Showing posts with label SobhithaMadathil. Show all posts
Showing posts with label SobhithaMadathil. Show all posts

കറുത്തപെണ്ണ്

Image may contain: 3 people, people smiling, closeup

എന്റെ കല്ല്യാണം ശരിയായ നാളുകളിൽ കൂട്ടുകാരും ബന്ധുക്കളും പെണ്ണ് എങ്ങനെ ഉണ്ടെന്ന ചോദ്യത്തിന് എന്റെ പൊതു മറുപടി ഇങ്ങനെയായിരുന്നു..
"പെണ്ണ് കറുത്തിട്ടാണ്,വേറെ കുഴപ്പമൊന്നുമില്ല"
അപ്പോൾ നിങ്ങൾ കരുതും ഈ പറയുന്ന ഞാൻ വെളുത്തവനാന്നു.അല്ല ഞാനും കറുത്തിട്ടാണ്..
'ആണു കറുത്താൽ കുഴപ്പമില്ല... പക്ഷേ പെണ്ണ് കറുത്താൽ കൊള്ളില്ല'_എന്ന് മുത്തശ്ശി പറഞ്ഞത് മനസ്സിലെവിടെയോ ഇടം പിടിച്ചതു കൊണ്ടാകാം ഈ കല്ല്യാണം ശരിയായപ്പോ കറുപ്പ് ഒരു പോരായ്മയായ് എന്നെ അലട്ടുന്നത്..
അങ്ങനെയിരിക്കെ സുഹൃത്ത് അൻസാറിനെ ഒരുനാൾ വഴിയിൽ വച്ച് കണ്ടപ്പോൾ എന്റെ കല്ല്യാണം ശരിയായിന്നും കൂട്ടത്തിൽ എന്റെ പതിവു ഡയലോഗും ഇട്ടു..
"പെണ്ണ് കറുത്തിട്ടാണ്.. വേറെ കുഴപ്പമൊന്നുമില്ല"
അവൻ ചിരിച്ചു കൊണ്ടു ചോദിച്ചു
"അപ്പോ കറുപ്പ് മാത്രമേ കുഴപ്പമുള്ളൂ"
ഞാൻ അതേന്നോ അല്ലാന്നോ പറയാതെ നിർവികാരനായ് നിന്നു.
ഇത്തവണ അവൻ ചിരിച്ചില്ല..പകരം കുറച്ചു ചോദ്യശരങ്ങൾ ഇട്ടു...
"ഞാൻ ഒരു കാര്യം ചോദിക്കട്ടെ...നിന്റെ അമ്മ കറുത്തിട്ടല്ലേ..?നിനക്കൊരു തിരിച്ചറിവിന്റെ പ്രായമെത്തിയപ്പോൾ ആ അമ്മ കറുത്തിട്ടെന്നും പറഞ്ഞ് നീ എപ്പൊഴെങ്കിലും കൂടെ കൂട്ടാതിരുന്നിട്ടുണ്ടോ?മാറ്റി നിർത്തിയിട്ടുണ്ടോ?അതൊരു അപമാനമായോ കുറവായോ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സ്നേഹിക്കാതിരിക്കാൻ തോന്നിയിട്ടുണ്ടോ...?
മറുപടി പറയാൻ വാക്കുകളില്ലാതെ ഞാൻ നിശബ്ദനായ്..
അവൻ തുടർന്നു,
"നീയാ പെണ്ണിനെ കെട്ടാൻ തീരുമാനിച്ചെങ്കിൽ..ചോദിക്കുന്നവരോട് പറയേണ്ട മറുപടി ഇതല്ല.എന്ത് പറയണം എന്നത് നീ തന്നെ ചിന്തിക്ക്.."
അമർത്തി ഒരു ഹസ്തദാനം തന്ന് അവൻ നടന്നു പോയ്..
അന്നുവരെ എന്റെ മനസ്സിലുണ്ടായിരുന്ന വികലമായ ചിന്താഗതിയെ അപ്പാടെ ഇല്ലാതാക്കുകയാരുന്നു അവൻ..
പുറത്ത് ഒരടി കിട്ടയപ്പോഴാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്..
ജിജോ ആയിരുന്നു അത്.
"കല്ല്യാണം ശരിയായപ്പോഴേക്കും സ്വപ്ന ലോകത്താണോടേയ്"
അവൻ കളിയാക്കി.കൂടെ പതിവു ചോദ്യവും എത്തി..
"എവിടുന്നാടാ പെണ്ണ്...എങ്ങനെയുണ്ട്?
ഞാൻ പറഞ്ഞു
"ഇത്തിരി ദൂരേന്നു.....എന്റെ നല്ല പാതിയാകാൻ തയ്യാറായ വലിയ മനസ്സുള്ള ഒരു പെൺകുട്ടിയാടാ......"

By: Sobhitha Madathil

തുറന്ന കത്ത്

Image may contain: 1 person


മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങി ധൃതിയിൽ നടന്നു പോകുമ്പോൾ പുറകിൽ നിന്നൊരു വിളി..
"അമ്മേ"
അത്ര പരിചയമുള്ള ശബ്ദം അല്ലെങ്കിലും ആ വിളിയിൽ പെട്ടെന്നു തിരിഞ്ഞു നോക്കുകയായിരുന്നു..
"സംശയിക്കേണ്ട, അമ്മയെ തന്നെ.."
എത്ര നോക്കീട്ടും എനിക്ക് ആളെ പിടികിട്ടീല്ല.ആരാണെന്ന് ചോദിക്കും മുമ്പേ അയാൾ പറഞ്ഞു..
"അമ്മ എന്നെ ഓർത്തെടുക്കാൻ ഒരു വഴിയുമില്ല.. പക്ഷേ എനിക്ക് അമ്മയെ അറിയാം ,ഒരു തവണയേ പരിചയപ്പെട്ടുവെങ്കിലും.."
ഞാൻ ഒന്ന് വെളുക്കനെ ചിരിച്ചിട്ട് പറഞ്ഞു.
"മോനെ എനിക്ക്
മനിസിലായില്ലാട്ടോ"
അയാളും ചിരിച്ചു....
"വീട്ടുകാരും നാട്ടുകാരും വെറുത്തിരുന്ന ആളായിരുന്നു പണ്ട് ഞാൻ. വെറുതെ വെറുത്തതല്ല,എന്റെ കൈയ്യിലിരിപ്പിന്റെ ഗുണം കൊണ്ടായിരുന്നു. പക്ഷേ അന്ന് അമ്മയെ കാണാനിടയായ സംഭവം മുതൽ ഞാൻ നന്നാകുകയായിരുന്നു..ഞാൻ ഇപ്പോ ഗൾഫിൽ നല്ലൊരു ജോലി ചെയ്യുന്നു.അനിയത്തിയെ കെട്ടിച്ചയച്ചു.ഇപ്പോ ലീവിന് വന്നതാണ്.. ഒരു കല്ല്യണമൊക്കെ നോക്കണം...ഇപ്പോ എന്നെ എല്ലാർക്കും വലിയ ഇഷ്ടാ..അതിനു കാരണം ആയ അമ്മയെ ഞാൻ എന്നും ഓർക്കാറുണ്ട്.."
ഇനി ഇയാൾക്ക് പെണ്ണ് അന്വേഷിക്കാൻ പറയാനാണോ ...ഞാൻ സംശയിച്ചു. ചിന്തകൾക്ക് വിരാമമിട്ട് ഞാൻ അയാളോട് പറഞ്ഞു...
"മോനെ എനിക്ക് മനസിലായുമില്ല,പിന്നെ എന്റെ ബസ്സും വരാറായ്"
അയാൾ വീണ്ടും ചിരിച്ചു.. എന്നിട്ട് പറഞ്ഞു..
"വർഷങ്ങൾക്ക് മുമ്പ് ഒരു പന്ത്രണ്ടാം ക്ലാസ്സുകാരന്റെ തുറന്ന കത്ത് അമ്മക്ക് കിട്ടിയതു ഓർക്കുന്നുണ്ടോ. എങ്കിൽ അതു മതി എന്നെ ഓർക്കാൻ.."
പറഞ്ഞു തീരും മുന്നേ എനിക്ക് പോകാനുള്ള ബസ്സ് വന്നു.ഞാൻ അയാളോട് യാത്ര പറഞ്ഞ് ബസ്സിൽ കയറി.
ബസ്സ് മുന്നോട്ടേക്കു നീങ്ങി; എന്റെ ഓർമ്മകൾ പുറകിലേക്കും....
ഇതു പോലൊരു വൈകുന്നേരം സ്ക്കൂൾ വിട്ട സമയം ഞാനും കുട്ടികൾക്കൊപ്പം ബസ്സിൽ തിക്കിത്തിരക്കി കയറി. ലേഡീസ് സീറ്റൊക്കെ നിറഞ്ഞിരുന്നു.. പുറകോട്ടു നോക്കിയപ്പോൾ ഒരു സ്ക്കൂൾ കുട്ടിയുടെ അടുത്ത് സീറ്റ് കിട്ടി..
ബസ്സ് വളവുകൾ തിരിയുമ്പോൾ പയ്യൻ തട്ടിമുട്ടി ഇരുന്നപ്പോൾ എന്റെ തോന്നലെന്ന് കരുതി..കുറച്ചു നേരം കഴിഞ്ഞപ്പോ അവന്റെ കൈമുട്ട് എന്റെ വയറ്റിൽ ഉരസാൻ തുടങ്ങി. ഞാൻ അവനെ നോക്കി. പയ്യൻ ഒന്നും അറിയാത്ത പോലെ പുറത്തേക്ക് നോക്കി പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നു...
ഞാൻ ആ പയ്യന്റെ തോളത്തു കൈയ്യിട്ട് എന്റെ അരികിലേക്ക് ചേർത്തിരുത്തി...എന്നിട്ട് ചോദിച്ചു.
"ഇപ്പോ നിനക്കു നിന്റെ അമ്മ ചേർത്തിരുത്തിയതു പോലെ തോന്നുന്നില്ലേ..."
പയ്യൻ പെട്ടെന്ന് കുതറി മാറിയെങ്കിലും ഞാൻ ചേർത്തു തന്നെ ഇരുത്തി.അവന്റെ മുഖം കുനിഞ്ഞു.. കണ്ണീർ തുള്ളികൾ ഇറ്റിറ്റ് ബാഗിൽ വീഴുന്നത് എനിക്ക് കാണാമായിരുന്നു...
അവനൊരു പുഞ്ചിരി നല്കി കൊണ്ട് ഞാൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി...
ദിവസങ്ങൾക്കു ശേഷം എനിക്കൊരു കത്ത് കിട്ടി.
"അന്ന് ബസ്സിൽ വച്ച് ഞാൻ അമ്മയോടു അപമര്യാദയായ് പെരുമാറി...പൊറുക്കാൻ പറ്റാത്ത തെറ്റ്..ഇനി ആവർത്തിക്കില്ല ;കാതിലും മനസ്സിലും തുളഞ്ഞുകയറിയ അമ്മയുടെ ചോദ്യം മനസ്സിൽ ഉള്ളടത്തോളം കാലം...
അമ്മേ മാപ്പ്.....!!

By Shobitha Madathil

പിറന്നാൾ

Image may contain: 1 person

വീട്ടിൽ നിന്നും തിരിച്ച് ഹോസ്റ്റലിലേക്ക് പോകാൻ നേരം അമ്മ പറഞ്ഞു "അടുത്ത ആഴ്ച്ച വീട്ടിൽ നിന്നും ആരെങ്കിലും വരും പൈസ തരാൻ,അതുവേരക്കും ഇതു വച്ചോ ബേക്കറിയോ മറ്റോ വാങ്ങാൻ…"സീൻ സെൻറി ആകും മുമ്പേ ഓട്ടോ പാഞ്ഞെത്തി.ലീവും കഴിഞ്ഞ് ഗൾഫിലേക്ക് പോകുന്ന ദു:ഖഭാരത്തോടെ ഞാൻ ഓട്ടോയിൽ കയറി..പറന്നുപോകുന്ന വിമാനത്തിനു റ്റാറ്റ കൊടുക്കും പോലെ അമ്മയും…
ക്ലാസ് തുടങ്ങി ഉച്ചയായപ്പോഴേക്കും പഠനസാമഗ്രികൾ വാങ്ങാനുള്ള ലിസ്റ്റും കൊണ്ടു ലീഡർ വന്നു.ആകെ കയ്യിലുള്ള ഇരുന്നൂറും കൊടുത്തു.വൈകുന്നേരം സാമഗ്രികൾ കൈപ്പറ്റി,ബാക്കി പത്തു രൂപയും! ഈ പത്തും കൊണ്ടു എന്നാ ചെയ്യാനാ എന്നോർത്ത് സങ്കടപെടേണ്ടി വന്നില്ല.ദാ വരുന്നു പിരിവ്,കോളേജ് ഡേ ആണത്രേ!!
ഓരോ ദിനവും അങ്ങനെ നീങ്ങി നീങ്ങി പോയ്.വീട്ടിൽ എല്ലാ ദിവസവും വിളിക്കും..ഇങ്ങോട്ടേക്കു വരുന്ന കാര്യം ഒഴികെ എല്ലാ വിശേഷവും പറയും..എല്ലാ അറിയുന്നതു കൊണ്ടു ഞാനുംവരുന്ന കാര്യം ചോദിക്കാറില്ല.ഞായറാഴ്ച്ച ആയതു കൊണ്ടു കൂട്ടുകാരെല്ലാം ഷോപ്പിങ്ങിനും മറ്റുമായ് പുറത്തേക്ക് പോയ്.ഞാൻ മാത്രം പോയില്ല.വീട്ടിൽ നിന്നും ആളു വരുന്നതും നോക്കി കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്നു.കണ്ണിലെ എണ്ണ തീർന്നൂന്ന് മാത്രമല്ല,ഹോസ്റ്റലിലെ വിളക്കുവരെ അണഞ്ഞു.വാശി കാരണം ഞാൻ അങ്ങോട്ടും വിളിച്ചില്ല.
നാളെ എൻെറപിറന്നാളാ…ഓർമ്മയിലുള്ള കാലം മുതൽ ഒരു മിഠായി പോലും കൊടുക്കാതെ എൻെറ ഒരു പിറന്നാളുപോലും കഴിഞ്ഞു പോയിട്ടില്ല.
ഒമ്പതു മണിയാപ്പോ അമ്മ വിളിച്ചു.ഞാൻ തളർന്ന സ്വരത്തിൽ ഹലോ എന്നൊക്കെ വച്ചപ്പോ മറുതലയ്ക്കൽ അതിലും തളർന്ന സ്വരത്തിൽ അമ്മ പറഞ്ഞു "മോളെ ഇന്നു പൈസ കൊടുത്തയക്കാൻ പറ്റിയില്ല…നാളെ നിൻെറ പിറന്നാളാണെന്നു അറിയാം,ഇത്തവണ ഇങ്ങനെയൊക്കെ അങ്ങു പോകട്ടെ…അമ്മ വീട്ടിൽ വരുമ്പോ പായസം വച്ചു തരാട്ടോ,മോൾക്ക് സങ്കടം വേണ്ടാട്ടോ…" "ഏയ് ഇല്ലമ്മേ അതിനെന്താ..കുറച്ച് എഴുതാനുണ്ടമ്മേ,ഞാൻ നാളെ വിളിക്കാം" എന്നും പറഞ്ഞു ഞാൻ ഫോൺ കട്ടാക്കി. പിന്നെ എല്ലാം കഴിഞ്ഞിട്ടാണല്ലോ പായസം ഹും_ബലൂണു പോലെ വീർത്തു കെട്ടിയ മുഖവുമായ് ഞാൻ കിടന്നുറങ്ങി.
ക്ലാസിൽ ലഡുവുമായിട്ടാണു കുട്ടികൾ എന്നെ വരവേറ്റത്…എൻെറ മനസിൽ ലഡു പൊട്ടും മുമ്പേ അവൾ പറഞ്ഞു ഇന്നലെ എൻെറ പിറന്നാളായിരുന്നു.ഞാനവൾക്കു ആശംസകൾ പറഞ്ഞു.ആരോ അപ്പോൾ വിളിച്ചു പറഞ്ഞു ഇന്നു ശോഭീടെ പിറന്നാളാ.
എല്ലാരും എൻെറ നേരെ തിരിയും മുമ്പേ ടീച്ചർ വന്നു.ഹാവു തൽക്കാലം രക്ഷപ്പെട്ടു.
അങ്ങനെ ക്ലാസ് ശാന്തമായ് മുന്നോട്ടു നീങ്ങുമ്പോൾ ദാ വരുന്നു പുതുതായ് ചാർജെടുത്ത പ്രിൻസിപ്പാൾ.മാഡം ഭയങ്കര കർക്കശക്കാരിയെന്നാണ് അറിഞ്ഞത്.അതുകൊണ്ടു തന്നെ എല്ലാരും ഒന്നു ഞെട്ടി,ഞാൻ രണ്ടു തവണ ഞെട്ടി.കാരണം അവർ വിളിച്ചത് എൻെറ പേരായിരുന്നു.ഞാൻ എഴുന്നേറ്റു."മെനി മോർ ഹാപ്പി റിട്ടേൺസ് ഓഫ് ദ ഡേ" മാഡം പറഞ്ഞതു കേട്ടു ഞാൻ അന്താളിപ്പോടെ "താങ്ക്സ്" പറഞ്ഞു.മാഡം തുടർന്നു"നീ ഈ ലോകത്തു എറ്റവും കൂടതൽ ആരെയാ സ്നേഹിക്കുന്നേ…?"ഞാൻ മറുപടിയൊന്നും പറയാതെ അന്തം വിട്ടു നിൽക്കുമ്പോൾ…ക്ലാസിലേക്കു കയറിവരാൻ പറഞ്ഞ ആളെ കണ്ടു ഞാൻ ഞെട്ടി!എനിക്കൻെറ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല!! കൈ നിറയെ പൂക്കളുമായ് പുഞ്ചിരിച്ച മുഖവുമായ് അമ്മ…ക്ലാസാണെന്ന കാര്യം മറന്നു ഓടിച്ചെന്നു അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു.അമ്മയോടു തോന്നിയ പരിഭവത്തിനു സോറി പറയുകയായിരുന്നു ഞാനപ്പോ മനസ്സിൽ…"മോളെ " അമ്മ വിളിച്ചു .ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ക്ലാസ്സ് നിശബ്ദമായിരുന്നു..ആരൊക്കെയോ കണ്ണു തുടക്കുന്നതു കണ്ടു.…
പിന്നെ അമ്മ കൊണ്ടു വന്ന കേക്ക് ഹർഷാരവത്തോടെ അമ്മയോടൊപ്പം ക്ലാസിൽ നിന്നു മുറിച്ചു.പ്രൻസിപ്പാളിനു ഞാൻ കേക്കു നൽകിയപ്പോൾ മാഡം പറഞ്ഞു "എനിക്കു ഷുഗർ കൂടുതലാ,മധുരം കഴിക്കാറില്ല,പക്ഷേ ഇതു ഞാൻ കഴിക്കും.കാരണം ഇത് ഒരമ്മയുടെ സ്നേഹമാണ്…

By: 
Sobhitha Madathil

സാക്ഷി

Image may contain: 3 people, people smiling, closeup


മഴ…
ഒരു നോട്ടമെറിഞ്ഞെന്നിൽ
നിന്നെ കണ്ടെത്തിയതിന്നേക സാക്ഷി
മഴ…
തിരക്കിൽ തിരയുന്ന മുഖം
നിൻെറയെന്നറിഞ്ഞതിന്നേക സാക്ഷി
മഴ…
പ്രണയമെന്നെന്നോടോതിയ
സായാഹ്നത്തിനേക സാക്ഷി
മഴ…
ഒരു കുടക്കീഴിലെന്നധരം
നീ കവർന്നതിന്നേക സാക്ഷി
മഴ…
രാപകലുകൾ കണ്ട സ്വപ്നത്തിൽ
നീമാത്രമെന്നറിഞ്ഞതിന്നേക സാക്ഷി
മഴ…
ഇരവിൻെറ കുളിരിൽ
നാമൊന്നായതിന്നേക സാക്ഷി
മഴ…
ഒരു പുതുനാമ്പെന്നിൽ വളരുന്നു_
ണ്ടെന്നറിഞ്ഞതിന്നേക സാക്ഷി
മഴ…
കാത്താരിപ്പിനൊടുവിൽ
നീയില്ലെന്നറിഞ്ഞതിന്നേക സാക്ഷി
മഴ…
വെറുക്കപ്പെട്ടവളായ് പടി_
യിറക്കപ്പെട്ടതിന്നു മൂകസാക്ഷി
മഴ…
തെരുവിലലറിക്കരഞ്ഞു
പൊട്ടിച്ചിരിച്ചതിന്നു മൂകസാക്ഷി
ഒടുവിലീ ജനലഴികളും
പിഞ്ചോമനയുമെന്നെ
യാത്രയാക്കിയപ്പോൾ
മഴ…
നിറഞ്ഞ പുഴയായ്
കൈകൾ നീട്ടിയെന്നെ
മാടി വിളിച്ചു…
വിട…

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo