Slider

മഞ്ഞച്ചോറ്

1

മഞ്ഞച്ചോറ്
***********************
രാവിലെ തന്നെ നനു നനുത്ത മഴ ഉണ്ട്. അമ്മ അടുക്കളയിൽ എന്തോ ചെയ്യുന്ന ശബ്‌ദം കേൾക്കാം. ഞാൻ പതിയെ എണീറ്റു അടുക്കള വാതിൽക്കൽ ചെന്ന് മഴ നോക്കി നിന്നു. " ഡി പെണ്ണെ രാവിലെ മഴയും നോക്കി നിക്കാതെ പോയി പല്ലു തേച്ചു കുളിച്ചു വാ.. അവന്മാരെ കൂടി വിളിക്ക്" അമ്മ എന്നെ നോക്കി പറഞ്ഞു. അനിയന്മാർ രണ്ടാണ് എനിക്ക്. രണ്ടും മൂടി പുതച്ചു കിടക്കുന്നു. ഞാൻ ചെന്ന് വിളിച്ചിട്ടും അനക്കം ഒന്നുമില്ല. ഞാൻ പതിയെ ബ്രഷ് എടുത്തു പുറത്തേക്കു പോയി. " അമ്മേ ഇന്ന് എന്താ കറി..." . മുറ്റ മടിക്കുകയിരുന്ന അമ്മ എന്നെ ഒന്ന് നോക്കി ഒന്നും മിണ്ടിയില്ല.
ഇന്നലെ അപ്പൻ നല്ല ഫോമിൽ ആയിരുന്നു. എനിക്കും കിട്ടി ഒന്ന് രണ്ട്‌ അടി. അമ്മയെ വട്ടം പിടിച്ചതാ അല്ലാതെ എന്തു ചെയ്യാനാണ്. എന്നും രാത്രി കുടിച്ചു നാലു കാലിൽ വരും . എന്തേലും ചെറിയ കാര്യത്തിന് അമ്മേനെ തല്ലും. ചിലപ്പോ ഞങ്ങളെയും. പകല് അപ്പന്റെ അത്രേം സ്നേഹമുള്ള ഒരാൾ ലോകത്തെ ഇല്ല എന്ന് തോന്നും. ഇന്നലെ അപ്പൻ ഒന്നും കറി വെക്കാൻ കൊണ്ട് വന്നിട്ടില്ല. പാവം അമ്മ പിന്നെ എന്തു ചെയ്യാനാ. റേഷൻ കിട്ടുന്നത് കൊണ്ട് ചോറ് വെക്കാം.
ഞങ്ങളെ പട്ടിണിക്കിടാൻ മനസിലാത്തോണ്ടു ഒരിക്കൽ അമ്മ കൂലി പണിക്കു പോയി. അന്ന് ഞാൻ ഒന്നാം ക്ലാസ്സിലോ മറ്റോ ആണ്. വിനു ജനിച്ചിട്ടില്ല. അവിടെ വെച്ച് തല കറങ്ങി വീണു. അവർ ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോൾ ആണ് അറിയുന്നത്, അമ്മയുടെ ഹെർട്ടിനു എന്തോ കുഴപ്പം. ഭാരമുള്ള പണി ഒന്നും ചെയ്യാൻ പാടില്ലത്രേ. കുറെ മരുന്നും കൊടുത്തു. പക്ഷെ അരി വാങ്ങാൻ പറ്റാത്ത അമ്മ എങ്ങനെ മരുന്നു വാങ്ങാനാ.
" ഡി പല്ലു തേഞ്ഞു പോകും മതി പോയി കുളിച്ചേ.. ഡാ വിനു... മതി എണീറ്റു പോടാ... " അമ്മ അവരെ എഴുനേല്പിക്കുന്നതിനിടയിലായി പറഞ്ഞു.
ഞങ്ങൾ മൂന്ന് പേരും നടന്നാണ് സ്കൂളിൽ പോകാ. പള്ളിയിലെ സഹായ നിധി ഉള്ളത് കൊണ്ട് ബുക്കും കുടയും കിട്ടി. ഉച്ചക്ക് സ്കൂളിൽ നിന്നും ഭക്ഷണം കിട്ടും.ആരുടെ ഒക്കെയോ കാരുണ്യം കൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്.
കുളി കഴിഞ്ഞു വന്നു. അടുക്കള തിണ്ണയിൽ അമ്മ മൂന്ന് പാത്രത്തിലായി ചോറ് പകർത്തിയിരുന്നു. നല്ല മഞ്ഞ നിറമുള്ള ചോറ്. കറി ഒന്നും ഇല്ലാത്തപ്പോൾ അമ്മ ചെയ്യുന്ന ഒരു സൂത്രമാണ് അത്. കുറച്ചു മഞ്ഞപ്പൊടി ഇട്ടു ചോറ് വേവിക്കും. കണ്ടാൽ കറി കൂട്ടി കുഴച്ച പോലെ. റേഷനരിയുടെ മണവും കുറച്ചു കുറഞ്ഞു കിട്ടും.
"നിങ്ങൾ ഇതു വരെ റെഡി ആയില്ലേ... ലേറ്റ് ആകും.." എന്റെ കൂട്ടുകാരി അനു ആണ്. അവളും ഞങ്ങൾക്കൊപ്പമാണ് സ്കൂളിൽ വരുന്നത്. അവൾ കാണാതിരിക്കാനായി ഞാൻ ചോറ് മാറ്റി പിടിച്ചു. എന്തിനാണ് നമ്മുടെ വിഷമം മറ്റുള്ളവരെ കാണിക്കുന്നത്. അവളുടെ അച്ഛൻ ഗൾഫിലാണ് അതുകൊണ്ടു തന്നെ അവൾക്കു ഒന്നിനും ബുദ്ധിമുട്ടില്ല. "എന്താ മീരാ ഇന്ന് കറി.." അവൾ ചോദിച്ചു. " ഇന്ന് മുട്ട കറി ആണ്..." വിനു ആണ് ഉത്തരം പറഞ്ഞത്. " വേഗം കഴിച്ചു വാ ലേറ്റ് ആകും.." അവൾ വീണ്ടും പറഞ്ഞു. മഞ്ഞചോറു കണ്ടാൽ കറി കൂട്ടിയ പോലെ തോന്നു. വിനു അങ്ങനാ അവന്റെ ആഗ്രഹം ആകും പാവം അവൻ പറഞ്ഞത്.
കഴിഞ്ഞ ആഴ്ച റേഷൻ വാങ്ങാനുള്ള പൈസ പോലും അപ്പൻ കൊടുത്തില്ല. രണ്ടു ദിവസം പട്ടിണി ആയിരുന്നു. ഉച്ചക്ക് സ്കൂളിൽ നിന്ന് കഞ്ഞി കിട്ടും . ബാക്കി രണ്ടു നേരവും പട്ടിണി. അപ്പോൾ ആണ് ഈ മഞ്ഞ ചോറിന്റെ രുചി എത്ര ഉണ്ടെന്നു എനിക്ക് മനസ്സിലായത്.
ആർത്തിയോടെ മഞ്ഞപൊടിയിട്ട ചോറ് വാരി തിന്നിട്ടു ഞങ്ങൾ ഇറങ്ങി. വിശപ്പാണ് ഏറ്റവും നല്ല കറി എന്ന് ഏതോ കഥയിൽ വായിച്ചതു ഓർത്തു. അതെ വിശപ്പുണ്ടേൽ ചോറിനു വേറെ കറി വേണ്ട.
ഞങ്ങൾ സ്കൂളിൽ എത്തിയപ്പോ വൈകി. ബെൽ അടിച്ചിരുന്നു. "ഞാൻ അപ്പോൾ തന്നെ പറഞ്ഞെ അല്ലെ വൈകും എന്ന്.. ഇനി ഞാൻ നിങ്ങളെ കാത്തു നിൽക്കില്ല.." അനു മുഖം വീർപ്പിച്ചു. വെറുതെ പറയുന്നത് ആണ് അവൾ നാളെയും വരുമെന്ന് എനിക്കറിയാം. " നാളെ ഞാൻ ഉറപ്പായിട്ടും നേരത്തെ ഇറങ്ങും" ഞാൻ പറഞ്ഞു. അപ്പന്റെ ബഹളം കഴിഞ്ഞു ഉറങ്ങുമ്പോൾ പാതിരാത്രി ആകും എന്ന് അവൾക്കു അറിയില്ലാലോ.
ഉച്ചക്ക് കഞ്ഞിയും പയറും കഴിച്ചു കഴിഞ്ഞപ്പോൾ ഞാൻ അമ്മയെ ഓർത്തു . പാവം അമ്മ ചിലപ്പോ ഒന്നും കഴിച്ചു കാണില്ല. പാത്രം കഴുകി ഞാൻ വീണ്ടും ചെന്നു കഞ്ഞി വാങ്ങാൻ. കഞ്ഞി വിളമ്പുന്ന കുട്ടി എന്നെ പുച്ഛത്തോടെ നോക്കി. ഞാൻ ആ കഞ്ഞിയും പയറും വാങ്ങി പാത്രം അടച്ചു ബാഗിൽ വെച്ചു. 4 മണിക്ക് ചെല്ലുമ്പോൾ അമ്മക്ക് കഴിക്കാൻ കൊടുക്കാം.
സ്കൂൾ വിട്ടു ഓടി തിമർത്താണ് വീട്ടിലേക്കു ചെന്നത്. വീട് എത്തിയപ്പോൾ തന്നെ അമ്മയെ വിളിച്ചു. മിക്കവാറും അമ്മ മുൻപിൽ തന്നെ കാണും അല്ലെകിൽ അടുക്കളയിൽ. 4 മണിക്കും ചിലപ്പോൾ അമ്മ മഞ്ഞചോറ് കുറച്ചു ഉണ്ടാക്കി വെക്കും. ചെന്നപ്പോ അമ്മ അടുക്കളയിൽ ചാരി ഇരിക്കുന്നു. " അമ്മേ .. ഞാൻ അമ്മക്കു കഴിക്കാൻ കഞ്ഞിയും പയറും കൊണ്ടു വന്നിട്ടുണ്ട് ..." പാത്രം നീട്ടി ഞാൻ വിളിച്ചു പക്ഷെ അമ്മ മിണ്ടിയില്ല.എന്റെ കൈയിൽ നിന്ന് കഞ്ഞി പാത്രം താഴെ വീണു .അവസാനമായി ഞങ്ങൾക്കു മഞ്ഞച്ചോറും ഉണ്ടാക്കി വെച്ച് അമ്മ പോയി എന്നേക്കും ആയി ഒരിക്കലും തിരിച്ചു വരാത്ത പോക്ക്‌.
അമ്മയെ പള്ളിയിൽ ആക്കിയിട്ടു ഞങ്ങൾ തിരിച്ചെത്തി. അപ്പൻ ബോധമില്ലാതെ കിടക്കുന്നു. ഞാൻ ആ മഞ്ഞ ചോറ് പകർത്തി .ഞങ്ങൾ മൂന്ന് പേരും കഴിച്ചു. ഇനി ഇത്ര രുചിയുള്ള ചോറ് ഞങ്ങൾക്ക് കഴിക്കാനാവില്ല. മഞ്ഞപൊടിയിട്ട ചോറിനു കൂട്ടായി വേറെ ഒരു കറി കൂടി ഉണ്ടായിരുന്നു. ഞങ്ങളുടെ പാവം അമ്മയുടെ സ്നേഹം. അതോടൊപ്പം കണ്ണീരിന്റെ ഉപ്പും കൂടി ആയപ്പോൾ ഒരു ഓണ സദ്യ കഴിച്ച പോലെ എന്റെ മനസ് നിറഞ്ഞിരുന്നു. എന്റെ കണ്ണീരു മറക്കാൻ എന്ന വണ്ണം മഴ പതിയെ ചാറി തുടങ്ങി.

Jini
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo