നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

രാധികാഗീതം

രാധികാഗീതം
----------------------
നീലക്കടമ്പിന്‍ പൂക്കള്‍ വാടി വീണീടവേ
നീരവബിന്ദുക്കള്‍ വാരിപ്പുണരവേ
നിത്യമെരിയുമീ വിരഹാഗ്നി ജ്വാലയില്‍
നീരദവര്‍ണ്ണാ! ഞാനിന്നുമുരുകുന്നു.
നിശ്ചലമല്ലോ ജീവിതമെന്മുന്നില്‍
നിഷ്പ്രഭമല്ലോ നീയില്ലാ നാളുകള്‍
നിന്നെയോര്‍ത്തീടുവാന്‍ മാത്രമോ വിടരുന്നു
നിശാഗന്ധിപ്പൂക്കളെന്‍ നിശ്വാസം പോല്‍!
അമ്പാടിയിലെ മണ്‍കുടിലൊന്നില്‍
അന്യൂനമെന്‍ ഗോപീജന്മമൊഴുകീടവേ
നന്ദകുമാരനായ് മായക്കണ്ണനായ്
യശോദാപുണ്യമായെത്തിയല്ലോ നീ!
ഗോപബാലരൊത്താടിയും പാടിയും
മോദമോടോടിക്കളിച്ചും ചിരിച്ചും
ആരുമേയറിഞ്ഞില്ല നമ്മെയന്നൊന്നും
കോമളമോഹനമല്ലയോ ബാല്യം!
കൗമാരസ്വപ്നങ്ങള്‍ നെയ്ത ദിനങ്ങളില്‍
കണ്ണന്‍റെ പുകള്‍പാടും സായന്തനങ്ങളില്‍
നിന്‍ മുരളീരവമെന്നെയുണര്‍ത്തിയോ!
നിന്‍ ചാരെയെത്താനെന്‍ മനം വെമ്പിയോ!
പൂവായ് വിരിഞ്ഞും പൂമ്പാറ്റയായ് പറന്നും
നിന്നെത്തിരഞ്ഞതെന്‍ ജന്മനിയോഗമോ!
പൂന്തേന്‍ മധുരമല്ലോ പ്രേമത്തിനെന്നു നാം
തിരിച്ചറിഞ്ഞതുമിന്നോര്‍ക്കുന്നുവോ?
കാളിയദര്‍പ്പമടക്കിയ കാല്‍ത്തള നാദമെന്‍
ഹൃദയതാളമായ് മാറിയതറിഞ്ഞു ഞാന്‍!
ഗോവര്‍ദ്ധന ഗിരി ധാരണം ചെയ്ത നാള്‍
ചാരെയണച്ചെന്നെ പുഞ്ചിരിയോടെ നീ!
വൃന്ദാവന പുഷ്പനികുഞ്ജങ്ങളില്‍
ഗോപീവൃന്ദ പരിലാളിതനായപ്പോഴും
നിന്‍ മിഴി തേടിയതെന്നെ മാത്രമോ?
നിന്‍ മനമോര്‍ത്തതെന്‍ മഞ്ജീരനാദമോ?
നിന്നെത്തിരഞ്ഞും നിന്നിലലിഞ്ഞും
''രാധേശ്യാ''മെന്ന സ്നേഹസാരമറിഞ്ഞും
നിനവിലും കനവിലും നിന്‍ നിഴലായെന്നും
നിത്യാനന്ദമായ് മാറിയല്ലോ ഞാന്‍!
മധുരോദാരമാം വാസരങ്ങള്‍ക്കപ്പുറം
മധുരയ്ക്കു മടങ്ങിയതെന്തു നീ മടിയാതെ
ജീവാത്മാവിന്‍ പിന്‍വിളിയായ് ഞാന്‍
ജീവേശാ! നിശ്ശബ്ദം തേങ്ങിയതറിഞ്ഞീലേ?
പരമാത്മാവിന്‍ പരമാര്‍ത്ഥമായ് നീ
പരമപൂരുഷാ! പിന്‍തിരിയാതെ പോയതെന്തേ
പകല്‍സൂര്യന്‍ പൊടുന്നനെ അസ്തമിച്ചതോ!
പാതിരാവിലിന്ദുമതിയും മറഞ്ഞതോ!
നിന്‍ കീര്‍ത്തിഗീതികളെത്തിയതെത്രയോ
നാളുകളെത്ര കഴിഞ്ഞതുമറിഞ്ഞില്ല ഞാന്‍!
യുഗങ്ങളെത്രയോ പോയൊഴിഞ്ഞെങ്കിലും
യാമങ്ങളെന്നത്രേ തോന്നുന്നതിപ്പോഴും
കാണാമറയത്തു നില്പൂ നീയെന്നത്രേ
കാണുന്നവരെല്ലാം ചൊല്ലിയെന്നിട്ടുമീ
കാനനസീമ വിട്ടെങ്ങുമേ പോകാതെ
കാര്‍വ്വര്‍ണ്ണാ! നിന്നെ കാത്തിരിപ്പൂ ഞാന്‍
കണ്ണുനീരല്ലിതു കന്ദര്‍പ്പസുന്ദരാ!
കാണുന്നു നിന്‍രൂപമെന്നുള്ളിലെന്നും
നാമമായെങ്കിലും നിന്നോടു ചേരുവാന്‍
നാരായണാ! പുണ്യമെനിയ്ക്കല്ലയോ
പൂജിപ്പൂ ഭക്തരിന്നെന്നെയും നിന്നൊപ്പം
പുരുഷോത്തമാ! പുണ്യമതെത്രയോ!
നന്ദകുമാരാ അറിയുന്നുവിന്നു ഞാന്‍
നിത്യവിരഹവും കൈവല്യദായകം.
ദൂരെയല്ലല്ലോ നീ ദീനദയാപരാ
ദീപമായ് തെളിയുന്നു എന്നുള്ളിലെപ്പോഴും
ദേഹിയായെങ്കിലും നിന്നോടു ചേരവേ
ദേവകീനന്ദനാ! പൂര്‍ണ്ണയാവുന്നു ഞാന്‍!
മന്വന്തരങ്ങള്‍ മത്സരിച്ചോടീടിലും
മാധവാ! നീയെത്ര മറഞ്ഞു നിന്നീടിലും
രാധികാഗീതമിതു നിനക്കായ് പാടുന്നു
രാക്കുയിലെപ്പോഴും രാഗാര്‍ദ്രയായ്..
പിന്‍തിരിയാതെ നീ പോയീടിലും കണ്ണാ
പിന്‍തുടരുന്നെന്‍മനം നിന്നെയെന്നും!
...........................
രാധാ സുകുമാരന്‍
25.01.2018

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot