Showing posts with label RemyaRajesh. Show all posts
Showing posts with label RemyaRajesh. Show all posts

സ്നേഹമുള്ള കുടുംബം


ഹരി മുന്നിലേക്ക് എടുത്തു വെച്ച ഡിവോഴ്സ് പേപ്പറിൽ ഒപ്പിടുമ്പോൾ ലക്ഷ്മിയുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.ഉള്ളിലടക്കി വെച്ച സങ്കടം കണ്ണീർതുള്ളികളായി കവിളിലൂടെ ഒഴുകിയിറങ്ങുന്നത് മീനൂട്ടി കാണാതിരിക്കാനായി സാരി തുമ്പാൽ മുഖം അമർത്തി തുടയ്ക്കുമ്പോഴും ലക്ഷ്മിയിൽ നേരിയൊരു പ്രതീക്ഷയുണ്ടായിരുന്നു ഒരു പക്ഷേ ഹരി തന്നേയും മോളേയും ഉപേക്ഷിക്കില്ലെന്ന്.
ഒപ്പ് ഇട്ട പേപ്പർ ഹരിക്ക് നേരേ നീട്ടിയപ്പോൾ നിറഞ്ഞ സന്തോഷത്തോടെ ഹരിയത് വാങ്ങിയപ്പോൾ ലക്ഷ്മിക്ക് മനസ്സിലായി ഈ നിമിഷം മുതൽ താനും മോളും ഹരിക്ക് അന്യരായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന സത്യം.
നീണ്ട അഞ്ച് വർഷത്തെ പ്രവാസജീവിതത്തിനു ശേഷം രണ്ട് മാസത്തെ അവധിക്ക് ഹരി മടങ്ങി വന്നപ്പോ താനും മീനൂട്ടിയും ഏറെ സന്തോഷിച്ചു.മീനൂട്ടിയെ മൂന്ന് മാസം ഗർഭിണി ആയിരുന്നപ്പോൾ ഗൾഫിലേക്ക് പോയതാണ് ഹരി. ഫോട്ടോയിലൂടേയും ഫോണിലൂടെയും മാത്രം കണ്ടിരുന്ന അച്ഛനെ നേരിട്ട് അടുത്തു കിട്ടിയ സന്തോഷമായിരുന്നു മീനൂട്ടിയുടെ ആ കുഞ്ഞു മനസ്സ് നിറയേ.
അച്ഛന്റെ പുറത്തേറി ആന കളിച്ചും ആ നെഞ്ചിലെ ചൂടേറ്റ് ഓരോ രാത്രികളിലും അവൾ ഉറങ്ങിയപ്പോഴും ആ കുഞ്ഞു മനം അറിഞ്ഞിരുന്നില്ല തനിക്കിനി ഇതൊക്കെ ഒരു സ്വപ്നമായി മാത്രമേ അവശേഷിക്കുകയുള്ളൂവെന്ന്.അച്ഛൻ അമ്മയേയും തന്നേയും എന്നെന്നേക്കുമായി ഉപേക്ഷിച്ച് പോകുവാനുള്ള തയ്യാറെടുപ്പിലാണെന്നറിയാതെ അച്ഛനോടൊത്തുള്ള ഓരോ നിമിഷവും സ്വർഗ്ഗതുല്ല്യമായ സന്തോഷത്തോടെ ആഘോഷിക്കുകയായിരുന്നു മീനൂട്ടി...
കൂടെ ജോലി ചെയ്യുന്ന ഫിലിപ്പീനി പെൺകുട്ടിയുമായി രണ്ട് വർഷമായി താൻ സ്നേഹത്തിലാണെന്നും അവളെ വിവാഹം കഴിക്കാനായി നിയമപരമായി താനുമായുള്ള ബന്ധം ഒഴിഞ്ഞു തരണമെന്നും ഹരി പറഞ്ഞപ്പോൾ ലക്ഷ്മിക്ക് ആദ്യം അത് വിശ്വസിക്കാനായില്ല..
ഹരിയുടെ പേരിൽ ആയിരുന്ന വീടും വസ്തുവും തന്റെ പേരിലേക്ക് എഴുതി വെച്ച പ്രമാണവും തന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുന്ന ലക്ഷങ്ങളുടെ ഡീറ്റയിൽസും കാണിച്ചപ്പോൾ ലക്ഷ്മിക്ക് മനസ്സിലായി ഹരി കാര്യമായി തന്നെയാണ് ഇതൊക്കെ പറഞ്ഞതെന്ന്.
മോളേ ഓർത്തെങ്കിലും തങ്ങളെ വിട്ടുപോകരുതെന്നും പറഞ്ഞ് കാല് പിടിച്ച് കരഞ്ഞപേക്ഷിച്ചെങ്കിലും ഹരിയുടെ മനസ്സ് അലിഞ്ഞില്ല. തന്റെ ജീവിതത്തിൽ താൻ സ്വാതന്ത്ര്യം മാത്രമാണ് ആഗ്രഹിക്കുന്നതെന്നും താനൊന്ന് തുമ്മിയാൽ പോലും ചേട്ടന് സുഖമില്ലേ ജലദോഷമാണോ, ചൂടുണ്ടോ ,ചുമയാണോ എന്നൊക്കെ ചോദിച്ച് ശല്ല്യം ചെയ്യുന്ന ഒരു ഭാര്യയെ ഇനിയും സഹിക്കാൻ താല്പര്യം ഇല്ലെന്ന് ഹരി മുഖത്തടിച്ചതു പോലെ പറഞ്ഞപ്പോ ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
തന്റെ സ്നേഹവും കരുതലും ഒരു ഭാരമായി കാണുന്ന ഭർത്താവിന് താനും മോളും ഒരു ശല്ല്യമായി മാറരുതെന്ന് എന്നുള്ള തീരുമാനം ലക്ഷ്മിയെടുത്തത് അറിഞ്ഞപ്പോൾ ഹരി ഒരുപാട് സന്തോഷിച്ചു.
അച്ഛൻ മടങ്ങിപോകല്ലേ എന്നും പറഞ്ഞ് മീനൂട്ടി ഒരുപാട് കരഞ്ഞെങ്കിലും ഹരിയുടെ മനസ്സലിഞ്ഞില്ല.എയർപോർട്ടിലേക്കുള്ള യാത്രയിലും ഹരിയുടെ മനസ്സ് നിറയേ തന്റെ കാമുകിയുമൊത്തുള്ള ജീവിതം മാത്രമായിരുന്നു.
ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് പാസ്പോർട്ട് കൈമാറിയപ്പോൾ അവർ അത് അതേ വേഗതയിൽ മടക്കി നൽകിയപ്പോഴാണ് ഹരി തന്റെ പാസ്പോർട്ട് ശ്രദ്ധിക്കുന്നത്. തന്റെ പാസ്പോർട്ടാകെ കളർപെൻസിലാൽ കുത്തിവരച്ചിരിക്കുന്നു മീനൂട്ടി.ഫോട്ടോയിൽ "അച്ഛാ ഉമ്മ" എന്നെഴുതിയിരിക്കുന്നു ..തൊട്ടടുത്ത പേപ്പറിൽ മൂന്ന് രൂപങ്ങൾ വരച്ചിട്ടതിന്റെ അടിയിൽ അച്ഛൻ.. മീനൂട്ടി.. അമ്മ.. എന്നും എഴുതി വെച്ചിരിക്കുന്നു.
ഹരിക്ക് തനിക്കാകെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.ആ നിമിഷം മീനൂട്ടിയെ കയ്യിൽ കിട്ടിയാൽ ഒരുപക്ഷേ കൊല്ലാൻ പോലും മടിക്കാത്ത രീതിയിലായിരുന്നു ഹരിയുടെ മുഖഭാവം.തിരികെ വന്ന് കസേരയിൽ ഇരിക്കുമ്പോഴാണ് വാട്സ്അപ് ൽ മെസേജ് വന്ന ശബ്ദം ഫോണിൽ കേട്ടത്.
ഫോൺ ഓണാക്കി വന്ന മെസേജ് നോക്കിയപ്പോൾ ഹരി ഇരുന്ന ഇരുപ്പിൽ വെട്ടിവിയർത്തുപോയി.താൻ ഏതവൾക്കുവേണ്ടിയാണോ ലക്ഷ്മിയേയും തന്റെ മകളേയും ഉപേക്ഷിച്ചത് ആ അവൾ തന്നെ ചതിച്ചിരിക്കുന്നു.
തങ്ങളുടെ ബോസും അവളും ഒത്തുള്ള അരുതാത്ത കുറേ ഫോട്ടോസ് തന്റെ സുഹൃത്ത് തന്നെ അയച്ചു തന്നതിനാൽ അത് സത്യമാണെന്ന് ഹരിക്ക് ഉറപ്പുണ്ടായിരുന്നു.ഒരുപക്ഷേ മീനൂട്ടി പാസ്പോർട്ടിൽ കുത്തിവരച്ചില്ലായിരുന്നെങ്കിൽ ഫോൺ ഓഫാക്കി താൻ ഈ യാത്ര തുടർന്നേനെ..അങ്ങനെയെങ്കിൽ അവളുടെ ഈ ചതി ആ നാട്ടിൽ എത്തിയശേഷം മാത്രമേ അറിയുമായിരുന്നുള്ളൂ.
എത്രയും വേഗം ലക്ഷ്മിയുടേയും മോളുടേയും അടുത്തെത്താൻ ഹരിയുടെ മനസ്സ് വെമ്പൽ കൊണ്ടു.തന്റെ തെറ്റ് പൊറുക്കാൻ ലക്ഷ്മിക്ക് കഴിയണേ എന്നായിരുന്നു വീടെത്തുന്നതു വരേയും ഹരിയുടെ പ്രാർത്ഥന.
ഏറെ നേരം ബെല്ലടിച്ചെങ്കിലും വാതിൽ തുറക്കാതായപ്പോൾ കതക് തട്ടിതുറന്ന് ഹരി അകത്ത് കയറി. ലക്ഷ്മിയേയും മോളേയും വിളിച്ചെങ്കിലും രണ്ടാളുടേയും ഒരു അനക്കവും ഇല്ലായിരുന്നു.തങ്ങളുടെ ബെഡ്റൂമിൽ കയറിയ ഹരി ഞെട്ടിപ്പോയി.
വായിൽ നിന്നും നുരയും പതയും നിറഞ്ഞൊഴുകി ലക്ഷ്മിയുടേയും മോളുടേയും ജീവനറ്റ ശരീരം.തങ്ങൾ മൂന്നാളും ഒരുമിച്ച് നിന്നെടുത്ത ഫ്രെയിം ചെയ്തു വെച്ചിരുന്ന ഫോട്ടോ മീനൂട്ടിയുടെ നെഞ്ചോട് ചേർന്ന് കിടക്കുന്ന കാൺകേ ഹരി വാവിട്ട് അലറിക്കരഞ്ഞു പോയി.
താൻ അവൾക്കായി എഴുതികൊടുത്ത വീടിന്റെ ആധാരവും ബാങ്കിന്റെ പാസ്ബുക്കും
കട്ടിലിൽ അവർക്കടുത്തായി തന്നെ കിടപ്പുണ്ടായിരുന്നു.അതിന് മുകളിൽ ഒരു വെള്ള പേപ്പറിൽ ലക്ഷ്മി ഇങ്ങനെ എഴുതിയിരുന്നു..
" എന്റെ പ്രിയപ്പെട്ട ഹരിയേട്ടന് ..
ഞങ്ങൾക്കൊരിക്കലും ഹരിയേട്ടന് പകരമാകില്ല ഈ ആധാരവും അക്കൗണ്ടിലെ ലക്ഷങ്ങളും ...നമ്മുടെ മീനൂട്ടിയോട് അച്ഛൻ നമ്മളെ ഉപേക്ഷിച്ചു പോയീന്ന് പറയാൻ എനിക്കാവില്ല.ഞങ്ങൾക്കൊപ്പം ഹരിയേട്ടനില്ലാത്ത ഈ ലോകത്തു നിന്നും ഞങ്ങൾ യാത്ര പറയുന്നു. സ്നേഹിച്ചിട്ടേയുള്ളൂ അന്നും ..ഇന്നും ...മനസ്സ് കൊണ്ട് ശപിക്കുന്നില്ല..നന്മകൾ മാത്രമേ വരൂ.. ഹരിയേട്ടന് നല്ലൊരു ജീവിതമുണ്ടാകാൻ പ്രാർത്ഥനയോടെ..
ലക്ഷ്മീ"
ആ വരികളോരോന്നും തന്റെ നെഞ്ചിലേക്ക് കനൽ കോരിയിട്ട പോലെ
പൊള്ളുന്നതായി തോന്നി ഹരിക്ക് ..താനറിയാതെ പോയ തന്റെ വിലയേറിയ ജീവിതമായിരുന്നു കൺമുന്നിൽ ജീവനറ്റ് കിടക്കുന്ന രണ്ട് ശരീരങ്ങൾ എന്ന ചിന്ത ഹരിയെ ഭ്രാന്തമായ ഒരു അവസ്ഥയിലെത്തിച്ചിരുന്നു.
(ഒരു സമ്പത്തിനും പകരം വെയ്ക്കാനാകാത്ത അമൂല്യമായ ഒന്നാണ് സ്നേഹമുള്ള കുടുംബം.അത് പരസ്പരം തിരിച്ചറിയുന്നവർ ഭൂമിയിൽ സ്വർഗ്ഗം തീർക്കുന്നു.)
By..RemyaRajesh

പെണ്ണ്

എനിക്ക് നിങ്ങളുമായുള്ള വിവാഹത്തിന് സമ്മതമല്ല സഹോദരാ"
പെണ്ണ് കാണാൻ വന്ന ചെറുക്കനെ നോക്കി സഹോദരാ എന്ന് വിളിച്ച ആദ്യത്തെ പെണ്ണ് ഒരുപക്ഷേ ഇവളായിരിക്കും.
ഫുൾ സ്പീഡിൽ ഫാൻ കറങ്ങിക്കൊണ്ടിരുന്നിട്ടും ഞാൻ വല്ലാതെ വിയർത്തുപോയി.ഇതെന്റെ അഞ്ചാമത്തെ പെണ്ണ് കാണലാണ്.കഴിഞ്ഞ നാലെണ്ണവും
ഞാൻ തന്നെ വേണ്ടെന്നു വെച്ച് മുടക്കിയതാണെങ്കിൽ ഇന്നിതാ ഈ പെണ്ണെന്നോട് പറയുന്നു അവൾക്ക് സമ്മതമല്ലെന്ന്.
പൊതുവേ സുന്ദരനെന്നും സത്സ്വഭാവിയെന്നും പഠിപ്പും പണവുമൊക്കെയുണ്ടെന്ന് സ്വയം അഹങ്കരിച്ചിരുന്ന ഞാൻ ഞെട്ടിപ്പോയി.
ഇവൾക്കെന്നെ ഇഷ്ടപ്പെടാതിരിക്കാൻ മാത്രം എന്ത് കുറവാ എന്നിലുള്ളത്.ഒരു പക്ഷേ ഏതേലും നെത്തോലി ഫ്രീക്കൻ പയ്യനുമായി പ്രേമത്തിലാകും.. മനസ്സിൽ തോന്നിയ ഈ സംശയം അവളോട് തന്നെ തുറന്ന് ചോദിച്ചു.
"കുട്ടി ആരെയെങ്കിലും പ്രേമിക്കുന്നുണ്ടോ.അതാണോ എന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞത്?"
മറുപടി ആദ്യം ഒരു പൊട്ടിച്ചിരിയായിരുന്നു.
"ഇല്ല ഞാനാരേയും പ്രേമിക്കുന്നില്ല.ഇനിയൊട്ട് പ്രേമിക്കാനും പോകുന്നില്ല.എന്റെ ജീവിതത്തിൽ ചില ലക്ഷ്യങ്ങളുണ്ട്.അതിനാൽ തന്നെ ഞാനിപ്പോൾ ഒരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നത് പോലുമില്ല.എനിക്കായി ഒരുപകാരം ചെയ്യണം.ഈ വിവാഹത്തിന് താങ്കൾക്ക് താല്പര്യം ഇല്ലെന്ന് മാത്രമേ എല്ലാവരോടും പറയാവൂ"
ഞാനായി തള്ളി പറഞ്ഞ മറ്റു പെൺകുട്ടികളുടെ ശാപമാകാം എനിക്കിഷ്ട്ടപ്പെട്ട ഈ പെൺകുട്ടി എന്നെ വേണ്ടെന്ന് വെച്ചത്.മനസ്സ് നിറയെ സങ്കടം തോന്നിയെങ്കിലും ഒരു ചെറുപുഞ്ചിരി മുഖത്ത് വരുത്തി ഓകെ പറഞ്ഞ് ഞാനവിടെ നിന്നും ഇറങ്ങുമ്പോൾ അവളാ പറഞ്ഞ അവളുടെ ലക്ഷ്യങ്ങൾ എന്തായിരുന്നുവെന്ന് അറിയാനുള്ള ഉത്കണ്ഠ ആയിരുന്നു മനസ്സ് നിറയേ
പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ അവളെ നിരീക്ഷിക്കലായിരുന്നു പ്രധാന പരിപാടി.
അവൾ പഠിക്കുന്ന കോളേജിനടുത്തുള്ള ഒരു ട്യൂഷൻ സെന്ററിൽ വൈകുന്നേരം കുറച്ച് കുട്ടികളെ അവൾ പഠിപ്പിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി.
പഠിത്തത്തിൽ മിടുക്കിയായ അവൾ വീട്ടുകാരെ ആശ്രയിക്കാതെ ആ പണമാണ് അവളുടെ പഠിത്തത്തിനായി ഉപയോഗിക്കുന്നതും. പലതവണ ആ കോളേജ് പരിസരത്ത് വന്നിട്ടുണ്ടെങ്കിലും ഞാനിന്നു വരെ ശ്രദ്ധിച്ചിട്ടില്ലാത്തൊരു പഴയ തറവാട്ട് വീട്ടിലേക്ക് അവൾ എന്നും കയറിപ്പോകുന്നത് ഞാൻ കണ്ടു.
ആ വീട്ടിൽ അവൾ ആരെ കാണാനാണ് പോകുന്നതെന്നുള്ള ആകാംക്ഷയായിരുന്നു മനസ്സ് നിറയേ.ഞായറാഴ്ച ദിവസം അവൾക്ക് ക്ലാസ്സില്ലാത്തതിനാൽ ആ വീട്ടിലേക്ക് അവൾ വരില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു.
പകുതി തുരുമ്പെടുത്ത ഗേറ്റ് തുറന്നു ഞാനകത്തേക്ക് കയറുമ്പോൾ തന്നെ കണ്ടു "സ്നേഹ കുരുന്നുകൾക്കായി ഒരു തണൽവീട്" എന്നെഴുതിയ ചെറിയൊരു ബോർഡ്.
നന്നേ പഴക്കം ചെന്ന ഒരു നാലുകെട്ട് ആയിരുന്നു അത്.മണിയടിച്ചപ്പോൾ പ്രായം ചെന്ന ഒരു സ്ത്രീ വന്ന് വാതിൽ തുറന്നു.
ആരാ ?എന്താ ? എന്നുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ തുനിഞ്ഞപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്.ഒരു പത്തോളം കൊച്ചു കുട്ടികൾ നടുത്തളത്തിൽ ഓടിക്കളിക്കുന്നു.അതിൽ തന്നെ രണ്ട് കുട്ടികൾ വികലാംഗരായിരുന്നു
ഉന്തിയും മുടന്തിയും അവരും മറ്റുള്ളവർക്കൊപ്പം സന്തോഷത്തോടെ കളിക്കുന്നു.
അകത്തേക്ക് എന്നെ ക്ഷണിച്ചതിനോടൊപ്പം
എന്നിൽ നിന്നും സഹായം ലഭിക്കുമെന്ന പ്രതീക്ഷ തോന്നിയതിനാലാകാം ആ കുട്ടികളെക്കുറിച്ചുള്ള എന്റെ ചോദ്യങ്ങൾക്ക് അവർ ഉത്തരം പറഞ്ഞു തുടങ്ങിയത്
തെരുവിൽ ഒറ്റപ്പെട്ടുപോയ അനാഥബാല്ല്യങ്ങളായിരുന്നു ആ കുരുന്നുകൾ.
അവളിവിടെ വരുന്നതിനെക്കുറിച്ചുള്ള എന്റെ ചോദ്യത്തിനുള്ള മറുപടിയും അവർ തന്നെ തന്നു.എല്ലാ മാസവും അവൾ ട്യൂഷനെടുത്തു കിട്ടുന്നതിൽ നിന്നും അവളുടെ പഠിത്തത്തിനായുള്ള തുകയെടുത്ത ശേഷം ബാക്കിയുള്ളത് ഈ കുട്ടികൾക്കായി നല്കും പോരാത്തതിന് കോളേജിൽ നിന്നും ചെറിയൊരു തുക വീതം പിരിവായി എല്ലാ മാസവും അവൾ തന്നെ ഇവിടെയെത്തിക്കും.
പഠിച്ചൊരു ജോലി നേടി ഈ മക്കളെ നന്നായി നോക്കണമെന്നതാണ് അവളുടെ ജീവിതലക്ഷ്യമെന്ന് അവൾ പറയാതെ തന്നെ ഞാൻ തിരിച്ചറിഞ്ഞു.അവളുടെ ആ വലിയ മനസ്സിന് മുന്നിൽ ഞാനെത്രത്തോളം ചെറുതാണെന്ന് എനിക്ക് തന്നെ തോന്നി.
അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങുമ്പോൾ ഒന്നു ഞാൻ മനസ്സിൽ തീരുമാനിച്ചിരുന്നു.
കെട്ടുന്നെങ്കിൽ ഞാനവളെ തന്നെ കെട്ടൂ.
എല്ലാ മാസവും എന്റെ ശമ്പളത്തിൽ നിന്നും നല്ലൊരു തുക ഞാനാ കുരുന്നുകൾക്കായി നല്കുന്നുണ്ടെന്നറിഞ്ഞതിനാലാവാം എന്നെക്കാണാനായി അവളൊരു ദിവസം
കാത്തു നിന്നത്.എന്നോടുള്ള അവളുടെ നന്ദി പറച്ചിലിനൊടുവിൽ ഞാനെന്റെ മനസ്സിലുള്ള ഇഷ്ടം അവളോട് തുറന്നു പറഞ്ഞു.
ഈ കുരുന്നുകളുടെ ജീവിതത്തിനും പഠിത്തത്തിനുമൊക്കെ തുണയായി അവളോടൊപ്പം ഞാനും ഉണ്ടാകുമെന്ന് പറഞ്ഞപ്പോൾ ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. ഇഷ്ടമാടോ തന്നെയെനിക്കെന്ന് എന്റെ കൈകൾ ചേർത്ത് പിടിച്ചവൾ പറഞ്ഞപ്പോൾ അവളുടെ കണ്ണുനീർ എന്റെ കൈകളിൽ ഉതിർന്നു വീഴുന്നുണ്ടായിരുന്നു.
നമ്മുടെ വിയർപ്പിലൊരംശം ആശ്രയമില്ലാതായിപ്പോയ മറ്റുള്ളവർക്ക് കൂടി പകുത്ത് നൽകുന്നിടത്താണ് നാം ഒരു യഥാർത്ഥ മനുഷ്യനായി മാറുന്നതെന്ന് അവളെനിക്ക് മനസ്സിലാക്കി തന്നു.
By..RemyaRajesh

***********#ഏട്ടൻ*********

***********#ഏട്ടൻ*********

"നീ ചത്താൽ നിന്റെ ഭാര്യയ്ക്കും മക്കൾക്കും തന്നെ നഷ്ടം അല്ലാതെ എനിക്കും എന്റെ മക്കൾക്കും ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ലെടാ"
എന്റെ മുഖത്ത് നോക്കി അന്ന് നമ്മുടെ അമ്മ ഇത് പറഞ്ഞപ്പോൾ ഞാനും അമ്മയുടെ മക്കളിൽ ഒരാളല്ലേ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും കൂടപ്പിറപ്പുകളായ എന്റെ അനിയത്തിയും അനിയനും ചിരിച്ച മുഖത്തോടെ അത് കേട്ട് ആസ്വദിച്ചു നിന്നത് കണ്ടപ്പോ ഈ ഏട്ടന്റെ കണ്ണ് നിറഞ്ഞതോടൊപ്പം ശിരസ്സും താഴ്ന്നു പോയിരുന്നു..
"നിനക്കോർമ്മയുണ്ടോ മോളേ അനിയത്തിയും അനിയനും എന്നതിലുപരി അച്ഛന്റെ സ്ഥാനത്ത് നിന്ന് മക്കളെ പോലെയാണ് ഞാൻ നിങ്ങളെ സ്നേഹിച്ചതും സംരക്ഷിച്ചതും.ആ ഞാൻ നിങ്ങൾക്കിന്ന് അന്യനായി മാറി."
ഫസ്റ്റ്ക്ളാസ്സോടെ ഞാൻ പഠിച്ചു നേടിയ നല്ലൊരു ജോലിയുടെ സർട്ടിഫിക്കറ്റുമായി നമ്മുടെ വീട്ടിൽ വന്നു കേറിയ ആ സമയത്താണ് നമ്മുടെ അച്ഛൻ പതിവുപോലെ കള്ള് കുടിച്ചു വന്ന് ബഹളമുണ്ടാക്കിയത്.അന്ന് മരിക്കാനായി നീ വീടിനുള്ളിൽ കയറി കതകടച്ചപ്പോൾ ഓടിക്കൂടിയ അയൽക്കാർ കേൾക്കെ.... കരഞ്ഞു കൊണ്ടു നിന്ന അനിയനേയും എന്നേയും ചേർത്ത് നിർത്തി അമ്മ പറഞ്ഞ വാക്കുകൾ ഇന്നും ഈ ഏട്ടന്റെ ഉള്ളിൽ തന്നെയുണ്ട്....
"ടാ മോനെ ഈ വീട് വിറ്റാൽ പോലും നിന്റെ അനിയത്തിയെ കെട്ടിച്ചയയ്ക്കാൻ നമുക്ക് പറ്റില്ല.നീ വേണം അവളെ നല്ലൊരുത്തന്റെ കൈകളിൽ ഏൽപ്പിക്കാൻ.കേറിക്കിടക്കാനുള്ള ഈ കൂര നഷ്ടപ്പെടാതെ നീയത് ചെയ്യില്ലേ മോനെ ."
കരഞ്ഞുകൊണ്ട് അന്ന് അമ്മയത് പറഞ്ഞപ്പോൾ കൈയ്യിലിരുന്ന ആ സർട്ടിഫിക്കറ്റിനാൽ കിട്ടുന്ന മാന്യതയുള്ള ജോലിയേക്കാൾ പണം ചുമട് ചുമന്നാൽ ആയിരിക്കുമെന്ന് എനിക്ക് തോന്നി.
പതിനേഴാം വയസ്സിൽ എനിക്കൊപ്പം പഠിച്ചവർ തുടർന്ന് പഠിക്കുന്നതും ക്രിക്കറ്റ് കളിച്ചു നടക്കുന്നതും കണ്ടിട്ടും കാണാത്തഭാവത്തിൽ ഞാനെന്റെ അമ്മാവനൊപ്പം തലച്ചുമടേന്തി ഓരോ വീടുകൾ കയറിയിറങ്ങുമ്പോഴും നമ്മുടെ കുടുംബവും നിന്റെ വിവാഹവുമായിരുന്നു എന്റെ മനസ്സ് നിറയെ...
ഞാനെന്റെ ഊണും ഉറക്കവും ഉപേക്ഷിച്ചത് നിങ്ങൾക്കു വേണ്ടിയായിരുന്നു..പൊള്ളുന്ന വെയിലിലും കോരിച്ചൊരിയുന്ന മഴയിലും ചുമടേന്തി നടക്കാൻ എന്റെ മനസ്സിന് ശക്തി നല്കിയത് നമ്മുടെ കുടുംബത്തെ ഓർത്തുള്ള വേവലാതിയായിരുന്നു..
തുണി മേടിച്ച് കാശത്രയും കൂടി നഷ്ടപ്പെടാതിരിക്കാൻ ഞാൻ കണ്ടെത്തിയ മാർഗ്ഗമായിരുന്നു വെള്ള മുണ്ടും വെള്ളയുടുപ്പും.തേഞ്ഞു തീരുന്ന ഹവായ് ചെരുപ്പിൽ നോക്കുമ്പോൾ സന്തോഷമേ തോന്നിയിട്ടുള്ളൂ..എന്റെ അനിയത്തിയും അനിയനും നല്ല ചെരിപ്പിട്ട് നടക്കണുണ്ടല്ലോ അതല്ലേ എന്റെ സന്തോഷമെന്നോർത്ത്..
നിന്നെ ആണൊരുത്തന്റെ കൈകളിൽ പിടിച്ചേല്പ്പിക്കുമ്പോൾ രണ്ട് വയസ്സിന്റെ വ്യത്യാസത്തിൽ നിന്റെ ഏട്ടനായ ഞാൻ അന്ന് ഒരു അച്ഛന്റെ കടമ ചെയ്ത സംതൃപ്തിയിലായിരുന്നു.അന്നും നമ്മുടെ അച്ഛൻ നല്ലൊരു കാഴ്ചക്കാരനായി ഗമയിൽ അച്ഛന്റെ കടമകൾ ചെയ്യാതെ സ്ഥാനം മാത്രം അലങ്കരിക്കുന്നുണ്ടായിരുന്നു.
ഈ ഏട്ടനന്ന് നമ്മുടെ അമ്മയുടെയുള്ളിൽ മകനേക്കാളുപരി വാനോളം സ്ഥാനമായിരുന്നു.ഏട്ടന്റെ വിയർപ്പിൽ ഉരുക്കിയെടുത്ത ആഭരണങ്ങൾ അണിഞ്ഞ് നീ പടിയിറങ്ങിയപ്പോൾ അതിന്റെ ബാധ്യത തീർക്കാൻ എത്രയോ ദിവസങ്ങളിൽ പൈപ്പ് വെള്ളം മാത്രം കുടിച്ചും ദഹിക്കാൻ പ്രയാസമായ രണ്ട് പൊറോട്ടയിൽ ഒരു ദിവസം മുഴുവനും ചുമടേന്തി ഞാൻ നടന്നതും ഞാനല്ലാതെ മറ്റാരുമറിഞ്ഞില്ല..
നിന്റെ വിവാഹം കൊണ്ടും തീർന്നിരുന്നില്ല എന്റെ കടമകൾ..അവിടെ നിന്ന് നീ ആവശ്യപ്പെടുന്ന ഓരോ കാര്യങ്ങൾക്കും അമ്മയെനിക്ക് മേൽ പരാതിയായി പറയുമ്പോൾ അതൊക്കെയും സാധിച്ചു തരാൻ ഈ ഏട്ടൻ നെട്ടോട്ടമോടുകയായിരുന്നു.അലമാരിയായും മിക്സിയായും അങ്ങനെ ഓരോ ആവശ്യങ്ങളായിരുന്നു നിനക്ക് ഇടയ്ക്കിടയ്ക്ക്.
ഇതിനിടയിൽ നമ്മുടെ അനിയനെ നന്നായി പഠിപ്പിക്കണമെന്ന് ഞാനാഗ്രഹിച്ചെങ്കിലും അവന് പഠിക്കാൻ താല്പര്യമില്ലെന്നറിഞ്ഞപ്പോൾ അവന് സ്വന്തം കാലിൽ നിൽക്കാനൊരു ജോലി അതായിരുന്നു എന്റെ ചിന്ത മുഴുവനും.
ഡ്രൈവിംഗ് പഠിപ്പിച്ച് അവനൊരു ജോലിയായപ്പോൾ മനസ്സിനുള്ളിൽ അവനേക്കുറിച്ചോർത്ത് അല്പം ആശ്വാസമായി.
അവനൊരു വരുമാന മാർഗ്ഗമായതോടെ നമ്മുടെ കുടുംബം ഒന്നൂടെ സുരക്ഷിതമായെന്ന തോന്നലുണ്ടായതുകൊണ്ടാ കൂടെയുള്ളവരുടെ നിർബന്ധത്താൽ ഞാൻ എന്റെ വിവാഹത്തെക്കുറിച്ച് ചിന്തിച്ചതു പോലും...
പക്ഷേ ബന്ധങ്ങളുടെ സ്ഥാനം പണത്തിനേക്കാൽ താഴെയാണെന്ന് അന്ന് തൊട്ടെനിക്ക് നിങ്ങൾ ഓരോരുത്തരും മനസ്സിലാക്കി തന്നു..നിനക്കോർമ്മയുണ്ടോ മോളേ..? നിന്റെ അക്കൗണ്ടിൽ ഞാൻ നിനക്ക് സ്ത്രീധനമായി ഇട്ട് തന്ന തുകയിൽ നിന്നും എന്റെ കല്ല്യാണ ആവശ്യത്തിനായി ഞാൻ ഒരു ഇരുപതിനായിരം രൂപ രണ്ട് ദിവസത്തേക്ക് കടമായി ചോദിച്ചപ്പോൾ നിനക്കതെടുത്ത് തരാൻ മടിയാണെന്ന് എന്നോട് പറഞ്ഞത്..പക്ഷേ വെറുതെ വേണ്ട മോളേ ഞാനെന്തേലും കുറച്ചു പൈസ കൂടി അതിന്റെ കൂടെ അധികമിട്ടു തരാമെന്ന് പറഞ്ഞപ്പോൾ നീ സന്തോഷത്തോടെ ആ നിമിഷമെനിക്ക് ചെക്ക് ഒപ്പിട്ട് തന്നു.
എന്നേക്കാളേറെ പണത്തെ നീ സ്നേഹിച്ച ആ നിമിഷമെനിക്ക് മറക്കാനാകില്ല..
എന്റെ വിവാഹം പുറമേയ്ക്ക് നിങ്ങളെല്ലാം സന്തോഷം കാണിച്ചെങ്കിലും ഉള്ളിൽ അടക്കാനാവാത്ത ഇഷ്ടക്കേടായിരുന്നൂന്ന് തിരിച്ചറിയാൻ ഞാൻ വൈകി.കാരണം ഞാനെന്നും നിങ്ങൾക്കുള്ളിൽ ഒരു കറവപ്പശുവിനെപ്പോലായിരുന്നു.നിങ്ങളോരോരുത്തരുടേയും ആഗ്രഹങ്ങളും ആവശ്യങ്ങളും നിറവേറ്റി തരാൻ മാത്രമുള്ളൊരാൾ.
പക്ഷേ രക്തബന്ധത്തെക്കാൾ തുടിപ്പ് ഞാനറിഞ്ഞത് എന്റെ വിവാഹത്തിന്റെ പിറ്റേ ദിവസം . .എന്റെ അനിയത്തിയുടെ കാശ് അക്കൗണ്ടിലിട്ട് കൊടുക്കാനായി എന്റെ ഭാര്യ അവളുടെ വീട്ടിലും എന്റെ വീട്ടിലും ആരും അറിയരുതന്നും പറഞ്ഞു അവളുടെ സ്വർണ്ണം എടുത്ത് എന്റെ കയ്യിൽ തന്നപ്പോഴാണ്..
ഞാനത് വാങ്ങാൻ മടിച്ചപ്പോൾ അവളെന്നോട് പറഞ്ഞു ഈ സ്വർണ്ണത്തേക്കാൽ വിലയുണ്ട് ബന്ധങ്ങൾക്ക്.അത് നഷ്ടപ്പെടുത്തണ്ട .അനിയത്തിയുടെ മുഖം കറുക്കുന്നത് ഏട്ടനൊരിക്കലും സഹിക്കാനാകില്ലല്ലോ. ഈ സ്വർണ്ണം എന്നേപ്പോലെ തന്നെ എന്റെ ഭർത്താവിനും അവകാശപ്പെട്ടതാ.നിങ്ങടെ മുഖത്തെ ചിരിയേക്കാൾ വലിപ്പം ഞാനീ സ്വർണ്ണത്തിൽ കാണുന്നില്ല.പിന്നീടൊരിക്കൽ ഞാനിട്ട താലിമാലയടക്കം വിൽക്കാനായി അവളെന്റെ കൈകളിൽ ഊരിതന്നപ്പോഴും പണത്തിനേക്കാൽ മൂല്ല്യം അവളുടെ സ്നേഹത്തിനാണ് എന്നെനിക്ക് മനസ്സിലായി..
രക്തബന്ധത്തിന് പണത്തിനേക്കാൽ സ്ഥാനമുണ്ടെന്നുള്ള എന്റെ വിശ്വാസം ...
അതെന്റെ വെറും വിശ്വാസം മാത്രമായിരുന്നു.
കാലം നിങ്ങളിലൂടെ തന്നെ അതെനിക്ക് കാട്ടിതന്നു.കുടുംബം ,,കുട്ടികൾ ഇതിലൂടെ ജീവിത ചിലവുകൾ കൂടിയപ്പോൾ നിങ്ങളുടെ പരിധിവിട്ട പല ആവശ്യങ്ങളും സാധിച്ചു തരാൻ എനിക്ക് പറ്റാതായപ്പോൾ അതിനു കാരണക്കാരിയായ എന്റെ ഭാര്യയും മക്കളും നിങ്ങൾക്ക് ശത്രുക്കളായി..
കൈയ്യിൽ കാശുള്ള ബാധ്യതകളില്ലാത്ത എന്റെ അനിയൻ നിനക്കും അമ്മയ്ക്കും ഇഷ്ടമുള്ളവനായി മാറി.പണത്തിന് ബന്ധത്തേക്കാൽ സ്ഥാനമുണ്ടെന്ന് വീണ്ടും അതിലൂടെ ഞാൻ മനസ്സിലാക്കി.
വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം ഞാൻ വിദേശത്തേക്ക് ആദ്യമായി ജോലി തേടി പോയപ്പോൾ എന്റെ ഭാര്യയെ ഞാൻ നിങ്ങളെയാണ് വിശ്വസിച്ചേൽപ്പിച്ചത്.പക്ഷേ നിങ്ങൾക്കന്നും അവളോട് ഇഷ്ടക്കേടേ പ്രകടിപ്പിക്കാനുള്ളായിരുന്നു.
ശമ്പളം നന്നേ കുറവായിരുന്നതിനാലും ജോലിയിൽ തുടക്കമായതിനാലും ഞാനന്നവിടെ നന്നേ ബുദ്ധിമുട്ടിയിരുന്നു.
വിവാഹവാർഷികത്തിനായി ഞാനെന്റെ ഭാര്യയ്ക്ക് ഒരു സാരി സമ്മാനമായി കൊടുത്തുവിട്ടതിന് നീയും നമ്മുടെ അമ്മയും കൂടി അവളെ ഒരുപാട് കണ്ണീര് കുടിപ്പിച്ചത് നീ മറന്നാലും ഈ ഏട്ടൻ മറക്കില്ല .കാരണം നിനക്കിതൊക്കെ വാങ്ങി തരാനായി ആണൊരുത്തന്റെ കൈകളിൽ നിന്നെ പിടിച്ചേൽപ്പിച്ചത് ഈ ഏട്ടനായിരുന്നു.ഒരു ഭാര്യയായ നീ ഒന്നോർത്താൽ മതിയായിരുന്നു
നിന്നെപ്പോലെ ഒരു പെണ്ണ് തന്നെയാണ് അവളെന്നും.
വിവാഹവാർഷികത്തിന് ഭാര്യയ്ക്കൊപ്പം അമ്മയ്ക്കും വിവാഹം ചെയ്തയച്ച പെങ്ങൾക്കും സാരി എടുത്ത് കൊടുക്കണമെന്ന് ഈ ഏട്ടനറിയില്ലായിരുന്നു.എന്റെ അറിവില്ലായ്മയായി പോലും നീയും അമ്മയും അത് ക്ഷമിച്ചില്ല.പകരം എന്റെ ഭാര്യയെ ശാപവാക്കുകളാൽ മൂടി..
കുടുംബം ഓഹരി വെച്ചപ്പോളും ഈ ഏട്ടനറിഞ്ഞില്ല നിങ്ങടെയൊക്കെ ഉള്ളിൽ പണത്തിനായിരുന്നു മുൻതൂക്കമെന്ന്.അല്ലായിരുന്നെങ്കിൽ എനിക്ക് തന്ന വീതത്തിന്റെ പേരിൽ ശാപങ്ങളുമായി നിങ്ങളോരോരുത്തരും എന്നെയകറ്റില്ലായിരുന്നല്ലോ.നിന്റെ കഴുത്തിൽ കിടക്കുന്ന താലി..എന്റെ അനിയൻ ഇന്ന് കൈനീട്ടി വാങ്ങുന്ന ശമ്പളം അതിന്റെയൊക്കെ പിന്നിൽ ഈ വെറുക്കപ്പെട്ടുപോയ ഏട്ടന് ഒരു സ്ഥാനവുമില്ലാതായല്ലോ മോളേ.
ഇതൊക്കെ കടമയാണെന്ന് നമ്മുടെ അമ്മ പറയുന്ന ഒറ്റവാക്കിൽ ഈ ഏട്ടന്റെ കണ്ണീരിന്റെയും വിയർപ്പിന്റെ അംശമുണ്ടായിരുന്നൂന്ന് ഒരിക്കലെങ്കിലും നിങ്ങളോർക്കണം.അന്നീ ഏട്ടൻ മറുത്തൊന്ന് ചിന്തിച്ചിരുന്നെങ്കിൽ ..നിങ്ങളെപ്പോലെ രക്തബന്ധത്തേക്കാൽ പണത്തിനെ ഞാനും സ്നേഹിച്ചിരുന്നെങ്കിൽ...
വേണ്ട...അങ്ങനൊന്ന് ഓർക്കാൻ കൂടി ഈ ഏട്ടൻ ഇഷ്ടപ്പെടുന്നില്ല.. നിങ്ങളെ സ്നേഹിച്ചതിന്റെ പേരിൽ ഈ ഏട്ടനെ ശപിച്ചോളൂ.പക്ഷേ എന്റെ മക്കളെ വെറുതെ വിടണം ..അവരെ നിങ്ങൾ ശപിക്കരുതേ.
നിങ്ങടെ ഓരോ ശാപവാക്കുകളും ഈ ഏട്ടന്റെ ഹൃദയത്തിൽ തറയ്ക്കാനുള്ള ആണികളായി മാറട്ടേ..കാരണം കുടുംബത്തെ സ്നേഹിച്ചവനെന്നും കുരിശിൽ തറയ്ക്കാൻ വിധിക്കപ്പെട്ടവനാണ്..
ഈ ഏട്ടനെ നിങ്ങൾ വെറുത്താലും എന്റെയുള്ളിലെന്നും എന്റെ കുഞ്ഞുപെങ്ങളായും കുഞ്ഞനിയനായും നിങ്ങളുണ്ടാകും.
By..RemyaRajesh

വിധി നടനമാടുന്ന ജീവിതങ്ങൾ

വിധി നടനമാടുന്ന ജീവിതങ്ങൾ
********************************
കവലയിൽ വന്ന് ബസിറങ്ങുമ്പോൾ കണ്ട മുഖങ്ങളൊന്നും അത്ര പരിചയമുള്ളതായിരുന്നില്ല..
അല്ലെങ്കിലും പന്ത്രണ്ട് വർഷങ്ങളായി ഞാനറിയാത്ത എത്രയോ ആൾക്കാർ വന്നും പോയുമിരിക്കാം..ദിവാകരേട്ടന്റെ ചായക്കട പണ്ട്
ഓലമേഞ്ഞതു മാറ്റി കോൺക്രീറ്റാക്കിയിരിക്കുന്നു.വിപ്ളവ ചിന്തകൾക്ക് വീര്യം പകർന്നു തന്ന കട്ടൻചായയുടെയും പരിപ്പുവടയുടെയും സ്വാദ് ഇപ്പോഴും നാവിൻ തുമ്പിലോടിയെത്തി ചായക്കട കണ്ടപ്പോൾ.
കടയ്ക്കുള്ളിലേക്ക് കടന്നപ്പോഴാണറിഞ്ഞത് ദിവാകരേട്ടനല്ല ഇപ്പോൾ കട നടത്തുന്നത് പകരം മകൻ മോഹനാണ് കട മുതലാളിയെന്ന്.എന്നിൽ വലിയ മാറ്റം ഒന്നുമില്ലാഞ്ഞിട്ടാകാം മോഹനെന്നെ പെട്ടെന്ന് തിരിച്ചറിഞ്ഞത്.സഹതാപംനിറച്ച ചിരിയ്ക്കൊപ്പം ഒരു ചൂടു ചായ മുൻപിൽ കൊണ്ടു വന്നു വെച്ചശേഷം എന്നോടായി ചോദിച്ച ചോദ്യം അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു.
"രാജൂ നീ എന്തിനാ ഇവിടേക്ക് വന്നത്"?
"അതെന്താ മോഹനാ നീയങ്ങനെ ചോദിച്ചേ?
എന്റെ മാലതിയും മോനും , പിന്നെ എന്റെ വീടും നാടും ഒക്കെ ഇതല്ലേ.ഞാനിവിടേക്കല്ലാതെ മറ്റെവിടേക്കാ പിന്നെ വരേണ്ടത്?"
"നിന്റെ മാലതി..ത്ഫൂ...ഞാനൊന്നും പറയുന്നില്ല
എല്ലാം കൺമുന്നിൽ കണ്ടറിയ് നീ.അതാണ് നല്ലത്"
ചായ കുടിച്ച ശേഷം ഗ്ലാസ് മേശപ്പുറത്ത് വെച്ചെഴുന്നേറ്റപ്പോൾ മോഹന്റെ വാക്കുകൾ കേട്ട്
അടക്കം പറഞ്ഞു ചിരിക്കുന്നവരെ ഞാനൊന്നു
നോക്കി.ഒരു കൊലപാതകിയുടെ നോട്ടമായതിനാലാവാം ചിരിച്ചവരുടെയെല്ലാം മുഖം ഒരേ പോലെ താഴ്ന്നു,നിലത്തേക്ക് നോക്കിയിരിപ്പായി.
വീട്ടിലേക്കെത്താൻ മനസ്സ് വല്ലാതെ വെമ്പുകയായിരുന്നു.മനസ്സിന്റെ വേഗത കാലുകൾക്കില്ലാത്തതു പോലെ തോന്നുന്നു.
വീട്ടു പടിക്കലെത്തിയപ്പോൾ കണ്ടു സ്വന്തം വീടിനും വന്ന മാറ്റം ..പലകയടിച്ച ഷെഡ്ഡിനു പകരം
കട്ട കെട്ടി ഓടുമേഞ്ഞിരിക്കുന്നു.തിണ്ണയിലിരുന്ന്
ഒരു പെൺകുട്ടി എന്തോ കഴിക്കുന്നുമുണ്ട്.
അപരിചിതനായ ആളായതിനാലാവാം ആ പെൺകുട്ടി എന്നെക്കണ്ട് "അമ്മേ " എന്നും വിളിച്ച് ഓടി അകത്തേക്ക് പോയത്." ഈശ്വരാ എന്റെ വീട് തന്നെയല്ലേ ഇത്.ഈ പെൺകുട്ടി ഏതാ? അവൾ അമ്മേ എന്ന് വിളിച്ചും കൊണ്ട് അകത്തേക്ക് ഓടി ചെല്ലണമെങ്കിൽ ......
ഈ വീട് മറ്റാരുടേതോ ആയി മാറിയോ?
"നിങ്ങൾ ആരാ? എവിടുന്നാ? എന്താ വേണ്ടത്?"
ചോദ്യങ്ങൾ കേട്ട് തിരിഞ്ഞു നോക്കിയ ഞാൻ
ഞെട്ടിപ്പോയി
"അതേ.എന്റെ മാലതി തന്നെ.അപ്പോൾ അമ്മേയെന്ന് വിളിച്ച് അകത്തേക്കോടിയ പെൺകുട്ടി ......മാലതിയുടെ മകളാണോ?
അതെങ്ങനെ.....ഞങ്ങൾക്കൊരു മോനല്ലാ ഉള്ളൂ..
പക്ഷേ....ഈ പെൺകുട്ടി..."
എന്റെ മുഖഭാവം കണ്ടാവാം മാലതി പെട്ടെന്നു പറഞ്ഞത് "ഇതെന്റെയും ഗോപാലേട്ടന്റേയും മകളാ ലക്ഷ്മി. അഞ്ചാം ക്ലാസിൽ പഠിക്കുന്നു.
നിങ്ങളന്ന് നിങ്ങടമ്മയെ വെട്ടിക്കൊന്ന് ജയിലിൽ
പോയ ശേഷം നിങ്ങടെ ഏട്ടനാണെന്നേയും മോനേയും നോക്കിയത്.ആ ബന്ധത്തിൽ പിന്നെ എനിക്കുണ്ടായ കുട്ടിയാ ഇവള്.ഗോപാലേട്ടൻ അകത്ത് കിടന്നുറങ്ങുന്നുണ്ട്..ഞാൻ വിളിക്കാം
നിങ്ങൾ കേറിയിരിക്ക്..കുടിക്കാൻ ഞാൻ ചായ എടുക്കാം"
മാലതി അകത്തേക്ക് പോകാനായി തിരിഞ്ഞതും
ഞാൻ " വേണ്ട " എന്നു പറഞ്ഞത് കേട്ട് തിരിഞ്ഞു നിന്നു..
" എന്റെ മോൻ അപ്പു എന്തിയേ? "അത് ചോദിച്ചപ്പോൾ എന്റെ ശബ്ദം ഇടറിയതായി എനിക്ക് തന്നെ തോന്നി
"ആ ആർക്കറിയാം എവിടെയാണെന്ന്.നേരം വെളുക്കുമ്പോൾ വായി നോക്കാനിറങ്ങും .സന്ധ്യയാകുമ്പോൾ തിരികെ വന്ന് കേറും.അത് അങ്ങനൊരു പാഴ്ജന്മം നാട്ടാരെക്കൊണ്ട് പറയിപ്പിക്കാൻ അല്ലാതെന്താ?"
അന്യ കുട്ടിയെക്കൂറിച്ച് പറയുന്നതു പോലെ അപ്പൂനെക്കുറിച്ച് മാലതി അങ്ങനെ പറഞ്ഞപ്പോൾ എനിക്കെന്തോ വല്ലാത്ത ദേഷ്യം വന്നു
ഞാൻ ആരുമല്ലാതായി മാറിയിരിക്കുന്നു ഈ വീട്ടിൽ..മാലതിയുടെ മുഖഭാവത്തിൽ നിന്നും
ഞാനിറങ്ങി പോകണം എന്ന് പറയാതെ പറയുന്നതായി തോന്നി.അല്ലെങ്കിൽ തന്നെ അവളിന്ന് മറ്റൊരാളുടെ ഭാര്യ ആണല്ലോ..
അതറിയാതെ ഇവിടേക്ക് വന്ന ഞാനാണല്ലോ വിഡ്ഢി.
വിവാഹം കഴിഞ്ഞ് ആറു മാസത്തിനകം ഭാര്യ മരിച്ച ഏട്ടൻ പിന്നീട് മറ്റൊരു വിവാഹം കഴിക്കാതെ ഞങ്ങളുടെ
കൂടെ താമസിച്ചപ്പോൾ തെറ്റായ ചിന്തയൊന്നും
മനസ്സിൽ തോന്നാഞ്ഞ ഞാനന്നും വിഡ്ഢിയാരുന്നു.
അമ്മയേയും കൂട്ടി പനിക്ക് മരുന്നും വാങ്ങി വൈദ്യരുടെ അടുത്തൂന്ന് തിരികെ വന്നപ്പോൾ
മാലതിയുടെ മുറീന്ന് ഇറങ്ങി വന്ന ഏട്ടൻ
എന്നെ കണ്ട് ഞെട്ടലോടെ തിരികെ ആ മുറിയിൽ കേറി വാതിലടച്ചപ്പോൾ മനസ്സിൽ തോന്നിയ വെറുപ്പ് ഒരു കൊലപാതകത്തിലേക്ക് വഴിമാറി.
കതക് ചവിട്ടി തുറന്നപ്പോൾ പേടിച്ചരണ്ട മാലതി എന്നെ പുണർന്ന് കരഞ്ഞപ്പോൾ അവളാ ഒഴുക്കിയതൊക്കെയും ചതിയുടെ കണ്ണുനീർത്തുള്ളികളാണെന്ന് തിരിച്ചറിഞ്ഞത് ഈ ഒരു നിമിഷത്തിലാണ്.അന്നാ ആ കണ്ണു നീർ ഒരു പതിവ്രതയായ ഭാര്യയുടെതായി തോന്നിയത് കൊണ്ടാണ് ഏട്ടന്റെ കഴുത്തിൽ കത്തി ആഞ്ഞ്
വീശിയത്.പക്ഷേ അതിനിടയിലേക്ക് കയറി വന്ന
അമ്മയുടെ കഴുത്തിലാണ് വെട്ടു കൊണ്ടത്.
പത്ത്മാസം.ചുമന്ന് നൊന്തു പ്രസവിച്ച അമ്മയെ വെട്ടിക്കൊന്ന മകൻ.....സമൂഹം കൊലപാതകിയെന്ന പേര് ചാർത്തി തന്നു.നിയമം തന്ന ശിക്ഷ നീണ്ട പന്ത്രണ്ട് വർഷം ജയിൽ വാസമായിരുന്നു . ജയിലറയിൽ ചെയ്ത തെറ്റോർത്ത് ഉരുകുന്നതിനിടയിലും മനസ്സിൽ.
മാലതിയും മോനുമായിരുന്നു.അവൾക്കായിട്ടാണല്ലോ ഞാനൊരു കൊലപാതകിയായത്.അതിനാൽ തന്നെ അവളെനിക്കായി കാത്തിരിക്കുമെന്നൊരു
പ്രതീക്ഷ..അതാണിന്നു വരെ ജീവിക്കാൻ പ്രേരിപ്പിച്ചതും.
പക്ഷേ ഇപ്പോഴാണ് മനസ്സിലായത് ഞാനന്നും വഞ്ചിക്കപ്പെടുകയായിരുന്നെന്ന്.ഏട്ടനും അവളും തമ്മിലുള്ള അടുപ്പം തെറ്റായ രീതിയിൽ തന്നെയായിരുന്നു. രണ്ടു പേർ ചെയ്ത തെറ്റിന് ഒരാളെ മാത്രം ശിക്ഷിക്കാൻ ശ്രമിച്ച ഞാനാണ് മണ്ടൻ.
ഇനിയും ഇവിടെ നിൽക്കുന്നതിൽ അർത്ഥമില്ല.
വ്യർത്ഥമായ ചിന്തകൾക്ക് കടിഞ്ഞാണിട്ട് മനസ്സിനെ സ്വസ്ഥമായി വിട്ടു കൊണ്ട് ഈ നാടും
വീടും ഉപേക്ഷിക്കുക.ഇനിയൊരു പിൻവിളി ഉണ്ടാകില്ലെന്നു കരുതിയാണ് മുന്നോട്ട് നടന്നത്.
"അച്ഛാ" വിളി കേട്ട് തിരിഞ്ഞു നോക്കിയപ്പോഴാണ്
പിന്നിൽ വിയർപ്പിൽ കുളിച്ചു കിതച്ചു കൊണ്ട്
അപ്പു.
"മോനേ" എന്ന് വിളിച്ചു കെട്ടിപ്പിടിച്ച് ആ നെറ്റിയിൽ ഉമ്മ വെയ്ക്കുമ്പോൾ അവനെന്നോടായി ചോദിച്ചൊരു ചോദ്യം
അത് ഇതുമാത്രമായിരുന്നു...
" എന്നെ തനിച്ചാക്കി പോകുവാണോ അച്ഛൻ?"
ആ ചോദ്യം കേട്ടെന്റെ മിഴികൾ നിറഞ്ഞൊഴുകി.
ഇല്ല ഇനി ഞാൻ തനിച്ചല്ല? എനിക്കെന്റെ മോനുണ്ട് .അവനു വേണ്ടി ജീവിക്കണം എനിക്ക്.
ഭാര്യയെ അകമഴിഞ്ഞ് വിശ്വസിച്ചതിന്റെയും സ്നേഹിച്ചതിന്റെ പേരിൽ ചതിക്കപ്പെട്ടവനാണ് ഞാൻ.എന്റെ മോന് ആ ഒരവസ്ഥ വരരുത്.
കവലയിൽ നിന്നും മോനുമായി വണ്ടി കയറുമ്പോൾ എവിടോട്ട് എന്നുള്ള ചോദ്യം മുന്നിലേക്ക് വന്നെങ്കിലും നാളെ എന്നതൊരു പ്രതീക്ഷയായി എന്നിലപ്പോഴേക്കും ഉടലെടുത്തിരുന്നു..
By..RemyaRajesh

#കുടുംബകലഹ#രസായനം

#കുടുംബകലഹ#രസായനം
****************************
"ടാ..നിന്റെ ഭാര്യയ്ക്ക് ഭ്രാന്താണെങ്കിൽ വല്ല ഭ്രാന്താശുപത്രിയിലും കൊണ്ടിടടാ അവളെ.
ബാക്കിയുള്ളോരുടെ മണ്ടയ്ക്കിട്ട് താങ്ങാൻ നിൽക്കുവാ അവള്."
ബൈക്കിൽ നിന്നും ഇറങ്ങിയതേ അമ്മയുടെ ഈ അലർച്ച കേട്ടുകൊണ്ടാണ്...അകത്തേക്ക് ചെന്ന് നോക്കുമ്പോൾ ഹേമ കയ്യിൽ കറിക്കത്തിയും പിടിച്ച് കൊണ്ട് സോഫയിൽ തളർന്നിരിക്കുന്നു.ടി.വി നിലത്ത് തകർന്നു തരിപ്പണമായി കിടക്കുന്നുണ്ട്.അടുക്കളയും ആകെ അലങ്കോലപ്പെട്ട് കിടക്കുന്നു.
ഉണ്ടായിരുന്നു.
ഞാനടുത്തേക്ക് ചെന്നതും ഹേമ എന്നെ ഒറ്റത്തള്ളലായിരുന്നു.ഭാഗ്യത്തിന് ടേബിളിന്റെ സൈഡിൽ പിടിച്ചതിനാൽ മറിഞ്ഞു വീണില്ല.അപ്പോഴും ശബ്ദം താഴ്ത്തി അവൾ എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ടായിരുന്നു, അതിനോടൊപ്പം ഇടയ്ക്കിടെ കരയുകയും ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
"അമ്മ പറഞ്ഞത് ശരിയാ ഇവൾക്ക് ഭ്രാന്താണെന്നാ തോന്നണത്. ഏതായാലും ഡോക്ടറെ കാണിച്ചിട്ട് വരാം.ഞാൻ ഒരു ടാക്സി വിളിക്കട്ടെ.അമ്മ വരുന്നുണ്ടോ കൂടെ"
"ഫ..ഈ നശിച്ചവളെ കാണിക്കാൻ ഞാനെന്തിനാ കൂടെ വരുന്നത്.എനിക്കതിന്റെ ആവശ്യമില്ല.കാൽക്കാശിന് ഗതിയില്ലാത്തവളെ തൊലിവെളുപ്പ് കണ്ട് കെട്ടിയതല്ലേ.വരുന്നതൊക്കെ നീ തനിയെ അങ്ങ് അനുഭവിച്ചാൽ മതി."
അമ്മയുടെ മനസ്സിൽ ഹേമയോടുള്ള വെറുപ്പ് എത്രത്തോളമുണ്ടെന്നെനിക്കറിയാം.അമ്മയുടെ ആങ്ങളയുടെ മകളെ ഞാൻ കെട്ടാത്തതിലുള്ള ദേഷ്യം മുഴുവൻ പാവം ഹേമയോടാണ് അമ്മ തീർക്കുന്നത്.കണ്ടവന്റെ കൂടെ ഒളിച്ചോടി നാലിന്റന്ന് തിരികെ വന്ന ആ അഹങ്കാരിയെ കെട്ടാൻ എനിക്കിഷ്ടമല്ലെന്ന് അമ്മയോട് പലതവണ പറഞ്ഞതാ.അമ്മയ്ക്കപ്പഴും അമ്മാവന്റെ സ്വത്തിലായിരുന്നു കണ്ണ്.
അമ്മയ്ക്ക് മാത്രമല്ല എന്റെ പെങ്ങൾക്കും അവളെ കെട്ടുന്നതിലായിരുന്നു താല്പര്യം.കാരണം പുഴക്കരയുള്ള അമ്മാവന്റെ പത്ത് സെന്റ് വസ്തു ചുളുവിലയ്ക്ക് അവൾക്ക് കൊടുക്കാമെന്ന് അമ്മായി അവളോട് പറഞ്ഞിട്ടുണ്ടായിരുന്നു. ആ ഒരു കാരണത്താൽ അവളെ എന്റെ തലയിൽ കെട്ടി വെക്കാൻ എന്റെ പെങ്ങൾക്കും വല്ല്യ ഉത്സാഹമായിരുന്നു.അല്ലേലും ചില പെണ്ണുങ്ങളങ്ങനാണല്ലോ സ്വത്തും സ്വർണ്ണവും കണ്ടാൽ കണ്ണ് മഞ്ഞളിക്കും.
എനിക്കൊപ്പം പഠിച്ച എന്റെ ഉറ്റ സുഹൃത്ത് ഗിരീഷ് ഒരു ആക്സിഡന്റിൽ മരിച്ചപ്പോ തനിച്ചായിപ്പോയ അവന്റെ അമ്മയേയും ഹേമയേയും സഹായിക്കാൻ അവളെ വിവാഹം കഴിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി.പക്ഷേ അതെന്റെ അമ്മയുടേയും പെങ്ങളുടേയും എന്നോടുള്ള വെറുപ്പ് കൂട്ടിയതേയുള്ളൂ.കാരണം അവരാഗ്രഹിച്ചതു പോലെ സ്വത്തും സ്വർണ്ണവും ഒന്നും തരാൻ ഹേമയുടെ വീട്ടുകാർക്ക് കഴിവില്ലായിരുന്നു.
മനസ്സില്ലാ മനസ്സോടെ ആയിരുന്നു ഞങ്ങളുടെ വിവാഹത്തിന് അമ്മ സമ്മതിച്ചത്.കെട്ടിക്കൊണ്ട് വന്നതിന്റെ പിറ്റേന്ന് തൊട്ട് അവളോടുള്ള പോര് തുടങ്ങി.ഞാനെന്തെങ്കിലും എതിർത്തു പറഞ്ഞാൽ ഉടനേ അച്ചിക്കോന്തനെന്നുള്ള വിളിപ്പേരും നാട്ടുകാരു കേൾക്കെ .. ഭാര്യയുടെ വാക്കുകേട്ട് അമ്മയെ തെറിവിളിക്കുന്നെന്നുള്ള രീതിയിൽ കള്ളക്കരച്ചിലും.
പലപ്പോഴും എന്റെ അമ്മയുടേയും പെങ്ങളുടേയും കുത്തുവാക്കുകൾ കേട്ട്
എല്ലാം ഉള്ളിലൊതുക്കി കഴിയുന്ന അവളെ കാണുമ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നും.ഞാൻ കാരണമാണല്ലോ അവൾക്കീ ഗതി വന്നത്.അമ്മയേയും കൂടപ്പിറപ്പിനേയും ഉപേക്ഷിക്കാൻ വയ്യാത്തതിനാൽ പലപ്പോഴും അവർക്കു മുന്നിൽ ഹേമയോടുള്ള കുറ്റപ്പെടുത്തലുകൾ കണ്ടില്ല കേട്ടില്ലാ എന്ന മട്ടിൽ നടിക്കുവാനേ എനിക്ക് കഴിയുമായിരുന്നുള്ളൂ.
ടാക്സിയിൽ കയറി ഹേമയുമായി ഞാൻ പോകുമ്പോഴും അവളോടുള്ള അമ്മയുടെശാപവാക്കുകൾ ഞാൻ കേൾക്കുന്നുണ്ടായിരുന്നു.....തിരികെ വീട്ടിലെത്തുമ്പോൾ ഉമ്മറത്ത് തന്നെ അമ്മയും പെങ്ങളും ഉണ്ടായിരുന്നു.ഡോക്ടർ എന്തു പറഞ്ഞു എന്നുള്ളതറിയാനായിരുന്നു രണ്ടാൾക്കും തിടുക്കം.ഹേമയെ മുറിയിൽ കൊണ്ട് ചെന്ന് കിടത്തിയ ശേഷം അമ്മയേയും പെങ്ങളേയും വീടിന് പുറകിലേക്ക് മാറ്റി നിർത്തി ഡോക്ടർ പറഞ്ഞ കാര്യം ഞാൻ വിശദമായി തന്നെ പറഞ്ഞു.
"ഹേമയുടെ മനോനില ഓരോ ദിവസം കഴിയുന്തോറും വഷളായികൊണ്ടിരിക്കുവാണ്.നിങ്ങളോട് രണ്ടാളോടുമുള്ള വൈരാഗ്യം ഒരു പക്ഷേ നിങ്ങളെ കൊല്ലാൻ തന്നെ അവൾ മടിക്കില്ല.സ്നേഹത്തോടെയുള്ള പെരുമാറ്റത്തിലൂടെ അവളെ നോർമലാക്കാൻ പറ്റും.നിങ്ങൾ ഇത്രയും നാൾ അവളെ ദ്രോഹിച്ചതൊക്കെ മനസ്സിൽ ആഴത്തിലേറ്റ മുറിവ് പോലെ അവളുടെ ഉള്ളിലുണ്ട്.അതിൽ നിന്നുമാണ് ഇത്തരത്തിൽ അവളുടെ മാനസികനില തെറ്റാൻ കാരണം.ഇനിയും നിങ്ങളവളെ ദ്രോഹിച്ചാൽ ...നിങ്ങളുടെ മരണത്തിന് ഉത്തരവാദികൾ നിങ്ങൾ തന്നെയായിരിക്കും കാരണം അവളൊരു മാനസികരോഗിയായതിനാൽ ഒരു കോടതിയും അവളെ ശിക്ഷിക്കില്ല."
ഞാൻ പറഞ്ഞു തീർന്നതും കണ്ണും തള്ളി മിഴിച്ചു നിന്ന പെങ്ങൾ ഓടി മുറിക്കകത്തേക്ക് കയറി ഡ്രസ്സും മാറി ഭർത്താവിന്റെ വീട്ടിലേക്ക് പോകാൻ ഓട്ടോയും വിളിച്ചത് നിമിഷങ്ങൾക്കമായിരുന്നു.അമ്മയാണെങ്കിൽ കൂടെക്കൂടെ സ്വന്തം തല അവിടുണ്ടോയെന്ന് തപ്പി നോക്കുന്നത് കണ്ടപ്പോൾ ചിരിയാണ് തോന്നിയത്.
പിറ്റേന്ന് രാവിലെ ചായയുമായി അതിരാവിലെ തന്നെ ഹേമ എന്നെ വിളിച്ചുണർത്തിയപ്പോ അല്പം ദേഷ്യത്തോടെയാ കണ്ണ് തുറന്നത് , പക്ഷേ കുളിച്ച് പുത്തൻ ഡ്രസ്സും ധരിച്ചു നിൽക്കുന്ന അവളെ കണ്ടപ്പോൾ അത്ഭുതമാണ് തോന്നിയത്.
അതേ മിഴിച്ച് നോക്കണ്ടാട്ടോ വിനുവേട്ടന്റെ ഈ ബുദ്ധി ഏറ്റൂട്ടോ.അമ്മയ്ക്കിപ്പോ എന്നോട് എന്തൊരു സ്നേഹമാണെന്നോ.നമ്മളും രണ്ടാളും കൂടി പുറത്തൊക്കെ പോയി വരാൻ അമ്മ പറഞ്ഞു.ഞാനതാ റെഡിയായി നിൽക്കണത്.ഒന്നെഴുന്നേറ്റ് വേഗം റെഡി യാവൂട്ടോ.ചിരിച്ചുകൊണ്ടതു പറയുമ്പോഴും അവളുടെ കണ്ണ് നിറയുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു.
"ശോ ഒന്നു പതുക്കെ പറ പെണ്ണെ അമ്മ കേട്ടാൽ അതു മതി എല്ലാം കുളമാകാൻ.
ഒന്നു ഭ്രാന്തിയായി അഭിനയിച്ചാലെന്താ അമ്മയുടെ വഴക്കൊഴിവായി കിട്ടിയില്ലേ.അത് തന്നെ ആശ്വാസം"
"അതേ അമ്മ എന്നോട് പറഞ്ഞു പുതിയ ഒരു ടി.വി വാങ്ങണമെന്ന് ചേട്ടനോട് പറയാൻ.എപ്പഴാ ടി.വി വാങ്ങുന്നത്"
ഒരാവേശത്തിന്റെ പുറത്ത് ടി.വി തല്ലിപ്പൊട്ടിക്കാൻ അവളോട് പറഞ്ഞതോർത്തപ്പോ എനിക്കു തന്നെ അത് പാരയാകുമെന്ന് അറിഞ്ഞിരുന്നില്ല.ഇനീപ്പോ അതിനുള്ള പൈസയൊപ്പിച്ചില്ലെങ്കിൽ അടുത്ത കലഹം രണ്ടാളൂം കൂടി എനിക്ക് നേരെ ആകുമല്ലോന്നോർത്തപ്പോ എനിക്ക് ശരിക്കും വട്ടായതുപോലെ..
By....RemyaRajesh

പെൺകുട്ടികൾ മാത്രമുള്ള വീട്ടിൽ .......


പെൺകുട്ടികൾ മാത്രമുള്ള വീട്ടിൽ നിന്നുള്ള ഒരു വിവാഹാലോചനയ്ക്ക് പയ്യന്റെ അമ്മയ്ക്കും പെങ്ങൾക്കും താല്പര്യമില്ലെന്ന് ബ്രോക്കർ ശങ്കരേട്ടൻ വന്ന് അച്ഛനോട് പറയുന്നത് മുറിയ്ക്കകത്ത് നിന്ന് ഞാൻ കേൾക്കുന്നുണ്ടായിരുന്നു.
പെണ്ണും ചെറുക്കനും പരസ്പരം കണ്ട് ഇഷ്ടപ്പെട്ട് ജാതകപ്പൊരുത്തവും ഒത്തു നോക്കി ചേർച്ചയുള്ളതാണെന്ന് ഉറപ്പുവരുത്തിയ ശേഷം
നിശ്ചയത്തിനുള്ള തീയതി തീരുമാനിക്കാൻ
ജ്യോത്സ്യനെ കാണാൻ വേണ്ടി അച്ഛനിറങ്ങുന്ന സമയത്താണ് ശങ്കരേട്ടൻ ഈ കാര്യം വന്നു പറയുന്നത്.
ആ യാത്ര വേണ്ടെന്നുവെച്ച് ശങ്കരെട്ടനെ മടക്കി അയച്ചശേഷം അച്ഛൻ ഉമ്മറക്കോലായിൽ നെഞ്ചും തടവി കിടക്കുന്നത് കണ്ണീരോടെ നോക്കിനിന്നപ്പോൾ പെണ്ണായി പിറന്നതിൽ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്ന.
അമ്മയോട് ഈ കാര്യം പറയുമ്പോൾ അച്ഛന്റെ തൊണ്ടയിടറുന്നതും ആ മനസ്സിന്റെ നീറ്റലും എന്തായിരുന്നെന്ന് പറയാതെ ഞാൻ അറിയുന്നുണ്ടായിരുന്നു.പെൺകുട്ടികൾ മാത്രമുള്ള വീട്ടിലെ മൂത്ത കുട്ടിയെ കെട്ടിയാൽ
അതിനു താഴെയുള്ള പെൺകുട്ടിയുടെ വിവാഹബാദ്ധ്യത ഏറ്റെടുക്കേണ്ടി വരുമെന്നുള്ള പേടിയാണത്രേ പയ്യന്റെ അമ്മയ്ക്കും പെങ്ങൾക്കുമെന്ന് ബ്രോക്കർ അച്ഛനോട് പറഞ്ഞത്രേ.
പെണ്ണ് തന്നെയാണ് പെണ്ണിന്റെ ശത്രു എന്നു പറഞ്ഞിട്ട് അച്ഛൻ അമ്മയോടായി പറഞ്ഞു.
"ഞാനെന്താ മാലതി ഉടനെയെങ്ങാനും തട്ടിപ്പോകുമെന്നായിരിക്കുമല്ലേ അവറ്റകളുടെ വിചാരം"
ചിരിച്ചുകൊണ്ടാണ് അച്ഛനത് പറഞ്ഞതെങ്കിലും
ആ ചങ്ക് പിടയ്ക്കണത് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.
നമ്മുടെ മോൾക്ക് ഇതിനേക്കാൾ നല്ലൊരു ബന്ധം
വരുമെന്നും പറഞ്ഞ് അമ്മ അച്ഛനെ ആശ്വസിപ്പിച്ചെങ്കിലും ഒരു മകനില്ലാതെ പോയതിന്റെ പേരിൽ മകളുടെ കല്ല്യാണാലോചന മുടങ്ങിയതിന്റെ സങ്കടം ആ മുഖത്ത് നിറഞ്ഞുനിൽക്കുന്നത് എനിക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ടായിരുന്നു.
പിറ്റേന്ന് രാവിലെ ബ്രോക്കർ ശങ്കരേട്ടനോടൊപ്പം
പയ്യന്റെ ഇളയ അമ്മാവൻ അച്ഛനെ കാണാനായി വീട്ടിലെത്തി.ഞങ്ങടെ ചെറുക്കന് ഇവിടുത്തെ കുട്ടിയെ തന്നെ മതിയെന്നുള്ള വാശിയിലാണെന്നും ചെറുക്കന്റെ അമ്മയും പെങ്ങളും പറഞ്ഞ വാചകം അവരുടെ അറിവില്ലായ്മയായി കരുതി ക്ഷമിക്കണമെന്നും ഈ വിവാഹത്തിന് സമ്മതിക്കണമെന്നും അദ്ദേഹം അച്ഛനോട് പറഞ്ഞു
ആദ്യം നേരിട്ട അപമാനത്തേക്കാളും തന്റെ മകളെ മാത്രം മതിയെന്ന പയ്യന്റെ വാക്കുകളോർത്ത് എന്റെ അച്ഛൻ നിറഞ്ഞ മനസ്സോടെ വിവാഹത്തിന് സമ്മതം മൂളിയപ്പോൾ ഞാൻ ഉള്ളിൽ കരഞ്ഞത് ,എന്റച്ഛന് എന്തിനേക്കാളും വലുത് ഞങ്ങളുടെ ജീവിതമാണല്ലോയെന്നോർത്തായിരുന്നു.
.വിവാഹപന്തലിൽ വരന് മകളുടെ കൈപിടിച്ച് കൊടുത്തപ്പോൾ മരുമകനായല്ല മകനായി തന്നെ ആ മനസ്സ് അംഗീകരിച്ചിരുന്നു.
വലതുകാൽ വെച്ച് ആ വീട്ടിലും സ്നേഹം കൊണ്ട് ആ മനസ്സിലും കേറിയപ്പോൾ ഞാനൊന്നേ ആവശ്യപ്പെട്ടുള്ളു
"മകളായി പിറന്നുപോയതിന്റെ പേരിൽ അന്യമാക്കി കളയാൻ ഇടവരുത്തരുതേ എന്റെ അച്ഛനോടും അമ്മയോടുമുള്ള എന്റെ സ്നേഹം.
ജനിച്ചനാൾ തൊട്ടിന്നോളം ഒരു അല്ലലുമില്ലാതെ ഞങ്ങളെ പൊന്നുപോലെ വളർത്തിയതാണ് അച്ഛനും അമ്മയും. പെൺകുട്ടികൾ അച്ഛനും അമ്മയ്ക്കും ഒരു ബാദ്ധ്യത ആണെന്ന് മറ്റുള്ളവർ പറയാറുണ്ടെങ്കിലും ഒരിക്കൽ പോലും എന്റെ അച്ഛനമ്മമാർക്ക് അങ്ങനെ തോന്നിയിട്ടില്ല..
സ്നേഹം കൊണ്ടവർ ഞങ്ങളെ തോൽപ്പിച്ചിട്ടേയുള്ളൂ.
എന്റെ അച്ഛന്റെ വിയർപ്പിലുരുക്കിയെടുത്തതാണ് ഒരർത്ഥത്തിൽ വിവാഹദിനത്തിൽ ഞാനണിഞ്ഞ ആഭരങ്ങൾ. ആയുസ്സിന്റെ പകുതിയോളം ഈ മക്കൾക്കായി തണലായും കാവലായും സ്നേഹമായും മാറ്റിവെച്ച ഞങ്ങളുടെ പുണ്യമാണ് എന്റെ അച്ഛൻ.
അച്ഛന്റെ കൈയ്യകലെ ആ സ്നേഹമിനിയും അനുഭവിച്ച് തന്നതിലേറെ സ്നേഹം തിരികെ കൊടുത്തും ആ ചാരത്ത് തന്നെയെനിക്ക് കഴിയണം.ഒരു മകനില്ലാത്ത സങ്കടമറിയിക്കാതെ ആ വിളിപ്പാടകലെ എന്നുമുണ്ടാകണം."പറഞ്ഞു തീർന്നതും എനിക്കെന്റെ മിഴികളെ നിയന്ത്രിക്കാനായില്ല.
"ഇതിനാണോ ഇത്ര സങ്കടം.ആ അച്ഛന്റേയും അമ്മയുടേയും സ്നേഹം അനുഭവിക്കാൻ ഭാഗ്യം കിട്ടിയതിന് ഞാൻ ഒരുപാടൊരുപാട് സന്തോഷിക്കുന്നുണ്ട്. ഒരു മകനായി കരുതിവെച്ച സ്നേഹം മുഴുവൻ അവരെനിക്കായി നൽകുമെന്നെനിക്കറിയാം.ആ അച്ഛനും അമ്മയ്ക്കും ഒരു നല്ല മകനായി നിന്റെ അനിയത്തിക്കൊരു ഏട്ടനായി ഞാനുണ്ടാകും എന്നും എപ്പോഴും "
നിറഞ്ഞൊഴുകിയ മിഴിനീരിനെ ആ കൈകളാൽ തുടച്ചുകൊണ്ട്
ഹരിയേട്ടൻ അന്ന് പറഞ്ഞ ആ വാക്കുകൾ ഇന്നും പ്രവൃത്തിയിലൂടെ അന്വർത്ഥമാക്കുമ്പോൾ എനിക്കീ ജീവിതം പുണ്യം സഫലം..
By...RemyaRajesh

ബുള്ളറ്റ് തന്ന പണി

Image may contain: 2 people

"ചേട്ടാ ഈ ബുള്ളറ്റ് ആദ്യം ഞാനോടിക്കാം"
.വിവാഹം കഴിഞ്ഞ് രണ്ടാം നാൾ പ്രിയതമയുടെ ആദ്യത്തെ ആഗ്രഹമല്ലേ പറഞ്ഞത് അതിനാൽ ഞാനത് സമ്മതിച്ചു തന്നെയുമല്ല അവളുടെ അച്ഛൻ വിവാഹ സമ്മാനമായി വാങ്ങി തന്നതാണ്.
കയ്യീന്ന് കാശ് മുടക്കി ഒരെണ്ണം വാങ്ങാനുള്ള മടി കൊണ്ടാ വിവാഹം വരെ ഒരു ബുള്ളറ്റിനായി കാത്തിരുന്നത്.പെണ്ണ് വീട്ടിന്ന് വണ്ടി കിട്ടിയാൽ കെട്ടുന്ന പെണ്ണ് തന്നെ അത് വൃത്തിയായി സൂക്ഷിക്കുകയും ചെയ്യും.എനിക്ക് ആ കാര്യത്തിൽ അല്പം ജോലിയും കുറയും.
"ചേട്ടനെന്താ ആലോചിക്കുന്നത്.നമുക്ക് പോകണ്ടേ?"
"ഉം പോകാം.അല്ല ഇന്ന് തന്നെ വേണോ ഈ വണ്ടി ഓടിക്കുന്നത്.വിവാഹ ശേഷമുള്ള സീനറി എടുക്കാൻ കടൽതീരത്ത് വീഡിയോക്കാരൻ വെയിറ്റ് ചെയ്യുവാ."
"അതല്ലേ ചേട്ടാ ഞാൻ വണ്ടി ഓടിക്കാമെന്ന് പറഞ്ഞത്.ഞാനിത് ഓടിച്ച് ചെല്ലുന്നത് ഷൂട്ട് ചെയ്താൽ കാണാൻ എന്തു ഗമയായിരിക്കും."
അവളുടെ ഗമയ്ക്കിനി ഞാനായിട്ട് കുറവു വരുത്തെണ്ടന്നു കരുതി മനസ്സില്ലാ മനസ്സോടെ
ഞാനാ ബുള്ളറ്റിൽ കയറി.
അവൾ തലയിൽ ഹെൽമറ്റ് എടുത്തുവെച്ചതും ഞാൻ ചോദിച്ചു.
"അല്ല നിനക്ക് ബുള്ളറ്റ് ഓടിക്കാനറിയാമോ "
"എന്റെ ചേട്ടാ ജനിക്കുമ്പോഴെ ഇതൊക്കെ ആരേലും പഠിച്ചും കൊണ്ടാണോ വരുന്നേ ഇങ്ങനെയൊക്കയല്ലേ ഓടിക്കാൻ പഠിക്കുന്നത്."
അവളീ പറഞ്ഞത് മാത്രമേ എനിക്കോർമ്മയുള്ളൂ.ബോധം വരുമ്പോഴാണ് ഞാനേതോ ഹോസ്പിറ്റലിലാണെന്ന് മനസ്സിലായത്.
മണിക്കൂർ ഇടവിട്ടുള്ള ടെസ്റ്റുകളും ചെക്കപ്പും കണ്ടപ്പോ മനസ്സിലായി കിടക്കുന്നത് ആധാരം വരെ എഴുതി കൊടുക്കാൻ തക്ക പണച്ചിലവ് വരുന്ന ആശുപത്രിയാണെന്ന്
തൊട്ടടുത്തിരുന്ന് ഓറഞ്ചും പൊളിച്ച് വായിലിട്ട് കണ്ണും തള്ളി വിഴുങ്ങുന്ന അവളെ കണ്ടപ്പോൾ അത്ഭുതം തോന്നി.
"അല്ല മീനു നിനക്ക് കുഴപ്പമൊന്നുമില്ലാരുന്നോ "?
എന്റെയീ ചോദ്യത്തിന് അമ്മയാ മറുപടി പറഞ്ഞത്
"അതെങ്ങനാ അവൾക്ക് കുഴപ്പം പറ്റുന്നത്.അവൾ തെറിച്ചു ചെന്ന് വീണത് ശങ്കരന്റെ പറമ്പിലെ വൈക്കോൾ കൂനയ്ക്ക് മുകളിലാ ,നീയാണെങ്കിൽ ടാറിട്ട റോഡിന്റെ ഒത്ത നടുക്കും.ഭാഗ്യത്തിനാ വല്ല വണ്ടിയും പുറത്തൂടെ കേറാതിരുന്നത്."
അമ്മ പറഞ്ഞു തീർന്നതും ഞാൻ മനസ്സിലോർത്തേത്.വല്ലാത്തൊരു ഭാഗ്യം തന്നെ ,അതാ കെട്ടി രണ്ടിന്റന്ന് ഞാനീ കിടപ്പ് കിടക്കേണ്ടി വന്നത്.
"അല്ല എനിക്കിത് തന്നെ വേണം.സ്വന്തം കാശിന് വണ്ടി വാങ്ങിയിരുന്നേൽ എനിക്കീ ഗതി വരില്ലായിരുന്നു.ഇതിപ്പോ അവളുടെ അച്ഛൻ വാങ്ങി തന്ന വണ്ടിയായതിന്റെ അധികാരത്തിലാ അവളിത് ഓടിക്കാനെടുത്തത്."
"ഹോ ഭാഗ്യത്തിന് വണ്ടിക്കൊന്നും പറ്റിയില്ല .സി.സി അടച്ചെടുത്ത വണ്ടിയാ.ആദ്യ ഗഡു മാത്രമേ അച്ഛൻ അടച്ചിട്ടുള്ളൂ.ഇനി ബാക്കി നമ്മളാ അടയ്ക്കേണ്ടത്.വണ്ടിയ്ക്ക് എന്തേലും പറ്റിയിരുന്നെങ്കിൽ അതിന് കൂടി കാശ് ചിലവായേനെ."
അവളിത് പറഞ്ഞു തീർന്നതും ഞാനൊന്ന് ഞെട്ടിയോ.
ഏയ് ഇല്ല. എന്നോടാ ഇവൾടേയും വീട്ടുകാരുടേയും കളി.ഹോസ്പിറ്റൽ ബില്ലടയ്ക്കാൻ ഇവൾടെ സ്വർണ്ണമെടുക്കുക തന്നെ ഏക വഴി.
"അതെ മോളേ ഇവിടെ ഒരുപാട് തുകയായികാണും.തല്ക്കാലത്തേക്ക് നിന്റെ സ്വർണ്ണം നമുക്ക് പണയം വെച്ച് ഇവിടുത്തെ ബില്ലടയ്ക്കാം."
"അയ്യോ ചേട്ടാ അതൊക്കെ വെറും മുക്കുപണ്ടങ്ങളാ.എത്ര പവൻ സ്വർണ്ണം വേണമെന്ന് അന്ന് അച്ഛൻ ചോദിച്ചപ്പോൾ ചേട്ടനല്ലേ പറഞ്ഞത് എനിക്ക് പൊന്നും പണവുമല്ല വലുത് അച്ഛന്റെ മകളാണെന്നും സ്വർണ്ണം വേണോ വേണ്ടയോ എന്നുള്ളത് മീനുവിന്റെ ഇഷ്ടം പോലെയായിക്കോട്ടെയെന്നും.
എനിക്കാണേൽ സ്വർണ്ണം ഒട്ടും ഇഷ്ടമല്ല.ഡ്രസ്സിന് ചേരുന്ന ഫാൻസി ഐറ്റംസാ ഇഷ്ടം.പിന്നെ കല്ല്യാണമല്ലേ ആരേലും കണ്ടാൽ സ്വർണ്ണമില്ലാതിറങ്ങുന്നത് വീട്ടുകാർക്ക് മോശമല്ലേ എന്നു വിചാരിച്ചാ ഞാൻ ഈ കണ്ട മുക്കുപണ്ടമൊക്കെ തല്ക്കാലത്തേക്ക് ഒന്നണിഞ്ഞത്"
കുറച്ചു മുൻപ് വരെ ദേവതയെപ്പോലെ എന്റെ മുന്നിൽ നിന്നവൾക്ക് എന്റെ രക്തമൂറ്റിക്കുടിക്കാൻ വന്ന രാക്ഷസിയുടെ മുഖമാണോയെന്ന് വരെ തോന്നിപ്പോയി.
"എടീ പിശാചേ സ്വർണ്ണത്തോട് താല്പര്യമില്ലെന്നൊക്കെ ഒരു ജാടയ്ക്ക് ഞാൻ വെച്ചു കാച്ചിയതല്ലേ.പെണ്ണെന്ന വർഗ്ഗം സ്വർണ്ണമെന്ന് കേട്ടാൽ മൂക്കും കുത്തി വീഴുമെന്നാ ഞാൻ വിചാരിച്ചത്.മിനിമം ഒരു അൻപത് പവനെങ്കിലും ഞാൻ പ്രതീക്ഷിച്ചു.ഇതൊരുമാതിരി വല്ലാത്ത ചതിയായിപ്പോയി."
മനസ്സിൽ ഞാനിത് ചിന്തിച്ചതും ഉടനേ അവളുടെ അടുത്ത ഡയലോഗ്
"ഹോ വീഡിയോയോ എടുക്കാൻ പറ്റില്ല.ബുള്ളറ്റിൽ കേറിയിരുന്നപ്പോഴെ ഒരു സെൽഫിയെങ്കിലും എടുത്തിരുന്നേൽ ഫേയ്സ്ബുക്കിൽ പോസ്റ്റാമായിരുന്നു"
കാലൊടിഞ്ഞുപോയി ഇല്ലേൽ അവളുടെ നടുവിന് നോക്കി ഒറ്റച്ചവിട്ട് കൊടുത്തേനെ.
കലിപ്പ് ഞാൻ ഉള്ളിലടക്കിയെങ്കിലും എന്റെ ചിന്ത മുഴുവൻ ബില്ലടയ്ക്കാൻ ആധാരം ചോദിക്കുമ്പോൾ അമ്മയുടെ പ്രതികരണം എന്താകുമെന്നായിരുന്നു.
കല്ല്യാണം കഴിഞ്ഞുടനേ കെട്ടിയവള് തന്ന എട്ടിന്റെ പണിയിൽ നിന്നും ഒരു കാര്യം മനസ്സിലായി...
| സ്ത്രീധനമോഹം ആരോഗ്യത്തിന് ഹാനികരം |
By..RemyaRajesh

ഭർത്താക്കൻമാരുടെ ശ്രദ്ധയ്ക്ക്

ഭർത്താക്കൻമാരുടെ ശ്രദ്ധയ്ക്ക്
********************************
"നിർത്തെടി നിന്റെ അധികപ്രസംഗം.എന്റെ മുന്നിൽ നിന്റെ ശബ്ദമുയരുന്നത് എനിക്കിഷ്ടമല്ല"
പറഞ്ഞു തീർന്നതും മനോജിന്റെ കൈ ലക്ഷ്മിയുടെ കവിളത്ത് ആഞ്ഞു പതിച്ചതും ഒരുമിച്ചായിരുന്നു.
"ഇല്ല..എനിക്ക് പറയാനുള്ളത് മുഴുവൻ ഇന്നത്തോടെ എനിക്ക് പറഞ്ഞു തീർക്കണം..വർഷങ്ങളായി ഞാൻ നിങ്ങളെ പേടിച്ച് പറയാതെ എന്റെ മനസ്സിനുള്ളിൽ ഒതുക്കി വെച്ചതൊക്കെ ഇന്നെനിക്ക് പറഞ്ഞേ പറ്റു.
ഞാൻ നിങ്ങളുടെ അടിമയല്ല, ഭാര്യയാണ്.ആ വാക്കിന്റെ അർത്ഥവും മഹത്വവും എന്താണെന്ന് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.വിവാഹപന്തലിൽ തോളൊപ്പം ചേർത്തു നിർത്തി താലികെട്ടി സ്വീകരിക്കുന്ന പെണ്ണിനെ വിവാഹശേഷം പുരുഷനവളെ തനിക്ക് പുറകിലാണവളുടെ സ്ഥാനമെന്ന് വിചാരിക്കുന്നതു പോലെ തന്നെയല്ലേ നിങ്ങൾ അന്നുതൊട്ടിന്നോളം എന്നെ പരിഗണിച്ചിട്ടുള്ളു.
ഒരു കൊച്ചുകുഞ്ഞിന്റെ കയ്യിൽ കിട്ടുന്ന കളിപ്പാട്ടത്തിനു തുല്ല്യമായിരുന്നു നിങ്ങൾക്ക് എന്നോട് ഉള്ള മനോഭാവം.വിവാഹം കഴിഞ്ഞുള്ള ആദ്യനാളുകളിൽ ആദ്യമായി കാണുന്ന കളിപ്പാട്ടം നിലത്തുവെക്കാതെ സ്നേഹിച്ചും താലോലിച്ചും കൊണ്ടു നടക്കുന്നതു പോലെ നിങ്ങളെന്നെയും സ്നേഹിച്ചു അല്ല അങ്ങനെ അഭിനയിച്ചു എന്നുപറയുന്നതാകും ശരി.
നാളുകൾ കഴിയുന്തോറും ആ കൊച്ചുകുട്ടിക്ക് കളിപ്പാട്ടത്തോടുള്ള താല്പര്യം കുറയുന്നതുപോലെ നിങ്ങൾക്കെന്നോടുമുള്ള താല്പര്യം കുറഞ്ഞു.അടുക്കളയിൽ വെച്ചുവിളമ്പാനും നിങ്ങളുടെയും മക്കളുടെയും മുഷിഞ്ഞ തുണിയലക്കാനും കിടപ്പറയിൽ നിങ്ങൾക്കൊപ്പം ശയിക്കാനുമുള്ള ഒരു ജീവനുള്ള മാംസപിണ്ഡം മാത്രമാണ് നിങ്ങൾക്കിപ്പോൾ ഞാൻ.
നിങ്ങൾക്ക് മനസ്സിന് ഇഷ്ടപ്പെടുന്ന സ്ത്രീകളോടൊക്കെ മനസ്സുകൊണ്ട് നിങ്ങൾ വ്യഭിചരിക്കുമ്പോൾ നിങ്ങളുടെ ആ സ്ഥാനത്ത് നിങ്ങൾ നിങ്ങളുടെ ഭാര്യയെ ഒന്ന് സങ്കല്പിച്ചു നോക്കിയേ..
സഹിക്കാൻ പറ്റുന്നില്ല അല്ലേ.
അതാണ് സ്വാർത്ഥത.തനിക്ക് എന്തുമാകാം പക്ഷേ തന്റെ ഭാര്യ തന്നെ മാത്രമേ സ്നേഹിക്കാവൂ ഇഷ്ടപ്പെടാവൂ എന്നൊക്കെയുള്ള മനോഭാവം .വിവാഹനാളിൽ ദമ്പതികൾ കരങ്ങൾ പരസ്പരം ചേർത്ത് പിടിക്കുന്നതിന്റെ അർത്ഥം നമ്മളിലൊരാളുടെ മരണം വരെ ഈ കരങ്ങൾ ചേർന്ന് തന്നെയിരിക്കുമെന്നാണ്.
തമ്മിൾ പരിചയമില്ലാത്ത നെറ്റ് ഓൺചെയ്താൽ മാത്രം കാണുന്ന സ്ത്രീകളുടെ ഇൻബോക്സിലേക്ക് നിങ്ങൾ ശുഭദിനവും ശുഭരാത്രിയും പറയുമ്പോൾ നിങ്ങൾക്കായി എല്ലാം ചെയ്ത് നിങ്ങൾക്കൊപ്പം ജീവിക്കുന്ന എന്നോട് ഒരിക്കലെങ്കിലും സ്നേഹത്തോടെ നിങ്ങളൊരു നല്ല ദിവസം ആശംസിച്ചിട്ടുണ്ടോ.
എന്നെ അടുത്തിരുത്തി പലപ്പോഴും എനിക്ക് പറയാനുള്ളതെന്തൊക്കെയാണെന്നും അതൊക്കെ കേൾക്കാനുമുള്ള മനസ്സ് നിങ്ങൾ കാണിച്ചിട്ടുണ്ടോ.ഒരുപക്ഷേ ഈ സമൂഹത്തേയും നിയമങ്ങളേയും ഒരുപരിധിവരെ നിങ്ങൾ പേടിച്ചില്ലായിരുന്നുവെങ്കിൽ ചവറ്റുകൊട്ടയിലെറിയുന്ന ഒരു പഴയ കളിപ്പാട്ടമാകുമായിരുന്നു നിങ്ങൾക്ക് ഞാനെന്ന ഭാര്യ.
നിങ്ങളുടെ അദ്ധ്വാനത്തിന്റെ ശമ്പളം നിങ്ങളുടെ ആവശ്യാനുസരണം ചിലവാക്കുമ്പോഴും എനിക്ക് കിട്ടുന്ന പൈസയിൽ നിന്നും എന്റെ മാതാപിതാക്കൾക്കായി ഞാനെന്തെങ്കിലും നല്കുന്നതിന് പലപ്പോഴും കണ്ണീരോടെ നിങ്ങൾക്ക് മുന്നിൽ കണക്കുകൾ നിരത്തേണ്ടി വരുന്നു.
ഇതെന്റെ മാത്രം അനുഭവമല്ല ഒട്ടുമിക്ക പെണ്ണിന്റേയും അവസ്ഥ ഇതുതന്നെയാണ്.
ചെയ്തത് തെറ്റാണെന്ന് പറഞ്ഞാൽ ദേഷ്യപ്പെട്ടും അടിച്ചും പലപ്പോഴും നിങ്ങളെന്നെ നിശബ്ദയാക്കി.ആ നിശബ്ദത സമൂഹത്തിന് മുന്നിൽ നിങ്ങളെ നല്ലൊരു ഭർത്താവാക്കി മാറ്റി.ഇനിയും ഇങ്ങനൊരു ജീവിതം തുടരാനെനിക്ക് താല്പര്യമില്ല."?
വീണ്ടും കരണത്തൊരടി പ്രതീക്ഷിച്ചു തന്നെയാണ് നിന്നതെങ്കിലും ഒന്നും മിണ്ടാതെ മനോജ് കട്ടിലിൽ തലയും താഴ്ത്തി ഇരിക്കുന്നത് കണ്ടപ്പോ താൻ പറഞ്ഞതൊക്കെയും അല്പം കൂടിപ്പോയോ എന്ന് ലക്ഷ്മിക്ക് സംശയമായി.അതേ താൻ പറഞ്ഞതൊക്കെയും അല്പം കടുത്തുപോയെന്ന് നിറഞ്ഞുതുളുമ്പിയ മനോജിന്റെ മിഴികൾ കണ്ടപ്പോൾ മനസ്സിലായി.
ആ മിഴികൾ നിറഞ്ഞത് കണ്ടപ്പോഴേക്കും ഇത്രയും നാൾ അയാൾ പോലും അറിയാതെ അവളിൽ ഉണ്ടായിരുന്ന അയാളോടുള്ള വെറുപ്പ് സഹതാപമായും സ്നേഹമായും മാറുകയായിരുന്നു.അടുത്തേക്ക് ചെന്ന് ആ മുഖമൊന്നുയർത്താൻ ശ്രമിച്ചപ്പോഴേക്കും ഒരു കൊച്ചുകുഞ്ഞിനെപ്പോലെ കരഞ്ഞുകൊണ്ട് മനോജ് ലക്ഷ്മിക്ക് നേരെ കൈകൾ
കൂപ്പി
"നീയെന്നോട് ക്ഷമിക്കണേ"എന്ന് പറയാതെ പറയുന്നതായിരുന്നു ആ കൈകൂപ്പലിൻ അർത്ഥം.
പരാതിയും പരിഭവങ്ങളും പറഞ്ഞു തീർത്ത ആ രാത്രിക്ക് ശേഷം ആ വീട്ടിലെ അടുക്കളയ്ക്കും കുളിമുറിയ്ക്കും ലക്ഷ്മിയുടെ കണ്ണുനീർ കാണേണ്ടി വന്നിട്ടില്ല.
"ലക്ഷ്മീ നീ മക്കളെ കുളിപ്പിച്ചൊരുക്ക് അപ്പഴേക്കും ഞാൻ അവരുടെ യൂണിഫോം അയൺ ചെയ്യാട്ടോ...മക്കളെ സ്കൂൾബസിൽ കയറ്റിവിട്ടശേഷം നിന്നെ ഞാൻ തന്നെ ഓഫീസിൽ കൊണ്ടാക്കാം.നീയിനിമുതൽ ബസ്സിൽ പോകണ്ടാട്ടോ.നമുക്കൊരുമിച്ച് പോകാം."
അടുക്കളയിൽ നിന്ന ലക്ഷ്മിയുടെ കണ്ണ് നിറഞ്ഞത് സവാള അരിഞ്ഞത് കൊണ്ടാണോ അതോ മനോജിന്റെ ഈ വാക്കുകൾ കേട്ടാണോയെന്നറിയില്ല.
(ആരും പൂർണ്ണരല്ല. ക്ഷമയോടെ പരസ്പരം തെറ്റുകളും കുറ്റങ്ങളും പറഞ്ഞു തിരുത്തി സ്നേഹത്തോടെ മുന്നോട്ട് പോകുമ്പോഴാണ് ദാമ്പത്യം അർത്ഥപൂർണ്ണമാകുന്നത്)
By..RemyaRajesh

............വധു ഗർഭിണിയാണ്......


............വധു ഗർഭിണിയാണ്......
*********************************
"ചേട്ടാ....ഞാൻ രണ്ട് മാസം ഗർഭിണിയാണ്"
ആദ്യരാത്രിയിൽ പാൽഗ്ലാസുമായി മുന്നിൽ വന്നു നിന്ന് ഞാൻ താലികെട്ടിയവൾ ഇത് പറഞ്ഞപ്പോൾ ഈ ഭൂമി മൊത്തത്തിൽ കറങ്ങുന്നതുപോലെയാണ് ആദ്യമെനിക്ക് തോന്നിയത്.മുറിയുടെ സൈഡിൽ തലയിടിച്ചപ്പോഴാണ് ഭൂമിയല്ല എന്റെ തലയാണ് കറങ്ങിയതെന്ന് മനസ്സിലായത്.
വഞ്ചകീ..ഞാൻ ആ ഒരുമ്പെട്ടവളുടെ മുഖത്തേക്കും വയറിലേക്കും മാറിമാറി നോക്കി..
ഇല്ല അവളുടെ വയറ് കണ്ടാൽ ഗർഭം ഉണ്ടെന്ന് തോന്നുകയേ ഇല്ല..വയറ് വീർത്തിട്ടേയില്ല..
"ടാ..മണ്ടാ രണ്ട് മാസം ഗർഭിണിയായവളുടെ വയറ് എങ്ങനെയാടാ വീർത്തിരിക്കുന്നത്.അതിന് ഒരു നാല് മാസമെങ്കിലും ആകണ്ടേ വയറ് വലുതാകാൻ "
എന്റെ മനസ്സാക്ഷി എന്നോട് ചോദിച്ചു..
അത് ശരിയാണല്ലോ..അപ്പോൾ ഇവൾ ഗർഭിണി ആണെന്ന് പറഞ്ഞത് ശരിയാകും..ആരാണ് കൊച്ചിന്റെ തന്ത എന്ന് മാത്രമിനി അറിഞ്ഞാൽ മതി
"ആരാടീ നിന്റെ ഗർഭത്തിനുത്തരവാദി?"
എന്നുള്ള എന്റെ ചോദ്യം എന്തോ പുറത്തേക്ക് വരാതെ തൊണ്ടയിൽ തന്നെ തടഞ്ഞു നിന്നു.
അവളുടെ കയ്യിൽ നിന്നും പാൽഗ്ലാസ് പിടിച്ചുവാങ്ങി ഒറ്റവലിക്ക് ആ പാല്മൊത്തം കുടിച്ച് തീർത്തിട്ടും വല്ലാത്ത പരവേശം
അവളെ പെണ്ണ് കാണാൻ പോയ അന്നുതൊട്ട്
താലികെട്ടുകഴിഞ്ഞ് അവളീ വീട്ടിലേക്ക് വലതുകാൽ വെച്ച് കേറിയതുവരെയുള്ള സീനുകൾ ഒറ്റഷോട്ടിൽ തന്നെ എന്റെ മനസ്സിലേക്കോടിയെത്തി.
ഞാനൊന്നും മിണ്ടാതെ കണ്ണും മിഴിച്ചു നിൽക്കുന്നത് കണ്ടിട്ടാവണം "ചേട്ടാ"
എന്നും വിളിച്ചവൾ എന്റെ തോളിൽ കൈവെച്ചത്...
"ഛീ.... കന്യകനായ എന്നെ പിഴച്ചവളായ നീ തൊട്ടുപോകരുത് "എന്ന് പറയണമെന്നുണ്ടായിരുന്നില്ലെങ്കിലും ഞാനത് മനസ്സിൽ തന്നെയടക്കി
അവൾക്കായി ആദ്യം വാങ്ങി നൽകിയ ഐഫോൺ മുതൽ ഹണിമൂണിനായി ബുക്ക് ചെയ്തിട്ട ടിക്കറ്റ് ചാർജ്ജിന്റെ വരെ കാശ് ഓർത്തപ്പോൾ ആ മൂധേവിയുടെ വയറ്റത്തിട്ടൊരു തൊഴികൊടുക്കാനാണ് തോന്നിയത് ,അതോടെ അവളുടെ അവിഹിത ഗർഭവും കലങ്ങിയേനെ .....
"ചേട്ടനെന്താ ഒന്നും പറയാതെ നിൽക്കുന്നത്?"
എന്നുള്ള അവളുടെ ആ ഓഞ്ഞ ചോദ്യത്തിന്
"ഞാനിനി എന്തു പറയാനാ? പറയാനുള്ളതൊക്കെ നാളെമുതൽ വീട്ടുകാരും നാട്ടുകാരും പറഞ്ഞോളും.കെട്ടിയപെണ്ണിനൊപ്പം ഒരു ഗർഭം കൂടി ഫ്രീ കിട്ടിയ പുതുമണവാളൻ ...അതായിരിക്കും നാളെമുതൽ എന്നെകാണുമ്പോൾ മറ്റുള്ളവർക്ക് പറയാനുണ്ടാകുക..എന്നാലും... എടീ വഞ്ചകി നീ എന്നോട് എന്തിനീ ചതി ചെയ്തു.നിന്റെ ഗർഭത്തിനുത്തരവാദി ആരാണെന്നുവെച്ചാൽ
അവനോടൊപ്പം നിനക്ക് പോകാമായിരുന്നില്ലേ.
വെറുതേ എന്നെയെന്തിനു മറ്റുള്ളവരുടെ മുന്നിൽ കോമാളിയാക്കി.വല്ലവന്റേയും ഗർഭത്തിനുത്തരവാദിത്വം എന്നെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നു..ഇല്ല.... നിന്നെപ്പോലുള്ളവളുമാർക്ക് മാപ്പില്ല .വല്ലവന്റേയും കൊച്ചിന്റെ തന്തയാകാൻ എനിക്ക് പറ്റില്ല.ഇപ്പഴിറങ്ങണം നീ ഈ മുറിയിൽ നിന്നും "
ഒറ്റ ശ്വാസത്തിൽ ഞാനിത്രയും പറഞ്ഞു തീർന്നതും അവള് ദേ പൊട്ടിച്ചിരിക്കുന്നു.
"ദൈവമേ ഇവൾക്ക് ഗർഭം മാത്രമല്ല ,ഭ്രാന്തുമുണ്ടായിരുന്നോ ?"
ഞാനിത് മനസ്സിൽ ഓർത്തതും അവളുടെ മറുപടി ഉടനെ വന്നു.
"എനിക്ക് ഗർഭവും വട്ടും ഒന്നുമില്ലാട്ടോ.ചേട്ടനിതറിയുമ്പോൾ എങ്ങനെ പ്രതികരിക്കുമെന്നറിയാൻ വേണ്ടിയുള്ള ഒരു നാടകം.ഈ ഡയലോഗെനിക്ക് പറഞ്ഞു തന്നത് ചേട്ടന്റെ പെങ്ങളും അളിയനുമാ. ഞാൻ അവർ പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ചൂന്ന് മാത്രം.എന്നെ ഇതിന്റെ പേരിൽ സംശയിക്കുകയും വെറുക്കുകയും ചെയ്യരുതേ ചേട്ടാ"
ചിരിയോടെ തുടങ്ങിയ അവളുടെ സംസാരം കണ്ണീരോടെ കൈകൂപ്പി ആയപ്പോൾ എനിക്ക് മനസ്സിലായി ഇവൾ ശരിക്കും ഒരുപൊട്ടിപെണ്ണ് തന്നെയെന്ന്.
ആ മിഴികളിൽ നിറഞ്ഞ നീർകണങ്ങൾ വിരൾ തുമ്പാൽ തട്ടിതെറിപ്പിച്ച് അവളെ നെഞ്ചോട് ചേർത്ത് നിർത്തി ഞാൻ പതുക്കെ അവളുടെ കാതിൽ പറഞ്ഞു.
"അതേ നിന്റെ ഇല്ലാത്ത രണ്ട്മാസത്തെ ഗർഭത്തിന്റെ പേരിൽ എന്റെ പെങ്ങളേയും അളിയനേയും ഞാൻ നാളെ പച്ചമാങ്ങ പറിക്കാനായി നമ്മുടെ മൂവാണ്ടൻ മാവേൽ ഏണിവെച്ച് കയറ്റി നീറിനെ കൊണ്ട് കടിപ്പിക്കുന്നത് കാട്ടിതരാട്ടോ"
By......RemyaRajesh

കുഞ്ഞുമനസ്സിലെ അമ്മതൻ സ്നേഹം

കുഞ്ഞുമനസ്സിലെ അമ്മതൻ സ്നേഹം
***************************************
"ഡോക്ടറങ്കിൾ വേണ്ട....എന്റെ അമ്മേടെ വയറ് കത്തികൊണ്ട് കുത്തികീറല്ലേ.എനിക്ക് പേടിയാ.എന്റെ അമ്മയ്ക്ക് വേദനിക്കും .എന്റെ അമ്മയെ വേദനിപ്പിച്ച് എനിക്ക് പുറത്തേക്ക് വരണ്ട."
ഞാനാദ്യമായി കരഞ്ഞത് അന്നായിരുന്നു.പക്ഷേ എന്റെയാ കരച്ചിൽ ആരും കണ്ടില്ല...
"കുഞ്ഞിന്റെ തല പുറത്തേക്ക് വരാൻ ഭയങ്കരപാടാണ്..സിസേറിയൻ വേണ്ടിവരും "
എന്ന് എന്റെ അമ്മയോട് ഡോക്ടർ അങ്കിളും ഡോക്ടറാന്റിയും പറഞ്ഞപ്പോൾ അമ്മയും അതിന് സമ്മതിച്ചു.
അമ്മയ്ക്ക് എങ്ങനേലും എന്റെ മുഖമൊന്ന് കണ്ടാൽ മതി .അതിനായി എന്ത് വേദനയും അമ്മ സഹിക്കാൻ തയ്യാറാണെന്ന് എനിക്ക് മനസ്സിലായി.
ഓപ്പറേഷന് സമ്മതമാണെന്ന് പേപ്പറിൽ അച്ഛായെ കൊണ്ട് ഒപ്പിടീക്കാനായി സിസ്റ്റർ പോയപ്പോൾ ഞാൻ പ്രാർത്ഥിച്ചു.
"ദൈവമേ എന്റെ അമ്മയുടെ വയറ് കത്തികൊണ്ട് കുത്തികീറാൻ അച്ഛ സമ്മതിക്കരുതേയെന്ന്"
പക്ഷേ അച്ഛ ആ പേപ്പറിൽ ഒപ്പിട്ട് കൊടുത്തു.എനിക്കന്ന് ആദ്യമായി അച്ഛയോട് ദേഷ്യം തോന്നി.കുറച്ചു മുൻപ് വരെ അമ്മ വയറിന് മുകളിൽ കൈവെച്ച് എന്നോട് പറഞ്ഞതാ
"വാവേ നീ അമ്മയെക്കാളും ഏറെ അച്ഛയെ സ്നേഹിക്കണംട്ടോ ,അമ്മയ്ക്ക് ഏറ്റവും സന്തോഷവും അതാട്ടോ"
എന്നിട്ടാ അങ്ങനെയുള്ള എന്റമ്മയെ വേദനിപ്പിക്കാൻ അച്ഛ സമ്മതിച്ചത്.
ചിലപ്പോ അമ്മയെപ്പോലെ തന്നെ എന്റെ മുഖം വേഗം കാണാൻ വേണ്ടിയാകുമല്ലേ അച്ഛയും അങ്ങനെ സമ്മതിച്ചത്.അതോർത്തപ്പോ അച്ഛയോടുള്ള ദേഷ്യം കുറഞ്ഞൂട്ടോ വാവയ്ക്ക്...
ലേബർ റൂമിൽ നിന്നും അമ്മയെ ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ടുപോകുമ്പോഴും അമ്മ
വയറിൽ കൈവെച്ച്" അമ്മേടെ വാവ പേടിക്കണ്ടാട്ടോ .വേഗം അമ്മേനെ കാണാല്ലോ" എന്നെന്നോട് മനസ്സ്കൊണ്ട് മന്ത്രിക്കുന്നുണ്ടായിരുന്നു. അമ്മ എപ്പഴും അങ്ങനാ.ഉറക്കെ എന്നോട് വല്ലപ്പോഴുമെ സംസാരിക്കൂ.അല്ലാതെ എപ്പോഴും വയറിന് മീതെ കൈവെച്ച് ശബ്ദമില്ലാതെ മനസ്സ് കൊണ്ട് സംസാരിക്കും.
ഒരു ഉറുമ്പ് കടിച്ചാ കരയണ എന്റെ അമ്മ എങ്ങനെയാ ഇത്രയും വലിയ വേദന സഹിക്കണേ,പക്ഷേ എന്റെയീ പേടി അമ്മയ്ക്കില്ല ..അമ്മയുടെ മനസ്സ് മുഴുവൻ എന്റെ കുഞ്ഞുമുഖം കാണാനുള്ള ആർത്തിയാ..
അമ്മയെ ഓപ്പറേഷൻ ടേബിളിൽ കയറ്റി മുട്ടുകുത്തി കിടത്തിയിട്ട് നട്ടെല്ലിന് മരവിക്കാനുള്ള മരുന്ന് കുത്തിവെച്ചു.അപ്പോഴും അമ്മയ്ക്ക് വേദനിക്കുമെന്നോർത്ത് ഞാൻ കരഞ്ഞെങ്കിലും അമ്മ കരഞ്ഞില്ല.
ഇത്തിരി കഴിഞ്ഞപ്പോഴേക്കും അമ്മേടെ ചുറ്റും ഡോക്ടറങ്കിളും ഡോക്ടറാന്റിയും നഴ്സാന്റിമാരും ഒക്കെ എത്തി.അമ്മേടെ വയറ് കത്തികൊണ്ട് കീറി എന്നെ പുറത്തെടുത്തു.
"മിടുക്കൻ ഒരു മോനാട്ടോ" എന്ന് എന്റമ്മയോട് ഡോക്ടറാന്റി പറഞ്ഞു.അത് കേട്ടപ്പോ അമ്മേടെ ഒരു സന്തോഷം .....എന്നെ അമ്മയെ ഒന്ന് കാണിച്ചിട്ട് വേഗം തന്നെ ആ മുറീന്ന് കൊണ്ടുപോയി.അമ്മയെ കാണാഞ്ഞ് ഞാൻ അപ്പോൾ വല്ലാതെ കരഞ്ഞു.
ആ സമയത്ത് എന്റമ്മയുടെ .....കത്തികൊണ്ട് കീറിയ വയറപ്പോൾ തുന്നിച്ചേർക്കുവായിരുന്നു....നേഴ്സാന്റി എന്നെ അച്ഛയുടേയും അമ്മൂമ്മയുടേയും ഒക്കെ അടുത്തേക്ക് കൊണ്ടുചെന്നു.എല്ലാരും എന്നെ ഒത്തിരി സ്നേഹത്തോടെ മാറിമാറി ലാളിക്കാൻ തുടങ്ങി.
എന്റമ്മയെ കുറിച്ച് അവരെല്ലാം നേഴ്സാന്റിയോട് തിരക്കിയപ്പോൾ അമ്മ സുഖമായിരിക്കുന്നെന്ന് ആന്റി മറുപടി പറഞ്ഞു.ഇത്തിരി കഴിഞ്ഞപ്പോൾ എനിക്ക് വിശക്കാൻ തുടങ്ങി.കരച്ചിൽ നിർത്താതായപ്പോൾ എന്നെ അമ്മേടടുത്ത് കൊണ്ടുപോയി.ഞാൻ ചെല്ലുമ്പോൾ അമ്മ വേദന കൊണ്ട് കരയുവായിരുന്നു പക്ഷേ എന്നെ കണ്ടതും അമ്മ "അമ്മേടെ പൊന്നു വാവേ "എന്നും വിളിച്ച് സന്തോഷത്തോടെ എനിക്ക് പാൽ തന്നു. എന്നെക്കണ്ടതോടെ എന്റമ്മയുടെ സകലവേദനയും എവിടേയ്ക്കോ പോയ്മറഞ്ഞു.
അമ്മയുടെ അന്നത്തെ ആ ഭാവമാറ്റം എനിക്കന്നുതൊട്ടിന്നോളം ഒരു അത്ഭുതമായിരുന്നു.എത്ര വലിയ വേദനയിലും ഞാനടുത്തെത്തുമ്പോൾ എന്റമ്മ ഒരു ചെറുപുഞ്ചിരിയാലതിനെ മറയ്ക്കും. എനിക്ക് കുത്തിവെയ്പ്പെടുക്കണ സമയത്ത് അത് കാണാനാകാതെ അമ്മ മുഖം തിരിച്ചു നിന്ന് എന്നേക്കാൾ ഉച്ചത്തിൽ കരഞ്ഞതും ഞാനൊന്ന് വീഴുമ്പോൾ കരഞ്ഞുകൊണ്ട് ഓടിവന്നെടുക്കുന്നതും ......എല്ലാം...എല്ലാം
എനിക്ക് അത്ഭുതം തന്നെയാണ്.കാരണം അമ്മയ്ക്ക് വേദനിക്കുമ്പോഴല്ല എനിക്ക് വേദനിക്കുമ്പോഴാണ് പിന്നീടെന്റമ്മ കരഞ്ഞതൊക്കെയും.
ഇത്തിരി കൂടി വലുതായി്ട്ടും ഞാൻ വികൃതികാട്ടുമ്പോൾ അടിതന്നിട്ട് ആ അടിച്ച സ്ഥലത്ത് എന്റമ്മ ഞാനുറങ്ങുമ്പോൾ ഉമ്മ തരുന്നത് പലപ്പോഴും ഞാനറിയുന്നത് അമ്മയുടെ കണ്ണുനീരിന്റെ ചൂടേൽക്കുമ്പോഴാണ്.
ഞാനുറങ്ങിയശേഷം ഉറങ്ങുകയും ഞാനുണരും മുൻപേ എനിക്കായുണരുന്നതും എന്റമ്മയല്ലാതെ വേറാരാ?മാമൂട്ടാനായി പറയണതൊക്കെയും കളവാണെന്ന് ഞാൻ മനസ്സിലാക്കി കഴിയുമ്പോ
ഒരു കള്ളച്ചിരി ചിരിക്കും എന്റെ കള്ളച്ചി അമ്മ ....
"ഈ ജന്മം മാത്രമല്ല ഇനി വരുമോരോ ജന്മവും ഈ അമ്മ തൻ മകനായി മതിയെനിക്കി നരജന്മം "
Written by
RemyaRajesh

വൈറൽ വീഡിയോസും.....തകരുന്ന ജീവിതങ്ങളും

വൈറൽ വീഡിയോസും.....തകരുന്ന ജീവിതങ്ങളും
********************* *********************
വീട്ട് മുറ്റത്ത് വന്നുനിന്ന ആംബുലൻസിൽ നിന്നും എന്റെ സൂര്യയുടേയും പൊന്നുമോളുടേയും ജീവനറ്റ ശരീരം ഉമ്മറത്തിണ്ണയിലേക്ക് എടുത്തു കിടത്തുന്നത് മുറിക്കുള്ളിലെ ജനലഴികളിലൂടെ ഞാൻ കാണുന്നുണ്ടായിരുന്നു.
വീടിനകത്തും പുറത്തുമായി ആളുകൾ എന്നെ ഒരു കൊലപാതകിയോടെന്ന പോൽ നോക്കുകയും പെരുമാറുകയും ചെയ്യുമ്പോഴും
എന്നെ സങ്കടപ്പെടുത്തിയത് എട്ട് വർഷം ഒന്നായി ജീവിച്ച എന്റെ ഭാര്യ എന്നെ മനസ്സിലാക്കാതെ പോയതിലായിരുന്നു.
ആരൊക്കെ എന്നെ അവിശ്വസിച്ചാലും തള്ളിപ്പറഞ്ഞാലും എന്റെ സൂര്യ എനിക്കൊപ്പം എന്നും ഉണ്ടാകുമെന്ന് കരുതിയ ഞാനാണ് മരിക്കേണ്ടിയിരുന്നത്.പക്ഷേ അവൾക്കുണ്ടായ ആ മനക്കരുത്തിന്റെ പകുതി പോലും എനിക്കുണ്ടായില്ല..എങ്കിൽ അവൾക്കും എന്റെ പൊന്നുമോൾക്കും പകരം എന്റെ ജീവനറ്റ ശരീരം ഉമ്മറത്തിണ്ണയിൽ കിടന്നേനെ...
"നിനക്ക് തൃപ്തിയായില്ലേടാ എന്റെ മോളേയും കുഞ്ഞിനേയും കൊലയ്ക്കു കൊടുത്തപ്പോൾ?
നിന്നെ സ്നേഹിച്ചതാണോടാ എന്റെ മോൾ ചെയ്ത തെറ്റ്..ചതിയനാ നീ..ഒരു പെണ്ണ് പിടിയനായ നിന്നെ ഇനി ഒരിക്കലും, മോനേ, എന്ന് വിളിക്കാൻ ഞങ്ങൾക്കാവില്ലടാ?"
സൂര്യയുടെ അമ്മ ദേഷ്യത്തോടെ എനിക്ക് നേരെ അത് പറയുമ്പോൾ എനിക്കറിയാമായിരുന്നു ഒരു പെറ്റമ്മയുടെ വേദനയുടെ ആഴമേറിയ സങ്കടമാണതെന്ന്...
അതേ ...ഞാനിന്ന് ...സമൂഹത്തിന് മുന്നിൽ, എന്റെ വീട്ടുകാർക്കും നാട്ടുകാർക്കും മുന്നിൽ ഒരു പെണ്ണ് പിടിയനാണ്..പുറത്തിറങ്ങിയാൽ കല്ലെറിയാനും കൂകി വിളിക്കാനും തുടങ്ങുന്ന ആൾക്കൂട്ടത്തെ ഭയന്ന് ഞാനീ മുറിയിൽ നിന്നും പുറത്തിറങ്ങിയിട്ട് ദിവസം ഒന്നു കഴിഞ്ഞു.....
ഞാൻ ചെയ്ത തെറ്റെന്താണെന്ന് എനിക്കിപ്പോഴും അറിയില്ല...
ഓഫീസിൽ പോകാനിറങ്ങുമ്പോഴാണ്
സൂര്യയുടെ അമ്മയും അച്ഛനും അമ്പലത്തിൽ പോയിട്ട് ആ വഴി വീട്ടിലേക്ക് വന്നത്. അതുകാരണം പത്ത് മിനിറ്റ് താമസിച്ചാണ് വീട്ടിൽ നിന്നും ഇറങ്ങിയത്,അതിനാൽ പതിവായി പോകുന്ന ബസ് കിട്ടിയില്ല, ബസ്സ്റ്റോപ്പിൽ ആരും ഒട്ടു ഉണ്ടായിരുന്നതുമില്ല.അപ്പോഴാണ് കോളേജിൽ പഠിക്കുന്ന ഒരു പെൺകുട്ടി ഓടിക്കിതച്ച് വന്ന് വെയിറ്റിംഗ് ഷെഡ്ഡിനുള്ളിലേക്ക് കയറിയത്.
ആകെ വിയർപ്പിൽ മുങ്ങിയ ആ കുട്ടി നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു. പതിവായി കോളേജിൽ പോകുന്ന ബസ് കിട്ടാൻ വേണ്ടി ഓടിയതാണെന്ന് എനിക്ക് മനസ്സിലായി.
മുഖത്തെ വിയർപ്പ് തുടക്കാനായി ഞാനെന്റെ തൂവാല ആ കുട്ടിക്ക് കൊടുത്തു.
"ഇന്നെന്റെ ലാസ്റ്റ് എക്സാമാണ്.അമ്മയ്ക്ക് നല്ല പനിയായതിനാൽ വീട്ട് ജോലി തീർന്നപ്പോഴേക്കും ഇത്തിരി താമസിച്ചു.ബസ് കിട്ടാൻ വേണ്ടി ഓടി വന്നതാ ,പക്ഷേ അപ്പഴേക്കും ബസ് പോയി.ഇനി അടുത്ത ബസ് വരുമ്പഴേക്കും എക്സാം തുടങ്ങിയിരിക്കും.അവരിനി എന്നെ എക്സാമിനിരുത്തുമോയെന്നറിയില്ല ?"
പറഞ്ഞു തീർന്നതും ആ കുട്ടിയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.
അവളുടെ വീടിന്റെ ദയനീയാവസ്ഥ ആ മുഖത്ത് നിന്നും മനസ്സിലാക്കാൻ പറ്റുന്നതായിരുന്നു.
കുഴിഞ്ഞ കണ്ണുകളും മെലിഞ്ഞ ശരീരവും ...
പഴയ നിറം മങ്ങിയ ഒരു ചുരിദാറായിരുന്നു വേഷം.
ബസ് വരുന്നത് കണ്ട് ഞാനും ആ കുട്ടിയും ഇരിക്കുന്നിടത്ത് നിന്നും എഴുന്നേറ്റതും ആ കുട്ടി ശരീരം കുഴഞ്ഞ് വീഴാൻ പോയതും ഒരുമിച്ചായിരുന്നു.പെട്ടെന്ന് ഞാനാ കുട്ടിയെ താങ്ങിപിടിച്ചില്ലായിരുന്നെങ്കിൽ അതിന്റെ തല ഭിത്തിയിലിടിച്ചേനെ..ഞാനാ പെൺകുട്ടിയെ താങ്ങി ഇരുത്തുന്ന വീഡിയോ സ്റ്റോപ്പിൽ വന്ന് നിന്ന ബസിൽ ഇരുന്ന ഏതോ ഒരുത്തൻ മൊബൈലിൽ പകർത്തി.....
! കാമുകനും കാമുകിയും പരസ്യമായി ബസ്സ്റ്റോപ്പിൽ പ്രണയകേളികൾ.ഇവളൊക്കെ രാവിലെ പഠിക്കാൻ തന്നെയാണോ കോളേജിലേക്ക് പോകുന്നത്.കഷ്ടം തന്നെ വീഡിയോ കണ്ട് നോക്ക് .പരമാവധി ഷെയർ ചെയ്ത് ഇവനേയും ഇവളേയും നാറ്റിക്കണം.!
ഈയൊരു തലക്കെട്ടോടെ എന്റേയും ആ കുട്ടിയുടേയും വീഡിയോ നിമിഷങ്ങൾക്കകം വാട്സ് ആപിലും , ഫേസ്ബുക്കിലും ,യൂട്യൂബിലും വൈറൽ ആയിക്കൊണ്ടേയിരുന്നു.
അപ്പോഴും ഇതൊന്നുമറിയാതെ ഞാൻ എന്റെ കയ്യിലുള്ള കുപ്പിയിലെ വെള്ളം ആ കുട്ടിക്ക് കുടിക്കാൻ കൊടുത്ത ശേഷം അവളെ ഒരു ആട്ടോറിക്ഷയിൽ കയറ്റി അവളുടെ വീട്ടിലെത്തിച്ചു.കാര്യങ്ങൾ പറഞ്ഞ് ആ കുട്ടിയുടെ അമ്മയെ ബോധ്യപ്പെടുത്തിയ ശേഷം ഞാൻ ആ ആട്ടോറിക്ഷയിൽ തന്നെ ഓഫീസിലെത്തി.പക്ഷേ അപ്പോഴേക്കും സമയം ഏറെക്കുറെ താമസിച്ചിരുന്നു.
സഹപ്രവർത്തകരുടെ കളിയാക്കിയുള്ള ചിരിയും അർത്ഥം വെച്ചുള്ള സംസാരവും ഒക്കെ എന്നെ വല്ലാതെ അലോസരപ്പെടുത്തി.കാര്യമെന്താണെന്ന് അല്പം നീരസത്തോടെയാണ് ഞാനവരോട് ചോദിച്ചത്.അപ്പോഴാണ് മൊബൈലിൽ എന്നേയും ആ കുട്ടിയേയും തമ്മിൽ തെറ്റായ രീതിയിൽ കാണിച്ചുള്ള വീഡിയോ അവരെനിക്ക് കാട്ടിത്തന്നത്...ഇന്നലെ വരെ എന്നെ സ്നേഹത്തോടെ നോക്കിയ കണ്ണുകളിൽ ഞാനിപ്പോൾ ഒരു സ്ത്രീലമ്പടനാണ്.ചുറ്റും പരിഹാസ മുഖങ്ങൾ മാത്രം..
" ഞാൻ....ഞാനൊരു തെറ്റും ചെയ്തിട്ടില്ല..ഇതൊന്നും സത്യമല്ല.."
വിറയലോടെ ഞാൻ പറഞ്ഞതൊക്കെ പുച്ഛത്തോടെ മാത്രമേ എനിക്കൊപ്പമുള്ളവർ കേട്ടുള്ളു..എത്രയും വേഗം എനിക്കെന്റെ വീട്ടിലെത്തിയാൽ മതിയെന്നായിരുന്നു. മനസ്സ് നിറയെ സൂര്യയുടെ മുഖമായിരുന്നു.അവളീ വീഡിയോ കണ്ടു കാണുമോ എന്നുള്ള ആധിയായിരുന്നു..
വീടിന്റെ ഗേറ്റ് തുറന്ന് കിടപ്പുണ്ടായിരുന്നു.മുറ്റം നിറയെ അയൽക്കാരും അടുത്ത ബന്ധുക്കളും.
എല്ലാവരും ഒരു പുഴുത്ത പട്ടിയെ നോക്കുന്ന അവഞ്ജയോടെ എന്നെ നോക്കുന്നതായി എനിക്ക് തോന്നി.
ഓടി വീടിനകത്തേക്ക് കയറിയപ്പോഴാണ് എനിക്ക് മനസ്സിലായത്.എന്നെ തനിച്ചാക്കി സൂര്യ, മോളേയും കൂട്ടി ഈ ഭൂമിയിൽ നിന്നും തന്നെ പോയെന്ന സത്യം.
"നിങ്ങളെ പോലെ ഒരു വൃത്തികെട്ടവന്റെ ഭാര്യയായി എനിക്കിനി ജീവിക്കണ്ട.നമ്മുടെ മോൾ
നാട്ടുകാരുടെ മുന്നിൽ പരിഹസിക്കപ്പെടുന്നത് കാണാൻ എനിക്ക് വയ്യ.നിങ്ങളെ സ്നേഹിച്ചതിനും വിശ്വസിച്ചതിനും എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു.അതിനുള്ള പ്രായ്ശ്ചിത്തമാകട്ടെ എന്റെ മരണം."
അവളുടെ ആ കത്ത് ,അതൊരു തീഗോളം എന്റെ കയ്യിലിരിക്കുന്ന പോലെ എനിക്ക് തോന്നി.എന്നെ മനസ്സിലാക്കാതെ ,സംഭവിച്ചതെന്താണെന്ന് ഒന്ന് ചോദിക്കാൻ പോലും നിൽക്കാതെ അപമാന ഭാരത്താൽ അവളെന്നെ വേണ്ടെന്നു വെച്ചു എന്നന്നേക്കുമായി പോയി.
ആ വീഡിയോയ്ക്ക് പിന്നിലെ സത്യമെന്താണെന്ന് എന്നോടാരും ചോദിച്ചില്ല., മറിച്ച് അത് അങ്ങനെ തന്നെയാണെന്ന് സ്ഥാപിച്ചെടുത്തു പലരും.ആ വീഡിയോ തെറ്റായ രീതിയിൽ പ്രചരിപ്പിച്ചവന് എന്താണ് അതുമൂലം നേട്ടമുണ്ടായതെന്നെനിക്കറിയില്ല.പക്ഷേ എനിക്കെന്റെ കുടുംബം നഷ്ടപ്പെട്ടു.ഒരു പാവം പെൺകുട്ടിയുടെ ജീവിതം തകർന്നു.
"ഇനി ഞാനാർക്കു വേണ്ടി ,,എന്തിനു വേണ്ടിജീവിക്കണം ?ചിത കത്തി തീരും മുൻപേ എനിക്കും അവരോടൊപ്പം യാത്രയാകണം.പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളുമില്ലാത്തിടത്തേക്ക്."
(പരമാവധി ഷെയർ ചെയ്യൂ എന്ന തലക്കെട്ടോടെ ഇന്ന് നമ്മൾ കാണുന്ന പല വീഡിയോകൾക്ക് പിന്നിലേയും സത്യസ്ഥിതി മറ്റൊന്നാകാം.കാണുന്ന വീഡിയോ സത്യമാണെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ഷെയർ ചെയ്യുക. നന്മയുള്ള കരങ്ങൾ ഇത്തരം ചതിയിലൂടെ അറ്റുപോകാതിരിക്കട്ടെ)
By....RemyaRajesh

ഉത്തരം

"ഇതിനി ഇവിടെ വേണ്ട"..പറഞ്ഞു തീർന്നതും കണ്ടു കൊണ്ടിരുന്ന ടി.വി ഹരി നിലത്തേക്ക് തള്ളി താഴെയിട്ട് പൊട്ടിച്ചതും ഒരുമിച്ചായിരുന്നു.
"ഹരിയേട്ടനെന്താ വട്ടായോ.ഒരാഴ്ച ആയതല്ലാ ഉള്ളൂ ഈ ടി.വി അവിടുന്നിങ്ങോട്ട് കൊണ്ടു വന്നിട്ട്.
ഇങ്ങനെ തല്ലിപ്പൊട്ടിക്കാനാണേൽ പിന്നെന്തിനാ ഇത് ഗൾഫീന്നിങ്ങോട്ട് കൊണ്ടു വന്നത്.രണ്ടീസമായി ഞാൻ ശ്രദ്ധിക്കുന്നു ഹരിയേട്ടന് എന്തൊക്കെയോ മാറ്റങ്ങളുണ്ട്. നാളെ മുതൽ ഇവിടെ പത്രം ഇടണ്ടെന്ന് പത്രക്കാരൻ ചെക്കനോട് പറയുന്നത് ഞാൻ കേട്ടു..ഇന്നലെ നെറ്റ് കണക്ഷൻ കട്ടാക്കി.എന്താ ഇങ്ങനെയൊക്കെ ചെയ്യാൻ കാരണം...പറയ്
എന്തിനും ഒരു കാരണം വേണമല്ലോ"
എന്റെ ഈ ചോദ്യത്തിനൊന്നും ഉത്തരം തരാതെ
" പ്രത്യേകിച്ച് കാര്യമൊന്നുമില്ല എനിക്കങ്ങിനെ തോന്നി " എന്നും പറഞ്ഞു ഹരിയേട്ടൻ അകത്തേക്ക് കയറിപോകുമ്പോൾ എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു ആ സ്വരത്തിലെ പതർച്ചയും മനസ്സിലെ വിങ്ങലും.....
രാത്രിയിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോഴും ഹരിയേട്ടന്റെ മനസ്സ് ഇവിടെ ഈ വീട്ടിൽ എന്നോടും മോളോടുമൊപ്പം അല്ലെന്നെനിക്കു മനസ്സിലായി..എന്തേലുമൊന്ന് കഴിച്ചെന്നു വരുത്തി കൈ കഴുകി ഹരിയേട്ടൻ
റൂമിലേക്ക് കിടക്കാനായി പോയി.
പക്ഷേ അപ്പോഴും മോളേയോ എന്നെയോ ഒന്ന് നോക്കുകയോ മിണ്ടുകയോ കൂടി ചെയ്തില്ല..
എപ്പോഴും ഇണങ്ങിയും പിണങ്ങിയും തല്ലു കൂടിയുമിരിക്കുന്ന അച്ഛനും മകളും അന്യരെപ്പോലെ പെരുമാറുന്നത് കണ്ടിട്ട് എനിക്ക് സഹിക്കാനായില്ല.
"എന്താ മാളൂട്ടി അച്ഛയ്ക്കു പറ്റീത്.നീയെന്തേലും പറഞ്ഞിട്ടാണോ അച്ഛ ഇങ്ങനെ വിഷമിച്ച് നടക്കുന്നത്..നീയെന്താ അച്ഛയോട് ഒന്നും മിണ്ടാത്തത്"
"ഒന്നൂല അമ്മാ "എന്നും പറഞ്ഞവൾ ബെഡിൽ കേറികിടന്നത് എന്റെ ചോദ്യത്തെ മറികടക്കാനാണെന്ന് എനിക്ക് മനസ്സിലായി, അതോടൊപ്പം അച്ഛനും മകൾക്കുമിടയിൽ എന്തോ പ്രശ്നം ഞാനറിയാത്തതായി ഉണ്ടായിട്ടുണ്ടെന്നും ......
അവളുറങ്ങി എന്നുറപ്പായപ്പോഴാണ് ഹരിയേട്ടനോട് ഞാൻ കാര്യമെന്താണെന്ന് വീണ്ടും ചോദിച്ചത്...മറുപടി ആദ്യം ഒരു പൊട്ടിക്കരച്ചിലായിരുന്നു.രണ്ടു ദിവസമായി ആ മനുഷ്യന്റെ ഉള്ളിൽ ഉള്ള സങ്കടമാണ് കണ്ണീരായി
പുറത്തേക്ക് വന്നതെന്ന് എനിക്കറിയാമായിരുന്നു.
"നമ്മുടെ മോൾ രണ്ടു ദിവസം മുൻപെന്നോട് ചോദിച്ചു..അച്ഛ മോളേയും പീഡിപ്പിക്കുമോ.എന്നിട്ട് കൊല്ലാൻ നോക്കുമോ എന്നൊക്കെ..അവളുടെ ആ ചോദ്യം അതൊരിക്കലും എനിക്ക് താങ്ങാനാകുന്നതായിരുന്നില്ല.എന്താണ് എന്റെ മോളോട് പറയേണ്ടതെന്ന് പോലും ഒരു നിമിഷത്തേക്ക് ഞാൻ മറന്നു പോയി.
ആരാണിത് എന്റെ മോളോട് പറഞ്ഞതെന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞ മറുപടി
ടി.വിയിലും പത്രത്തിലുമൊക്കെ ഉണ്ടെല്ലോ എന്നായിരുന്നു.പിന്നെനിക്കെന്റെ മോളെ
ഒന്ന് മടിയിൽ ഇരുത്താൻ കൂടി പേടിയായി."
"നല്ല കാര്യങ്ങളേക്കാൾ കൂടുതൽ ഇത്തരത്തിലുള്ള പീഡനവാർത്തകളല്ലേ ഇന്നിവിടെ പത്രങ്ങളിലും ടിവിയിലുമൊക്കെ കാണാൻ കഴിയൂ..ഹരിയേട്ടൻ വല്ലപ്പോഴും മാത്രം നാട്ടിൽ വരുന്നത് കൊണ്ടാ ഇതൊരു വലിയ വിഷയമായി തോന്നിയത്.."
"ഉം....കൊള്ളാം...നീയെത്ര ലാഘവത്തോടെ പറഞ്ഞു തീർത്തു.ഒരു അച്ഛന് സ്വന്തം മകളെ ഒന്നെടുക്കാനോ മടിയിലിരുത്തി ലാളിക്കാനോ പറ്റാത്ത അവസ്ഥ..ആ വേദന പറഞ്ഞാൽ മനസ്സിലാകില്ല അനുഭവിച്ചറിയണം.ആ ഒരു വേദന നെഞ്ചിൽ കൊണ്ടു നടക്കുന്നവരാ
ഇന്നിപ്പോ നമ്മുടെ നാട്ടിലെ ഭൂരിഭാഗം അച്ഛൻമാരും.....
സ്വന്തം അമ്മ പെൺമക്കളെ മറ്റുള്ളവർക്ക് കൂട്ടിക്കൊടുക്കുന്നു..പീഡിപ്പിക്കാൻ അവസരമൊരുക്കി കൊടുക്കുന്നു.പക്ഷേ അതിന്റെയൊന്നും പേരിൽ ഒരു അമ്മയും സമൂഹത്തിന് മുന്നിൽ പൂർണ്ണമായും കുറ്റക്കാരാകുന്നില്ല..എന്നാൽ സ്വന്തം അച്ഛനെപ്പോലും വിശ്വസിക്കരുതെന്ന രീതിയിലല്ലേ പുരുഷവർഗ്ഗത്തെ ഒന്നടങ്കം ആക്ഷേപിച്ച് പത്രമാധ്യമങ്ങളിൽ കൂടീയും മീഡിയകളിൽ കൂടിയും ഇന്ന് കുഞ്ഞുമനസ്സുകളിൽ പോലും ഭയത്തിന്റെ വിഷവിത്തുകൾ പാകുന്നത്
പത്ത് തവണ ......മിഠായിക്ക് നല്ല മധുരമാണെന്ന് ഒരു കൊച്ചു കുഞ്ഞിനോട് പറഞ്ഞാൽ അവനത്
കഴിക്കാൻ വല്ലാത്ത ആഗ്രഹം തോന്നും.അതുപോലെയാണിന്ന് നമ്മുടെ സമൂഹത്തിൽ മാധ്യമങ്ങളും പത്രങ്ങളും പീഡനങ്ങളെ ഒരു ആഘോഷമാക്കി മാറ്റുമ്പോൾ സംഭവിക്കുന്നത്.പിന്നീട് ഈ പറഞ്ഞതിനും ചെയ്തതിനുമൊന്നും തെളിവില്ലെന്നു കൂടി അവർ തന്നെ പറയുമ്പോൾ ഈ തെറ്റുകൾ ആവർത്തിക്കാൻ മറ്റുള്ളവർക്ക് ഒരു പ്രചോദനമാകുന്നു
സ്വന്തം മകളെ ,സഹോദരിയെ...പീഡിപ്പിച്ചത് അതാരായാലും ശരി
വേറൊരു പെണ്ണിനേയും ഇനിയവൻ പീഡിപ്പിക്കാത്ത രീതിയിൽ ലിംഗവിച്ഛേദം നടത്താനുള്ള മനസ്സുറപ്പ് ഉണ്ടെങ്കിൽ അന്ന് തീരും ഈ പീഡനപരമ്പരകൾ....
വിദേശരാജ്യങ്ങളിലെ പത്രവാർത്തകളിൽ പീഡനവാർത്തകൾ അപൂർവ്വം എന്നാൽ നമ്മുടെ രാജ്യത്തിന്റെ അവസ്ഥയോ..ഇതേ കേൾക്കാനുള്ളൂ"
ഹരിയേട്ടൻ പറഞ്ഞതിനൊന്നും തിരിച്ചൊരു മറുപടി പറയാൻ എനിക്ക് വാക്കുകളില്ലായിരുന്നു.കാരണം പെറ്റമ്മ പോലും പെൺകുട്ടികളെ പീഡിപ്പിക്കാൻ കൂട്ട് നിൽക്കുന്ന ഒരു സമൂഹത്തിൽ ജീവിക്കുന്ന ഞാനെങ്ങനെ പുരുഷവർഗ്ഗത്തെ മാത്രം തെറ്റുകാരായി കാണണം
( സമർപ്പണം......സ്നേഹിക്കാൻ മാത്രമറിയുന്ന അച്ഛൻമാർക്കായി)
By.....RemyaRajesh

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo