നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ജേണലിസ്റ്റ്

ജേണലിസ്റ്റ്
___________
എന്റെ പേര് നന്ദിത ലക്ഷ്മി. ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റാണ്. 20 വർഷം മുൻമ്പ് നടന്ന പീഡന കേസിലെ വാദിയാണ് ഇപ്പോൾ എന്റെ മുന്നിലിരിക്കുന്നത്. ഒളിവിൽ ഇത്രയും കാലം കഴിഞ്ഞ അവരെ കണ്ടെത്തിയത് ഞാനാണ്.
'മേഡം, പഴയതൊന്നും കുത്തി പൊക്കാനല്ല ഞാൻ വന്നത്. അന്ന് പറയാത്ത കുറച്ചു കാര്യങ്ങൾ അറിയാനാണ്'
'കുട്ടിയ്ക്ക് അതൊക്കെ അറിഞ്ഞിട്ടെന്തിനാ? കഴിഞ്ഞു പോയ കാര്യമല്ലേ അതൊക്കെ! ഇനിയിപ്പോ പറഞ്ഞാലും എനിക്ക് നഷ്ടമായതൊന്നും തിരിച്ചു കിട്ടില്ലല്ലോ!'
'മേഡം ഇപ്പോൾ എന്നെ കാണാൻ സമ്മതിച്ചതിനു പിന്നിൽ ഒരു കാരണമില്ലേ? ഞാൻ തന്ന വാക്ക്. അതു ഞാൻ പാലിക്കണമെങ്കിൽ എന്റെ കുറച്ചു ചോദ്യങ്ങൾക്ക് ഉള്ള മറുപടി മേഡം തരണം.'
'എന്താ കുട്ടി ബ്ലാക്ക്മേയിലിങ് ആണോ?'
'അല്ല മേഡം, ഗതികേടാ. വേറെ വഴിയില്ല. '
'ഹും... കുട്ടി ചോദിച്ചോളളൂ.'
'കേസു തുടങ്ങി 5 വർഷത്തിനു ശേഷം മേഡത്തിനെ കാണാതായി. അന്ന് എന്തിനാണ് അങ്ങനെ ചെയ്തത്?'
'കോടതി മുറിയിലെ വിസ്താരം ശരീരത്തിന് ഏറ്റ മുറിവിനേക്കാൾ വലുതായിരുന്നു മോളേ! എന്നിട്ടും പിടിച്ചു നിന്നു. അവസാനം യഥാര്‍ത്ഥ കുറ്റവാളികളല്ല ശിക്ഷിക്കപ്പെടുന്നെന്ന അവസ്ഥയായപ്പോൾ... ഒളിച്ചോട്ടമല്ലാതെ വേറെ ഒന്നും മുന്നിൽ കണ്ടില്ല.'
'മേഡത്തിനോട് ആരാണ് അങ്ങനെ ചെയ്തതെന്ന്, ഇന്നുവരെ കോടതിയിൽ പറയാഞ്ഞത് എന്തുകൊണ്ടാണ്?'
'പറഞ്ഞിട്ടുണ്ട്. ഒന്നല്ല, ഒരായിരം വട്ടം. പക്ഷേ ആര് കേൾക്കാൻ. ആരും എന്റെ വക്കാലത്ത് ഏറ്റെടുത്തില്ല. വക്കീലിനു കൊടുക്കാൻ കൈയ്യിൽ കാശും ഇല്ലായിരുന്നു. '
'മേഡം പേരു പറഞ്ഞില്ല ഇതുവരെ. '
'എല്ലാവർക്കും അറിയാം അയാളെ. പ്രശസ്തനായ വക്കീലാണ് , മോഹന്‍ദാസ് നെടുംപുറം.'
'മേഡത്തിനോട് എന്തിനാണ് അയാൾ അങ്ങനെ ചെയ്തത്? '
' ചെറുപ്പം മുതലേ എനിക്ക് അയാളെ അറിയാം. എന്റെ വീടിനടുത്താണ്. വക്കീൽ പഠനം കഴിഞ്ഞ് വീട്ടിൽ എന്നെ കല്ല്യാണമാലോചിച്ചു വന്നിരുന്നു അയാൾ. വലിയ തറവാടിയായിരുന്ന അച്ഛന് അത് ഇഷ്ടപ്പെട്ടില്ല . അന്ന് വീട്ടിൽ നിന്ന് അച്ഛൻ അയാളെ ആട്ടി പുറത്താക്കി. അതിനു അയാൾ ഇങ്ങനെ പ്രതികാരം ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. '
'എന്താണ് അന്നു നടന്നത്?'
'അന്നു ഞാൻ പ്രീഡിഗ്രി കഴിഞ്ഞു ടൈപ്പ് പഠിക്കുന്ന സമയമായിരുന്നു. തറവാട്ടിൽ നിന്ന് ആദ്യമായി എന്നെയാണ് പഠിക്കാൻ വെളിയിൽ വിട്ടത്. മഴയായതു കൊണ്ട് വീട്ടിലോട്ടു വരാൻ പതിവിലും താമസിച്ചു. സ്വന്തം നാട്ടിൽ ആരെ പേടിക്കാനാണ് എന്നു വിചാരിച്ചു. പക്ഷേ എല്ലാം തെറ്റായിരുന്നു. വഴിയിൽ എന്നെ കാത്ത് വലിയ ഒരു ദുരന്തമുണ്ടായിരുന്നത് ഞാൻ അറിഞ്ഞില്ല. മരിച്ചെന്നു കരുതിയാ അയാൾ അവിടെ എന്നെ ഉപേക്ഷിച്ചത്. ആരുടേയോ ഭാഗ്യം കൊണ്ട് ജീവൻ രക്ഷപ്പെട്ടു. നാണക്കേട് കാരണം അച്ഛൻ ആത്മഹത്യ ചെയ്തു. എനിക്കെല്ലാം നഷ്ടപ്പെട്ടു. ആകെ ബാക്കിയായത് ആ കുഞ്ഞ്! അവസാനം അതിനെയും ഉപേക്ഷിക്കേണ്ടി വന്നു. '
'ആ കുട്ടിയെവിടെയാണ് മേഡം?'
'എന്റെ കുഞ്ഞിനെ കണ്ടുപിടിച്ചു തരാമെന്ന് വാക്കു തന്നിട്ടല്ലേ ഇതെല്ലാം ഞാൻ കുട്ടിയോടു പറഞ്ഞത്. എന്നിട്ട് ഇപ്പോ കുഞ്ഞ് എവിടെയാണെന്ന് എന്നോട് ചോദിച്ചാൽ?..'
'അതല്ല മേഡം. ഡിറ്റേൽസ് ഒന്നും പറയാതെ ഞാൻ എങ്ങനെ കണ്ടുപിടിക്കും?'
'അന്നു മോൾക്ക് 4 വയസായിരുന്നു. അവൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാനുളള കഴിവ് പോലും എനിക്കില്ലായിരുന്നു. മോളെ വളർത്താൻ പരിചയത്തിലുളള മക്കളില്ലാത്ത ദമ്പതികൾക്ക് കൊടുത്തു. എന്നിട്ട് എവിടെയൊക്കെയോ അലഞ്ഞു തിരിഞ്ഞു, അവസാനം ഈ കരുണാലയത്തിൽ എത്തി.'
'ആ ദമ്പതികൾ ആരാണ്?'
'എന്നെ ടൈപ്പ് പഠിച്ച മാഷാണ്, രവി മാഷ്. മോളെയും കൂട്ടി അവർ ദൂരെ എവിടെയോ പോയി. പിന്നെ വിവരമൊന്നുമില്ല. എനിക്ക് വലിയ ആഗ്രഹമൊന്നുമില്ല. ദൂരെ നിന്ന് ഒന്ന് കണ്ടാൽ മതി എന്റെ മോളെ. എന്റെ അമ്മ എനിക്ക് ഒരു വയസുളളപ്പോൾ മരിച്ചു. അതുകൊണ്ട് അമ്മയുടെ പേരും കൂടി ചേര്‍ത്താ മോൾക്ക് പേരിട്ടത്. ലക്ഷ്മി. ... നന്ദിത ലക്ഷ്മി. ...'
ഇടിവെട്ടിയതു പോലെ ഞാൻ ഒരു നിമിഷം ഇരുന്നു പോയി. ഇത്രയും നാൾ എന്നെ വളർത്തി വലുതാക്കിയ രവിയച്ഛനും ശാന്താമ്മയും എന്റെ സ്വന്തമല്ലെന്ന് ഓർത്തപ്പോൾ... നൊന്തു പ്രസവിച്ച അമ്മ തൊട്ടു മുന്നിൽ ഇരിക്കുന്നു. ഞാൻ എന്താ ചെയ്യുക എന്റെ ദൈവമേ?
'എന്താ കുട്ടി? എന്തു പറ്റി? കുട്ടിയ്ക്ക് അറിയാമോ എന്റെ മോളെ? '
'ഹാ. അറിയാം അമ്മേ'
'ആഹാ ! ഇപ്പോ മേഡം മാറി അമ്മയായോ! നമുക്ക് വേഗം പോകാം. എനിക്ക് മോളെ കാണാൻ ധൃതിയായി.'
'വരൂ. നമുക്ക് ആ വണ്ടിയിൽ പോകാം.'
ഞങ്ങൾ രണ്ടുപേരും വണ്ടിയിൽ കേറി. ഞാനാണ് വണ്ടി ഓടിച്ചത്. എന്തിനാണ് അമ്മയെന്നു വിളിച്ചതെന്ന് എനിക്ക് അറിഞ്ഞുകൂടാ! എങ്ങോട്ടാണ് പോകുന്നതെന്നും അറിയില്ല. ഞാനാണ് മകളെന്ന് പറയണോ എന്ന് കൂടി അറിയില്ല. എനിക്ക് തന്നെ ഇതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല. എത്രയോ കേസുണ്ടായിട്ടും ഞാൻ എന്തിനാ ഇത് തിരഞ്ഞെടുത്തത്. എല്ലാം ഒരു നിമിത്തം.
ആൾക്കൂട്ടം കണ്ടു ഞങ്ങൾ വണ്ടി നിർത്തി. അനുവാദം കൂടി ചോദിക്കാതെ പരിക്കേറ്റയാളെ വണ്ടിയിൽ കയറ്റി. ജീവൻ രക്ഷിക്കുന്നതല്ലേ പ്രധാനം. അയാളെയും കൂട്ടി ആശുപത്രിയിൽ എത്തി. കുറച്ചു നേരം കഴിഞ്ഞപ്പോൾ നേഴ്സ് വന്നു ഡിറ്റേൽസ് ചോദിച്ചു.
'അയാളുടെ കൂടെ ആരാണ് വന്നിരിക്കുന്നത്?'
'ഞാനാണ് സിസ്റ്റർ'
'നിങ്ങളാരാണു അയാളുടെ?'
'അകന്ന ബന്ധുവാണ്.'
'ഒരോപ്പറേഷൻ നടത്തണം. ക്യാഷ് അടക്കണം. അല്പ്പം സീരിയസ്സാണ്. രക്ഷപ്പെട്ടാൽ തന്നെയും കിടപ്പിലാകാനാണ് സാധ്യത. സോ ഹോപ്പ് ഫോർ ദി ബെസ്റ്റ്.
'അയാളുടെ പേരെന്താണ്?'
"മോഹന്‍ദാസ് നെറുംപുറം"
ആ പേര് അമ്മ പറഞ്ഞ് കെട്ടപ്പോൾ ...... എനിക്കറിയില്ല എന്ത് വികാരമാണ് എന്റെ മനസിൽ തോന്നിയതെന്ന്....
~ ചാരു

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot