നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മരിയ - 2

********
മരിയ
********
ഞാൻ മരിയയുടെ ജാതകം ഗണിക്കുന്ന ഭാഗം തുടരുന്നു...
പാർട്ട് 2
ഞാനങ്ങനെ ഇടി വെട്ടേറ്റ പോലെ നില്ക്കുമ്പോൾ
ആ കുട്ടി ആവേശത്തോടെ തുടർന്നു
"അലക്സ് , ഞാൻ ഈ ഓഫീസിലെ എല്ലാരോടും ഈ വിവരം പറയാം. അലെക്സിന് ഒരു സൈഡ് ഇൻകം ആകും, ഒപ്പം, പെട്ടെന്ന് ഫെയ്മസ് ആകാം ."
ഞാൻ ദയനീയമായി അവളെ നോക്കി .
"എന്തായാലും, കണ്ടിന്യൂ ചെയ്യൂ .. എന്റെ ‘ഭാവി’ പറഞ്ഞില്ലല്ലോ ." അവൾക്കിനിയും മതിയായിട്ടില്ല .
(ഓ, ഇനി ഭാവിയും വേണമല്ലോ) ഞാൻ വീണ്ടും ‘ഗണിക്കാൻ’ തുടങ്ങി.
"എന്തും സംഭവിക്കാവുന്ന ഒരു ഫ്യുച്ചറാണ് കുട്ടിയുടേത് ... അതായത് , നന്നായി പരിശ്രമിച്ചാൽ എന്തും നേടിയെടുക്കാനാവും . പക്ഷെ, ചിലപ്പോൾ, തിരിച്ചടികൾ നേരിടേണ്ടി വരും . പതറരുത് ." (എന്റെ കൈ നോക്കുന്നവന്മാർ സ്ഥിരമായി പറയുന്ന ഡയലോഗ്)
"ഒക്കെ. തിരിച്ചടികളെക്കുറിച്ച് പറയൂ... എന്തൊക്കെ തരം തിരിച്ചടികളാണ് ? "
അങ്ങനൊരു ‘തിരിച്ചടി’ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.
"അതിപ്പോ...അതായത് പല തരം തിരിച്ചടികളുണ്ടല്ലോ ... കുട്ടിക്കറിയാമല്ലോ കുട്ടിയുടെ പ്രശ്നങ്ങൾ...? "
"സ്പെസിഫിക്ക് ആയിട്ട് പറയൂ അലക്സ് . എന്തിനാ പേടിക്കുന്നെ ? ഞാൻ വയലന്റ് ആകുമെന്ന് കരുതിയിട്ടാണോ ? "
(വയലന്റാകുമെന്നോ ? എന്തിന് ? )
പിന്നീടവിടെ നടന്നത് വളരെ വിചിത്രമായ സംഭവങ്ങളാണ് ...
ആ കുട്ടിയുടെ അടുത്ത ചോദ്യം കേട്ട് ഞാൻ അമ്പരന്നു .
“അലെക്സ്, എനിക്കേറ്റവും അത്യാവശ്യമായി അറിയേണ്ടതെന്താണെന്ന് അലെക്സിനറിയാം. അതിനേക്കുറിച്ചു പറയൂ. എനിക്കതു മാത്രം അറിഞ്ഞാൽ മതി.”
“അതിപ്പോ... ഞാൻ അത്രക്കൊന്നും നോക്കിയില്ല മരിയ... ഇതൊക്കെ ഒരു അഡ്ജസ്റ്റ്മെന്റാണല്ലോ...”
"അലക്സ് ഇത് പറയൂ … ആ പിശാച് എന്റെ ലൈഫിൽ നിന്നും എപ്പോ ഒഴിഞ്ഞു പോകും ? അയാൾക്കെന്താ വേണ്ടത് ? എന്തിനാ എന്നെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത് ?”
"ങേ ??" ഞാൻ പതുക്കെ രണ്ടു ചുവടു പുറകോട്ടു വെച്ചു. "ആര് ??"
"അലക്സ്... ചുമ്മാ എന്നെ മണ്ടിയാക്കരുത്. ഇത്രയും വിവരം എന്നെപ്പറ്റി അറിയാവുന്ന തനിക്ക് ബാക്കി കൂടി ഉറപ്പായിട്ടും അറിയാം . " അവൾ പതിയെ സ്റ്റൂളിൽ നിന്നിറങ്ങി എനിക്ക് നേരെ തിരിഞ്ഞു നിന്നു. നല്ല ഉയരമുണ്ട് (ആരോഗ്യവും) !
ഞാൻ ശ്രദ്ധിച്ചു . മുഖത്തിന് നല്ല വ്യത്യാസമുണ്ട് . ഇതുവരെ കണ്ട ആ മാലാഖ പോലത്തെ കൊച്ചല്ല ഇത് .
"പറയൂ അലക്സ് ... അയാളെക്കുറിച്ച് പറയൂ ... "
"ആരാ മരിയ ? തന്റെ മുൻ ഭർത്താവാണോ ? "
"വാട്ട് ? എന്റെ പപ്പാ മരിച്ചത് , എന്റെ ഡൈവോഴ്സ് ... എല്ലാം തനിക്കറിയാം. പക്ഷെ എന്റെ ജീവിതം തകർത്ത ആ പിശാചിനെ തനിക്കറിയില്ലാ ?
? അതോ… (പെട്ടെന്ന് ഭാവം മാറി.അവൾ എന്റെ ഷർട്ടിൽ കടന്നു പിടിച്ചു. ) ഇനി അയാൾ തന്നെയാണോ നിന്നെ ഇങ്ങോട്ടയച്ചിരിക്കുന്നത് ?
സ്തംഭിച്ചു പോയി ഞാൻ !!
"പൊന്നു പെങ്ങളെ ... (ഞാൻ ഒരു തരത്തിൽ അവളുടെ പിടി വിടുവിച്ചു. എന്തൊരാരോഗ്യമാണിതിന്‌ ?)
ഒക്കെ ഞാൻ വെറുതേ പറഞ്ഞതാ...
എനിക്കീ പരിപാടിയേ അറിയില്ല!നീ കരുതുന്ന ആളേയല്ല ഞാൻ...“
"ഐ നോ യു ആർ വർക്കിങ്ങ് ഫോർ ഹിം!!" അവൾ ആക്രോശിച്ചു!
ഇനി അവിടെ നിന്നാൽ പണി പാളുമെന്നു മനസ്സിലായ ഞാൻ പെട്ടെന്ന് പുറത്തേക്കോടി.
രണ്ടു നിലകൾ ഓടിയിറങ്ങിയിട്ടാണ് ഞാൻ നിന്നത് .
എന്നെക്കണ്ട റിസപ്ഷനിലെ പെൺകുട്ടി ഹൃദ്യമായി പുഞ്ചിരിച്ചു . പക്ഷെ, മുഖഭാവം കണ്ടിട്ട് അവൾ അമ്പരന്നു കാണണം .
"അലക്സ്, ആർ യൂ ഓക്കേ ? വാട്ട് ഹാപ്പെൻഡ് ?"
ഞാനും അത് തന്നെയാണ് ആലോചിച്ചത്
ഇപ്പ എന്താ ഉണ്ടായേ ?
ഫോൺ ബെല്ലടിക്കുന്നു . അബിയാണ്. പരിപാടി വർക്ക്ഔട്ട് ആയോന്നറിയാൻ വിളിക്കുന്നതാണ്
"എന്തായി ചേട്ടായി ?? "
സുരാജ് വെഞ്ഞാറമൂടിന്റെ മുഖമാണ് മനസ്സിൽ വന്നത് ...
"ലവൾക്കു പ്രാന്താടാ !" എന്നലറി വിളിക്കാനാണു തോന്നിയത്
പക്ഷെ, പരിസരം നോക്കണമല്ലോ . ഞാൻ പതിയെ ഒരു മൂലയിലേക്ക് മാറിയിരുന്ന് ഫോണെടുത്തു.
“ഇവിടെ ആകെ പ്രശ്നാടാ...” ഞാൻ ഒറ്റ ശ്വാസത്തിൽ ഉണ്ടായതെല്ലാം അവനോട് വിവരിച്ചു.
ഞാൻ പറഞ്ഞു തീർന്നതും അവൻ ചിരി തുടങ്ങി . അവന്റെ ഒടുക്കത്തെ ചിരി! അവനു ആസ്ത്മ ഉള്ളതാ . പരമ ദ്രോഹി അതൊന്നും ഓർക്കുന്നില്ല . അവസാനം ഒരു വിധത്തിൽ ചിരി നിർത്തി അവൻ പറഞ്ഞു
"അതെ, ചേട്ടായീടെ ഷർട്ടിലോക്കെ കേറിപ്പിടിച്ചാൽ, ഹരാസ്മെന്റ് ന്നൊക്കെ പറഞ്ഞു നമുക്ക് കേസ് കൊടുക്കാം . കമ്പനിക്കാര് തൂങ്ങും . കേട്ടോ . കാശുണ്ടാക്കാം. സംഭവം നടന്ന സ്ഥലത്ത് സീ സീ ടീ വീ ക്യാമറ ഉണ്ടോ ? "
"നീയൊന്നു മിണ്ടാണ്ട് പോക്കെടാ !" ഞാൻ ഫോൺ കട്ടാക്കി . ഇതാദ്യമായിട്ടല്ല അവന്റെ ഐഡിയകൾ കാരണം ഞാൻ വെട്ടിലായിട്ടുള്ളത് .
ആദ്യത്തെ ഷോക്ക് കഴിഞ്ഞപ്പോ ഞാൻ പതിയെ എന്റെ ഡെസ്കിലെത്തി .
എല്ലാരും എന്നെത്തന്നെയാണ് നോക്കുന്നത് . "എന്താ അപ്പുറത്തോരു ശബ്ദം കേട്ടത് ? ആരാ അവിടെകിടന്നു ബഹളം വെച്ചത് ? തുടങ്ങിയ ചോദ്യങ്ങൾ ...
"എനിക്കറിയാൻ മേലാ ... ഈ നാട്ടുകാരനല്ല എന്ന മട്ടിൽ ഞാൻ ലോഗിങ്ങ് തുടങ്ങി .
അങ്ങനെ ടൈപ്പിങ്ങിൽ ശ്രദ്ധിച്ചിരിക്കുമ്പോ, ഒരു കഷ്ണം പേപ്പർ എന്റെ മുൻപിൽ വന്നു വീണു .
അവളുടെ പെർഫ്യൂമിന്റെ മണം . അവളെന്റെ തൊട്ടു പുറകിൽ തന്നെ നിൽക്കുന്നുണ്ടെന്നു മനസ്സിലായി. തിരിഞ്ഞു നോക്കാൻ പറ്റുന്നില്ല . ഞാൻ യാന്ത്രികമായി ആ പേപ്പർ നിവർത്തി .
"ഒന്നൂടി വരാമോ പാൻട്രിയിലേക്ക് ? എം. "
ഞാൻ പതിയെ കസേര തിരിച്ച് അവൾക്കഭിമുഖമായി ഇരുന്നു .
"ശ്രദ്ധിക്കൂ പെൺകുട്ടി.
ഹോറോസ്കോപ്പിന്റെ ബിസിനസ് ഞാൻ നിർത്തി . ഇനി എന്നെ ബുദ്ധിമുട്ടിക്കരുത് .ചില സന്ദർഭങ്ങളിൽ എന്റെ ചില കണക്കു കൂട്ടലുകൾ ഞാൻ ഉദ്ദേശിച്ചതിനേക്കാൾ കൃത്യമായിപ്പോകുന്നു . എന്റെ കുറ്റമല്ല.എന്നോട് ക്ഷമിക്കൂ . "
"ഛെ... അതിനല്ല അലക്സ്. വേറൊരു കാര്യം പറയാനുണ്ട് . പ്ലീസ്." അവൾ എന്റെ കൈത്തണ്ടയിൽ തൊട്ടു. "വാ ... " തിരിഞ്ഞപ്പോൾ ആ സ്വർണ്ണ മുടിയിഴകൾ എന്റെ മുഖത്തുകൂടി ഒഴുകിയിറങ്ങി.
മാസ്മരികം!
ഞാൻ അറിയാതെ അവളെ അനുഗമിച്ചു പോയി എന്ന് പറയുന്നതാകും ശരി.
എന്റെ ദൈവമേ ... ആ സ്വർണ്ണ മുടി...!!
ഇതൊരു കനേഡിയൻ യക്ഷി തന്നെ . ഞാൻ ഉറപ്പിച്ചു. ഇല്ലെങ്കിൽ പിന്നേം ഇതിന്റെ പുറകെ ഇങ്ങനെ പോകില്ലല്ലോ .
പാൻട്രിയിലെത്തിയതും, അവൾ വാതിലടച്ച് കുറ്റിയിട്ടു .
എന്റെ തൊണ്ട വരണ്ടു
"മരിയാ ... എന്തിനാ ലോക്ക് ചെയ്തത് ? വേറെ ആരെങ്കിലും വന്നാൽ...."
"ക്ളീനിങ്ങ് നടക്കുവാനെന്നു വിചാരിച്ചോളും അലക്സ്. ഡോണ്ട് വറി."
"എന്താ നിന്റെ ഉദ്ദേശം ?" ഞാൻ പെട്ടെന്ന് സീരിയസ് ആയി.
കാര്യമെന്തായാലും, എനിക്കെന്റെ ജോലിയും അഭിമാനവുമൊക്കെ നോക്കിയേ പറ്റൂ . കൊച്ചപ്പൻ ആരുടെയൊക്കെയോ കാലു പിടിച്ചിട്ടു കിട്ടിയ പണിയാണെന്ന് നാഴികക്ക് നാൽപ്പതു വട്ടം ഓർമ്മിപ്പിക്കുന്നതാ . എന്തെങ്കിലും പ്രശ്നമുണ്ടായാൽ, അത് കുടുംബം മൊത്തം ബാധിക്കും .
അവൾ എന്റെ കൈ കടന്നെടുത്തുകൊണ്ടാണ് സംസാരിച്ചു തുടങ്ങിയത്.
"ഞാൻ അലെക്സിനോട് വളരെ മോശമായി പെരുമാറി . ക്ഷമിക്കണം. അത് പറയാനാ വിളിച്ചത് ." അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ അപ്പോളാണ് ശ്രദ്ധിച്ചത്
"നിനക്കറിയാമോ ? ആത്മഹത്യ മാത്രമേ എനിക്കിനി മാർഗ്ഗമുള്ളൂ ... "
പിന്നെ കുറെ നേരം നിശ്ശബ്ദതയായിരുന്നു. അവൾ ഡസ്കിന്റെ പുറത്ത് മുഷ്ടി ചുരുട്ടി പതുക്കെ പതുക്കെ ഇടിച്ചുകൊണ്ടിരുന്നു. കുറെ സമയം അങ്ങനെ കഴിഞ്ഞപ്പോൾ മുഖമുയർത്തി.
"ഇത് കണ്ടോ അലക്സ് ... " അവൾ തന്റെ ഷർട്ടിന്റെ കൈകൾ മുകളിലേക്ക് മടക്കി എന്റെ നേരെ നീട്ടി. ഞാൻ ഒന്നേ നോക്കിയുള്ളൂ ... തല കറങ്ങിപ്പോയി എന്ന് വേണം പറയാൻ !
സുന്ദരമായ ആ കൈത്തണ്ട മുഴുവൻ ബ്ലേഡ് കൊണ്ട് വരഞ്ഞിരിക്കുകയാണ് !
"വാട്ട് ദി ഫ്..." എന്നാണെന്റെ വായിൽ വന്നത് !
അവൾ അതൊന്നും ശ്രദ്ധിച്ചില്ല .
".ഇന്നലെ രാത്രിയും അയാൾ വന്നിരുന്നു. രാത്രി മുഴുവൻ എന്റെ മുറിയിലുണ്ടായിരുന്നു... എന്നെ ഇഞ്ചിഞ്ചായി കൊല്ലുകയാണയാൾ “
ഏങ്ങിക്കരഞ്ഞുകൊണ്ടാണ് ബാക്കി പറഞ്ഞത്
“എനിക്കാകെ ഒരു കാര്യം മാത്രമേ അറിയേണ്ടതുള്ളൂ അലക്സ് ... എന്താ അയാൾക്ക് വേണ്ടത് ? എന്തും കൊടുക്കാൻ ഞാൻ തയാറാണ് . എന്റെ ജീവിതം മൊത്തം അയാൾ നശിപ്പിച്ചു. എന്റെ മാര്യേജ് ... എന്റെ സുഹൃത്തുക്കൾ എല്ലാം എല്ലാം പോയി. ഇപ്പൊ അയാൾ എന്നെ ശാരീരികമായി ഉപദ്രവിക്കാനും തുടങ്ങിയിരിക്കുന്നു . അതുകൊണ്ടാണ് ഞാൻ അലക്സിന്റെ ഹെല്പ് ചോദിച്ചത് . എന്തിനായിട്ടാണ് എന്നെ ഇങ്ങനെ ...എന്റെ ജീവിതത്തിലെ എല്ലാം കണക്കു കൂട്ടി കണ്ടു പിടിച്ചപ്പോൾ അലെക്സിനെന്തായാലും എന്നെ ഹെല്പ് ചെയ്യാനാകുമെന്നു ഞാൻ കരുതി. അലക്സ് ഈ കൈ മാത്രമല്ലേ കണ്ടുള്ളൂ...ഞാൻ ഈ ഷർട്ട് ഊരിയാൽ അലക്സ് ഞെട്ടും. "
"പ്ലീസ്...ഊരരുത്." ഞാൻ കൈ കൂപ്പി. ഇനി ഇന്ന് ഒരു പ്രാവശ്യം കൂടി ഞെട്ടാൻ എനിക്ക് വയ്യ
" മരിയ... ആരായാലും, നമുക്കവനെ കണ്ടു പിടിക്കാം . പോലീസും നിയമങ്ങളുമുള്ള നാടല്ലേ ഇത് ? "
അവൾ പതിയെ ഒരു ദീർഘ നിശ്വാസത്തോടെ എന്നോട് ചോദിച്ചു.
" പോലീസിനിതിലെന്തു ചെയ്യാനൊക്കും അലെക്സ് ?" അവളുടെ മുഖത്ത് സംശയ ഭാവം "അപ്പൊ ശരിക്കും അലെക്സിന് അയാളാരാണെന്നറിയില്ലേ ?പക്ഷേ ഞാനൊന്ന് ചോദിക്കട്ടെ , എന്റെ ഡിവോഴ്സ് വിവരം അലക്സ് എങ്ങനെ അറിഞ്ഞു ? അത്ര പേഴ്സണൽ ആയ ഒരു ഇൻഫർമേഷൻ കിട്ടണമെങ്കിൽ അലെക്സ് തീർച്ചയായും ഒരു സൈക്കിക്ക് ആയല്ലേ ഒക്കൂ ?”
ഞാൻ സർവ്വ തെറ്റുകുറ്റങ്ങളും ഏറ്റു പറഞ്ഞ് മര്യാദക്കാരനാകാൻ തീരുമാനിച്ചു.
"മരിയ ഒന്നോർത്തു നോക്കൂ . ഡിവോഴ്സ് ന്നൊരു വാക്കു പോലും ഞാൻ പറഞ്ഞില്ല . ഞാൻ ആകെ പറഞ്ഞത് 22 വയസ്സിനും 26 വയസ്സിനും ഇടക്ക് ജീവിതം തന്നെ മാറി മറിഞ്ഞ ഒരു സംഭവം നടന്നു എന്ന് മാത്രമാണ് . മരിയ ആണ് വിട്ടു പോയ ഭാഗം പൂരിപ്പിച്ചത് . ഡിവോഴ്സിനെക്കുറിച്ചോന്നും എനിക്കറിയില്ലാരുന്നു . "
"അതെന്താ ഡിവോഴ്സ്, ജീവിതം മാറ്റി മറിക്കുന്ന സംഭവം അല്ലെ ? "
"പക്ഷെ..." ഞാൻ പെട്ടെന്ന് നിർത്തി. എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്നെനിക്കു മനസ്സിലായി . ഞാൻ അത്ഭുത കഴിവുകളുള്ള ഒരു ഇന്ത്യൻ സൈക്കിക്ക് ആണെന്ന് ഈ കുട്ടി അന്ധമായി വിശ്വസിച്ച് പോയിരിക്കുന്നു .
“ഞാൻ പോട്ടെ മരിയ ... നമുക്കിനി ഒരിക്കലും ഇതിനെക്കുറിച്ച് ഒന്നും സംസാരിക്കേണ്ട . ഗുഡ് ബൈ !" ഞാൻ തല കുനിച്ച് പതിയെ ആ മുറി തുറന്ന് വെളിയിലേക്കിറങ്ങി .
"വേണ്ടി വരില്ല അലക്സ്. ഞാനൊരു വഴി കണ്ടിട്ടുണ്ട് . ഞാൻ രക്ഷപ്പെടും ... യു വിൽ സീ . അലെക്സിനെയെന്നല്ല ആരെയും ഞാൻ ഇനി ബുദ്ധിമുട്ടിക്കില്ല ."
എന്റെ നടത്തം നിശ്ചലമായി ... അവൾ പതിയെ എന്നെ മറികടന്നു നീങ്ങിയപ്പോൾ, ആ സ്വർണ്ണ മുടിയിഴകൾ ... (വേണ്ട, അധികം എഴുതിവെച്ച് ഞാൻ തന്നെ സെന്റി ആവുന്നതെന്തിനാ ?)
(തുടരും)

Alex

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot