നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മരിയ - Part 3 and 4

********
മരിയ
*********
കഥ ഇതു വരെ.
അമേരിക്കയിലാണിതെല്ലാം സംഭവിച്ചത്. സിയാറ്റിലിൽ ഒരു മൾട്ടി നാഷണൽ കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസിലെ മെയിൽ മാനായ അലെക്സ് ആണ്‌ കഥ പറയുന്നത്.
പുതുതായി ജോലിക്കു കയറിയ അയാൾ മരിയ എന്ന ഒരു കനേഡിയൻ സുന്ദരിയെ പരിചയപ്പെടുന്നു. ഇൻഡ്യൻ ആസ്ട്രോളജിയിലെ അവളുടെ താല്പ്പര്യം മനസ്സിലാക്കിയ കഥാകാരൻ, തന്റെ കസിന്റെ സഹായത്തോടെ ഒരു ഓൺലൈൻ ജാതകം സംഘടിപ്പിച്ച് അവളെ ഇമ്പ്രെസ്സ് ചെയ്യാൻ ശ്രമിക്കുന്നു.പക്ഷേ, ജാതകം വായിച്ചുകൊണ്ടിരുന്നപ്പോളാണ്‌ ആ കുട്ടിയുടെ ഭാവം മാറിയത്. വിചിത്രമായി പെരുമാറിയ
അവൾക്ക് എന്തോ മാനസീക പ്രശ്നങ്ങളുണ്ടെന്നു മനസ്സിലാക്കിയ കഥാകാരൻ വല്ലാത്ത ആശയകുഴപ്പത്തിലാകുന്നു.
രാത്രിയിൽ ആരോ അവളെ ഉപദ്രവിക്കുന്നുണ്ടെന്നു പറഞ്ഞ അവൾ ജീവിതം മടുത്തെന്നും, ആത്മഹത്യ മാത്രമേ ഇനി ഒരു വഴിയുള്ളൂ എന്നും അയാളോട് പറയുന്നു. ശരീരം മുഴുവൻ ബ്ലേഡുകൊണ്ട് വരഞ്ഞു കീറിയ മുറിവുകൾ അവൾ അലെക്സിനെ കാണിക്കുന്നു
തുടർന്നു വായിക്കുക.
ഇതിനു മുൻപത്തെ പാർട്ട് വായിക്കാനായി, ലിങ്ക് അമർത്തി സഹകരിക്കുക.
പാർട്ട് 3
ഞാൻ ആകെ വിഷണ്ണനായി തിരിച്ച് എന്റെ ഡെസ്കിലെത്തി . ആകെ ഒരു വല്ലായ്മ . മേശപ്പുറത്ത് അടുത്ത ട്രിപ്പിനുള്ള മെയിലുകളും പാക്കേജുകളും അടുക്കിവെച്ചിട്ടുണ്ട് . ഇനി അതെല്ലാം, സോർട്ട് ചെയ്ത് ഉന്തുവണ്ടിയിൽ കയറ്റി ഓരോ ഓഫീസ് കാബിനുകളിലും കയറി ഇറങ്ങണം .
സാധാരണ അതെനിക്കൊരു പ്രശ്നമല്ല. കാരണം, ഓരോ യാത്രയിലും, ഓർമ്മിക്കാൻ പാകത്തിന് എന്തെങ്കിലും ഒരു രസമുള്ള സംഭവം ഉണ്ടാകും. ആരെങ്കിലും എന്തെങ്കിലും തമാശ പറയും. അല്ലെങ്കിൽ, ഞാൻ എന്തെങ്കിലും പറഞ്ഞു അവരെ ചിരിപ്പിക്കും . പക്ഷെ, അന്ന് എനിക്ക് അനങ്ങാൻ പോലും തോന്നിയില്ല .
ഏതു നേരത്താണീശ്വരാ എനിക്കാ കൊച്ചിനോട് ഹായ് പറയാൻ തോന്നിയത് !
അങ്ങനെ ഞാൻ കുറെ നേരം ഡെസ്കിൽ തല വെച്ച് കിടന്നു . കുറച്ച് കഴിഞ്ഞപ്പോൾ, പുറത്താരോ വന്നു തട്ടുന്നു . ഞെട്ടിയെണീറ്റു നോക്കുമ്പോ, ആ പരിസരത്തുള്ള എല്ലാവരും എന്റെ ഡെസ്കിനു ചുറ്റും .
"എന്ത് പറ്റി അലക്സ് ? സുഖമില്ലെങ്കിൽ ഓഫ് എടുക്കൂ .. വീട്ടിൽ പോയി വിശ്രമിക്കൂ ... " തുടങ്ങി കുറെ ആശ്വാസ വാക്കുകൾ . എന്നെ എല്ലാവര്ക്കും വല്യ കാര്യമാണെന്ന് ഞാൻ ചുമ്മാ പറഞ്ഞതല്ല .
പക്ഷെ, ഇതിലൊന്നും പെടാതെ മാറിനിൽക്കുന്ന ഒരാളെ ഞാൻ കണ്ടു. ആ ഫ്ലോറിലെ ഹ്യൂമൻ റിസോഴ്സസ് മാനേജരാണ് . കാട്രിയോന .ആഫ്രിക്കൻ വംശജയാണ് . അവരിങ്ങനെ എന്നെത്തന്നെ സൂക്ഷിച്ചു നോക്കി നിൽക്കുകയാണ് .
എല്ലാരേയും സമാധാനിപ്പിച്ച് പറഞ്ഞയച്ച് ഞാൻ എന്റെ പണിയിലേക്ക് തന്നെ തിരിഞ്ഞു . ആ സ്ത്രീ കുറച്ച് നേരം കൂടി എന്നെത്തന്നെ നോക്കി നിന്നിട്ട് പതുക്കെ അവരുടെ കാബിനിലേക്കു തന്നെ പോയി.
സകല സാധനങ്ങളും പാക്ക് ചെയ്ത് വണ്ടിയിൽ കയറ്റി ഞാൻ ആദ്യം തന്നെ ചെന്നത് കാട്രിയോനയുടെ ഓഫീസിലേക്കാണ് . അവർക്കെന്തോ എന്നോട് പറയാനുണ്ടെന്ന് എനിക്കുറപ്പായിരുന്നു .
ഞാൻ അകത്ത് കയറിയതും, അവർ എന്നോട് വാതിൽ ചാരാൻ പറഞ്ഞു .
ഇതെന്തു പറ്റി ഇന്ന് ? എല്ലാരും വാതിലടച്ചിട്ടാണല്ലോ ഇടപാട് !
തുടർന്ന് ഞാനും ആ മാഡവും തമ്മിൽ വളരെ ഇന്ററസ്റ്റിംഗ് ആയ ഒരു സംഭാഷണം നടന്നു .
"അലക്സ്, മരിയയുമായി എന്താ പരിപാടി ? "
"ഒന്നുമില്ല മാഡം... ആ കൊച്ച് ഇന്ത്യൻ കൽച്ചറിനെക്കുറിച്ച് എന്തൊക്കെയോ ..."
"അലെക്സിന് എന്റെ മകനാകാനുള്ള പ്രായമാണ് . അതുകൊണ്ടു സ്നേഹം കൊണ്ട് പറയുകയാണ്. ആ പെൺകുട്ടിയുമായി ഒരു ഇടപാടും വേണ്ട . ഈ ഓഫീസിൽ ഇത്രയധികം ആളുകളുണ്ടായിട്ട ആരെങ്കിലും അവളുമായി സംസാരിക്കുകയോ ഇടപഴകുകയോ ചെയ്യുന്നത് അലക്സ് കണ്ടോ ? ഇല്ല. കാരണമുണ്ട്. അവൾ വളരെ ഡിസ്റ്റർബ്ഡ് ആണ്. നോർമൽ അല്ല . "
"ശരിയാ മാഡം .ആ കുട്ടിക്ക് ഒരൽപം മാനസീക പ്രശ്നമുണ്ടെന്നു എനിക്കും..."
"മാനസീകമൊന്നുമല്ല, " അവർ പെട്ടെന്ന് ഇടയ്ക്കു കേറി. " അവർ അങ്ങനെയൊക്കെ പറയും. പക്ഷെ, എനിക്കറിയാം… അവൾക്കൊരു അസുഖവുമില്ല ."
"പിന്നെ ? ".
"അത് മനസ്സിലാകണമെങ്കിൽ, അലക്സ് ഒരു കാര്യം ചെയ്താൽ മതി. ഒരു കുരിശും പോക്കറ്റിലിട്ടോണ്ട് അവളുടെ മുൻപിൽ ചെല്ലണം. എന്നിട്ട് പെട്ടെന്ന് ആ കുരിശ് അവളുടെ മുൻപിൽ ഒന്നുയർത്തി കാണിച്ചാൽ മതി... അപ്പൊ മനസ്സിലാകും."
ഞാൻ അമ്പരന്നു പോയി.
അവരുടെ ഡെസ്കിനു പുറകിൽ ഭിത്തിയിൽ തറച്ച് വെച്ചിരിക്കുന്ന വിവിധ ഡിഗ്രി ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ നോക്കി ഞാനങ്ങനെ നിന്നു. കർത്താവേ ! ഇത്രേം വിദ്യാഭ്യാസമുള്ള ഈ സ്ത്രീയാണോ അതു പറഞ്ഞത് ?
"അലക്സ് എന്താ ആലോചിക്കുന്നേ ? എനിക്കിത് എങ്ങനെ മനസ്സിലായെന്നറിയാമോ , കുറച്ച് കാലം മുൻപ് എന്റെ ഒരു കസിൻ ഇവിടെ വന്നിരുന്നു. നീ ചിലപ്പോ കേട്ടു കാണും. റാപ്പറാണ് . ജിഗ്സ് എന്നാണു പുള്ളി അറിയപ്പെടുന്നത് (ഞാൻ ഇന്നുവരെ കേട്ടിട്ടില്ല) ... സൊ, അവൻ എപ്പോളും, കഴുത്തിൽ ഒരു വലിയ കുരിശും തൂക്കിയാണ് നടപ്പ് . അവരുടെ ഒരു സ്റ്റൈലാണ് . അവനും ഞാനും ദേ ഇതുപോലെ ഇങ്ങനെ സംസാരിച്ചുകൊണ്ടു നിൽക്കുമ്പോ, മരിയ കയറി വന്നു. നീ വിശ്വസിക്കില്ല ! ആ കുരിശു കണ്ടതും അവൾ അലറിക്കൊണ്ട് ഒരൊറ്റ ഓട്ടമായിരുന്നു. ജാനിറ്റർ ക്ളോസറ്റിൽ കയറി വാതിലടച്ചിരുന്ന അവൾ, അന്ന് വൈകിട്ട് ഓഫീസ് അടക്കുന്ന സമയത്താണ് പുറത്തിറങ്ങിയത് . പിറ്റേ ദിവസം അവൾ തന്നെ ഒരു മെന്റൽ ഹോസ്പിറ്റലിൽ പോയി സ്വയം COMMIT ആയി.”
കുരിശു കണ്ടിട്ടാണെന്നുറപ്പാണോ ? ചെലപ്പൊ നിങ്ങടെ ഈ മോന്ത കണ്ടിട്ടാരിക്കും സ്ത്രീയേ! എനിക്കു തന്നെ ഇപ്പൊ ഇറങ്ങി ഓടാൻ തോന്നുന്നുണ്ട്. പിന്നെയാ... (എന്നൊക്കെ പറയണമെന്ന് ഞാൻ കരുതി. പക്ഷെ, കൊച്ചപ്പൻ എത്ര പേരുടെ കാലു പിടിച്ചിട്ടാണീ ജോലി കിട്ടിയതെന്നറിയാമോ .) പകരം ഞാൻ ഇങ്ങനെ പറഞ്ഞു.
"മാഡം, നിങ്ങൾ പറയുന്നത് തികച്ചും അവിശ്വസനീയമാണെങ്കിലും, അതിലെ ആത്മാർത്ഥത എന്നെ അത്ഭുത പരതന്ത്രനാക്കുന്നു ... പോയിട്ട് പിന്നെ വരാം." ഞാൻ തിരിഞ്ഞു .
"നിനക്കറിയാമോ അലക്സ്എന്റെ പാസ്റ്റർ വിചാരിച്ചാൽ, അഞ്ചു മിനിറ്റു കൊണ്ട് ആ ആത്മാവിനെ പുറത്ത് ചാടിക്കും. ഇതിലും വല്യ പ്രേതങ്ങളെയൊക്കെ നിഷ്പ്രയാസം വലിച്ച് പുറത്തിടുന്ന പാർട്ടിയാണ് ! അവൾ ഇപ്പൊ എത്ര വർഷമായി… എത്ര ഡോക്ടർമാർ ചികിൽസിച്ചു ... എന്റെ പള്ളിയിൽ ഒരു പ്രാവശ്യം ഒന്ന് വന്നാൽ, ആ ദുരാത്മാവിനെ എന്നെന്നേക്കുമായി ഞങ്ങൾ ഉച്ചാടനം ചെയ്തു വിട്ടേനെ . "
" ഹോ! ഭയങ്കരം തന്നെ മാഡം. ഭയങ്കരം തന്നെ! ഞാൻ ഇപ്പൊ തന്നെ പോയി അവളോട് ഈ വിവരം പറഞ്ഞേച്ചു വരാം..." (ഈ തള്ള ഇന്നെന്റെ തെറി കേൾക്കും)
"അലക്സ് നിൽക്കൂ... ആ കുട്ടിയോട് സംസാരിക്കാൻ പോകുകയാണെങ്കിൽ, ഞാൻ രണ്ടു വാക്കു പ്രാർത്ഥിക്കാം . അലക്സ് ഇങ്ങോട്ടു നീങ്ങി ആ തല ഇങ്ങോട്ടു തരൂ. എനിക്ക് കൈ വെക്കണം."
(ദൈവമെ!! പുതിയ പരീക്ഷണം!)
ഞാൻ ഓർത്തത് , നാട്ടിലും എനിക്ക് സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ട് . പക്ഷെ, എന്റെ തലയിൽ കൈ വെക്കാൻ വന്നവരൊക്കെ തന്നെ വയറു നിറച്ചും എന്റെ തെറി വാങ്ങി വെച്ചാണു മടങ്ങിയിട്ടുള്ളത് . ഇവിടെ പക്ഷെ, എനിക്ക് മനസ്സാന്നിധ്യം കൈവിടാനൊക്കില്ല... മാറി മാറി സായിപ്പന്മാരുടെ കാലു പിടിക്കുന്ന കൊച്ചപ്പന്റെ ചിത്രം... ഞാൻ മറക്കാൻ പാടില്ല.
"സൂക്ഷിച്ചില്ലെങ്കിൽ, ആ അരൂപി നിന്റെ ദേഹത്തേക്ക് കയറും . അതാ എനിക്ക് പേടി . അങ്ങനെയുണ്ടായിട്ടുള്ള സംഭവങ്ങൾ ഉണ്ട്. " അമ്മച്ചി എന്നെ വിടാനുള്ള മട്ടില്ല .
തലയിൽ കൈ വെച്ച് പിറുപിറുത്തുകൊണ്ട് അവർ നിലത്ത് രണ്ടു ചവിട്ട് !
വേദനയോടെ ഞാൻ ആ സത്യം മനസ്സിലാക്കി. ഇതങ്ങു കേരളത്തിൽ മാത്രം കാണപ്പെടുന്ന ഒരു പ്രശ്നമല്ല ... ഭക്തി പ്രാന്ത് എന്നു പറയുന്നത് ഒരു ആഗോള പ്രശ്നമാണ് .
(തുടരും...)
പാർട്ട് 4
അന്നത്തെ ദിവസം അങ്ങനെ ഒരിക്കലും തീരാതെ നീണ്ടു നീണ്ടു പോകുകയാണെന്ന് തോന്നി .
ഞാൻ എന്റെ പണിയൊക്കെ തീർത്ത് താഴത്തെ നിലയിൽ റിസപ്ഷനിൽ ചെന്നിരുന്ന് അവരുടെ പണിയിൽ ഹെൽപ്പ് ചെയ്യുകയാണ് . കാരണം വേറൊന്നുമല്ല, ഒരു മിനിറ്റു ചുമ്മാ ഇരുന്നാൽ, ഉടനെ ചിന്ത കാട് കേറും. മരിയ, ആത്മഹത്യ ... അങ്ങനെ അങ്ങനെ ... രണ്ടു ഫ്ലോർ താഴെയാണ് റിസപ്ഷൻ. അപ്പൊ, പെട്ടെന്നൊന്നും മരിയ വീണ്ടും എന്നെ കണ്ടു പിടിക്കില്ല എന്നൊരു സൗകര്യവുമുണ്ട് . മരിയ മാത്രമല്ലല്ലോ, ഭക്തിപ്പിശാചിനെയും പേടിക്കണമല്ലോ .
ഇടക്കിടക്ക് ഞാൻ ക്ളോക്കിൽ നോക്കുന്നുണ്ട്. അതാണെങ്കിൽ എന്നോട് എന്തോ വൈരാഗ്യമുള്ളതു പോലെ അങ്ങനെ ഇഴഞ്ഞിഴഞ്ഞ് ...
അവസാനം ഒരു വിധത്തിൽ നാലരയായി . ഓഫീസ് കഴിഞ്ഞു ! ഞാൻ നേരെ ബാത്ത്റൂമിലേക്കു വിട്ടു . എല്ലാരും പോയിട്ട് പോകാം .
ഏതാണ്ട് അര മണിക്കൂർ ഞാൻ ബാത്റൂമിലിരുന്നു . ഫോണിൽ എന്തൊക്കെയോ ഗെയിംസ് കളിച്ച് അതിൽ മുഴുകി അങ്ങനെ ഇരുന്നു . കാലു രണ്ടും മരവിക്കുന്നതുവരെ . പിന്നെ, പതിയെ വെളിയിലിറങ്ങി. റിസപ്ഷനിൽ ആരുമില്ല .
ഞാൻ പതിയെ ഓഫിസിന്റെ മുൻപിലെ വലിയ ഫൗണ്ടന് സമീപത്തേക്കു നീങ്ങി . അതിന്റെ ഒരു വശത്താണ് പാർക്കിങ്ങ് ലോട്ട് . അങ്ങോട്ടു പോകുന്ന വഴിയിൽ, ഒരു ചെറിയ പാർക്ക് ഉണ്ട് . കമ്പനി വക തന്നെയാണ് . ഞാൻ ആ പാർക്കിലെ ഒരു ബെഞ്ചിന്റെ പുറകിലാണ് എന്റെ സൈക്കിൾ എന്നും ലോക്ക് ചെയ്തു വെക്കാറുള്ളത് . (എനിക്കൊരു പഴഞ്ചൻ കാറൊക്കെയുണ്ട് കേട്ടോ . ട്രാഫിക്ക് ബ്ലോക്ക് കാരണമാണ് സൈക്കിൾ യാത്ര . പിന്നെ, വീട്ടിലേക്ക് ആകെ എട്ടു ബ്ലോക്കിന്റെ ദൂരമേയുള്ളൂ . സൈക്കിളിൽ എനിക്ക് 15 മിനിറ്റു മതി. കാറിലാണെങ്കിൽ, ചിലപ്പോൾ, നാലഞ്ച് മണിക്കൂറൊക്കെയെടുക്കും . അമേരിക്കയാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല . ബ്ലോക്ക് കിട്ടിയാൽ, പിന്നെ അവിടെ തന്നെ കിടക്കുകയെ രക്ഷയുള്ളൂ .)
അങ്ങനെ ഞാൻ ആ ബെഞ്ചിനടുത്തെത്തിയപ്പോളാണ് ആ കാഴ്ച്ച കണ്ടത് . ഹൃദയം കുറച്ച് നേരത്തേക്ക് നിന്ന് പോയി .
മരിയ !!
കൊച്ച് കൃത്യമായിട്ട് ആ ബെഞ്ചിൽ തന്നെ ഇരിക്കുന്നു !!
ഇതെന്തു ഗതികേടാണ് ഭഗവാനേ!
ഒന്നുകിൽ, തിരിച്ചു നടന്ന് വീണ്ടും ബാത്റൂമിൽ ചെന്നിരിക്കണം. അല്ലെങ്കിൽ, മിണ്ടാതെ പുറകിൽ ചെന്ന് സൈക്കിളും ഊരിയെടുത്ത് വിട്ടു പോകണം. ഇതൊന്നുമല്ലെങ്കിൽ, സൈക്കിളുപേക്ഷിച്ച് വീട് വരെ നടക്കണം .
അധികം ചിന്തിക്കേണ്ടി വന്നില്ല, പോക്കറ്റിൽ കിടന്ന് എന്റെ ഫോൺ അടിച്ചു ! പണ്ടാരം. ശബ്ദം കേട്ട് അവൾ എന്നെ തിരിഞ്ഞു നോക്കിക്കഴിഞ്ഞു . ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല .
ഫോണിൽ, അബിയാണ്. വേറെ ആര് വിളിക്കാൻ ? ഇന്നത്തെ എല്ലാ കൊനഷ്ടു പ്രശ്നങ്ങളും അവൻ കരാറെടുത്തിരിക്കുകയാണല്ലോ .
" ഇപ്പ തിരിച്ചു വിളിക്കാഡാ...ഒരു കാര്യൊണ്ട്..." ഞാൻ ഫോൺ കട്ടാക്കി.
അവൾ കുറച്ച് നേരം എന്നെ സൂക്ഷിച്ചു നോക്കികൊണ്ടിരുന്നു . പിന്നെ പതിയെ പുഞ്ചിരിച്ചു . വല്ലാതെ ക്ഷീണിച്ച മുഖം.
"അലക്സ് അല്ലെ ? എനിക്ക് പെട്ടെന്ന് മനസ്സിലായില്ല ." വാക്കുകൾ മുറിഞ്ഞു പോകുന്നു. അവൾ മദ്യപിച്ചിട്ടുണ്ടോ ?
"മരിയ, ആർ യു ഒകെ ? എന്താ വീട്ടിൽ പോകാതെ ഇവിടെത്തന്നെ ഇങ്ങനെ ഇരിക്കുന്നത് ? "
"അലക്സ്...നീ വന്ന സ്ഥിതിക്ക് ഒരു പക്ഷെ, എനിക്ക് വീട്ടിൽ പോകാൻ പറ്റിയേക്കും . " അത്രയും പറഞ്ഞു തീർക്കാൻ അവൾ വല്ലാതെ കഷ്ട്ടപ്പെടുന്ന പോലെ തോന്നി . " എനിക്കൊരു ഹെല്പ് ചെയ്യണം .പ്ലീസ്… "
ഞാൻ അടുത്തേക്ക് ചെന്നു.
അവളുടെ ബാഗ് , ഫോൺ, ഒക്കെ ബെഞ്ചിന് താഴെ പുല്ലിൽ വീണു കിടക്കുന്നു .
"എന്ത് പറ്റി മരിയ ? " തലയിൽ അനേകം അപായ മണികൾ മുഴങ്ങുന്നു . പക്ഷെ, എനിക്കിതിനെ ഉപേക്ഷിച്ചു പോകാൻ തോന്നുന്നുമില്ല .
"പേടിക്കണ്ട അലക്സ്... ഇതൊക്കെ എനിക്ക് സാധാരണയാണ് . " അവൾ പതിയെ ബെഞ്ചിലേക്ക് ചാരി " എന്റെ ഫോണെടുത്ത് ഒരാളെ വിളിക്കാമോ ? അയാൾ വന്ന് എന്നെ പിക്ക് ചെയ്യും . നമ്പർ അതിലുണ്ട് . കെവിൻ. എന്റെ എക്സ് (മുൻ ഭർത്താവ് ) ആണ്. ഒന്ന് വിളിച്ച് പറയാമോ ? എനിക്ക് ഫോൺ കയ്യിൽ മുറുക്കി പിടിക്കാൻ സാധിക്കുന്നില്ല . ആകെ ഡിസോറിയന്റഡ് ആണ് ."
"അതൊക്കെ ഞാൻ ചെയ്തു തരാം മരിയ. പക്ഷെ, വാട്ട് ഹാപ്പെൻഡ് ടു യു ? അത് പറയൂ ആദ്യം ." ഞാൻ കുനിഞ്ഞ് അവളുടെ ഫോണെടുത്തു.
"എനിക്കൊന്നുമില്ല അലക്സ്. ഞാൻ എന്റെ ഗുളിക കഴിച്ചു. അത്രേയുള്ളൂ . ഒരു നാല് ഡോസ് ഒന്നിച്ച് കഴിച്ചെന്നു മാത്രം .” അവൾ ഒരു വരണ്ട ചിരി ചിരിച്ചു .
"നാല് ഡോസോ ?? എന്ത് ഗുളിക ??" (ദൈവമേ! ഞാൻ വന്നു പെട്ട കെണി !)
"അലക്സ് ഒന്നുകൊണ്ടും പേടിക്കണ്ടാ ... വിഷമൊന്നുമല്ല. മരിക്കുന്ന കാര്യം ഞാൻ തീരുമാനിച്ചില്ല ഇതുവരെ . ഈ ഗുളിക, എന്റെ ഡോക്ടർ കുറിച്ച് തന്നതാ ... സംസാരിക്കാനൊക്കുന്നില്ല അലക്സ്.... വല്ലാത്ത ക്ഷീണം. ഒന്ന് വിളിക്കുമോ കെവിനെ ? അയാൾ വന്ന എന്നെ കൂട്ടിക്കൊണ്ടു പൊയ്ക്കോളും . "
ഞാൻ ഫോണെടുത്ത് ഓപ്പൺ ആക്കി. "ഇത് അൺലോക്ക് ചെയ്യണ്ടേ ? " ഞാൻ അവൾക്കു നീട്ടി.
" എന്റെ ഫോൺ ഒരിക്കലും ലോക്ക് ചെയ്യാറില്ല അലക്സ്. എനിക്കസുഖമുള്ളതല്ലേ ? എന്തെങ്കിലും സംഭവിച്ചാൽ, ആർക്കെങ്കിലും ഹെല്പ് ചെയ്യണമെങ്കിൽ..."
ഞാൻ കെവിന്റെ നമ്പർ തപ്പിയെടുത്ത് ഡയൽ ചെയ്തു.
"യെസ് മരിയ !" മറുവശത്ത് കെവിന്റെ ശബ്ദം.
ഞാൻ ഫോൺ മരിയക്ക് കൊടുക്കാമെന്നു കരുതി നോക്കിയപ്പോൾ, പാവം, കണ്ണുകളടച്ച് ചാഞ്ഞു കിടക്കുകയാണ് . ശല്യം ചെയ്യണ്ട എന്ന് കരുതി.
"കെവിൻ... എന്റെ പേര് അലക്സ്... നമ്മൾ തമ്മിൽ പരിചയമില്ല ... "
" ആഹാ ...എനിക്കറിയാം അലെക്സിനെ. ഇന്നുച്ചക്ക് മരിയ പറഞ്ഞതേയുള്ളൂ ... സൈക്കിക്ക് അല്ലേ ? ഞാൻ അലെക്സിനെ ഒന്ന് കാണാനിരിക്കുകയായിരുന്നു ... (അവന്റെ സ്വരത്തിൽ ഒരല്പ്പം കലിപ്പുള്ളതു പോലെ) അതൊക്കെ പോട്ടെ, മരിയ എവിടെ ? അവൾ ഒകെ അല്ലെ ?"
"എബൌട്ട് ദാറ്റ് ... " ഞാൻ ഒന്ന് പരുങ്ങി . മരിയ ഇപ്പൊ പൂർണ്ണ അബോധാവസ്ഥയിലായിക്കഴിഞ്ഞു . "കെവിൻ അത്യാവശ്യമായി ഇവിടെ വരെ ഒന്ന് വരണം. മരിയ ഒരു ചെറിയ ബുദ്ധിമോശം കാണിച്ചിട്ടുണ്ട് ..."
അത് പറഞ്ഞു നിർത്തിയതേ എനിക്കോർമ്മയുള്ളൂ.
"വാട്ട്!! എന്തുപറ്റി അവൾക്ക് ? What THE F…K did you do to her ?? you bloody M…F… with your F…ing… horoscope and your black magic SH..T !!! You know she is not well . right ??? Is this some kind of F…ING joke to you people ? “
ജഗതിയെട്ടൻ പണ്ട് പറഞ്ഞത് പോലെ, ഒരു വെടിയും മിന്നലും മാത്രമേ എനിക്കോർമ്മയുള്ളൂ...
"കെവിൻ... ഞാൻ ... " തലക്കു ചുറ്റും കുരുവികൾ പറന്നു നടക്കുന്നു...
" ടെൽ മി!! ഇപ്പൊ അവൾ എവിടെയുണ്ട് ? "
പതിയെ, സ്ഥലകാല ബോധം വീണ്ടെടുത്ത ഞാൻ എന്റെ സംസാരത്തിന്റെ ടോൺ മാറ്റി.
അല്ലെങ്കിലും ഞാനെന്തു ചെയ്തിട്ടാ ? ചുമ്മാ വഴിയേ പോകുന്നവരുടെ എല്ലാം തെറി കേൾക്കണ്ട കാര്യമില്ലല്ലോ എനിക്ക് .
"കെവിൻ, സമാധാനമായിട്ടു കേൾക്കണം. മരിയ ഇവിടെ ഓഫീസിന്റെ അടുത്ത് പാർക്കിലുണ്ട്. ഞാൻ അടുത്ത് തന്നെയുണ്ട് . ഓവർ ഡോസ് മരുന്ന് കഴിച്ചിട്ടുണ്ടെന്നാണ് പറഞ്ഞത് . അവളാണ് പറഞ്ഞത് നിന്നെ വിളിക്കാൻ. കൂടുതൽ ഒന്നും എനിക്കറിയില്ല. വെറുതെ കാര്യമറിയാതെ ... "
"ഒകെ... ഞാനിതാ വരുന്നു . നീ ഇങ്ങോട്ടും പോകരുത്, എനിക്ക് നിന്നെ കാണണം." കെവിൻ ഫോൺ കട്ട് ചെയ്തു.
ഒരു മിനിറ്റു നേരത്തെ അങ്കലാപ്പിനു ശേഷം ഞാൻ ഉടനെ തന്നെ, അബിയെ വിളിച്ചു.
"ഡാ, എന്നെ നിനക്കിനി ജീവനോടെ കാണണമെങ്കിൽ അത്യാവശ്യമായി ഇങ്ങോട്ടു വാ ! ഞാനിവിടെ കമ്പനി പാർക്കിങ് ലോട്ടിലുണ്ട് ! എന്നെ കൊല്ലാൻ ഒരുത്തൻ വരുന്നുണ്ട് !"
"ആര് ?? “അവൻ ഞെട്ടിയെന്നു വ്യക്തം. “ ചേട്ടായി എന്നതൊക്കെയാ ഈ പറയുന്നേ ? "
"നീ വേഗം വാ ! അല്ലെങ്കി ഞാൻ ഇപ്പൊ പോലീസിനെ വിളിക്കും. ആരെങ്കിലും അത്യാവശ്യമായി വന്നില്ലെങ്കിൽ ഇവിടെ ഒരു കൊലപാതകം നടക്കും.ആ മറിയേടെ കെട്ടിയോൻ കലിപ്പായി വരുന്നുണ്ട് . "
" ഈശോയെ !! കളി കാര്യമായല്ലോ ! ലവൾക്കു കെട്യോനുണ്ടോ ? അതല്ല ചേട്ടായി എന്നാത്തിനാ അവന്റെ ഇടി മേടിക്കാൻ അവിടെ തന്നെ നിൽക്കുന്നെ ? ഇങ്ങോട്ടു വന്ന്കൂടെ ? "
" അത് പറ്റത്തില്ലടാ പൊട്ടാ ... മരിയ ഇവിടെ ബോധം കേട്ട് കിടക്കുകയാണ് . ഇതിനെ ഇവിടെ ഒറ്റക്കാക്കി പോരാൻ പറ്റുവോ ? നീ വന്നേ വേഗം! "
" ങേ ??? “കുറച്ച് നേരത്തേക്ക് അവന്റെ അനക്കമൊന്നുമില്ല .
"ഡാ ..."
“ഒകെ ! എന്തു കോപ്പൊക്കെയാണോ... ഞാനിതാ വരുന്നു. വെയിറ്റ് ചെയ്യൂ.. "
അവന്റെ കിളി പോയിക്കാണണം .
ഞാൻ ആകെ വെരുക് നടക്കുന്ന പോലെ അതിലെ രണ്ടു വട്ടം ചുറ്റി നടന്നു .
ഇതെന്തൊരു ദിവസമിത് ?? പണ്ടാരം, അഞ്ചു മണിയായപ്പോളേക്കും ഇരുട്ടും വന്നു തുടങ്ങി . എന്റെ കയ്യും കാലും വിറക്കുന്നു . (ഇഗ്ളീഷ് തെറി കേട്ടതിന്റെയാ ).
അങ്ങനെ ഒരു പത്തിരുപത് മിനിറ്റ് കഴിഞ്ഞു കാണും . അബി പാഞ്ഞു വരുന്നത് കണ്ടു .കൂടെ അവന്റെ ഒരു ക്ലോസ്സ് ഫ്രെൻഡും .
എനിക്ക് ശ്വാസം നേരെ വീണു. അവന്റെ ഫ്രണ്ട് എഡ്ഡി കൂടെയുള്ളപ്പോ, ഒരുമാതിരിപ്പെട്ടവരാരും നമ്മളെ ഉപദ്രവിക്കാൻ നിക്കില്ല . 7 അടിയും ചില്ലറയുമുണ്ട് ഉയരം . അതിനൊപ്പമുള്ള വണ്ണവും . ആഫ്രിക്കൻ ഫ്രീക്കൻ. തനി കാട്ടാളൻ ലുക്ക് . പക്ഷെ, ആള് പരമ ശുദ്ധൻ. ബാസ്കറ്റ് ബോൾ കളിക്കാരനായിരുന്നു . കഴിഞ്ഞ കൊല്ലം നെഞ്ചും തല്ലി വീണു പെർമനന്റ് ആയി റിട്ടയറായി . പാവം ഇപ്പൊ, ഒരു നൈറ്റ് ക്ലബ്ബിൽ ബൗൺസർ ആയി വർക്ക് ചെയ്യുന്നു .
“WHAT THE F… MAN ?? “
അതായിരുന്നു എഡ്ഡിയുടെ ആദ്യത്തെ പ്രതികരണം.
"രണ്ടു പേരും കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടരുത്. ഞാൻ എല്ലാം പറയാം... സമാധാനമായിട്ടു കേൾക്കണം. " ഞാൻ ചൂണ്ടു വിരലുയർത്തി .
പിന്നെ അവിടെയിരുന്ന് ഞാൻ ഈ കഥയുടെ ഒന്നും രണ്ടും മൂന്നും ഭാഗങ്ങൾ വിസ്തരിച്ച് പറഞ്ഞു തുടങ്ങി . അവസാനമായപ്പോളേക്കും എഡ്ഡി താടിക്കു കൈ കൊടുത്തു നിൽക്കുകയാണ് . അവസാനം ‘കഥ ഇതുവരെ’ പറഞ്ഞു തീർന്നപ്പോൾ എഡ്ഡി ഒരു കാര്യം പറഞ്ഞു. അന്നത്തെ ദിവസം ഞാൻ കേട്ട ഏറ്റവും നല്ല കുറച്ചു വാക്കുകൾ.
"ഷീ വാസ് നോട്ട് വെൽ . പക്ഷെ അത് നിനക്കറിയില്ലാരുന്നു . കേട്ടിടത്തോളം ഇതിൽ നീ വിഷമിക്കേണ്ട യാതൊരു കാര്യവുമില്ല . ഹസ്ബൻഡ് വരട്ടെ ഞാൻ സംസാരിക്കാം ."
എഡ്ഡിയെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാൻ തോന്നി എനിക്ക്. പക്ഷെ ആ പഹയന്റെ കവിൾ ഒക്കെ ഒത്തിരി ഉയരത്തിലാണ് ...
ഏതാണ്ട് അഞ്ചു മിനിറ്റു കൂടി ഞങ്ങളവിടെ നിന്ന് കാണും.
ഒരു കറുത്ത BMW പാഞ്ഞു വരുന്നത് കണ്ടു. അത് ഓഫീസിന്റെ മുൻപിൽ നിർത്താതെ നടപ്പാതയിലൂടെ ഓടിച്ചുകൊണ്ട് വന്നു ഞങ്ങളുടെ മുന്നിൽ ചവിട്ടി. ബ്രെയ്ക്കുകൾ അലറുന്ന ശബ്ദം! .
(തുടരും)

Alex

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot