നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മരിയ - Part 6

അടുത്ത കുറച്ചു ദിവസങ്ങളിൽ ഫെയ്സ്ബുക്കിൽ ഉണ്ടാകില്ലെന്നു തോന്നുന്നു. അതിനാൽ ബാക്കി ഭാഗങ്ങൾ പോസ്റ്റുന്നു.
*********
മരിയ
*********
കഥ ഇതു വരെ.
അമേരിക്കയിലാണിതെല്ലാം സംഭവിച്ചത്. സിയാറ്റിലിൽ ഒരു മൾട്ടി നാഷണൽ കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസിലെ മെയിൽ മാനായ അലെക്സ് ആണ്‌ കഥ പറയുന്നത്.
പുതുതായി ജോലിക്കു കയറിയ അയാൾ മരിയ എന്ന ഒരു കനേഡിയൻ സുന്ദരിയെ പരിചയപ്പെടുന്നു. ഇൻഡ്യൻ ആസ്ട്രോളജിയിലെ അവളുടെ താല്പ്പര്യം മനസ്സിലാക്കിയ കഥാകാരൻ, തന്റെ കസിന്റെ സഹായത്തോടെ ഒരു ഓൺലൈൻ ജാതകം സംഘടിപ്പിച്ച് അവളെ ഇമ്പ്രെസ്സ് ചെയ്യാൻ ശ്രമിക്കുന്നു.പക്ഷേ, ജാതകം വായിച്ചുകൊണ്ടിരുന്നപ്പോളാണ്‌ ആ കുട്ടിയുടെ ഭാവം മാറിയത്. വിചിത്രമായി പെരുമാറിയ
അവൾക്ക് എന്തോ മാനസീക പ്രശ്നങ്ങളുണ്ടെന്നു മനസ്സിലാക്കിയ കഥാകാരൻ വല്ലാത്ത ആശയകുഴപ്പത്തിലാകുന്നു.
ഓഫീസിലെ തന്നെ കാട്രിയോന എന്നൊരു സ്ത്രീയുടെ ശല്യവും ഇതിനിടെ അലെക്സിനു നേരിടേണ്ടി വരുന്നു. തീവ്ര ഭക്തി മാർഗ്ഗത്തിലുള്ള ആ സ്ത്രീ അലെക്സിനെ അവരുടെ ചർച്ചിലേക്കു ക്ഷണിച്ചപ്പോൾ അവരെ ഒഴിവാക്കാനായി അലെക്സ് പറഞ്ഞ ഒരു നുണയും അതിനെത്തുടർന്നുണ്ടായ സംഭവ വികാസങ്ങളുമാണിനി.
തുടർന്നു വായിക്കുക.
ഇതിനു മുൻപത്തെ പാർട്ട് വായിക്കാനായി, ലിങ്ക് അമർത്തി സഹകരിക്കുക.
പാർട്ട് 6
ഞാൻ ബ്ലിമ്പിയിലെ ജോലിക്കാരനായ കഥയാണിനി.
അന്നു രാത്രി ഞാനും അനി മോളും കൂടി ഒരു ഭീകര ചർച്ച നടത്തി. ഉണ്ടായ കാര്യങ്ങൾ എല്ലാം വള്ളി പുള്ളി വിടാതെ അവളെ പറഞ്ഞു കേൾപ്പിച്ചു.അവൾ എല്ലാം ഇരുന്നു കേൾക്കുകയും ചെയ്തു. അവസാനം,
“ഇനിയാണ് എനിക്കു നിന്റെ സഹായം വേണ്ടത്. നീ ഈ വീക്കെൻഡിൽ എന്നെ ബ്ലിമ്പിയിൽ ജോലിക്കെടുക്കണം. സിമ്പിൾ!”
അവൾ കുറച്ചു നേരം മിണ്ടാതെ ഇരുന്നു. “ചേട്ടായിക്ക് ചെറുതായിട്ട് പിരി ലൂസാണെന്ന് എനിക്കു പലപ്പോളും തോന്നിയിട്ടുണ്ട്. “
“അല്ല കൊച്ചെ, ഇതിപ്പൊ താല്ക്കാലികമായിട്ടാണല്ലോ. എനിക്കൊരു യൂണിഫോം തന്ന് ഒരു മൂലക്കു നിർത്തിയാൽ മതി. അല്ലെങ്കി ഞാൻ സാൻഡ് വിച്ചുണ്ടാക്കാൻ സഹായിക്കാം. അവരൊന്നു വന്നു പോകുന്ന വരെ. പ്ലീസ് ഡീ..”
“പിന്നേ! സാൻഡ് വിച്ച് ഉണ്ടാക്കാൻ ! അതിനൊക്കെ എത്ര ട്രൈനിങ്ങ് കഴിയണം എന്നറിയോ ? ”
“പിന്നേ ട്രൈനിങ്ങ്! ബ്രെഡ് വെട്ടിക്കീറി ഒരു കഷണം ചിക്കൻ വെച്ചു കൊടുക്കുന്ന പരിപാടിയല്ലേ ? ”
“പിന്നെയല്ല !ഭയങ്കര എളുപ്പാ ! അവെടെയിരുന്നാ മതി. ഒരു മിനിട്ട് . ഞാൻ ആറെമ്മിനെ ഒന്നു വിളിക്കട്ടെ.വല്ല ടേബിൾ ക്ലിയറിങ്ങോ മറ്റൊ കിട്ടുമോന്നു നോക്കട്ടെ . അവൾ ഫോണുമായി ബാല്ക്കണിയിലേക്കു നീങ്ങി . “
”ടേബിൾ ക്ലിയറിങ്ങെങ്കിൽ അത്. എനിക്കവിടെ ചുമ്മാ വന്നൊന്നു നിന്നാൽ മതി. “
ഞാൻ പ്രതീക്ഷയോടെ കാത്തു നിന്നു.
അബി ഇതെല്ലാം ശ്രദ്ധിച്ച് ഒരു ഓഞ്ഞ ചിരിയോടെ നില്ക്കുന്നുണ്ടായിരുന്നു. ”ചേട്ടായീടെ നാളൊന്നു നോക്കുന്നോ ? നല്ല സമയമാണെന്നു തോന്നുന്നു. ഓൺലൈനായിട്ട് ഞാൻ എടുത്തു തരാം “+
(അനിയനായിപ്പോയി!)
അഞ്ചു മിനിട്ട് കഴിഞ്ഞ് അനി മോൾ വന്നു.
”ഓക്കേ! ചേട്ടായിക്ക് ജോലി റെഡി. ഹെല്പ്പർ ആയിട്ട് നിന്നാൽ മതി. ഫുഡ് പ്രിപ്പറേഷൻ ഭാഗത്തേക്ക് നോക്കാൻ പോലും പാടില്ല. ബാക്കിയുള്ള സകല പണിയിലും ഹെല്പ്പ് ചെയ്യണം. ടേബിൾ ക്ലീൻ ചെയ്യണം. പാത്രം കഴുകണം ഇടക്കിടക്ക്, അടുക്കളയിൽ, റ്റേബിൾ റ്റോപ്പ് ക്ലീൻ ചെയ്യണം. ഫുഡ് ഐറ്റംസിൽ തൊട്ടാൽ, അപ്പൊ പണി തെറിക്കും. ഓക്കേ ? “
”പിന്നേ, ഞാനിവിടെ പട്ടിണിയല്ലേ. അല്ലെങ്കിൽ തന്നെ എനിക്കീ സാൻഡ്വിച്ച് എന്നു കേൾക്കുന്നതേ ഇഷ്ടമല്ല.“
”അതല്ല... ഫുഡ് ഐറ്റംസ് ഹാൻഡിൽ ചെയ്യണമെങ്കിൽ, ട്രെയിനിങ്ങ് കഴിഞ്ഞ് കിച്ചൺ ഇൻ-ചാർജ്ജിന്റെ അപ്പ്രൂവൽ ഉണ്ടെങ്കിലേ പറ്റൂ. അതാ പറഞ്ഞെ.“
”ഓക്കെ ! നിന്നെ ദൈവം രക്ഷിക്കും മാളേ...ബൈ ദ ബൈ ... കാശു വല്ലതും കിട്ടുവോ ?“
”ബെസ്റ്റ്!! കാശും വേണോ ??“ അനി മോൾ പൊട്ടിച്ചിരിച്ചു. ”11.35$ വെച്ചു കിട്ടും. മണിക്കൂറിന്. പിന്നെ, എല്ലാരും സമ്മതിക്കുവാണെങ്കിൽ ടിപ്പ്സ് ഷെയർ ചെയ്യാം . മത്യോ ?“
”അയ്യേ! പതിനൊന്നു ഡോളറിനു വേണ്ടി ... ഞാൻ എച്ചിലെടുക്കാനോ ? എന്തൊരു കഷ്ടമാണ് ... നിനക്ക് സഹോദര സ്നേഹം എന്താന്നറിയോ മരപ്പോത്തേ ... “
“അതെയോ... എന്നാപ്പിന്നെ സഹോദരൻ ചെല്ല്! എനിക്കു പഠിക്കാനുണ്ട്!”
അങ്ങനെ ആ പ്രശ്നം സോൾവായി.
പക്ഷെ, മെയിൻ പ്രശ്നം പിന്നെയാണു മനസ്സിലായത്. രാത്രി കിടന്നിട്ടുറക്കം വരുന്നില്ല. എനിക്കു മാത്രമല്ല, അബിക്കും അങ്ങനെതന്നെ. കാര്യം എത്ര തമാശൊക്കെ പറഞ്ഞാലും, മരിയയുടെ അവസ്ഥ ഓർക്കുമ്പോ നല്ല വിഷമമുണ്ട്. അവളുടെ സൗന്ദര്യം കണ്ട് തോന്നിയ ഇഷ്ടമൊക്കെ പണ്ടേ പോയിരുന്നു. ഇപ്പൊ അവളോട് തികച്ചും മറ്റൊരു സ്നേഹമാണ്. സുഖമില്ലാത്ത ഒരു പെങ്ങളോടു തോന്നുന്ന പോലെ. കെവിനെയും മറക്കാൻ പറ്റുന്നില്ല. എന്തായിരിക്കും ശരിക്കും ആ കൊച്ചിന്റെ പ്രശ്നം ? ആരായിരിക്കും അവളെ ഇങ്ങനെ ഉപദ്രവിച്ചുകൊണ്ടേയിരിക്കുന്നത് ? ഇനി കാട്രിയോന പറഞ്ഞതു പോലെ വല്ല പ്രേതാത്മാവും ?... ഛേ ഛേ ! ചിന്തിക്കാൻ ഒരല്പ്പം ഗ്യാപ്പ് കൊടുത്താൽ മതി ബ്രെയിൻ അതു ശരിക്കും മുതലെടുക്കും. ബുദ്ധി കൂടിപ്പോയി. അതിന്റെയാ.
പിറ്റേന്ന് ... ചരിത്രത്തിലാദ്യമായി ഞാൻ ഒരു ശനിയാഴ്ച്ച
അതിരാവിലെ (6 മണിക്ക്) എണീറ്റു. ഏഴു മണിയോടെ റെഡിയായി, കുട്ടപ്പനായി അനി മോളുടെ വാതിലിൽ മുട്ടി.
അവൾ എണീറ്റു വരുന്നതേയുള്ളൂ...
“അയ്യേ... നിനക്കൊന്നും ഒരു ശുഷ്ക്കാന്തി ഇല്ലല്ലോഡേ...വേഗം റെഡി ആയി വരൂ... എനിക്ക് പാത്രം കഴുകാൻ സമയമായി...”
“ഒലക്ക!, എട്ടരക്കാ അവരു തുറക്കുന്നെ. പോയി ഇച്ചിരി നേരം കൂടെ കെടന്നുറങ്ങു മനുഷ്യാ...” അവൾ വാതിൽ കൊട്ടിയടച്ചു.
*********** ************** ************** ************** ****************
ബ്ലിമ്പിയിലെ ആദ്യ ദിനം,
എന്നെ കണ്ട പാടെ ആറെം (ഞാൻ ആദ്യം കരുതിയത് ‘ആറെം’ അവന്റെ പേരായിരിക്കുമെന്നാണ്. റീജിയണൽ മാനേജർ ന്റെ ചുരുക്കെഴുത്തായിരുന്നു കേട്ടൊ. അവന്റെ ശരിക്കുള്ള പേര് ഡേവ്) പിടിച്ചു കൊണ്ടു പോയി ഒരു അരമണിക്കൂർ ക്ലാസെടുത്തു. ലവൻ സ്കോറ്റ്ലൻഡുകാരൻ ആണ്. പറഞ്ഞതിൽ മുക്കാലും മനസ്സിലായില്ല. എന്തിലും ഏതിലും വൃത്തി വേണം. വൃത്തി ഇല്ലാത്ത ഒരു പരിപാടിയും പറ്റില്ല എന്നു മാത്രം മനസ്സിലായി.
അങ്ങനെ, ഞാൻ കളിക്കളത്തിലിറങ്ങി
ഉച്ചയോടെ എനിക്ക് കാര്യങ്ങൾ ഒരു വിധം മനസ്സിലായി.
ചെറുതാണെങ്കിലും, എത്ര സൂഷ്മതയോടെയാണ് അവർ ആ സ്ഥാപനം നടത്തിക്കൊണ്ടു പോകുന്നതെന്നെനിക്കു മനസ്സിലായി. ഒരു തക്കാളിയോ ഉള്ളിയോ മുറിക്കുന്നതിനു വരെ അവരുടേതായ രീതിയുണ്ട്. ആകെ 12 ടേബിൾ. എന്നെപ്പോലെ വേറേ 3 പേരു കൂടിയുണ്ട് ഹെല്പ്പിന്. ചുരുങ്ങിയ സമയം കൊണ്ട് ഞാൻ അവരിലൊരാളായി. വലിപ്പച്ചെറുപ്പമില്ലാത്ത ജോലി. ആരും ആരുടെയും പുറത്ത് കുതിര കയറില്ല. എല്ലാരും പരസ്പരം സഹായിച്ച് യാതൊരു വിധ ഈഗോയുമില്ലാതെ നല്ല സ്വരുമയോടെ പണിയെടുക്കുന്നു.
ഉച്ചക്ക്, ലഞ്ച് റഷ് എന്നൊരു സംഭവമുണ്ട്. നല്ല തിരക്കാണ്.അതാണ് മെയിൻ ബിസിനസ്സ് ടൈം.
ആറെം എന്നെ വിളിച്ച് പെട്ടെന്നു തന്നെ, ഒരു ക്ലാസ്സു കൂടി എടുത്തു. എങ്ങനെ ഓർഡറെടുക്കാം എന്നതിനെപ്പറ്റി. പുഞ്ചിരി മാറാതെ സ്റ്റെഡി വടിയായി നിന്ന് ആളുകൾ പറയുന്നതെ ശ്രദ്ധിച്ചു കേട്ട്...
ക്ലാസ്സു കഴിഞ്ഞതും, ഞാൻ മെനു ഒരെണ്ണം തപ്പിയെടുത്ത് ആ ജനക്കൂട്ടത്തിലേക്കിറങ്ങി.
അനി മോൾ ഒരു സഹായത്തിന് ആദ്യം കൂടെ വന്നെങ്കീലും, എന്റെ ഉൽസാഹം കണ്ട് പിൻ വലിഞ്ഞു. “ഇത് ചേട്ടായിക്ക് പറഞ്ഞിട്ടുള്ള പണി തന്നെയാ! ചേട്ടായി സൂപ്പറാ...”
ഞാനും അതു തന്നെയാ ചിന്തിച്ചത്. എന്തു പെട്ടെന്നാ ഞാൻ എക്സ്പെർട്ടായത് !
അങ്ങനെ കാര്യങ്ങൾ വളരേ സ്മൂത്തായി കടന്നു പോയി.
വൈകിട്ടായപ്പൊ ഭയങ്കര വിഷമം. നിർത്തിയിട്ടു പോരാൻ തോന്നുന്നില്ല. ആകെ 10 പേരു ഒരു കൊച്ചു സ്ഥാപനം.ഇവിടെത്തന്നെ അങ്ങു കൂടിയാലോ ?
അനിമോൾക്കും സന്തോഷമായി. പക്ഷേ,
“ചേട്ടായി, ഇതൊരു ഡെഡ് എൻഡ് ജോബ് അല്ലേ ? എനിക്കെന്നൊക്കെ പറയുമ്പോ, പഠിക്കുന്നതിനിടക്ക് ഒരു ചെറിയ വരുമാനം. ചേട്ടായിക്കങ്ങനെയല്ലല്ലോ. ഇവിടെ നിന്നാൽ, എന്നും ഇവിടെത്തന്നെയായിപ്പോകും. ഒരു ഉന്നമനം...”
“എന്തുന്നമനം, രാത്രി കിടന്നാ ഉറക്കം വരണ്ടേ . അതല്ലേ ഏറ്റവും വല്യ സമ്പത്ത്. എനിക്കിതൊക്കെ മതി. പക്ഷെ, പെട്ടെന്നു വേണ്ട. കൊറേ കാലം കൂടി ഇങ്ങനെ വീക്കെൻഡ് ജോലിയായിട്ടു പോകട്ടെ. പിന്നീട് സ്ഥിരമാക്കണോ വേണ്ടയോന്നു തീരുമാനിക്കാം.ഇവിടെ ആകെ പത്തു സ്റ്റാഫ്ഫേയുള്ളൂ. എല്ലാർക്കും എല്ലാരേയും അറിയാം. എല്ലാരും ഹാപ്പി. എനിക്കു വേണ്ടത് അതാണ്.”
അങ്ങനെ, പുതിയൊരു ജോലിയും സ്വപ്നം കണ്ട്, ഞാൻ അന്നു രാത്രി കിടന്നുറങ്ങി. കൊച്ചപ്പൻ കൂടി സമ്മതിച്ചാൽ പിന്നെ പ്രശ്നമില്ല !
മരിയയും കാറ്റ്രിയോനയും, അങ്ങനെയുള്ള മറ്റെല്ലാ പ്രശ്നങ്ങളും തല്ക്കാലം മനസ്സിൽ നിന്നു പോയി. നല്ല സമാധാനം. പിറ്റേന്ന് ഞായറാഴ്ച്ച.
ഞാൻ എല്ലാവരോടും ആദ്യമേ പറഞ്ഞേല്പ്പിച്ചു. ഉച്ചക്ക് 60 പേരാണ് ലഞ്ചിന് ഒരുമിച്ച് വരിക. പ്രിപ്പയേഡ് ആയിരിക്കണമല്ലോ. എക്സ്റ്റ്രാ സഹായത്തിനായി മനേജരും കളത്തിലിറങ്ങി . ഒരു പന്ത്രണ്ടു മണിക്കു തന്നെ ഞാൻ കാറ്റ്രിയോനയെ ഒരിക്കൽ കൂടി വിളിച്ച് കൺഫേം ചെയ്തിരുന്നു.
കൃത്യം 1:30 നു തന്നെ ‘വിശ്വാസികൾ’ വന്നിറങ്ങി. പിന്നങ്ങോട്ട് നിലത്തു നില്ക്കാൻ നേരം കിട്ടിയില്ല . പറന്നു നടക്കുകയായിരുന്നു ഞങ്ങൾ. പക്ഷേ രസകരമായിരുന്നു അനുഭവം. അതിനിടയിൽ, പാസ്റ്റർ ചൂണ്ടയുമായി എന്റെ പുറകേ കൂടിയെങ്കിലും, ഞാൻ നേരത്തെ വിവരമറിയിച്ചതനുസരിച്ച് മനേജർ എന്നെ അടുക്കളയിലേക്കു മാറ്റി. പാസ്റ്റർ കേൾക്കെ എന്നെ ഒന്നു ശാസിക്കാനും അദ്ദേഹം മറന്നില്ല. ദൈവം അങ്ങേരെ രക്ഷിക്കട്ടെ.
ഒടുവിൽ കുഞ്ഞാടുകൾ ഒക്കെ പോയി കട കാലിയായി.
എല്ലാവരും എന്നെ നോക്കി പുഞ്ചിരി തൂകി.
മാനേജർ അപ്പോൾ തന്നെ സ്റ്റാഫിനെ മൊത്തം വിളിച്ച് അഭിനന്ദിച്ചു. ചെറിയൊരു ഇൻസെന്റീവ് കൂടി സാലറിക്കൊപ്പം പ്രതീക്ഷിക്കാമെന്നു പറഞ്ഞു.എല്ലാരും ഹാപ്പി.
അങ്ങനെ, നാലു മണിയായി.
ഷോപ്പിൽ തീരെ തിരക്കില്ല. ഞാൻ ഒരു കോഫീ മെഷീന്റെ ഭാഗങ്ങൾ അഴിച്ചെടുത്ത് കഴുകുന്ന പണിയിലായിരുന്നു. പെട്ടെന്നാണ് വളരേ പരിചിതമായ ഒരു ശബ്ദം കേട്ടത്.
“30 സാൻഡ്വിച്ചുകൾ വേണം. സാദാ ചിക്കൻ ചീസ് സാൻഡ്വിച്ചുകൾ.”
ഞെട്ടിപ്പോയി ഞാൻ!
മരിയ !
(തുടരും)
Alex

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot