Slider

''വണ്ണാച്ചാ" ഞാൻ പോയേച്ചും വരാം

0
''വണ്ണാച്ചാ" ഞാൻ പോയേച്ചും വരാം
............................... (ചെറുകഥ)
തൂക്ക് പാത്രവും എടുത്ത് ഉമ്മറത്തേക്ക് ഇറങ്ങുമ്പോഴേ കേട്ടു -
കണ്ട പുല്ലിനോടും, പൂവിനോടും കഥ പറഞ്ഞ് നില്ക്കാതെ പാലും കൊണ്ടും വേഗം വരണമെന്ന താക്കീത് !
വഴിയിലെ കാഴ്ചകൾ എനിക്ക് മടുക്കില്ലല്ലോ... പുല്ലെണ്ണ പറിച്ച് കണ്ണെഴുതിയും, വണ്ണാച്ചനോട് കുശലം ചോദിച്ചും നടക്കുമ്പോൾ എന്റെ വഴികൾ അവസാനിക്കാറില്ലല്ലോ... വല്ലാത്തൊരു അനുഭൂതി നിറയ്ക്കുന്ന പ്രകൃതി!
ഹൃദയത്തിൽ കുളിര് നിറയ്ക്കുന്നത്!
പക്ഷെ മതിവരുവോളം ഈ മഞ്ഞിൻ കണങ്ങളെ വാരി പുണരാൻ എനിക്ക് തടസ്സമുണ്ടല്ലോ...
" ഞാൻ പോയേച്ചും വരാട്ടോ... നമ്മക്ക് നാളെ കഥ പറയാം..., വണ്ണാച്ചൻ അകത്ത് പോക്കോ ,
നിന്റെ ലോകം എന്ത് രസമാ.. എനിക്ക് അസൂയ തോന്നുന്നു നിന്നോട് വണ്ണാച്ചാ...
ഉം.. പോയ്ക്കോ.. ഞാൻ പോവ്വാ.. "
എന്നും ഇങ്ങനെയാ
മനസ്സിലാ മനസ്സോടെയാ ഞാൻ യാത്ര പറയുക എന്റെ സ്വപ്നങ്ങളുടെ താഴ്‌വരകളോട്...
ചിമ്മിനിവെട്ടത്ത് ഏറെ നേരം കുത്തിയിരുന്ന് വായിക്കുമ്പോൾ ആവേശമായിരുന്നു , അടുത്ത താള് പറയുന്ന കഥ കേൾക്കാൻ...
പക്ഷെ അവിടെയും എന്റെ ജന്മശാപം പിൻതുടർന്നു.
"ചിമ്മിനി തീർക്കാതെ ഊതി കെടുത്തി കിടക്ക് കുട്ടീ... എന്തോന്നാ പാതിരാവരെ വായിച്ച് കൂട്ടുന്നത് "
വിളക്ക് ഊതി അണയ്ക്കുമ്പോൾ .... നെഞ്ചിലും പടരും ആ ഇരുട്ട്.
അലസമായ പകലുകളെ ആടിനെ മേയ്ച്ചും, അനിയത്തിമാരെ പരിചരിച്ചും തീർക്കും!
സ്കൂളിലേക്കുള്ള യാത്രയിൽ എന്റെ മുഖത്ത് വന്ന് തട്ടുന്ന സൂര്യകിരണങ്ങൾക്ക് വല്ലാത്തൊരു ശോഭയായിരുന്നു. അതെന്റെ മനസ്സിൽ സ്വർണ്ണത്തിന്റെ പറുദീസ തീർക്കാറുണ്ടായിരുന്നു.
മുതുക് പിഞ്ഞിയ യൂണിഫോം ആരും കാണാതെ തട്ടത്തിന്റെ തലപ്പ് കൊണ്ട് മറിച്ച് ,എന്റെ പ്രാണനായ പുസ്തകക്കെട്ടുകളെ മാറോടടുക്കി പിടിച്ചു.
പഠിക്കുന്ന പുസ്തകങ്ങൾ മാത്രമല്ല ട്ടോ.. വീട്ടിന്ന് വല്ലപ്പോഴും കിട്ടുന്ന നാലണ കൂട്ടിവെച്ച് ഞാൻ വാങ്ങിയ കഥാ പുസ്തകങ്ങളും ഉണ്ട് അടക്കി പിടിച്ചവയിൽ!
സരസയും, ആമിനയും നെല്ലിക്ക പെറുക്കാൻ പോകുമ്പോൾ ഞാൻ ഇടവഴിയിലെ കല്ലിന് മേലിരുന്ന് തലേ ദിവസം വായിച്ച് തീരാത്ത ആ താളുകളിലേക്ക് വേഗം കണ്ണുകളെ പായിക്കും. വീട്ടിലെത്തിയാ പിന്നെ ഒന്നും നടക്കില്ല.. അറിയാം..
പത്താം ക്ലാസ് ജയിച്ചെന്നറിഞ്ഞപ്പോൾ എന്റെ പിഞ്ഞിയ ബ്ലൗസ് നോക്കി കണ്ണ് നിറച്ചു!
വിശ്വസിക്കാൻ പ്രയാസമായിരുന്നു. ഉള്ളിൽ കടലിരമ്പുന്ന പോലെ ...
പട്ടണത്തിലേക്ക് ഉപരിപഠനം നടത്താൻ വെമ്പിയ മനസ്സിനെ താഴിട്ട് പൂട്ടാൻ ഒട്ടും അമാന്തിക്കേണ്ടി വന്നില്ല.
കരഞ്ഞ് കലങ്ങിയ കണ്ണുകൾ ആരും കാണാതെ ഇടയ്ക്കിടെ തണുത്ത വെള്ളം കൊണ്ട് കഴുകി വെച്ചു ഞാൻ.
പ്രാണനെപ്പോലെ സ്നേഹിക്കുന്ന പുസ്തകങ്ങളെ ആക്രിക്കാരൻ കൊണ്ട് പോകുന്നത് കണ്ടപ്പോൾ ഹൃദയം പിടഞ്ഞു.
പത്രാസുകാരനൊരുത്തൻ ഒത്ത് വന്നത് കൊണ്ട് വീട്ടുകാർ എന്നെ മംഗല്യപ്പെണ്ണാക്കാൻ ഒരുങ്ങുകയാണ്.
വായിച്ച് തുടങ്ങിയതേയുള്ളൂ.. ജീവിതം!
അതിന് മുൻപേ അടച്ചു വച്ചോളാൻ പറഞ്ഞിരിക്കുന്നു.
"എന്റെ പ്രിയപ്പെട്ട ലോകമേ.... നിങ്ങൾ വിട തരിക !
പുൽച്ചാടിയും, പുല്ലെണ്ണയും, വണ്ണാച്ചനും, നെല്ലിക്കാമരവും,
ആമ്പലും, വയലും ഒന്നുമല്ല ഇനി എന്റെ പകലുകൾ !
ഞാൻ ഒളിപ്പിച്ച് വച്ച അക്ഷരങ്ങളേ.... നിങ്ങളെ വായിക്കാൻ ഇനി ഞാൻ അശക്തയാണ്... പോയേച്ചും വരാം... ഞാൻ പുതിയലോകം എന്നെ തിരിച്ചറിയും നാൾ!
സ്വപ്നങ്ങളുടെ താഴ്വരകളേ വിട
അവസാന വരി കോറിയിട്ടപ്പോൾ കരിമഷി പടർന്ന കണ്ണുനീർ ആ താളുകളെ അഭംഗിയാക്കിയിരുന്നു.
പത്രാസുകാരന്റെ ചൂട്പറ്റി കിടക്കുമ്പോൾ നാളെ കാലത്ത് വെക്കേണ്ട കറിയെന്ത്,
ഉച്ചയ്ക്ക് ഉപ്പേരിയെന്ത് എന്ന ജീവിതം വായിക്കാൻ തുടങ്ങിയിരുന്നു.
അടുപ്പിലെ തീ ഊതി ആളിക്കത്തിക്കുമ്പോൾ .... അതിന്റെ കനൽ പറക്കുന്നത് ഞാൻ വെറുതേ നോക്കി നില്ക്കും....
നല്ല സ്വർണ്ണ നിറത്തിൽ ഇത്തിരി സമയം മാത്രം കാണും,
പിന്നീടത് അപ്രത്യക്ഷമാകും.
ചുണ്ടിൽ ചെറിയൊരു ചിരിയാ അപ്പൊ വരിക.
പണ്ട് തൂക്ക് പാത്രവുമേന്തി വണ്ണാച്ചനോട് കഥ പറഞ്ഞ് നടന്ന ,ഒരു പാട് സ്വപ്നങ്ങളുണ്ടായിരുന്ന, ഒരു പാട് വായിക്കാനിഷ്ടമായിരുന്ന പ്രകൃതിയോട് അലിഞ്ഞ് ചേർന്നിരുന്നെങ്കിലെന്ന് മോഹിച്ച എല്ലാം കാഴ്ചകളും ഒരു നിമിഷം കൊണ്ട് അസ്തമിച്ച് എരിഞ്ഞ് തീർന്ന കനൽ!
മക്കളെ പെറ്റ് പോറ്റാൻ തുടങ്ങിയതേ... പാതി വഴി പിന്നീട് തനിച്ചായി ഞാൻ! എന്നേക്കാളും ഒരു പാട് പ്രായമുണ്ടായിരുന്ന പത്രാസുകാരൻ അങ്ങ് പോയി.
മക്കളും ചിറക് വച്ച് പറക്കാൻ തുടങ്ങിയിരിക്കുന്നു.
എനിക്കും പ്രായമായി ! മുടി മുഴുവൻ നരച്ചു, വിരലുകളൊക്കെ ചുളിഞ്ഞു,, കാൽമുട്ടുകൾക്കൊക്കെ ബലം കുറഞ്ഞു.
കണ്ണിലും വെളുത്തപാടതിങ്ങി നിറഞ്ഞിരിക്കുന്നു. ഇല്ലെങ്കിൽ ആ അലമാരക്കകത്തെ മക്കളുടെ പുസ്തകം ഒന്നെടുത്ത് കണ്ണ് പായിക്കാമായിരുന്നു.
ശുഭം....ഷംസീറ ചെച്ചി

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo