ആകാശത്ത് കറുപ്പ് നിറം പടര്‍ന്ന് ഘനീഭവിച്ചു കിടക്കുന്നു . നേരിയ തണുപ്പ് മാത്രം അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. പ്രകൃതി പോലും നിസ്സംഗത ഭാവിക്കുന്ന ഈ നരച്ച സന്ധൃയില്‍, വലിയൊരു ആല്‍മരത്തിനു താഴെ, കുറച്ചു മാറി, കാലപ്പഴക്കത്താല്‍ ചായമടര്‍ന്ന ആ ശവക്കല്ലറക്കു മുന്നില്‍, ഒരു കൊച്ചുക്കുട്ടിയെപ്പോള്‍, ദത്തന്‍ തേങ്ങുകയായിരുന്നു. അയാള്‍ പതിയെ ആ കല്ലറയില്‍ തലോടി. ഒരിറ്റു കണ്ണീര്‍ കല്ലറയില്‍ വീണു ചിതറി. തന്നോടുളള ഒരുപാട് ചോദൃങ്ങളും, ശകാരങ്ങളും,സങ്കടങ്ങളുമായി, മോക്ഷം കിട്ടാത്ത ഒരു ആത്മാവ് ആ കല്ലറയില്‍ വിലപിക്കുന്നുണ്ട്. ''ടീച്ചറെ മാപ്പ്..... ചെയ്തുക്കൂട്ടിയ എല്ലാ കൊടും ക്രൂരതകള്‍ക്കും '' ഉളളിലുയര്‍ന്ന വിങ്ങലോടെ, അയാള്‍ കല്ലറയില്‍ മുഖമമര്‍ത്തി മുട്ടുകുത്തിയിരുന്നു. ഒരു കൊലപാതകിയായിട്ടാണ് കല്ലറയില്‍ മുഖമമര്‍ത്തിയതെന്ന ചിന്ത അയാളുടെ ഉള്ള് പൊളളിച്ചു. വല്ലാത്തൊരു വേപഥുവോടെ അയാള്‍ കല്ലറയില്‍ മുഖമിട്ടുരസി. '' മാനസാന്തരപ്പെട്ട ഒരു മനുഷൃനായി ഒരിത്തിരി നേരം ഞാനിവിടെ ഇരുന്നോട്ടെ ടീച്ചര്‍ ?'' തൊണ്ടയിലോളമെത്തിയ ഒരു കരച്ചിലില്‍ അയാള്‍ കല്ലറയില്‍ തളര്‍ന്നിരുന്നു. കൊലപാതകത്തിനുളള ശിക്ഷയും കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോള്‍, തന്നെ ആവേശപ്പൂര്‍വം കൊണ്ടു പോകാനെത്തിയ അണികളെ അവഗണിച്ച്, കുറ്റബോധത്താല്‍ ഉമിത്തീയായി നീറുന്ന മനസ്സോടെ അയാള്‍ നേരെ വന്നത്, തന്‍െറ പ്രിയപ്പെട്ട മഹേശ്വരി ടീച്ചറിന്‍െറ കല്ലറയും ലക്ഷൃമാക്കിയാണ്...... ഈ വിജനതയില്‍, ടീച്ചറിന്‍െറ കല്ലറക്കരികില്‍ വല്ലാത്തൊരു ആശ്വാസം തോന്നി അയാള്‍ക്ക്. എന്നോ നഷ്ടപ്പെട്ട ഉറക്കം കണ്ണുകളില്‍ വിരുന്നു വന്നതുപ്പോലെ അയാളുടെ കണ്ണുകള്‍ പതിയെ അടഞ്ഞു്. ''ആരാത്?'' ചെറുകാറ്റിലുലയുന്ന ആലിലകളുടെ മര്‍മ്മരവും ശ്രവിച്ച് മയക്കത്തിലാണ്ടു കിടക്കുമ്പോള്‍, അരികില്‍ നിന്നുയര്‍ന്ന ശബ്ദം കേട്ട് അയാള്‍ ഞെട്ടിയുണര്‍ന്നു നോക്കി..... നീര്‍ നിറഞ്ഞ മിഴികള്‍ക്കപ്പുറം, തന്നെയും ശ്രദ്ധിച്ചു നില്‍ക്കുന്ന, ദയനീത നിറഞ്ഞ ഒരു വൃദ്ധ സ്ത്രീ. കുഴിഞ്ഞ കണ്ണുകളില്‍ സംശയം നിഴലിക്കുന്നതു കണ്ടപ്പോള്‍ അയാള്‍ പതിയെ കല്ലറക്കരികില്‍ നിന്നെഴുന്നേറ്റു. ''ദൂരേന്നാ.....ഈ ടീച്ചര്‍ വര്‍ഷങ്ങളള്‍ക്കു മുന്‍പ് എന്നെ പഠിപ്പിച്ചിട്ടുളളതാ.. ആദൃാക്ഷരങ്ങള്‍ മനസ്സിലേക്ക് പകര്‍ന്നു തന്നത് എന്‍െറ ഈ ടീച്ചറായിരുന്നു '' കല്ലറയിലൊന്നു കയ്യോടിച്ചിട്ട്, നിറഞ കണ്ണുകളോടെ അയാള്‍ ആകാശത്തേക്കൊന്നു നോക്കി. ''ടീച്ചര്‍ പോയിട്ട് കൊറേ കാലായി മോനെ... ഒരു സൂക്കേടും ഉണ്ടായിരുന്നില്ല....'' ആ വൃദ്ധയുടെ തൊണ്ടയിടറി. കുഴിഞ്ഞ കണ്ണുകളില്‍ ഉറവയെടുക്കുന്ന നീര്‍.... ആ വൃദ്ധ ഒരു താങ്ങിനെന്ന വണ്ണം അയാളുടെ കെെകളില്‍ പിടിച്ചു. ''ന്‍റെ കുഞ്ഞുണ്ണീനെ അറിയോ മോന്‍ക്ക് ?'' അയാളുടെ കണ്ണുകളിലേക്ക് നോക്കി ആ വൃദ്ധ പതിയെ ചോദിച്ചു. ''പഠിക്കാന്‍ ബഹുമിടുക്കനായിരുന്നു.. എല്ലാ ക്ളാസിലും ഒന്നാമനായിരുന്നു... ഓന്‍റെ ബാപ്പ അന്തി വരെ മീന്‍ വിറ്റീട്ടാ, ഒാനെ കോളേജിലേക്കയച്ചു പഠിപ്പിച്ചിരുന്നേ....'' കുഴിഞ്ഞ കണ്ണുകളില്‍ ഉറവയെടുത്ത നീര്‍, പതിയെ ആ വൃദ്ധയുടെ ശുഷ്കിച്ച കവിളിലൂടെ ഒലിച്ചിറങ്ങി. ''ഒരീസം കോളേജിലേക്ക് പോയ ന്‍റെ മോന്‍ തിരിച്ചു വന്നത് ജീവനില്ലാതെയാ.. രാഷ്ട്രീയത്തിന്‍െറ പേരും പറഞ്ഞ് ഏതോ തെരുവ് നായ്ക്കള്‍ കടിച്ചു കീറി കൊന്നതാ ന്‍റെ കുഞ്ഞുണ്ണിയെ.... ന്‍റെ മോന്‍െറ മയ്യത്തു കണ്ട അന്നു വീണതാ ന്‍റെ ടീച്ചറും, ഓന്‍റെ ബാപ്പായും.. രണ്ടുപേരും പിന്നെ ജീവിതത്തിലോട്ട് തിരിച്ചു വന്നില്ല..... ആ വൃദ്ധ പതിയെ കല്ലറയിലിരുന്ന ചെറിയ വിളക്കെടുത്ത് കരിന്തിരി ദൂരെയെറിഞ്ഞു. ''ന്‍റെ മോനെ നല്ലഷ്ടായിരുന്നു ടീച്ചര്‍ക്ക് അവനെ എഴുതി പഠിപ്പിച്ചതും ടീച്ചറായിരുന്നു. ഒരു നിമിഷം ആ വൃദ്ധയുടെ കണ്ണുകള്‍ മുകളിലേക്ക് നീണ്ടു. ചുണ്ടുകള്‍ വിറച്ചു. കണ്ണില്‍ തീപ്പൊരി ചിതറി .... ''ഞങ്ങടെ മോനെ കൊന്ന്, ഞങ്ങക്കീ ഗതി വരുത്തിയ ആ പിശാചുകള്‍ക്ക് ഒരു കാലത്തും സ്‌വസ്ഥത കിട്ടില്ല........ ആ വൃദ്ധയുടെ തൊണ്ടയിടറി. ഒരു ആശ്രയിത്തിനെന്നവണ്ണം ആ വിറങ്ങലിച്ച കെെകള്‍ കല്ലറയിലമര്‍ന്നു..... ''ടീച്ചറുടെ മക്കളും, മരുമക്കളുമൊക്കെ ജോലി കിട്ടീട്ട് ഒാരോരോ ദേശത്താ.. ഇവിടെ വൃത്തിയാക്കുന്നതും, വിളക്കു വെക്കുന്നതും ഞാനാ.... ദുനിയാവിലൊറ്റപ്പെട്ട ക്ക്, ന്‍റ റൂഹ് പോവുംവരെ ങ്നെ ടീച്ചറെ നോക്കിക്കൊണ്ടു........ '' പറഞ്ഞത് മുഴുവിപ്പിക്കാനാകാതെ, ഒരു തേങ്ങലോടെ, പ്രാഞ്ചി പ്രാഞ്ചി നടന്നകലുന്ന ആ വൃദ്ധയെ നോക്കി നിന്നപ്പോള്‍, അയാളുടെയുള്ളില്‍ ഒരു സമുദ്രഗര്‍ജ്ജനം ഉയരുകയായിരുന്നു... തലച്ചോറില്‍ അട്ടകള്‍ പിടിമുറുക്കുന്നതുപ്പോലെ...... കുഞ്ഞുണ്ണി........ അയാള്‍ ആ പേര് പലവട്ടം മന്ത്രിച്ചു , ഒരു ഭ്രാന്തനെപ്പോലെ...... ഇല്ല അങ്ങിനെ ഒരാളെ തനിക്കറിയില്ല.... കോളേജ് ജീവിതത്തില്‍ അങ്ങിനെ ഒരാളെ കണ്ടുമുട്ടിയിട്ടില്ല......ആശ്വസിക്കാന്‍ ശ്രമിച്ചെങ്കിലും,പെട്ടെന്നാരു ചിന്ത അയാളുടെ മനസ്സിനെ കീഴ്മേല്‍ മറിച്ചു... കുഞ്ഞുണ്ണിയെന്നത് വീട്ടിലെ വിളിപ്പേരാണെങ്കിലോ ? തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടുന്നതായി അയാള്‍ക്ക് തോന്നി.മുടിയില്‍ ഇരു കെെകളാല്‍ അള്ളിപ്പിടിച്ചുക്കൊണ്ട് കല്ലറയ്ക്കരികിലിരുന്നു.. പുത്രവിയോഗത്തിന്‍െറ ദുഃഖാഗ്നിയില്‍ ഉരുകിത്തീരുന്നവരുടെ ഒാര്‍മ്മകള്‍ മനസ്സിലേക്കിരച്ചു കയറുന്നത് അയാള്‍ അറിഞ്ഞു..... ആരുടെയൊക്കെയോ ചുടുച്ചോര മുഖത്ത് തെറിക്കുന്നു........ ജീവനുവേണ്ടി യാചിക്കുന്നവരുടെ അവസാനപ്പിടച്ചിലെ ദയനീയ നോട്ടം.... കൂട്ടക്കരച്ചിലുകള്‍..... രോദനങ്ങള്‍....... ആരുടെയൊക്കെയോ ശാപവര്‍ഷങ്ങള്‍....... ഗതികിട്ടാത്ത ആത്മാക്കള്‍ തനിക്കു ചുറ്റും കരാളനൃത്തം ചെയ്യുന്നതുപ്പോലെ..... അയാള്‍ കണ്ണുകള്‍ ഇറുകെപ്പൂട്ടി........ മനക്കണ്ണില്‍ മഹേശ്വരി ടീച്ചറിന്‍റെ മുഖം തെളിയുന്നു..... നെറ്റിയിലെ ഭസ്മക്കുറി ഇപ്പോഴുമുണ്ട്. ''എവിടെയാണ് ടീച്ചറെ എനിക്ക് തെറ്റ് പറ്റീത്... ടീച്ചറെ നല്ല കുട്ടിയായിരുന്നില്ലേ ഞാന്‍ ? എവിടെ വെച്ചാ ന്‍റെ കാലിടറിയത ?'' അയാളുടെ കരച്ചില്‍ നിറഞ്ഞ നിശബ്ദതയെ ഭേദിച്ചുക്കൊണ്ടിരുന്നു. കുറ്റബോധത്താല്‍ ചുട്ടുപ്പൊള്ളുന്ന മനസ്സിലേക്ക്,ആശ്വാസത്തിന്‍റെ ഇടവപ്പാതിപ്പോലെ ഭൂതക്കാലം പെയ്തിറങ്ങുന്നത് അയാളറിഞ്ഞു.... അച്ഛന്‍റെയും, അമ്മയുടെയും കെെ പിടിച്ച്, ആശങ്കയോടെയും, ആകാംക്ഷയോടെയും ഒന്നാം ക്ളാസ്സിന്‍റെ പടി കയറിയത്...... തറയിലെ പൂഴിമണലില്‍, തന്‍റെ കെെവിരല്‍ പിടിച്ചു ആദൃാക്ഷരങ്ങള്‍ എഴുതിപ്പിച്ച മഹേശ്വരി ടീച്ചര്‍ ....... പഠിത്തത്തില്‍ ഒന്നാമനായി ഓരോ ക്ളാസും കയറിച്ചെന്നപ്പോള്‍, ടീച്ചര്‍മാരുടെ സ്നേഹവും, ലാളനയും ആവോളം കിട്ടിയ സ്ക്കൂള്‍ക്കാലം... മുഴുദാരിദ്രൃം ആയിരുന്നെങ്കിലും, അതൊന്നുമറിയിക്കാതെ, തന്നെ പഠിപ്പിച്ച് ഉയരങ്ങളിലെത്തിക്കാന്‍ അഹോരാത്രം പാടുപ്പെട്ട പാവം അച്ഛനും, അമ്മയും... പ്രതീക്ഷയോടെ, ഒരു നല്ല ഭാവി മനസ്സില്‍ കണ്ടാണ്, നഗരത്തിലെ പ്രശസ്തമായ കോളേജില്‍ ചേര്‍ന്നത്...... പഠിത്തത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ദിവസങ്ങളിലൊന്നില്‍, അലസമായ ഒരു ഫ്രീ അവറില്‍ , ആകാശത്തേക്ക് മുഷ്ടി ചുരുട്ടി,ഉച്ചത്തില്‍ മുദ്രവാകൃവും വിളിച്ച്, വരാന്തയിലൂടെ നടന്നു നീങ്ങുന്ന ഒരു ജാഥയിലേക്ക് കയറിച്ചെന്നത് ഇപ്പോഴും ഒാര്‍ക്കുന്നു.... അതൊരു തുടക്കമായിരുന്നു...... അവിടന്നങ്ങോട്ട് പ്രസ്ഥാനത്തിന്‍െറ കരുത്തുറ്റ കാവല്‍ക്കാരനായി തീരുകയായിരുന്നു... എതിര്‍പക്ഷക്കാരെ ചവിട്ടിയും, മെതിച്ചും, കൊന്നും, കൊലവിളിച്ചും കോളേജിനു പുറത്തേക്കും പടനയിച്ചപ്പോള്‍ നേതാക്കളുടെ കണ്ണിലുണ്ണിയായ് മാറി..... താന്‍ ചെയ്ത കൊലപാതകങ്ങള്‍, നേതാക്കളുടെ നിര്‍ദേശപ്രകാരം, നിരപരാധികള്‍ ഏറ്റെടുത്തപ്പോള്‍, ഒളിത്താവളത്തിലിരുന്നു, മദൃത്തിലും, മയക്കുമരുന്നിലും മുങ്ങി ജീവിതം ആഘോഷിക്കുകയായിരുന്നു..... ആ ആഘോഷരാവുകളുടെ ചിത്തഭ്രമത്തില്‍ മുങ്ങി, മനസ്സില്‍ നിന്നും മനപൂര്‍വം പടിയിറക്കിയത്, തന്‍റെ ജീവിതത്തില്‍ നിറഞ്ഞ പ്രകാശം പരത്തിയ മൂന്നു പേരെയായിരുന്നു........ മുടിയനായ പുത്രനെയോര്‍ത്ത് മരണം വരെ സങ്കടപ്പെട്ട അച്ചനും, അമ്മയും........ പിന്നെ തന്നോടൊരുമിച്ചുളള ജീവിതവും സ്വപ്നവും കണ്ട്, മിഴികളില്‍ നക്ഷത്രത്തിളക്കവുമായി, കോളേജ് കാമ്പസ്സില്‍ ഒരു പൂത്തുമ്പിയായ് പാറിനടന്നിരുന്ന ആന്‍മരിയ എന്ന പാവം പെണ്‍ക്കുട്ടിയെയും...... ... ഈ നഷ്ടങ്ങളുടെ തീരാവേദന അറിയാന്‍,ആരോ ചെയ്ത കൊലപാതകം തനിക്കുമേല്‍ ചുമത്തി, പാര്‍ട്ടിയില്‍ തനിക്കൊരു വെല്ലുവിളിയായി തീരുമെന്ന് കരുതി, തന്നെ മനപ്പൂര്‍വം ജയിലിലേക്കയച്ച നേതാവിന്‍റെ, പാര്‍ട്ടിയില്‍ ആരും ശാശ്വതരല്ലായെന്ന നിശബ്ദമായ ഓര്‍മ്മപ്പെടുത്തല്‍ വരെ കാത്തിരിക്കണ്ടി വന്നുവെന്നത് യഥാര്‍ത്ഥൃം... ''മോനേ.. ദത്തു... മഴ വരണ്ട്...... മഴ കൊണ്ടാ ന്‍റെ മോന് പനി പിടിക്കും'' കല്ലറയില്‍ നിന്നും ടീച്ചറുടെ ശബ്ദമുയരുന്നതുപ്പോലെ തോന്നിയപ്പോള്‍ അയാള്‍ ചെവികള്‍ വട്ടം കൂര്‍പ്പിച്ചു. ''ന്‍റെ മോന്‍ നന്നാവും... ടീച്ചറല്ലേ പറയുന്നേ ?.... പ്രായശ്ചിത്തമല്ലേ കുട്ടാ ഏറ്റവും വലിയ പരിഹാരം ?'' അന്തരീക്ഷത്തില്‍ നനഞ്ഞ ഭസ്മത്തിന്‍റെ സുഗന്ധം നിറയുന്നു..... ഒരു തണുത്ത കാറ്റ് അയാളെ തഴുകി കടന്നുപോയ്....... അയാള്‍ പതിയെ കല്ലറയില്‍ നിന്ന് മുഖമുയര്‍ത്തി. കവിളില്‍ കണ്ണീര്‍ വററിയ പാടുകള്‍... ''അതേ ടീച്ചര്‍ .... ദത്തു പോകാണ്,ഇവിടം വിട്ട്.... എല്ലാ ഇസങ്ങള്‍ക്കും, മതങ്ങള്‍ക്കും മേലെ സ്നേഹം വിളങ്ങുന്ന നാട്ടിലേക്ക്........... മനുഷൃന്‍, മനുഷൃനായി ജീവിക്കുന്ന മണ്ണിലേക്ക്........ മാതാപിതാഗുരുക്കളെ ദെെവമായി കാണുന്നവരുടെ മനസ്സിലേക്ക്...... ആ വാഗ്ദത്തഭൂമിയിലേക്ക് എത്ര ദൂരമുണ്ടെന്നറിയില്ല... അമ്മയുടെയും, അച്ഛന്‍െറയും, ടീച്ചറിന്‍റയും പ്രാര്‍ത്ഥന മാത്രം മതിയെനിക്ക്, ആ ദൂരം തളരാതെ താണ്ടാന്‍.... മാനത്തു നിന്ന് ആദൃമഴത്തുളളികള്‍ അയാള്‍ക്കുമേല്‍ വീണു... ഒരു നിമിഷം മൗനമായി പ്രാര്‍ത്ഥിച്ച്, അവസാനമായൊന്നു ആ കല്ലറയില്‍ തലോടി അയാള്‍ തിരിഞ്ഞു നടന്നു.. വര്‍ഷങ്ങള്‍ക്കു മുന്‍പ്, ക്ളാസ് കഴിഞ്ഞ് ടീച്ചറുടെ കെെയ്യും പിടിച്ചു വീട്ടിലേക്കു പോകുന്ന ആ ഒന്നാം ക്ളാസുക്കാരനെ പോലെ.......... വീട്ടില്‍ കാത്തിരിക്കാന്‍ അച്ചനും, അമ്മയും ഇല്ലെന്ന യഥാര്‍ത്ഥൃം സങ്കടമഴയായി അയാളില്‍ നിറഞ്ഞെങ്കിലും, അകലെ സെന്‍റ് തെരേസാസ് കോണ്‍വെന്‍റിലെ ഇരുളാര്‍ന്ന ഒരു മുറിയില്‍, സങ്കടങ്ങളും, പ്രാര്‍ത്ഥനകളുമായി, യഥാര്‍ത്ഥ പ്രണയം കൊടുംവേനലില്‍ പോലും കൊഴിഞ്ഞുപോകില്ലായെന്ന് തന്നെ പഠിപ്പിച്ച, നക്ഷത്രമിഴികളില്‍ പൂക്കാലവുമൊരുക്കി തനിക്കുവേണ്ടി കാത്തിരിക്കുന്ന ആന്‍മരിയയെ ഓര്‍ത്തപ്പോള്‍, മനസ്സിലൊരു പുലര്‍വെട്ടം നിറയുന്നതും,നടത്തം വേഗതയേറുന്നതും അയാളറിഞ്ഞു........ കുറച്ചു ദൂരം പിന്നിട്ടപ്പോള്‍, തനക്കഭിമുഖമായി വരുന്ന ഒരു വിലാപയാത്ര അയാള്‍ കണ്ടു... മുന്നില്‍ നടക്കുന്ന നേതാവിനെ കണ്ടതും അയാളുടെ മുഖത്ത് ഒരു പുച്ഛഭാവം നിറഞ്ഞു .കറുത്ത ബാഡ്ജ് ധരിച്ച ആ നേതാവിന്‍റെ കട്ടിക്കണ്ണടക്കുളളില്‍, ഇരയെ കിട്ടിയ ഒരു വേട്ടക്കാരന്‍റെ പുഞ്ചിരിയില്ലേ ? .. രാഷ്ട്രീയത്തിന്‍റെയും, മതങ്ങളുടെയും പേരും പറഞ്ഞ് , അണികളെ ബലികൊടുത്ത് അധികാരത്തിന്‍റെ പടികള്‍ ഓരോന്നായി, അഹങ്കാരത്തോടെ നേതാക്കള്‍ കയറുമ്പോള്‍, ഉറ്റവരെയും, ഉടയവരെയും നിരാലംബരാക്കിക്കൊണ്ട്, അവര്‍ക്കെന്നും തീരാദുഃഖം നല്‍കി,, ആരുടെയൊക്കെയോ ആയുധങ്ങള്‍ക്ക് ഇരയായി തെരുവില്‍ പിടഞ്ഞുവീണ് മരിക്കുന്ന അണികളെന്ന വെറും ഈയാം പാറ്റകള്‍.. രാഷ്ട്രീയത്തിന്‍റെയും, മതത്തിന്‍റെയും പേരും പറഞ്ഞ് ഇനിയും ഇതുപോലെ എത്രയെത്ര ഈയാംപാറ്റ ജന്മങള്‍ ?? എല്ലാം നേടിയെന്ന് വിശ്വസിക്കുന്നിടത്ത്, എല്ലാം നഷ്ടപ്പെടുത്തിയതാണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത വെറും ഈയാംപാറ്റകള്‍... പ്രലോഭനങ്ങളുടെ അഗ്നിനാളങ്ങള്‍ക്കു ചുറ്റും അവ വീണ്ടും വീണ്ടും വന്നണയുകയും, കരിഞ്ഞമരുകയും ചെയ്യുന്നു.... ആരുടെയൊക്കെയോ കൊടുംശാപങ്ങളും പേറി, സ്വസ്ഥത കിട്ടാത്ത മനസ്സുമായി ഈ ജീവിതം എങ്ങിനെയോ ജീവിച്ചു തീര്‍ക്കുന്നവര്‍............ അല്ലെങ്കില്‍, തെറ്റുകളേറ്റ് പറഞ്ഞ് ക്ഷമ ചോദിക്കാനോ, പ്രായശ്ചിത്തം ചെയ്യുവാനോ കഴിയും മുന്‍പ്, ആരുടെയൊക്കെയോ ആയുധങ്ങള്‍ക്കു മുന്നില്‍ പിടഞ്ഞു തീരുന്നവര്‍.... ക്രൂരത ചെയ്ത ഒരു മനുഷൃനും, ഇന്നുവരെ സമാധാനത്തോടെ ഈ ഭൂമി വിട്ടുപോയിട്ടില്ലായെന്ന ചരിത്രം, ആര്‍ക്കോ വേണ്ടി മനപ്പൂര്‍വം മറക്കുന്ന വിഡ്ഢികള്‍ക്ക്, വാളെടുത്തവന്‍ വാളാല്‍ എന്ന മൊഴിയോര്‍ക്കാന്‍ എവിടെ നേരം ??? ആ ഒരു വരി ഒാര്‍ത്തപ്പോള്‍ അയാളുടെ നെഞ്ചൊന്നു കിടുങ്ങി......... മനസ്സില്‍ ഭൂതക്കാലത്തിന്‍റെ കടന്നല്‍ക്കൂടിളകി....... ഏതോ ഒരു ഇരുട്ടറയില്‍, തനിക്കുവേണ്ടി രാകിമിനുക്കുന്ന ആയുധങ്ങളുടെ ശബ്ദം കാതില്‍ വന്നണയുന്നതുപ്പോലെ....ഭീതിദമായ ആ ചിന്ത അയാളെ പരിഭ്രാന്തനാക്കി.... അത് പക്ഷേ മരിക്കുവാനുളള പേടി കൊണ്ടായിരുന്നില്ല.. പകരം നല്ലൊരു മനുഷൃനായി , ഇനിയുള്ള ജീവിതം , ഈ മനോഹരഭൂമിയില്‍ ജീവിച്ചു തീര്‍ക്കുവാനുള്ള കൊതി കൊണ്ടായിരുന്നു..
++++++++++++++++++++++++ written by.... Santhosh Appukuttan.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക