക്കു അവളുടെ വീട് കാണാമായിരുന്നു .കുറച്ചുകൂടെ മുന്നോട്ട് അവർ നടന്നു.വീടിനു പുറത്തു ആളുകൾ കൂട്ടം കൂടി നിൽക്കുന്നു എന്തോ കാഴ്ച കാണാനെന്ന പോലെ .ഉമ്മറത്തു തന്റെ ജീവനറ്റ പൊതിഞ്ഞു കെട്ടിയ ശരീരത്തെ കെട്ടിപിടിച്ചു ഒരു ഭ്രാന്തനെ പോലെ പുലമ്പുന്ന അച്ഛൻ .പ്രസവമുറിയുടെ പുറത്തു തന്നെ കയ്യിലേക്ക് ഏറ്റു വാങ്ങിയ നിമിഷം തൊട്ട് ഇന്നലെ രാത്രി തനിക്കു വച്ച് നീട്ടിയ ഒരുരുള ചോറിന്റെ ഓർമ്മ വരെ ഉണ്ടായിരുന്നു അച്ഛന്റെ നെഞ്ചത്തടിച്ചുള്ള ആ കരച്ചിലിൽ .താൻ മറന്ന തന്നെ കുറിച്ചുള്ള എത്രയോ കാര്യങ്ങൾ അച്ഛൻ പൊടിയുടെ ഒരംശം പോലും തട്ടാതെ മനസ്സിൽ എന്നും സൂക്ഷിച്ചിരുന്നുവോ .ഈ സ്നേഹത്തെ എങ്ങനെയാണു തനിക്കു നഷ്ടപ്പെടുത്താൻ തോന്നിയത് .കൂടുതൽ സമയം അച്ഛനെ ആ അവസ്‌ഥയിൽ കാണാൻ അവൾക്കായില്ല .തന്റെ മുറിയിലേക്കവൾ എത്തി നോക്കി.അലമാരയിൽ നിന്ന് ഡ്രെസ്സുകൾ എല്ലാം പുറത്തു വലിച്ചിട്ടിരിക്കുന്നു .നിലത്തു വലിച്ചിട്ടിരിക്കുന്ന തന്റെ കുപ്പായങ്ങൾ കെട്ടിപിടിച്ചു കരയുന്ന തന്റെ കുഞ്ഞനുജത്തി .കരഞ്ഞു കരഞ്ഞവൾ തളർന്നു വീഴാനായിരിക്കുന്നു .ഇത്രയും നിഷ്കളങ്കമായ സ്നേഹത്തിനു യാതൊരു വിലയും കല്പിക്കുവാൻ തനിക്കു തോന്നാതിരുന്ന ആ നിമിഷത്തെ അവൾ ശപിച്ചു .ആളുകൾക്കിടയിൽ അവൾ അമ്മയെ തിരഞ്ഞു .അമ്മയെ അവിടെയൊന്നും കാണാൻ കഴിഞ്ഞില്ല .അവൾ മാലാഖയെ നോക്കി .മാലാഖ അവളുടെ കൈ പിടിച്ചു പതുക്കെ നടന്നു .അപ്പോഴും അച്ഛന്റെ ഭ്രാന്തമായ പുലമ്പൽ അവൾക്കു കേൾക്കാമായിരുന്നു .മാലാഖ അവളെ കൊണ്ട് നിർത്തിയത് ഒരാശുപത്രിയുടെ ചില്ലിട്ട മുറിക്കു പുറത്താണ് .തന്റെ അവസ്‌ഥ അറിഞ്ഞ ആ നിമിഷം നഷ്ടപെട്ട ബോധം ഇതുവരെ വീണ്ടെടുക്കാൻ കഴിയാതെ ചില്ലിട്ട മുറിക്കുളിൽ അമ്മയുടെ ആ കിടപ്പു അവളെ തകർത്തു .എന്തൊരു വലിയ പാപമാണ് താൻ ചെയ്തെതെന്ന് അവൾ സ്വയം ചിന്തിച്ചു .തന്റെ ഹൃദയത്തിനു താങ്ങാൻ പറ്റാത്ത കാഴ്ചകളാണ് കാണേണ്ടി വന്നത് .ആ കാഴ്ചകൾ അവളുടെ മനസ്സിനെ ഉലച്ചു .ഇവരുടെയൊക്കെ ആദ്മാർത്ഥമായ സ്നേഹത്തെ കാണാതെയും അറിയാതെയും , പെണ്ണിനെ വെറും കളിപ്പാട്ടമായി കണ്ട ഒരുത്തന്റെ കപട സ്നേഹത്തിന്റെ നഷ്ടദുഖത്തിൽ അങ്ങനെ ഒരു അവസാനം നിശ്ചയിച്ച അവളോട് അവൾക്കു തന്നെ വെറുപ്പ് തോന്നി .അവൾ പതുക്കെ മാലാഖയുടെ കൈ വിടുവിക്കാൻ ശ്രമിച്ചു .അവളെ തിരിച്ചയക്കാൻ അവൾ മാലാഖയോട് അപേക്ഷിച്ചു .മാലാഖ അവളെ തന്നിലേക്കി ചേർത്ത് നിർത്തി .എന്നിട്ടു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു ."ജീവിതത്തെ ജീവിതം കൊണ്ട് ജയിക്കുന്നതിനു പകരം നീ തിരഞ്ഞെടുത്തത് മരണത്തിലേക്കുള്ള ഒളിച്ചോട്ടമായിരുന്നു ,മരണത്തിനു ഇരുട്ടിന്റെ നിറമാണ് അതുകൊണ്ടു ആ ഇരുട്ടിൽ നിന്ന് ഇനി ഒരിക്കലും നിനക്ക് തിരികെ പോകാനാവുകയില്ല."ഒരു ഞെട്ടലോടെയാണ് മാലാഖയുടെ ഈ വാക്കുകൾ അവൾ കേട്ടത് .ഇനി ഒരിക്കലും തന്റെ അച്ഛന്റെയും അമ്മയുടെയും അനിയത്തിയുടെയും സുഹൃത്തുക്കളുടെ ആരുടെയും സ്നേഹം അനുഭവിക്കാൻ തനിക്കാവില്ലെന്ന സത്യം ശരിക്കും ഒരു ഞെട്ടൽ തന്നെ ആയിരുന്നു .ഒരു ഞെട്ടലോടെ തന്നെ അവൾ ആ സ്വപ്നത്തിൽ നിന്നുണർന്നു .അത് വെറും സ്വപ്നമായിരുന്നില്ല നാളെ നടക്കാൻ പോകുന്ന യാഥാർഥ്യമാണ് തന്റെ മുന്നിൽ ഒരു സ്വപ്നത്തിന്റെ രൂപത്തിൽ വന്നു പോയത് .അവൾ സമയം നോക്കി .എട്ടു മണിയുടെ പാസഞ്ചർ അവളെ കൊണ്ട് പോകാൻ ഇനി കുറച്ചു മണിക്കൂറുകൾ മാത്രം.തന്റെ ആത്മഹത്യാ കുറിപ്പവൾ അവസാനമായി ഒന്നു കൂടി വായിച്ചു .
പിറ്റേ ദിവസം എട്ടുമണിയുടെ പാസഞ്ചർ കൃത്യസമയത്തു തന്നെ പ്ലാറ്റഫോമിൽ വന്നു നിന്നു .അനു പതുക്കെ അതിൽ കയറി .വാതിലിനടുത്തു തന്നെ അവൾ നിന്നു .മരങ്ങളെയും കെട്ടിടങ്ങളേയും എല്ലാം പിന്നിലാക്കി തീവണ്ടി മുന്നോട്ടു കുതിച്ചു ,അതിന്റെ വേഗത കൂടി കൂടി വന്നു .അവൾ തലേ ദിവസം എഴുതിയ തന്റെ ആത്മഹത്യ കുറിപ്പെടുത്തു .പതുക്കെ അവൾ അത് ഒരുപാട് കഷ്ണങ്ങളാക്കി .ഓടുന്ന ട്രെയ്നിൽ നിന്ന് അവൾ ആ കടലാസ് കഷ്ണങ്ങൾ വലിച്ചെറിഞ്ഞു .കാറ്റിന്റെ ശക്തിയിൽ പലതും പല ദിക്കിലേക്കായി പറന്നു .അവൾ പറത്തി കളഞ്ഞത് വെറും ഒരു ആത്മഹത്യാ കുറിപ്പായിരുന്നില്ല ,നഷ്ടബോധത്തിന്റെ എല്ലാ ഓര്മകളെയുമായിരുന്നു .അവൾ പുഞ്ചിരിച്ചു ..വരാൻ പോകുന്ന ഒരു പാട് നല്ല ദിവസങ്ങളെ ഓർത്ത്.അന്ന് ആ നിമിഷം മുതൽ അവൾ വീണ്ടും ജീവിതത്ത സ്നേഹിച്ചു തുടങ്ങി ...സ്വപ്നത്തിലെ മാലാഖയുടെ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങി
"ജീവിതത്തെ ജീവിതം കൊണ്ടാണ് ജയിക്കേണ്ടത് "…
ഹരി നായർ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot