Slider

സ്ത്രീ മാനസം

0

ഉമ്മറക്കോലായിൽ സന്ധ്യയ്ക്കു ദീപം
തെളിക്കുമ്പോൾ ലക്ഷ്മി മൗനമായി പ്രാർത്ഥിച്ചു. ഈശ്വരാ ഉള്ളിൽ തുടിക്കുന്ന ഈ ജീവൻ പെൺ കുഞ്ഞാവരുതേ.
വിറയാർന്ന ചുണ്ടുകളും നനവാർന്ന മിഴികളുമായിഒരുമാത്ര കണ്ണടച്ചു നിന്നപ്പോൾ അവളറിഞ്ഞു ഉള്ളിൽ ആർത്തലക്കുന്ന സങ്കടങ്ങളുടെ തിരമാല.
ചെറുപ്പത്തിൽ മുത്തശ്ശി പറയാറുണ്ടായിരുന്നു
സ്ത്രീ മഹാലക്ഷ്മിയാണ്.വീടിന് വിളക്കാണ് എന്നൊക്കെ.
എന്നിട്ടെന്തേ ഞാനീ ഭർതൃവീട്ടിൽ മൂധേവിയായി മാറി.അച്ഛൻ പറയുമായിരുന്നു പണമല്ല എനിക്കു സമ്പത്ത് എൻ മകളാണെന്ന്.
പക്ഷേ ഭർത്താവിന്റെ വീട്ടുകാർക്ക് ഞാനെന്ന മകളേക്കാൾ വലുതായിരുന്നു പണവും സ്വർണ്ണവും.
അമ്മയുടെ കുറ്റപ്പെടുത്തലുകൾക്കും ഭാര്യയുടെ കണ്ണീരിനു മുന്നിലും നിസ്സഹായനായി നിൽക്കുന്ന ഭർത്താവ്.
മകളുടെ സുഖവിവരങ്ങളറിയാൻ എത്തുന്ന അച്ഛനും അമ്മയ്ക്കും നേരെ എന്നെക്കുറിച്ചുള്ള കുറ്റപ്പെടുത്തലും ശകാരങ്ങളും കേട്ട് ഉള്ളിൽ വിതുമ്പിക്കൊണ്ടിറങ്ങുന്ന അവരെ പലപ്പോഴും വാതിൽ മറവിലൂടെ കണ്ണീരാൽ ഞാൻ നോക്കി നിൽക്കും.
വിവാഹ പ്രായമാകുന്നതു വരെ പൊന്നു പോലെ നോക്കിയ മകൾ ഇന്നു പൊന്നിന്റെയും പണത്തിന്റെയും പേരിൽ കണ്ണീരണിഞ്ഞു നില്ക്കുന്നത് കാണേണ്ടി വരുന്ന ഒരു അച്ഛന്റേയും അമ്മയുടേയും നിസ്സഹായ അവസ്ഥ.
സമ്പത്തുള്ളവനു മകൾ മഹാലക്ഷ്മിയാകാം
എന്നാൽ സാധാരണക്കാരന് മകൾ വിവാഹ പ്രായമാകുമ്പോൾ ഒരു നീറ്റലാണ് നെഞ്ചിനുള്ളിൽ.
തന്റെ വിയർപ്പു തുള്ളികളാൽ സ്വരുക്കൂട്ടിയ സ്വർണ്ണമിട്ട് ഞാനന്നു പടിയിറങ്ങിയപ്പോൾവല്ലാത്തൊരു സന്തോഷമായിരുന്നു എന്റച്ഛന്.
ആ വിയർപ്പു തുള്ളികൾക്ക് എന്റെ കണ്ണീരിൻ നനവാണെന്ന് അറിഞ്ഞപ്പോൾ എത്ര മേൽ വിഷമിച്ചു കാണും ആ മനസ്സ്.
മോളേ എന്നൊരു വിളിയിൽ നിന്നും അമ്മേ എന്നൊരു വിളിയിലേക്കുള്ള ദൂരം എത്ര വലുതാണെന്ന് ഞാനിന്നറിഞ്ഞു.
എന്നെപ്പോലെ ഒരു പെൺ ജന്മം ഇനി വേണ്ട.
ഉള്ളിൽ തുടിക്കുന്ന ജീവൻ ഒരു ആൺകുഞ്ഞായാൽ മതി.അവനിലൂടെ കാലം എനിക്കൊരു മകളേ തരും.
സ്നേഹിക്കണം എനിക്ക്‌ അവളെ കൊതിതീരുവോളം മകളായി .
പെണ്ണ് മഹാലക്ഷ്മിയാണെന്ന മുത്തശ്ശിയുടെ വാക്ക് സത്യമായി തീർക്കണം.
... അലാറത്തിൻ ശബ്ദമാണവളെ ചിന്തയിൽ നിന്നും ഉണർത്തിയത്.ഇന്ന് മകന്റെ വിവാഹമാണ്.
101 പവൻ സ്വർണ്ണവും ഒരു കാറുമാണ് സ്ത്രീധനം.അതിൽ കുറച്ചൊരു പെണ്ണിനേയും നോക്കണ്ടന്ന് ബ്രോക്കറോട് പ്രത്യേകം പറഞ്ഞിരുന്നു.
ഭാഗ്യത്തിന് അങ്ങനൊരു പെണ്ണിനെ തന്നെ കിട്ടി. ആ മൂധേവി ഇനി എങ്ങനെ ആണോ എന്തോ.
...(ഇന്നലത്തെ വേദനകൾ ഇന്നത്തെ പ്രൗഢിയിൽ മനപ്പൂർവ്വം മറക്കുന്ന ഇരുകാലികളാണ് മനുഷ്യ നീ)
By....RemyaRajesh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo