Showing posts with label VarunDasVM. Show all posts
Showing posts with label VarunDasVM. Show all posts

രണ്ടാം കെട്ട്

Image may contain: 1 person, closeup and indoor
നിങ്ങൾക്ക് നാണമില്ലേ മനുഷ്യാ ഈ വയസുകാലത്ത് എന്റെ അച്ഛനെ കൊണ്ട് പെണ്ണുകെട്ടിക്കാൻ?????
ഭാര്യയുടെ ദേഷ്യത്തോടെയുള്ള ചോദ്യം കേട്ട് ഞാൻ ചിരിച്ചു.
എന്റെ ചിരി അവളെ കൂടുതൽ കുപിതയാക്കി.
അവളുടെ കണ്ണുകൾ ചുവന്നു…
പല്ലുകൾ കടിക്കുന്ന ശബ്ദം വ്യക്‌തമായി കേൾക്കാൻ തുടങ്ങി …
ഇനിയും ചിരിച്ചാൽ അവൾ വല്ലതും എടുത്ത് എറിയാൻ സാധ്യത ഉണ്ട്.
അതുകൊണ്ടുതന്നെ അവളെ അനുനയിപ്പിക്കാൻ ഞാൻ ശ്രമം തുടങ്ങി.
ശാന്തമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൾ അമ്പിനും വില്ലിനും അടുക്കുന്നില്ല…
അച്ഛന് 52 വയസായി 'അമ്മ പോയിട്ട് 15 വർഷം കഴിഞ്ഞപ്പോഴാണോ രണ്ടാം കെട്ട് വേണമെന്ന്‌ തോന്നിയത്?
ഈ വയസാം കാലത്ത് ഒരു കല്യാണം കഴിച്ചാൽ നാട്ടുകാർ എന്തു പറയും?
അതൊക്കെ പോട്ടെ ഒരു കുഞ്ഞ് ജനിച്ചാലോ?
അതും നാണക്കേട് ആകില്ലേ ?????
അവൾ ചോദ്യശരങ്ങൾ എയ്തുവിട്ടു.
മതി,സംസാരം മതിയാക്കിക്കോ…
ഞാൻ ദേഷ്യം ഭാവിച്ചു.
എന്റെ പെട്ടെന്നുള്ള ഭാവമാറ്റം അവളെ ഞെട്ടിച്ചു.
കാരണം ഞാനങ്ങനെ ദേഷ്യപ്പെടാറില്ല .
മിലീ നിന്റെ അച്ഛൻ നീ പറഞ്ഞപോലെ അങ്ങ് വയസനായിട്ടൊന്നുമില്ല.
52 വയസ്‌ എന്നത് അത്ര വലിയ പ്രായവുമല്ല.
ജീവിതത്തിന്റെ നല്ല സമയത്താണ് നിന്റെ അമ്മയെ ഈശ്വരൻ തിരികെ വിളിച്ചത്.
അന്ന് അദ്ദേഹത്തിന് പ്രായം 37 ,നിനക്ക് 9ഉം.
എല്ലാവരും പുനർവിവാഹം കഴിക്കാൻ നിർബന്ധിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല,തന്റെ ഇനിയുള്ള ജീവിതം മകൾക്ക് എന്ന് അദ്ദേഹം നെഞ്ചിൽ കൈവെച്ച് പ്രതിജ്ഞ എടുത്തു.
രണ്ടാനമ്മയ്ക്കൊപ്പം മകൾ സുരക്ഷിതയായില്ലെങ്കിലോ എന്ന പേടിയായിരുന്നു അദ്ദേഹത്തിന്.
ആ മനുഷ്യൻ തന്റെ ജീവിതത്തിലെ മനോഹരമായ 15 വർഷങ്ങൾ മകൾക്കായി മാറ്റിവെച്ചു.
നീ ഋതുമതി ആയ സമയം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായിരുന്നു.
ഒരു പെണ്കുട്ടിക്ക് ആ സമയം മനസിലാക്കേണ്ടുന്ന അറിവുകൾ നിനക്ക് പകർന്നു നൽകാൻ അദ്ദേഹത്തിന് കഴിയില്ലായിരുന്നു.
അന്നുമാത്രമാണ് അദ്ദേഹം മറ്റൊരാളിന്റെ സഹായം തേടിയത്.
അത് അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ഭാര്യ അതായത് എന്റെ അമ്മ ആയിരുന്നു.
അന്നും പലരും അദ്ദേഹത്തെ കുറ്റപ്പെടുത്തി,ഒരു വിവാഹം കഴിച്ചിരുന്നെങ്കിൽ എന്ന് …
അപ്പോഴും ആ മനുഷ്യൻ ചിരിച്ചു.
തന്റെ മകൾ മതി തന്റെ എല്ലാ ദുഃഖങ്ങളും മറക്കാൻ എന്ന്. ആ ജീവിതത്തിൽ വേറൊരാൾക്ക് സ്ഥാനമുണ്ടായത് നിന്റെ കഴുത്തിൽ ഞാൻ താലികെട്ടിയ ദിവസമായിരുന്നു .
നീ അധികം പൊങ്ങുകയില്ലെങ്കിൽ ഒരു കാര്യം പറയാം,
എന്റെ ജീവിതത്തിൽ സംഭവിച്ച നല്ല കാര്യങ്ങളിൽ ഒന്നാണ് നിന്നെ പത്നിയായി ലഭിച്ചത്‌.
'അമ്മ ഇല്ലാതെ വളർന്ന കുട്ടി ആയിട്ടുപോലും നീ നല്ല അച്ചടക്കവും ഉത്തരവാദിത്തവും ഉള്ള ഒരുവളാണ്. അതിന് നന്ദി പറയേണ്ടത് ആ മനുഷ്യനോടാണ്.
എന്റെ ജീവിതത്തിലേക്ക് നിന്നെ ചേർത്തു വെച്ച ആ മനുഷ്യന് നൽകാവുന്ന ഏറ്റവും നല്ല സമ്മാനങ്ങളിൽ ഒന്നാണ് ഈ വിവാഹം.
മകളുടെ വിവാഹത്തോടെ വീട്ടിൽ ഏകാന്തത അനുഭവിക്കുന്ന അദ്ദേഹത്തിന് ഒരു ആശ്വാസമാകും ഒരു കൂട്ട് കിട്ടുന്നത്.
52ലും നല്ല ചുറുചുറുക്കും ആരോഗ്യവും ഉണ്ട് അദ്ദേഹത്തിന്.
അദ്ദേഹത്തിന്റെ ഇനിയുള്ള ജീവിതം ഒറ്റപ്പെടലുകൾ ഇല്ലാതെ ആഘോഷിക്കാൻ ഒരു വിവാഹം സഹായകമാകും.
പിന്നെ മിലി ചോദിച്ചില്ലേ കുട്ടികൾ ഉണ്ടായാലോ എന്ന് ;
ഉണ്ടാവുകയില്ല കാരണം നിന്റെ അച്ഛനായി കണ്ടുപിടിച്ച ആളിന് മക്കൾ ഉണ്ടാകുകയില്ല.
അവർ പ്രൊഫെസർ മാലതി, പണ്ട് ഒരു വിവാഹം കഴിച്ചതാണ്.
ഭർത്താവിന്റെ ആശ്രദ്ധമൂലം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു.
ഗുരുതരമായ പരിക്കേറ്റ അവർക്ക് തന്റെ ഗർഭപാത്രം നഷ്ടപ്പെട്ടു.
ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയാത്ത അവരെ ഭർത്താവ് ഡിവോഴ്സ് ചെയ്തു.
45 വയസുള്ള കോളജ് അധ്യാപികയായ അവർ കോളജും കുട്ടികളുമായി തന്റെ ജീവിതം തള്ളിനീക്കുകയാണിപ്പോൾ.
നിന്റെ അച്ഛന് നല്ലൊരു ഭാര്യയും നിനക്ക് ഒരു അമ്മയും ആയിരിക്കും അവർ.
ഇനിയും നീ ദയവായി ഇടങ്കോലിടരുത് പെണ്ണേ…
ഞാൻ പറഞ്ഞു നിറുത്തി.
നോക്കിയപ്പോൾ അവൾ മുഖം കുനിച്ചിരിക്കുന്നു,
ഞാൻ അവളുടെ മുഖം പിടിച്ചുയർത്തി.
ആ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.
എന്തിനാ പെണ്ണേ കരയുന്നത്?
നിനക്ക് ആ രൗദ്രഭാവം ആണ് ചേരുക ഇതൊരുമാതിരി മീൻ കിട്ടാത്ത പൂച്ച മോങ്ങുന്ന പോലുണ്ട്.
ഞാൻ കളിയാക്കി.
അവൾ വിതുമ്പലോടെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
എന്നാലും എനിക്കായി ജീവിച്ച എന്റെ അച്ഛൻ…
ഞാൻ സ്വാർത്ഥയായിപ്പോയല്ലോ ചേട്ടാ…
അവൾ എങ്ങലടിച്ചു …
ഒന്നും മിണ്ടാതെ ഞാൻ അവളെ തലോടിക്കൊണ്ടിരുന്നു.
★★★★★
രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ ഒരു ഞായറാഴ്ച്ച എന്റെ അമ്മായി അച്ഛൻ,തഹസിൽദാർ ചന്ദ്രശേഖര മേനോൻ പ്രൊഫെസർ മാലതിയെ വിവാഹം ചെയ്തു.
ആ താലികെട്ട് നടന്നപ്പോൾ ഞാൻ ശ്രദ്ധിച്ചത് മുഴുവൻ മിലിയെ ആണ്…
നിറഞ്ഞ കണ്ണുകൾ ഒളിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അവൾ പുഷ്പവൃഷ്ടി നടത്തി.
നവദമ്പതികളെ ആരതിയുഴിഞ്ഞു അകത്തേക്ക് സ്വീകരിച്ചതും അവൾ തന്നായിരുന്നു.
എല്ലാവരുടെയും കണ്ണുവെട്ടിച്ച് അവൾ എന്നെ കെട്ടിപ്പിടിച്ചു…
എന്റെ അച്ഛന് ഇത്രയും നല്ലൊരു സമ്മാനം നൽകിയതിന് താങ്ക്സ്…
എന്നു പറഞ്ഞു.
ഞങ്ങൾ കാണുകയായിരുന്നു നവദമ്പതികളുടെ മുഖത്തെ തെളിഞ്ഞ സന്തോഷം…
അത് ദീർഘകാലം നിലനിൽക്കട്ടെ …
(ശുഭം).
കഥ ഇഷ്ടമായെങ്കിൽ ഒരു ലൈകും കമന്റും ഇടാൻ മടിക്കേണ്ട 🙂
സ്‌നേഹത്തോടെ
Varun മാവേലിക്കര .

ദൈവം തന്ന മകൾ

Image may contain: 1 person, tree and outdoor


സമയം 1.30 Pm
ഡോക്ടർ അരവിന്ദ മേനോന്റെ മാനസികരോഗ ചികിത്സാലയം
***************
എന്താ ഡോക്ടർ വരാൻ പറഞ്ഞത് ?
അസീംഖാൻ എന്നോട് ചോദിച്ചു.
ഒരു സന്തോഷ വാർത്തയുണ്ട് മുംതാസിന്റെ അസുഖം പൂർണ്ണമായി ഭേദമായിരിക്കുന്നു.
ഞാൻ ഇത് പറഞ്ഞു കഴിഞ്ഞിട്ടും അസീമിന്റെ മുഖത്ത് സന്തോഷമൊന്നും കണ്ടില്ല.
ഒരു അസ്വസ്ഥത അയാളുടെ മുഖത്ത് ഉണ്ടായിരുന്നു.
മുംതാസിന് ഇനി ഇവിടെ കഴിയേണ്ട കാര്യമില്ല അവളെ നിങ്ങൾക് കൊണ്ടുപോകാം.
ഇപ്പോൾ ഒരു നടുക്കം അസീമിന്റെ കണ്ണുകളിൽ പ്രകടമായി.
എന്താ അസീം ഇന്ന് തന്നെ കൊണ്ടുപോകരുതോ?
അവൾക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ.
അത്… ഞാൻ ഒന്ന് ആലോചിക്കട്ടെ ഡോക്ടർ
ഞാൻ വൈകിട്ട് വിളിക്കാം.
ഇത്രയും പറഞ്ഞു കൊണ്ട് അയാൾ പോകാൻ എഴുന്നേറ്റു.
എന്റെ മുറിക്ക് പുറത്തേക്ക് നടന്ന അയാൾ നിന്നു…
അയാളുടെ അടുത്തേക്ക് ഓടി വരികയാണ് മുംതാസ്…
അയാളുടെ സഹോദരി.
ഇക്കാ എന്ന് വിളിച്ചു കൊണ്ട്.
അവളുടെ വരവ് കണ്ടപ്പോൾ എന്റെ ഓർമകൾ പിന്നിലേക് പോയി…
സ്വന്തം സഹോദരൻ തന്റെ കണ്മുന്നിലിട്ട് ഒരാളെ കുത്തിക്കൊല്ലുന്നത് കണ്ടാണ് മുംതാസ് എന്ന 21 കാരിയുടെ മനസിന്റെ താളം തെറ്റിയത്.
ആ സംഭവത്തിന് ശേഷം അവളുടെ കളി ചിരികൾ എല്ലാം നിലച്ചു.
ഒരു മുറിയിൽ ഒതുങ്ങിക്കൂടിയ അവൾ പൂർണ്ണമായി ഒരു മാനസിക രോഗിയായി മാറി.
അക്രമ സ്വഭാവം പുറത്തെടുത്ത അവൾ മുന്നിലുള്ളതെല്ലാം തല്ലി തകർത്തു. അങ്ങനെ അപകടകരമായ ഒരു അവസ്ഥയിലാണ് അവളെ ഇവിടെ എത്തിച്ചത് .
ചികിത്സയുടെ ആദ്യ നാളുകളിൽ തന്നെ അവളിൽ മാറ്റം ഉണ്ടായി.
പതിയെ അവൾ എല്ലാരുടെയും പ്രിയപ്പെട്ടവൾ ആയി മാറി.
എനിക്കും മനസികരോഗവിദഗ്ധയായ എന്റെ ഭാര്യയ്ക്കും അവൾ സ്വന്തം മകളെ പോലെ … അല്ല മകളായി മാറി…
അതി സുന്ദരിയായ,ഓമനത്തമുള്ള അവളെ കാണുമ്പോൾ ഇത് പോലുള്ള ഒരു മകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞങ്ങൾ ആഗ്രഹിച്ചു.
--------------------------
ഇക്കാ പോയി, അങ്കിൾ
എന്റെ മുറിയിലേക്ക് വന്ന മുംതാസ് വിഷമത്തോടെ പറഞ്ഞു.
ഇക്കാ എന്ത് പറഞ്ഞു?
എന്റെ അസുഖം മാറി.
എന്നെ എപ്പോഴാ കൊണ്ടുപോകുന്നത് എന്ന് ചോദിച്ചപ്പോൾ ഒന്നും പറഞ്ഞില്ല.
മുംതാസ് നിറകണ്ണുകളോടെ പറഞ്ഞു.
സാരമില്ല ഒരാഴ്ച കഴിഞ്ഞ് കൊണ്ടുപോയാൽ മതി എന്ന് ഞാനാണ് പറഞ്ഞത്.
ആണോ? ഞാൻ വിചാരിച്ചു…
എന്ത്?
എന്താണ് നീ വിചാരിച്ചത്?
അല്ല മനോരോഗി ആയിരുന്ന സഹോദരിയെ കൊണ്ടുപോകാൻ ഇക്കായ്ക്ക് ബുദ്ധിമുട്ട് ഉണ്ടായിരിക്കും എന്ന്!
പാവം കുട്ടി!
ഇവൾ എത്ര പെട്ടെന്നാണ് ആളുകളെ മനസിലാക്കുന്നത്…
--------------------------
ഒരാഴ്ച കഴിഞ്ഞപ്പോൾ എന്റെ നിർബന്ധപ്രകാരം അസീം മുംതാസിനെ കൂട്ടിക്കൊണ്ടുപോയി .
ഞങ്ങളെ കെട്ടിപ്പിടിച്ച് അവൾ കരഞ്ഞു.
വിവാഹിതയായി ഭർത്താവിന്റെ ഗൃഹത്തിലേക്ക് പോകുന്ന ഒരു പെണ്കുട്ടിയെ പോലെ അവൾ വിതുമ്പി.
ഒരു മകൾ നഷ്ടപ്പെട്ടപോലെ ഞങ്ങളുടെ മനസ്‌തേങ്ങി.
--------------------------
മേശപ്പുറത്തിരുന്ന എന്റെ ഫോൺ പാടാൻ തുടങ്ങി.
നോക്കിയപ്പോൾ മുംതാസ്.
എന്താ മോളെ …
അങ്കിൾ ഒരു ഉപകാരം ചെയ്യണം.
അതിനെന്താ മോള് പറയൂ.
എന്റെ പഴയ മുറിയും കട്ടിലും എനിക്ക് വീണ്ടും തരുമോ?
എന്താ മോളെ ഈ പറയുന്നത്…?
വീട്ടിലെത്തിയ ഞാൻ ഒരു അധികപ്പറ്റാ അങ്കിൾ.
ഇക്കയുടെ കുട്ടികൾ പോലും എന്നോട് അടുക്കുന്നില്ല.
ഇക്കയുടെ ഭാര്യയും ഇക്കായും എല്ലാം പേടിച്ചാണ് എന്നോട്
സംസാരിക്കുന്നത്.
അവിടെ ആയിരുന്നപ്പോൾ എന്ത് സന്തോഷമായിരുന്നു!
ഞാൻ അങ്ങോട്ട് വരട്ടേ?
വേണ്ട ഞങ്ങൾ അങ്ങോട്ട് വരാം ഞാൻ പറഞ്ഞു.
--------------------------
എന്റെ കാർ ആ വലിയ വീടിന്റെ ഗേറ്റ് കടന്നു.
ഉറച്ച തീരുമാനത്തോടെ ഞാനും ഭാര്യയും ഇറങ്ങി.
അസീമിന്റെ വീട്ടിൽ പൂമുഖത്ത് ഇരിക്കുകയാണ് ഞാനും അയാളും അയാളുടെ ഭാര്യാപിതാവും.
എന്റെ ഭാര്യ മുംതാസിനെ കാണാൻ അവളുടെ മുറിയിലേക്ക് പോയി.
എന്താ ഡോക്ടർ വിശേഷിച്ച്
അസീം ചോദിച്ചു.
മുംതാസിനോട് നിങ്ങൾ അകൽച്ച കാണിക്കാൻ കാരണമെന്താ ഞാൻ ചോദിച്ചു.
ഡോക്ടർ എനിക്ക് ഒരു കുടുംബമുണ്ട്
എന്റെ ഭാര്യ കുഞ്ഞുങ്ങൾ …അവർക്ക് എന്തെങ്കിലും സംഭവിച്ചാലോ എന്ന പേടി ഉള്ളത് കൊണ്ടാണ്. എത്ര ഭേദമായി എന്ന് പറഞ്ഞാലും എപ്പോഴെങ്കിലും മാറ്റം വന്നാലോ?
അപ്പോൾ ഞാൻ ചിന്തിച്ചത് തന്നെ കാര്യം.
അപ്പോൾ സാരമില്ല നിങ്ങളുടെ പേടി ഞാൻ മാറ്റിത്തരാം.
ഞാൻ എഴുന്നേറ്റു. അപ്പോൾ എന്നെ കാണാൻ ഇറങ്ങി വന്ന മുംതാസ് വാതിലിന് പിന്നിൽ എല്ലാം കേട്ടുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു.
അവളുടെ നിറഞ്ഞ കണ്ണുകൾ സാരിതുമ്പുകൊണ്ട് എന്റെ ഭാര്യ തുടച്ചു.
മോളെ മുംതാസ് നിനക്ക് എടുക്കാൻ ഉള്ളതെല്ലാം എടുത്തോളൂ.
നിന്നെ ഞങ്ങൾ കൊണ്ടുപോകുവാ. ഞങ്ങളുടെ വീട്ടിലേക്ക്
ഞങ്ങളുടെ മകളായി എന്റെ മകന്റെ ഭാര്യയായി.
അല്ല നിങ്ങൾ എന്താ പറയുന്നത് നിങ്ങൾ ഹിന്ദുക്കൾ അല്ലേ?
ഞങ്ങളുടെ കുട്ടിയെ കൊണ്ടുപോയി മതം മാറ്റാനാണോ പ്ലാൻ?
അസീമിന്റെ അമ്മായി അപ്പൻ ചോദിച്ചു.
അത്രനേരം ശാന്തനായി നിന്ന എനിക്ക് അസഹനീയമായിരുന്നു അയാളുടെ വാക്കുകൾ.
ഞാൻ പൊട്ടിത്തെറിച്ചു.
നിറുത്തെഡോ തന്റെ ജാതീം മതോം.ഇത്രനാളും ഇല്ലാത്ത സ്നേഹം എവിടുന്നു വന്നു.
അവളുടെ ജാതിയും മതവും പേരും ഒന്നും ഞങ്ങൾക്ക് പ്രശ്നമല്ല .അവളെ മനസ് കൊണ്ട് ഞങ്ങൾ സ്വീകരിച്ചു കഴിഞ്ഞു.ഞങ്ങളുടെ മകളായി.
അവളുടെ കൈ പിടിച്ചുകൊണ്ട് ഞങ്ങൾ ആ പടിയിറങ്ങി.
മുംതാസിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ആനന്ദക്കണ്ണീർ!
23 വയസുള്ള
ഒരു മകളെ കിട്ടിയ സന്തോഷം ഞങ്ങൾക്കുമുണ്ടായിരുന്നു.
ഞങ്ങൾ യാത്ര ആരംഭിച്ചു പുതിയൊരു ജീവിതത്തിലേക്ക്
ഞങ്ങൾക്ക് ദൈവം തന്ന മകളുമായി…
(ശുഭം).

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo