നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

താഴ്വര ഭാഗം - 2

താഴ്വര ഭാഗം - 2
---------------------------
ഞാനൊരു യാത്രയിലാണ്. എന്റെ പ്രണയിനിയെ തേടിയുള്ള യാത്ര. എനിക്ക് നഷ്ടപ്പെട്ട് പോയ എന്റെ പെണ്ണിനെ തേടിയുള്ള യാത്ര. അവളെ കണ്ടുപിടിച്ച് അവളോടൊപ്പം വേണം എനിക്ക് മടങ്ങാൻ. പക്ഷെ അവൾ എവിടെയാണെന്ന് മാത്രം അറിയില്ല.
******
ബസ് ഒരു വളവ് തിരിഞ്ഞപ്പോൾ ഞാൻ ഒന്ന് ആടിയുലഞ്ഞു. അടുത്ത സീറ്റിൽ ആളില്ലാഞ്ഞതിനാൽ ആ ഉലച്ചിൽ എന്നെ മയക്കത്തിൽ നിന്നും ഉണർത്തി. അത്രയും നേരം ഉറക്കത്തിലായിരുന്നുവോ? നിശ്ചയമില്ല. ഈയിടെയായി ഞാൻ ഏറെ നേരവും സ്ഥലകാലബോധത്തിലല്ല. മയങ്ങുകയാണോ മായാലോകത്തിൽ സഞ്ചരിക്കുകയാണോ എന്ന് നിശ്ചയമില്ലാത്ത ഒരു സഞ്ചാര പഥത്തിൽ ആണ് ഞാൻ.
വണ്ടി ഒരു കയറ്റമാണ് കയറിക്കൊണ്ടിരിക്കുന്നത്. നല്ല തണുപ്പുണ്ട്. മഞ്ഞിന്റെ തണുപ്പ് സൂചിമുന പോലെ അസ്ഥികളെ നോവിച്ചു. ഉള്ളിൽ ഒരു അഗ്നിപർവ്വതം തന്നെ പുകയുന്നുണ്ട്. പക്ഷെ അതൊന്നും ശരീരത്തെ ബാധിച്ചില്ല. തണുപ്പ് തന്നെ കാർന്നു തിന്നുന്നുണ്ടെന്ന് തോന്നി. ആ സീറ്റിൽ കൂനിക്കൂടി ഞാൻ ഇരുന്നു.
വല്ലാതെ വിറക്കുന്നുണ്ട്. ഇനി എത്ര ദൂരം ഉണ്ടെന്നു നിശ്ചയമില്ല. കൃത്യമായ അജണ്ടയില്ലാത്ത യാത്രയാണ്. ഒരു ഊഹം മാത്രം. ഒരു സംശയത്തിന്റെ പിൻബലത്തിൽ ഇറങ്ങി പുറപ്പെട്ടതാണ്. വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തിയിട്ടില്ല. എങ്ങോട്ടാണ് പോകുന്നതെന്ന് ആരോടും പറഞ്ഞിട്ടുമില്ല.
ഇറങ്ങാൻ നേരം എങ്ങോട്ടാണെന്ന ചോദ്യത്തിന് ഒരുത്തരം പറയാൻ ആയില്ല. 'അവളെയും കൊണ്ട് മടങ്ങി വരും' എന്ന് പറഞ്ഞപ്പോൾ അവർ പ്രതീക്ഷയോടെ തന്നെ നോക്കി. കൂടുതൽ ചോദ്യങ്ങൾക്ക് ഇടകൊടുക്കാതെ ധൃതിയിൽ അവിടെ നിന്നും ഇറങ്ങുകയായിരുന്നു.
വെറുമൊരു സംശയത്തിന്റെ പേരിലുള്ള ഈ യാത്ര എത്ര കണ്ട് വിജയമാകും എന്നറിയില്ല. എന്തായാലും വസുവിനെ കണ്ടെത്തണം. ഈ യാത്ര തുടങ്ങിയപ്പോൾ മുതൽ അവൾ കൂടെയുള്ള പോലെ ഒരു തോന്നൽ. എന്തെന്നില്ലാത്ത ഒരു പ്രതീക്ഷ മനസ്സിൽ നിലനിൽക്കുന്നു.
ഞാൻ വെറുതെ പുറത്തേക്ക് നോക്കിയിരുന്നു. ഇരുട്ടാണ്. ഒന്നും കാണാൻ വയ്യ. എങ്കിലും ഉള്ളിൽ എവിടെയോ ഒരു നേരിയ പ്രകാശം. ഓർമ്മകൾ മലവെള്ളം പോലെ പാഞ്ഞു വന്നു. ഞാൻ സീറ്റിൽ തലചായ്ച്ച് മെല്ലെ കണ്ണുകളടച്ച് ഇരുന്നു.
******
അവധികാലത്ത് മാത്രം നാട്ടിലേക്ക് വരുന്നവരായിരുന്നു ഞങ്ങൾ. വർഷത്തിൽ ഒന്നോ രണ്ടോ തവണ ഉള്ള ആ വരവിൽ ഇപ്പോഴും അമ്മാവന്റെ വീട്ടിലായിരിക്കും താമസം. ഭാര്യാ സഹോദരൻ എന്നതിൽ ഉപരി അമ്മാവനുമായി അച്ഛന് ഒരു സൗഹൃദം ഉണ്ടായിരുന്നു. അമ്മാവന് തിരിച്ചും. എന്റെ സഹോദരി മാളുവും വസുവും സമപ്രായക്കാരാണ് എന്നത് ഞങ്ങൾ കുട്ടികൾക്കിടയിലും സൗഹൃദം ഊട്ടിയുറപ്പിക്കാൻ കാരണമായി.
വളരെ സന്തോഷത്തിലും സ്നേഹത്തിലും രണ്ടു കുടുംബങ്ങളും കഴിഞ്ഞു പോകുന്നതിനിടക്കാണ് ആ ദുരന്തം ഒരു അതിഥിയായി എത്തിയത്. ഒരു അപകടം അച്ഛനെയും അമ്മയെയും മാളുവിനെയും എന്നിൽ നിന്നകറ്റിയപ്പോൾ ഞാൻ ശരിക്കും തനിച്ചായി.
എന്റെ സംരക്ഷണത്തെച്ചൊല്ലി വാഗ്വാദങ്ങളും തർക്കങ്ങളും ഉണ്ടാകുന്നതിനു മുൻപേ ഒരു മറുചിന്തക്ക് പോലും നിൽക്കാതെ അമ്മാവൻ എന്നെ വീട്ടിലേക്ക് കൂട്ടി. അമ്മാവന്റെയും അമ്മായിയുടെയും സ്നേഹത്തോടെയുള്ള പെരുമാറ്റം അന്ന് എനിക്ക് അല്പം ആശ്വാസം നൽകിയെങ്കിലും സ്വന്തം കുടുംബത്തിന് പകരം വക്കാൻ മറ്റൊന്നിനും ആയില്ല.
പക്ഷെ വസു... അവൾ എനിക്ക് ചുറ്റും ഒരു ഉപഗ്രഹം കണക്കെ ഭ്രമണം ചെയ്തുകൊണ്ടിരുന്നു. എന്റെ നഷ്ടങ്ങളുടെയും വേദനയുടെയും ആഴവും വ്യാപ്തിയും മനസ്സിലാക്കാനുള്ള പ്രായം അവൾക്ക് അന്നുണ്ടായിരുന്നില്ല. അവളുടെ സാമീപ്യം എനിക്ക് മാളുവിന്റെ നഷ്ടം ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു. അതെനിക്ക് പിന്നെയും വേദന സമ്മാനിച്ചു.
പക്ഷെ അവൾ ഇതൊന്നും അറിയാതെ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. അവൾക്കും മറ്റാരും ഉണ്ടായിരുന്നില്ല എന്നതുകൊണ്ടാവാം. മെല്ലെ മെല്ലെ ഞാൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നു. അമ്മാവനും അമ്മായിയും വസുവും ഒക്കെയാണ് ഇനി എന്റെ കുടുംബം എന്ന് ഞാൻ ഉൾക്കൊണ്ടു കഴിഞ്ഞിരുന്നു.
കാലങ്ങൾ കഴിയുംതോറും പ്രായം എല്ലാവരിലും മാറ്റങ്ങൾ ഉണ്ടാക്കി. ഞാനും അവളും കൗമാരത്തിലെത്തിയപ്പോൾ ഞങ്ങൾ പോലും അറിയാതെ ഉള്ളിൽ പ്രണയം പൂത്തുലഞ്ഞു. പരസ്പരം പറയാതെ തന്നെ അത് മനസ്സിലാക്കാൻ ഞങ്ങൾക്കായി. ഞങ്ങളുടെ ബന്ധത്തിൽ അമ്മാവനും അമ്മയ്ക്കും എതിർപ്പില്ലെന്ന് മനസ്സിലായതോടെ പിരിയാൻ കഴിയാത്ത വിധം ഞങ്ങൾ അടുത്തു.
******
"കിച്ചുവേട്ടാ..."
തൊട്ടരികത്ത് നിന്ന് വിളികേട്ടത് പോലെ ഞാൻ നോക്കി. ഇല്ല അവൾ അടുത്തില്ല. അടുത്ത സീറ്റ് ശൂന്യമാണ്. ഞാൻ ചുറ്റും നോക്കി. ബസിൽ എല്ലാവരും നല്ല മയക്കത്തിൽ ആണ്. നല്ല തണുപ്പുണ്ട്. അതിന്റെ ആലസ്യത്തിലാണ് എല്ലാവരും. എനിക്ക് ആ തണുപ്പ് പോലും അലോസരമാണുണ്ടാക്കുന്നത്. വസുവിനോടൊത്ത് ആയിരുന്നെങ്കിൽ ഞാനും ഈ യാത്ര ആസ്വദിക്കുമായിരുന്നു.
ഞാൻ വീണ്ടും പുറത്തേക്ക് നോക്കി. ഇരുട്ട് തന്നെ. ആകെ ഇരുട്ട്. കാഴ്ചയിലും മനസ്സിലും ഒക്കെ ഇരുട്ട്. ലക്ഷ്യത്തിലേക്ക് ഇനിയും എത്ര സഞ്ചരിക്കണം എന്നറിയില്ല. അവിടെ എത്തിയാൽ തന്നെ ഈ യാത്ര വിജയകരമാകുമോ എന്നും അറിയില്ല. എന്തൊക്കെ എങ്ങനെ ഒക്കെ ചെയ്യണം എന്നും നിശ്ചയമില്ല. ആകെ ഒന്നും മാത്രം ഉറപ്പിച്ചിട്ടുണ്ട്. വസുവിനെ കണ്ടെത്താതെ ഇനി മടക്കമില്ലെന്നു മാത്രം.
പതിയെ ബാഗ് തുറന്ന് ആ പുസ്തകം കൈയിലെടുത്തു. ഇതാണ് ഈ യാത്രക്ക് കാരണമായത്. ഞാൻ മെല്ലെ പേജുകൾ മറിച്ചു.
'മീനാക്ഷി മലയുടെ താഴ്വര'
ഞാൻ ഒരിക്കൽ കൂടി വായിച്ചു. അവിടേക്കാണെന്റെ യാത്ര. എന്റെ ഇണയെ തേടി...
(തുടരും)
-ശാമിനി ഗിരീഷ്-

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot