നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഫുട്ബോൾ പ്ലയർ

ഫുട്ബോൾ പ്ലയർ
••••••••••••••••••••••••••••••••••••
സ്റ്റേഡിയം നിറഞ്ഞ്‌ കവിഞ്ഞ ആയിരങ്ങൾ ഇരിപ്പിടങ്ങളിൽ നിന്ന് എഴുന്നേറ്റ്‌ അലറി വിളിക്കുന്നത്‌ എനിക്ക്‌ കേൾക്കാമായിരുന്നു.
കാലിൽ പന്തും ചെവിയിൽ സ്വന്തം രാജ്യത്തിന്റെ പേരോടൊപ്പം എന്റെ പേരും ചൊല്ലി ജയ്‌ വിളിക്കുന്ന പതിനായിരങ്ങളുടെ ശബ്ദവും പേറി മുന്നോട്ട്‌...
രാജ്യം ആ ചരിത്രമുഹൂർത്തത്തിനു സാക്ഷിയാകാൻ പോകുന്നു..
"അതെ സ്റ്റേഡിയത്തിന്റെ മധ്യഭാഗത്ത്‌ നിന്ന് കിട്ടിയ പന്തുമായി നാലു ഡിഫന്റർ മാരെയും വെട്ടുകിളിയെപോലെ കബളിപ്പിച്ച്‌ മുന്നിലുള്ള ഗോൾ വല ലക്ഷ്യമാക്കി അയാൾ കുതിക്കുകയാണു..
മുന്നിൽ ഇനി ഗോളി മാത്രം ഏത്‌ നിമിഷവും അത്‌ സംഭവിക്കാം" കമേന്ററിക്കാരന്റെ വാക്കുകളിലെ ആവേശം തീയായി എന്റെ കാലുകളിലേക്ക്‌ പടർന്ന് കയറുകയായിരുന്നു.
പെനാൾട്ടി ബോക്സിൽ ഇപ്പോൾ ഞാനും ഗോളിയും മാത്രം..
ഞൊടിയിടയിൽ പന്തൊന്ന് കൂടി ഡ്രിബ്ലിംഗ്‌ ചെയ്ത്‌ ഗോളിയെ വെട്ടിച്ചു. ഇനി പന്തിനും വലക്കുമിടയിൽ ഒരു രാജ്യത്തിന്റെ സ്വപ്നസാക്ഷാൽക്കാരം.
അതിനു നിയോഗിക്കപ്പെട്ടവൻ ഞാനിതാ അത്‌ എന്റെ നാടിനു വേണ്ടി നേടാൻ പോവുന്നു.
തലച്ചോറിൽ നിന്ന് വിട്ട ആ മെസ്സേജ്‌ കാലേറ്റെടുക്കാനുള്ള ശ്രമത്തിനിടയിലാണത്‌ സംഭവിച്ചത്‌.
കണ്ണിൽ വലയും പന്തും ലക്ഷ്യമാക്കി കാലുയർത്തിയ എന്റെ മറ്റേ കാലിൽ ആഞ്ഞ്‌ തൊഴിച്ച്‌ എന്നെ വീഴ്ത്തിക്കളഞ്ഞു അവൻ, ആ ഗോളി.
താഴെ കുഴഞ്ഞു വീഴുന്നതിനിടയിലും പക്ഷെ ഞാൻ കണ്ടു. ഓടി വരുന്നതിനിടയിൽ നീട്ടി വിളിച്ച വിസിലിനൊപ്പം റഫറി പോക്കറ്റിൽ നിന്നും ചുവപ്പ്‌ കാർഡ്‌ ഗോളിക്ക്‌ നേരെ ഉയർത്തുന്നതും, വിരൽ പെനാൾട്ടി ഗോൾ പോയിന്റിലേക്ക്‌ ചൂണ്ടുന്നതും.
ആവേശത്തിന്റെ കൊടുമുടി കയറിയ
ശബ്ദമുഖരിതമായ സ്റ്റേഡിയം പെട്ടെന്ന് നിശബ്ദമായി. എല്ലാ കൈകളും കൂപ്പുകൈകളായി..
അത്യന്തം വാശിയേറിയ മൽസരത്തിൽ ആദ്യ പതിനഞ്ചാമത്തെ മിനുട്ടിൽ അടിച്ച ഗോളിൽ വിജയമുറപ്പിച്ച ശക്തരായ എതിർ ടീമിനെ മൽസരത്തിന്റെ എൺപത്തി എട്ടാമത്തെ മിനുട്ടിൽ ഗോൾ തിരിച്ചടിച്ച്‌ സമനില വാങ്ങുകയും എക്സ്ട്രാടൈം ആയി കിട്ടിയ രണ്ട്‌ മിനുട്ടിലെ അവസാന സെക്കന്റുകൾക്കിടയിലാണു ഉദ്യേഗജനകമായ ഈ ഫൗൾ അരങ്ങേറിയിരിക്കുന്നത്‌.
ഒരു സൂചി വീണാൽ പോലും കേൾക്കാവുന്ന നിശബ്ദത.
എനിക്ക്‌ ചുറ്റിലും ഡോക്ടർമാരും സഹായികളും സ്ട്രെക്ചറും ഒക്കെ റെഡിയായിരിക്കുന്നു. എന്നെ പരിശോധിച്ച ഫിസിഷ്യൻ എന്റെ ചുണ്ടിലെ പുഞ്ചിരി കണ്ട്‌ പുറത്ത്‌ തട്ടി മെല്ലെ മന്ത്രിച്ചു
"വെൽഡൺ പ്ലേ മൈ ബോയ്‌"
അൽപസമയം ഒന്ന് ഞൊണ്ടി നടന്ന് ഞാൻ വാമപ്പ്‌ ചെയ്ത്‌ തയ്യാറായി. ക്യാപ്റ്റൻ ആ പെനാൾട്ടി കിക്ക്‌ എടുക്കാൻ അനുമതി തന്ന് പുറത്ത്‌ തട്ടി കൊണ്ട്‌ പറഞ്ഞു
"നീ തന്നെയാണതിനു യോഗ്യൻ"
ചുവപ്പ്‌ കാർഡ്‌ കണ്ട ഗോളിക്ക്‌ പകരം മെലിഞ്ഞ്‌ പ്രായമായ ആളാണു ഗോളിയായി വന്നത്‌. ഇത്രയും പ്രായമായ ഇയാളെ ആരാ ഗോളിയാക്കിയേ??
ആദ്യം ചിന്തിച്ചെങ്കിലും പിന്നീട്‌ ഞാൻ ഗോളിയെ കണ്ടില്ല. എന്റെ മുന്നിൽ ആ ഗോൾ വല മാത്രം. ഒറ്റ ലക്ഷ്യം ഗോൾ മാത്രം.....
പത്തടികൾക്കപ്പുറമുള്ള ബോളിലേക്ക്‌ മാത്രം ശ്രദ്ധയൂന്നി ഞാൻ തയ്യാറായി നിൽക്കുകയാണു. ഒന്ന് കൂടി വല നോക്കി ഉറപ്പ്‌ വരുത്തി. അക്ഷമനായ റഫറി രണ്ടും വട്ടം നീട്ടി വിസിലടിച്ചു. ഞാൻ കൈകൊണ്ട്‌ ഓക്കെ എന്ന് ആംഗ്യം കാണിച്ചു.
മൂന്നാമത്തെ വിസിലും എന്റെ കുതിപ്പും ആഞ്ഞ്‌ തൊഴിച്ചുള്ള കിക്കും എല്ലാം ഒരു ഞൊടിയിടയിലായിരുന്നു..
എന്റെയും പതിനായിരങ്ങളുടെയും പ്രാർത്ഥനയോടൊപ്പം ഗോൾ വല ലക്ഷ്യമാക്കി പാഞ്ഞ പന്ത്‌ പക്ഷെ കൊണ്ടത്‌ പാവം ഗോളിയുടെ മുഖത്ത്‌.....
അയാൾ അലറി വിളിച്ചു.....
"""""ഊ...യ്യന്റള്ളാ...........""""
തലയിൽ കൈവച്ച്‌ നിരാശയോടെ
കുനിഞ്ഞിരുന്ന ഞാൻ ആ നിലവിളി കേട്ട്‌ ഞെട്ടി.
ഞാൻ ഒന്ന് കൂടി ഓർമ്മയിലേക്ക്‌ ആ ശബ്ദത്തെ തിരിച്ച്‌ കൊണ്ടുവരാൻ ശ്രമിച്ചു.
"ഞമ്മള കുഞ്ഞിക്കാ"
അതെ ക്ലീനർ കുഞ്ഞിക്കാന്റെ ഒച്ച..
ഇതാരാ ഇത്രയും വലിയ കളിയിൽ ഇയാളെ പിടിച്ച്‌ ഗോളിയാക്കിയെ??"
കൂടുതൽ ആലോചിക്കേണ്ടി വന്നില്ല, വായയും പൊത്തിപ്പിടിച്ച്‌ മൂപ്പർ വിളിച്ച്‌ പറഞ്ഞു.
"ബസ്സെടുക്കാൻ സമയായി പഹയാ ഇഞ്ഞി ഒന്ന് ബേം കുളിച്ചിറ്റ്‌ ബന്നൂട്‌"
വേഗം എണീറ്റ്‌ പായും മടക്കി വെച്ച്‌ സീറ്റിനടിയിൽ നിന്ന് ബക്കറ്റും എടുത്ത്‌ കിണറ്റിൻ കരയിലേക്ക്‌ ഓടാൻ നോക്കുമ്പോ മൂപ്പറെന്തോ സീറ്റിനടിയിൽ പരതുന്നത്‌ കണ്ട്‌ ചോദിച്ചപ്പോ പറയാ
"ആ ബെപ്പ്‌ പല്ലിന്റെ സെറ്റ്‌ ഇണ്ട്‌ ഈന്റടീലെങ്ങാൻ പോയിറ്റീന്ന്"
✍️ഷാജി എരുവട്ടി..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot