ലൈക്കിനുള്ള ഘടകങ്ങൾ ഇല്ല.ക്ഷമിക്കുക
🙏
🙏
🙏



"തൊട്ടുപോകരുത് ഇനിയവളേ...."
ദിക്കു പൊട്ടുമാറുച്ചതിൽ ഞാൻ അലറി..
"തൊട്ടാൽ തൊട്ടവന്റെ കൈ ഞാൻ വെട്ടും..അവളുടെ ആരായാലും..."
എന്റെ ഭ്രാന്തുപിടിച്ച ആക്രോശത്തിൽ അവളുടെ ആങ്ങളയും അച്ഛനും ഞെട്ടിത്തരിച്ചു.അത്രക്കു കലിപ്പു ഉണ്ടായിരുന്നെനിക്ക്....
"എങ്കിൽ ഈ നിമിഷം ഇവിടെ നിന്നിറങ്ങണം രണ്ടുപേരും.."
അവളുടെ അച്ഛൻ പുറത്തേക്കു കൈ ചൂണ്ടി..
"ഇറങ്ങാൻ തന്നെയാണ് തീരുമാനം. നിങ്ങളുടെ വീട്ടിൽ എല്ലാ പണിയും അവൾ ചെയ്യണം.അവളുടെ ചിലവിൽ കഴിയുകയും വേണം. എന്നിട്ട് അവളെ പട്ടിയെപ്പോലെ തല്ലുകയും വേണം അല്ലേ..."
എനിക്കെന്റെ ക്ഷമയുടെ അതിർവരമ്പ് നഷ്ടപ്പെടുകയായിരുന്നു...
"നിങ്ങളുടെ മകളെ പ്രേമിച്ചല്ല ഞാൻ കെട്ടിയത്.അന്തസ്സായി താലികെട്ടിയതാണു.വീട്ടിൽ ആരുമില്ല എന്നു നിങ്ങൾ പറഞ്ഞിട്ടല്ലേ ഇവിടെ താമസം തുടങ്ങിയത്.നിങ്ങളുടെ മകൻ കെട്ടിക്കഴിഞ്ഞു മാറാമെന്നു വെച്ചപ്പഴും നിങ്ങൾ സമ്മതിച്ചില്ല.പൊന്മുട്ടയിടുന്ന താറാവിനെ നഷ്ടപ്പെടുത്താനും വയ്യ അല്ലേ..."
എനിക്കാകെ ഭ്രാന്തുപിടിച്ച അവസ്ഥയിൽ ആയിരുന്നു. ശരിക്കും പറഞ്ഞാൽ അനാഥനായ എന്നെയവർ വിലക്കെടുക്കുക ആയിരുന്നു.
അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട തനിക്കു നല്ലൊരു ജോലി കിട്ടിയതിനാലാണു അവളുടെ വീട്ടുകാർ ആലോചനയുമായി എന്നെ സമീപിച്ചത്.
താല്പര്യമെല്ലെന്നു പറഞ്ഞു ഒഴിഞ്ഞെങ്കിലും അവർ വിട്ടില്ല.അമ്മാവന്റെ സപ്പോർട്ടിലാണു കെട്ടാച്ചരക്കായ മകളെ എന്റെ തലയിൽ കെട്ടിവെച്ചത്.
കെട്ടുകഴിഞ്ഞപ്പോൾ പല ചതികളും അറിഞ്ഞു.പെണ്ണിനു ചൊവ്വാദോഷം കൊണ്ടാണ് കല്യാണം നടക്കാതിരുന്നത് എന്നാണ് പറഞ്ഞിരുന്നത്...
സത്യത്തിൽ അറുപിശുക്കരായ തന്തക്കും മകനും കാശിറക്കാൻ വയ്യാത്തതിനാലാണു അവളുടെ കല്യാണം നടക്കാതിരുന്നതെന്ന് അവൾ പറയുക ഉണ്ടായി.
അവൾ ജോലിചെയ്യുന്ന കാശുവരെ അവരാണ് വാങ്ങുന്നത്.അതിനിന്നുവരെ ഞാൻ കണക്കു ചോദിച്ചിട്ടില്ല.അവർ കഷ്ടപ്പെട്ടു വളർത്തിയതല്ലേ വാങ്ങട്ടെയെന്നു പറഞ്ഞു പലപ്പോഴും ഞാനവളെ ആശ്വസിപ്പിക്കും.
അളിയന്റെ കെട്ടു കഴിഞ്ഞതോടെയാണു പ്രശ്നങ്ങൾ സങ്കീർണ്ണമായത്.വല്യ വീട്ടിൽ നിന്നും വന്ന മരുമകൾ.പണക്കാരി.അതിന്റെ ഹുങ്ക് അവർക്കു ഉണ്ടായിരുന്നു. ഒരു ജോലിയും ചെയ്യാതെ അളിയന്റെ ഭാര്യ കുത്തിയിരിക്കും.
ഭാര്യ ജോലിക്കു പോകുന്നതിനു മുമ്പായി എല്ലാം ചെയ്തു തീർക്കും.വൈകിട്ട് വരുമ്പോഴും കാണും പാവത്തിനു വീട്ടിലൊരുപാട് ജോലി.വന്നു കിടക്കുന്നത് രാത്രി പതിനൊന്നു മണിക്ക്.പുലർച്ചെ അഞ്ചിനു അലറാം വെച്ചതു പോലെ എഴുന്നേൽക്കും.പലപ്പോഴും ഞാൻ സഹായിക്കാറുണ്ടവളെ.
ഭാര്യ പറഞ്ഞു കൊടുക്കുന്ന കുറ്റങ്ങൾ കൊണ്ടാണു അവളുടെ ആങ്ങള പലപ്പോഴും അവളെ തല്ലുന്നത്.എത്രയെന്നു വെച്ചാണു കണ്ടു നിൽക്കുന്നത്.അവളുടെ കാശ് വാങ്ങി കീശയിൽ വെക്കുമ്പോൾ എന്റെ പോക്കറ്റാണു കീറുന്നത്.അളിയൻ ആണെങ്കിൽ ഉള്ള പണികൂടി കളഞ്ഞു കുളിച്ചവൻ.
അവൾ പലപ്പോഴും പറഞ്ഞിട്ടുണ്ട് ഒരു വീടെടുത്ത് മാറുവാൻ.രക്ത ബന്ധത്തിന്റെ സ്നേഹം കിട്ടാഞ്ഞതിനാൽ അവരെ സ്വന്തമെന്നു കരുതി ഞാൻ സ്നേഹിച്ചു..
"അവരുടെ മകളും പെങ്ങളുമായിരിക്കും അവൾ.പക്ഷേ ഞാൻ താലി കെട്ടിയ പെണ്ണാണവൾ.എന്റെ ജീവന്റെ പാതി.അവകാശം പറഞ്ഞു ഇനി ആരും അവളുടെ മുകളിൽ കുതിര കയറണ്ട..ഇന്നോടെ തീർന്നു എല്ലാ ബന്ധങ്ങളും.."
അവസാന തീരുമാനം എന്നപോലെ ഞാൻ തീർപ്പു കൽപ്പിച്ചു...
"ബന്ധങ്ങളുടെ വില മനസ്സിലാകുന്ന ഒരു നാൾ വരും .അന്ന് മകളാണ്.. പെങ്ങളാണെന്നും പറഞ്ഞു ആരും എന്നെ തിരക്കി വരരുത്...."
ആദ്യമായിട്ട് എന്റെ ഭാര്യയുടെ ശബ്ദം അവിടെ മുഴങ്ങി.അതവൾ ഇത്രയും നാളും അനുഭവിച്ച സങ്കടങ്ങൾ കൊണ്ടായിരുന്നു. ഒരുപക്ഷേ അവളുടെ അമ്മ ജീവിച്ചിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരിക്കാം.
ഇരു കൈകളും വീശി എന്റെ കൂടെ ചേർന്നവൾ നടക്കുമ്പോൾ അവൾ കരഞ്ഞില്ല..
പകരം ദൃഢനിശ്ചയമായിരുന്നു കണ്ണുകളിൽ....
"തോൽപ്പിക്കാനും അടിച്ചമർത്താനും ശ്രമിച്ചവരുടെ മുമ്പിൽ അന്തസ്സായി ജീവിച്ചു കാണിച്ചു കൊടുക്കണമെന്ന്"
(സമർപ്പണ:രക്ത ബന്ധങ്ങളുടെ മൂല്യം നഷ്ടപ്പെടുത്തുന്നവർക്കായി.കഥ വെറും ഭാവന മാത്രം)
🙏
🙏
🙏



A story by സുധീ മുട്ടം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക