Slider

0

പാസ്പോർട്ട്
.........................
ഇന്നലെ ആ വാർത്ത അറിഞ്ഞത് മുതൽ അവൻ ആകെ അങ്കലാപ്പിലായിരുന്നു.
ഷേഖിന്റെ ഓഫീസിൽ അക്കൗണ്ടൻറ് ആയി ജോലി ചെയ്യുന്ന സുഹൃത്ത് പറഞ്ഞാണ് അതറിഞ്ഞത്.
തന്നെ പോലെ പത്താം തരം പാസ്സാകാത്തവർക്ക് ഇനി മുതൽ ഓറഞ്ചു് കളർ പാസ്പോർട്ടാണത്രെ .
പടച്ചോനെ , നാല് വർഷമായി പെണ്ണന്വേഷിച്ച് നടന്ന് കളവ് പറഞ്ഞു് ഒന്ന് ഉറപ്പിച്ച് പോന്നതാണ്.
അതിന്റെ കാര്യം ഏതാണ്ട് തീരുമാനമായി.
പലവട്ടം പറഞ്ഞതാണ് ബ്രോക്കറോട് . കള്ളം പറഞ്ഞുള്ള ഒരു ഇടപാടും വേണ്ടെന്ന്.
അപ്പോൾ അയാള് പറയേണ്...
"മോനെ പഴേ കാലമൊന്നുമല്ല .
ഡിഗ്രിയെങ്കിലും ഇല്ലാത്ത ഒരൊറ്റ പെൺകുട്ടിയെ കാണാൻ കിട്ടൂല്ല..
നിന്റെ പത്താം ക്ലാസ്സ് തോറ്റ പുരാണോം കൊണ്ട് നടന്നാൽ ഈ ജന്മത്ത് നിനക്ക് പെണ്ണ് കിട്ടാൻ പോണില്ല.
നീയവിടെ മിണ്ടാതിരുന്നാ മതി.
കാര്യങ്ങളൊക്കെ ഞാൻ പറഞ്ഞോളാം.
അവരിപ്പ നിന്റെ സർട്ടിഫിക്കറ്റ് നോക്കാൻ പോകേണ്.
ഇത് ഒരു സ്കൂൾ ഹെഡ്മാസ്റ്ററുടെ ഏക മോളാണ്.
ബികോം പഠിച്ച കുട്ടിയാ..
നീ വീണ്ടും പഠിപ്പിച്ചോളാന്ന് പറഞ്ഞത് കൊണ്ടു് മാത്രമാണ് അങ്ങോര് സമ്മതിച്ചത്.
പിന്നെ നീ ഈ പ്രായത്തിൽ അദ്ധ്വാനിച്ചുണ്ടാക്കിയ നിന്റെ സമ്പത്ത് കാണുമ്പൊ പഠിപ്പൊന്നും പ്രശ്നമാകൂല്ല.
ആ പെങ്കൊച്ചാണെങ്കിൽ പഠിച്ച് കളക്ടറാകാൻ നടക്കേണ്."
ആലോചന വന്നപ്പോൾ ബ്രോക്കർ ഡിഗ്രിയുണ്ടെന്ന് പറഞ്ഞത് കൊണ്ടാകും , പെണ്ണ് കാണാൻ ചെന്നപ്പോൾ ആ വിഷയം സംസാരിച്ചില്ല.
പെൺകുട്ടിയെ തനിക്കും, തന്നെ അവൾക്കും ഇഷ്ഠമായത് കൊണ്ടു് പിന്നെ ആ കള്ളം തിരുത്താൻ മനസ്സ് വന്നതുമില്ല.
പത്തിരുപത് പെണ്ണ് കണ്ടിട്ട് ഇതെങ്കിലും നടന്ന് കിട്ടാൻ നോമ്പു് നോറ്റിരിക്കുന്ന ഉമ്മാനോട് പലവട്ടം പറഞ്ഞെങ്കിലും ഉമ്മയും സമാധാനിപ്പിച്ചു.
"എന്റെ മോന്റെ സ്വഭാവം അറിയുമ്പൊ പിന്നെ അവർക്ക് അതൊന്നും വല്യ പ്രശ്നമാകൂല്ല."
എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോളായിരുന്നു പള്ളി ഇമാമായിരുന്ന ബാപ്പയുടെ മരണം.
തന്നെയും രണ്ടു് സഹോദരിമാരെയും പഠിപ്പിച്ച് നല്ല നിലയിലാക്കാൻ ഏറ്റവും ആഗ്രഹിച്ചിരുന്നത് ബാപ്പയാണ്.
ബാപ്പയുടെ മരണത്തോടെ വീട്ടിലെ പട്ടിണി മാറ്റേണ്ട ഉത്തരവാദിത്തം പതിമൂന്ന്കാരനായ തന്റെ തലയിലായി.
ആ പ്രായത്തിൽ കഴിയാവുന്ന ജോലിക്കെല്ലാം പോയി.
അതിനിടക്ക് പഠിപ്പിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.
ചെറുപ്രായത്തിൽ ബാപ്പ പകർന്ന് തന്ന സത്യസന്ധതയും സൽസ്വഭാവവും എല്ലായിടത്തും തനിക്ക് തുണയായി.
പത്താം ക്ലാസ്സ് എന്ന കടമ്പ യെങ്കിലും കടക്കണമെന്ന് അതിയായി ആഗ്രഹിച്ചെങ്കിലും അതും നടന്നില്ല.
ഇനി തന്റെ ലക്ഷ്യം, തനിക്ക് ലഭിക്കാതെ പോയ വിദ്യാഭ്യാസം തന്റെ സഹോദരിമാർക്കെങ്കിലും നേടികൊടുക്കണമെന്ന വാശിയാണ്.
അത് വഴി ബാപ്പയുടെ ആഗ്രഹം നിറവേറ്റുക.
അതിന് വേണ്ടി കഠിനമായി അദ്ധ്വാനിച്ചു.
പ്രഭാത നമസ്കാരത്തിന് മുടങ്ങാതെ പള്ളിയിൽ പോയിരുന്ന തന്നെ ശ്രദ്ധിച്ച മൊയ്തു ക്കയാണ് ആദ്യമായി മനസ്സിൽ ഗൾഫ് സ്വപ്നം പാകിയത്. ഷേഖിന്റെ ഡ്രൈവറായി ജോലി നോക്കുന്ന 'മൊയ്തു 'ക്ക നാട്ടിൽ നിന്ന് പലരെയും കൊണ്ടുപോയി രക്ഷപ്പെടുത്തിയിട്ടുണ്ട്..
പിന്നെ പാസ്പോർട്ട് എടുക്കാൻ പ്രായം തികയാനുള്ള കാത്തിരിപ്പായിരുന്നു.
ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ വർഷങ്ങൾ പെട്ടെന്ന് കടന്ന് പോയി.
അതിനിടയിൽ, സർട്ടിഫിക്കറ്റുകളില്ലെങ്കിലും ഒരു പാട് പ്രാക്ടിക്കൽ സർവകലാശാലകളിൽ നിന്ന് ബിരുദം നേടി.
കോളേജുകളിൽ നിന്നും ലഭിക്കാത്ത "ജീവിത ബിരുദം ".
ഷേഖിന്റെ ഓഫീസ് ബോയ് ആയിട്ടായിരുന്നു ആദ്യ നിയമനം..
വളരെ നല്ല മനുഷ്യനായിരുന്നു അദ്ദേഹം. വിദ്യാസമ്പന്നനും മനുഷ്യ സ്നേഹിയുമായ അദ്ദേഹത്തിന്റെ ഒഴിച്ച് കൂടാനാകാത്ത സഹായിയാണ് താനിപ്പോൾ.
സ്വപ്നത്തിൽ പോലും ആഗ്രഹിച്ചിട്ടില്ലാത്ത ആനുകൂല്യങ്ങളാണ്, തനിക്ക് ലഭിച്ചത്.
അതിനിടക്ക് ഉമ്മയുടെ സ്വപ്നമായിരുന്ന നല്ലൊരു കിടപ്പാടമുണ്ടാക്കി.
ഉന്നത വിദ്യാഭ്യാസം നൽകി സഹോദരിമാരെ നല്ല രീതിയിൽ വിവാഹം ചെയ്തയച്ചു.
ധൂർത്തും പൊങ്ങച്ചവും ഒഴിവാക്കിയത് കൊണ്ട് കുറച്ച് ഭൂമിയും കെട്ടിടവുമൊക്കെ വാങ്ങാൻ കഴിഞ്ഞു..
അപ്പോഴും സർവകലാശാലാ ബിരുദത്തിന്റെ അഭാവം മനസ്സിൽ ഒരു നീറ്റലായി പിന്തുടർന്നു..
വിവാഹാലോചനകൾ വന്നപ്പോഴാണ് അത് ഏറ്റവും വലിയ പോരായ്മയായി അനുഭവപ്പെട്ടത്.
അവസാനം എല്ലാം കൊണ്ടും ഉമ്മാക്കും തനിക്കും അവർക്കും ഏറെ ബോധിച്ച ഒരു ബന്ധമാണ് ഇപ്പോൾ ഉറപ്പിച്ചിട്ടുള്ളത് .
രണ്ടു മാസം കഴിഞ്ഞ് വിവാഹം.
"റസിയാ , കപ്ബോഡിൽ ഇരിക്കുന്ന എന്റെ ബാഗിൽ ഒരു ഡയറി ഉണ്ടു് . അതൊന്ന് എടുത്ത് കൊണ്ടു വാ ".
വിവാഹ പിറ്റേന്ന് ഉമ്മയും അളിയൻമാരുമൊപ്പം സംസാരിച്ചിരിക്കുന്നതിനിടക്ക് അവൻ ഭാര്യയോട് പറഞ്ഞു.
"എന്താ ഇത് " റസിയയുടെ ഉച്ചത്തിലുള്ള ചോദ്യം കേട്ട് എല്ലാവരും അവളുടെ കയ്യിലേക്ക് നോക്കി. ഷബീറിന്റെ ഹൃദയത്തിൽ ഒരു കൊള്ളിയാൻ മിന്നി.
തന്റെ ഓറഞ്ചു് കളർ പാസ്പോർട്ട്.
"റസിയാ ,അത് അത് "
അവന് വാക്കുകൾ കിട്ടിയില്ല.
"എല്ലാവരും കൂടി ഞങ്ങളെ ചതിക്കുകയായിരുന്നല്ലെ."
അളിയൻമാർ കാര്യമറിയാതെ തന്നെ നോക്കി.
അവർക്കറിയില്ലല്ലോ ബ്രോക്കർ വരുത്തി വെച്ച വിന.
ശബ്ദം കേട്ട് സഹോദരിമാരും എത്തി.
കലി തുള്ളി റസിയ അകത്തേക്ക് പോയപ്പോൾ ഷെബീർ അവരോട് ഉണ്ടായ സംഭവങ്ങൾ പറഞ്ഞു.
അത് കേട്ട് മൂത്ത അളിയൻ പറഞ്ഞു.
"ഓഹ് ഇത്രേയുള്ളു , നമ്മുടെ മന്ത്രിമാർക്ക് പലർക്കും ഓറഞ്ച് പാസ്സ്പോർട്ടാണ്. അതിലും വലുതൊന്നുമല്ലല്ലൊ ഇത്.
പക്ഷെ റസിയ കാര്യമായിട്ട് തന്നെയാണ്.
പെട്ടിയും ബാഗുമായി ഇറങ്ങി വന്ന് അവൾ ഉച്ചത്തിൽ പറഞ്ഞു..
ഒരു ചതിയനോടൊപ്പം ജീവിക്കാൻ എനിക്കാവില്ല. ഞാൻ പോകുന്നു.
ഷെബീർ എഴുന്നേറ്റ് അവളുടെ പിന്നാലെ ചെന്ന് കെഞ്ചി.
"റസിയാ , റസിയാ" പോകല്ലെ മോളെ .
"ഷെബീറെ, " മൊയ്തുക്ക കുലുക്കി വിളിച്ചപ്പോളാണ് അവന് പരിസര ബോധമുണ്ടായത്.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു.
ഒഴിവ് ദിവസമായത് കൊണ്ടു് പ്രഭാത നമസ്കാര ശേഷം കിടന്നുറങ്ങിയപ്പോളാണ് ഈ സ്വപ്നം .
"പുലർച്ചെ കാണുന്ന സ്വപ്നം ഫലിക്കും"
ചെറുപ്പത്തിൽ ഉമ്മയോട് സ്വപ്ന വിവരം പറയുമ്പോൾ ഉമ്മപറയാറുള്ള വാക്കുകൾ അവനോർത്തു.
"എന്താ മോനെ കല്യാണം കഴിയുന്നതിന് മുൻപ് റസിയാനെ വിളിക്കുന്നത് ". ചിരിച്ച് കൊണ്ട് മൊയ്തുക്ക.
അവൻ ഒരു ചമ്മലോടെ നോക്കി.
എന്നിട്ട് കണ്ട സ്വപ്നത്തെ കുറിച്ച് അയാളോട് പറഞ്ഞു. .
മൊയ്തുക്ക അത് കേട്ട് ഉച്ചത്തിൽ ചിരിച്ചു.
അവസാനം ഗൗരവത്തിൽ പറഞ്ഞു.
"നീ റസിയാടെ ബാപ്പാനെ വിളിച്ച് ഉള്ള സത്യം പറയ്".
"അതെ മൊയ്തുക്ക . അല്ലെങ്കിൽ എനിക്കും ഒരു സമാധാനം കിട്ടില്ല".
അവൻ ഉടനെ റസിയായുടെ ബാപ്പയെ വിളിച്ചു.
കോൾ കണക്ട് ആയിട്ടും വിക്കി വിക്കി നിൽക്കുന്ന ഷെബീറിൽ നിന്ന് മൊയ്തുക്ക ഫോൺ വാങ്ങി.
അദ്ദേഹം കാര്യങ്ങൾ റസിയായുടെ ബാപ്പാനെ ധരിപ്പിച്ചു.
റസിയയെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാനും, ആലോചിച്ച് നിങ്ങൾക്ക് വിവാഹത്തിന് എന്തെങ്കിലും താൽപര്യക്കുറവുണ്ടെങ്കിൽ വിളിച്ച് വിവരം അറിയിക്കാനും പറഞ്ഞു. അവസാനം മൊയ്തുക്ക ഇത്ര കൂടി പറഞ്ഞു.
ഞാൻ മനസ്സിലാക്കിയേടത്തോളം നിങ്ങളുടെ മകൾക്ക് ഷെബീറിനെക്കാൾ നല്ല ഒരു പയ്യനെ കിട്ടുകയില്ല.
പിന്നെ ആകാംക്ഷയുടെ മണിക്കൂറുകളായിരുന്നു.
സമയം വൈകുന്തോറും അവന് നിരാശ ബാധിച്ച് തുടങ്ങിയിരുന്നു.
എല്ലാവരും ചെയ്യുന്നത് പോലെ വിവാഹത്തിന് മുൻപ് ഒരു മൊബൈൽ ഫോൺ ജീവിതം ആരംഭിക്കാൻ ഇഷ്ടമില്ലാതിരുന്നത് കൊണ്ടു് അവളെ ഇത് വരെ വിളിച്ചിട്ടില്ല.
രണ്ടു പേർക്കും നമ്പർ പരസ്പരം അറിയാമെങ്കിലും ഇതേ വരെ ഒരു മെസ്സേജ് പോലും അയച്ചിട്ടില്ല.
ഇന്ന് ആദ്യമായി അവളുടെ ഒരു മെസ്സേജിന് വേണ്ടി അവന്റെ ഹൃദയം തുടിച്ചു.
അക്ഷമനായി അതിനായി കാതോർത്തു.
'ജുമുഅ ' ക്ക് പോകാൻ വേണ്ടി കുളിക്കാൻ ബാത്റൂമിൽ കയറിയപ്പോഴാണ് വാട്സ് അപ്പ് കിളി ചിലച്ചത്.
അവൻ ഓടി പുറത്തിറങ്ങി മൊബൈൽ നോക്കി.
ആദ്യമായി വന്ന റസിയയുടെ മെസ്സേജ് അവൻ കണ്ടു.
"ങ്ങളെ നിക്ക് പെരുത്ത് ഇഷ്ടായി .😂👍 "
അവൻ തുള്ളിച്ചാടി കൊണ്ട് ഓടി ചെന്ന് കിച്ചണിൽ ബിരിയാണി ഉണ്ടാക്കുകയായിരുന്ന മൊയ്തുക്കയെ എടുത്ത് പൊക്കി.
അയാൾ പിതൃവാത്സല്യത്തോടെ അവനെ ചുംബിച്ച് കൊണ്ട് പറഞ്ഞു.
"എനിക്കറിയാം മോനെ നിന്റെ പ്രാർത്ഥന പടച്ചോൻ കേൾക്കുമെന്ന് ".
ബഷീർ വാണിയക്കാട്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo