നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്നെന്നും സ്നേഹത്തോടെ

Image may contain: 1 person, beard and closeup

'ഏട്ടാ ഞാൻ നാട്ടിലുണ്ട്. ഇവിടെ കുറച്ചു പ്രശ്നങ്ങൾ ഉണ്ട്. അതെല്ലാം സോൾവാക്കി ഞാൻ വരും കാണാൻ...'
പതിവില്ലാത്തവണ്ണം മെസ്സെൻജറിൽ ഒരു ചുവന്ന പ്രകാശം. അത് എന്താണെന്ന് അറിയുവാൻ തുറന്നു നോക്കിയപ്പോഴാണ് ആ മെസ്സേജ് കണ്ടത്. അത് അവനായിരുന്നു. ഒരിക്കൽ തന്റെ ഏറ്റവും പ്രിയമുള്ള സുഹൃത്തെന്ന് താൻ അഹങ്കാരത്തോടെ പലരോടും പറഞ്ഞ പ്രിയ സുഹൃത്ത്. ..നവാസ്.
മെസ്സേജ് വായിച്ചിട്ടും ആ വാക്കുകൾക്ക് എങ്ങനെ പ്രതികരിക്കണം എന്നറിയാതെ തന്റെ മനസ്സ് ചാഞ്ചല്യപ്പെട്ടു. ചിരിക്കേണമോ കരയേണമോ അതോ സന്തോഷത്തോടെ തുള്ളിച്ചാടേണമോ എന്നറിയാതെ ഒരു നിമിഷം. ..
ഇല്ല. . തുള്ളിച്ചാടുവാൻ കഴിയില്ല. കാരണം ആ പ്രായം കടന്നുപോയിരിക്കുന്നു. ഇന്ന് താൻ തുള്ളിച്ചാടിയാൽ തനിക്ക് ഭ്രാന്താണെന്ന് കാണുന്നവർ മുദ്ര കുത്തും. പിന്നെ ചിരിക്കേണമോ....?
എന്തിന്...?
വർഷങ്ങളായി കാണാതിരുന്ന ആത്മ മിത്രത്തിനെ അപ്രതീക്ഷിതമായി ഉടനെ കാണുവാൻ കഴിയും എന്നറിയുമ്പോഴുള്ള സ്നേഹിതന്റെ മാനസികാവസ്ഥ. പക്ഷേ, ഇപ്പോൾ ഇതൊന്നുമല്ലാത്ത ഏതോ ഒരവസ്ഥയിലേക്ക് താൻ സ്വയം എത്തിക്കഴിഞ്ഞിരിക്കുന്നു.
ഒരുതരം നിസ്സംഗത..
നിർവ്വികാരമായ മനസ്സിന്റെ പ്രതിരോധമാണോ ഈ നിസ്സംഗതക്കു കാരണം. .... ഒരുപക്ഷെ ആയിരിക്കും. .
നീണ്ട നാലു വർഷങ്ങൾ. ... പരസ്പരം കാണാതിരുന്ന നാലു വർഷങ്ങൾ. ...അതിന് നാല്പത് വർഷത്തിന്റെ ദൈർഘ്യം ഉള്ളതുപോലെ..... അങ്ങനെയാണ് മനസ്സ്. .
പ്രതീക്ഷിക്കുവാൻ ഒന്നുമില്ലാത്തവന്റെ വെറും കാത്തിരിപ്പ്. യൗവ്വനം പടിയിറങ്ങി വാർദ്ധക്യം തന്റെ ഊഴവും കാത്തിരിക്കുന്ന, പരാജയങ്ങൾ മാത്രം കൈമുതലായുള്ള ഒരാളുടെ ജീവിതത്തിലേക്ക് ഒരു പച്ച വെളിച്ചവുമായി അവൻ വരുമോ...? അറിയില്ല. .
ഏറെ പ്രതീക്ഷകളോടെ ആയിരുന്നു കഴിഞ്ഞ വർഷവും ഇതുപോലൊരു വരവിനായി കാത്തിരുന്നത്.
അന്നും വാക്ക് തന്നതായിരുന്നു വരാമെന്ന്. അന്ന് മനസ്സിലേക്ക് ഒരു കുളിർക്കാറ്റായി ആ വാക്കുകളെത്തി. പക്ഷേ ഇന്ന്. .....
അനുഭവങ്ങളിൽ നിന്നാണ് ഓരോ പാഠങ്ങളും സ്വായത്തമാവുന്നത്. ഇനിയും കാണാത്ത അറിയാത്ത തലങ്ങളിലൂടെ ഒരു യാത്ര. ഓരോ ദിവസവും ഓരോ വ്യക്തിയും ഓരോ പുതിയ അനുഭവങ്ങൾ സമ്മാനിച്ചു കടന്നു പോകുന്നു. അതാണ് ജീവിതമെന്ന് പഠിപ്പിക്കുന്നു.
അത് മാത്രമാണോ ജീവിതം. .?
ഇനിയും അറിഞ്ഞിട്ടില്ലാത്ത കാണാത്ത തലങ്ങളിലേക്ക് ജീവിതം നമ്മെ കൈ പിടിച്ചു കൊണ്ടു പോകുന്നു.
ആദ്യമായി ഈ ഭൂമിയിൽ പിറന്നു വീഴുന്ന ഒരു നവജാത ശിശുവിന്റെ മിഴികൾ ആദ്യമായി തുറന്ന് അവൻ തന്റെ ചുറ്റിലും കാണുന്ന ഈ ലോകത്തെ ആശ്ചര്യപൂർവ്വം വീക്ഷിക്കുന്ന അവസ്ഥ. അത് ഈ ജീവിതാന്ത്യം വരെ തുടരുന്നു. ഓരോന്നും കണ്ടും കേട്ടും അന്നും ഇന്നും നമ്മൾ ആശ്ചര്യപ്പെട്ടുകൊണ്ടേയിരിക്കുന്നു.
'ഇവിടെ കുറെ പ്രശ്നങ്ങൾ ഉണ്ട്. ഞാൻ എങ്ങോട്ടെങ്കിലും പോവാണ് ഏട്ടാ...'
'എങ്ങോട്ട്....? എന്ത് പ്രശ്നങ്ങൾ. ..?'
'ഭ്രാന്ത് പിടിക്ക്ണ് മനുഷ്യന്. ...എങ്ങോട്ടെന്നൊന്നും ഞാൻ തീരുമാനിച്ചിട്ടില്ല. എല്ലാം ഒന്നു ചൂടാറും വരെ എനിക്ക് എങ്ങോട്ടെങ്കിലും മാറി നില്ക്കണം.. ഇല്ലെങ്കിൽ ഭ്രാന്താവും. ...'
'എങ്കിൽ നീ ഒരു കാര്യം ചെയ്യൂ. അവിടെയും ഇവിടേയും കറങ്ങി നടക്കേണ്ട. നീ നേരെ എന്റെ വീട്ടിലേക്ക് പോരു. അവിടെ നിനക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. മാത്രവുമല്ല എനിക്ക് അത് സന്തോഷമാണ്. എല്ലാം ശരിയാവുമ്പോൾ പോവാം...'
'നോക്കട്ടെ. . ഞാൻ വിളിക്കാം ഏട്ടാ. ...'
മനുഷ്യന്റെ ജീവിതത്തിൽ പരീക്ഷണങ്ങൾക്ക് ഒരിക്കലും അവസാനമില്ലേ. .? പരീക്ഷണങ്ങൾക്ക് വേണ്ടി മാത്രമായി എന്തിനാണ് ഈശ്വരൻ എന്നും നല്ല മനുഷ്യരെ മാത്രം തെരഞ്ഞെടുക്കുന്നത്. .? പരീക്ഷണങ്ങളിൽ നിന്നും പരീക്ഷണങ്ങളിലേക്ക്. .. ദുഃഖങ്ങളിൽ നിന്നും അതീവ ദുഃഖങ്ങളിലേക്ക് നിഷ്ക്കരുണം അങ്ങനെ തള്ളിവിട്ട് ആ സങ്കടക്കടലിൽ നിന്ന് കര കയറുവാനാവാതെ കൈകാലിട്ടടിച്ച് നെഞ്ചിൽ കൈ വെച്ച് കണ്ണീരോടെ അവൻ മിഴികളുയർത്തി അവസാന ആശ്രയമായി മനസ്സിൽ കരുതുന്ന ദൈവത്തെ ആത്മാർത്ഥമായി വിളിക്കുമ്പോഴും ആ കാഴ്ച കണ്ടു കുലുങ്ങിച്ചിരിച്ച് ഒരു കാഴ്ചക്കാരൻ മാത്രമായി ദൈവം മേലെ അവനെ നോക്കി ചിരി തൂകുന്നു....
ആശ്രയമറ്റവന്റെ കണ്ണുനീരൊപ്പുന്ന, നിരാലംബനായവന് ആലംബമേകുന്ന ദൈവത്തെ നോക്കി നിറമിഴികളോടെ വീണ്ടും വീണ്ടും അവൻ ആ സങ്കല്പത്തിൽ ആശ്രയം തേടുന്നു.
ജീവിതം ഇതാണെന്നും ഓരോ മനുഷ്യന്റേയും ജീവിതം ഇത്തരം വ്യത്യസ്തങ്ങളായ പ്രതീക്ഷകളോടെയാണ് മുന്നോട്ട് നീങ്ങുന്നത് എന്നതറിയാതെ തന്റേതു മാത്രമാണ് ഏറ്റവും വലിയ ദുഃഖം എന്ന് കരുതി വിലപിക്കുമ്പോഴും അവനറിയുന്നില്ല ഇതിനേക്കാൾ വലുതാണ് തുടർന്നുള്ള ജീവിതത്തിലെ പരീക്ഷണങ്ങൾ എന്ന്. ....
'എന്തേ... വരുന്നില്ലെ...?'
'വരാം ഏട്ടാ. ... നമ്മുടെ വിനീഷിന്റെ കല്ല്യാണമാണ്. ഞങ്ങൾ നാലുപേർ ഇപ്പോൾ നാട്ടിലുണ്ട്. എല്ലാവരും കൂടി ഒരുമിച്ചു വരാം. '
'എപ്പോഴാ വരുന്നത്. ..?'
'കണ്ണൂർ നിന്ന് ട്രെയിന് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. അത് വെളുപ്പിന് മൂന്നു മണിക്കുള്ളിൽ തൃശ്ശൂർ എത്തും. '
'എന്നിട്ടോ....?'
'റെയിൽവെ സ്റ്റേഷനിൽ വെയിറ്റ് ചെയ്യും. നേരം വെളുത്തിട്ട് അങ്ങോട്ട് പോകാം. പിന്നേയും ഒരു മണിക്കൂർ യാത്രയില്ലെ. ..'
'എന്തിനാ ഇത്ര കഷ്ടപ്പെടുന്നത്. .വെറുതെ റെയിൽവെ സ്റ്റേഷനിൽ കറങ്ങിത്തിരിഞ്ഞ് ഉറക്കമിളച്ച് ഒരു വിവാഹ വീട്ടിലേക്ക് എങ്ങനെയാണ് പോകുന്നത്. .. ഒരു കാര്യം ചെയ്യൂ. ആ ടിക്കറ്റ് റെദ്ദാക്കാൻ കഴിയുമെങ്കിൽ ചെയ്ത് ബസ്സിന് തലേന്ന് രാത്രിയോടെ ഇവിടെ എത്തുന്ന രീതിയിൽ സമയം നോക്കി വരൂ. നാലുപേരും കൂടി ഇവിടെ വന്ന് സുഖമായി ഉറങ്ങി ഫ്രഷ് ആയി രാവിലെ പോകാം. ...ഇവിടെ നിന്നു കുറച്ചു ദൂരമല്ലെ ഉള്ളൂ...'
'അത് ശരിയാണ്. ..ഞാൻ അത് ഓർത്തില്ല. എന്നാ അങ്ങനെ ചെയ്യാം. ഞാൻ എല്ലാവരോടും പറയാം. '
'ഉം.... ശരി. .. ഞാൻ പ്രതീക്ഷിക്കും. ..'
'ആ... ഏട്ടാ.... ഞാൻ എന്തായാലും വരും .'
ആദ്യമായാണ് അവരെല്ലാം തന്റെ വീട്ടിലേക്ക് വരുന്നത്. എങ്ങനെയൊക്കെയാണ് അവരെ സൽക്കരിക്കേണ്ടത് .. തന്റെ ഈ ചെറിയ വീട്ടിൽ അവർക്കായി എങ്ങനെയൊക്കെ സൗകര്യങ്ങൾ ഒരുക്കും എന്നതായിരുന്നു മനസ്സിലെ പിന്നീടുള്ള ചിന്തകൾ.
എല്ലാറ്റിലുമുപരി ആത്മസുഹൃത്തിന്റെ ആഗമനം. മൂന്നു വർഷമായി കാണാതിരുന്നുവെങ്കിലും മൊബൈൽ നമ്പർ നഷ്ടമായി എങ്കിലും എഫ് ബി അതിനെല്ലാം ഒരു പരിഹാരമായി വർത്തിച്ചതിനാൽ വീണ്ടും കാണാമെന്നുള്ള പ്രതീക്ഷ മനസ്സിൽ ചേക്കേറി.
ഓർമ്മകൾ വീണ്ടും വർഷങ്ങൾക്ക് പിറകിലേക്ക് പറന്നുപോയി. സ്വപ്നങ്ങൾക്ക് ചിറകു നൽകി ആ സ്വപ്നഭൂമിയിൽ കഴിഞ്ഞ നാളുകളിലേക്ക്. എല്ലാ ദുരിതങ്ങളും തീർന്ന് നല്ലൊരു ഭാവിജീവിതം സ്വപ്നം കണ്ടു തനിക്ക് അതിനു ഭാഗ്യമേകിയ സർവ്വശക്തന് നന്ദി പറഞ്ഞുകൊണ്ട് ഉറ്റവരേയും ഉടയവരേയും വേർപിരിഞ്ഞ് മറ്റൊരു ലോകത്തേക്ക്. .. ഇതുവരെ കാണാത്ത പുതിയ ലോകത്തേക്ക് ഒരു യാത്ര. .. ഒരായിരം സ്വപ്നങ്ങളും പ്രതീക്ഷകളുമായി ഏതൊരു മലയാളിയേയും പോലെ ഒട്ടും വ്യത്യസ്തനല്ലാതെ താനും അവിടെ എത്തിച്ചേർന്നു. .....
'പുറപ്പെട്ടോ....?'
'ഇല്ല ഏട്ടാ. ..... ഇവിടെ പണിത വീട് പെങ്ങൾക്ക് കൊടുക്കാണ്. ഞാൻ വേറെ സ്ഥലം കൂടി വാങ്ങിയിട്ടുണ്ട്. അവിടെ പുതിയ വീടിന് കുറ്റി അടിക്കുവാൻ ആള് വരും നാളെ. അതിനാൽ വരാൻ പറ്റില്ല...'
'സാരമില്ല. .. ഞാൻ കുറെ പ്രതീക്ഷിച്ചു.. പലതും കരുതി വെച്ചു... പോട്ടെ... സാരമില്ല. .'
'നേരത്തെ വന്നാൽ മതിയായിരുന്നു. അതാ പറ്റിപ്പോയത്...'
'ശരി.... പോയിട്ട് സമയം കിട്ടിയാൽ വിളിക്കണം...'
'ഉം.... വിളിക്കാം. ...'
സ്വപ്നഭൂമി. ..
എല്ലാം പുതുമകൾ ആയിരുന്നു. ഭാഷയും സംസ്കാരവും വേഷവും നാടും അന്തരീക്ഷം പോലും വ്യത്യസ്തം.
ആദ്യമായി തന്നെ സ്വീകരിക്കുവാനായി ഒരു വിദേശി തന്റെ പേരെഴുതി ഫോട്ടോ പതിച്ച പ്ലക്കാർഡുമായി പുഞ്ചിരി തൂകി നില്ക്കുന്നു. ഇനി ഇവിടെ നിന്ന് എങ്ങനെ എന്നറിയാതെ എയർപോർട്ടിനു വെളിയിലേക്ക് ഇറങ്ങിയപ്പോൾ അങ്ങനെ ഒരാളെ കണ്ടത് ആശ്വാസമായി തോന്നി. അയാളോടൊപ്പം കൗതുകത്തോടെ കാറിന്റെ മുൻഭാഗവും ആപ്പെ ഗുഡ്സ് വണ്ടിയുടെ പിൻഭാഗവുമായി കൂട്ടിച്ചേർത്ത ഒരു വണ്ടിയിൽ കയറിയതും ഇംഗ്ളീഷും അറബിക്കും കലർന്ന അറബിയുടെ അവ്യക്തമായ സംസാരത്തിന് അറിയുന്ന ഇംഗ്ലീഷ് പോലും വാക്കുകളായി പുറത്തുവരുവാൻ മടിച്ചു നില്ക്കെ മുക്കിയും മൂളിയും ഇംഗ്ളീഷും ഹിന്ദിയും കലർത്തി അയാൾക്ക് മറുപടി നൽകിയതും പുതിയൊരു താവളത്തിൽ എത്തിപ്പെട്ടതും നീണ്ട ആറു വർഷം കഷ്ടപ്പാടുകളും ദുരിതങ്ങളും സഹിച്ചൊരു പുതിയ ജീവിത മാർഗ്ഗം തെളിയിച്ചു തന്ന ആ സർവ്വശക്തനോട് ആദ്യം വിരോധത്തോടെ വിലപിക്കുമ്പോഴും പിന്നീട് ആശ്വാസത്തോടെ നന്ദി പറയുകയും ചെയ്തതും ഒന്നും മറക്കുവാനാകുന്നില്ല. ...
ജീവിതം ഒരു വഴിത്തിരിവിലേക്ക് എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി അവന്റെ വരവ്. ഒരു പാവം പയ്യൻ. ഏതോ ഒരു മുജ്ജന്മ ബന്ധംപോലെ ആദ്യമേ തന്നെ പരസ്പരം സുഹൃത്തുക്കളായി.
ആരായിരുന്നു തനിക്ക് അവൻ. .....
ഒരു മകനോ കൂടപ്പിറപ്പോ, കുഞ്ഞനുജനോ സുഹൃത്തോ അതോ ഇതെല്ലാം കൂടിച്ചേർന്നതോ. .. അതെ... അതെല്ലാം ആയിരുന്നു. ..
അവനും അങ്ങനെ തന്നെ. ...ഏട്ടനായും കൂട്ടുകാരനായും അച്ഛനായും സ്ഥാനം നൽകി പലരും പറഞ്ഞപ്പോൾ അതെല്ലാം അംഗീകരിക്കുന്നതായിരുന്നു അവന്റെ മനസ്സ്.
സ്നേഹം കൊണ്ടു തന്റെ കൂടെ നിന്നപ്പോൾ അതുവരെ അറിയാത്ത ഒരനുജന്റെ അല്ലെങ്കിൽ മകന്റെയോ അതോ ആത്മ മിത്രത്തിന്റേയോ സ്നേഹത്തോടെ എന്നും അവൻ കൂടെ നിന്നു. സ്നേഹം എന്താണെന്ന് തന്നെ പഠിപ്പിച്ചതും അത് അനുഭവിച്ചതും അവനിൽ നിന്നും ആയിരുന്നു. നാലരവർഷം ഒരുമിച്ച് ആ മരുഭൂമിയിലെ പ്രതിസന്ധികളിൽ താങ്ങും തണലുമായി പരസ്പരം കൂടെ നിന്നു. മറ്റുള്ളവർക്ക് മാതൃകയായി അറബികൾ പോലും അംഗീകരിച്ച സൗഹൃദം. മത വിദ്വേഷം ആളിപ്പടരുമ്പോഴും അതിനേക്കാൾ മേലെയാണ് യഥാർത്ഥ മനുഷ്യസ്നേഹം എന്ന് സ്വന്തം ജീവിതത്തിലൂടെ തങ്ങൾ വരച്ചുകാട്ടി.
പക്ഷേ, സന്തോഷങ്ങൾ ഒരിക്കലും ശാശ്വതമല്ലല്ലോ. ..മത വൈരികൾക്ക് ഈ സ്നേഹം അംഗീകരിക്കാൻ കഴിഞ്ഞില്ല. ഒരിക്കലും കണ്ടുമുട്ടാത്ത രണ്ടു ദിക്കുകളിലേക്ക് മാറ്റി നടുകയായിരുന്നു അതിന് അവർ കണ്ട മാർഗ്ഗം.
അടക്കുവാനാവാത്ത വേദനയുമായി നിറമിഴികളോടെ യാത്രപോലും പറയുവാനാവാതെ അവന്റെ മൂർദ്ധാവിൽ ഉമ്മവെച്ച് മൗനമായി യാത്ര പറയുമ്പോൾ ഒരു കൊച്ചു കുഞ്ഞിനേപ്പോലെ പൊട്ടിക്കരഞ്ഞ് അവന്റെ കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന ആ സുഹൃത്തിന്റെ. .. തന്റെ കുഞ്ഞിമോന്റെ മുഖം ഇന്നും മായാതെ മനസ്സിൽ ഒരു നോവായ് സ്നേഹമായ് തെളിഞ്ഞു കിടക്കുന്നു. ....
കാലത്തിന് എല്ലാം മായ്ക്കുവാനും മറക്കുവാനും കഴിയും എന്ന് കാലം തെളിയിച്ചു. മറക്കാനാവാതെ തന്റെ മനസ്സ് ഒരു നിഴലായി അവന്റെ കൂടെ നില്ക്കുമ്പോഴും മനുഷ്യരേക്കാൾ ശക്തരാണ് മത വിശ്വാസികൾ എന്ന് തെളിയിച്ചുകൊണ്ട് അവനും ആ വഴിയിൽ അകപ്പെടുന്നത് അറിയേണ്ടതായി വന്നു.
എല്ലാം മറന്നുവോ അതോ മറക്കുവാൻ ശ്രമിച്ചതോ. ....... അറിയില്ല. സ്വന്തം കാലിൽ നില്ക്കുവാനായാൽ അതുവരെ തന്നെ കൈ പിടിച്ചു നടത്തിയ തന്റെ സ്വന്തം മാതാപിതാക്കളേപ്പോലും തള്ളി പറയുകയും തള്ളിക്കളയുകയും ചെയ്യുന്ന ഇക്കാലത്ത് അവൻ തന്നെ മറന്നത് അത്ര വലിയ തെറ്റാണോ. ..? അറിയില്ല. .
എങ്കിലും പരിഭവങ്ങളില്ലാതെ ഇനിയും ഒരു ജന്മമുണ്ടെങ്കിൽ അവന്റെ ഏട്ടനായിത്തന്നെ പുനർജ്ജനിക്കണമെന്ന പ്രാർത്ഥനയോടെ തന്റെ മനസ്സിൽ ഇന്നും അവനെക്കുറിച്ചുള്ള നല്ല ഓർമ്മകൾ എന്നും നിറഞ്ഞു നില്ക്കുന്നു.
'എന്തേ വരാമെന്ന് പറഞ്ഞിട്ട്. .? ഇത്തവണയും ലീവ് കഴിഞ്ഞ് പോയൊ. .?'
'ലീവൊക്കെ കഴിഞ്ഞു. പുതിയ വീടിന്റെ പണി കഴിയാത്തതുകൊണ്ട് പോയിട്ടില്ല. ടിക്കറ്റ് എടുത്തു.... പതിനാലിനു പോകും. ....'
'പിന്നെ എന്തിനായിരുന്നു ഈ വാഗ്ദാനം. ...? നിങ്ങൾ പ്രവാസി സുഹൃത്തുക്കൾക്ക് തട്ടിക്കളിക്കാനായി ഒരു കാറ്റുപോയ പന്തുപോലെ ആയി ഞാൻ അല്ലെ.... നടക്കട്ടെ....'
പ്രതീക്ഷകൾ അസ്തമിക്കുന്നില്ല.... ഇനിയും....
***മണികണ്ഠൻ അണക്കത്തിൽ***

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot