നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

“നിനക്കായ് മാത്രം!” (കഥ )

“നിനക്കായ് മാത്രം!” (കഥ )
“ശ്രീ .... “
രാവിലെ കുളി കഴിഞ്ഞു തല തുവർത്തി ശ്രീ കിടപ്പു മുറിയിലെ കണ്ണാടിക്കു മുന്നിൽ നിൽക്കുമ്പോൾ ഞാൻ മെല്ലെ വിളിച്ചു.. എങ്ങനെയാവും പ്രതികരണമെന്നറിയില്ല.. എങ്കിലും കുറച്ചു ദിവസങ്ങളായി മനസിനെ മഥിക്കുന്ന ആഗ്രഹം പറഞ്ഞില്ലെങ്കിലിനിയെന്ന്..?
“എന്തെ .. “ തിരിഞ്ഞു നോക്കാതെ ശ്രീയുടെ മറുചോദ്യം. ഉത്കണഠ നിറഞ്ഞ മുഖം കണ്ണാടിയിൽ വ്യക്തമായെനിക്ക് കാണാം..
“എനിക്ക്… മല്ലികയെ കാണണം .. “
“ഏതു മല്ലിക?”
ഒരു മല്ലികയെ മാത്രമേ അറിയൂ എന്ന് പറയാൻ വന്നെങ്കിലും ശ്രീയുടെ മറുപടിയിൽ ഞാൻ നിശബ്ദയായി- ”Are you talking about ഭവാനി നഗറിലെ മല്ലിക?”
“ ഉം”പ്രതീക്ഷയോടെ ഞാൻ ശ്രീയെ നോക്കി ..
“ അതിപ്പോ ..എവിടെ പോയി കണ്ടുപിടിക്കും സൗമിനി..? “
ഗൗരവമായി എന്തെങ്കിലും സംസാരിക്കുമ്പോൾ മാത്രമാണ് ശ്രീക്കു ഞാൻ സൗമിനിയാവുന്നതു..
അല്ലെങ്കിൽ മിനിയാണ്.
ശ്രീ കട്ടിലിൽ വന്നിരുന്നു ,കൈ പിടിച്ചു. മുഖമുയർത്തി ശ്രീയെ നോക്കുമ്പോൾ എന്റെ കണ്ണ് നിറഞ്ഞിരുന്നു.
“എനിക്കറിയാം നിനക്ക് മല്ലികയെ അല്ല , അവന്തികയെ കാണണം. അല്ലെ..?” കൈകൾ ചുണ്ടോടു ചേർത്ത് മെല്ലെ ചുംബിച്ചു ശ്രീ ചോദിച്ചപ്പോൾ പൊട്ടിക്കരഞ്ഞു, ഞാൻ ശ്രീയുടെ തോളിലേക്ക് ചാഞ്ഞു .
മുടിയിഴകളിലോടിയ കൈകൾ എനിക്കുള്ള സാന്ത്വനമാണെന്നും അതിനേക്കാളുപരി അവന്തികയെ മുന്നിൽ എത്തിക്കുമെന്നുള്ള ഉറപ്പാണെന്നും മനസിലായി.
ശ്രീ പോയപ്പോൾ ഭവാനി നഗറിലെ ഞങ്ങളുടെ കൊച്ചു ഫ്ലാറ്റിലേക്ക് ഓർമ്മകൾ തിരിച്ചു പോയി. കഴിഞ്ഞ ഇരുപതു വര്ഷങ്ങളായി എന്നും മുടങ്ങാതെ ഓർമ്മകൾ ചേക്കേറുന്നയിടം.
വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ശ്രീക്കു കൊൽക്കട്ടയിലായിരുന്നു ജോലി. ബംഗാളിയും ഹിന്ദിയും അറിയാത്ത യെനിക്ക് ഏക ആശ്വാസം തൊട്ടടുത്ത മലയാളി കുടുംബമായിരുന്നു. അവിടെ എന്നേക്കാൾ ഒന്നോ രണ്ടോ വയസ്സിനിളപ്പമുള്ള മല്ലികയുമായി ഞാൻ വേഗത്തിൽ ചങ്ങാത്തത്തിലായി..
ശ്രീ പോയ്ക്കഴിയുമ്പോൾ ഞങ്ങൾ പുറത്തു പോവും .കൊൽക്കത്തയിൽ പഠിച്ചു വളർന്ന അവളിൽ നിന്നും അത്യാവശ്യം ബംഗാളി കരസ്ഥമാക്കി... പകരം മല്ലികയെ സ്പുടതയോടെ മലയാളം പഠിപ്പിച്ചു.ആദ്യമായി ട്രാമിൽ കയറിയതും കാളി ഘട്ടിലെ ക്ഷേത്രത്തിൽ പോയതും അവളോടൊപ്പമാണ്. ഹൗറ ബ്രിഡ്ജിൽ പോവുമ്പോൾ ശ്രീയും കൂടെ ഉണ്ടായിരുന്നു....
മല്ലികക്ക് ഒരു സഹോദരിയെ ഉണ്ടായിരുന്നുള്ളു. ഏകദേശം എന്റെ വിവാഹ സമയത്തു തന്നെ വിവാഹം കഴിഞ്ഞു പോയവൾ...ഡൽഹിയിൽ ആയിരുന്നു അവരുടെ താമസം
വിവാഹം കഴിഞ്ഞുആറു മാസം കഴിഞ്ഞു ഞാൻ ഗർഭിണിയായി. മല്ലികയുടെ ചേച്ചിയും ഗർഭിണിയായ വിവരം പറഞ്ഞു ഞങ്ങൾ ഒരു പാട് സന്തോഷിച്ചു.
നിർഭാഗ്യ വശാൽ കുഞ്ഞിനെ പ്രസവത്തിലെനിക്ക് നഷ്ടമായി... കടുത്ത ബ്ലീഡിങ്ങിനെ തുടർന്ന് ഗർഭ പാത്രവും നീക്കി .
ഞാൻ അങ്ങേ അറ്റത്തെ മാനസിക വിഷമതകളിലൂടെ കടന്നു പോയ നാളുകൾ.
ആ സമയത്താണ് മല്ലികയും അമ്മയും ചേച്ചിയുടെ പ്രസവം കഴിഞ്ഞു ഡൽഹിയിൽ നിന്നും മടങ്ങി വന്നത്.. വിധി വൈപര്യത്യമാവാം.. അവൾക്കു കുഞ്ഞിനെ കൊടുത്തു ചേച്ചി എന്നന്നേക്കുമായി പോയത്..
കുഞ്ഞിനെ നഷ്ട്ടപ്പെട്ട ഞാനും.. അമ്മയെ നഷ്ടപ്പെട്ട അവന്തികയും.. അതെ, അവന്തിക! റോസാപൂവിനെ പോലെ സുന്ദരിയായ എന്റെ രാജകുമാരി...
ഒരു ദിവസം രാത്രിയിൽ അലറി കരയുന്ന കുഞ്ഞുമായി മല്ലിക എന്റെ അടുക്കൽ വന്നു... കുഞ്ഞിനെ മാറോടു ചേർത്തു ... അവളുടെ ചുണ്ടിലേക്കു എന്റെ വിങ്ങുന്ന മാറിടം വെച്ച് കൊടുത്തു. അവളതു തൃപ്തിയോടെ നുണയുന്നതു കണ്ടു ഞാൻ നിർവൃതിയിൽ കണ്ണടച്ചു . ആവോളം നുകർന്നവളുറങ്ങി.. അവളുടെ ചുവന്ന ചുണ്ടുകളിൽ പറ്റിനിന്നിരുന്ന പാൽ തുള്ളികൾ തുടച്ചു നീക്കി, പാൽ മണമുള്ള കുഞ്ഞു മുഖത്ത് ഞാനെത്ര ഉമ്മകൾ നൽകി?
എട്ടു മാസം..കേവലം എട്ടു മാസം ..ഞാനവളുടെ അമ്മയായി..
പിന്നീട് മല്ലിക അവളുടെ അച്ഛന്റെ ഇഷ്ടപ്രകാരം ചേട്ടനെ വിവാഹം ചെയ്തു ഡൽഹിക്കു പോയി..കൂടെ എന്റെ ഹൃദയം പറിച്ചെടുത്തു അവന്തികയും...
വീണ്ടും ഞാൻ നഷ്ടങ്ങളുടെ കൂട്ടുകാരിയായി...
“അമ്മെ എന്നൊരിക്കൽ പോലും വിളിക്കാതെ അവൾ പോയല്ലോ” എന്റെ വിഷമം ഞാൻ ശ്രീയുമായി പങ്കു വെച്ചു.
മല്ലികയുടെ അടുക്കൽ നിന്നും അവന്തിയുടെ ഓർമക്കായി വാങ്ങി വെച്ച കുട്ടിയുടുപ്പും കിലുക്കാം പെട്ടിയും മാറോടു ചേർത്ത് മിക്ക രാത്രികളിലും കിടക്കും. കണ്ണിൽ നിന്നൊഴുകുന്ന കണ്ണുനീർ പതിയെ പതിയെ ഏങ്ങലടികളാവും, പിന്നെ പൊട്ടിക്കരച്ചിലും. എങ്ങിനെയെന്നെ ആശ്വസിപ്പിക്കണമെന്നറിയാതെ ശ്രീയും ….ഒടുവിൽ ഒന്നും വേണ്ടായിരുന്നു എന്ന് പറഞ്ഞു തല കുനിച്ചിരിക്കും..
വല്ലപ്പോഴും വന്നിരുന്ന മല്ലികയുടെ ഫോൺ വിളികൾ ചുരുങ്ങി.. ശ്രീ നാട്ടിലേക്കു വന്നതോടെ എല്ലാ ബന്ധങ്ങളും മുറിഞ്ഞു....
ആ മല്ലികയെയാണ് തേടി പിടിക്കണമെന്ന് ശ്രീയോട് പറഞ്ഞത്....
ആ മല്ലികയെയാണ് കൊണ്ട് മുന്നിൽ നിർത്താമെന്നു ശ്രീ മൗനമായ് വാക്ക് തന്നത്.
പിനീട് കുറച്ചു ദിവസത്തേക്കു ഞങ്ങളുടെ ഇടയിൽ മല്ലികയും അവന്തികയും കടന്നു വന്നില്ല..
ഇന്നലെ വരെ….
“മിനി” എന്ന് നീട്ടി വിളിച്ചു ശ്രീ അരികിൽ വന്നിരുന്നപ്പോൾ ഒരിക്കലും വിചാരിച്ചില്ല അതൊരു സന്തോഷ വാർത്ത തരാനായിരിക്കുമെന്നു... മല്ലികയും അവന്തികയും ഉടനെയെത്തുമെന്ന് പറഞ്ഞപ്പോൾ സത്യത്തിൽവിശ്വസിക്കാൻ പ്രയാസം തോന്നി .
ശ്രീയുടെ കൈ പിടിച്ചുമെല്ലെ അലമാരക്കടുത്തേക്കു നടന്നു, ഭദ്രമായി സൂക്ഷിച്ചു വെച്ചിരുന്ന അവളുടെ ഓർമകളെ ഞാൻ തിരഞ്ഞു പിടിച്ചു... കുട്ടിയുടുപ്പും കളിപ്പാട്ടവും എന്റെ തലയണക്കടിയിൽ വെച്ച് ശ്രീയെ നോക്കി കുസൃതിച്ചിരി ചിരിച്ചു.. ഇതുകാണുമ്പോൾ മല്ലികയും അവന്തികയും ശരിക്കും ഞെട്ടും..
“ഇത്തവണ അവളെന്നെ അമ്മയെന്ന് വിളിക്കും.. ശ്രീ നോക്കിക്കോ..” വാശിയോടെ പറഞ്ഞപ്പോൾ
ശ്രീ എന്റെ നെറുകയിൽ തലോടി..
“അമ്മേ “
അവന്തിക അടുക്കലേക്കു ഓടിവന്നപ്പോൾ ഞാൻ ശ്രീയെ നോക്കി. അല്ലെങ്കിൽ തന്നെ എന്റെ ഏതാഗ്രഹമാണ് ശ്രീ ഇപ്പോൾ സാധിച്ചു തരാത്തത്?
എല്ലാം ഒപ്പിച്ചു ഒന്നുമറിയാത്ത പോലെ മിണ്ടാതെ നില്കുന്നു ആള്.. സന്തോഷം കൊണ്ടെന്റെ കണ്ണുകൾ നിറഞ്ഞു..
അവന്തിക എനിക്കരികെ കട്ടിലിൽ വന്നിരുന്നു.. അവൾ എത്ര വലുതായിരിക്കുന്നു?.. ഇപ്പോഴും ചുവന്ന റോസാപ്പൂ തന്നെ.
റോസാപ്പൂവിനെ തൊടാനായി കൈകൾ നീണ്ടു. കറുത്ത് ശുഷ്കിച്ച വിരലുകൾ ചെന്ന് നിന്നതു അവളുടെ തുടുത്ത ചുണ്ടുകളിൽ..
ആ ചുണ്ടുകളിൽ പറ്റിയിരുന്ന പാൽത്തുള്ളികളെ തേടുകയായിരുന്നു, മനസ്....
അത് കാണാഞ്ഞിട്ടാവുംഞാനവളുടെ മുഖം എന്റെ മുഖത്തേക്ക് ചേർത്തത് ..
അമ്മിഞ്ഞപ്പാലിന്റെ ഗന്ധം കിട്ടാഞ്ഞിട്ടാവും അവന്തികയുടെ ഇളം മേനിയുടെ ചൂട് കൊതിച്ചു, ഞാനവളെ മാറോടു ചേർത്തത്.
നിറ മാറിൽ ചൂടേറ്റു കിടന്ന ഓര്മയിലാവും ശൂന്യമായ നെഞ്ചിൽ ശിരസു ചേർന്നതും അവന്തിക പൊള്ളലേറ്റ പോലെ പിടഞ്ഞു മാറിയത്.. വിറയാർന്ന കൈകൾ കൊണ്ടെന്റെ നെഞ്ചിൽ പരതിയത്..
“മകളെ നിനക്ക് വേണ്ടി മാത്രമായിരുന്നു എന്റെയീ സ്ത്രീ ജന്മം..”
ഞാൻ പറയാതെ പറഞ്ഞത് അവളറിഞ്ഞു കാണും.. അല്ലെങ്കിൽ “എന്റെ അമ്മേ” എന്ന് വിളിച്ചു അവൾ വീണ്ടുമെന്നെ ഇറുകെ പുണരില്ലായിരുന്നു** Sanee John.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot