Slider

ഉത്തരം

0
"ഇതിനി ഇവിടെ വേണ്ട"..പറഞ്ഞു തീർന്നതും കണ്ടു കൊണ്ടിരുന്ന ടി.വി ഹരി നിലത്തേക്ക് തള്ളി താഴെയിട്ട് പൊട്ടിച്ചതും ഒരുമിച്ചായിരുന്നു.
"ഹരിയേട്ടനെന്താ വട്ടായോ.ഒരാഴ്ച ആയതല്ലാ ഉള്ളൂ ഈ ടി.വി അവിടുന്നിങ്ങോട്ട് കൊണ്ടു വന്നിട്ട്.
ഇങ്ങനെ തല്ലിപ്പൊട്ടിക്കാനാണേൽ പിന്നെന്തിനാ ഇത് ഗൾഫീന്നിങ്ങോട്ട് കൊണ്ടു വന്നത്.രണ്ടീസമായി ഞാൻ ശ്രദ്ധിക്കുന്നു ഹരിയേട്ടന് എന്തൊക്കെയോ മാറ്റങ്ങളുണ്ട്. നാളെ മുതൽ ഇവിടെ പത്രം ഇടണ്ടെന്ന് പത്രക്കാരൻ ചെക്കനോട് പറയുന്നത് ഞാൻ കേട്ടു..ഇന്നലെ നെറ്റ് കണക്ഷൻ കട്ടാക്കി.എന്താ ഇങ്ങനെയൊക്കെ ചെയ്യാൻ കാരണം...പറയ്
എന്തിനും ഒരു കാരണം വേണമല്ലോ"
എന്റെ ഈ ചോദ്യത്തിനൊന്നും ഉത്തരം തരാതെ
" പ്രത്യേകിച്ച് കാര്യമൊന്നുമില്ല എനിക്കങ്ങിനെ തോന്നി " എന്നും പറഞ്ഞു ഹരിയേട്ടൻ അകത്തേക്ക് കയറിപോകുമ്പോൾ എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു ആ സ്വരത്തിലെ പതർച്ചയും മനസ്സിലെ വിങ്ങലും.....
രാത്രിയിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോഴും ഹരിയേട്ടന്റെ മനസ്സ് ഇവിടെ ഈ വീട്ടിൽ എന്നോടും മോളോടുമൊപ്പം അല്ലെന്നെനിക്കു മനസ്സിലായി..എന്തേലുമൊന്ന് കഴിച്ചെന്നു വരുത്തി കൈ കഴുകി ഹരിയേട്ടൻ
റൂമിലേക്ക് കിടക്കാനായി പോയി.
പക്ഷേ അപ്പോഴും മോളേയോ എന്നെയോ ഒന്ന് നോക്കുകയോ മിണ്ടുകയോ കൂടി ചെയ്തില്ല..
എപ്പോഴും ഇണങ്ങിയും പിണങ്ങിയും തല്ലു കൂടിയുമിരിക്കുന്ന അച്ഛനും മകളും അന്യരെപ്പോലെ പെരുമാറുന്നത് കണ്ടിട്ട് എനിക്ക് സഹിക്കാനായില്ല.
"എന്താ മാളൂട്ടി അച്ഛയ്ക്കു പറ്റീത്.നീയെന്തേലും പറഞ്ഞിട്ടാണോ അച്ഛ ഇങ്ങനെ വിഷമിച്ച് നടക്കുന്നത്..നീയെന്താ അച്ഛയോട് ഒന്നും മിണ്ടാത്തത്"
"ഒന്നൂല അമ്മാ "എന്നും പറഞ്ഞവൾ ബെഡിൽ കേറികിടന്നത് എന്റെ ചോദ്യത്തെ മറികടക്കാനാണെന്ന് എനിക്ക് മനസ്സിലായി, അതോടൊപ്പം അച്ഛനും മകൾക്കുമിടയിൽ എന്തോ പ്രശ്നം ഞാനറിയാത്തതായി ഉണ്ടായിട്ടുണ്ടെന്നും ......
അവളുറങ്ങി എന്നുറപ്പായപ്പോഴാണ് ഹരിയേട്ടനോട് ഞാൻ കാര്യമെന്താണെന്ന് വീണ്ടും ചോദിച്ചത്...മറുപടി ആദ്യം ഒരു പൊട്ടിക്കരച്ചിലായിരുന്നു.രണ്ടു ദിവസമായി ആ മനുഷ്യന്റെ ഉള്ളിൽ ഉള്ള സങ്കടമാണ് കണ്ണീരായി
പുറത്തേക്ക് വന്നതെന്ന് എനിക്കറിയാമായിരുന്നു.
"നമ്മുടെ മോൾ രണ്ടു ദിവസം മുൻപെന്നോട് ചോദിച്ചു..അച്ഛ മോളേയും പീഡിപ്പിക്കുമോ.എന്നിട്ട് കൊല്ലാൻ നോക്കുമോ എന്നൊക്കെ..അവളുടെ ആ ചോദ്യം അതൊരിക്കലും എനിക്ക് താങ്ങാനാകുന്നതായിരുന്നില്ല.എന്താണ് എന്റെ മോളോട് പറയേണ്ടതെന്ന് പോലും ഒരു നിമിഷത്തേക്ക് ഞാൻ മറന്നു പോയി.
ആരാണിത് എന്റെ മോളോട് പറഞ്ഞതെന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞ മറുപടി
ടി.വിയിലും പത്രത്തിലുമൊക്കെ ഉണ്ടെല്ലോ എന്നായിരുന്നു.പിന്നെനിക്കെന്റെ മോളെ
ഒന്ന് മടിയിൽ ഇരുത്താൻ കൂടി പേടിയായി."
"നല്ല കാര്യങ്ങളേക്കാൾ കൂടുതൽ ഇത്തരത്തിലുള്ള പീഡനവാർത്തകളല്ലേ ഇന്നിവിടെ പത്രങ്ങളിലും ടിവിയിലുമൊക്കെ കാണാൻ കഴിയൂ..ഹരിയേട്ടൻ വല്ലപ്പോഴും മാത്രം നാട്ടിൽ വരുന്നത് കൊണ്ടാ ഇതൊരു വലിയ വിഷയമായി തോന്നിയത്.."
"ഉം....കൊള്ളാം...നീയെത്ര ലാഘവത്തോടെ പറഞ്ഞു തീർത്തു.ഒരു അച്ഛന് സ്വന്തം മകളെ ഒന്നെടുക്കാനോ മടിയിലിരുത്തി ലാളിക്കാനോ പറ്റാത്ത അവസ്ഥ..ആ വേദന പറഞ്ഞാൽ മനസ്സിലാകില്ല അനുഭവിച്ചറിയണം.ആ ഒരു വേദന നെഞ്ചിൽ കൊണ്ടു നടക്കുന്നവരാ
ഇന്നിപ്പോ നമ്മുടെ നാട്ടിലെ ഭൂരിഭാഗം അച്ഛൻമാരും.....
സ്വന്തം അമ്മ പെൺമക്കളെ മറ്റുള്ളവർക്ക് കൂട്ടിക്കൊടുക്കുന്നു..പീഡിപ്പിക്കാൻ അവസരമൊരുക്കി കൊടുക്കുന്നു.പക്ഷേ അതിന്റെയൊന്നും പേരിൽ ഒരു അമ്മയും സമൂഹത്തിന് മുന്നിൽ പൂർണ്ണമായും കുറ്റക്കാരാകുന്നില്ല..എന്നാൽ സ്വന്തം അച്ഛനെപ്പോലും വിശ്വസിക്കരുതെന്ന രീതിയിലല്ലേ പുരുഷവർഗ്ഗത്തെ ഒന്നടങ്കം ആക്ഷേപിച്ച് പത്രമാധ്യമങ്ങളിൽ കൂടീയും മീഡിയകളിൽ കൂടിയും ഇന്ന് കുഞ്ഞുമനസ്സുകളിൽ പോലും ഭയത്തിന്റെ വിഷവിത്തുകൾ പാകുന്നത്
പത്ത് തവണ ......മിഠായിക്ക് നല്ല മധുരമാണെന്ന് ഒരു കൊച്ചു കുഞ്ഞിനോട് പറഞ്ഞാൽ അവനത്
കഴിക്കാൻ വല്ലാത്ത ആഗ്രഹം തോന്നും.അതുപോലെയാണിന്ന് നമ്മുടെ സമൂഹത്തിൽ മാധ്യമങ്ങളും പത്രങ്ങളും പീഡനങ്ങളെ ഒരു ആഘോഷമാക്കി മാറ്റുമ്പോൾ സംഭവിക്കുന്നത്.പിന്നീട് ഈ പറഞ്ഞതിനും ചെയ്തതിനുമൊന്നും തെളിവില്ലെന്നു കൂടി അവർ തന്നെ പറയുമ്പോൾ ഈ തെറ്റുകൾ ആവർത്തിക്കാൻ മറ്റുള്ളവർക്ക് ഒരു പ്രചോദനമാകുന്നു
സ്വന്തം മകളെ ,സഹോദരിയെ...പീഡിപ്പിച്ചത് അതാരായാലും ശരി
വേറൊരു പെണ്ണിനേയും ഇനിയവൻ പീഡിപ്പിക്കാത്ത രീതിയിൽ ലിംഗവിച്ഛേദം നടത്താനുള്ള മനസ്സുറപ്പ് ഉണ്ടെങ്കിൽ അന്ന് തീരും ഈ പീഡനപരമ്പരകൾ....
വിദേശരാജ്യങ്ങളിലെ പത്രവാർത്തകളിൽ പീഡനവാർത്തകൾ അപൂർവ്വം എന്നാൽ നമ്മുടെ രാജ്യത്തിന്റെ അവസ്ഥയോ..ഇതേ കേൾക്കാനുള്ളൂ"
ഹരിയേട്ടൻ പറഞ്ഞതിനൊന്നും തിരിച്ചൊരു മറുപടി പറയാൻ എനിക്ക് വാക്കുകളില്ലായിരുന്നു.കാരണം പെറ്റമ്മ പോലും പെൺകുട്ടികളെ പീഡിപ്പിക്കാൻ കൂട്ട് നിൽക്കുന്ന ഒരു സമൂഹത്തിൽ ജീവിക്കുന്ന ഞാനെങ്ങനെ പുരുഷവർഗ്ഗത്തെ മാത്രം തെറ്റുകാരായി കാണണം
( സമർപ്പണം......സ്നേഹിക്കാൻ മാത്രമറിയുന്ന അച്ഛൻമാർക്കായി)
By.....RemyaRajesh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo