Slider

മുഖം നഷ്ടപ്പെട്ടവൻ്റെ കത്ത്........

0
മുഖം നഷ്ടപ്പെട്ടവൻ്റെ കത്ത്........
...........................
പ്രീയ സഹോദരന് സ്നേഹത്തോടെ...
നിനക്കവിടെ സുഖമെന്ന് കരുതുന്നു. എനിക്കിവിടെ പരമസുഖമാണ്.നിനക്കൊരു സന്തോഷ വാർത്തയുണ്ട്..എൻ്റെ വീസയുടെ കാലാവധി അടുത്തയാഴ്ച തീരും.ശമ്പളം കൂട്ടി തരാൻ പറ്റിലെന്നാണ് കഫീൽ പറയുന്നത്.പഴയ ആ ചെറിയ ശമ്പളത്തിന് ജോലിയെടുക്കാൻ ഇനി വയ്യ...അതുകൊണ്ട് തന്നെ രണ്ടുമാസം കൂടിയേ ഞാനിവിടെ ഉണ്ടാവുകയുള്ളു..നാട്ടിൽ വന്നാൽ എനിക്കവിടെ നല്ല സ്വീകരണമായിരിക്കും അല്ലേ..ജോലി നഷ്ടപ്പെട്ട് വരുന്ന പ്രവാസിയെ എങ്ങനെ സ്വീകരിക്കണമെന്ന് മലയാളികൾക്ക് നല്ലവണ്ണം അറിയാമല്ലോ അല്ലേ..ഇനിയെന്ത് ചെയ്യണമെന്നത് ഒരു ചോദ്യചിഹ്നമായി മുന്നിലുണ്ട്.ആ ചോദ്യം മനസ്സിനെ വല്ലാതെ മദിക്കുന്നു..എന്നിരുന്നാലും ഞാൻ സന്തുഷ്ടനാണ്..സന്തോഷവാനാണ്.. ഞാൻ കരയരുത്. ഞാൻ കരഞ്ഞാൽ തളർന്ന് പോകുന്നൊരു കൊച്ചു കുടുംബമുണ്ട്..അതുകൊണ്ട് മാത്രം..
ഞാൻ നിന്നോട് ചെയ്ത തെറ്റുകൾക്ക് മാപ്പ് ചോദിക്കുന്നു.. ഞെട്ടിയോ എന്തിനാണ് മാപ്പ് എന്നായിരിക്കും..അമ്മയ്ക്ക് അസുഖം കൂടി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തപ്പോൾ കുറച്ചു കാശിനായി നിന്നോട് ഞാൻ കെഞ്ചിയതിന്, അച്ഛന് അസുഖം വന്നപ്പോൾ മെഡിക്കൽ കോളേജിൽ കൊണ്ടുപോയി ചെക്കപ്പ് ചെയ്യാൻ കാശില്ലാതെ എൻ്റെ ഭാര്യ സങ്കടപ്പെട്ടപ്പോൾ നീ തരാനുള്ള ആ ചെറിയ(വലിയ)തുക ഞാൻ ആവശ്യപ്പെട്ടതിന്,നീ ഗൾഫിലേക്ക് വന്നപ്പോൾ സ്വന്തം അനിയനായി കൊണ്ടു നടന്ന് നിനക്ക് ഒരു കുറവും വരാതെ ഭക്ഷണം വച്ച് വിളമ്പി തന്ന് നിന്നെ ഊട്ടിയതിന്,നിൻ്റെ വിഷമങ്ങൾ എൻ്റെയും വിഷമങ്ങളാണെന്ന് കണ്ട് നിൻ്റെ വക്കീലിനെ വിളിച്ചു നിൻ്റെ കേസ് നീട്ടിവെക്കിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിന്,എൻ്റെ വീട് പട്ടിണിയാകുമെന്നറിഞ്ഞിട്ടും നിൻ്റെ ആവശ്യത്തിനായി എൻ്റെ ശമ്പളം മാറ്റി വച്ചതിന്..
എന്നായിരുന്നു സഹോദരാ നമ്മൾ തമ്മിൽ ആദ്യമായി കണ്ടത്?ഏട്ടാ എനിക്കിവിടെ കിട്ടുന്നത് വെറും എട്ടായിരം രൂപ മാത്രമാണ്,ഏട്ടനെനിക്കൊരു പതിനഞ്ചായിരം രൂപ വാങ്ങി തരില്ലേ എന്ന് നീ ചോദിച്ചപ്പോൾ നിൻ്റെ നിഷ്കളങ്കമായ ആ ചോദ്യം എൻ്റെ നെഞ്ചിലായിരുന്നു തറച്ചത് സഹോദരാ..നിൻ്റെ കുടുംബ,ജീവിത പ്രശ്നങ്ങൾ എന്നോട് പങ്കുവെച്ചപ്പോൾ ഞാനും ചെറുതായി ഒന്ന് കരഞ്ഞിരുന്നു അനിയാ...വന്ന് ഒരു മാസം തികഞ്ഞ് ജോലിയെടുക്കാതെ തന്നെ പറഞ്ഞ ശമ്പളം കൃത്യമായി എണ്ണി വാങ്ങുമ്പോൾ നിൻ്റെ കണ്ണ് നിറഞ്ഞിരുന്നോ അനിയാ?
നാട്ടിലെ വലിയ ഡ്രൈവറായിരുന്നിട്ട് കൂടി എനിക്ക് ഡ്രൈവിങ് അറിയില്ല എന്ന് പറഞ്ഞു നീയിവിടുന്ന് പോകാൻ പോയപ്പോൾ എന്തായിരുന്നു സഹോദരാ നിന്നോട് ഞാൻ പറഞ്ഞത്..അതിന് നീ തന്ന മറുപടി എനിക്കോർമ്മയുണ്ട്
'എന്നെ വിട്ടില്ലെങ്കിൽ ഞാൻ ഇവിടെ കിടന്ന് ചാകുമെന്ന്' അല്ലേ അനിയാ...
നീ ചാവാതിരിക്കാൻ നിൻ്റെ കഫീലുമായി സംസാരിച്ച് ചെറിയ തുക നഷ്ടപരിഹാരമായി കൊടുത്താൽ പോയ്ക്കോട്ടെ എന്ന് പറയിപ്പിച്ചതിനും മാപ്പ്.ആ തുക നിനക്ക് കൊടുക്കാൻ പറ്റാതെ വിഷമിച്ചപ്പോൾ പകുതി ഞങ്ങൾ തരാം എന്നു പറഞ്ഞു വന്ന നിൻ്റെ റൂംമേറ്റുകൾ..അവർ വാങ്ങി തന്ന ടിക്കറ്റ് നീ രണ്ടു കൈകൾ കൊണ്ട് വാങ്ങുമ്പോൾ നിൻ്റെ കണ്ണിലുണ്ടായ തിളക്കത്തിൻ്റെ അർത്ഥം പിന്നീടാണ് എനിക്ക് മനസ്സിലായത്...ഒടുവിൽ നീ പോകുമ്പോൾ എനിക്കു തന്നൊരു വാക്കുണ്ട്..വാക്ക് മാത്രമല്ല ഒരു ചെറിയ പേപ്പറും...ആ വാക്ക് നീ തെറ്റിച്ചപ്പോൾ നിന്നെ ഫോൺ വിളിക്കാൻ ശ്രമിച്ചതിനും മാപ്പ്.ഒടുവിൽ സഹിക്കെട്ട് നിന്നെ കുറിച്ച് ഞാൻ മുഖപുസ്തകത്തിൽ എഴുതിയതിനും മാപ്പ്...
നീ എനിക്ക് തന്ന വാക്ക് പാലിക്കേണ്ട..വാക്ക് പാലിക്കപ്പെടാനുള്ളതല്ലല്ലോ..എനിക്ക് തരാനുള്ള ആ ചെറിയ(വലിയ)തുക നീ ഇനി തരേണ്ട.നല്ലവണ്ണം ഭക്ഷണം കഴിക്കണം..ആരോഗ്യം ശ്രദ്ധിക്കണം..എന്നാൽ മാത്രമേ നിനക്കിനിയും ഇതു പോലെയുള്ള വാക്ക് ലംഘനങ്ങൾ നടത്താനുള്ള ഊർജ്ജം ലഭിക്കു..നീ വിശ്വസിക്കുന്ന ദൈവം നിനക്കിനിയും ഇത്തരം നല്ല പ്രവർത്തനങ്ങൾ നടത്താൻ ശക്തി തരുമാറാക്കട്ടെ...നിനക്ക് നല്ലതു വരട്ടെ..നന്മകൾ നേരുന്നു..ഒരിക്കൽ കൂടി എല്ലാത്തിനും മാപ്പ്...
എന്ന്
എപ്പോഴേ മുഖം നഷ്ടപ്പെട്ടവൻ
ബിജു പെരുംചെല്ലൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo