Slider

ഞായർ

0

ഞായർ
.........
'ടിയേ രാവിലെ കഴിക്കാനെന്തുവാ ?'
'പുട്ട്... '
'പുട്ടോ....?'
' ങാ..... '
'കറി.....?'
പറഞ്ഞ പോലെ കറി വേണമല്ലൊ.... കുറച്ചു ദിവസം മുൻപ് ഞാലിപ്പൂവന്റെ ഒരു കുല വെട്ടി ചാക്കിൽ കയറ്റിയിരുന്നു. രണ്ടു ദിവസം മുൻപ് നോക്കിയപ്പോഴും , പഴുക്കാനോ.... അതിന് വേറെ ആളെ നോക്കെടേയ് എന്ന മട്ടിൽ മുഖം കറുപ്പിച്ച് ഇരിക്കുന്നു .ഇന്നെങ്കിലും പീതാംബരധാരി ആയോ എന്തോ.....
' പഴം.....'
' ഞായറാഴ്ചയായിട്ട് രാവിലെ ഇവിടാർക്കും ഇഷ്ടമില്ലാത്ത സാധനം .. പുട്ടും പഴവും .... നീ ഇന്നലെ അങ്ങനെയല്ലല്ലൊ പറഞ്ഞത് . ബൂരിയും കുറുമയും ഉണ്ടാക്കും എന്നല്ലെ ....'
'ഓ.... അതോ..... അത്.... ഇന്നലെ ബീച്ചിലും കടൽപ്പാലത്തിലുമൊക്കെ കറങ്ങി തിരിഞ്ഞു വന്ന റൊമാന്റിക് മൂഡിൽ ചുമ്മാ ഒരു പ്രസ്ഥാവന ഇറക്കിയതല്ലെ ....'
' തലവഴിയെ ഷീറ്റും മൂടിക്കിടന്ന് അവൾടൊരു പ്രസ്ഥാവന . സൂര്യൻ ഉദിച്ച് ഉച്ചിയിലായി ... നീ കിടന്നോ....'
ഓ ... ഈ സൂര്യന്റെ ഒരു കാര്യം... ഇതിയാന് സൺഡേം മൺഡേം ഒന്നുമില്ലേ.....
'അതേ ,ആറു ദിവസം ജോലി ചെയ്തവന് ഒരു ദിവസം വിശ്രമിക്കാം എന്നാ മഹത് വചനം. '
'മഹത് വചനമൊക്കെ ശരിയാ.. അത് നിന്നെ പോലെ പുട്ടും പഴവും ഉണ്ടാക്കുന്നവരെ ഉദ്യേശിച്ചല്ല..
എടീ, നിന്റമ്മ ഏഴര നാഴിക വെളുപ്പിനെ ഉണരുന്ന ഒരാളല്ലെ ... എന്നിട്ട് ഹരിനാമകീർത്തനവും ആദിത്യ സ്തുതിയും ഒക്കെ ആയിട്ട് മൊത്തത്തിൽ ഒരു ഭക്തിമയമാണ്. .. സത്യത്തിൽ നീ അവരുടെ മോളു തന്നാണോ ....'
അതു ശരി രാവിലെ നമ്മുടെ അസ്തിത്വത്തിൽ തൊട്ടാണ് കളി ......' അവരുടെ മോളാന്നും പറഞ്ഞല്ലെ എന്നെ രണ്ടു കയ്യു നീട്ടി വാങ്ങിക്കൊണ്ടുവന്നെ... എന്നിട്ടിപ്പോൾ DNA ടെസ്റ്റിനു വരുന്നോ ......?
ആ പരമശിവനെ പോലെ ഒരാളെ കെട്ടിയാൽ മതിയായിരുന്നു. അങ്ങേരെ പോലൊരു സോഷ്യലിസ്റ്റ് ലോകത്ത് വേറെ ആരുണ്ട് .... മാലേം കമ്മലും ഒന്നുമല്ല ,പാതിമെയ്യാ കൊടുത്തത് ... പാതിമെയ്........
'പാതിമെയ് കൊടുക്കണമെങ്കിലേ ,കൂടെ ഇരിക്കുന്നത് പാർവ്വതി ആയിരിക്കണം ... അല്ലാതെ ശൂർപ്പണഖയ്ക്ക് ആരാ പാതിമെയ് കൊടുക്കുന്നത് ....കൊടുക്കില്ലന്നു മാത്രമല്ല ,കയ്യിലിരിക്കുന്നത് എന്തെങ്കിലുമൊക്കെ പോകുകയും ചെയ്യും....'
'എന്റെ ഭർത്താവേ ,മനുഷ്യന്റെ അമിതമായ കാമക്രോധത്തെ ഇല്ലായ്മ ചെയ്യണം എന്നതിന്റെ പ്രതീകമാണ് ശൂർപ്പണഖാ ഛേദം... മനസ്സിലായോ....'
വേദസാരം ഉപദേശിച്ചിട്ട് , നീക്കി മാറ്റിയ ഷീറ്റ് വീണ്ടും തല വഴിയെ പുതച്ച് അലസമായൊരു മയക്കത്തിലേയ്ക്ക് ഞാൻ ചുരുണ്ടുകൂടി .
'അവൾടൊരു വേദാന്തം ' അതും പറഞ്ഞ് തല വഴി പുതച്ചിരുന്ന ഷീറ്റ് വലിച്ചെടുത്ത് ചുരുട്ടി കൂട്ടി ഒരേറ്. അലോസരത്തിൽ പ്രതിഷേധിച്ച് മുഖവും വീർപ്പിച്ച് എഴുന്നേറ്റ എന്റെ നേർക്ക് Think Positively എന്നെഴുതിയ വെള്ള നിറത്തിലുള്ള വലിയ കപ്പിൽ അടിച്ചു പതപ്പിച്ച നല്ല ആവി പറക്കുന്ന ചായ ,കറുത്ത രോമങ്ങൾ നിറഞ്ഞ് മനോഹരമായ കയ്യാൽ നീണ്ടു വരുന്നു .
ജടയും പാമ്പും പുലിതോലും ഒന്നും കാണുന്നില്ലല്ലൊ .. ഏതായാലും പരമശിവനല്ല......
'അതേ, ബൂരിയ്ക്കുള്ള മാവ് കുഴച്ച് വെച്ചിട്ടുണ്ട് , കുറുമയ്ക്കുള്ളതെല്ലാം അരിഞ്ഞും...... ഭവതി തിരുവുള്ളമുണ്ടായി അതൊന്നു ഉണ്ടാക്കിയിരുന്നെങ്കിൽ ഈയുള്ളവന് ഒൻപത് മണിക്കുള്ള മീറ്റിംങ്ങിന് പോകാമായിരുന്നു.
'"വിരലൊന്നില്ലങ്കിലും വീരനല്ലങ്കിലും ഭർത്താവ് നിങ്ങൾ മതി..... എനിക്ക് ഭർത്താവ്...... FM ൽ ആരോ ആർക്കോ വേണ്ടി ഡെഡിക്കേറ്റ് ചെയ്ത് തകർക്കുകയാണ് ...
' നീ പരമശിവനല്ലടാ മോനേ .... അതുക്കും മേലേ.....'
തമ്മിൽ തമ്മിൽ അൽപ്പമൊന്ന് മനസ്സിലാക്കാനും കുറച്ചൊന്ന് വളഞ്ഞു കൊടുക്കാനും നമുക്ക് കഴിഞ്ഞാൽ സ്വർഗ്ഗം തിരക്കി ആരും എങ്ങും പോകേണ്ടി വരില്ല. ചെറിയ പ്രശ്നത്തിൽ തുടങ്ങി ,പരസ്പരം വെറുത്ത് ,കോടതി വരാന്തയിലൂടെ ഇടനെഞ്ച് തകർന്ന് നിഴലായ് അകലുന്ന എത്രയെത്ര നൊമ്പരകാഴ്ചകൾ നമുക്കില്ലാതെയാക്കാം .....
ഓരോ ഭവനവും സ്വർഗ്ഗമാകട്ടെ എന്ന് ആശംസിക്കുന്നു.....
..................
ഷീബാ വിലാസിനി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo