The Shadows of Lola.. [കഥ]
സമർപ്പണം - ഞങ്ങളിൽ ജീവിക്കുന്ന ഗന്ധർവ്വൻ.. ശ്രീ.പത്മരാജൻ
'ലിറ്ററേച്ചർ പഠിക്കുന്ന ലോലാ മിൽഫോഡുമായി എനിക്ക് പ്രേമമായി എന്നാണു തോന്നുന്നത്.അതങ്ങനെയിരിക്കട്ടെ. ലോലയെ പോലൊരു പെണ്ണിനെ.. ഇത്ര സുന്ദരിയായ - ഓമനത്വമുള്ള - ബുദ്ധിയുള്ള, സംസാരിക്കുവാനറിയുന്ന - എന്തിനാണ് ഇന്ന് ഹോട്ടലിൽ വെച്ച് മേശവിരിപ്പിനു ചുവട്ടിൽ എന്റെ കാലിൽ നീ കാൽമുട്ടിച്ചത്.?
പിന്നെയെന്തിനാണ് -
പിന്നെയെന്തിനാണ് -
ഏതായാലും ഈയിടെ ഒന്നും വായിക്കുന്നില്ല. ഈ പെണ്ണ് എന്നെ കിറുക്കനാക്കി. എനിക്കവളെ ഒന്നു കണ്ടാൽ കൊള്ളാമെന്നുണ്ട്. ഇപ്പോൾ. ഈ രാത്രിയിൽ, ഈ രാത്രിയിൽ തന്നെ '
നേരങ്ങളൊത്തിരിയായിട്ടും എന്റെ ചിന്തയുമിതാണ്. ലോലയെ കാണണം, അവളോട് മടിയില്ലാതെ മാപ്പു പറയണം. ശക്തിയിൽ, എന്നാൽ അവൾക്ക് വേദനിക്കാതെ ഒന്നു കെട്ടിപ്പിടിക്കണം. മാപ്പു പറഞ്ഞാൽ ഒരുപക്ഷേ അവൾ പരിഹസിച്ച് ഉച്ഛത്തിൽ ചിരിക്കും. സത്യത്തിൽ അന്ന് മടയത്തരം കാണിച്ചത് ഞാനാണ്. ഒരു പെണ്ണിനോട്.. അല്ല, ഈ ഭൂമിയോട്. പുഴയോട്.. മലകളോട്.. മഞ്ഞുകണങ്ങളോട്.. കാമത്തിനോട്.. പിന്നെ.., പിന്നെ എല്ലാറ്റിനോടും !
ആദ്യമായാണ് ഒരു കഥാപാത്രം എന്നെ ഇത്രത്തോളം അവളിലേക്ക്, അവളുടെ മാനസിക തലങ്ങളിലേക്ക് ആഴ്ത്തിക്കൊണ്ടു പോകുന്നത്. ലോലാ മിൽഫോഡ് എന്ന പാശ്ചാത്യ സുന്ദരി ഒരു സാങ്കൽപ്പികതയാണെന്ന് പലയാവർത്തി മനസ്സിനെ പറഞ്ഞുപഠിപ്പിക്കുവാൻ ശ്രമിച്ചിട്ടും ഞാൻ പരാജിതനാവുകയായിരുന്നു. അല്ലെങ്കിൽ.. അല്ലെങ്കിൽ എന്തിനാണ് ഞാൻ ലോലയെ തേടി ഈ അമേരിക്കയിൽ വന്നത് ! എന്തിനാണ് അമേരിക്കൻ പൗരത്വമുള്ള ഒരു മലയാളി കുടുംബത്തിലെ ഒരു പെൺകുട്ടിയെ (ഡയാന)തിരഞ്ഞു കണ്ടെത്തി അവളുമായി അവാച്യമായ ബന്ധത്തിലായത്. എന്തിനാണ് ഞങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾക്കിടയിൽ പലപ്പോഴും ലോലയുടെ ഓരോ തന്മാത്രകളെയും അവളിലേക്ക് ഞാൻ ഇൻജക്റ്റ് ചെയ്തുകൊടുത്തത്.. പിന്നെ-
എന്നിൽ അടങ്ങിയിരിക്കുന്ന ഈ ഉന്മാദത്തിനൊപ്പം ഒന്നു ചേരുവാൻ അവളും മനസികമായി തയ്യാറെടുക്കുന്നത് ഫോൺ മുഖേനയുള്ള ഞങ്ങളുടെ സംസാരത്തിനിടയിൽ എനിക്ക് ബോധ്യപ്പെട്ടിരുന്നു. അവളുടെ പേര് എന്നെ വീണ്ടും മോഹിപ്പിച്ചു..
'ഡയാന..'
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി തെക്കുപടിഞ്ഞാറൻ അമേരിക്കയിൽ സ്ഥിരതാമസമാക്കായ കത്തോലിക്കൻ കുടുംബം. ഡയാന പഠിച്ചതും വളർന്നതുമൊക്കെ അവിടെയാണ്. മറ്റൊരു സവിശേഷതയെന്തെന്നാൽ ഡയാന ഒരു ലിറ്ററേച്ചർ വിദ്യാർത്ഥിനിയാണ്, ലോലയെ പോലെ പാശ്ചാത്യ സഹിത്യത്തെ അവൾ ഭ്രാന്തമായി ആരാധിക്കുന്നു. 'ലോല'യുമായി സാമ്യമുള്ള,ഇത്തരത്തിലുള്ള പലതരം മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ഞാനവളെ കണ്ടെത്തിയതെന്നു വേണമെങ്കിൽ പറയാം.. ഷെല്ലിയും ഗബ്രിയൽ ഗാർസിയയുമൊക്കെ അവളുടെ പ്രിയപ്പെട്ടവരാണ്. 'Love in the time of cholerae' വായിച്ചതിനുശേഷമുളള രണ്ടു ദിവസങ്ങളിൽ അവൾ ഉപവാസമനുഷ്ഠിച്ച വിവരം ഒരിക്കൽ എന്നോട് പറയുകയുണ്ടായി. അപ്പോഴാണ് അവൾക്കു വായിക്കുവാനായി 'ലോല 'യെ ഞാൻ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് അയച്ചുകൊടുത്തിരുന്നത്. പറഞ്ഞറിയിക്കുവാനറിയാത്ത , വിഷാദഛായ തോന്നിക്കുന്ന ഒരു തരം മാനസിക വികാരം 'ലോല'യെ അറിഞ്ഞതിനുശേഷം അവളിൽ മിന്നി മറയുന്നത് ഞാൻ മനസ്സിലാക്കിയത് അന്ന്, ഡിസംബറിലെ ഒരു വെള്ളിയാഴ്ച്ച രാത്രിയിലായിരുന്നു.
''ഒരാളുടെ ഇല്ലായ്മ്മ അനുഭവിക്കുമ്പോൾ അതിനൊപ്പം നഷ്ടമാകുന്നത് ചില സന്തോഷങ്ങളാണ് പ്രതീക്ഷകളാണ്, സൗന്ദര്യങ്ങളാണ്. അപ്പോൾ നമ്മളെല്ലാം ഒരുവേള കൊതിക്കും , അവർ ജീവിച്ചിരുന്നെങ്കിലെന്ന്. ഈ നിമിഷം എന്റെ സമീപത്തുണ്ടായിരുന്നുവെങ്കിലെന്ന് ''
ആദ്യമായി ഡയാനയെ നേരിട്ടു കണ്ടപ്പോൾ , ടേബിളിനപ്പുറവും ഇപ്പുറവുമായി ഒരു മെഴുകുതിരി വെളിച്ചത്തിൽ ഇരുന്നപ്പോൾ ഞാൻ തുടങ്ങിയ വാക്കുകളിങ്ങനെയായിരുന്നു. അതെന്താണെന്ന' മട്ടിൽ അവളെന്നെ തുറിച്ചു നോക്കി. ഒരു അമ്പരപ്പിന്റെ അകലത്തിനപ്പുറം കാര്യങ്ങൾ മനസ്സിലായെന്ന ഭാവത്തിൽ അവൾ നിസ്സാരമായി പറഞ്ഞു :
'ഓഹ് , ലോലയെ കുറിച്ചാവുമല്ലേ ? '
ഞാനൊന്നും മിണ്ടിയില്ല.
''ലോല എന്ന പെൺകുട്ടി ജീവിച്ചിരിപ്പുണ്ടായിരുന്നു എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ? '' അവൾ ചോദിച്ചു.
'' അങ്ങനെ വിശ്വസിക്കുവാനാണെനിക്കിഷ്ടം , അല്ലെങ്കിൽ ആ സന്ദർഭത്തിൽ വിവരിച്ച 'മിസ്സൗറി'യിൽ വെച്ചുതന്നെ നിന്നെ ആദ്യം കാണണമെന്ന് ഞാൻ വാശി പിടിക്കില്ലായിരുന്നു '' ഞാൻ പറഞ്ഞു.
''അത് നിങ്ങൾക്ക് ഭ്രാന്തായതു കൊണ്ടാണ്. ഒരു കഥ വായിച്ച് , ആ കഥാപാത്രങ്ങളിലേക്കും കഥാ സന്ദർഭങ്ങളിലേക്കും, ഏറ്റവുമൊടുവിൽ അത് പുനരാവിഷ്ക്കരിക്കുവാൻ എന്നെ പോലൊരു പെണ്ണിനെയും ദത്തെടുത്ത് നിങ്ങളിവിടെ എത്തിച്ചേരില്ലായിരുന്നു. അതും തനിച്ച്, അത്രമേൽ സാമ്പത്തിക ഭ്രദ്രതയില്ലാത്തിടത്തു നിന്നും. അപ്പോൾ തീർച്ചയായും നിങ്ങൾക്ക് ഭ്രാന്തായിരിക്കണം'' :ഒരു തമാശ രൂപേണ ഡയാന പറഞ്ഞു.
അത് സത്യമാണെന്നെനിക്കപ്പോൾ തോന്നി. ഒരു നിമിഷത്തിന്റെ യഥാർത്ഥത്യത്തിൽ നിന്നുകൊണ്ട് ഞാൻ ചിന്തിച്ചു :
'സത്യത്തിൽ താനെന്താണ് ചെയ്തത് , ഒരു സാദ്ധ്യതയുമില്ലാത്ത ഒരു കാര്യം. കേവലം ഒരു കഥ വായിച്ചതിന്റെ ഉൾപ്രേരണയിൽ നിന്ന്, ആ സന്ദർഭം വിവരിച്ച ഇടങ്ങളൊക്കെയും സന്ദർശിക്കുവാൻ തയ്യാറാവുക. കഥാപാത്രങ്ങൾ ജീവിച്ചിരുന്നവരാണെന്ന് വിശ്വസിക്കുക , 'ലോല'യെ പോലെ ഒരു പെൺകുട്ടിയെ കണ്ടെത്തി , അവളിലേക്ക് ലോലയെ പരകായപ്രവേശം ചെയ്യിപ്പിക്കുക. എത്ര മിനക്കെട്ട ഉദ്ദേശ്യങ്ങൾ..ആരും ചെയ്യാത്തതോ ,ചിന്തിക്കുകപോലുമല്ലാത്തതോ ആയ കാര്യങ്ങൾ . ഇതറിഞ്ഞാൽ സമൂഹം പറയും,
'വിഢ്ഡി വേഷം !'
ഡയാന പറഞ്ഞത് ശരിയാണോ എന്ന് ഞാനെന്റെ മനസ്സിനോടു തന്നെ ചോദിച്ചു .പക്ഷേ ഉത്തരം നൽകിയത് അവളായിരുന്നു.
''ഞാൻ വെറുതെ ശുണ്ഠി പിടിപ്പിക്കുവാൻ കളിപറഞ്ഞതാണ്.. നിങ്ങളെ പോലെ നിങ്ങൾക്കല്ലേ കഴിയു, അതെനിക്ക് മനസ്സിലാക്കുവാൻ കഴിയുന്നുണ്ട് , ഇതൊന്നുമല്ലാതെ 'ലോല'യെ ഞാനും വായിച്ചതാണ്. ഒരു തവണയല്ല.,പലയാവർത്തി..'
എന്റെ മുഖഭാവം മാറിയത് കണ്ട് ,ഒരുപക്ഷേ എന്നെ സമാധാനിപ്പിക്കുവാൻ അവൾ പറഞ്ഞതാവുമത്. ഞാൻ പറഞ്ഞു :
''ഡയാന ,നീ നന്നായി മലയാളം സംസാരിക്കുന്നു.'
അപ്പോൾ അവളൊന്നു ചിരിച്ചു , ഒരു തനത് നസ്രാണി ഭാഷയിൽ പറഞ്ഞു ,
" അത് പിന്നെ ഞങ്ങൾ മലയാളികളല്ലിയോ.. വീട്ടിൽ എപ്പോഴും മലയാളം തന്നെയാണ് സംസാരിക്കാറുള്ളത്.. എനിക്ക് കുറേശ്ശേ വായിക്കുവാനുമറിയാം.. എന്റെ പേരൊക്കെ ഞാനെഴുതുമല്ലോ ..''
വീണ്ടും ഒരു കുസൃതിച്ചിരി, ഞാനപ്പോൾ ചിന്തിച്ചത് മറ്റൊന്നാണ്. ' ഡയാനയെ കണ്ടെത്തിയത് എത്ര ഭാഗ്യകരമാണ്, ലോലയുമായി ഇവൾ എവിടൊക്കെയോ ബന്ധപ്പെട്ടു കിടക്കുന്നു ! അതങ്ങനെയല്ലേ ആവേണ്ടത്..
ഭൂമിയിൽ എത്രയോ മനുഷ്യർ , ആണും പെണ്ണും ഭിന്നലിംഗക്കാരും തുടങ്ങി , അനവധി പ്രത്യേകതയുള്ളവർ. 'ലോലാ മിൽഫോഡ് ' എന്നിൽ തോരാതെ പെയ്തു വീഴുന്ന മഴപോലെ ആയതിനാലാവാം ,ലോകം മുഴുവൻ ഞാൻ അവളെ തേടിയലഞ്ഞത്. അത്ര നിസ്സാരമായൊരു കാര്യമല്ല അതെന്നറികിലും ഞാൻ ഞാൻ എനിക്കു ചുറ്റിലും കാണുന്ന ഓരോ ജീവജാലങ്ങളിലും ലോല'യെ കാണുവാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ ഞാൻ ഡയാനയെ കണ്ടെത്തി. അവളെ കണ്ടെത്തുന്നതിനായി ഈ ലോകം മുഴുവൻ എനിക്ക് കൂട്ടുനിന്നു. ഈ കാലഘട്ടത്തിന്റെ സൗകര്യങ്ങൾ കൂട്ടുനിന്നു.
ഒരു വ്യക്തിയെ പോലെ പൂർണ്ണമായും മറ്റൊരാൾ ഉണ്ടാവുകയില്ല. എന്നാൽ ആ വ്യക്തിയിലേക്ക് എത്തിപ്പെടുവാൻ ഒരു അനുബന്ധമായി ഒരാളെ, വളരെ വിരളമായ ഒരാളെ നമുക്ക് ഉപകരിച്ചേക്കാം. ഡയാനയിൽ ഞാൻ 'ലോല 'യെ കാണുവാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. അവളുടെ ഓരോ ചലനങ്ങളും വാക്കുകളും ' ലോല'യുടെ ഭാവങ്ങളായി മാത്രം മനസ്സിൽ കണ്ടു. അതിനു വേണ്ടുന്ന ഒരു പ്രത്യേക മനോഭാവം അൽപ്പം മുൻപേ ഡയാന ഫലിതമുഖത്തിൽ എനിക്കു പറഞ്ഞു തന്നിരുന്നു.
'നിങ്ങൾക്ക് ഭ്രാന്താണ് !'
അതെ, ഈ ഭ്രാന്തിനെ ഞാൻ അത്രമേൽ ഇഷ്ടപ്പെടുന്നു. നിശബ്ദയുടെ ഭൂരിപക്ഷത്തോടെ ഞങ്ങളുടെ കൂടിക്കാഴ്ച്ച നീണ്ടു നിൽക്കുന്നു. അവൾ വീണ്ടും 'ലോല 'യെ പ്രധിനിതീകരിച്ച് ചോദിച്ചു;
''അവിടെ ഇപ്പോഴും മതിൽക്കെട്ടുകളുണ്ടോ ?''
''ഉണ്ട്, അദൃശ്യമായി . എന്നാൽ പഴയതിനേക്കാൾ ദൃഢതയോടെ ഉണ്ട്.'' ഞാൻ പറഞ്ഞു. അതുകേട്ട് അവൾ പരിഹസിച്ചു.
'' എന്നിട്ടെന്താണ് വെയ്പ്പ് , വാർത്തകളറിയാറുണ്ട് ഞാൻ ''
'ശരിയാണ്, അഭിനയമാണ് കുറേയെക്കെ.ചേരിതിരിവുകൾ, താനെന്ന ഭാവങ്ങൾ . പിന്നെ.,പിന്നെ ഇതിലൊക്കെയും കൊടിയ വ്യവസ്ഥിതികൾ.. ദുരഭിമാനമെന്ന വിഷം ഇപ്പോഴും ചിലയിടങ്ങളിൽ അള്ളിപ്പിടിച്ചു നിൽക്കുന്നു, ക്യാൻസർപോലെ. പെൺ സ്വാതന്ത്രങ്ങൾക്ക് വിലക്ക് ഇപ്പോഴും ആവോളമുണ്ട്.അവിടം മാറില്ല '' ഞാൻ പറഞ്ഞു.
''പക്ഷേ ഞാൻ കന്യകയല്ല !, ''
ഡയാന അത് പറഞ്ഞപ്പോൾ ഞാൻ ചിന്തിച്ചു ;
'അവിടെ മാത്രമാണ് കന്യകാത്വം ഒരു പ്രവേശനത്തിന്റെ യോഗ്യതയായി പ്രത്യക്ഷത്തിൽ ചട്ടം കെട്ടുന്നത്. എന്നാൽ ഇനി ഞാനവളെ ചുംബിച്ചേക്കുമോ എന്ന് ഞാൻ സംശയിച്ചു. മാറില്ല, മനുഷ്യനായിപ്പോയി. അവിടുത്തെ മനുഷ്യൻ!
പിന്നീട് ഞങ്ങൾ 'ലേക്ക് ഓഫ് ദി ക്ലൗഡ്സ് ' സന്ദർശിച്ചു. അവിടെ , ഒരു മരത്തിനു താഴെയുള്ള ഇരിപ്പിടത്തിനു സമീപത്തെ മണ്ണിൽ നോക്കി ഞാൻ പറഞ്ഞു:
''ഇവിടമാകെ അവളുടെ കാൽപാദം തൊട്ടിട്ടുണ്ടാവണം. ഈ മണൽത്തരികൾ ആ പാദങ്ങൾക്കടിയിൽ പറ്റി പിടിച്ചിട്ടുണ്ടാവണം''
ജലപ്പരപ്പിൽ നിന്ന് തണുത്ത കാറ്റ് വീശികൊണ്ടേയിരുന്നു. വെള്ളത്തിൽ വർണ്ണച്ഛായങ്ങൾ പടരുന്നതുപോലെ നിലാവിന്റെ മുഖത്ത് പതിയെ കറുത്ത പുക പടരുന്നുണ്ട്. ഞാൻ കണ്ണുകളടച്ച് ആ കാറ്റേറ്റുകൊണ്ടിരുന്നു, ഒരു ലഹരിയെന്നോണം. ഇലകൾക്കിടയിൽ നിന്നും എന്റെ കവിളുകളിലേക്ക് മഞ്ഞു പെയ്തു വീണപ്പോൾ ഞാൻ കണ്ണുകൾ തുറന്നു. അതു ശ്രദ്ധിച്ച് ഡയാന അതീവ സൗന്ദര്യത്തോടെ ചിരിച്ചു. ഞാനവളുടെ കവിളിൽ അപ്പോൾ മാത്രം ആദ്യമായി ഒന്നു പതിയെ നുളളി .
'' ആഹ്... '' അവളിലെ ശബ്ദം
വളരെപ്പെട്ടെന്ന് കവിളിന്റെ അത്രയും ഭാഗം ചുവന്നു തുടുത്തു വന്നു. സിന്ദൂരം പറ്റിയതുപോലെ. ഇരുട്ടുമൂടിയ ജലപ്പരപ്പിലേക്ക് അവൾ നോക്കുമ്പോൾ കൺപ്പോളകൾ മൃദുലമായി തുള്ളുന്നത് ഞാൻ ശ്രദ്ധിച്ചു. സമീപത്തുള്ള ഒരു കത്തീഡ്രലിൽ നിന്ന് മണി നാദങ്ങൾ കേട്ടു. 'ലേക് ഓഫ് ദി ക്ലൗഡ്സ് ' അത് പലയാവർത്തി പ്രതിഫലിപ്പിച്ചു. ഡയാനയുടെ കഴുത്തിൽ കാക്കപ്പുള്ളി ഇല്ലാതിരുന്നിട്ടും എനിക്കവിടം ചുംബിക്കുവാൻ തോന്നി. ഒരെതിർപ്പും കൂടാതെ അവൾ സമ്മതം പറയുകയും ചെയ്തു. ശേഷം പറഞ്ഞു ;
''ഇയൊരു ഒറ്റ രാത്രിയാണ് നിങ്ങൾക്കവകാശപ്പെട്ടത് , നാളെ നമ്മൾ രണ്ടിടങ്ങളിലേക്ക് മടങ്ങിപ്പോവും. അങ്ങനെയല്ലേ...? ''
''അതെ!''
ഇങ്ങനെ പറയുവാനാണ് എനിക്കു തോന്നിയത്. മറിച്ചായിരുന്നുവെങ്കിൽ ഒരുപക്ഷേ അവളെ നിസ്സാരമായി എന്റെ ജീവിതത്തിലേക്ക് കൂട്ടാമായിരുന്നുവെന്ന് ഞാൻ അതിനു ശേഷം ചിന്തിച്ചു. പക്ഷേ അത് പ്രകടമാക്കിയില്ല.
''കൂയ്...................''
ജലപ്പരപ്പിന്റെ ഇരുട്ടു പുതഞ്ഞ അനന്തയിലേക്ക് അവൾ ഉച്ഛത്തിൽ കൂവി.. അവ മൂന്നു തവണ എന്റെ നേർക്ക് തിരച്ചും കൂവി. എനിക്ക് ഒരു ജാള്യത അനുഭവപ്പെട്ടു.
'നീ വീണ്ടും ആവർത്തിക്കുന്നു... '
-ആരൊക്കെയി എന്നെ പരിഹസിച്ചുകൊണ്ട് ശകാരിച്ചു. എനിക്ക് മറുത്തൊന്നും പറയുവാൻ തോന്നിയില്ല.
''ഞാൻ വന്ന ഉദ്ദേശ്യം എനിക്ക് പൂർണ്ണമാക്കുവാൻ കഴിയില്ലെന്നാണ് തോന്നുന്നത് '' ഞാൻ പറഞ്ഞു.
''എന്തുകൊണ്ടാണത് ?'' അവൾ ചോദിച്ചു.
''അറിയില്ല ''
ഞാൻ പറഞ്ഞതു കേട്ടതിനു ശേഷം അവൾ കൂടുതൽ എന്റെ ദേഹത്തിനോട് അടുത്തു നിന്നു. എന്നിട്ട് ചോദിച്ചു.
''എങ്കിൽ ഈ രാത്രി പൂർണ്ണമായും നിങ്ങൾക്ക് പ്രയോജനപ്പെടുത്തിക്കൂടെ..? ''
സ്വറ്ററിനുള്ളിലായിട്ടും ഞാൻ വല്ലാതെ തണുത്തുവിറച്ചുകൊണ്ടിരുന്നു. അപ്പാൾ , ഡയാനയുടെ ദേഹം എന്നോടുരസ്സി കൂടുതൽ ചൂടു തരുന്നതായി തോന്നി. ആ രാത്രി ഞങ്ങൾ നന്നായി പ്രയോജനപ്പെടുത്തി.
ഇനിയും ഒരുപാട് സ്ഥലങ്ങൾ സന്ദർശിക്കണമെന്ന് മുൻപേ ഞാൻ കണക്കു കൂട്ടിയിരുന്നു. ഞങ്ങൾ രണ്ടുപേരും അതിനായി തയ്യാറെടുക്കുകയും ചെയ്തിരുന്നു. എന്നാൽ അതേപടി അനുകരിക്കുവാൻ ആരൊക്കെയോ ഞങ്ങളെ വിലക്കി. അതു കൊണ്ടാവാം പിറ്റേന്നാൾ പുലർച്ചേ ഹോട്ടൽ മുറിയിൽ നിന്നും ,ഞാൻ ഉണരുന്നതിനു മുൻപേ ഒരു യാത്രപോലും പറയാതെ ഡയാന പോയ്ക്കഴിഞ്ഞിരുന്നത് !
വെളുത്ത വിരിയിട്ട ബെഡിൽ, എന്റെ സമീപത്തുണ്ടായിരുന്ന അവളുടെ തൂവാലയിൽ നനവു മാറിയിട്ടില്ലാത്തത് ഞാൻ തൊട്ടറിഞ്ഞു. വിരിയുടെ നടുവിൽ കാണപ്പെട്ട രക്തക്കറ എന്നെ അമ്പരപ്പിച്ചു.
മുൻപേ അവളെന്നോട് കളവു പറഞ്ഞിരിക്കുന്നു.!
എയർപോർട്ടിൽ അൽപ്പസമയങ്ങൾക്കകം ഇന്ത്യയിലേക്കുള്ള ഫ്ളൈറ്റ് തയ്യാറാവും. എസ്ക്കലേറ്ററിൽ കയറുവാനൊരുങ്ങിയപ്പോൾ കേട്ടു പരിചയമുള്ള ഒരു ഗാനം ആരൊക്കെയോ പിന്നിൽ നിന്നു പാടി.. -
' Golden Memories And Silver Tears.... '
ഒരു കാന്തം പോലെ അതെന്നെ പിന്നോട്ടു വലിച്ചടുപ്പിച്ചുകൊണ്ടിരുന്നു !
- വിപിൻ -
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക