Slider

ചില നേരങ്ങളിൽ

0



അന്നും അവൾ തിരക്കിട്ട് വീട്ടിൽനിന്നും ഇറങ്ങി. ഓഫീസിലും
തിരികെ വീട്ടിലെത്തിയാലും ചെയ്തുതീർക്കേണ്ട ജോലികൾ ഓർത്തപ്പോൾത്തന്നെ
അവൾക്ക് തലവേദന തുടങ്ങി. എങ്കിലും ഗേറ്റിനരികിൽ ആദ്യമായി
മൊട്ടിട്ടുനിൽക്കുന്ന ചാമ്പത്തയ്യിനെ അതിരറ്റസന്തോഷത്തോടെ ഒന്നു
തൊട്ടുതലോടാനവൾ മറന്നില്ല. കയ്യിലുണ്ടായിരുന്ന ചാവിയും മൊബൈലും ബാഗിൽ
നിക്ഷേപിക്കുന്നതിനിടെ നടത്തത്തിനിടയിൽ വസ്ത്രം സ്ഥാനം
തെറ്റുന്നയിടത്തേക്ക് സാരിത്തലപ്പ്ചേർത്ത്  ഒതുക്കിപ്പിടിച്ചു.
പച്ചക്കറിക്കട നടത്തുന്ന വറീതാപ്ല കടവരാന്തയിൽനിന്ന് ഫുട്പാത്തിലേക്ക്
വിരിച്ചിട്ട ചാക്കിലേയ്ക്ക് പച്ചക്കറികൾ പരത്തുന്നതിനിടെ അവളെക്കണ്ട്
ആദരവോടെ  എണീറ്റു.

\"ആ... വിമലസാറിന്ന് നേരംവൈക്യാ...\"

         അയാളുടെ ചോദ്യത്തിന് ഉണ്ടെന്നോ ഇല്ലെന്നോ വ്യക്തമാകാത്ത ഒരു
പുഞ്ചിരി സമ്മാനിച്ച് അവളയാളെ കടന്നുപോയി. നാലഞ്ചു ചുവടുകൾവച്ച് ആരേയോ
നോക്കുന്നഭാവത്തിൽ അവളൊന്ന് തിരിഞ്ഞു നോക്കിയപ്പോൾ തൻറെ അംഗചലനങ്ങളെ
കാമക്കണ്ണുകളാൽ ഒപ്പിയെടുക്കുന്ന വറീതാപ്ലയെക്കണ്ട് അവളുടെ വായിൽ
കയ്പുനീർ നിറഞ്ഞു. ആരും കാണാതെ ഓടയിലേക്കതു തുപ്പിക്കളഞ്ഞ് നടത്തത്തിന്
വേഗത കൂട്ടുമ്പോൾ കൈവിരലുകൾ അവളറിയാതെ ബേഗിലെന്തോ പരതി.

ബസ്സ്റ്റോപ്പിലെത്തിയപ്പോഴേക്കും പുറപ്പെടാൻ തുടങ്ങിയ ബസിലെ ക്ലീനർ
\"ടീച്ചറേ... വേഗം വാ...\"
എന്ന മുഖവുരയോടെ ഡോർ തുറന്നുപിടിച്ചിരുന്നു. ഇനിയും വൈകിയാൽ ഓഫീസറുടെ
വായിൽനിന്ന് വീഴാവുന്ന ശകാരങ്ങളെപ്പേടിച്ച് കാലുകുത്താൻ സ്ഥലമില്ലാത്ത ആ
ബസിൽ കയറുമ്പോൾ ഇനിയിവൻറെ വിയർപ്പുനാറ്റവും സഹിക്കേണ്ടിവരുമല്ലോ
എന്നോർത്ത് വിമല ഒരുനിമിഷം ശ്വാസം അടക്കിപ്പിടിച്ചു. മുകളിലെ സ്റ്റെപ്പിൽ
കമ്പിയിൽ അള്ളിപ്പെടിച്ചുനിൽക്കുന്ന സ്ത്രീയുടെ ദേഹത്തേക്ക് ചാരിനിന്ന്
അക്ഷമയോടെ ഡോറുതുറന്നു പിടിച്ചിരിക്കുന്ന ക്ലീനറുടെ കൈകൾക്കിടയിലൂടെ
ബസ്സിലേക്ക് നൂണുകടക്കുമ്പോൾ വിയർപ്പിൽ ഒട്ടിപ്പിടിച്ച ബ്ലൗസിലെയ്ക്ക്
അവൻറെ കണ്ണുകളും നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത് അവളറിഞ്ഞു.
മുന്നിലുണ്ടായിരുന്ന സ്ത്രീയോടൊപ്പം തിക്കിത്തിരക്കി ഉള്ളിലേയ്ക്ക്
കയറുന്നതിനിടെ അവൻറെ കൈകൾ തൻറെ നിതംബത്തിലൊന്നു തൊട്ടതും,
\"കേറ് ടീച്ചറേ..”

 എന്ന അവൻറെ സ്വാഗതത്തോടെ തൊട്ടുപിന്നിൽ കയറിയ സ്ത്രീയിലേക്കത്
പിൻവലിഞ്ഞതുംകണ്ട് വിമല കണ്ണുകൾ ഇറുക്കിയടച്ചു.

         കുട്ടിക്കൂറയുടേയും കാച്ചെണ്ണയുടേയും സ്റ്റിഫ്ആൻഡ്ഷൈൻറേയും
സാമ്പാറിൻറേയും മീനിൻറേയും പലതരം ഡിയോഡറൻറുകളുടേയുമെല്ലാം ഗന്ധങ്ങൾ അവളെ
പൊതിഞ്ഞു. രണ്ടുപേർ കയറിയതിന് സ്ത്രീകൾക്കിടയിലൂടെ നാലുതവണ നടന്ന
കണ്ടക്ടറുടെ മുഖത്തെ സംതൃപ്തി നോക്കിക്കൊണ്ട് വിമല അയാൾക്കുനേരേ
ബേഗിൽനിന്നു വലിച്ചെടുത്ത പത്തിൻറെ നോട്ടുനീട്ടി.

\"ചില്ലറയില്ല ടീച്ചറേ… ഇനി കയറുമ്പോൾ തരാം. . ഓർമ്മിപ്പിച്ചാൽ മതി...\"

എന്നയാൾ പറഞ്ഞപ്പോൾ ബാക്കി ഒരുരൂപ തരുന്ന നേരംകൊണ്ട് കൈവെള്ളയിൽ അയാൾ
നടത്തുന്ന ചിത്രപ്പണിയിൽനിന്നും  ഇന്നൊരുദിവസം രക്ഷപ്പെട്ടപ്പെട്ടതിൽ
വിമലക്കുണ്ടായ സന്തോഷം അധികം നീണ്ടുനിന്നില്ല. ഇടവും വലവും അപ്പുറവും
നിൽക്കുന്നവരിൽനിന്ന് കാശുവാങ്ങാനും ബാക്കികൊടുക്കാനും
കൈനീട്ടുന്നതിനിടയിൽ അയാൾ നടത്തിയ ചില പരതലുകളിൽനിന്നും രക്ഷനേടനായി അവൾ
മറ്റുപലരേയുമെന്നപോലെ ശരീരം പലതരത്തിലും വളയ്ക്കുകയും ഒടിയ്ക്കുകയും
ചെയ്തു.

        തിരക്കിനിടയിലൂടെ കൈനീട്ടി ഒന്നുതോണ്ടി

\"എന്തുപറ്റി..\"

എന്നന്വേഷിച്ച സഹപ്രവർത്തക രാജിയോട്

\"ബസിറങ്ങിയയുടൻ  രണ്ടുക്രോസിനെങ്കിലും വിഴുങ്ങിയില്ലെങ്കിൽ ശരിയാകില്ല..\"

എന്നുപറഞ്ഞുകൊണ്ട് അവളിരുന്ന സീറ്റുചാരിനിന്ന് കാലത്ത്
കിടക്കവിട്ടെഴുന്നേറ്റതു മുതൽ ഇതുവരെയനുഭവിച്ച തിരക്കുകളേയും
സംഘർഷങ്ങളേയുമെല്ലാം ഒരു നെടുവീർപ്പിലൂടെ മോചിപ്പിച്ചു.
പുറംകാഴ്ചകളിലേയ്ക്ക് തലതിരിച്ചുവെങ്കിലും തൊട്ടുമുമ്പിൽ നിന്നിരുന്ന
കുട്ടികളുടെ ചില സംസാരങ്ങൾ പതിയെ വിമലയുടെ  ചിന്തകളെ ബാല്യത്തിലേയ്ക്കും
സ്കൂൾകാലത്തേയ്ക്കും പറത്തിവിട്ടു. ഒരുപക്ഷേ ആ ഓർമ്മകളും രാജിയുടെ
പറഞ്ഞാൽതീരാത്ത വീട്ടുവിശേഷങ്ങളും കാരണമാകാം ബസിറങ്ങി ഓഫീസിലേക്ക്
നടക്കുമ്പോൾ തലവേദനയുടേയും ക്രോസിൻറേയും കാര്യം അവൾ മറന്നു പോയിരുന്നു.

        ഓഫീസിൽ തിരക്കിട്ട് ജോലി ചെയ്യുമ്പോഴും അവളുടെ മനസ്സ്
അസ്വസ്ഥമായിരുന്നു.അതുവരെ മാന്യമായി പെരുമാറിയ പുരുഷൻമാരായ
സഹപ്രവർത്തകരിൽ ചിലർ ലഞ്ച് ടൈമിൽ അല്പം മാറിയിരുന്ന് പെൺകൂട്ടത്തെ
ഇടംകണ്ണിട്ടു നോക്കി രഹസ്യസംഭാഷണം നടത്തുന്നത് കണ്ട് വിമല
ചോറ്റുപാത്രത്തിൽ കളംവരച്ചു. വൈകീട്ട് ഓഫീസിൽ നിന്നിറങ്ങി മക്കൾ
ആവശ്യപ്പെട്ടിരുന്ന സാധനങ്ങളും ഭർത്താവ് തയ്ക്കാൻ നൽകിയിരുന്ന ഷർട്ടും
വാങ്ങി  ഒരു കയ്യിൽ തൂക്കിപ്പിടിച്ച് അവൾ ബസിൽ കയറി.
ഒറ്റക്കയ്യാൽ കമ്പിയിൽത്തൂങ്ങി ആടിയാടി നിൽക്കുമ്പോൾ പലവ്യഞ്ജനങ്ങളുടെ
ഉയരുന്ന വിലയും, മക്കളുടെ എൻട്രൻസ് പ്രവേശനവും,  ഇംഗ്ലീഷ് പരീക്ഷയിൽ
കുട്ടികൾ നേടിയമാർക്കും, ഒളിച്ചോട്ടത്തിനൊടുവിൽ തിരിച്ചെത്തിയ അയൽവാസിയും
അങ്ങനെ പലതരം വാർത്തകൾ ചുറ്റും ഉയർന്ന് അവളുടെ നെറ്റിയിൽ വിയർപ്പുചാലുകൾ
സൃഷ്ടിച്ചു. തൊട്ടുമുൻപിലെ അമ്മയുംകുഞ്ഞും സീറ്റിലിരിക്കുന്ന
കൈക്കുഞ്ഞിൻറെ കുസൃതികൾ കണ്ടു നിൽക്കുന്നതിനിടയിൽ തിരക്കിൽ നിന്നൊരു കൈ
നീണ്ടുവന്ന് തന്റെ അരക്കെട്ടിൽ ഉരസുന്നതറിഞ്ഞപ്പോൾ വിമലയൊന്നു ഞെട്ടി.
അല്പം തിക്കിത്തിരക്കി മുന്നിലേക്ക് മാറാനൊരു പാഴ്ശ്രമം
നടത്തുന്നതിനിടയിൽ അവളുടെ കൈകൾ ഒന്നുകൂടി ബേഗിൽ പരതി. തന്റെ
നിസ്സഹായാവസ്ഥ നിസ്സംഗതയും സമ്മതവുമായി കണക്കാക്കി തിരക്കുകൾക്കിടയിലൂടെ
ഊളിയിട്ട ആ കൈകൾ വീണ്ടും തൻറെ അരക്കെട്ടിൽ ഉരസുകയും പിടുത്തം മുറുകുകയും
ചെയ്യുന്നതറിഞ്ഞപ്പോൾ അവൾക്ക് മനംപിരട്ടലുണ്ടായി.  ബസ് തൻറെ
സ്റ്റോപ്പിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവ് ഉണ്ടായപ്പോൾ
വേഗത്തിൽ ബേഗിൽ സൂക്ഷിച്ചിരുന്ന ബ്ലേഡ് വലിച്ചെടുത്ത് ആ കൈയിൽ ശക്തിയായി
വരച്ചു.  അതിനേക്കാൾ വേഗത്തിൽ ആ കൈ പിൻവലിയാൻതുടങ്ങിയപ്പോൾ മറുകൈകൊണ്ട്
പിടിച്ചുവച്ച് ഒന്നുകൂടി വരഞ്ഞു.  ബസ് ഒന്നുകുലുങ്ങിനിന്നപ്പോൾ
ഒന്നുമറിയാത്തപോലെ സീറ്റിനരികിൽ ബാലൻസ് ചെയ്തു വച്ച തന്റെ സഞ്ചിയെടുത്ത്
വിമലയിറങ്ങി. തിരിഞ്ഞുനോക്കിയപ്പോൾ താൻ നിന്നിരുന്നയിടത്ത് കൈകൾ
കൂട്ടിപ്പിടിച്ച് തലതാഴ്ത്തി നിൽക്കുന്നൊരു മനുഷ്യനെ അവൾ അവ്യക്തമായി
കണ്ടു. തന്റെ സാരിയിലെ ചോരനനവും ബ്ലേഡ് കൊണ്ട് കീറിയപാടും കണ്ട്
തിളക്കമാർന്ന കണ്ണുകളുമായി അവൾ തൊട്ടടുത്ത കടയിൽകയറി ഒരു പാക്കറ്റ് സേമിയ
വാങ്ങി. അതു പൊതിഞ്ഞെടുക്കുമ്പോൾ കടക്കാരനിൽ നിന്നുണ്ടായ
ഒളിഞ്ഞുനോട്ടത്തെ അവഗണിച്ച് ഭർത്താവും മക്കളും എത്തുന്നതിനുമുമ്പേ  പായസം
ഉണ്ടാക്കണം എന്നു ചിന്തിച്ച് തിരക്കിട്ട് വീട്ടിലേക്കു നടക്കുമ്പോൾ
അറിയാതെ വിമലയുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു..

BY: Dilna Dhanesh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo