നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചോര

Image may contain: one or more people and closeup



എനിക്ക് ഡയറി മിൽക്ക് വേണം"
പിന്നിൽ നിന്ന് ശബ്ദം കേട്ടാണ് ജിബിൻ തിരിഞ്ഞു നോക്കിയത്
" എന്താപ്പോ ഡയറി മിൽക്ക് കഴിക്കാൻ "
അവൻ ചോദിച്ചു
"എനിക്കല്ല ജിബി വാവയ്ക്കാ"
അവൾ വീർത്തു വന്ന വയറിലേക്ക് ചൂണ്ടി പറഞ്ഞു
"നിനക്കിപ്പോ എന്തു സാധിക്കണമെങ്കിലും വാവേ കൂട്ടു പിടിച്ചാൽ മതിയല്ലോ അളിയൻ വരട്ടെ ഞാൻ പറയുന്നുണ്ട് "
അവൻ അവളെ നോക്കി പറഞ്ഞു എന്നിട്ടവൻ ഫോൺ ചെവിയോട് ചേർത്തു
" ആനു ജാനകിക്ക് ഡയറി മിൽക്ക് വേണോന്ന് ഞാൻ കടയിൽ പോയി വന്നിട്ട് വിളിക്കാം"
"നീ പോയി വാങ്ങിയിട്ട് വാ അവൾക്കിപ്പോ എന്തു പറഞ്ഞാലും വാങ്ങിക്കൊടുക്കണ്ടേ നീ ഫോൺ ജാനകിക്ക് കൊടുക്ക് "
അവൻ ഫോൺ ജാനകിക്കു നേരേ നീട്ടി
"ആൻസിയാ രണ്ടു പേരും കൂടി എന്റെ കുറ്റം പറഞ്ഞോ"
അവൻ ഫോൺ കൊടുത്ത് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു പോകുന്നത് അവൾ നോക്കി നിന്നു
*********************
" വിളക്കെടുത്ത് അകത്തു വയ്ക്കാത്തതെന്താ മോളെ "
അച്ഛന്റെ ചോദ്യം കേട്ടാണ് ജാനകി ചിന്തയിൽ നിന്നുണർന്നത്
അവൾ പുറത്തേക്ക് നോക്കി ഇരുട്ടു മൂടി കിടക്കുന്നു ജിബിൻ ഇതുവരെ എത്തിയിട്ടില്ല
" അച്ഛാ ജിബി വന്നില്ലല്ലോ "
അവൾ ചോദിച്ചു
"എവിടെ പോയി അവൻ "
അച്ഛൻ ചോദിച്ചു
"അത് ഞാൻ ചോക്കളേറ്റ് വേണോന്ന് പറഞ്ഞപ്പോ........"
" ചേച്ചിയുടെയും അനിയന്റെയും കൊഞ്ചൽ കുറച്ചു കൂടുന്നുണ്ട്. അവനിപ്പോ എത്തും മോളേ ക്ലബ്ബിൽ കയറി കാണും നീ ഫോൺ ചെയ്യ് "
" ഫോൺ എന്റെ കയ്യിലാ "
ജാനകിയുടെ മറുപടി കേട്ട് അച്ഛൻ ഒന്നും മിണ്ടാതെ നിന്നു അവൾക്ക് ഉള്ളിൽ ഒരു ഭയം ഉടലെടുക്കുന്നുണ്ടായിരുന്നു.
വഴിയിലേക്ക് നോക്കി അവളിരുന്നു
അച്ഛനെ ആരോ വന്ന് വിളിച്ചു കൊണ്ട് പോകുന്നതവൾ കാണുന്നുണ്ടായിരുന്നു
"മോളേ ജാനകീ ''
ആരോ വിളിക്കുന്നതു കേട്ടാണ് അവർ കണ്ണു തുറന്നത് വാതിൽ പടിയിൽ തന്നെ ചാരിയിരിക്കുകയായിരുന്നു
അടുത്ത വീട്ടിലെ സുമേച്ചിയാണ്
"എന്താ മോളെ ഈ സമയത്ത് ഇവിടെ വന്നിരിക്കുകയാണോ ഇങ്ങനെ ഇരിക്കാൻ പാടില്ലാന്നറിയില്ലേ "
അവർ അവളെ കൂട്ടി അകത്തേക്ക് പോയി
"മോളുടെ അച്ഛൻ വിളിച്ചു കവലയിൽ എന്തോ പ്രോഗ്രാം അതോണ്ട് വരാൻ വൈകും എന്ന് കൂട്ടിരിക്കാൻ വന്നതാ ഞാൻ ''
അവർ പറഞ്ഞു
" ആ എനിക്ക് നല്ല നടുവേദന ഒന്നു കിടക്കട്ടെ ചേച്ചി ടി.വി കണ്ടോ "
അവൾ ടി വി യുടെ റിമോട്ട് എടുത്തു
" വേണ്ട ടി.വി വയ്ക്കണ്ട "
അവർ പരിഭ്രമത്തോടെ റിമോട്ട് വാങ്ങി
" മോള് പോയി കിടന്നോ "
അവർ അവളെ മുറിയിലേക്കാക്കുമ്പോൾ കണ്ണിൽ ഊറി വരുന്ന കണ്ണുനീർ അവൾ കാണാതിരിക്കാൻ അവർ പണിപ്പെട്ടു.........
ആംബുലൻസിന്റെ ശബ്ദം കേട്ടാണ് അവൾ കണ്ണു തുറന്നത് വീട്ടിൽ നിറയെ ആളുകൾ അവൾ പുറത്തേക്കിറങ്ങാൻ തുടങ്ങിയപ്പോഴേക്കും അവളുടെ ഭർത്താവ് വന്നവളെ ചേർത്തു പിടിച്ചു
"എന്താ സുധിയേട്ടാ എന്തു പറ്റി "
അവൾ ചോദിച്ചു
അവൻ സംസാരിക്കാൻ അശക്തനായിരുന്നു ഒരു തേങ്ങൽ അവന്റെ നെഞ്ചിൽ കുരുങ്ങി നിന്നു
അവളെ സുധി ഉമ്മറത്തേക്ക് കൂട്ടികൊണ്ട് പോയി
ഉമ്മറത്തെ കാഴ്ച കണ്ട അവൾ അവൾ താഴെ വീഴാതിരിക്കാൻ സുധിയെ മുറുകെപ്പിടിച്ചു എന്നിട്ടവൾ ചുമർ ചാരി താഴേക്കിരുന്നു
എള്ളു കിഴി കത്തിച്ചു വച്ച കരിഞ്ഞു തുടങ്ങിയ തേങ്ങാമുറിയുടെ ഗന്ധം അവിടെ നിറഞ്ഞു തലയ്ക്കലും കാൽക്കലും കത്തിച്ചു വച്ച തേങ്ങാമുറിയ്ക്കു നടുവിൽ ജിബിൻ
ആരൊക്കെയോ പറയുന്നതവൾ കേൾക്കുന്നുണ്ടായിരുന്നു രാഷ്ട്രീയ കൊലപാതകമാണെന്നും ബൈക്ക് തടഞ്ഞു വെട്ടിവീഴ്തുകയായിരുന്നു എന്നും
മരിച്ചു കിടന്നപ്പോഴും അവന്റെ മുഖം അശാന്തമായിരുന്നു മുഖത്ത് വെട്ടേറ്റ പാടുകൾ ഉണ്ടായിരുന്നു നാടു മുഴുവൻ അവനു വേണ്ടി കരയുന്നുണ്ടായിരുന്നു ജാനകി ഒരു തുള്ളി കണ്ണുനീർ പൊഴിച്ചില്ല നിശ്ചലയായി അവനെ നോക്കിയിരുന്നു
ആൻസി വരുന്നതും ആർത്തലച്ച് അവന്റെ നെഞ്ചിലേക്ക് വീണതും അവൾ കാണുന്നുണ്ടായിരുന്നു
ആരോ ആൻസിയെ പിടിച്ചു മാറ്റി ജാനകിയുടെ സമീപം ഇരുത്തി
" ആൻസി "
ജാനകി നേർത്ത സ്വരത്തിൽ വിളിച്ചു
"കരയരുത് നീയും ഞാനുമൊന്നും കരയുന്നത് ജിബിക്ക് ഇഷ്ടല്ല അവൻ വിഷമിക്കില്ലേ "
ജാനകി പറഞ്ഞതു കേട്ട് ആൻസി അവളുടെ കഴുത്തിലെ താലിയിൽ മുറുക്കെ പിടിച്ച് വിങ്ങിപ്പൊട്ടി
പാർട്ടിയുടെ കൊടി ആരോ അവന്റെ നെഞ്ചിൽ വിരിച്ചിട്ടിരുന്നു അവൻ അത്രയും കാലം ചേർത്തു പിടിച്ച കൊടി
****************,
"ആൻസി ഒന്നു പുറത്തേക്കു വരോ ജിബിന്റെ സുഹൃത്തുക്കൾ അന്വേഷിക്കുന്നു"
സുധി വന്നു പറഞ്ഞു
ജാനകിയുടെ അടുത്തിരുന്ന ആൻസി മുഖമുയർത്തി നോക്കി
" വരാം"
അവൾ സുധിയോടായി പറഞ്ഞു
"സുമേച്ചി ജാനകിയെ ഒന്നു നോക്കിക്കോണേ"
എന്നു പറഞ്ഞ് അവൾ എഴുനേറ്റു
ജാനകി ഒരു കൊച്ചു കുഞ്ഞിനെ പോലെ ഉറങ്ങുകയായിരുന്നു
ആൻസി ഉമ്മറത്തേക്ക് ചെല്ലുമ്പോൾ അറിയുന്നതും അറിയാത്തതുമായ കുറച്ചു പേർ അവിടെയുണ്ടായിരുന്നു അവൾ പകുതി ചുമർ മറഞ്ഞു നിന്നു
" ആൻസി എന്നായിനി തിരിച്ച് "
ഫസൽ ചോദിച്ചു
" ചടങ്ങൊക്കെ കഴിഞ്ഞ് തിരിച്ച് ജോയിൻ ചെയ്യണം"
അവൾ പറഞ്ഞു
"ഇതൊക്കെ പാർട്ടിയിലെ "
ഫസൽ പറഞ്ഞു തുടങ്ങിയപ്പോഴേക്ക് അവൾ അറിയാമെന്ന മട്ടിൽ തലയാട്ടി
"സംഭവിച്ചത് നടക്കാൻ പാടില്ലാത്തതാണ് അതിൽ നമുക്കെല്ലാം വിഷമവും ഉണ്ട് പാർട്ടിക്ക് ഒരു തീരാ നഷ്ടമാണ് ജിബിന്റെ മരണം "
ഒരാൾ പറഞ്ഞു
"ഞങ്ങൾ ഒരു ധനസഹായം തരാൻ തീരുമാനിച്ചിട്ടുണ്ട് "
"ജിബിയുടെ മരണത്തിന്റെ പേരിൽ കിട്ടുന്ന ഒരു സഹായവും നമുക്ക് വേണ്ട"
അവൾ പറഞ്ഞു
'' ഞങ്ങൾ അങ്ങനെ ഉദ്ദേശിച്ചല്ല "
"നിങ്ങൾ എന്തുദ്ദേശിച്ചാലും ഞങ്ങൾക്കത് അവന്റെ ജീവന് വിലയിട്ടതാണ് നിനക്കത് പറഞ്ഞ് മനസിലാക്കാനാകും ഫസീ "
അവൾ ഫസലിനെ നോക്കി പറഞ്ഞു
"നിങ്ങളുടെ ദു:ഖം നമുക്ക് മനസിലാകും രാഷ്ട്രീയ വിരോധം ഒന്നു കൊണ്ടു മാത്രമായിരുന്നു ജിബിനെ അവർ കൊലപ്പെടുത്തിയത് ഉറപ്പായും അതിനു നമ്മൾ പകരം ചോദിച്ചിരിക്കും."
"എന്തിന് "
അവൾ ചുവരിന്റെ മറവിൽ നിന്ന് പുറത്തേക്ക് വന്ന് ചോദിച്ചു
"നിങ്ങളുടെ പകരം വീട്ടൽ എതിർ പാർട്ടിയിലെ ഒരാളെ കൊന്നിട്ടല്ലേ അതുകൊണ്ട് ജിബിയെ തിരിച്ചു കിട്ടോ "
അവിടെ നിശബ്ദത പടർന്നു
" നിങ്ങളെല്ലാം ആഘോഷമാക്കിയ ഒരു വിവാഹം നടന്നിരുന്നു 13 ദിവസം മുൻപ്. എന്റെയും ജിബിയുടെയും വിവാഹം ആ താലി ഇന്നെന്റെ കഴുത്തിൽ ഇല്ല അതിനു പകരം മറ്റൊരാളുടെ ജീവൻ മതിയാകില്ലല്ലോ. കുടുംബക്കാരെ മുഴുവൻ വെറുപ്പിച്ച് എന്റെ ഇഷ്ടത്തിനു കൂട്ടുനിന്നതാണ് എന്റെ അപ്പച്ചൻ. ഒരു മകനായി അവൻ ഉണ്ടാകും എന്ന ധൈര്യത്തിൽ .....
പള്ളിയും പട്ടക്കാരും പോലും മകൾ അന്യ ജാതിക്കാരനെ കെട്ടിയതിന്റെ പേരിൽ തള്ളിപ്പറഞ്ഞപ്പോഴും എന്റെ അപ്പച്ചൻ തളർന്നില്ല കാരണം ജിബി എന്നെ കരയിക്കില്ലാന്ന് ഉറപ്പായിരുന്നു വിവാഹം കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളിൽ വിധവയാകേണ്ടി വന്ന മോളെ ഓർത്ത് കരഞ്ഞ് ഇവിടെത്തന്നെയുണ്ട് അദ്ദേഹം. അതുപോലെ കർമം ചെയ്യാൻ വേണ്ടി ഉണ്ടായിരുന്ന ഒരേയൊരു മകന്റെ കർമം ചെയ്യേണ്ടി വന്ന ഒരു അച്ഛൻ ഉണ്ടിവിടെ."
ആൻസി ജിബിന്റെ അച്ഛനു നേരെ ചൂണ്ടി പറഞ്ഞു
" പിന്നെ ജിബിനെ ജീവനാക്കി കണ്ട ഒരു സഹോദരി ഉണ്ടിവിടെ ജാനകി ജിബിയുടെ മരണം കണ്ടിട്ട് അവർ കരഞ്ഞിട്ടില്ല ഇതുവരെ ആരോടും സംസാരിച്ചിട്ടില്ല മരവിച്ചു പോയി അവൾ. അവളെ മാത്രല്ല അവളുടെ കുഞ്ഞിനെയും നഷ്ടപ്പെടുമോ എന്ന പേടിയിൽ ഓരോ നിമിഷവും കാവലിരിക്കുകയാണ്.
ജിബിൻ ഇല്ല എന്നത് അവൾക്കിതുവരെ അംഗീകരിക്കാനാകിട്ടില്ല. ജിബിന് പെങ്ങളായിരുന്നു എല്ലാം അവൾക്ക് തിരിച്ചും നിങ്ങൾക്കറിയോ?
എന്തിനാ ഞാൻ കൂടുതൽ പറയുന്നത് ഫസീ അവനും നീയും ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നു നിനക്ക് തോന്നുന്നുണ്ടോ അവനെപ്പോലെ ഒരാളെ സുഹൃത്തായ കിട്ടുമെന്ന് "
അവൾ പറഞ്ഞു നിർത്തി ഫസൽ ഒന്നും മിണ്ടാതെ മുഖം കുനിച്ചിരുന്നു
" എന്നു വച്ച് ജിബിനെ കൊന്നവരെ പാർട്ടി വെറുതെ വിടണമെന്നാണോ "
ഒരാൾ ചോദിച്ചു
" പാർട്ടിക്ക്‌ വേണ്ടി മരിച്ചു എന്ന് നിങ്ങൾ പറയുന്നുണ്ടല്ലോ ഞാനും ഒരു പാർട്ടി അനുഭാവി ആണ് എങ്കിലും ചോദിക്കട്ടെ പാർട്ടിയിൽ പ്രവർത്തിച്ചതിനു വേണ്ടി കൊല്ലുന്നു എങ്കിൽ നേതാക്കളെ അല്ലേ ആദ്യം കൊല്ലേണ്ടത്? ഇതിപ്പോ നേതാക്കളെല്ലാം AC കാറിലും വലിയ വില്ലയിലും ജീവിക്കൂകല്ലേ അങ്ങനെ അല്ലാതെ സാധാരണക്കാരായി ജീവിക്കുന്ന നേതാക്കൾ വളരെ കുറവാണ് എന്നിട്ട് ഇവർക്ക് വേണ്ടിയൊക്കെ ചാകാൻ അണികളും എന്തിനെ നശിപ്പിക്കാനായാലും അടിവേരറുക്കണം എന്നാണ് ഞാൻ കേട്ടിട്ടുള്ളത് ജിബിനെ കൊന്നത് ഏതേലും അന്ധമായ പാർട്ടി വിശ്വാസികളാകുമല്ലോ നിങ്ങൾക്ക് പറ്റുമോ അതവരക്കൊണ്ട് ചെയ്യിക്കുന്ന നേതാക്കളെ കൊല്ലാൻ "
അവളുടെ ചോദ്യം കേട്ട് എല്ലാവരും നിശബ്ദരായി.
"നിങ്ങളെല്ലാം ഒന്നു മനസിലാക്കണം കൊടിയുടെ നിറവും പേരും ആളുകളും മാറുന്നു എന്നേ ഉള്ളൂ ഓരോ കുടുംബത്തിന്റെയും അനാഥത്വം ഒന്നു പോലെയാണ് ഞങ്ങൾ കുറച്ചു ദിവസത്തേക്ക് എങ്ങനെ ജീവിക്കുന്നു എന്ന് നിങ്ങളെല്ലാം അന്വേഷിക്കും പിന്നീട് നമ്മൾ എങ്ങനെ ജീവിക്കുന്നു എന്ന് ചിന്തിക്കാൻ ആരും ഉണ്ടാകില്ല എന്നു വച്ചാൽ നഷ്ടം നമുക്ക് മാത്രാണ് അതുകൊണ്ട് ജിബിന്റെ മരണത്തിന്റെ കണക്ക് പറയാൻ എന്നു പറഞ്ഞ് ആരും ഒന്നും ചെയ്യണ്ട "
ആൻസി വിതുമ്പലോടെ പറഞ്ഞു നിർത്തി
"മോളുടെ അഭിപ്രായമാണ് ഇവിടെ എല്ലാവർക്കും ജിബിന്റെ പേരിൽ മറ്റൊരാളെ കൊല്ലുന്നതിനോ നമുക്കാർക്കും താൽപ്പര്യമില്ല ആ പേരിൽ ആരും ഇവിടെ വരണ്ട മറ്റൊരു കുടുംബത്തിന്റെ ശാപം വാങ്ങാൻ........... അവന്റെ ഓർമയിൽ ഇനിയങ്ങ് ഞങ്ങൾ ജീവിച്ചോളാം ഇത് നമ്മുടെ വിധിയാണ്"
ജിബിന്റെ അച്ഛൻ പറഞ്ഞു
കുറച്ച് നേരത്തേക്ക് ആരും മിണ്ടിയില്ല പിന്നീട് പിറുപിറുത്ത് കൊണ്ട് ഇറങ്ങി പോയി നിശബ്ദമായിരുന്നു ആ വീട്
സന്ധ്യ മയങ്ങിയിരുന്നു
ആൻസി ജിബിന്റെ കുഴിമാടത്തിലേക്ക് നടന്നു അസ്തമിക്കാൻ തുടങ്ങിയ സൂര്യൻ ചരിഞ്ഞ് അവന്റെ കുഴിമാടത്തിന് രക്തവർണം നൽകിയിരുന്നു
" മരിച്ചു കിടന്നാലും എന്റെ നെഞ്ചിൽ പാർട്ടിയുടെ കൊടിയും ഇടനെഞ്ചിൽ നീയുമുണ്ടാകും പെണ്ണേ"
അവന്റെ വാക്കുകൾ കാതിൽ മുഴങ്ങുന്നത് പോലെ അവൾക്ക് തോന്നി
അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് താഴെയ്ക്കിരുന്നു അവളെയും ആ കുഴിമാടത്തെയും നോക്കി ജനാലയ്ക്കരികിൽ ഒരാൾ ഇരിപ്പുണ്ടായിരുന്നു
" ജാനകി "
അവളുടെ കണ്ണിൽ നിന്നും ഒരു കണ്ണീർക്കണം ഇറ്റുവീണു
ദൂരെയൊരിടത്ത് പ്രതികാരത്തിനുള്ള ചോര പുരണ്ട പദ്ധതി തയ്യാറാക്കുകയായിരുന്നു ചിലർ
ആതിര

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot