Showing posts with label Yakshi. Show all posts
Showing posts with label Yakshi. Show all posts

::ചെമ്പൻക്കുന്നിലെ യക്ഷി:: ( ഭാഗം 7)


(തുടർച്ച - ഭാഗം 7)
ഇടിമിന്നലിനോടൊപ്പം ആർദ്ര മോളുടെ ശബ്ദം അന്തരീക്ഷത്തിൽ അലിഞ്ഞു ചേരുന്ന പോലെ തോന്നി. മായ അറിയാതെ വിളിച്ചു.
'' മോളെ.... "
ആ രൂപം അടുത്തടുത്ത് വരുന്നു. ഇപ്പോ രണ്ട് തലയില്ല. അടുക്കും തോറും വ്യക്തത വന്നു കൊണ്ടേയിരുന്നു.
"എന്താ മായേ ഇത് കുട എടുത്തായിരുന്നെങ്കിൽ ഇങ്ങനെ ഓടി വീഴണമായിരുന്നോ? " മോളെയും എടുത്ത് കൊണ്ട് ആ ഇരുത്തല ജീവി മുന്നിൽ വന്നു നിന്നു ചോദിച്ചു. പ്രകാശന്റെ ചോദ്യത്തിന് മായയ്ക്ക് ഉള്ളിൽ ദേഷ്യവും സങ്കടവുമെല്ലാം ഒന്നിച്ചു വന്നു.
''നിങ്ങളായിരുന്നോ ഞാൻ പേടിച്ചു പോയി. കുട, ഒന്നു പോയേ എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കാതെ. കുട എടുത്താലും ഓടി വീഴാൻ തന്നെയാ എന്റെ യോഗം. നിങ്ങളിപ്പോ വന്നില്ലാരുന്നെങ്കിൽ എന്റെയീ മോള് ഇപ്പോഴും കാറ്റും മഴയും ഇടിയും സഹിച്ച് ആ ചായിപ്പിൽ ഇരിക്കേണ്ടി വന്നേനേ. അതോർക്കുമ്പോ മഴയും കുടയുമൊന്നും മായയ്ക്ക് ഒന്നുമല്ല."
പ്രകാശൻ പിന്നെ ഒന്നും മിണ്ടിയില്ല. പല തവണ വണ്ടി വാങ്ങുന്ന കാര്യവും മോൾ ഒറ്റയ്ക്കാണെന്നും അവൾ അവനോട് പറഞ്ഞിട്ടുള്ളതാണ്.
" ആഹ്, വിധി അല്ലാതെയെന്ത്. നിങ്ങൾ മോളെയിങ്ങ് താ എന്നിട്ട് അങ്ങോട്ട് ചെല്ല് അവിടെ ആ അമ്മാവന്റെ കൊച്ചു മോള് ആ ചളിക്കുഴിയിൽ വീണു. അവിടെ വിളയിലെ രഘു ചേട്ടന്റെ മോൻ ശ്രീക്കുട്ടൻ മാത്രമേയുള്ളൂ."
മോളെയെടുക്കാനായി മായാ പിടിക്കും തോറും ആർദ്ര മോൾ അച്ഛന്റെ നെഞ്ചിലേക്ക് അമർന്നു കൊണ്ടേയിരുന്നു.
"അമ്മ എടുക്കേണ്ട അമ്മ നനഞ്ഞിരിക്കുവാ, എനിക്ക് തണുക്കും"
ആർദ്ര വാശിയോടെ പ്രകാശന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു.
"ആർദ്രേ വാ ഇങ്ങോട്ട് എന്നെ ദേഷ്യം പിടിപ്പിക്കല്ലേ."
"വേണ്ട നീ വിട്ടേര് അവളു വരില്ല വെറുതേ കരയിക്കേണ്ട. "
"ചേട്ടനപ്പോ അങ്ങോട്ട് പോകുന്നില്ലേ? "
"നീ വാ നിങ്ങളെ വീട്ടിലാക്കിയിട്ട് ഞാൻ വന്നു നോക്കാം. ഇറമ്പത്ത് മുറുക്കാൻ കടയിലും ചായകടയിലുമായി കുറേ ആണുങ്ങളിരിപ്പുണ്ട്. അവരെ അങ്ങോട്ട് പറഞ്ഞു വിടാം. ഞാനിപ്പോ നിന്നെയും മോളെയും കൂടി തനിച്ച് വിട്ടാൽ വീട്ടിലെത്തുന്നതിന് മുമ്പ് മഴ വീഴും. കുടയും ബ്യാഗും കവറും മോളും എല്ലാം കൂടി നീ കഷ്ടപ്പെടും. വാ നടക്ക് വെള്ളത്തിലിങ്ങനെ നിൽക്കേണ്ട."
മായ തിരിഞ്ഞൊന്ന് നോക്കി. ഒന്നും കാണാൻ വയ്യ കൂറ്റാക്കൂരിരുട്ട്. ഇറമ്പത്ത് എത്തിയപ്പോൾ പ്രകാശന്റെ അച്ഛനും അവിടെയുണ്ടായിരുന്നു. പ്രകാശൻ നേരെ കടയിലേക്ക് കയറി. അച്ഛനും മകനും തമ്മിൽ മിണ്ടാറില്ല. ഇറമ്പത്ത് നനഞ്ഞ് കുളിച്ച് നിൽക്കുന്ന മായയുടെ അടുത്തേക്ക് അച്ഛൻ ദാമു നടന്നു.
" എന്താ കുട്ടിയിത് മുഴുവൻ നനഞ്ഞല്ലോ"
" വരുമ്പോ വയലിൽ വച്ച് ചെരുപ്പ് പൊട്ടി, ഞാൻ വെള്ളത്തിലൊന്നു വീണു. അച്ഛന്റെ കടയിൽ ഇടയ്ക്ക് ഒരമ്മാവനും കൊച്ചു മോളും വരാറില്ലേ?''
"ആഹ്, അച്ചുതൻ, അവനെ കാത്തിരിക്കുവാ ഞാൻ. ചായപ്പൊടി വാങ്ങാൻ അക്കരെപ്പോയതാ ആ മോളും കൂടെയുണ്ട്."
" ആ മോൾ അവിടുത്തെ ചളിക്കുഴിയിൽ വീണു. അമ്മാവനവിടെ നിന്ന് ഭയങ്കര കരച്ചിലാ അത് പറയാനാ പ്രകാശേട്ടൻ അങ്ങോട്ട് പോയത് "
"എന്റീശ്വരാ ഞാനെന്തായീ കേൾക്കുന്നേ, ഡാ രാഘവോ ഒന്നു വേഗം വാടാ ആ കുഞ്ഞ് പോയെടാ.''
ദാമു രാഘവനെയും വിളിച്ചു കൊണ്ട് വയലിലേക്കിറങ്ങി.
" യക്ഷിക്കാവ് ഭാഗമാണത് ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു. എന്റെ പരദേവതകളെ നീ തന്നെ തുണ."
രാഘവൻ പറഞ്ഞതു കേട്ട് കൂടെ നിന്നവരും പിറകേ പാഞ്ഞു.
''ഹോ അതൊക്കെ പഴങ്കഥകളല്ലേ ഇന്നത്തെക്കാലത്ത് ആര് വിശ്വസിക്കും ഈ യക്ഷിയെയും പ്രേതത്തെയും ഒക്കെ."
ഒറ്റക്കാലൻ ലോട്ടറി ബാപ്പു വടിയും കുത്തി പ്രകാശന്റെ കൂടെ നടന്നു. ബാപ്പുവും മുറുക്കാൻ കടയിലെ കാളിയപ്പനുമൊഴികെ എല്ലാവരും യക്ഷിക്കാവിനടുത്തേക്ക് പോയി കഴിഞ്ഞിരുന്നു. ബാപ്പുവിന്റെ സംസാരത്തിന് മറുപടിയെന്നവണ്ണം കാളിയപ്പൻ തുടർന്നു.
" ബാപ്പു നീ വരുത്തനാ നിനക്ക് അറിയില്ല ചെമ്പൻക്കുന്നിലെ യക്ഷിയെപ്പറ്റി. തമാശക്കളിയല്ല ചെമ്പൻക്കുന്ന്. രണ്ടീസം മുന്നേ യക്ഷിത്തറയിൽ വിളക്ക് കത്തിയിരിക്കുന്നത് ഞാനെന്റെ കണ്ണു കൊണ്ട് കണ്ടതാ. അതും നട്ടുച്ചയ്ക്ക്. പണ്ടേ യക്ഷിയമ്മയ്ക്ക് കുട്ടികളോടാണിഷ്ടം. അന്നും ഈ നാട്ടിന് നഷ്ടമായതെല്ലാം കുഞ്ഞുങ്ങളെ ആയിരുന്നല്ലോ. വീണ്ടും കഥകൾ ആവർത്തിക്കുവാണോ ഈശ്വരന്മാരേ."
കാളിയപ്പൻ നെഞ്ചത്ത് കൈവച്ചു ആകാശത്തേക്ക് നോക്കി. ഒരു തുള്ളി വെള്ളം കാളിയപ്പന്റെ മുഖത്ത് വീണു.
" മഴ ചാറി തുടങ്ങി. നിങ്ങൾ വിട്ടോളി കുഞ്ഞുങ്ങളെ കുഞ്ഞിനെ നനയിക്കേണ്ട "
ആർദ്ര മോൾക്ക് റെയിൻ കോട്ടിന്റെ തൊപ്പി തലയിൽ വെച്ചു കൊടുത്ത് ബൈക്കിലിരുത്തിയിട്ട് പ്രകാശൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു. പിറകേ മായയും കയറി. ഒരു നിശബ്ദത അവരിൽ തളം കെട്ടി നിന്നിരുന്നു. മഴയുടെ താളവും ഊർജ്ജവും കൂടിക്കൂടി വന്നു. മഴത്തുള്ളികൾ വലുതായപ്പോലെ. വീട്ടെത്തി ഇറങ്ങിയപ്പോ മായ ചോദിച്ചു.
" ഈ ചെമ്പൻക്കുന്നിലെ യക്ഷിയമ്മക്കാവും രക്തദാഹിയായ യക്ഷിയും ഇതിലൊക്കെ എന്തെല്ലും സത്യമുണ്ടോ?''
പ്രകാശൻ ഒന്നിരുത്തി മൂളി.
" ഉം, നീ ചെന്ന് കൊച്ചിന് വല്ലതും കഴിയ്ക്കാൻ കൊടുക്ക്. പിന്നെ കതക് നല്ലവണ്ണം അടച്ചോ. ഞാൻ വന്ന് വിളിച്ചാൽ മാത്രം തുറന്നാൽ മതി. കാലം മോശമാണ്. "
മായ അകത്ത് കയറി കതകടച്ചു. വല്ലാത്തൊരു ഭയം. പന്ത്രണ്ട് വർഷമായി ഈ വീട്ടിൽ ജീവിക്കാൻ തുടങ്ങിയിട്ട്. ഇന്നാദ്യമായി ചുമലുകൾ പോലും മായയെ ഭയപ്പെടുത്തി. നനഞ്ഞ സാരി മാറ്റി നൈറ്റിയിലേക്ക് കയറിയപ്പോൾ എന്തോ പകുതി ക്ഷീണം മാറിയപ്പോലെ.
മോളെയും കുളിപ്പിച്ച് അവളും കുളിച്ചിറങ്ങി. ബാത്ത് റൂമിനകത്ത് നിൽക്കുമ്പോൾ പുറത്ത് എന്തൊക്കെയോ അനങ്ങുന്നത് പോലെ. വീട്ടിനുള്ളിൽ മറ്റാരോ ഉണ്ടെന്നൊരു തോന്നൽ. ആർദ്ര ഇതെന്നും അറിയാതെ അവളുടെ ലോകത്ത് പാട്ടും ഡാൻസുമായി ആടിത്തിമർത്തു.
പുറത്ത് മഴ അതിന്റെ താണ്ഡവനൃത്തം തുടങ്ങി. ചായയിടാൻ അടുക്കളയിലേക്ക് കയറി ആർദ്ര മോൾക്ക് കഴിക്കാൻ ഒരു ബന്നും എടുത്ത് കൊടുത്തു. അവൾ തന്നെ ഫ്രിഡ്ജിൽ നിന്ന് ജാമെടുത്ത് ബന്നും ജാമും കൂടി കഴിക്കാൻ തുടങ്ങി.
മായ ചിന്തകളിലേക്ക് കാടുകയറുകയായിരുന്നു. കല്യാണം കഴിഞ്ഞ് വന്ന കാലം മുതൽ കേൾക്കാൻ തുടങ്ങിയതാണ് യക്ഷിക്കാവിനെപ്പറ്റി. ഒരിക്കൽ പോലും പേടിത്തോന്നിയിട്ടില്ല. പ്രകാശിനോട് പോലും ചോദിച്ചിട്ടുമില്ല എന്നാൽ പിന്നെ പ്രകാശനായിട്ട് അതൊന്നും പറഞ്ഞിട്ടുമില്ല. ചിന്തകളുടെ വള്ളികളിൽ തൂങ്ങിയാടി നിൽക്കുമ്പോഴാണ് പുറത്ത് കോളിംഗ് ബെൽ ശബ്ദിച്ചത്.
ഒരു ഞെട്ടലോടെ മായ ചിന്തകളിൽ നിന്നും ഉണർന്നു. അപ്പോഴെക്കും ആർദ്ര കതക് തുറക്കനായി പോയിരുന്നു.
"മോളെ തുറക്കല്ലേ അമ്മ ആരാണെന്ന് നോക്കട്ടെ."
വിളക്കു മുറിയുടെ ജനൽപ്പാളിയിൽ ചെറിയൊരു വിടവുണ്ട് അതിലൂടെ നോക്കിയാൽ പുറത്തു നിൽക്കുന്നത് ആരാണെന്ന് കാണാം. ആളെക്കണ്ട് മായ ഒന്നു ഞെട്ടി.
മായയുടെ കണ്ണുകൾ നിറഞ്ഞു. വർഷങ്ങൾ ഒരുപാട് ആയി കല്യാണം കഴിഞ്ഞിട്ട്. പ്രകാശേട്ടന്റെ അച്ഛൻ ഒരിക്കൽ പോലും ഈ വീട്ടിൽ കയറിയിട്ടില്ല. ഇപ്പോ ദേ കൺമുന്നിൽ നിൽക്കുന്ന സത്യത്തെ വിശ്വസിക്കാനേ കഴിയുന്നില്ല.
"മോളെ കതക് തുറന്ന് കൊടുക്ക്."
"ആരാ അമ്മേ."
"നീ ചെല്ല്, നിനക്ക് ഇഷ്ടപ്പെട്ടയാളാ."
ആർദ്ര കസേര നീക്കി വാതിലിന്റെ അരികിലേക്ക് ഇട്ടു. കതകിന്റെ കൊളുതെടുത്തു.
"അയ്യോ അമ്മേ, അപ്പൂപ്പൻ. അപ്പൂപ്പാ.. "
ആർദ്ര കസേരയിൽ നിന്നു കൊണ്ട് തന്നെ ദാമുവിന്റെ തോളിലേക്ക് ചാടി. ആർദ്രയേ എടുത്ത് കസേര തള്ളി ഉള്ളിലേക്ക് നീക്കി കൊണ്ട് ദാമു വീട്ടിലേക്ക് കയറി.
"മൂന്ന് ബെല്ലടിച്ചിട്ടും തുറക്കാതിരുന്നപ്പോൾ ഞാൻ പോകാമെന്ന് കരുതിയതാ."
"എന്തായാലും അച്ഛൻ വന്നല്ലോ എനിക്ക് സന്തോഷമായി. "
''ഉം. നീയൊരു തോർത്ത് എടുത്തേ, തല മുഴുവൻ നനഞ്ഞു. അവൻ അവിടെ നിൽപ്പുണ്ട്, പ്രകാശൻ. നീയും മോളും ഒറ്റയ്ക്കായിരിക്കും എന്നോർത്ത ഞാനിങ്ങ് പോരുന്നേ."
"തോർത്ത് ഇന്നാ അച്ഛാ. അവിടെ എന്തായി?"
ആർദ്രമോൾ ദാമുവിന്റെ മടിയിൽ നിന്നും ചാടിയിറങ്ങി ബാക്കി ബന്നെടുക്കാനായി അടുക്കളയിലേക്ക് പോയി.
തോർത്ത് വാങ്ങി തല തുടച്ചു കൊണ്ട് ദാമു പറഞ്ഞു തുടങ്ങി.
"അവിടെ എന്താവാൻ, ആ കുട്ടി ചളിയിലൊന്നും വീണതല്ല. നീ ഇങ്ങോട്ട് പോന്നതിന്റെ പിറകിന് ആ ചെക്കന് കൊച്ചിന്റെ മറ്റേ ചെരുപ്പും കിട്ടി. യക്ഷിക്കാവിന് ഉള്ളിലേക്ക് പോകുന്ന ആ കൈതക്കാട്ടിൽ നിന്ന്."
"ഈശ്വരൻമാരെ അപ്പോ എന്താവും നടന്നത്. "
" ആ ആർക്കാറിയാം, യക്ഷി കൊണ്ട് പോയിന്നാ എല്ലാരും പറയുന്നേ. പണ്ടും കൺമുന്നിന് അല്ലേ കുഞ്ഞുങ്ങളെ കാണാതായിട്ടുള്ളത്. അച്ചുതന്റെ ബോധം അപ്പോഴേ പോയി. നിന്നവരിൽ ഒന്ന് രണ്ടുപേർ അവനെയും കൊണ്ട് ഹോസ്പ്പിറ്റലിൽ പോയിട്ടുണ്ട്. ആ ചെറുക്കനും പ്രകാശനും വേറെ കുറേപേരും കൂടി യക്ഷിക്കാവ് അരിച്ച് പെറുക്കുവാ. കുഞ്ഞും നീയും ഒറ്റയ്ക്കാണെന്ന് ഓർത്ത് ഞാനിങ്ങോട്ട് പോരുന്നു. കാലം ശരിയല്ലേ."
അടുക്കളയിൽ പോയ ആർദ്രയെ കാണാഞ്ഞിട്ട് മായ നീട്ടി വിളിച്ചു.
"മോളെ.. ആർദ്രേ എന്തെടുക്കുവാ നീ ഇവിടെ വാ."
ഒരു കൈയിൽ ജാമും മറ്റേ കൈയിൽ ബന്നുമായി ആർദ്ര രംഗപ്രവേശം ചെയ്തു.
"അപ്പൂപ്പന് ബന്ന് വേണോ?"
" വേണ്ട എന്റെ കുട്ട്യേ, നീയ് കഴിച്ചോ."
"ഞാനെങ്കിൽ ചായ എടുക്കാം. അച്ഛനിവിടെ ഇരിക്ക്."
"ചക്കര ശേഷം കുറച്ചോളൂട്ടോ."
"ഉം, ശരി. "
ചായയുമായി എത്തിയ മായ ചെമ്പൻക്കുന്നിലെ യക്ഷിയെ പറ്റി അറിയാൻ തന്നെ തീരുമാനിച്ചു.
"അച്ഛാ, ഈ യക്ഷിയുണ്ടെന്ന് പറയുന്നതൊക്കെ സത്യമാണോ?"
കൈയിലിരുന്ന ആവി പറക്കുന്ന ചായ ഊതിയാറ്റി ഒരു ദീർഘനിശ്വാസം എടുത്തു ദാമു.
"അതിപ്പോ ഒരു പഴയ കഥയാ, ഏതാണ്ട് പത്ത് മുപ്പത്തഞ്ച് കൊല്ലം പഴക്കമുള്ള കഥ."
മായ കഥ കേൾക്കാൻ ആർദ്രയെ പിടിച്ച് മടിയിൽ ഇരുത്തിയിട്ട് ദാമുവിന്റെ അടുത്തുള്ള കസേരയിൽ സ്ഥാനമുറപ്പിച്ചു.
" അന്ന്, ഇന്നത്തെ യക്ഷിക്കാവിനോട് ചേർന്ന് കാട് പിടിച്ചു കിടക്കുന്ന സ്ഥലത്ത് ഒരു മനയുണ്ടായിരുന്നു. ഒരു ആഢ്യബ്രഹ്മണകുലം. അവിടുത്തെ സാവിത്രിദേവി അന്തർജനം, ശങ്കരൻ തിരുമേനിയുടെയും ലളിതാദേവി അന്തർജനത്തിന്റെയും ഏകയും ഇളയതുമായ പുത്രി. ഞങ്ങളൊക്കെ ഏതാണ്ട് സമപ്രായക്കാർ ആയിരുന്നു. സൗന്ദര്യത്തിന്റെ ദേവിഭാവമായിരുന്ന സാവിത്രിദേവി. "
(തുടരും)

Sumitha Yadhu

ചെമ്പൻക്കുന്നിലെ യക്ഷി ( ഭാഗം 6) ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~



തേങ്ങി കരച്ചിലിന്റെ ആർദ്രനാദങ്ങൾ കാതുകളിൽ അലയടിച്ചപ്പോഴാണ് പ്രകാശൻ ഞെട്ടലിൽ നിന്നും ഉണർന്നത്.
രാഘവേട്ടൻ.
(അച്ഛനെക്കാളും മുതിർന്ന ആളാണെങ്കിലും കുഞ്ഞുനാൾ മുതൽ പ്രകാശൻ അദ്ധേഹത്തെ ഏട്ടൻ എന്നാണ് വിളിച്ചിരുന്നത്.)
"രാഘവേട്ടാ."
സമാധാനിപ്പിക്കാൻ വാക്കുകൾ ഉണ്ടായിരുന്നില്ല ആ മനുഷ്യനെ. എന്നിരുന്നാലും അദ്ധേഹത്തിന്റെ തോളിൽ കൈവച്ച് കൊണ്ട് പ്രകാശൻ അടുത്തിരുന്നു.
'' നശിപ്പിച്ചില്ലേടാ മോനേ, എല്ലാം നശിപ്പിച്ചില്ലേ, ഇനി എന്തിനാടാ കുഞ്ഞേ ജീവിച്ചിരിക്കുന്നത്. കുറച്ച് വിഷം വാങ്ങി താടാ. ചത്ത് തുലയട്ടെ എല്ലാം."
രേണുകയുടെ ജീവിതം ഇതോടെ തീരുകയാണെന്ന് പ്രകാശനും തോന്നി.
" നിനക്കറിയുമോടാ കുഞ്ഞേ ഇവളെ പെറ്റ് എന്റെ കൈകളിൽ ഏൽപ്പിച്ച് പോയതാ ഇവളുടെ തള്ള. അന്നുതൊട്ടിന്ന് വരെയും ഒരു കുറവും അറിയിച്ചിട്ടില്ല ഞാൻ. സ്നേഹിച്ചിട്ടേയുള്ളൂ, എന്നിട്ടും ഇവൾ ഈ ചതി ചെയ്യ്തല്ലോടാ മോനേ. സഹിക്കാൻ വയ്യടാ എനിക്ക് സഹിക്കാൻ വയ്യ."
ശരിയാണ് രേണുകയോളം പഠിപ്പുള്ള ഒരു പെൺക്കുട്ടി ചെമ്പൻക്കുന്ന് കരയിൽ വേറെയില്ല. ഇവൾക്കുള്ള അത്രേയും ഉടുപ്പുകളും ആഭരണങ്ങളും ആർക്കുമില്ല. ചെമ്പൻക്കുന്ന് കരയിൽ ആദ്യം സൈക്കിൾ ഓടിയ്ക്കുന്ന പെണ്ണും ഇവളാണ്. ഫോൺ വേണമെന്ന് പറഞ്ഞപ്പോൾ അതും ശരിയാക്കി കൊടുത്തു. രാജനുമായുള്ള പ്രണയത്തിന് പോലും മൗനസമ്മതം നൽകിയിട്ടേയുള്ളൂ ഈ അച്ഛൻ. ഈ മനുഷ്യന്റെ കണ്ണിൽ നിന്നും ഒഴുക്കുന്നത് കണ്ണീരല്ല ഹൃദയം മുറിഞ്ഞ ചോരയാണ്.
പ്രകാശൻ തറയിലേക്ക് നോക്കിയിരുന്നു. അവന്റെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണുനീർ ഊർന്നു താഴേക്ക് വീണു.
ഒരു നനുത്ത കരസ്പർശം പ്രകാശന്റെ തോളിൽ പതിഞ്ഞപ്പോൾ കണ്ണുകൾ തുടച്ച് അവൻ നിവർന്നു നോക്കി.
"എന്താ രാഘവേട്ടാ."
രാഘവന്റെ മുഖത്ത് കണ്ട ഭാവമാറ്റത്തിന്റെ അർത്ഥം പ്രകാശനു മനസിലായില്ല.
"പ്രകാശാ, ഞാൻ പറയുന്നത് നീ വ്യക്തമായി കേൾക്കണം. ഇങ്ങനൊരു സാഹചര്യത്തിൽ അവൻ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഇപ്പോ പിടിച്ച് കെട്ടിച്ച് വിട്ടേനേ ഞാൻ. ഇതിപ്പോ ഇവൾ ഈ ചുമക്കുന്നത് അച്ഛൻ ഇല്ലാത്ത കുഞ്ഞിനെയാ. അത് വേണ്ട, ഈ കുഞ്ഞ് വേണ്ട."
രാഘവന്റെ വാക്കിലെ കടുപ്പവും അതിന്റെ അർത്ഥവും പ്രകാശന്റെ ചിന്തകൾക്കും അപ്പുറമായിരുന്നു.
" രാഘവേട്ട , എന്താ ഈ പറയുന്നത് ഈ കുഞ്ഞ് വേണ്ടാന്ന് പറഞ്ഞാൽ . അവൾ സമ്മതിക്കുവോ."
പ്രകാശൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു.
"അവൾ ഒന്നും അറിയേണ്ട. ഒന്നും അറിയുകയും ചെയ്യരുത്. നീ വേണം അത് ശ്രദ്ധിക്കാൻ നിനക്കും എനിക്കും അല്ലാതെ വെറേ ഒരാൾക്കും ഇതറിയില്ല. ഇനി അറിയുകയും വേണ്ട. പറഞ്ഞത് മനസിലായോ നിനക്ക്.''
പ്രകാശനിൽ നിശബ്ദത തളംകെട്ടി. രാഘവേട്ടൻ പറയുന്നതിലും കാര്യമുണ്ട്. ഈ കുഞ്ഞ് അതവളുടെ ഭാവിയ്ക്ക് നല്ലതല്ല. കുഞ്ഞ് ജീവിച്ചിരുന്നാൽ രേണുകയ്ക്ക് ഇനിയൊരു ദാമ്പത്യജീവിതവും ഉണ്ടാക്കില്ല. രാഘവേട്ടനു പ്രായമേറി വരുകയാണ്. അദ്ധേഹത്തിന്റെ കാലം കൂടി കഴിഞ്ഞാൽ രേണുകയുടെ ജീവിതം അവതാളത്തിലാകും. പക്ഷേ ഇത് രാജന്റെ കുഞ്ഞ് ഞാനെങ്ങനെ ഇതിനെ കൊല്ലും.
" ഈശ്വരൻമാരെ എനിക്കൊരു രൂപവും കിട്ടുന്നില്ലല്ലോ."
പ്രകാശനിലെ ആത്മഗതം പുറത്തേക്ക് ഗമിച്ചു.
''ഇനിയൊന്നും ആലോചിച്ച് നിൽക്കാൻ സമയമില്ല പ്രകാശാ നീ ചെല്ല്, ചെന്ന് ഡോക്ടറോട് കാര്യം പറ പ്രകാശാ."
പ്രകാശൻ രേണുകയെ ഒന്നുനോക്കി. അവൾ നല്ല ഉറക്കത്തിലാണ്. പ്രകാശൻ മനസില്ല മനസ്സോടെ ഡോക്ടേഴ്സ് റൂം ലക്ഷ്യമാക്കി നടന്നു. മനസിൽ രേണുക മാത്രം നിറഞ്ഞു നിന്നു. അച്ഛനില്ലാത്ത ഒരു കുഞ്ഞിനെ പ്രസവിക്കുക. അതിനു വേണ്ടി അവൾ ഈ ജീവിതം മുഴുവൻ എരിഞ്ഞു തീരും. നാട്ടുകാരുടെ കുത്തുവാക്കുകളെ താങ്ങാൻ അവൾക്ക് കഴിയുമോ? വേണ്ട അവളുടെ നല്ലതിന് ഈ കുഞ്ഞ് വേണ്ട അത് തന്നെയാണ് നല്ലത്. രാഘവേട്ടന്റെ തീരുമാനമാണ് ശരി. പ്രകാശന്റെ കാലുകൾക്ക് വേഗത കൂടി. ഉറച്ച തീരുമാനം അത് നടപ്പിൽ വരുത്താൻ താമസിച്ചു കൂടാ.
ഡോക്ടറിനെ കണ്ട് കാര്യങ്ങൾ എല്ലാം സംസാരിച്ചു. ഡോക്ടറിൽ ആദ്യം നിറഞ്ഞത് മൗനമായിരുന്നു.
" ഡോക്ടർ ഞാൻ പറയുന്നത് തെറ്റാണെന്ന് എനിക്കറിയാം. പക്ഷേ ഇതല്ലാതെ മറ്റൊരു മാർഗ്ഗവും കാണുന്നില്ല. ഡോക്ടർ പ്ലീസ് സഹായിക്കണം.''
" ലുക്ക് മിസ്റ്റർ പ്രകാശൻ, അബോർഷൻ ഇപ്പോൾ സർവ്വസാധാരണമാണ്. ഇവിടെ തന്നെ ദിവസവും ഒരെണ്ണമെങ്കിലും നടക്കാറുമുണ്ട്. പക്ഷേ നമ്മൾ മനസിലാക്കേണ്ട ഒരു സത്യമുണ്ട്. വളർന്ന് വരേണ്ട ഒരു ജീവനെയാണ് ഇതിലൂടെ ഇല്ലാതെയാകുന്നത്. മാത്രമല്ല അമ്മയുടെ അനുവാദം കൂടാതെ ചെയ്യാനും കഴിയില്ല. ഇവിടെ ആ കുട്ടിയറിയാതെ ഇത് പോസിബിൾ അല്ല. പിന്നെ ഞാനൊന്ന് ബ്ലെഡ് ടെസ്റ്റ് ചെയ്യ്ത് നോക്കട്ടെ. ഏതായാലും എനിക്ക് രേണുകയുടെ ഒപ്പ് വേണം. ഇല്ലാതെ ഞാൻ ഇത് ചെയ്യില്ല. പ്രകാശൻ ഒന്ന് ആലോചിയ്ക്ക്. ഓക്കേ."
"ഒപ്പ് ഞാൻ ഇട്ട് തന്നാൽ പോരെ. രേണുകയുടെ ഒപ്പ് എനിക്ക് നന്നായിട്ടറിയാം."
"പ്രകാശൻ അതൊക്കെ പ്രോബ്ലമാണ്. എനിക്ക് ഇതിനൊന്നും കൂട്ട് നിൽക്കാൻ പറ്റില്ല. പ്ലീസ് നിങ്ങൾ പോകണം."
പിന്നെയും കുറേ നേരത്തെ സംസാരത്തിനൊടുവിൽ പ്രകാശൻ ഡോക്ടറെ കൊണ്ട് സമ്മതിപ്പിച്ചു. അതിന്റെ പേരിൽ ഉണ്ടാക്കുന്ന എല്ലാ പ്രശ്നങ്ങളും പ്രകാശൻ ഏറ്റുകൊള്ളമൊന്നും സമ്മതിച്ച് ഒപ്പിട്ടേണ്ട ഇടതെല്ലാം ഒപ്പിട്ട് നൽകി.
അബോർഷനുള്ള നീക്കങ്ങൾ തുടങ്ങി. ഒരു ഇൻജക്ഷൻ മതിയാകും അബോർഷന്. അതിനുള്ള ചീട്ട് കുറിച്ച് സിസ്റ്ററെ ഏൽപ്പിച്ച് ഡോക്ടർ പോയി.
സിസ്റ്റർ രേണുകയ്ക്ക് ഉള്ള ഇൻജക്ഷനുമായി എത്തി. ട്രിപ്പ് ഇട്ടിരുന്ന സൂചി ചെറുതായൊന്ന് അനങ്ങി. ആ വേദനയിൽ രേണുക മയക്കത്തിൽ നിന്നും ഉണർന്നു. അടുത്ത് രണ്ട് സിസ്റ്റർമാർ എന്തൊക്കെയോ കുറിപ്പടികൾ നോക്കിയാ ശേഷം ഇൻജക്ഷനുള്ള മരുന്ന് കുപ്പിയ്ക്കുള്ളിലേക്ക് സൂചി കുത്തികയറ്റി. രേണുക അവരെ തന്നെ നോക്കി കിടന്നു. ആ കയറുന്ന മരുന്ന് മരിക്കാനുള്ള മരുന്നായിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു. സിസ്റ്റർ രേണുകയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
"എന്തിനാ അനുജത്തി നീ ഈ ക്രൂരത കാണിയ്ക്കുന്നത്. ഞാനൊക്കെ ഒരു കുഞ്ഞുണ്ടാക്കാൻ നേർച്ചയും വഴിപ്പാടുമായി നടക്കുവാ. നിങ്ങളെപ്പോലെയുള്ളവർ കിട്ടിയ സൗഭാഗ്യം നശിപ്പിച്ച് കളയുന്നു. കഷ്ടം."
രേണുക ഒന്നും മനസിലാക്കാതെ സിസ്റ്ററിനെ തന്നെ ഉറ്റുനോക്കി.
" കുഞ്ഞോ? ആരുടെ കുഞ്ഞ്? ആര് നശിപ്പിക്കുന്നു? നിങ്ങൾ പറയുന്നതൊന്നും എനിക്ക് മനസിലായില്ല."
കുഴഞ്ഞ വാക്കുകളിൽ ക്ഷീണം നിറഞ്ഞ ശബ്ദത്തോടെ രേണുക പറഞ്ഞൊപ്പിച്ചു.
സിസ്റ്റർ സംശയത്തോടെ ചീട്ടിലേക്ക് വീണ്ടും നോക്കി. അതേ ബെഡ് നമ്പർ തന്നെ.
"നിങ്ങളുടെ പേര് രേണുക എന്നല്ലേ?"
രേണുക തലയാട്ടി.
" അതേ രേണുക."
"നിങ്ങളുടെ കുഞ്ഞിനെ അബോർട്ട് ചെയ്യുവാനുള്ള ഇൻജക്ഷൻ ആണിത് നിങ്ങൾ ഇതിൽ ഒപ്പിട്ടുണ്ടല്ലോ."
" ഇല്ല ഞാൻ സമ്മതിക്കില്ല. ഞാനറിഞ്ഞതല്ല. അച്ഛാ.. അച്ഛാ... "
രേണുക കൈയിൽ കുത്തിയിരുന്ന സൂചി വലിച്ചൂരിയെറിഞ്ഞു. ബെഡിൽ നിന്നും ഇറങ്ങാൻ ശ്രമിച്ചു. ക്ഷീണം കാരണം അവൾക്ക് ശരീരത്തെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. റൂമിലെ ബഹളം കേട്ട് പ്രകാശൻ ഓടി റൂമിലെത്തി.
"പ്രകാശാ, എന്താടാ ഇത്. ഞാൻ ഗർഭിണിയാണോ? ആരാടാ എന്റെ കുഞ്ഞിനെ നശിപ്പിക്കാൻ പറഞ്ഞേ. "
" ഇത് നിങ്ങളുടെ ഭർത്താവ് അല്ലേ, ഇദ്ധേഹമാണല്ലോ ഒപ്പിട്ടിരിക്കുന്ന രണ്ടാമത്തെയാൾ."
"ഭർത്താവോ, ഇവനോ എന്താടാ എന്താ ഇത്. ദുഷ്ടാ നീയെന്റെ കുഞ്ഞിനെ കൊല്ലാൻ നോക്കിയല്ലേ."
എപ്പോഴെക്കും രാഘവനും അവിടെയെത്തി.
" അച്ഛാ ഇവൻ എന്റെ കുഞ്ഞിനെ കൊല്ലാൻ നോക്കിയച്ഛാ. അച്ഛാ എനിക്ക് വേണമച്ഛാ എന്റെ കുഞ്ഞിനെ. ഇത് എന്റെ രാജേട്ടന്റെ കുഞ്ഞാണച്ഛാ. എന്നോട് ക്ഷമിയ്ക്കച്ഛാ."
അപ്പോഴെക്കും സിസ്റ്റർമാർ ഡോക്ടറെ കൂട്ടികൊണ്ട് വന്നു.
"എന്താണ് പ്രകാശാ ഇത്, ഇതൊന്നും ശരിയാക്കില്ലെന്ന് ഞാൻ അപ്പോഴെ പറഞ്ഞതല്ലേ."
" രേണുക പ്രകാശന്റെ നിർബന്ധതിനാണ് ഞങ്ങൾ ഇത് ചെയ്തത് മാത്രമല്ല നിങ്ങളുടെ ഒപ്പും ഞങ്ങൾക്ക് കിട്ടി. ആ ഉറപ്പിലാണ് ഞങ്ങൾ ഇതിന് മുതിർന്നത്. നിങ്ങൾക്ക് വേണ്ടങ്കിൽ ഞങ്ങൾ ചെയ്യില്ല. പക്ഷേ ശബ്ദമുണ്ടാക്കി ആശുപത്രിയ്ക്ക് ഒരു പ്രശ്നം ഉണ്ടാകരുത് പ്ലീസ്."
" ഡോക്ടർ എനിക്ക് വേണം എന്റെ കുഞ്ഞിനെ, അതിനെ ഇല്ലാതാക്കാൻ ഞാൻ അനുവദിക്കില്ല."
"ഓക്കേ രേണുക വിശ്രമിച്ചോളൂ. എല്ലാം ശരിയാക്കും."
ഡോക്ടറും സിസ്റ്റേഴ്സും റൂം വിട്ട് പുറത്ത് പോയി. വാതിലിനോട് ചേർന്ന് ഭിത്തിയും ചാരി നിന്ന പ്രകാശനു തന്റെ ശരീരത്തിന്റെ ശക്തിയെല്ലാം ചോർന്നൊലിച്ച് പോകുന്ന പോലെ തോന്നി. രേണുകയുടെ മുന്നിൽ അവൻ ഉരുകി തീരുകയായിരുന്നു.
"എടാ ദ്രോഹി കൂടെ നടന്ന് ചതിയ്ക്കാൻ നോക്കിയോടാ നീയെന്നെ. നിനക്ക് ജീവനും ജീവിതവും എല്ലാം തിരികെ തന്ന മനുഷ്യന്റെ കുഞ്ഞിനെയാണേടാ നീ കൊല്ലാൻ നോക്കിയത്. പോടാ പോ എനിക്ക് ഇനി കാണേണ്ട നിന്നെ."
" രേണു ഞാൻ..."
" രേണുവോ വിളിയ്ക്കരുത് നീ എന്നെയങ്ങനെ കടന്ന് പോടാ ദുഷ്ടാ എന്റെ മുന്നിൽ നിന്ന്. ഇറങ്ങടാ പുറത്ത്. ഇറങ്ങിപോടാ."
പ്രകാശന്റെ തലയിൽ വലിയൊരു കൂടം വന്നടിച്ചപ്പോലെ തോന്നി. പ്രകാശൻ ഓർമ്മകളിൽ നിന്ന് ഞെട്ടിയുണർന്നു.
* * * * * * * * * * * * * * * *
പ്രകാശേട്ടാ വീട്ടെത്തി. ശ്രീക്കുട്ടൻ പ്രകാശനെ തട്ടി വിളിച്ചു പറഞ്ഞു. അപ്പോഴും എ.സി യിട്ട കാറിനുള്ളിൽ ഇരുന്ന് പ്രകാശൻ വിയർത്തൊഴുകുകയായിരുന്നു.
''എന്താ പ്രകാശേട്ടാ പനിയ്ക്കുന്നുണ്ടോ, വല്ലാതെ വിയർക്കുന്നല്ലോ."
" ഹേയ്, ഒന്നുമില്ലടാ."
പ്രകാശൻ കാറിൽ നിന്നിറങ്ങി വീട്ടിലേക്ക് നടന്നു. അപ്പോഴെക്കും മായ കതക് തുറന്ന് പുറത്ത് വന്നിരുന്നു.
ഇതെന്താ ഇത്രേം വൈകിയത്. ഞാൻ വല്ലാതെ പേടിച്ചു. അയ്യോ ഇതെന്താ ഡ്രസ്സിലാക്കെ ചോര. എന്താ പ്രകാശേട്ടാ, എന്താ പറ്റിയേ."
" ബഹളം വയ്ക്കാതെടീ പെണ്ണേ, വരുന്ന വഴി ഒരു ബൈക്ക്കാരനെ ഒരുത്തൻ ഇടിച്ചിട്ടിട്ട് പോയി. അവരെയെടുത്ത് ഹോസ്പ്പിറ്റലിൽ ആക്കിയിട്ടാ വരുന്നേ, അതിന്റെ ചോരയാ. അതാ വൈകിയതും."
"ഹോ, ഞാനങ്ങ് പേടിച്ചു. ശ്രീക്കുട്ടനാണോ കാറിൽ."
"ഉം, അതേ, ശ്രീക്കുട്ടാ നീ കയറുന്നില്ലേ."
" കഞ്ഞിയും പയറും ഉണ്ടടാ കുട്ടാ കഴിച്ചിട്ട് പോകാം വാ."
"വേണ്ട മായേച്ചി വീട്ടിൽ അമ്മ കാത്തിരിക്കുകയായിരിക്കും. ഞാൻ ഇറങ്ങട്ടെ നാളെ വരാം. പ്രകാശേട്ടാ ഇറങ്ങുവാണേയ്."
"ഉം, ശരി, നോക്കി പോ."
''ആ ആക്സിഡന്റ് പറ്റിയവർക്ക് എങ്ങനെയുണ്ട്. "
" കുഴപ്പമില്ല. നാളെ രാവിലെ ഹോസ്പ്പിറ്റലിൽ പോയി ഒന്നന്വേഷിക്കണം. നീ കഴിച്ചോ. മുത്തു ഉറങ്ങിയോ."
"ഉം, ഇത് വരെ ഉണർന്നിരിക്കുകയായിരുന്നു ഇപ്പോ ഉറങ്ങിയതേയുള്ളൂ. ഞാനും ഒന്നും കഴിച്ചില്ല. നമ്മുക്ക് ഒരുമിച്ച് കഴിക്കാം."
" നീ എങ്കിലെടുത്ത് വെച്ചോ, ഞാനൊന്ന് കുളിച്ചിട്ട് വരാം."
പ്രകാശൻ കുളി കഴിഞ്ഞ് വന്നപ്പോഴെക്കും മായ കഞ്ഞിയും കറിയുമെല്ലാം എടുത്തു വച്ചിരുന്നു. കഞ്ഞിയും കുടിച്ച് പ്രകാശൻ റൈറ്റിംഗ് റൂമിലേക്ക് പോയി.
" ഇന്നപ്പോ ഉറങ്ങാൻ ഉദ്ധേശമൊന്നും ഇല്ലയല്ലേ ?"
" നീ കിടന്നോ ഞാൻ വരാം."
"ഉം ശരി,."
" മായേ..,"
" എന്താ പ്രകാശേട്ടാ, "
" നീ ഒരുപാട് മോശമായി. ആ കണ്ണട ഇനി ഉപയോഗിക്കേണ്ട. കണ്ണൊക്കെ കുഴിഞ്ഞ് നീ ഒരു കോലാമായി. ആ പഴയ വെള്ളാരംകണ്ണിയുടെ ഐശ്വര്യം എല്ലാം പോയി. "
"ഹോ ഇത് പറയാനാണോ വിളിച്ചത്. പാതിരാത്രിയിലാണോ സൗന്ദര്യം കണ്ടത്. ഒന്ന് പോയേ, ഞാൻ കിടക്കാൻ പോകുവാ."
മായ തിരിച്ച് റൂമിലേക്ക് വന്നു. മുടി കെട്ടാനായി കണ്ണാടിയ്ക്ക് മുന്നിലെത്തിയ മായ അവളെ തന്നെ നോക്കി നിന്നു. ശരിയാണ് പ്രകാശേട്ടൻ പറഞ്ഞത്. എനിക്കിപ്പോ ഒരുപാട് പ്രായം തോന്നിയ്ക്കുന്നു. എന്റെ കണ്ണുകളെ പ്രണയിച്ച് പിറകേകൂടിയതാണ് പ്രകാശേട്ടൻ. ഇന്ന് ആ പഴയ പ്രകാശമൊക്കെ ഇല്ലാതെയായിരിക്കുന്നു.
സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു ഞങ്ങളുടേത്. ഇടയ്ക്ക് വേദനിക്കാൻ ഉള്ള കാരണം രാജേട്ടനും രേണുകേച്ചിയുമായിരുന്നു. പരീക്ഷ സമയമായത് കൊണ്ട് രാജേട്ടൻ മരിച്ചത് പോലും എന്നെ അറിയിച്ചില്ല. തിരികെ ഇവിടെ വന്നപ്പോൾ രേണുകേച്ചിയും പ്രകാശേട്ടനുമായി കീരിയും പാമ്പുമായി. പ്രകാശേട്ടനു ശത്രുത ഒന്നുമുള്ളതായി തോന്നിയില്ല. എന്നാലും രേണുകേച്ചി ഒരുപാട് അകന്നിരുന്നു. പിന്നീട് ആർദ്രമോൾ ജനിച്ചു. ആടംഭരങ്ങൾ ഒന്നുമില്ലെങ്കിലും മാന്യമായ സന്തോഷകരമായ ജീവിതം അതായിരുന്നു ഞങ്ങളുടേത്. ആ നശിച്ചു ദിവസമാണ് എല്ലാ പ്രശ്നങ്ങൾക്കും തുടക്കം കുറിച്ചത്.
മായ മുത്തുവിന്റെ അടുത്ത് ചേർന്ന് ജനാലയിലൂടെ ആകാശത്തേക്ക് നോക്കി കിടന്നു.
* * * * * * * * * * * * * * * *
" രാജിവേ പുറത്ത് മഴത്തോർന്നോടാ."
" ഉം, തോർന്നു മായേച്ചി, പക്ഷേ അടുത്ത മഴയ്ക്കുള്ള കോള് കൂട്ടി വരുന്നുണ്ട്. "
"ഇപ്പോ മഴയിലെങ്കിൽ ആ ഷട്ടർ ഒന്ന് പൊക്കി വയ്ക്കടാ, സ്ഥലം എത്തുന്നത് കാണേണ്ടയോ?."
'' എന്റെ മായേച്ചി നല്ല തണുത്ത കാറ്റുണ്ട്. കൊച്ചു പിള്ളരൊക്കെയുള്ളതാ അവർക്ക് പനി പിടിക്കും."
"ഹോ, എങ്കിൽ സ്ഥലം എത്തുമ്പോ ഒന്ന് പറയണേ."
" എന്തിനാ മായകൊച്ചേ പറയുന്നേ സ്ഥലം എത്തുമ്പോ മണം വരും നല്ല ഒന്നാന്തരം പാലപ്പൂ മണം."
ബസ് ഡ്രൈവർ മാധവേട്ടന്റെ വക കൗണ്ടറും കിട്ടി. ഒത്ത് പിടിയ്ക്കാൻ കിളി രാജീവും.
"പാലപ്പൂ മണക്കുമല്ലോ മായേച്ചി
സ്ഥലം എത്തുമ്പോൾ
വെള്ളിമണികിലുങ്ങുമല്ലോ
കാൽചിലമ്പ് താളംപിടിക്കും"
"ഒന്നു പോടാ ചെറുക്കാ കൂടുതൽ കളി വേണ്ടാ."
"ചെമ്പൻക്കുന്നിലെ യക്ഷിയെ അത്ര നിസാരമായി കാണേണ്ട. വർഷങ്ങൾക്ക് മുമ്പ് ഉണ്ടായതൊന്നും ഇപ്പോഴുത്തെ കുട്ടികൾക്ക് അറിയില്ല. അതാ നിങ്ങൾക്കത് തമാശ. കളിയാക്കുന്നത് സൂക്ഷിച്ച് വേണം യക്ഷി സംഹാരരൂപിയാണ്."
ബസിലുണ്ടായിരുന്ന ഒരു വൃദ്ധന്റെ വാക്കുകൾ ബസിൽ പേടിപ്പിക്കുന്ന നിശബ്ദത സൃഷ്ടിച്ചു.
"മായേച്ചിയെ സ്ഥലമെത്തി ഇറങ്ങിയ്ക്കോ."
"നശിച്ച ബസ് വെള്ളത്തിൽ തന്നെ കൊണ്ടു നിർത്തി. " മായ രാജീവിനെ സൂക്ഷിച്ചൊന്ന് നോക്കി.
" മാധവേട്ടാ വണ്ടി ഇത്തിരി മുന്നോട്ട് നിർത്ത് ഇവിടെ മൊത്തം വെള്ളമാ."
" മാറ്റി നിർത്തിയാൽ, എങ്കിൽപ്പിന്നെ നിന്റെ വീട്ടിൽ കൊണ്ട് നിർത്തിയാൽ പോരാരുന്നോന്ന് ചോദിക്കും. ഇപ്പോ ദേണ്ടേ സ്റ്റോപ്പിൽ നിർത്തിയപ്പോ വെള്ളം. എന്റെ മായച്ചേച്ചി എന്ന ഇനി നിങ്ങളൊന്ന് നന്നാവുന്നേ"
" സമയം കിട്ടുമ്പോഴൊക്കെ ആപ്പിളും ഓറഞ്ചുമൊക്കെ കഴിക്കുന്നുണ്ട് ഇനിയും നന്നായില്ലെൽ ഡോക്ടറെ പോയി കാണാം. നിന്ന് ചിണുങ്ങാതെ വണ്ടി എടുത്തോണ്ട് പോടാ ചെറുക്കാ" എന്നും പറഞ്ഞ് മായ ബസിൽ നിന്നും ഇറങ്ങി.
മായ സാരിയൊന്ന് പൊക്കി കുത്തി നടത്തം തുടങ്ങി.
"ഒരു നശിച്ച മഴ, സ്കൂൾപ്പിള്ളരേം ജോലിക്കാരേം കാത്തിരിക്കുവാ പെയ്യാൻ. ദൈവമേ വയൽ കവിഞ്ഞു കാണുമോ എന്തോ? കവിഞ്ഞെങ്കിൽ പുളവനും നീർക്കോലിയും ഒക്കെ കാണും. ഹോ മഴ പിന്നെയും വരുവാണല്ലോ കുട പോലും ഇല്ല. വീട്ടിൽ ചെല്ലും വരെ പെയ്യാതിരുന്നാൽ മതിയാരുന്നു."
"മായേച്ചിയെ ഇതെന്താ തനിയെ കാര്യം പറഞ്ഞ് പോകുന്നേ. കിളി പോയോ?"
"അല്ലടാ കുട്ടാ, ഞാനീ മഴയുടെ കാര്യം പറയുവാരുന്നു. ആ വയലിന്റെ അടുത്ത് ചെന്നാൽ കഷ്ടിച്ച് ഒരാൾക്കേ നടക്കാൻ പറ്റൂ. എതിരെ ആരേല്ലും വന്നാൽ."
"ഹോ,, കരിനാക്ക് വളച്ചൊന്നും പറയാതെ ചേച്ചി. ഒന്നാമത്തെ അവിടെ കുറച്ച് സ്ഥലം ചളിയാ അതിലെങ്ങാനും വീണാൽ താന്ന് പോകതത്തെയുള്ളൂ. അല്ല ചേച്ചിയ്ക്ക് മുൻപത്തെ സ്റ്റോപ്പിൽ ഇറങ്ങിയാൽ പോരെ. അതാകുമ്പോൾ നല്ല റോഡല്ലേ. ഈ വയലും ചളിയും കൈതക്കാടും ഒന്നും പേടിയ്ക്കേണ്ടല്ലോ?"
"വഴി അതാണ് നല്ലതും സേയ്ഫും. പക്ഷേ അരമുക്കാ മണിക്കൂറു നടക്കണം. എന്റെ മോള് വീട്ടിലൊറ്റയ്ക്ക് അല്ലേടാ മോനേ. ഇതാകുമ്പോ ആഞ്ഞുപിടിച്ചാൽ പത്ത് മിനിറ്റുകൊണ്ടങ്ങെത്തും. അതാ ഞാൻ."
"അത് ശരിയാണ് ഇന്നലെ ബൈക്ക് പണി തന്നിട്ട് ഞാനും ബസിലാ വന്നത്. ഇങ്ങോട്ടുള്ള നടപ്പിൽ ഒരു കാലി ഓട്ടോ പോലും കിട്ടിയില്ല. എന്തൊക്കെ പുരോഗമിച്ചെന്ന് പറഞ്ഞാലും നമ്മുടെ നാട് പണ്ടും ഇപ്പോഴും ഇങ്ങനെ തന്നെ. അല്ല പ്രകാശേട്ടനോട് പറഞ്ഞാൽ ഒരു വണ്ടിയെടുത്ത് തരില്ലേ ചേച്ചി, ഈ ദുരിതമങ്ങ് തീരുവല്ലോ "
" ഹോ ആ മനുഷ്യനോട് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. പറഞ്ഞ് പറഞ്ഞ് അവസാനം വഴക്കാവുമെന്നല്ലാതെ. പിശുക്കി പിശുക്കി എന്തുണ്ടാക്കാനാണോ ആവോ. 12 വർഷമായി കല്യാണം കഴിഞ്ഞിട്ട് 8 വയസ്സുള്ള ഒരു മോളും. അതല്ലാത്തെ അങ്ങേർക്കു സമ്പാദ്യമുള്ളതായിട്ട് എനിക്കറിയില്ല. പിശുക്കിന് ഒരു കുറവുമില്ലാത്താനും ടാ കുട്ടാ നീ അത് നോക്കിയേ ആ അമ്മാവൻ എന്താ ചാവൻ പോവണോ? ഈ മനുഷ്യന് ഇപ്പോ ഇത് എന്തുദ്ധേശിച്ചാ? "
" ചേച്ചി ഒന്നു മാറിയ്ക്കേ, കൂയ് അമ്മാവാ അത് ചളിക്കുഴിയാ വീണാൽ ജീവനോടെ കിട്ടില്ല."
ശ്രീക്കുട്ടൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. ഒരു മനുഷ്യ ശബ്ദം കേട്ടതിന്റെ ആവേശത്തിലെന്നവണ്ണം ആ മനുഷ്യൻ അവിടെ നിന്നും പിടച്ചെണ്ണീറ്റ് അവർക്ക് നേരെ ഓടി. ഓട്ടത്തിൽ പലത്തവണ വീഴാൻ പോയെങ്കിലും അയാൾ വീഴാതിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
" ഓടി വാ, ഒന്ന് വേഗം വാ.'' ആ മനുഷ്യൻ ഉച്ചത്തിൽ വിളിച്ചു കൂവി.
" ചേച്ചി അയാൾ നമ്മുക്ക് നേരെയാണ് ഓടി വരുന്നത്. വെറേ എന്തോ കുഴപ്പമുണ്ട്. ഒന്ന് വേഗം നടന്നേ."
മായയും ശ്രീക്കുട്ടനും ആ മനുഷ്യനു നേരെ ഓടി. വയലിൽ വെള്ളം നിറഞ്ഞതു കാരണം ഓടാൻ ഒരുപാട് പാടുപ്പെട്ടു.
" എന്താ അമ്മാവാ എന്താ പ്രശ്നം "
ഓട്ടത്തിനിടയിൽ മായ വിളിച്ചു തിരക്കി. അയാൾ കൈയിലിരുന്ന ഒരു കുഞ്ഞിച്ചെരുപ്പ് പൊക്കി കാണിച്ചു. അപ്പോഴെക്കും അവർ അടുത്തെത്തിയിരുന്നു.
"പറ എന്തുപ്പറ്റി "
ഓട്ടത്തിന്റെ കിതപ്പ് കൊണ്ടും വെപ്രാളം കൊണ്ടും ആ മനുഷ്യനൊന്നും പറയാൻ കഴിഞ്ഞില്ല. ആ ചെരുപ്പും ചളിക്കുഴിയും ചൂണ്ടി കാണിച്ചു കൊണ്ടിരുന്നു.
" കുട്ടാ ഇദ്ദേഹത്തെ എനിക്കറിയാം എപ്പോഴും ഒരു കുഞ്ഞിമോളും കാണാറുണ്ട് കൂടെ ഇനിയിപ്പോ ആ കുട്ടിയെങ്ങാനും കുഴിയിൽ വീണു കാണുമോ?"
" എന്റീശ്വരാ..
അമ്മാവാ ആ കുഞ്ഞിമോള് കുഴിയിൽ വീണെന്നാണോ?"
ശ്രീക്കുട്ടൻ തോളിൽ തട്ടിക്കൊണ്ട് ചോദിച്ചു.
'ആഹ്' എന്നും പറഞ്ഞയാൾ ചെളിക്കുഴിയ്ക്ക് അടുത്തേക്ക് പോയി.
" അമ്മാവാ ചാടരുതേ ഞാനൊന്ന് നോക്കട്ടെ."
"ദൈവമേ മഴയിപ്പോ വീഴും."
മായ നെഞ്ചത്ത് കൈ വച്ചു. അന്തരീക്ഷം ഇരുണ്ടു മൂടി. കാറ്റിന്റെ ശീർക്കാര ശബ്ദങ്ങൾ മൂർദ്ദന്യത്തിലായി. ആകെ ഭയം ജനിപ്പിക്കുന്ന അന്തരീക്ഷം.
" ചേച്ചി വേഗം പോയ്ക്കോ മോളു വീട്ടിലൊറ്റയ്ക്കല്ലേ. എറമ്പത്ത് ചെല്ലുമ്പോൾ ആണുങ്ങൾ ആരെല്ലുമുണ്ടെങ്കിൽ ഒന്ന് പറഞ്ഞു വിടണേ."
" ശരി മോനേ ഇദ്ദേഹത്തെ വീട്ടിൽ കൊണ്ടാക്കണേ"
"അതൊക്കെ ഞാൻ നോക്കിക്കോളാം ചേച്ചി വേഗം പോയ്ക്കോ."
മായ വെള്ളത്തിലൂടെ ഓടി. പെട്ടെന്ന് കാൽത്തട്ടി വെള്ളത്തിലേക്ക് വീണു. അവിടുന്ന് ചാടിയെണീറ്റ് പിന്നെയും ഓടാൻ നോക്കിയപ്പോഴാണ് ചെരുപ്പ് പൊട്ടിയെന്ന് മനസിലായേ.
" നശിച്ച ചെരുപ്പിന് പൊട്ടാൻ കണ്ട നേരം"
കാലിൽ കിടന്ന മറ്റേ ചെരുപ്പു കൂടിയൂരി എറിയാനൂങ്ങുമ്പോഴാണ് തനിക്കെതിരെ നടന്നു വരുന്ന ഒരു രൂപം മായ കണ്ടത്. ഇരട്ടത്തലയുള്ള ഒരു രൂപം. അന്തരീക്ഷം കറുപ്പ് മൂടിയിരുന്നു. ആ രൂപം നടന്ന് അടുത്തേക്ക് വരുകയാണ്. വ്യക്തമായി ഒന്നും കാണാൻ കഴിയുന്നില്ല. മായയുടെ കൈകാലുകൾ വിറച്ചു. കൈയിലിരുന്ന ചെരുപ്പ് ദൂരേക്ക് വലിച്ചെറിഞ്ഞവൾ പിറകിലേക്ക് നോക്കി കുറ്റകൂരിരുട്ട്. രണ്ടും കൽപ്പിച്ച് പിറകിലേക്ക് ഓടാൻ തുനിഞ്ഞു. പെട്ടെന്ന് പിടിച്ച് നിർത്തിയപ്പോലെ അവൾ നിന്നു.
"എന്റെ മോൾ."
ഭൂമിയും ആകാശവും പിളർന്ന് കൊണ്ട് ഇടിമിന്നൽ ആർത്തട്ടഹസിച്ചു.
(തുടരും)

::ചെമ്പൻക്കുന്നിലെ യക്ഷി:: ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ (തുടർച്ച) - ഭാഗം 5

::ചെമ്പൻക്കുന്നിലെ യക്ഷി::
~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~
(തുടർച്ച) - ഭാഗം 5
ഹോസ്പിറ്റലിൽ നിന്ന് തിരികെയുള്ള യാത്രയിൽ മുഴുവൻ ശ്രീക്കുട്ടൻ വാ തോരാതെ സംസാരിക്കുന്നുണ്ടായിരുന്നു. പക്ഷേ അതൊന്നും പ്രകാശൻ അറിഞ്ഞതേയില്ല.
പ്രകാശന്റെ മനസ്സിൽ കഴിഞ്ഞകാലത്തിന്റെ ഓർമകൾ ചിറകുവീശി അകലങ്ങളിലേക്ക് ഗമിച്ചു.
രേണുകയുടെ മകൾ വേണി, അവളും ആർദ്രയും തമ്മിൽ രണ്ടു വയസ്സിന്റെ വ്യത്യാസമേയുള്ളൂ. ആർദ്ര ഉണ്ടായിരുന്നെങ്കിൽ അവരിപ്പോൾ ഇണകളെ പോലെ വളരേണ്ടവരാണ്.
രേണുകയും രാജനും പ്രകാശനു വേണ്ടി ചെയ്തത് കുറച്ചൊന്നുമല്ല. അന്ന് അച്ഛൻ പടിയടച്ച് പിണ്ഡം വെച്ചപ്പോൾ മറ്റാരുമൊരു കൈതാങ്ങായി പോലും ഉണ്ടായിരുന്നില്ല. രേണുകയും രാജനുമാണ് ഒരു പുതിയ ജീവിതം പ്രകാശനു തുറന്നു കൊടുത്തത്.
വീട്ടിൽനിന്നിറങ്ങിയ അന്ന് തന്നെ അവളെ തൽക്കാലത്തേക്ക് ഒരു ലേഡീസ് ഹോസ്റ്റലിലേക്ക് മാറ്റി. പിറ്റേന്ന് കല്യാണത്തിനുള്ള കാര്യങ്ങളെല്ലാം നീക്കുകയും കല്യാണം നടത്തുകയും ചെയ്തു.
പോലീസ് കേസും മറ്റുമായി കുറച്ചു ദിവസങ്ങൾ അങ്ങനെ കടന്നു പോയി. നേഴ്സിങ് മോഹമായി കൊണ്ടുനടന്ന വെള്ളാരംകണ്ണുകാരിയുടെ മോഹങ്ങൾ സാധിച്ചുകൊടുത്തത് രാജന്റെ പിടിപാടായിരുന്നു. ചെന്നൈയിലെ നേഴ്സിങ് കോളേജിൽ അവൾക്ക് അഡ്മിഷൻ ശരിയാക്കി കൊടുത്തു.
പിന്നീടങ്ങോട്ട് പ്രകാശൻ ജീവിതമറിഞ്ഞ് ജീവിക്കാൻ തുടങ്ങി. കഷ്ടപ്പാടുകളുടെ കാലമായിരുന്നു പ്രകാശന്റെ മുന്നിൽ നീണ്ടു കിടന്നത്. രാജന്റെ വാർക്ക്ഷോപ്പിലെ ജോലി കൊണ്ടു മാത്രം പിടിച്ചു നിൽക്കാൻ കഴിയുമായിരുന്നില്ല. രാവിലത്തെ പത്രം ഇടിലും പിന്നെ കുട്ടികൾക്ക് സ്പെഷ്യൽ ട്യൂഷനും തുടങ്ങിയത് അങ്ങനെയാണ്.
ഭാര്യയുടെ ഫീസും ചെലവുകളും പിന്നെ നാട്ടിലെ ചെലവും ഇതിന്റെ കൂടെ ചെറുതെങ്കിലും ഒരു കൂര പണിയലും, പ്രകാശൻ ഓടിനടന്ന് കാശ് സമ്പാദിക്കുകയായിരുന്നു.
ഇതെല്ലാംകൂടി പ്രകാശന് ഒറ്റയ്ക്ക് താങ്ങാൻ കഴിഞ്ഞിരുന്നില്ല. പണമായും ആളായും താങ്ങായും തണലായും പ്രകാശനോടൊപ്പം രാജനും രേണുകയും അവനു കരുത്തേകി.
നാളുകൾ അങ്ങനെ പിന്നെയും കടന്നുപോയി രാജനോട് പലതവണ പ്രകാശൻ പറഞ്ഞതാണ് രേണുകയുടെ കാര്യം അവൾക്ക് പ്രായമേറി വരുകയാണെന്ന്.
സ്വന്തമായൊരു വീട് രാജന്റെയും സ്വപ്നമായിരുന്നു. രേണുകേ കൈപിടിച്ച് കയറ്റുന്നത് തന്റെ സ്വന്തം വീട്ടിലേക്ക് ആകണമെന്ന് അവൻ ഒരുപാട് ആഗ്രഹിച്ചു. അതും വർഷങ്ങളുടെ കഷ്ടപ്പാടിന്റെ ഫലമായി രാജൻ കെട്ടി പൊക്കിയ തന്റെ മണിമളികയിലേക്ക്. ചെമ്പൻക്കുന്നിൽ അതുപോലൊരു വീട് ആദ്യമായി പണിയുന്നത് രാജനായിരുന്നു.
പണിയെല്ലാം തീർന്നു പാല്കാച്ച് വിളിക്കാൻ അമ്മയും മോനും ഇറങ്ങിത്തുടങ്ങി.
അധികം ആരെയും വിളിക്കുന്നില്ല അമ്മയുടെ സഹോദരന്മാർ രണ്ടുപേരുണ്ട് അവരെ മാത്രം. അച്ഛന്റെ മരണത്തിനുശേഷം അച്ഛൻ വീട്ടുകാർ തഴഞ്ഞത് കൊണ്ട് അവരുമായി ഒരു ബന്ധവുമില്ല.
*****
ചെമ്പൻക്കുന്നിലെ യക്ഷിയമ്മ കാവിന് അടുത്തുള്ള റോഡ്, യക്ഷിപാത എന്നാണ് വിളി പേര്. അതുവഴി ആരും പോകാറില്ല. നിഗൂഡതകൾ ഒളിഞ്ഞ് കിടക്കുന്ന വഴിയാണത്. അതുവഴി പോയവരിൽ മിക്കവരും ജീവനോടെ തിരിച്ചു വന്നിട്ടില്ല എന്നതാണ് സത്യം. ആക്സിഡന്റുകൾ അവിടെ നിത്യസംഭവമായിരുന്നു. എങ്ങനെയാണ് അപകടം ഉണ്ടാക്കുന്നതെന്ന് മാത്രം ആർക്കുമറിയില്ല. യക്ഷിയമ്മയുടെ വിഹാരകേന്ദ്രമാണവിടം എന്നും ആ വഴി യാത്ര പാടില്ലെന്നും ചെമ്പൻക്കുന്നു നിവാസികൾ അടിവരയിട്ടു.
ഇങ്ങനെയൊരു ദുരൂഹത ഇല്ലായിരുന്നെങ്കിൽ കേരളത്തിലെ അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രമായി മാറിയെന്നേ ആ പ്രദേശം. അത്ര മനോഹരമായിരുന്നു അവിടുത്തെ പ്രകൃതി. സൂയിസൈഡ് പോയിന്റിനെ സൂചിപ്പിക്കുന്ന ഒരു കൊക്കയും അവിടെയുണ്ട്. ആളെ വിഴുങ്ങി കൊക്ക എന്നാണ് ഓമനപേര്.
ചെമ്പൻക്കുന്നിൽ നിന്ന് മെയിൻ റോഡിലേക്കുള്ള ഏറ്റവും എളുപ്പമാർഗമാണ് യക്ഷിപാത. ഈ വഴിയുടെ ഇടയ്ക്ക് വച്ച് തുറക്കുന്ന മറ്റൊരു വഴിയിലൂടെ വേണം ആളെ വിഴുങ്ങി കൊക്കയിലെത്താൻ.
ആ പേരിനെ അന്വാർഥമാക്കി നിരവധി ആളുകളെ വിഴുങ്ങിയ കൊക്കയാണത്. കൊക്കയ്ക്ക് അഭിമുഖമായി വരുന്ന വഴി, കൊക്കയ്ക്കടുത്ത് എത്തുമ്പോൾ നേരിയൊരു വളവ് സൃഷ്ടിക്കുന്നു.
അത്ര പെട്ടെന്നൊന്നും ആരുടെയും കണ്ണിൽ പെടാത്ത വളവ്. വളവിനെപ്പറ്റി അറിയാതെ വരുന്ന ആരും കൊക്കയ്ക്ക് ഭക്ഷണമാകും.
അതാണ് ആളെ വിഴുങ്ങി കൊക്ക.
ആ കൊക്കയും താണ്ടി മുന്നോട്ട് പോയല്ലോ അവിടെയാണ് യക്ഷിപ്പറമ്പ്. യക്ഷിയെപ്പോലെ തുടുത്തു സുന്ദരിയായ പ്രകൃതി. അവളുടെ വശ്യസൗന്ദര്യത്തിൽ മതി മയങ്ങാത്ത വിശ്വാമിത്രൻമാർ ആരും തന്നെയുണ്ടാവില്ല.
ഇതൊക്കെ കൊണ്ട് തന്നെ രാജനും പ്രകാശനും ചെമ്പൻക്കുന്നിന്റെ വിശ്വാസത്തെ പാടേ തട്ടിക്കളഞ്ഞു.
"ടാ പ്രകാശാ ഇതാണ് യക്ഷി പറമ്പ്. യക്ഷിയെപ്പോലെ സുന്ദരിയായ യക്ഷി പറമ്പ്. നിറഞ്ഞ മാറിടവും പനങ്കുല പോലെ കാലറ്റം വരെ നീണ്ട മുടിയിഴകളും, തുറിച്ചു നീണ്ട കണ്ണുകളും, ഇടത്തൂർന്ന കൺപീലിയും, കാമം ജനിപ്പിക്കുന്ന ആകാര വടിവും ഉള്ള യക്ഷിയെക്കാൾ സുന്ദരിയായ പ്രകൃതി. ഇന്ന് നമ്മുക്കിവിടെ അന്തിയുറങ്ങാം. ഈ പ്രകൃതിയെ മതിയാവോളം പ്രണയിക്കാം."
"നിനക്ക് വട്ടാ രാജാ, ഞാൻ പോകുവാ."
"പേടിയുള്ളവർക്ക് പോകാം എന്തായാലും ഞാൻ വരില്ല."
ആദ്യ ദിനം രാജന്റെ വാശിയ്ക്ക് വഴങ്ങിയാണ് അവിടെ കൂടിയതെങ്കിലും ആ പ്രകൃതിയുടെ വശ്യത പ്രകാശനെയും കീഴടക്കി.ആ വശ്യസുന്ദരിയുടെ മടിയിൽ തലയുച്ചയ്ച്ചുറങ്ങിയ രാത്രികളും അവർക്ക് കുറവല്ലായിരുന്നു.
* * * * * * * * * * * *
അതൊക്കെ കൊണ്ട് തന്നെ അമ്മയുമായി യക്ഷിപാതവഴിയാണ് പോകുന്നതെന്ന് പറഞ്ഞിട്ടും പ്രകാശന് പ്രത്യേകിച്ചൊന്നും തോന്നിയില്ല.എന്നാൽ അവിടെ രാജനെ കാത്തിരുന്ന ദുരന്തത്തിന്റെ കഥയറിയാൻ പ്രകാശനും ചെമ്പൻക്കുന്നു നിവാസികളും രണ്ടു ദിവസമെടുത്തു. ദിവസം രണ്ടു കഴിഞ്ഞിട്ടും പാല്കാച്ച് വിളിക്കാൻ പോയ രാജനും അമ്മയും തിരികെ വരാത്തതിന്റെ സങ്കടം പറഞ്ഞത് രേണുകയായിരുന്നു. തിരക്കിയിറങ്ങുക പ്രകാശനു വലിയ കാര്യവുമായിരുന്നില്ല. രാജനോടൊപ്പം പലത്തവണ അമ്മാവൻമാരുടെ വീട്ടിൽ പോയിട്ടുള്ള അറിവ് വച്ച് പ്രകാശൻ രാജനെ തിരക്കിയിറങ്ങി. അവിടെ രണ്ടിടങ്ങളിലും അവരെത്തിയിട്ടില്ല എന്നറിവ് പ്രകാശനെ പേടിപ്പെടുത്തി. സംഭവത്തിൽ പന്തികേടു തോന്നിയ അമ്മാവൻമാരും പ്രകാശനോടൊപ്പം തിരിച്ചു.
"നമ്മുക്ക് യക്ഷിപാത വഴി പോകാം."
തിരിച്ചുള്ള യാത്രയിൽ പ്രകാശൻ അമ്മാവൻമാരോട് പറഞ്ഞു.
"യക്ഷിപാതയോ നിനക്ക് വട്ടുണ്ടോ പ്രകാശാ മനുഷ്യന് പോകാൻ കഴിയുന്ന വഴിയാണോ അത്. "
"അവർ ഇങ്ങോട്ട് വന്നത് ആ വഴിയാണ്."
തല കുനിച്ചു കൊണ്ടാണ് പ്രകാശൻ മറുപടി നൽകിയത്.
"എന്റെ പരദേവതകളെ ഇനി എന്തെല്ലാം കാണണം. എന്തും വരട്ടെ വാ പോകാം."
അവർ യക്ഷിപാത കടന്നു. അധികം ഉള്ളിലേക്ക് പേകേണ്ടി വന്നില്ല. ശവം ചീഞ്ഞ ഗന്ധം അന്തരീക്ഷത്തിൽ പടർന്നു തുടങ്ങി. കുറച്ച് അപ്പുറം മാറി റോഡിന്റെ രണ്ട് സൈഡിലായി രണ്ട് ജഡങ്ങൾ. ഒറ്റത്തവണ നോക്കനെ അവർക്ക് കഴിഞ്ഞുള്ളൂ. അത്രയ്ക്കു മൃഗീയമായി വികൃതമാക്കപ്പെട്ടിരുന്നു അവ. ഇവരുടെ അനക്കം കേട്ടതും ജഡത്തിനെ ഭക്ഷണമാക്കി കൊണ്ടിരുന്ന നായ അതിവേഗം കാവിനുള്ളിലേക്ക് ഓടി കയറി.
കണ്ണുകൾ പുറത്തേക്ക് ചാടിയും ശരീരമാകെ കടിച്ച് കീറി യും വയറു പിളർന്നും വികൃതമാക്കപ്പെട്ട ജഡങ്ങളിൽ നിന്നും രാജന്റെ ശരീരത്തെ എടുത്ത് നെഞ്ചോട് ചേർത്ത് പ്രകാശൻ അലറിക്കരഞ്ഞു. കുമിഞ്ഞ് പൊങ്ങുന്ന ചീഞ്ഞ ശരീരത്തിന്റെ ഗന്ധം പോലും അവനറിഞ്ഞില്ല.
* * * * * * * * * * *
പോലിസ് ഇൻക്വയറിയും പോസ്റ്റ്മോർട്ടവും ഒക്കെ കഴിഞ്ഞ് ജഡം വീട്ടിലെത്തിക്കാൻ ഒരുപാട് സമയം എടുത്തു. ചെമ്പൻക്കുന്ന് നിവാസികൾ എല്ലാം രാജന്റെ വീട്ടിന്റെ മുറ്റത്ത് തടിച്ചുകൂടിയിരുന്നു. മണവാട്ടിയെ പോലെ രാജൻ ഒരുക്കി നിർത്തിയ മണിമാളിക അലറികരഞ്ഞു കൊണ്ട് ആ അമ്മയെയും മകനെയും അവളുടെ മടിയിലേക്ക് ഏറ്റുവാങ്ങി.
രാജനോടൊപ്പം കൈപിടിച്ച് കയറാൻ കൊതിച്ച വീട്ടിൽ രാജനെ അവസാനമായി ഒന്നു കാണാൻ രേണുക കാത്തുനിൽപ്പുണ്ടായിരുന്നു.
മകളുടെ മനസ് തൊട്ടറിഞ്ഞ അച്ഛൻ രാഘവനും അടുത്തുതന്നെയുണ്ടായിരുന്നു.
രാജന്റെയും അമ്മയുടെയും ശവശരീരങ്ങളുമായി അവിടെയെത്തിയ പ്രകാശനു രേണുകയുടെ മുഖത്ത് നോക്കനുള്ള ധൈര്യമുണ്ടായിരുന്നില്ല.
ഒന്നു കരയുക പോലും ചെയ്യാതെ ജീവശവമായി നിൽക്കുന്ന രേണുക പ്രകാശന്റെയുള്ളിൽ ഭയമുണർത്തി.
"ഭഗവാനേ എല്ലാം താങ്ങാനുള്ള മനക്കരുത്ത് അവൾക്ക് കൊടുക്കണേ."
എന്നവൻ മനമുരുകി പ്രാർത്ഥിച്ചു.
രാജനെ ഈ രൂപത്തിൽ അവൾ കാണരുതെന്ന് പ്രകാശനു പലത്തവണ തോന്നി. പക്ഷേ കാണരുത് എന്നെങ്ങനെ പറയും.
പെട്ടെന്നാണ് പിറകിൽ ഒരു ബഹളം കേട്ടത്.ആരോ ബോധം മറഞ്ഞു വീണിരിക്കുന്നു.
അയ്യോ രേണു.
പ്രകാശൻ പിന്നിലേക്ക് ഓടി.
"രേണു, രേണു.. ടീ കണ്ണുതുറക്ക്, രേണു.. "
പ്രകാശൻ രേണുകയെ മടിയിലേക്ക് എടുത്തുവച്ച് അവളുടെ മുഖത്ത് തട്ടി.
മകളിൽ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്ന രാഘവനും അവിടേക്ക് ഓടിയെത്തി.
''വെള്ളമെടുക്ക്, ആരെങ്കിലും കുറച്ച് വെള്ളമെടുക്ക് വേഗം."
രാഘവൻ വെപ്രാളത്തോടെ രേണുകയുടെ അടുത്തിരുന്നു.
"മോളെ രേണുകേ കണ്ണ് തുറക്കടീ പെണ്ണേ."
വെള്ളം തളിച്ച് ബോധം തിരികെ വന്നെങ്കിലും രേണുക നല്ല ക്ഷീണിതയായിരുന്നു.
അമ്മാവൻമാരോട് കാര്യം പറഞ്ഞ് പ്രകാശനും രാഘവനും കൂടി രേണുകയും കൊണ്ട് ഹോസ്പ്പിറ്റലിലേക്ക് പോയി.
ഡോക്ടറെ കണ്ട് ട്രിപ്പും ഇട്ട രേണുക മയക്കത്തിലേക്ക് ആണ്ടിറങ്ങി.
ഡോക്ടർ ഒരു ചെറുപുഞ്ചിരിയോടെ പ്രകാശന്റെ നേരെ തിരിഞ്ഞു.
"പേടിക്കാൻ ഒന്നുമില്ല. ഈ സമയത്ത് സ്ത്രീകൾക്ക് സാധാരണ ഉണ്ടാക്കാറുള്ളതാണ് ഇതൊക്കെ. ഉറങ്ങി ഉണരുമ്പോൾ എല്ലാം മാറിക്കോളും."
" ഉം "
പ്രകാശൻ ഒന്നു മൂളി. അവൻ അപ്പോഴും രേണുകയെ തന്നെ നോക്കുകയായിരുന്നു.
"ഹലോ പ്രകാശൻ എന്ത് ' ഉം' എന്നാണ് പറഞ്ഞത്. രേണുക ഗർഭിണിയാണ്. ഈ ടെൻഷൻ ഒക്കെ കളഞ്ഞ് അച്ഛനായതിൽ സന്തോഷിയ്ക്ക് പ്രകാശാ."
ഡോക്ടർ പ്രകാശന്റെ തോളിൽ തട്ടി സമാധാനിപ്പിച്ച് കൊണ്ട് നടന്നു പോയി
പ്രകാശൻ ഞെട്ടലിൽ നിന്ന് വിട്ടുമാറിയില്ല. അവന്റെ തലഞരമ്പുകൾ വലിഞ്ഞുമുറുക്കുന്ന പോലെ തോന്നി. അനങ്ങാൻ പോലും കഴിയാതെ അവൻ നിശ്ചലനായി നിന്നു പോയി.
(തുടരും)

Sumitha 

:ചെമ്പൻക്കുന്നിലെ യക്ഷി::ഭാഗം 4

::ചെമ്പൻക്കുന്നിലെ യക്ഷി::
~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~
(തുടർച്ച)
ഭാഗം 4
"എന്താടാ, എന്തുപ്പറ്റി?"
"വേഗം ഇറങ്ങ് നമ്മുടെ മുന്നേ പോയ കാർ ആ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു. "
"അയ്യോ."
രണ്ടുപേരും കാറിൽ നിന്നിറങ്ങി ആക്സിഡന്റ് നടന്നിടത്തേക്ക് ഓടി.
" അയാൾ മാത്രമേ ഉണ്ടായിരുന്നുള്ളോടാ."
റോഡിൽ കിടന്ന് പിടയുന്ന മനുഷ്യനെ ചൂണ്ടി പ്രകാശൻ തിരക്കി.
"അല്ല ഒരു കുട്ടിയും ഉണ്ടായിരുന്നു. അത് തെറിച്ചു പോയി. "
"നീ വണ്ടിയിങ്ങോട്ട് കൊണ്ട് വാ.പോ ചെല്ല്."
ശ്രീക്കുട്ടൻ കാറെടുക്കാൻ പോയ സമയം കൊണ്ട് പ്രകാശൻ റോഡിൽ കിടന്നയാളെ പൊക്കിയെടുത്തു. എന്റെ മോൾ, എന്റെ മോൾ എന്നയാൾ പിറുപിറുക്കുന്നുണ്ടായിരുന്നു.
റോഡിനോട് ചേർന്ന ഇലക്ട്രിക് പോസ്റ്റിന്റെ അടിയിൽ ബോധരഹിതയായി കിടന്ന ആ കുഞ്ഞിന്റെ തലയിൽ നിന്നും രക്തം അണപൊട്ടി ഒഴുകുകയായിരുന്നു. കണ്ടാൽ 10 വയസ് പ്രായം തോന്നിയ്ക്കും.
അവരെക്കോരിയെടുത്ത് അടുത്ത ജില്ല ആശുപത്രിയിൽ എത്തിയ്ക്കും വരെ ഉള്ളിൽ തീയായിരുന്നു.
ഹോസ്പ്പിറ്റലിനുള്ളിലേക്ക് സ്ട്രക്ച്ചറിൽ കിടത്തി കൊണ്ട് പോയ ആ കൊച്ചു മിടുക്കിയുടെ കാലിലെ ഒരുപാട് മുത്തുകളുള്ള പാദസ്വരം പ്രകാശന്റെ കണ്ണുകളിലുടക്കി.
"സാർ ആക്സിഡൻറ് കേസായത് കൊണ്ട് പോലീസ് വരുന്നത് വരെ നിങ്ങൾ പോകരുത്."
വെള്ളക്കുപ്പായമിട്ട മാലാഖയുടെ വാക്കുകൾക്ക് മുന്നിൽ പ്രകാശനൊന്നു മൂളി.
പറഞ്ഞ് തീരും മുമ്പേ ഹോസ്പിറ്റലിനു മുന്നിൽ പോലീസ് ജീപ്പ് വന്നു നിന്നു.
"ഹോ, നമ്മുടെ പോലീസൊക്കെ ഇപ്പോ സഡൻ ആക്ഷൻ ആയോ പ്രകാശേട്ടാ."
"എന്ത് പോലിസ് നമ്മുടെ പഴയ സ്റ്റീഫൻ മാർക്കോസ് തന്നെയാ."
" എങ്കിൽ പിന്നെ ഈ ജാടയെ കാണുള്ളൂ."
"നീ അങ്ങനെ പറയരുത്. ആ ഒരു കേസ് മാത്രമാണ് അയാൾക്ക് തെളിയിക്കാൻ കഴിയാതെ പോയത്. ബാക്കി കേസുകളിലെല്ലാം അയാൾ പുലിയാണ്."
സ്റ്റീഫൻ റിസപ്പ്ഷനിൽ വന്ന് കാര്യങ്ങൾ അന്വേഷിച്ച് തിരിഞ്ഞു. പ്രകാശനെ കണ്ടതും നിറഞ്ഞൊന്നു ചിരിച്ചു.
"ഹലോ പ്രകാശൻ ഹൗവ് ആർ യൂ? " പുസ്തക പ്രകാശനമൊക്കെ കഴിഞ്ഞല്ലോ അല്ലേ. എനിക്ക് വരാൻ പറ്റിയില്ല. ഒരുപാട് തിരക്കല്ലേ അതാ."
"ഇറ്റ്സ് ഓക്കേ സാർ."
" ഉം അതൊക്കെ വിട് താനെന്താ ഇവിടെ, വേതാളം ഇപ്പോഴും കൂടെ തന്നെയുണ്ടല്ലേ?"
സ്റ്റീഫൻ ശ്രീക്കുട്ടന്റെ തോളിലൊന്നു തട്ടി.
"സാറിപ്പോ തിരക്കി വന്ന ആ ആക്സിഡന്റ് കേസില്ലേ. അവരെ ഇവിടെ കൊണ്ട് വന്നത് ഞങ്ങളാണ്."
"ഹോ അത് നിങ്ങളായിരുന്നോ? എന്തായിരുന്നു സംഭവിച്ചേ? അല്ലേൽ വേണ്ട. ടോ ഇവരുടെ മൊഴിയെടുക്ക്. ഞാനൊന്ന് ഡോക്ടറെ കണ്ടിട്ട് വരട്ടെ."
"സാർ, മൊഴി കൊടുത്തിട്ട് ഞങ്ങൾ പോയ്ക്കൊട്ടെ? വൈഫും കുഞ്ഞും വീട്ടിലൊറ്റയ്ക്കാണ്."
"ഓ ഷുവർ നിങ്ങൾ പോയ്ക്കൊള്ളൂ. ശരി നമുക്ക് ഇനിയും കാണാം."
" ഓക്കേ താങ്ക് യൂ സാർ."
പ്രകാശന്റെയും ശ്രീക്കുട്ടന്റെയും മൊഴിയെടുത്ത് കൊണ്ടിരിക്കുമ്പോഴാണ് ആ മാലാഖ പിന്നെയും വന്നത്.
"സാർ ഇതവരുടെ ഓർണമെൻസ് ആണ്. അവരുടെ വീട്ടിലെ ആരും ഇല്ലാത്ത സ്ഥിതിയ്ക്ക്."
"യെസ് ഞങ്ങൾ സൂക്ഷിച്ചു കൊള്ളാം വീട്ടുകാർ വരുമ്പോൾ പോലീസ് സ്‌റ്റേഷനിൽ നിന്ന് വാങ്ങി കൊള്ളാൻ പറയണം. ഓക്കേ."
പോലിസുകാരൻ സാധാനങ്ങളെല്ലാം കൈയിലേക്ക് വാങ്ങി.അതിൽ നിന്ന് ഒരെണ്ണം താഴേക്കൂർന്ന് വീണു. ഒരുപാട് മുത്തുകൾ ഉള്ള ആ പാദസ്വരം.
മൊഴി കൊടുത്ത് തിരികെ നടക്കുമ്പോൾ പ്രകാശന്റെ മനസ് വല്ലാതെ നീറി പുകഞ്ഞു.
എന്റെ ആർദ്ര മോൾ, അവളൊരുപാട് ആഗ്രഹിച്ചതാണ് ഇതുപോലെയൊന്ന്. വാങ്ങി കൊടുത്തില്ല. അന്നത്തെ പിശുക്ക് അത്രതന്നെ. എന്റെ കുഞ്ഞ്, കുറേനാൾ അവൾ ഒഴിഞ്ഞ കാലുമായി നടന്നു. ഒടുവിൽ ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞു കൊണ്ട് വരുമ്പോഴും അവളുടെ കുഞ്ഞിക്കാലുകൾ ഒഴിഞ്ഞതായിരുന്നു.
പ്രകാശന്റെ ഹൃദയമിടിപ്പ് നിയന്ത്രണങ്ങൾക്ക് അതീതമായി ഉയർന്നു. ഉള്ളിൽ ഒതുക്കിവെച്ചിരുന്ന സങ്കട തിരമാലകൾ അവിടെ താണ്ഡവനൃത്തംചവിട്ടി.
(തുടരും)

Sumitha

::ചെമ്പൻക്കുന്നിലെ യക്ഷി:: ഭാഗം 3

::ചെമ്പൻക്കുന്നിലെ യക്ഷി::
~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~
(തുടർച്ച)
ഭാഗം 3
ആ വിളി കേൾക്കാൻ ചെവി കൊടുക്കാതെ അവന്റെ കാലുകൾ ശരവേഗത്തിൽ ദൂരങ്ങൾ പിന്നിട്ടിരുന്നു.
'' അവനെവിടെ പോയതാടി കൊച്ചേ?"
പ്രകാശന്റെ അമ്മയുടെ ചോദ്യത്തിന് മുന്നിൽ രേണു ഒന്നു ചൂളി.
" ആ എനിക്കറിയില്ലമ്മേ" എന്നും പറഞ്ഞവൾ വീട്ടിലേക്കോടി.
പിന്നീടുള്ള അവന്റെ ജീവിതം കൈവിട്ട പട്ടം കണക്കെയായിരുന്നു. തലപെരുപ്പിന് ശമനം കിട്ടാൻ മദ്യവും പുകവലിയും കൂടപ്പിറപ്പുകളായി മാറി. അവന്റെ മാറ്റം വീട്ടിനുള്ളിലും കലഹത്തിന് വഴിത്തുറന്നു.
കൂടെ പിറന്നില്ലെങ്കിലും കൂടപ്പിറപ്പുകളായി ജീവിച്ച രേണുവിന് പ്രകാശന്റെ തകർച്ച സഹിക്കാൻ കഴിയുമായിരുന്നില്ല. എല്ലാവരും കുറ്റപ്പെടുത്തിയപ്പോഴും ചീത്ത വിളിച്ചപ്പോഴും അവൾ മാത്രം അവനെ ചേർത്തു പിടിച്ചു. അവന്റെ സങ്കടങ്ങൾക്ക് കേൾവിക്കാരിയായി. പതിയെ പതിയെ രാജനുമായി പ്രകാശനു നല്ലൊരു സൗഹൃദം ഉണ്ടാക്കിയെടുക്കാൻ അവൾക്ക് കഴിഞ്ഞു. രാജനോടൊപ്പം വർക്ക്ഷോപ്പിൽ ജോലിയ്ക്കും കൂടി.
ആ സൗഹൃദം പ്രകാശനിൽ വളർന്നു വന്ന വിഷാദ രോഗിയെ പാടെ മുറിച്ചുമാറ്റി. കുടിയും വലിയുമെല്ലാം ഉപേക്ഷിച്ചു. വീട്ടിലേക്ക് ചിലവിന് കാശും കൊടുത്ത് തുടങ്ങി. ഇതിനിടയിൽ രേണുവും പ്രകാശനുമായുള്ള വിവാഹ ചർച്ചകൾ കുടുംബങ്ങളിൽ തകൃതിയായി നടക്കുന്നുണ്ടായിരുന്നു.
അന്നൊരു ശനിയാഴ്ച്ച ദിവസം. സതിയുടെ ഫോൺ ശബ്ദിക്കാൻ തുടങ്ങി. രേണുകയുടെ വീട്ടിൽ ഫോൺ കിട്ടിയതിൽ പിന്നെ രേണുകയ്ക്ക് വേണ്ടി ആ ഫോൺ അന്ന് വീണ്ടും ചിലച്ചു.
" രേണുകേ നിനക്കാടി ഫോൺ " സതി വിളിച്ചു പറഞ്ഞു.
"ങ്ങേ എനിക്കോ എന്നെയാരാ അവിടെ വിളിയ്ക്കാൻ അതും ഇത്ര രാവിലെ."
" നിന്റെ പഴയ കാമുകൻമാർ വല്ലതും ആകുമെടി നിനക്ക് ഫോൺ കിട്ടിയതറിയാതെ വിളിക്കുകയായിരിക്കും വേഗം ചെന്ന് എടുക്ക്."
പത്രത്തിൽ നിന്നും മുഖമുയർത്താതെ പ്രകാശൻ പറഞ്ഞു തീർത്തു.
" നീ പോടാ."
എന്നും പറഞ്ഞവൾ സതിയുടെ വീട്ടിനുള്ളിലേക്ക് ഓടിക്കയറി.
റിസീവർ ചെവിയോട് ചേർത്ത് വച്ചു.
"ഹലോ "
" രേണുകേച്ചി ഇത് ഞാനാ എന്റെ കോഴ്സെല്ലാം കഴിഞ്ഞു. നാളെ എനിക്ക് തിരുവസ്ത്രം കിട്ടും ഇവിടുത്തെ പള്ളിയിൽ വച്ച്. ഞാനിന്ന് കോളേജിൽ വരുന്നുണ്ട്. ഒന്ന് കാണാൻ പറ്റുമോ? പ്രകാശേട്ടനെയും കൂടി ഒന്നു വരുമോ. തിരുവസ്ത്രാരോഹണം കഴിഞ്ഞാൽ ഞാൻ ജോർദ്ദനിലേക്ക് പോകുവാണ്. പിന്നെ നമുക്ക് കാണാൻ പറ്റിയെന്നു വരില്ല. അതാ, പ്ലിസ് ചേച്ചി.
ഹലോ രേണുകേച്ചി എന്താ മിണ്ടാത്തത്, ഹലോ?"
" വരാം നീ എപ്പോ എത്തും?"
"ഒരു 11 മണി. "
''ഓക്കെ "
രേണുക പഴയ പോലെ തന്നെ അവന്റെ അരികിൽ പടിയിൽ ഭിത്തിയും ചാരിയിരുന്നു. പണ്ടൊരിക്കാൻ ഇതുപോലൊരു രാവിലെ വന്ന ഫോൺ കോൾ. ഇതു പോലെ അടുത്തു വന്നിരുന്ന് പറഞ്ഞതാണ് പ്രകാശന്റെ ജീവിതം തകർത്തത്. ഇത് ഇനി എന്തിനാക്കുമോ എന്തോ?
"എന്താടി, ആരാരുന്നു? നിന്റെ ഈ ഇരുപ്പ് അത്ര പന്തിയല്ലല്ലോ?"
" പ്രകാശാ അവൾ വന്നു. അവൾക്ക് നമ്മളെയൊന്ന് കാണണമെന്ന്. നാളെ അവളുടെ തിരുവസ്ത്രാരോഹണം ആണെന്ന്. നീ പോകുന്നുണ്ടോ കാണാൻ.?''
പ്രകാശൻ രേണുകയെ ഒന്നു നോക്കി. അവന്റെ കണ്ണുകളിൽ എന്തു വേണമെന്നറിയാത്തയൊരു ആശങ്ക നിഴലിക്കുന്നത് അവൾ കണ്ടു.
" നീ പോകണം കൂടെ ഞാനും കാണും നിന്റെ മനസിലുള്ളത് തുറന്നു പറയണം. അവൾക്ക് സമ്മതം അല്ലെങ്കിൽ മറന്നേക്കണം. അവളു പോയ്ക്കൊട്ടെ. ഇനി ഒരുപക്ഷേ സമ്മതമാണെങ്കിൽ ഒരിക്കൽ നീ വലിച്ചെറിഞ്ഞൊരു ജീവിതമുണ്ട് നിന്റെ മുന്നിൽ. പക്ഷെ ഒരു കാര്യം ഒരിക്കലും പഴയത് പോലെയാവില്ലെന്ന് എനിക്കുറപ്പു വേണം."
ആ ഒരു ഉറപ്പിന്റെ ബലത്തിൽ അവർ കോളേജിലേക്ക് പോകാൻ തീരുമാനിച്ചു. രേണുക നേരത്തെ തന്നെ പോയി.
അത് രാജന്റെ പ്ലാൻ ആയിരുന്നു. നേരത്തെ ചെന്ന് അവളോട് കാര്യങ്ങൾ എല്ലാം രേണുക അവതരിപ്പിച്ചതിന് ശേഷം മാത്രം പ്രകാശൻ രംഗപ്രവേശം ചെയ്താൽ മതിയെന്നുള്ളത്. പ്ലാനിംഗ് എല്ലാം പറഞ്ഞതുപ്പോലെ നടന്നു. രേണുക അവളോട് കാര്യങ്ങളെല്ലാം പറഞ്ഞു. ഒരക്ഷരം മിണ്ടാതെയവൾ കേട്ടിരുന്നു. പറഞ്ഞു കഴിഞ്ഞപ്പോൾ നിറഞ്ഞ നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് രാജന്റെ സ്കൂട്ടർ വന്ന് നിന്നു. പിറകിൽ നിന്നും പ്രകാശനിറങ്ങി അവരുടെ അടുത്തേക്ക് നടന്നു. പ്രകാശനെയും അവന്റെ വെള്ളാരം കണ്ണുകാരിയെയും തനിച്ച് നിർത്തി രേണുക രാജന്റെയടുത്തേക്ക് വന്നു.
അവളുടെ കണ്ണുകളിലെ തിളക്കം അവന്റെയുള്ളിൽ കത്തിപ്പടർന്നു.
"എടോ എനിക്ക് തന്നെ വേണം ഒരു വാക്കു പോലും പറയാതെ എന്നെ ഉപേക്ഷിച്ച് പോയപ്പോൾ ഞാനനുഭവിച്ചത് നിനക്കറിയില്ല. ഇനി എന്റെ ജീവിതാവസാനം വരെയും നീ എന്റെ കൂടെ വേണം."
അവളുടെ മുഖത്ത് നോക്കാതെ അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.
" പ്രകാശേട്ടാ ഈ വാക്കുകൾ കേൾക്കാൻ ഞാനൊരുപാടാഗ്രഹിച്ച നാളുകൾ ഉണ്ടായിരുന്നു. രേണുകേച്ചി ഇപ്പോ എന്നോടെല്ലാം പറഞ്ഞു. അന്നൊക്കെ ഒരായിരം തവണ മനസ്സുകൊണ്ട് ഞാൻ പ്രകാശേട്ടനോട് പറഞ്ഞിരുന്നു എനിക്കിഷ്ടമാണെന്ന്. പ്രകാശേട്ടനൊന്നുമറിഞ്ഞില്ല. ഇന്നിപ്പോ ഞാൻ ആ പഴയ വെള്ളാരംകണ്ണിയല്ല. ബന്ധങ്ങളും ബന്ധനങ്ങളുമെല്ലാം വേണ്ടെന്ന് വെച്ച് ദൈവത്തിന്റെ വഴിയിലേക്കിറങ്ങിയവളാണ്. നാളത്തെ തിരുവസ്ത്രാവരോഹണം കൂടി കഴിഞ്ഞാൽ പിന്നെ ഞാൻ ദൈവത്തിന്റെ മണവാട്ടിയാണ്."
"ചേന."
പ്രകാശന്റെ ഉള്ളിലെ അഗ്നി ആളിപ്പടർന്നു.
"നീയാരുടെയും മണവാട്ടിയാകാൻ പോകുന്നില്ല. മണവാട്ടിയാകുന്നെങ്കിൽ അത് ഈ പ്രകാശന്റെ മാത്രമായിരിക്കും. പ്രകാശന്റെ മാത്രം."
പ്രകാശന്റെ സംസാരം ഒരലർച്ച പോലെ മുഴങ്ങി.
പ്രകാശന്റെ ഭാവവ്യത്യാസം രേണുകയേയും രാജനേയും തെല്ലൊന്ന് ഭയപ്പെടുത്താതെയിരുന്നില്ല.
"കുട്ടി, ഒരാളുടെ ജീവിതം നശിപ്പിച്ചു കൊണ്ട് ദൈവത്തിന്റെ മണവാട്ടിയായാൽ ദൈവം നിന്നെ സ്വീകരിക്കുമെന്നാണോ? നിനക്ക് ഇവനെയും ഇവനു നിന്നെയും ഇഷ്ടമാണ് പിന്നെയെന്തിനാണ് ഈ ഒഴിഞ്ഞുമാറൽ "
രാജനാണ് ഇടയ്ക്ക് കയറി ഇടപ്പെടത്.
" പക്ഷേ ഒരുപാട് വൈകിപ്പോയി. നാളെ എല്ലാം അവസാനിക്കുകയാണ്. ഞാൻ ഈ അവസാന അവസരത്തിൽ എന്ത് ചെയ്യാനാണ് "
"നാളെയല്ലേ അവസാനിക്കൂ. ഇന്ന് എന്നൊരു ദിവസമുണ്ടല്ലോ? നീ തയ്യാറാണെങ്കിൽ പ്രകാശൻ ഇന്ന് നിന്നെ കൊണ്ടു പോകും. അല്ലേടാ പ്രകാശാ..?"
ഇന്നോ പ്രകാശനൊന്നു ഞെട്ടി ഞാനിവളെ എവിടെ കൊണ്ടുപോകും?
പ്രകാശന്റെ കണ്ണുകളിൽ നിന്ന് മനസു വായിക്കാനുള്ള കഴിവ് രേണുകയ്ക്ക് മാത്രമേയുള്ളൂ. ആ ചോദ്യത്തിനുത്തരം അവനു കഴിയില്ലെന്ന് അറിയാവുന്നത് കൊണ്ട് അവൾ തന്നെ മറുപടി പറഞ്ഞു.
" അതേ തൽക്കാലം വീട്ടിലേക്ക് പോകുന്നു. സമ്മതം കിട്ടുമെന്ന് ഒരുറപ്പും ഇല്ല. അതുകൊണ്ട് ആദ്യം ഇവൾക്ക് ഇടാൻ കുറച്ച് ഡ്രസ്സും അത്യവശ്യത്തിനുള്ള സാധാനങ്ങളും വാങ്ങണം. വീട്ടിൽ കയറ്റിയിലേൽ വേണ്ട. ഇവിടെ അടുത്ത് എനിക്കറിയാവുന്ന ഒരു ലേഡീസ് ഹോസ്റ്റൽ ഉണ്ട് തൽക്കാലം ഇവൾ അവിടെ നിൽക്കട്ടെ. എന്നിട്ട് നാളെ ഇവരുടെ കല്യാണത്തിനുള്ള കാര്യങ്ങൾ നോക്കാം. ബാക്കി വഴിയേ ശരിയാക്കാം. എന്തേ."
"കാര്യങ്ങളെല്ലാം സമ്മതിച്ചു. അതിനു ഇവൾ ഒന്നും പറഞ്ഞില്ലല്ലോ?"
''ഞാൻ എന്ത് പറയാനാ, ഞാനായിട്ട് ആരുടെയും ജീവിതം നശിപ്പിക്കുന്നില്ല."
അത്രേയും തന്നെ അധികമായിരുന്നു പ്രകാശനു സന്തോഷിക്കാൻ. ഇനിയാരു തടഞ്ഞാലും എന്ത് സംഭവിച്ചാലും അവനതൊരു പ്രശ്നമേ ആയിരുന്നില്ല.
അവൾക്ക് ഡ്രസ്സും സാധനങ്ങളും വാങ്ങനുള്ള കാശ് കൊടുത്തത് രാജനാണ്. സാധനങ്ങളുമായി നേരെ രേണുകയുടെ വീട്ടിലേക്ക് പോയ്ക്കൊള്ളാൻ പറഞ്ഞു.
അവിടെ നിന്ന് ഫോൺ വിളിച്ചാൽ മതിയെന്ന്. തീരുമാനങ്ങളെല്ലാം പറഞ്ഞപോലെ നടന്നു. വീട്ടിലെത്തിയ രേണു കാര്യങ്ങൾ ചെറുതായി അച്ഛൻ രാഘവനെ അറിയിച്ചു. രാഘവൻ അത് ചൂടാറാതെ പ്രകാശന്റെ അച്ഛൻ ദാമുവിനെയും. ദാമു പ്രകാശന്റെ വരവിനായി ഉമ്മറപ്പടിയിൽ കാത്തിരുന്നു.
രാജന്റെ സ്കൂട്ടറിൽ പ്രകാശൻ വീടിന്റെ മുറ്റത്ത് വന്നിറങ്ങി.
"തനിച്ചാണ് വന്നതെങ്കിൽ എന്റെ മകനു വീട്ടിലേക്ക് കയറാം. കൂടെ കൊണ്ടു വന്നവരെ ആരെയും ഈ പടിയ്ക്കപ്പുറം വേണ്ട."
''അച്ഛാ, അവൾ എന്നെ മാത്രം വിശ്വസിച്ച് ഇറങ്ങി വന്നതാണ് "
"നിന്നെ വിശ്വസിച്ചെങ്കിൽ നീ നോക്കിക്കോ അത് ഇതിനകത്ത് വേണ്ട. അവളെ എവിടെയാണോ കൊണ്ട് വിടേണ്ടതെന്ന് വെച്ചാൽ കൊണ്ട് വിട്ടിട് വാ."
"ഇല്ലച്ഛാ അവളെന്റെ പെണ്ണാ എന്റെ കൂടെ ജീവിയ്ക്കാൻ ഞാൻ കൊണ്ട് വന്ന പെണ്ണ്. "
"അത് നീ മാത്രം തീരുമാനിച്ച മതിയോ? ഞാൻ പിന്നെ എന്തിനാടാ?"
"അച്ഛനെന്തിനായാലും എന്റെ കാര്യം ഞാനാ തീരുമാനിയ്ക്കുന്നേ."
''ഫ്ഭാ പന്നാ നായേ ഇറങ്ങടാ പുറത്ത്. ഈ വീട്ടിൽ നടക്കില്ല നിന്റെ തലവഴിതരം. പോടാ എന്റെ കൺമുന്നിന്.''
ദാമു കതകുകൾ വലിച്ചടച്ചു.
sഫ്...
* * * * *
"അയ്യോ.........."
വലിയൊരു നിലവിളിയോടെ ശ്രീക്കുട്ടൻ കാർ സഡൻ ബ്രേക്കിട്ടു. കാറിന്റെ പിൻചക്രങ്ങൾ ചെറുതായി മുകളിലേക്ക് പൊങ്ങി താഴേക്ക് പതിച്ചു.
(തുടരും)

Sumitha

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo