Showing posts with label DilnaDhanesh. Show all posts
Showing posts with label DilnaDhanesh. Show all posts

ചില നേരങ്ങളിൽ




അന്നും അവൾ തിരക്കിട്ട് വീട്ടിൽനിന്നും ഇറങ്ങി. ഓഫീസിലും
തിരികെ വീട്ടിലെത്തിയാലും ചെയ്തുതീർക്കേണ്ട ജോലികൾ ഓർത്തപ്പോൾത്തന്നെ
അവൾക്ക് തലവേദന തുടങ്ങി. എങ്കിലും ഗേറ്റിനരികിൽ ആദ്യമായി
മൊട്ടിട്ടുനിൽക്കുന്ന ചാമ്പത്തയ്യിനെ അതിരറ്റസന്തോഷത്തോടെ ഒന്നു
തൊട്ടുതലോടാനവൾ മറന്നില്ല. കയ്യിലുണ്ടായിരുന്ന ചാവിയും മൊബൈലും ബാഗിൽ
നിക്ഷേപിക്കുന്നതിനിടെ നടത്തത്തിനിടയിൽ വസ്ത്രം സ്ഥാനം
തെറ്റുന്നയിടത്തേക്ക് സാരിത്തലപ്പ്ചേർത്ത്  ഒതുക്കിപ്പിടിച്ചു.
പച്ചക്കറിക്കട നടത്തുന്ന വറീതാപ്ല കടവരാന്തയിൽനിന്ന് ഫുട്പാത്തിലേക്ക്
വിരിച്ചിട്ട ചാക്കിലേയ്ക്ക് പച്ചക്കറികൾ പരത്തുന്നതിനിടെ അവളെക്കണ്ട്
ആദരവോടെ  എണീറ്റു.

\"ആ... വിമലസാറിന്ന് നേരംവൈക്യാ...\"

         അയാളുടെ ചോദ്യത്തിന് ഉണ്ടെന്നോ ഇല്ലെന്നോ വ്യക്തമാകാത്ത ഒരു
പുഞ്ചിരി സമ്മാനിച്ച് അവളയാളെ കടന്നുപോയി. നാലഞ്ചു ചുവടുകൾവച്ച് ആരേയോ
നോക്കുന്നഭാവത്തിൽ അവളൊന്ന് തിരിഞ്ഞു നോക്കിയപ്പോൾ തൻറെ അംഗചലനങ്ങളെ
കാമക്കണ്ണുകളാൽ ഒപ്പിയെടുക്കുന്ന വറീതാപ്ലയെക്കണ്ട് അവളുടെ വായിൽ
കയ്പുനീർ നിറഞ്ഞു. ആരും കാണാതെ ഓടയിലേക്കതു തുപ്പിക്കളഞ്ഞ് നടത്തത്തിന്
വേഗത കൂട്ടുമ്പോൾ കൈവിരലുകൾ അവളറിയാതെ ബേഗിലെന്തോ പരതി.

ബസ്സ്റ്റോപ്പിലെത്തിയപ്പോഴേക്കും പുറപ്പെടാൻ തുടങ്ങിയ ബസിലെ ക്ലീനർ
\"ടീച്ചറേ... വേഗം വാ...\"
എന്ന മുഖവുരയോടെ ഡോർ തുറന്നുപിടിച്ചിരുന്നു. ഇനിയും വൈകിയാൽ ഓഫീസറുടെ
വായിൽനിന്ന് വീഴാവുന്ന ശകാരങ്ങളെപ്പേടിച്ച് കാലുകുത്താൻ സ്ഥലമില്ലാത്ത ആ
ബസിൽ കയറുമ്പോൾ ഇനിയിവൻറെ വിയർപ്പുനാറ്റവും സഹിക്കേണ്ടിവരുമല്ലോ
എന്നോർത്ത് വിമല ഒരുനിമിഷം ശ്വാസം അടക്കിപ്പിടിച്ചു. മുകളിലെ സ്റ്റെപ്പിൽ
കമ്പിയിൽ അള്ളിപ്പെടിച്ചുനിൽക്കുന്ന സ്ത്രീയുടെ ദേഹത്തേക്ക് ചാരിനിന്ന്
അക്ഷമയോടെ ഡോറുതുറന്നു പിടിച്ചിരിക്കുന്ന ക്ലീനറുടെ കൈകൾക്കിടയിലൂടെ
ബസ്സിലേക്ക് നൂണുകടക്കുമ്പോൾ വിയർപ്പിൽ ഒട്ടിപ്പിടിച്ച ബ്ലൗസിലെയ്ക്ക്
അവൻറെ കണ്ണുകളും നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത് അവളറിഞ്ഞു.
മുന്നിലുണ്ടായിരുന്ന സ്ത്രീയോടൊപ്പം തിക്കിത്തിരക്കി ഉള്ളിലേയ്ക്ക്
കയറുന്നതിനിടെ അവൻറെ കൈകൾ തൻറെ നിതംബത്തിലൊന്നു തൊട്ടതും,
\"കേറ് ടീച്ചറേ..”

 എന്ന അവൻറെ സ്വാഗതത്തോടെ തൊട്ടുപിന്നിൽ കയറിയ സ്ത്രീയിലേക്കത്
പിൻവലിഞ്ഞതുംകണ്ട് വിമല കണ്ണുകൾ ഇറുക്കിയടച്ചു.

         കുട്ടിക്കൂറയുടേയും കാച്ചെണ്ണയുടേയും സ്റ്റിഫ്ആൻഡ്ഷൈൻറേയും
സാമ്പാറിൻറേയും മീനിൻറേയും പലതരം ഡിയോഡറൻറുകളുടേയുമെല്ലാം ഗന്ധങ്ങൾ അവളെ
പൊതിഞ്ഞു. രണ്ടുപേർ കയറിയതിന് സ്ത്രീകൾക്കിടയിലൂടെ നാലുതവണ നടന്ന
കണ്ടക്ടറുടെ മുഖത്തെ സംതൃപ്തി നോക്കിക്കൊണ്ട് വിമല അയാൾക്കുനേരേ
ബേഗിൽനിന്നു വലിച്ചെടുത്ത പത്തിൻറെ നോട്ടുനീട്ടി.

\"ചില്ലറയില്ല ടീച്ചറേ… ഇനി കയറുമ്പോൾ തരാം. . ഓർമ്മിപ്പിച്ചാൽ മതി...\"

എന്നയാൾ പറഞ്ഞപ്പോൾ ബാക്കി ഒരുരൂപ തരുന്ന നേരംകൊണ്ട് കൈവെള്ളയിൽ അയാൾ
നടത്തുന്ന ചിത്രപ്പണിയിൽനിന്നും  ഇന്നൊരുദിവസം രക്ഷപ്പെട്ടപ്പെട്ടതിൽ
വിമലക്കുണ്ടായ സന്തോഷം അധികം നീണ്ടുനിന്നില്ല. ഇടവും വലവും അപ്പുറവും
നിൽക്കുന്നവരിൽനിന്ന് കാശുവാങ്ങാനും ബാക്കികൊടുക്കാനും
കൈനീട്ടുന്നതിനിടയിൽ അയാൾ നടത്തിയ ചില പരതലുകളിൽനിന്നും രക്ഷനേടനായി അവൾ
മറ്റുപലരേയുമെന്നപോലെ ശരീരം പലതരത്തിലും വളയ്ക്കുകയും ഒടിയ്ക്കുകയും
ചെയ്തു.

        തിരക്കിനിടയിലൂടെ കൈനീട്ടി ഒന്നുതോണ്ടി

\"എന്തുപറ്റി..\"

എന്നന്വേഷിച്ച സഹപ്രവർത്തക രാജിയോട്

\"ബസിറങ്ങിയയുടൻ  രണ്ടുക്രോസിനെങ്കിലും വിഴുങ്ങിയില്ലെങ്കിൽ ശരിയാകില്ല..\"

എന്നുപറഞ്ഞുകൊണ്ട് അവളിരുന്ന സീറ്റുചാരിനിന്ന് കാലത്ത്
കിടക്കവിട്ടെഴുന്നേറ്റതു മുതൽ ഇതുവരെയനുഭവിച്ച തിരക്കുകളേയും
സംഘർഷങ്ങളേയുമെല്ലാം ഒരു നെടുവീർപ്പിലൂടെ മോചിപ്പിച്ചു.
പുറംകാഴ്ചകളിലേയ്ക്ക് തലതിരിച്ചുവെങ്കിലും തൊട്ടുമുമ്പിൽ നിന്നിരുന്ന
കുട്ടികളുടെ ചില സംസാരങ്ങൾ പതിയെ വിമലയുടെ  ചിന്തകളെ ബാല്യത്തിലേയ്ക്കും
സ്കൂൾകാലത്തേയ്ക്കും പറത്തിവിട്ടു. ഒരുപക്ഷേ ആ ഓർമ്മകളും രാജിയുടെ
പറഞ്ഞാൽതീരാത്ത വീട്ടുവിശേഷങ്ങളും കാരണമാകാം ബസിറങ്ങി ഓഫീസിലേക്ക്
നടക്കുമ്പോൾ തലവേദനയുടേയും ക്രോസിൻറേയും കാര്യം അവൾ മറന്നു പോയിരുന്നു.

        ഓഫീസിൽ തിരക്കിട്ട് ജോലി ചെയ്യുമ്പോഴും അവളുടെ മനസ്സ്
അസ്വസ്ഥമായിരുന്നു.അതുവരെ മാന്യമായി പെരുമാറിയ പുരുഷൻമാരായ
സഹപ്രവർത്തകരിൽ ചിലർ ലഞ്ച് ടൈമിൽ അല്പം മാറിയിരുന്ന് പെൺകൂട്ടത്തെ
ഇടംകണ്ണിട്ടു നോക്കി രഹസ്യസംഭാഷണം നടത്തുന്നത് കണ്ട് വിമല
ചോറ്റുപാത്രത്തിൽ കളംവരച്ചു. വൈകീട്ട് ഓഫീസിൽ നിന്നിറങ്ങി മക്കൾ
ആവശ്യപ്പെട്ടിരുന്ന സാധനങ്ങളും ഭർത്താവ് തയ്ക്കാൻ നൽകിയിരുന്ന ഷർട്ടും
വാങ്ങി  ഒരു കയ്യിൽ തൂക്കിപ്പിടിച്ച് അവൾ ബസിൽ കയറി.
ഒറ്റക്കയ്യാൽ കമ്പിയിൽത്തൂങ്ങി ആടിയാടി നിൽക്കുമ്പോൾ പലവ്യഞ്ജനങ്ങളുടെ
ഉയരുന്ന വിലയും, മക്കളുടെ എൻട്രൻസ് പ്രവേശനവും,  ഇംഗ്ലീഷ് പരീക്ഷയിൽ
കുട്ടികൾ നേടിയമാർക്കും, ഒളിച്ചോട്ടത്തിനൊടുവിൽ തിരിച്ചെത്തിയ അയൽവാസിയും
അങ്ങനെ പലതരം വാർത്തകൾ ചുറ്റും ഉയർന്ന് അവളുടെ നെറ്റിയിൽ വിയർപ്പുചാലുകൾ
സൃഷ്ടിച്ചു. തൊട്ടുമുൻപിലെ അമ്മയുംകുഞ്ഞും സീറ്റിലിരിക്കുന്ന
കൈക്കുഞ്ഞിൻറെ കുസൃതികൾ കണ്ടു നിൽക്കുന്നതിനിടയിൽ തിരക്കിൽ നിന്നൊരു കൈ
നീണ്ടുവന്ന് തന്റെ അരക്കെട്ടിൽ ഉരസുന്നതറിഞ്ഞപ്പോൾ വിമലയൊന്നു ഞെട്ടി.
അല്പം തിക്കിത്തിരക്കി മുന്നിലേക്ക് മാറാനൊരു പാഴ്ശ്രമം
നടത്തുന്നതിനിടയിൽ അവളുടെ കൈകൾ ഒന്നുകൂടി ബേഗിൽ പരതി. തന്റെ
നിസ്സഹായാവസ്ഥ നിസ്സംഗതയും സമ്മതവുമായി കണക്കാക്കി തിരക്കുകൾക്കിടയിലൂടെ
ഊളിയിട്ട ആ കൈകൾ വീണ്ടും തൻറെ അരക്കെട്ടിൽ ഉരസുകയും പിടുത്തം മുറുകുകയും
ചെയ്യുന്നതറിഞ്ഞപ്പോൾ അവൾക്ക് മനംപിരട്ടലുണ്ടായി.  ബസ് തൻറെ
സ്റ്റോപ്പിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവ് ഉണ്ടായപ്പോൾ
വേഗത്തിൽ ബേഗിൽ സൂക്ഷിച്ചിരുന്ന ബ്ലേഡ് വലിച്ചെടുത്ത് ആ കൈയിൽ ശക്തിയായി
വരച്ചു.  അതിനേക്കാൾ വേഗത്തിൽ ആ കൈ പിൻവലിയാൻതുടങ്ങിയപ്പോൾ മറുകൈകൊണ്ട്
പിടിച്ചുവച്ച് ഒന്നുകൂടി വരഞ്ഞു.  ബസ് ഒന്നുകുലുങ്ങിനിന്നപ്പോൾ
ഒന്നുമറിയാത്തപോലെ സീറ്റിനരികിൽ ബാലൻസ് ചെയ്തു വച്ച തന്റെ സഞ്ചിയെടുത്ത്
വിമലയിറങ്ങി. തിരിഞ്ഞുനോക്കിയപ്പോൾ താൻ നിന്നിരുന്നയിടത്ത് കൈകൾ
കൂട്ടിപ്പിടിച്ച് തലതാഴ്ത്തി നിൽക്കുന്നൊരു മനുഷ്യനെ അവൾ അവ്യക്തമായി
കണ്ടു. തന്റെ സാരിയിലെ ചോരനനവും ബ്ലേഡ് കൊണ്ട് കീറിയപാടും കണ്ട്
തിളക്കമാർന്ന കണ്ണുകളുമായി അവൾ തൊട്ടടുത്ത കടയിൽകയറി ഒരു പാക്കറ്റ് സേമിയ
വാങ്ങി. അതു പൊതിഞ്ഞെടുക്കുമ്പോൾ കടക്കാരനിൽ നിന്നുണ്ടായ
ഒളിഞ്ഞുനോട്ടത്തെ അവഗണിച്ച് ഭർത്താവും മക്കളും എത്തുന്നതിനുമുമ്പേ  പായസം
ഉണ്ടാക്കണം എന്നു ചിന്തിച്ച് തിരക്കിട്ട് വീട്ടിലേക്കു നടക്കുമ്പോൾ
അറിയാതെ വിമലയുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു..

BY: Dilna Dhanesh

നിന്‍റെ ഗന്ധം പേറുന്ന ഓർമ്മകൾ

നിന്‍റെ ഗന്ധം പേറുന്ന ഓർമ്മകൾ
♢ ♢ ♢ ♢ ♢
ഉച്ചവെയിലിന്‍റെ കാഠിന്യത്തിൽ കനംതൂങ്ങിയ നിഴലുകൾ പതിയെ നീണ്ട് ജനലിലൂടെ മുറിയിലേക്ക് ഊർന്നുവീഴാൻ തുടങ്ങിയപ്പോഴാണ് രാധിക മയക്കം വിട്ടെണീറ്റത്. പാറിപ്പറന്ന മുടിയിഴകൾ മാടിയൊതുക്കി, ഉലഞ്ഞ സാരിഞൊറിവുകൾ പതിയെ നേരെയിട്ട് അലസമായി ജാലകപ്പടിയിലിരുന്ന് അവൾ തൊടിയിലേക്കു നോക്കി. അകലെയെങ്ങോ അവധിദിനമാഘോഷിക്കുന്ന കുട്ടികളുടെ ആർപ്പുവിളികൾ അവളുടെ
കാതുകളില്‍ വന്നലച്ചു.
"ലക്ഷ്മൺ നേരമിത്രയായിട്ടും വിളിച്ചില്ലല്ലോ.... ഇത്രയും നീണ്ട പിണക്കം പതിവില്ലാത്തതാണ്..."
അവൾ കൈനീട്ടി മൊബൈലെടുത്തു.
"ഇല്ല... ഒരു മെസ്സേജ് പോലുമില്ല..."
നിരാശയോടെ ജാലകപ്പടിയിലേക്ക് ചാരി പുറംകാഴ്ചകളിലേക്ക് മുഖംതിരിച്ചു. അവളുടെ നൊമ്പരം തിരിച്ചറിഞ്ഞിട്ടെന്നവണ്ണം മൂവാണ്ടൻമാവിന്‍റെ കൊമ്പിലിരുന്ന് പുള്ളിക്കുയിൽ ശോകരാഗം മൂളി.
പതിവില്ലാത്തവിധം ഈ വാരാന്ത്യം തന്നെ വല്ലാതെ മടുപ്പിക്കുന്നതായി അവൾക്കു തോന്നി. ലക്ഷ്മണിന്‍റെ അസാന്നിദ്ധ്യം പകരുന്ന ഏകാന്തത പകലിന്‍റെ ദൈർഘ്യം കൂട്ടിയതുപോലെ.
പാലക്കാട്ടെ
അമ്മവീട്ടിലേക്ക് ലക്ഷ്മൺ തനിയെ നടത്തുന്ന ചില യാത്രകളൊഴിച്ച് ലക്ഷ്മണിന്‍റെ എല്ലാ വാരാന്ത്യങ്ങളും അവധിദിനങ്ങളും തനിക്കവകാശപ്പെട്ടതായിരുന്നു. തിരുവനന്തപുരത്തൊരു ഫ്ലാറ്റെടുക്കാമെന്നും താമസം അങ്ങോട്ടു മാറ്റാമെന്നും ലക്ഷ്മൺ പറയാത്തതല്ല. ഓർമ്മകളുറങ്ങുന്ന തറവാട്ടുവീട്ടിൽനിന്നൊരു പറിച്ചുനടൽ തനിക്ക് അസഹനീയമായിരുന്നു. അമ്മയുടെ കാലം കഴിഞ്ഞപ്പോൾ പക്ഷേ ആ മാറ്റം അനിവാര്യമായിത്തീർന്നു. എന്നാൽ ലക്ഷ്മണിന്‍റെ സമയക്ലിപ്തതയില്ലാത്ത ഔദ്യോഗികയാത്രകൾ അടുക്കടുക്കായിവെച്ച പെട്ടികളിലൊന്നിലെ ജീവിതം തനിക്ക് ദുസ്സഹമാക്കിത്തീർത്തു. ഓമനിക്കാനും താരാട്ടാനും ഒരു കുഞ്ഞില്ലാത്ത ദുഃഖം തന്നെ വല്ലാതെ ശ്വാസംമുട്ടിച്ചപ്പോഴാണ് താൻ തിരിച്ചുപോന്നത്...
തന്നെ കാണുമ്പോഴേക്കും തെങ്ങിൻമുകളിൽനിന്ന് ചിലച്ചുകൊണ്ട് പാഞ്ഞുവരുന്ന അണ്ണാറക്കണ്ണനും , എന്നും ഊണിന്‍റെ നേരത്ത് വടക്കേപ്പുറത്ത് അലഞ്ഞുതിരിയുന്ന മൈനക്കുടുംബവും , ക്ഷേത്രത്തിലേക്കുവരെ പുറകെ വരുന്ന കുറിഞ്ഞിപ്പൂച്ചയും കൂടി ശബ്ദമുഖരിതമായ ജീവിതത്തിലേക്ക് തന്നെ തിരിച്ചുകൊണ്ടുവന്നെന്ന് പൂർണബോധ്യമായപ്പോഴാണ് ലക്ഷ്മണിനും ആശ്വാസമായത്.....
പണ്ടും ലക്ഷ്മൺ ഇങ്ങനെത്തന്നെയായിരുന്നു. ഓർമ്മവെച്ച നാളുമുതൽ തന്‍റെ നിഴലുപോലെ കൂടെയുണ്ടായിരുന്നു. ലക്ഷ്മണിന്‍റെ
രാധിക എന്ന് തൂണും തുരുമ്പും വരെ വിളിച്ചുപറയുമാരിരുന്നു. അനിയനായും ജ്യേഷ്ഠനായും കളിത്തോഴനായും കാമുകനായും അവൻ പല ഭാവങ്ങൾ പകരുന്നതിനിടെ തങ്ങൾ പരിസരം മറന്നുവളരുകയായിരുന്നു. മറ്റാർക്കും പ്രവേശനമില്ലാത്ത, തങ്ങൾ മാത്രമുള്ളൊരു ലോകം കെട്ടിപ്പടുക്കുന്നതു കണ്ടു സന്തോഷിക്കാൻ വീട്ടുകാരും ഒറ്റക്കെട്ടായിനിന്നിരുന്നു..... ഈ നാല്പതാം വയസിലും തങ്ങൾ പ്രണയത്തിൽ നീരാടുകയാണ്. അതാണ് ഈ പിണക്കത്തിനുപോലും മനസ്സിൽ ശൂന്യത നിറയ്ക്കാനാകുന്നത്. അല്ലെങ്കിലും പിണക്കങ്ങൾ തങ്ങൾക്കന്യമായിരുന്നല്ലോ.....
പുറത്തു ബഹളങ്ങളെല്ലാം ശമിച്ചിരിക്കുന്നു.... ആകാശം ചുവപ്പിൽ കുളിച്ചുനിൽക്കയാണ്.
'സീമന്തരേഖയിൽ ചാർത്താൻ ഒരുനുള്ള് സിന്ദൂരമേ ഞാൻ ചോദിച്ചുള്ളൂ...എന്നിട്ടും
നിൻ ഹൃദയരക്തം മുഴുവൻ നീ എനിക്കായ് ചൊരിഞ്ഞതെന്തേ....'
എന്ന് സൂര്യനോട് കൊഞ്ചുകയാണ് ആകാശം. താനെന്നും ലക്ഷ്മണിനോടു കൊഞ്ചിയിരുന്നതുപോലെ....
"ലച്ചുവേ.... വിളക്കു വയ്ക്കാൻ നോക്ക് കുട്ട്യേ... നേരം സന്ധ്യയാവണത് കണ്ടില്ല്യേ..... "
തൊടിയിൽ നിന്നുയർന്ന ശബ്ദമാണ് രാധികയെ ഓർമ്മകളിൽനിന്നുണർത്തിയത്. സുഭദ്രേടത്തിയാണ്, ലക്ഷ്മണിന്‍റെ ഏട്ടത്തിയമ്മ. ഈയിടെയായി ഏടത്തീം മോളും ഇവിടെയാണ്. തനിക്കും അതൊരു ആശ്വാസംതന്നെയാണ്. ഈയിടെയായി ഒന്നിനും ഒരുത്സാഹോം തോന്നണില്ല.. അവരു വന്നേപ്പിന്നെ അടുക്കളയിൽപ്പോലും കയറാതായി.. ...
"ആദ്യം രാധോപ്പ ഭക്ഷണം കഴിച്ചോന്ന് നോക്ക് ലച്ചൂ.... ന്നിട്ട് മതി വിളക്കു വയ്ക്കാൻ..."
പിന്നേയും സുഭദ്രേടത്തി വിളിച്ച് പറയണതുകേട്ടപ്പോഴാണ് ശ്രദ്ധിച്ചത്.
മേശപ്പുറത്ത് ലച്ചു രാവിലെ കൊണ്ടു വച്ച ഇഡ്ഡലിയും സാമ്പാറും ഉച്ചയ്ക്ക് വച്ച തൈരുസാദവുമെല്ലാം അതുപോലെ ഇരിക്കുന്നുണ്ട്. കഴിച്ചില്ലെന്നുകണ്ടാ കുട്ടി വല്ലാണ്ട് പരിഭവിക്കേം ചെയ്യും. എത്ര പറഞ്ഞാലും കുട്ടിക്കത് മനസിലാകില്ല. ലക്ഷ്മണില്ലാത്ത നേരത്ത് തനിക്കവൾ കാവലിരിക്കയാണെന്ന് തോന്നും..
അല്ലെങ്കിലും ലച്ചൂനേപ്പറഞ്ഞിട്ടും കാര്യമില്ല. ഭർത്താവിനെ കാത്തിരിക്കുന്ന ഭാര്യയെ അവൾക്ക് മനസിലാവില്ല. .. തനിക്ക് ലക്ഷ്മണിനോടുള്ള പ്രണയവും. ...
ഏടത്തി തൊടിയിൽ വീണുകിടക്കുന്ന തേങ്ങപെറുക്കിക്കൂട്ടുകയാണ്.... വർഷങ്ങളായി താനും ലക്ഷ്മണും കൂടിയാണ് അതെല്ലാം ചെയ്തിരുന്നത്. ലക്ഷ്മൺ വന്നിട്ട് ചെയ്യാമെന്നു പറഞ്ഞാൽ ഏടത്തിയൊട്ട് സമ്മതിക്കേമില്ല. പറമ്പിൽ ഇങ്ങനെ ഓരോന്നും ചെയ്യാൻ ലക്ഷ്മണിന് വലിയ ഇഷ്ടമാണ്. കഴിഞ്ഞ ഓണത്തിനാണ് എവിടെനിന്നോ കൊണ്ടുവന്ന പാവൽത്തൈകൾ പറമ്പിൽ നട്ടത്.
വള്ളികൾ പടർന്നു തുടങ്ങിയപ്പോൾ ചന്തത്തിലൊരു പന്തലും കെട്ടിയുണ്ടാക്കി. തന്നെ ഒന്നും ചെയ്യാൻ സമ്മതിക്കില്ല. താനിങ്ങനെ സംസാരിച്ചുകൊണ്ട് അരികിൽ നിൽക്കണമെന്ന് മാത്രം. ... പാവയ്ക്ക ലക്ഷ്മണിന് വലിയ ഇഷ്ടമാണ്.
"രാത്രിയിലേക്ക് ലക്ഷ്മണിനിത്തിരി പാവയ്ക്ക മെഴുക്കുപുരട്ടി ഉണ്ടാക്കാൻ പറയണംട്ടോ ലച്ച്വേ...."
വാതിൽക്കലേക്ക് നോക്കി വിളിച്ചുപറഞ്ഞ രാധിക മറുപടിക്കു കാക്കാതെ കട്ടിലിലേക്ക് ചാഞ്ഞു.
"ലക്ഷ്മൺ നേരമിത്രയായിട്ടും വിളിച്ചില്ലല്ലോ.... ഒരു മെസേജ് അയച്ചു നോക്കാം "
"എന്‍റെ ഓർമ്മകൾക്കെന്നും നിന്‍റെ ഗന്ധമാണ്..." രാധിക മെസ്സേജ് ടൈപ്പ് ചെയ്തുതുടങ്ങി.
അപ്പോൾ പൂമുഖത്ത് സന്ധ്യാദീപം തെളിയിക്കുന്നതിനൊപ്പം പതിവുപോലെ ചുമരിൽ തൂക്കിയിട്ടുള്ള ലക്ഷ്മണിന്‍റെ ഫോട്ടോയിലും ഒരു തിരി കത്തിക്കുകയായിരുന്നു ലച്ചു....
♢ ♢ ♢ ♢
ദിൽനധനേഷ്

പ്രമുഖർക്കിടയിൽ


പ്രമുഖർക്കിടയിൽ
■■■■■■■■■■■■■■■


കടലിലേക്ക് ഊളിയിട്ടിറങ്ങുന്ന അസ്തമയസൂര്യനെ നോക്കി ആ മണൽപ്പരപ്പിൽ അയാളിരുന്നു. എണ്ണമയമില്ലാത്ത അയാളുടെ ചെമ്പൻമുടിയിഴകൾ കാറ്റിൽ നൃത്തംവച്ചു. രക്താഭമായ ആകാശച്ചെരുവിലൂടെ പക്ഷികൾ കൂടുതേടിപ്പറന്നു. കുട്ടികൾ കൈവിട്ട പട്ടങ്ങൾ ഉയർന്നുപൊങ്ങുകയും ലക്ഷ്യബോധമില്ലാതെ വട്ടംചുറ്റി എങ്ങോ പോയി മറയുകയും ചെയ്തു.
ആഴക്കടലിൽനിന്നും ഒരു കപ്പലിൻറെ സൈറൺ മുഴങ്ങി. ചുറ്റുമുള്ള ദൃശ്യങ്ങളെ ഇരുൾ വിഴുങ്ങിയിട്ടും അയാൾ അവിടെത്തന്നെയിരുന്നു. ലൈറ്റ്ഹൗസിൽ നിന്നു നീണ്ട വെളിച്ചം ഇടയ്ക്കിടെ അയാളെ തുറിച്ചുനോക്കി. അയാളുടെ പോക്കറ്റിൽനിന്നും മൊബൈൽ രണ്ടുതവണ വിറച്ചപ്പോൾ അതെടുത്ത് അയാൾ സന്ദേശം വായിച്ചു.
"Meeting is over. Start your mission."
അയാളുടെ കണ്ണുകൾ കുറുകി. ഒരു കഠാരി അയാളുടെ കയ്യിനും മണലിനുമിടയിൽ ഞെരിഞ്ഞമർന്നു....
ടൗണിന് ഒത്തനടുക്ക് തലയുയർത്തിനിൽക്കുന്ന പാർപ്പിടസമുച്ചയത്തിൻറ മെയിൻഗേറ്റ് വഴി അയാൾ പുറത്തിറങ്ങുമ്പോൾ സെക്യൂരിറ്റി ഗാഡനിദ്രയിലായിരുന്നു. കയ്യിൽ മുറുകെ പിടിച്ചിരുന്ന കഠാരയിലെ ചുവന്ന പുള്ളിക്കുത്തുകൾ വഴിയരികിലെ പൈപ്പിൽനിന്ന് കഴുകിവൃത്തിയാക്കി അരയിൽതിരുകിയശേഷം അയാൾ കൈകളിലണിഞ്ഞിരുന്ന ഗ്ലൗസ് ഊരിയെടുത്ത് നഗരത്തിൻറെ മുഴുവൻ അഴുക്കുമായൊഴുകുന്ന ചാലിലേക്കിട്ടു. പതുക്കെ റോഡിന്റെ ഓരംചേർന്നു നടക്കാൻ തുടങ്ങിയ അയാളുടെ അടുത്തുനിർത്തിയ കാറിനുള്ളിൽ നിന്നും ഒരു പൊതി നീണ്ടുവന്നു.
"രണ്ടുലക്ഷം. .. പറഞ്ഞത് മുഴുവനുണ്ട്.. ഇനിയിവിടെ നിൽക്കേണ്ട..."
പുറകേവന്ന വാക്കുകൾക്ക് തലയാട്ടുമ്പോഴേക്കും കാർ അകലെയെത്തിയിരുന്നു. അയാൾ പൊതിതുറന്നു. രണ്ടുകെട്ട് നോട്ടുകൾ. കൂടെ ഒരുകുപ്പി മുന്തിയ വിദേശമദ്യവും. ഒരു പുച്ഛച്ചിരിയോടെ ആ കുപ്പി താഴെയെറിഞ്ഞ് പൊട്ടിച്ച്, നോട്ടുകെട്ട് നെഞ്ചോടുചേർത്ത് അയാൾ നടന്നകന്നപ്പോൾ രണ്ടുതുള്ളി കണ്ണുനീർ താഴേയ്ക്കുരുണ്ട് മണ്ണിൽവീണലിഞ്ഞു...
സൂചി കുത്തിക്കയറ്റി കരുവാളിച്ച ആ മെലിഞ്ഞ കൈകളിൽ തലോടി അയാളിരുന്നു.
"നെന്നെ കാണണംന്ന് രണ്ടു മൂന്നു തവണ പറഞ്ഞു. വേദന സഹിക്കാണ്ട് കരയാൻ തൊടങ്ങ്യേപ്പളാ ആ സിസ്റ്ററ് വന്ന് കുത്തിവച്ചത്. ഇനി ഒണർത്തണ്ടാന്നാ പറഞ്ഞേക്കണെ.."
എന്നു പറഞ്ഞ അച്ഛനെ തൻറെ കയ്യിലിരുന്ന പൊതിയേൽപ്പിച്ച് തനിക്ക് ജന്മംതന്ന വൃദ്ധരൂപത്തിൻറെ നെറ്റിയിൽ ഒരുമ്മയേകുമ്പോൾ
"ൻറെ രാമുവേ...." ന്നൊരു അടഞ്ഞശബ്ദം അയാളുടെ ചെവിയിലുടക്കി. ഉയർന്നുവന്ന തേങ്ങൽ ഒരു നെടുവീർപ്പിലൊതുക്കി അയാൾ തിരിഞ്ഞു നടന്നു. ആശുപത്രിവരാന്തയുടെ അറ്റത്തുനിന്ന്
"ഓപ്പറേഷനുമുമ്പേ പോവ്വാണോ ഏട്ടൻ. "
എന്നൊരു കരച്ചിൽ അയാളുടെ മാറിലമർന്നു.
"മ്.... പോണം, പണിണ്ട്... അമ്മയ്ക്കൊന്നും വരില്ല....
ആവശ്യത്തിന് പണം ആശുപത്രിയിൽഅടച്ചിട്ട്ണ്ട്.
പിന്നെ നിൻറെ കല്യാണത്തിന് വേണ്ടത് അച്ഛനെ ഏൽപ്പിച്ചിട്ട്ണ്ട്. എനിക്ക് ലീവ്ണ്ടാവില്ല... "
എന്നുപദേശിച്ച് കുഞ്ഞുപെങ്ങളുടെ നെറുകയിൽ തലോടി അയാൾ നടന്നകന്നു.
ബസിറങ്ങിയ രണ്ടു നീർമിഴികൾ
"രാമ്വേട്ടാ"
ന്നു വിളിച്ചുകൊണ്ടോടിവരുന്നത് കാണാത്തമട്ടിൽ മട്ടിൽ മുന്നിൽ കിടന്ന ഓട്ടോയിൽ കയറി. ആ മിഴികൾ ഒരു പുഴയായൊഴുകുന്നത് നഗരത്തിരക്കിൽ മറയുന്ന ആ ഓട്ടോയിലിരുന്ന് അയാൾ നോക്കിക്കണ്ടു.
തലക്കുമീതെ കത്തിജ്ജ്വലിക്കുന്ന സൂര്യനെ വകവെക്കാതെ തന്നെ ജോലിയേൽപ്പിച്ച വ്യവസായപ്രമുഖൻറെ കാറിനുമുന്നിൽ അയാൾ നിന്നു.
"താനാളു മിടുക്കനാ... അതുകൊണ്ടാണ് ഒന്നൂടി കാണാംന്നു വെച്ചത്. പക്ഷേ നമ്മൾ തമ്മിലുള്ള ബന്ധം ഒരു പുച്ചക്കുഞ്ഞങ്കിലും അറിഞ്ഞാൽ പിന്നെ താൻ ബാക്കിയുണ്ടാകില്ല. ഇപ്പോൾ താൻ ചെല്ല്... "
സംഭാഷണം താക്കീതിൽ അവസാനിപ്പിച്ചുകൊണ്ട് കാറിൻറെ സൈഡ്ഗ്ലാസ് ഉയർന്നു. പിന്തിരിഞ്ഞു നടക്കാനാഞ്ഞ അയാളെ തടഞ്ഞുനിർത്തിയ പോലീസുകാരൻറെ കയ്യിൽ തൂങ്ങിയാടുന്ന വിലങ്ങുകണ്ട് നിസ്സഹായനായ അയാൾ ഒരു സഹായത്തിനായി ചുറ്റുംനോക്കി. തൻറെ കയ്യിൽ പൊലീസ് വിലങ്ങണിയിക്കുന്ന ചിത്രം നിർവ്വികാരഭാവത്തിൽ മൊബൈലിൽ പകർത്തുന്ന വ്യവസായപ്രമുഖനെ കണ്ട് അയാളുടെ ശരീരത്തിൽ വിയർപ്പുതുള്ളികൾ ഉരുണ്ടുകൂടി.
"പ്രമുഖനായ രാഷ്ട്രീയനേതാവിനെ കൊന്നകേസിൽ ഗുണ്ടാനേതാവ് 'സീക്രട് റാം' റിമാൻഡിൽ."
കോടതിയിൽ പോകാനായി സൂപ്രണ്ടിൻറെ ഓഫീസിലെത്തിയപ്പോഴാണ് അയാളാ പത്രവാർത്ത കണ്ടത്. രണ്ടുദിവസം കൊണ്ട് ലോകം തനിക്ക് ചാർത്തിത്തന്ന പേരുകണ്ട് തികട്ടിവന്നത് ഒരു ചോരക്കട്ടയായി അയാൾ ജനലിലൂടെ പുറത്തേക്ക് തുപ്പി. പോലീസുകാരുടെ പെരുമാറ്റം അയാളുടെ പുറത്തും കവിളിലും കല്ലിച്ചുകിടന്നിരുന്നു.
പ്രതിയ്ക്ക് കൊലചെയ്യപ്പെട്ട നേതാവുമായുള്ള മുൻഇടപാടുകൾ പ്രത്യേകം അന്വേഷിക്കണം "
എന്ന മുഖവുരയോടെ കോടതി അയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടപ്പോൾ അയാൾ ഒരു നെടുവീർപ്പോടെ പ്രതിക്കൂട്ടിൽനിന്നും താഴെയിറങ്ങി.

"സീക്രട് റാമിന് ഏറ്റവും വലിയ ശിക്ഷതന്നെ കിട്ടണം. നാമെല്ലാം നെഞ്ചിലേറ്റിയ നമ്മുടെ വീരനേതാവിനെയാണവൻ ഇല്ലാതാക്കിയത്..."
ടൗണിലെ മൈതാനിയിൽ പ്രസംഗിച്ചുകൊണ്ടിരുന്ന വ്യവസായപ്രമുഖൻറെ വാക്കുകൾ കേട്ട് അയാൾ പാതിമയക്കത്തിൽനിന്നും ഞെട്ടിയുണർന്നു.
പോലീസ്ജീപ്പിൻറെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു അയാളപ്പോൾ. ട്രാഫിക്ഐലൻഡിലെ ചുവന്ന വെളിച്ചത്തിനുകീഴിൽ മുപ്പത് എന്ന അക്കം തെളിഞ്ഞ് കീഴ്പ്പോട്ട് എണ്ണിക്കൊണ്ടിരുന്നു. നടപ്പാതയിൽ നിന്നും ചില വിരലുകൾ തനിക്കുനേരേ വീണ്ടുവരുന്നതും ചില ചുണ്ടുകൾ "സീക്രട്റാം" എന്നു ചലിക്കുന്നതും നോക്കിയിരുന്ന അയാൾ കൂടെയിരുന്ന പോലീസുകാരൻ തന്നെ തുറിച്ചുനോക്കുന്നത് സഹിക്കാനാകാതെ വീണ്ടും കണ്ണുകൾ ഇറുക്കിയടച്ചു.
വിലങ്ങണിഞ്ഞ കൈകൾകൊണ്ട് മിനറൽവാട്ടറിൻറെ കുപ്പി വായിലേയ്ക്കൊഴിക്കുവാൻ പാടുപെടുകയായിരുന്ന അയാൾ തലയക്കുമീതേ സ്ഥാപിച്ച ടിവിയിൽ പ്രമുഖചാനലിൽ തൻറെ അച്ഛന്റെ സംഭാഷണം കണ്ട് ഞെട്ടിത്തരിച്ചു.
"അവനീ കുടുംബത്തിൽ അഞ്ചു പൈസ ചെലവിന് തന്നിട്ടില്ലെൻറെ സാറേ.... എപ്പോഴെങ്കിലും വന്നു കയറിയാൽ മുക്കുംമൂലയും തപ്പി കിട്ടീതുംകൊണ്ടുപോകും.... "
വാർദ്ധക്യം ബാധിച്ച ആ പിതാവിന്റെ കരച്ചിലുകണ്ട് ചേർത്തുപിടിച്ചാശ്വസിപ്പിക്കുന്ന റിപ്പോർട്ടറുടെ പുറകിലെ കട്ടിലിൽ കിടന്നുകൊണ്ട് വർദ്ധിച്ചശ്വാസംമുട്ടിനൊപ്പം ചിലവാക്കുകൾ പുറത്തുവിടുന്ന അമ്മ.
"ആശൂത്രീലിക്കൊന്നു വന്നുപോലൂല്യെൻറെ സാറേ രണ്ടറ്റാക്കുവന്ന ഈ മനുഷ്യൻ കടം വാങ്ങിയാ ന്നെ ചികിത്സിച്ചത്. നശിച്ചു പോട്ടെ ആ കുരുത്തംകെട്ടോൻ.. ൻറെ വയറ്റില് തന്നെ വന്നു പിറന്നൂലോ ഭഗവാനേ...."
ചുറ്റുമുള്ള ഇരുട്ടിൽ ഒന്നൊളിക്കാൻ കൊതിച്ച അയാളെ അന്വേഷണ ഉദ്യോഗസ്ഥൻ ഒന്നുകൂടി പ്രഹരിച്ചു. കാലിനിടയിലൂടെ ഒലിച്ചിറങ്ങിയ മൂത്രത്തിൻറെ ഗന്ധം ചുറ്റും പരന്നപ്പോൾ ഉദ്യോഗസ്ഥൻറെ ചവിട്ടേറ്റ് അയാൾ ഒരുവശത്തേക്ക് ചെരിഞ്ഞുവീണു.
കോടതിയിലേക്കുള്ള യാത്രയിൽ സ്വതന്ത്രമായ കൈകളിൽ ശിരസ്സുതാങ്ങി അയാളിരുന്നു. അച്ഛനമ്മമാരുടെ ശാപവാക്കുകൾ അയാളുടെ നെഞ്ചിൽ തിളച്ചുമറിഞ്ഞുകൊണ്ടിരുന്നു. തൻറെ നിസ്സഹായതയെ മുതലെടുത്തവരുടെയെല്ലാം മുഖങ്ങൾ അയാളുടെ മനസ്സിൽ മിന്നിമറഞ്ഞുകൊണ്ടിരുന്നു.
"വെള്ളം. .. വെള്ളം. .."
എന്നയാളുടെ മനസ്സ് മന്ത്രിച്ചപ്പോൾ
കാലിലൂടെ കയറിയ ഒരുവിറയൽ ശരീരംമുഴുവൻ തൊട്ടുഴിഞ്ഞു കടന്നുപോയി. വറ്റിവരണ്ട നാവ് നൊട്ടിനനച്ച് അയാളെന്തോ പറയാൻ തുടങ്ങി. പക്ഷേ ശബ്ദം പുറത്തു വരുന്നതിനുമുമ്പേ പിന്നിലുണ്ടായിരുന്ന ലോറിക്കടിയിലേക്ക് മറിഞ്ഞു വീണിരുന്നു. റോഡ്സൈഡിൽ കുത്തിനിർത്തിയിരുന്ന പിശാചിൻറെ പുറത്തേക്ക് തൂങ്ങിക്കിടന്ന നാവിൽനിന്നും രക്തം ഒലിച്ചിറങ്ങി....
അയാൾ പിടഞ്ഞുതീർന്ന റോഡിലൂടെ പാഞ്ഞുപോയ സൈക്കിളിനു പുറകിൽ അടുക്കിവച്ചിരുന്ന പ്രമുഖ പത്രത്തിന്റെ മുൻപേജിൽ പുതിയൊരു വാർത്തയുണ്ടായിരുന്നു
"പോലീസ്ജീപ്പിൽനിന്നും രക്ഷപ്പെടാൻ ശ്രമിച്ച സീക്രട്റാം ലോറിയിടിച്ച് മരിച്ചു." അപ്പോൾ രക്താഭമായ ആകാശച്ചെരുവിലൂടെ പക്ഷികൾ തീറ്റതേടി പറന്നുപോകുന്നുണ്ടായിരുന്നു.
● ● ● ● ●
ദിൽനധനേഷ്

കാക്കാത്തിയമ്മ


മകരക്കൊയ്ത്ത് കഴിഞ്ഞ് പാടങ്ങൾ വിണ്ടടരുമ്പോൾ,
കാവുകളിൽ കൂത്തുകൂറയിടുമ്പോൾ, ചെണ്ടയും മദ്ദളവും പതംപറഞ്ഞ് കരയാൻതുടങ്ങുമ്പോൾ.....
ഞങ്ങളുടെനാട്ടിൻപുറത്ത് പതിവായി മുഴങ്ങിക്കേൾക്കാറുള്ള ഒരു ശബ്ദമുണ്ട്.
"കൈ നോക്കാണാമ്മാ.... കൈയ്..
ഒള്ളത് ഒള്ളതായി പറയും....
ഭാവി. .. ഭൂതം.. വർത്തമാനം... എല്ലാം പറയും........"
കേരളത്തിന്റെ അതിർത്തിഗ്രാമങ്ങളിലെവിടെയോ നിന്ന് പാലക്കാടൻകാറ്റിനൊപ്പം കുന്നിറങ്ങി,
നിറംമങ്ങിയ ചേലചുറ്റി, നെറ്റിയിൽ ചുവപ്പും, കൈകളിൽ പച്ചയും കുത്തി, കാട്ടുപൂക്കൾ തിരുകിയ മുടിക്കെട്ടുമായി , കുപ്പിവളകൾ കിലുക്കി, ഒരു തോളിൽ ഭാണ്ഡവും , മറുതോളിൽ കിളിക്കൂടുംതൂക്കി, നാലുംകൂട്ടി മുറുക്കിച്ചോപ്പിച്ച് ,
ചറപറെച്ചിലയ്ക്കുന്ന നാക്കുമായി ഞങ്ങളുടെ നാട്ടിലെത്താറുണ്ട്
കാക്കാത്തിയമ്മ.......
അകലെനിന്ന് ഈ ശബ്ദം മുഴങ്ങുമ്പോഴേ കൈനോക്കി ലക്ഷണംകേൾക്കാൻ വിടർത്തിപ്പിടിച്ച വലതുകയ്യുമായി, കുട്ട്യോൾടച്ഛൻറെ സമ്മതവുംവാങ്ങി വീട്ടമ്മമാർ ഉമ്മറപ്പടിയിൽ കാത്തിരിക്കും....

'കാക്കാത്തി കൈവെള്ളയിൽതുപ്പും'
എന്ന് പറഞ്ഞു കൊണ്ട് ചില അമ്മമാർ തങ്ങളുടെ ഇല്ലായ്മ കുട്ടികളിൽനിന്ന് മറച്ചുപിടിക്കാനും ശ്രമിച്ചിരുന്നു..
തത്തപ്പെണ്ണിന് പിഴക്കില്ലെന്ന മുഖവുരയോടെ കാക്കാത്തിയമ്മ കൂടുതുറക്കുമ്പോൾ തത്തമ്മ കൂടുവിട്ടിറങ്ങും.
മുരുകനും, പരമശിവനും,രാമനും സരസ്സ്വതിയും, ഹനുമാനും.... അങ്ങനെ പരശ്ശതം ദൈവങ്ങളുറങ്ങുന്ന ചീട്ടുകളിൽ നിന്ന് ഒരെണ്ണം ചുവന്നചുണ്ടുകൾക്കൊണ്ട് കൊത്തിയെടുത്ത് തത്തപ്പെണ്ണ് തിരികെ കൂട്ടിൽകയറും..
ചീട്ടുകയ്യിലെടുത്ത്, കൈപ്പടംവിടർത്തിനോക്കി , ചെറുചിരിയോടെ കാക്കാത്തി പതുക്കെ വാചാലയാകും....
അന്തസ്സുളള കുടുംബത്തിലാണുപിറന്നതെന്നും വെണ്ണപോലലിയുന്ന മനമാണെന്നും വാഴ്ത്തും.
വീട്ടമ്മയ്ക്ക് മക്കളെത്രയെന്നും, മൂത്തവൾ ശൂരനെന്നും, കെട്ടിച്ചു വിടേണ്ടതെങ്കിലും ഇളയവൾ കുടുംബത്തിന്റെവിളക്കെന്നും ചൊല്ലും. ..
കന്യകയെങ്കിൽ രാമനേപ്പോലൊരുവൻ വരുമെന്നും, പ്രാണൻപോയാലും സ്നേഹത്തിൽപ്പൊതിയുന്നവൻ ആയിരിക്കുമെന്നും കൊതിപ്പിക്കും...
യുവാക്കളെങ്കിൽ
പല ദേശങ്ങൾതാണ്ടി അലയേണ്ടിവരുമെങ്കിലും നല്ല ഉദ്യോഗം ലഭിക്കുമെന്നും, ഉയർന്ന നിലയിലെത്തുമെന്നും, ലക്ഷ്മിയേപ്പോലൊരുവൾ കാത്തിരിപ്പുണ്ടെന്നും സമാധാനിപ്പിക്കും...
ഗൃഹനാഥന്മാർക്ക്
പരമശിവനെപ്പോലെ മുൻകോപിയെങ്കിലും കുടുംബം വിട്ടൊരുകളിയില്ലെന്നുപറഞ്ഞ്, വരാനിരിക്കുന്ന നല്ലകാലത്തെ തടയാൻ ഉറ്റവരും ഉടയവരും ഉഴറി നടപ്പുണ്ടെന്ന് മുന്നറിയിപ്പ് നൽകും....
ഒടുവിൽ ദൈവേച്ഛയാൽ സർവ്വം ശുഭമാകുമെന്ന് ആശ്വസിപ്പിക്കും.
തത്തപ്പെണ്ണിൽ മനംമയങ്ങിയിരിക്കുന്ന കുഞ്ഞുമക്കൾക്ക് ദൃഷ്ടിദോഷം പറ്റാതിരിക്കാൻ നാവേറുപാടും....
കൊട്ടനുറുപ്പികയും അരിയോ തേങ്ങയോ അങ്ങനെ നാശമാവാത്തതെന്തെങ്കിലും കൈനീട്ടം വാങ്ങി പടിയിറങ്ങും.
പിന്നെ അടുത്ത വീട്ടിലേക്ക്......
കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ നിന്ന് വാണിഭച്ചന്തകൾ കളമൊഴിയുമ്പോൾ,
കാളയും തേരും കാവിറങ്ങുമ്പോൾ. .....
തോളിൽ കിളിക്കൂടുംതൂക്കി, കനമേറിയ മടിശ്ശീലയുമായി, വെയിൽവീഴ്ത്തിയ നിഴലിനൊപ്പം ആടിയാടി, വിണ്ടുകീറിയ പാദങ്ങളുറപ്പിച്ച്, പൊടി പാറുന്ന ചെമ്മൺപാതയിലൂടെ നടന്നുമറയും
കാക്കാത്തിയമ്മ......
ദിൽനധനേഷ്

നെയ്‌വിളക്ക്

മരോട്ടിക്കാവിലെ ഭഗോതിയ്ക്ക് നെയ് വെളക്ക് നേർന്നേൻറെ പിറ്റേദിവസാണ് അതുണ്ടായത്. ആ പെണ്ണുകാണൽ. കൃത്യായി പറഞ്ഞാൽ ൻറെ എൺപത്തിയഞ്ചാമത്തെ പെണ്ണുകാണൽ.
അല്ല അതിനിപ്പോ ആരേം പറഞ്ഞിട്ടും കാര്യംല്യേയ്..
അത്ര സുന്ദരിയൊന്ന്വല്ലാലോ ഞാന്. തരക്കേടില്യാന്നു മാത്രം. അതോണ്ടന്ന്യാവും ഈ ഇരുപത്തിരണ്ടു വയസ്സുവരെ ഒരാളുപോലും പ്രണയംന്നു പറഞ്ഞ് പിന്നാലെ വരാഞ്ഞതും. അങ്ങനെ തീർത്തു പറയാൻ പറ്റില്യാട്ടോ... ഒന്നു രണ്ടു പേരൊക്കെ ൻറെ ചുറ്റും വട്ടമിട്ടു പറക്കാൻ ശ്രമിച്ചിട്ട്ണ്ട്.....
അയ്യട ചെവികൂർപ്പിക്കണ്ട . അതൊക്കെ ൻറെ രഹസ്യങ്ങളാ...
അപ്പോ പറഞ്ഞു വന്നത് ന്താന്ന്വച്ചാൽ ൻറെ എൺപത്തിയഞ്ചാം പെണ്ണുകാണൽ. രാവിലെ ജോലിക്ക് പോകാൻ ഒരുങ്ങിയെറങ്ങ്യേപ്പളാണ് അച്ഛന്റെ ആജ്ഞ.
"ന്ന് പോണ്ടാ.. നെന്നെ കാണാൻ ഒരൂട്ടര് വരണ്ട്."
കേട്ടപാടേ ഞാനെതിർത്തു.
"പറ്റില്യ... നിക്ക് പോണം"
പക്ഷേ തീർത്തു പറഞ്ഞു അച്ഛൻ
"ന്ന് പോണ്ടാ..."
"ന്നാ പിന്നേ... രാവിലേ പറയാര്ന്നില്യേ അച്ഛന്. ഞാനീ ഉട്ത്തൊര്ങ്ങി ചോറും വെള്ളോക്കെ കെട്ടിപ്പൊതിഞ്ഞ് എറങ്ങണ വരെ പറയാൻ കണ്ടില്യേ...? അവരോട് ഞായറാഴ്ച വരാൻ പറയൂ."
"ൻറെ ഭഗോത്യേ... ന്തൊക്കെയാ ൻറെ കുട്ട്യേ നീയ്യ് പറേണത്? കല്യാണത്തെക്കാൾ വല്താണോ നെനക്കാ പ്രൈവറ്റ്സ്ഥാപനത്തിലേ ജോലി? "
വിറച്ചു വിറച്ച് അച്ഛമ്മ അച്ഛന്റെ സൈഡു ചേർന്നു.
"കല്യാണല്ലല്ലോ അച്ഛമ്മേ , പെണ്ണുകാണല്ലേ. വരണോരൊക്കെ വന്നപോലങ്ങട് പോവും.... നിക്ക് മത്യായീ..."
പറഞ്ഞു തീർന്നതും ഒരു വണ്ടി മുറ്റത്തേക്ക് കയറി. ന്നെ വലിച്ചോണ്ട് അച്ഛമ്മ അകത്തേക്കും.
എത്രതവണ കാണാൻ വന്നോര്ടെ മുന്നില് കാഴ്ചവസ്തുവായി നിന്നാലും ഒരു പരിഭ്രമോക്കെ ണ്ടാവൂലോ..... വന്നോരൊക്കെ ന്തൊക്ക്യോ ചോയ്ച്ചു. ഞാൻ മറുപടീം പറഞ്ഞു. ചെറ്ക്കനാച്ചാ ഒന്നും മിണ്ട്യൂല്ല്യ. പോവാന്നേരം അവരുടെ കൂട്ടത്തിലാരോ പറയണ കേട്ടു .
"കുട്ട്യോട് യാത്ര പറയെടാ.. "
ന്നാ പിന്നെ അതൊന്ന് കാണാലോന്ന്ള്ള ഭാവത്തില് ഞാനും നിന്നു. പോവാനിറങ്ങിയ ചെക്കൻ തിരിഞ്ഞ് അമ്മയെ നോക്കി
"അപ്പോ ശരി..."
എന്നേ ഒന്നു നോക്കീതുപോലൂല്യ. അഞ്ചുമിനിറ്റോണ്ട് മെനഞ്ഞെടുത്ത സങ്കല്പക്കൊട്ടാരം ദാ കെടക്ക്ണൂ തവിടുപൊടിയായി...
അന്ന് വൈകീട്ട് ഞാൻ വീട്ടിലെത്ത്യേപ്പോ എല്ലാരും കൂടി വട്ടട്ട് ന്നോടൊര് ചോദ്യം
"ആ ചെക്കനെ നെണക്ക് പിടിച്ച്വോ മോളേ...? അവര് വിളിച്ചാ ന്താ പറയണ്ടേ?"
ന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ പ ടിയിറങ്ങിയ ആ രൂപം മനസ്സിൽ തെളിഞ്ഞു
"ഓ.... ങ്ങളൊക്കെ ന്താന്ന്വച്ചാൽ ചെയ്യ്.."
അലസമായി മറുപടി കൊടുത്ത് ഞാനെൻറെ ലോകത്തേക്ക് ചേക്കേറി.
പിന്നെ രണ്ടു ദെവസം വല്യ ഒച്ചപ്പാടൊന്നൂല്യാണ്ട് കടന്നുപോയി. മുന്നാം ദിവസം രാവിലേത്തന്നേണ്ട് മാമന്മാരും ചെറ്യച്ഛന്മാരും എല്ലാം വീട്ടിലേക്കു വരണു. ഞാൻ പൊതുവേ ഒരു മിണ്ടാപ്രാണിയായോണ്ട് വല്യ കാര്യങ്ങളൊന്നും അന്വേഷിക്കാണ്ടെ ഞാൻ ഓഫീസിൽ പോയി. വൈകീട്ട് വന്നപ്പഴും അവരാരും പോയ്ട്ടില്യ. കാര്യായി ന്തോ ചർച്ച ചെയ്തോണ്ടിരുന്ന അവർക്കായി ഒരു പുഞ്ചിരി സമ്മാനിച്ച് ഞാൻ അകത്തേക്കു കയറി. അപ്പഴാണ് അമ്മ പറേണത്
"ഞായറാഴ്ചയാ മോളേ നിശ്ചയം, ഇനി മൂന്നു ദെവസേള്ളൂ.. മ്മക്ക് നാളെത്തന്നെ പോണം മരോട്ടിക്കാവില്ക്ക്."
നിശ്ചയം ആർഭാടയിത്തന്നെ കഴിഞ്ഞു. ദിവസങ്ങള് നാലഞ്ചെണ്ണം പിന്നേം കഴിഞ്ഞു. എല്ലാരും ചെക്കൻ വിളിക്കണ കാര്യം പറഞ്ഞു കളിയാക്കാൻ തൊടങ്ങി. കൂട്ടുകാരാന്ന്വെച്ചാ പാതിരാത്രി പോലും മിസ്ഡ് കോളടിക്കാന്തൊടങ്ങി. ഏയ്... ൻറെ ഫോൺ ബിസിയാണോന്ന് അറിയാനേയ്... ന്നാലല്ലേ അവർക്ക് ന്നെ കള്യാക്കാൻ പറ്റ്ള്ളൂ...
എല്ലാം കേട്ടപ്പോ ഞാനും നെയ്തൂ ഒരൂട്ടം സ്വപ്നങ്ങള്. എപ്പോഴും ഫോൺ ചേർത്തുപിടിച്ചു. ഒരു വിളിക്കായ് കാതോർത്തിര്ന്നു. ആറേഴ് ദെവസം കഴിഞ്ഞപ്പഴേക്കും എല്ലാരടേം സംസാരങ്ങളെ മറികടന്ന് ആ രംഗം പിന്നേം ൻറെ മനസ്സില് ശക്തിയാർജ്ജിക്കാൻ തൊടങ്ങി.
" ന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ പ ടിയിറങ്ങിപ്പോയ ആ രൂപം."
"ഇഷ്ടായിട്ട്ണ്ടാവില്യ"
എന്ന് ൻറെ മനസ്സ് എന്നോടു പറഞ്ഞുകൊണ്ടേയിര്ന്നു.
എട്ടാമത്തെ ദെവസം ഒരൺനോൺ നമ്പറീന്ന് വിളിവന്നു.
"ഹെലോ.... ഞാൻ. ... ദീപുവാണ്...."
"ആര്....?"
തോന്നലാണോ?
"ഓ.... . ഇത്ര പെട്ടെന്ന് മറന്ന്വോ....?"
കുസൃതി നിറഞ്ഞ ആ ചോദ്യം കേട്ടപ്പോ..... ശ്ശോ.... ഞാനാകെ നാണിച്ചുപോയീട്ടോ....
പിന്നെന്താ പറയ്യാ... ഇപ്പോ നാലുമാസം കഴിഞ്ഞു. .. എപ്പഴും വിള്യന്നെ വിളി... രാവൂല്യ പകലൂല്യ.. വല്യ ഇഷ്ടാ.... ന്നെ.... ആദ്യം വിളിക്കാണ്ടിര്ന്നത് ചമ്മലോണ്ടാത്രെ....
ആ... പിന്നൊര് കാര്യോണ്ട്ട്ടോ.... സ്ത്രിധനോന്നും ചോദിച്ച്ട്ടില്യാത്രെ അവര്..
"അവനേം വീട്ടുകാരേം സ്നേഹിക്കൻ അറിയണ ഒരു കുട്ടീന്യാ ഞങ്ങൾക്കു വേണ്ടത്. അല്ലാതെ അവൾക്ക് കിട്ടണ പൊന്നുംവില പണോന്ന്വല്ല..."
എന്നാത്രെ ആൾടെ അച്ഛൻ പറഞ്ഞത്. ....
ശ്ശോ....സംസാരിച്ചിര്ന്ന് നേരം പോയി... ഞാൻ പോട്ടേ... അമ്മ തെരക്കണുണ്ടാവും... അപ്പോ... മറക്കണ്ട. ..വരണ വ്യാഴാഴ്ചയാ.... കല്യാണം. . എല്ലാരും തലേന്നെന്നെ വരണട്ടോ.....
by: 
Dilna Dhanesh

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo