
എന്റെ കല്ല്യാണം ശരിയായ നാളുകളിൽ കൂട്ടുകാരും ബന്ധുക്കളും പെണ്ണ് എങ്ങനെ ഉണ്ടെന്ന ചോദ്യത്തിന് എന്റെ പൊതു മറുപടി ഇങ്ങനെയായിരുന്നു..
"പെണ്ണ് കറുത്തിട്ടാണ്,വേറെ കുഴപ്പമൊന്നുമില്ല"
അപ്പോൾ നിങ്ങൾ കരുതും ഈ പറയുന്ന ഞാൻ വെളുത്തവനാന്നു.അല്ല ഞാനും കറുത്തിട്ടാണ്..
'ആണു കറുത്താൽ കുഴപ്പമില്ല... പക്ഷേ പെണ്ണ് കറുത്താൽ കൊള്ളില്ല'_എന്ന് മുത്തശ്ശി പറഞ്ഞത് മനസ്സിലെവിടെയോ ഇടം പിടിച്ചതു കൊണ്ടാകാം ഈ കല്ല്യാണം ശരിയായപ്പോ കറുപ്പ് ഒരു പോരായ്മയായ് എന്നെ അലട്ടുന്നത്..
അങ്ങനെയിരിക്കെ സുഹൃത്ത് അൻസാറിനെ ഒരുനാൾ വഴിയിൽ വച്ച് കണ്ടപ്പോൾ എന്റെ കല്ല്യാണം ശരിയായിന്നും കൂട്ടത്തിൽ എന്റെ പതിവു ഡയലോഗും ഇട്ടു..
"പെണ്ണ് കറുത്തിട്ടാണ്.. വേറെ കുഴപ്പമൊന്നുമില്ല"
അവൻ ചിരിച്ചു കൊണ്ടു ചോദിച്ചു
"അപ്പോ കറുപ്പ് മാത്രമേ കുഴപ്പമുള്ളൂ"
ഞാൻ അതേന്നോ അല്ലാന്നോ പറയാതെ നിർവികാരനായ് നിന്നു.
ഇത്തവണ അവൻ ചിരിച്ചില്ല..പകരം കുറച്ചു ചോദ്യശരങ്ങൾ ഇട്ടു...
"ഞാൻ ഒരു കാര്യം ചോദിക്കട്ടെ...നിന്റെ അമ്മ കറുത്തിട്ടല്ലേ..?നിനക്കൊരു തിരിച്ചറിവിന്റെ പ്രായമെത്തിയപ്പോൾ ആ അമ്മ കറുത്തിട്ടെന്നും പറഞ്ഞ് നീ എപ്പൊഴെങ്കിലും കൂടെ കൂട്ടാതിരുന്നിട്ടുണ്ടോ?മാറ്റി നിർത്തിയിട്ടുണ്ടോ?അതൊരു അപമാനമായോ കുറവായോ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സ്നേഹിക്കാതിരിക്കാൻ തോന്നിയിട്ടുണ്ടോ...?
മറുപടി പറയാൻ വാക്കുകളില്ലാതെ ഞാൻ നിശബ്ദനായ്..
അവൻ തുടർന്നു,
"നീയാ പെണ്ണിനെ കെട്ടാൻ തീരുമാനിച്ചെങ്കിൽ..ചോദിക്കുന്നവരോട് പറയേണ്ട മറുപടി ഇതല്ല.എന്ത് പറയണം എന്നത് നീ തന്നെ ചിന്തിക്ക്.."
അമർത്തി ഒരു ഹസ്തദാനം തന്ന് അവൻ നടന്നു പോയ്..
അന്നുവരെ എന്റെ മനസ്സിലുണ്ടായിരുന്ന വികലമായ ചിന്താഗതിയെ അപ്പാടെ ഇല്ലാതാക്കുകയാരുന്നു അവൻ..
പുറത്ത് ഒരടി കിട്ടയപ്പോഴാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്..
ജിജോ ആയിരുന്നു അത്.
ജിജോ ആയിരുന്നു അത്.
"കല്ല്യാണം ശരിയായപ്പോഴേക്കും സ്വപ്ന ലോകത്താണോടേയ്"
അവൻ കളിയാക്കി.കൂടെ പതിവു ചോദ്യവും എത്തി..
"എവിടുന്നാടാ പെണ്ണ്...എങ്ങനെയുണ്ട്?
ഞാൻ പറഞ്ഞു
"ഇത്തിരി ദൂരേന്നു.....എന്റെ നല്ല പാതിയാകാൻ തയ്യാറായ വലിയ മനസ്സുള്ള ഒരു പെൺകുട്ടിയാടാ......"
By: Sobhitha Madathil
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക